ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്നെഴുതിയ Freedom at Midnight ല്‍ ഗാന്ധിയുടെ അന്ത്യനിമിഷങ്ങള്‍ വിവരിക്കുന്നതിങ്ങനെയാണ്:
‘കാക്കി വേഷമണിഞ്ഞ ഒരു തടിച്ച ചെറുപ്പക്കാരന്‍ ചുവടുവെക്കുന്നത് മനു കണ്ടു. ഗാന്ധിയും പരിവാരവും നീങ്ങുന്ന ഇടനാഴിയുടെ അരികിലേക്ക് അതയാളെ എത്തിച്ചു. കാര്‍ക്കറെയുടെ കണ്ണുകള്‍ നാഥുറാമിലായിരുന്നു. അയാള്‍ കൈത്തോക്കെടുത്ത് രണ്ടു കൈത്തലങ്ങള്‍ക്കും ഇടയിലാക്കി. രാജ്യത്തിന് പ്രയോജനകരമായ വല്ല സേവനവും ഗാന്ധി ചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കായി അദ്ദേഹത്തെ വന്ദിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഗാന്ധി ഞങ്ങളില്‍ നിന്ന് മൂന്നു ചുവട് അകലെയെത്തിയപ്പോള്‍ നാഥുറാം ഇടനാഴിയിലേക്ക് കടന്നു. കൈത്തോക്ക് കൈത്തലങ്ങള്‍ക്കിടയില്‍ മറച്ചു പിടിച്ചിരുന്നു. അരയോളം കുനിഞ്ഞ് അയാള്‍ പറഞ്ഞു: ‘നമസ്‌തേ ഗാന്ധിജി.’ ഗാന്ധിയുടെ പാദം ചുംബിക്കാന്‍ അയാള്‍ തുടങ്ങുകയാണെന്ന് മനു വിചാരിച്ചു. മാറി നില്ക്കണമെന്ന് സൂചിപ്പിച്ചു കൊണ്ട് അവള്‍ പതുക്കെ ഒരു കൈ നീട്ടി ചലിപ്പിച്ചു. ‘സഹോദരാ, ബാപ്പു ഇപ്പോള്‍ തന്നെ പത്തു മിനുട്ട് വൈകിപ്പോയി.’ അവള്‍ പതുക്കെ പറഞ്ഞു. ആ നിമിഷം നാഥുറാമിന്റെ ഇടത്തെ കൈ ഒറ്റക്കുതിപ്പില്‍ അവളെ ശക്തിയായി തള്ളിമാറ്റി. വലതു കൈയില്‍ കറുത്ത ബെറെറ്റ കൈത്തോക്ക് തെളിഞ്ഞുകാണാറായി. നാഥുറാം മൂന്നു തവണ കാഞ്ചി വലിച്ചു. മൂന്നു വെടി പൊട്ടലുകള്‍ ആ പ്രാര്‍ത്ഥനാ മൈതാനത്തെ ശാന്തതയെ ശിഥിലമാക്കി. നാഥുറാം ഗോഡ്‌സെ പരാജയപ്പെട്ടില്ല. അയാളുടെ നേര്‍ക്ക് നടന്നടുത്തു കൊണ്ടിരുന്ന ആ ശുഷ്‌കശരീരത്തിന്റെ നെഞ്ചില്‍ തന്നെ ആ മൂന്നു വെടിയുണ്ടകളും തുളഞ്ഞു കയറി.”
ഇന്ത്യ ലോകത്തിന് സമ്മാനിച്ച ചൈതന്യവത്തായ ജീവിതം ചോരയില്‍ കുതിര്‍ന്ന് ആ പുല്‍തകിടിയില്‍ അവസാനിച്ചു. നീതിക്കും മാനവികതക്കും വേണ്ടി തുടിച്ചുകൊണ്ടിരുന്ന ആ ഹൃദയം നിലച്ചു. വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളുടെയും നീണ്ട ഗൂഢാലോചനയുടെയും പ്രയോഗവത്കരണമാണ് നാഥുറാം ഗോഡ്സെ നടത്തിയത്.
അന്ന് 1948 ജനുവരി 30. മഹാത്മജി കൊല്ലപ്പെട്ടു. നെഹ്റുവിന്റെ വാക്കുകളില്‍, നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം മാഞ്ഞുപോയി. 1948 മെയ് 27-ന് പ്രത്യേക കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ജൂണ്‍ 22 മുതല്‍ കേസില്‍ തുടര്‍ച്ചയായ വിചാരണ ആരംഭിച്ചു.
1948 നവംബര്‍ 8 ന് മുഖ്യപ്രതിയായ നാഥുറാം ഗോഡ്സെ കോടതി മുമ്പാകെ 93 പേജ് വരുന്ന സുദീര്‍ഘമായ മൊഴി നല്‍കി. ഗോഡ്സെ കുറ്റം നിഷേധിച്ചില്ല എന്നു മാത്രമല്ല, തന്റെ കിരാത നടപടിയെ നിര്‍ലജ്ജം ന്യായീകരിക്കുകയും ചെയ്തു. ‘…ഗവണ്‍മെന്റിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടതിനും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ കഷ്ടപ്പെടാന്‍ ഇടയാക്കിയതിനും വഴിയൊരുക്കിയത്. മുസ്ലിം അക്രമങ്ങളില്‍ നിന്ന് ഹിന്ദുക്കളെ രക്ഷിക്കാനുള്ള ഒരേയൊരു വഴി ഈ ഭൂമിയില്‍നിന്ന് ഗാന്ധിജിയെ നീക്കം ചെയ്യുകയാണെന്ന് എനിക്കു തോന്നി. ആ ഒരു കാരണംകൊണ്ടാണ് ഭാരത മാതാവിന്റെ ഒരു ഭക്തനായ പുത്രനെന്ന നിലയില്‍ ഞാന്‍ ഇത് എന്റെ കടമയാണെന്ന് തീര്‍ച്ചയാക്കിയത്’. ഗോഡ്സെയുടെ ഓരോ വാക്കിലും ഗാന്ധി വിദ്വേഷവും മുസ്‌ലിം വിരുദ്ധതയും നിറഞ്ഞുനിന്നു.
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സജ്ജീകരിച്ച പ്രത്യേക കോടതിയില്‍ ഗാന്ധി ഘാതകന്‍ നടത്തിയ സുദീര്‍ഘ പ്രസ്താവനയിലെ നെല്ലും പതിരും ചികയുന്ന പുസ്തകമാണ് ‘ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ.’
ഇങ്ങനെയൊരന്വേഷണത്തിന്റെ സമകാല സാംഗത്യം ഗ്രന്ഥകാരനായ ശശിധരന്‍ കാട്ടായിക്കോണം വിശദീകരിക്കുന്നതിങ്ങനെ:
‘ഇന്ന് ഗോഡ്സെയുടെ പ്രവൃത്തിയെ സത്കര്‍മമായി വീക്ഷിച്ചുകൊണ്ട് അയാളുടെ പേരില്‍ ക്ഷേത്രം പണിയാന്‍ വരെ തയാറാകും വിധം ആരാധകരായി മുന്നോട്ടുവരാന്‍ മടിക്കാത്ത ചിലരെങ്കിലും ഉള്ളതിനാല്‍ ഇത്തരം ഒരന്വേഷണം ആവശ്യമായി വന്നിരിക്കുന്നു.’
ഗോഡ്സെയുടെ സംഘടനാ വിധേയത്വം ആരോടായിരുന്നു എന്നത് ഇന്നൊരു തര്‍ക്കവിഷയമാണ്. ചരിത്രവിശകലനത്തില്‍ അയാളെ പ്രചോദിപ്പിച്ചത് ഹിന്ദുമഹാ സഭയും ആര്‍ എസ് എസുമായിരുന്നു എന്നത് വ്യക്തമാണ്. അന്നത്തെ ആഭ്യന്തര മന്ത്രി, ആര്‍ എസ് എസിനോട് മൃദു സമീപനം സ്വീകരിച്ചിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗാന്ധി വധത്തിനു ശേഷം ഗോള്‍വാള്‍ക്കറുമായി നടത്തിയ കത്തിടപാടുകളില്‍ ഇക്കാര്യം പറയുന്നുണ്ട്. ഗാന്ധി വധത്തെ തുടര്‍ന്ന് പല ആര്‍ എസ് എസ് കേന്ദ്രങ്ങളിലും മധുരം വിതരണം ചെയ്തതും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു മഹാസഭയുമായുള്ള തന്റെ ബന്ധം കോടതിയില്‍ സമ്മതിക്കുന്നുണ്ട് ഗോഡ്സെ. ‘ലോക ജനസംഖ്യയുടെ അഞ്ചിലൊന്നു വരുന്ന (35 കോടി) ഹിന്ദു ജനതയുടെയും ഹിന്ദു മതത്തിന്റെയും സേവനം നിര്‍വഹിക്കുന്നു എന്ന ചിന്ത എന്നെ ഹിന്ദു മഹാസഭയുമായി അടുപ്പിച്ചു.’
ഇന്ത്യയിലെ ആദ്യത്തെ തീവ്ര ഹിന്ദു വലതുപക്ഷ പ്രസ്ഥാനമാണ് ഹിന്ദുമഹാസഭ. വി ഡി സവര്‍ക്കറുടെ ഹിന്ദുരാഷ്ട്ര ആശയങ്ങളാണ് അവരെ പ്രചോദിപ്പിച്ചത്. ആര്‍ എസ് എസിന്റെ സവര്‍ണപക്ഷ, ഹിന്ദുത്വ വര്‍ഗീയ നിലപാടുകളുടെ തുടക്കം ഹിന്ദു മഹാസഭയില്‍ നിന്നാണ്.
ഗാന്ധിജി അനവധി ക്ഷേത്രങ്ങളെ അശുദ്ധമാക്കി എന്നൊരാരോപണം കോടതിയിലുയര്‍ത്തുന്നുണ്ട് ഗോഡ്സെ. കീഴാള ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശമുറപ്പാക്കാനുള്ള ഗാന്ധിയുടെ ഇടപെടലുകളില്‍ അസഹ്യമായ സവര്‍ണ ബ്രാഹ്മണിക്കല്‍ രോഷമാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. പുസ്തകത്തിലെ ഒരധ്യായം ഹിന്ദുമഹാ സഭയുമായുള്ള ഗോഡ്സെയുടെ ബന്ധം മുന്‍നിര്‍ത്തി ആ സംഘടനയുടെ കീഴാള വിരുദ്ധ നിലപാടുകളെ വിമര്‍ശ വിധേയമാക്കുന്നു.ഗോഡ്സെ തൂക്കിലേറ്റപ്പെട്ട നവംബര്‍ 15 ബലിദാന ദിനമായി ആചരിക്കുന്നതും ഇതേ സംഘടനയാണ്.
ആമരണം സനാതന ഹിന്ദുവായിരുന്നു ഗാന്ധി. അതേസമയം മറ്റു മതങ്ങളെ കുറിച്ച് പഠിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. വിശാലമായ ദൃഷ്ടിപഥത്തിലൂടെ ലോകത്തെ നോക്കിക്കണ്ടു. നിരന്തരമായ അന്വേഷണങ്ങളിലൂടെ ആര്‍ജിച്ച ബോധ്യങ്ങളിലൂടെയാണ് അദ്ദേഹം തന്റെ ജീവിതം ക്രമീകരിച്ചത്. എല്ലാവരെയും ഉള്‍കൊള്ളുന്നതായിരുന്നു ആ ജീവിതത്തിന്റെ ഉള്ളടക്കം. അതുപക്ഷേ, ഹിന്ദുത്വ തീവ്രധാരക്ക് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. മനുസ്മൃതി ഭരണഘടനയാകുന്ന രാഷ്ട്രമാണ് അവര്‍ വിഭാവനം ചെയ്തത്. സകല ജനാധിപത്യ മൂല്യങ്ങളുടെയും പ്രതിപക്ഷത്തു നില്‍ക്കുന്ന ഹിന്ദുരാഷ്ട്ര വാദികള്‍ക്ക് ഗാന്ധിയുടെ മനുഷ്യരാഷ്ട്ര/ മതേതരരാഷ്ട്ര സങ്കല്‍പം സ്വീകാര്യമാകാതെ പോയതില്‍ അതിശയോക്തിയില്ല. ഗാന്ധിജിയുടെ നയങ്ങള്‍ ഹിന്ദുക്കള്‍ക്ക് ദോഷം ചെയ്തുവെന്ന ഗോഡ്സെയുടെ വാക്കുകള്‍ അതാണ് വെളിപ്പെടുത്തുന്നത്.ഗാന്ധിയുടെ അഹിംസ സിദ്ധാന്തത്തെയും സത്യബോധത്തെയും ഘോരവിപത്തായി കാണുന്ന ഗോഡ്സെയുടെ പ്രതിലോമ രാഷ്ട്രീയത്തിന്റെ തിമിരക്കണ്ണുകള്‍ കൊണ്ടാണ് ആര്‍ എസ് എസ് ഇന്നും ലോകത്തെ നോക്കുന്നതും ഇന്ത്യയെ നിര്‍വചിക്കുന്നതും.
വര്‍ഗീയതയെ ഉപാസിച്ചും ഉപയോഗപ്പെടുത്തിയുമാണ് സംഘ്പരിവാരം ഇക്കാലമത്രയും രാഷ്ട്രീയ വേഗങ്ങളുടെ രഥമുരുട്ടിയത്. യുക്തിരഹിതമായ മുന്‍വിധികളുടെയും ആസുരമായ പരമത വിദ്വേഷത്തിന്റെയും ഈ രാഷ്ട്രീയപ്രയോഗങ്ങളെ ഗാന്ധി നേരിട്ടത് സ്വജീവിതം കൊണ്ടാണ്. അതവസാനിപ്പിക്കേണ്ടത് അടിയന്തരമായ ആവശ്യമായി ഗോഡ്സെ ഏറ്റെടുത്തതിനു പിന്നില്‍ ഗാന്ധിയോടുള്ള വ്യക്തി വിരോധമായിരുന്നു കാരണമെന്ന മട്ടിലുള്ള സംഘ് വിശദീകരണങ്ങള്‍ കയ്യില്‍ പുരണ്ട ചോരക്കറ മറച്ചു പിടിക്കാനുള്ള ഹീനശ്രമമാണ്.
ഇന്ത്യ പാക് വിഭജനത്തിന്റെ പാപഭാരം ഗാന്ധിയുടെ തലയില്‍ കെട്ടിവെക്കുന്നുണ്ട് ഗോഡ്സെ കോടതിമുറിയില്‍. ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമൊരുമിച്ചു പോകാന്‍ കഴിയില്ലെന്നും ഇന്ത്യ രണ്ട് ദേശീയതകളാണെന്നും ആദ്യം പറയുന്നത് ഹിന്ദു മഹാസഭാ നേതാവായിരുന്ന സവര്‍ക്കറാണ്. പുസ്തകം പറയുന്നു:
‘1937 ലെ ഹിന്ദു മഹാസഭ യോഗത്തില്‍ സവര്‍ക്കര്‍ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്‌കാരികവും മതപരവുമായ ശത്രുതയെ പറ്റി വിവരിച്ച ശേഷം അഭിപ്രായപ്പെട്ടു. ‘ഇന്ത്യക്ക് ഇന്നൊരു ഏക രാഷ്ട്രമായി നില്‍ക്കാന്‍ സാധ്യമല്ല. നേരെ മരിച്ച രണ്ടു രാജ്യമായി നില്‍ക്കാനേ കഴിയൂ. ഒന്ന് ഹിന്ദുക്കളുടേതും മറ്റേത് മുസ്‌ലിംകളുടേതും.’
അതിനുമുമ്പ് തന്നെ ‘ആരാണ് ഹിന്ദു’ എന്ന കുറിപ്പില്‍ സവര്‍ക്കര്‍ ഹിന്ദു മുസ്‌ലിം ഐക്യം അസാധ്യമെന്ന വാദമുയര്‍ത്തിയിട്ടുണ്ട്. ‘സിന്ധുനദി മുതല്‍ സമുദ്രം വരെ കിടക്കുന്ന ഭാരത വര്‍ഷഭൂമിയെ തന്റെ പിതൃഭൂമിയും പുണ്യഭൂമിയും അതായത് തന്റെ മതത്തിന്റെ തൊട്ടിലുമായി കരുതുന്നയാളാണ് ഹിന്ദു’ എന്നാണ് പ്രസ്തുത കുറിപ്പില്‍ അദ്ദേഹം ഹിന്ദുവിനെ നിര്‍വചിക്കുന്നത്. 1923 ല്‍ അന്തമാന്‍ ജയിലില്‍ വെച്ചാണ് സവര്‍ക്കര്‍ ഇതെഴുതുന്നത്. ഈ നിര്‍വചന പ്രകാരം ഹിന്ദുക്കള്‍ മാത്രമാണ് ഇന്ത്യക്കാര്‍. കാരണം മുസ്‌ലിംകള്‍ മക്കക്കും ക്രിസ്ത്യാനികള്‍ ജറുസലെമിനും മതപരമായ പ്രാധാന്യവും മഹത്വവും കല്പിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഈ രണ്ടു മതവിഭാഗങ്ങളുടെയും ദേശസ്‌നേഹം സംശയാസ്പദമാണെന്നാണ് സവര്‍ക്കര്‍ പറഞ്ഞുവെക്കുന്നത്. മുസ്‌ലിം, ക്രിസ്ത്യന്‍ അപരവത്കരണത്തിന്റെ തുടക്കക്കാരനെന്ന നിലയില്‍ കൂടി നിശിതവിചാരണക്ക് വിധേയമാകേണ്ടിയിരുന്ന ഒരു വ്യക്തിയെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ പ്രതിഷ്ഠിച്ച് അദ്ദേഹത്തോടുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ചതാണ് സംഘ് പരിവാറിന്റെ ചരിത്രം. ബ്രിട്ടീഷ് രാജിന്റെ ഹിതത്തിന് വിരുദ്ധമായതൊന്നും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കി ബ്രിട്ടീഷ് തടവറയില്‍ നിന്ന് പുറത്തുകടന്നയാളാണ് സവര്‍ക്കര്‍. ആ നിലക്ക് അദ്ദേഹത്തിന്റെ പില്‍ക്കാല ഹിന്ദു രാഷ്ട്ര വാദവും വര്‍ഗീയ നിലപാടുകളും ബ്രിട്ടീഷ് ഭരണത്തിന്റെ താല്പര്യാനുസൃതം ആയിരുന്നു എന്ന് കരുതാവുന്നതാണ്. തങ്ങള്‍ക്കെതിരായ വിരുദ്ധ പോരാട്ടത്തിന്റെ വീര്യം കെടുത്താന്‍ ഗാന്ധിയുടെ പിടിയില്‍ നിന്ന് മുസ്‌ലിംകളെ ലീഗിലേക്ക് കൊണ്ടുവരാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
വിഭജനം ഒഴിവാക്കാന്‍ അവസാന ഘട്ടം വരെയും ഗാന്ധി ശ്രമിച്ചിട്ടുണ്ട്. 1947 മെയ് മാസത്തില്‍ ഗാന്ധി മുന്‍കൈയെടുത്ത ജിന്നയുമായുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യം തന്നെ വിഭജനമൊഴിവാക്കുക എന്നതായിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ജിന്നയെ രാജ്യം ഭരിക്കാന്‍ അനുവദിക്കുകയെന്ന ഫോര്‍മുല പോലും ഗാന്ധിയുടേതായിരുന്നു. അഖണ്ഡ ഇന്ത്യയാണ് ഗാന്ധി സ്വപ്‌നം കണ്ടത്. മുസ്‌ലിംകള്‍ മാത്രമുള്ള പാകിസ്താന്‍ സ്വപ്‌നം കണ്ട ജിന്നയും ഹിന്ദുക്കള്‍ മാത്രമുള്ള ഇന്ത്യ സ്വപ്‌നം കണ്ട ഗോഡ്‌സെയും ഗാന്ധിയെ ഒരേപോലെ വെറുത്തതും എതിര്‍ത്തതും ഇക്കാരണം കൊണ്ട് തന്നെ. പലരുടെയും അധികാരമോഹങ്ങള്‍ക്ക് ഗാന്ധി പിന്നീട് വഴിപ്പെട്ടു എന്നതല്ലാതെ മനസ് കൊണ്ട് ഗാന്ധി ഒരിക്കലും വിഭജനത്തെ അംഗീകരിച്ചില്ല. ഈ വഴിപ്പെടലിനെ കുറിച്ച് ഗാന്ധി പറഞ്ഞത് ഇതാണ്: ‘അവര്‍ എന്നെ സ്‌നേഹച്ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കയാണ്.’ ആ ബന്ധനത്തില്‍ നിന്നും പുറത്തുകടക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അത്രമേല്‍ സമ്മര്‍ദ്ദം ആ ശോഷിച്ച ഫഖീറിനു മേലുണ്ടായിരുന്നു. എന്നിട്ടും വിഭജനത്തിന്റെ ഉത്തരവാദിയായി ഗോഡ്സെ ഗാന്ധിയെ പഴിക്കുമ്പോള്‍ അതിനുപിറകിലെ രാഷ്ട്രീയം അധമവിരോധത്തിന്റെതാണ്.
കോടതിയില്‍ ഗോഡ്സെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സമാന സ്വഭാവമുള്ളവയാണെന്നു പുസ്തകം സമര്‍ത്ഥിക്കുന്നു. വസ്തുതകളുടെ പിന്‍ബലമില്ലാത്ത ദുര്‍ബല വാദങ്ങളാണ് അവയില്‍ മിക്കതും. ഒരു വയോവൃദ്ധനെ ഇല്ലാതാക്കി തലമുറകളിലേക്ക് പകര്‍ത്തപ്പെടുന്ന ഒട്ടേറെ മൂല്യങ്ങളെ നിഷ്‌കാസനം ചെയ്യാമെന്ന് വ്യാമോഹിച്ച ഒരു തീവ്രവാദിയുടെ ജല്പനമായിട്ടാണ് ഗാന്ധി ഘാതകന്റെ പരാമര്‍ശങ്ങളെ ഗ്രന്ഥകാരന്‍ കാണുന്നത്. അയാള്‍ക്ക് ഗാന്ധിയെ കൊല്ലാനായി. പക്ഷെ, ആ ദര്‍ശനങ്ങളെ കുഴിവെട്ടി മൂടാന്‍ അയാള്‍ക്കോ അയാളുടെ പ്രസ്ഥാനത്തിനോ സാധിച്ചില്ല. മഹാത്മാഗാന്ധി മരണത്തിലും വിജയിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പോലും സാധിച്ചില്ലെന്നത് വിധിവൈപരീത്യം.
അംബേദ്കറിനെ കുറിച്ചുള്ള ഹിന്ദുത്വ പ്രചാരണങ്ങളെ ഏറെയൊന്നും മാറ്റമില്ലാതെ പകര്‍ത്തിവെച്ചിരിക്കുന്നു ഗ്രന്ഥകാരന്‍. ദളിത് സമൂഹത്തിനെതിരായ അവഗണനയില്‍ പ്രതിഷേധിച്ചും പ്രതികരിച്ചും അംബേദ്കര്‍ കൈകൊണ്ട പ്രശ്‌നാധിഷ്ഠിതമായ ചില സമീപനങ്ങള്‍ കോണ്‍ഗ്രസിന്റെയും ഒരളവോളം ഗാന്ധിയുടെയും നിലപാടുകള്‍ക്കെതിരായിരുന്നു. അതുപക്ഷേ, എങ്ങനെയാണ് രാജ്യതാല്‍പര്യത്തിനെതിരാകുന്നത് എന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നില്ല.
ഗോഡ്സെയുടെ പ്രസ്താവനയെ ഇഴകീറി പരിശോധിക്കുന്ന പുസ്തകമെങ്കിലും ആര്‍ എസ് എസിനെ എവിടെയും പരാമര്‍ശിക്കുന്നില്ല എന്നതാണ് ഈ കൃതിയുടെ പ്രധാന പോരായ്മ. ഗാന്ധിയന്‍ രാഷ്ട്ര സങ്കല്പങ്ങളുടെ നേര്‍വിപരീത ദിശയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ മേല്‍ക്കോയ്മ ഫാഷിസ്റ്റ് സ്വഭാവത്തോടെ സംഹാരസഞ്ചാരം തുടരുമ്പോള്‍ അതേകുറിച്ച് മൗനം പാലിച്ചതില്‍ ഗാന്ധിയനായ ഗ്രന്ഥകാരന് എന്തുണ്ട് ന്യായം?
അമീന്‍ മുബാറക് എം
You must be logged in to post a comment Login