ദളിത്

ദളിത്

Da·lit (dä′lĭt)
noun
a member of the lowest class in India, whom those of the four main castes were formerly forbidden to touch. Formerly called (offensive) : untouchable
– collins dictionary

ഇന്ത്യന്‍ ജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ഒരു ജനസമൂഹത്തെ പൊതുവില്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ദളിത്. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യുന്നതും ഒരുപക്ഷേ ഇന്ത്യന്‍ സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമായ ഈ പദത്തിന്റെ അര്‍ത്ഥം നമ്മുടെ സാംസ്‌കാരിക അധപ്പതനത്തിന്റെയും പ്രാകൃതത്വത്തിന്റെയും ആഴം വെളിവാക്കുന്നു.
ആരാണ് ദളിതര്‍? ‘ദല്’ എന്ന ധാതുവില്‍നിന്നാണ് വാക്കിന്റെ ആരംഭം. ദലത്തില്‍നിന്നാണ് ദലിതം(വിശേഷണം). ദലനം(നാമം) എന്നീ പദങ്ങള്‍ പിറവിയെടുക്കുന്നത.് ദല്‍ എന്നാല്‍ പിളരുക, പൊളിയുക. എന്നും, സകര്‍മകമായാല്‍ പിളര്‍ക്കുക, പൊളിക്കുക എന്നുമാണ് കാണിപ്പയ്യൂര്‍ രചിച്ച സംസ്‌കൃത മലയാള നിഘണ്ടുവില്‍ കൊടുത്തിട്ടുള്ളത്. ദലിതം എന്ന വാക്കിന് മുറിച്ചുമാറ്റപ്പെട്ടത,് കീറി നശിപ്പിക്കപ്പെട്ടത് എന്നൊക്കെ അര്‍ത്ഥമാകുമെന്ന് നിഘണ്ടു വ്യക്തമാക്കുന്നു.
ഈ വാക്ക് ഒരു ജനതയെ ഉള്‍ക്കൊള്ളുമ്പോള്‍ മനുഷ്യകുലത്തില്‍നിന്ന് മുറിച്ചുതള്ളപ്പെട്ടവര്‍, അല്ലെങ്കില്‍ അകറ്റി നിര്‍ത്തപ്പെട്ടവര്‍ എന്ന അര്‍ത്ഥം നിഷ്പ്രയാസം ലഭിക്കുന്നു.

ഈ വാക്കിന്റെ ആഴങ്ങളിലേക്കു പോയാല്‍ അത് എത്തി നില്‍ക്കുന്നത് ഇന്ത്യന്‍ ജാതി വ്യവസ്ഥയിലാണ്. വര്‍ണവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ സമൂഹത്തെ നാലു വര്‍ണങ്ങളായി തിരിച്ചു. എന്നാല്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ പുറത്ത് തികച്ചും ഹീനമായി കണക്കാക്കപ്പെട്ട അയിത്ത ജാതിക്കാരെന്നും താഴ്ന്ന ജാതിക്കാരെന്നും വിളിക്കപ്പെട്ട ജനതയെ ആണ് ദൡത് എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത്. ജാതി വ്യവസ്ഥയുടെ ഏറ്റവും മനുഷ്യത്വ രഹിതമായ മുഖം വെളിപ്പെടുത്തുന്ന അനാചാരമാണ് ജാതിവിവേചനം.
രാജ്യത്തിന്റെ ജനസംഖ്യയില്‍ 16.2 ശതമാനം വരുന്ന ദളിത് വിഭാഗങ്ങളുടെ വിഭവാധികാരം വെറും അഞ്ച് ശതമാനത്തില്‍ താഴെയാണ്. ഇവരില്‍ 62 ശതമാനം പേരും നിരക്ഷരരാണ്. ഹൈന്ദവ ഫാഷിസ്റ്റ് ശക്തികളുടെ ഏറ്റവും ശക്തമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ദളിതരാണ്. പശുവിനെ കൊന്നു എന്നാരോപിച്ച് ദളിത് സമൂഹത്തിനെതിരെ അതിശക്തമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊതുരംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം കടുത്ത വിവേചനങ്ങളാണ് ഇന്നും ദളിതര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനുമുമ്പ് അയിത്ത ജാതിക്കാര്‍ എന്ന് വിളിക്കപ്പെട്ട ദളിതരെ 1919ല്‍ ആണ് ബ്രിട്ടീഷ് ഭരണകൂടം അധസ്ഥിത വിഭാഗം(ീുുൃലലൈറ രഹമ)ൈ എന്ന് വിശേഷിപ്പിച്ചത്. 1935 ബ്രിട്ടീഷ് ഗവണ്‍മെന്റ് ‘ഷെഡ്യൂള്‍ഡ്’ കാസ്റ്റ് എന്ന് ഔദ്യോഗികമായി വിളിച്ചു.

ജനനത്തിന്റെ അടിസ്ഥാനത്തില്‍ അകറ്റി നിര്‍ത്തപ്പെട്ടവരും അധസ്ഥിതരുമായ ഈ ജനതയെ ഗാന്ധിജി ‘ഹരിജനങ്ങള്‍’ എന്ന് വിളിച്ചു. പക്ഷേ അദ്ദേഹം സനാതന ഹിന്ദു ധര്‍മത്തില്‍ വിശ്വസിക്കുകയും ജാതി എന്നാല്‍ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിഭജനം മാത്രമാണെന്നും തൊട്ടുകൂടായ്മയിലുള്ള വിശ്വാസത്തിന് ആധികാരികത നല്‍കുന്ന ഒന്നും വര്‍ണ്ണ നിയമത്തിലില്ല എന്നും വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ ഈ വാദങ്ങളെ ഡോ. ബി ആര്‍ അംബേദ്കര്‍ എതിര്‍ക്കുന്നുണ്ട്. ‘വര്‍ണ്ണത്തിന്റെ പേരില്‍ ജാതി പ്രചരിപ്പിക്കുക വഴി ഗാന്ധി സ്വയം വഞ്ചിതനാവുകയും ജനങ്ങളെ വഞ്ചിക്കുകയുമാണെന്ന്’ അംബേദ്കര്‍ തുറന്നടിച്ചു. അംബേദ്കര്‍ ജാതിയെ വലിയൊരു സാംസ്‌കാരിക ഘടകത്തിന്റെ വിഭജിത ഭാഗമായാണ് കാണുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ‘ആരംഭത്തില്‍ തന്നെ ജാതിയുണ്ടായിരുന്നു. വര്‍ഗങ്ങള്‍ അനുകരണത്തിലൂടെയും സാമൂഹിക ബഹിഷ്‌കരണങ്ങളിലൂടെയും ജാതികളായി മാറി’

ഇന്ത്യന്‍ നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും എല്ലാ ഘട്ടത്തിലും ജാതിവിരുദ്ധ പോരാട്ടങ്ങളും, ഹൈന്ദവ പുനരുദ്ധാരണ ശ്രമങ്ങളും നടന്നിട്ടുണ്ട്. അംബേദ്കര്‍, പെരിയോര്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി, ജ്യോതിബാഫൂ തുടങ്ങി നിരവധി നേതാക്കളുടെ പോരാട്ടങ്ങള്‍, ദളിത് സമൂഹത്തില്‍ നിന്നുതന്നെയുള്ള ആഴത്തിലുള്ള ചെറുത്തുനില്‍പ്പുകള്‍ തുടങ്ങിയവ ഇന്ത്യയില്‍ ജാതി വ്യവസ്ഥക്കെതിരെയുള്ള ശക്തമായ അവബോധം സൃഷ്ടിക്കാന്‍ ഇടയായിട്ടുണ്ട്.
1972ല്‍ നമിദോ ദാസല്‍, ജെ വി. പവാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ദളിത് പാന്തേഴ്‌സ് എന്ന സംഘടനയാണ് ദളിത് എന്ന പദം ജനകീയമാക്കിയത്. ചരിത്രപരമല്ലാത്തതും നിന്ദാസൂചകവുമായ ഒരു നാമമെന്ന നിലയില്‍ ഗാന്ധിജിയുടെ ഹരിജന്‍ പ്രയോഗത്തെ ഉപേക്ഷിച്ചുകൊണ്ടാണ് ദളിത് എന്ന വാക്ക് സ്വീകരിക്കപ്പെട്ടത്. ആഫ്രോ-അമേരിക്കന്‍സിനെതിരെ നടക്കുന്ന വംശീയ വിവേചനത്തിനെതിരെയുണ്ടായ ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ മാതൃകയില്‍ രൂപീകരിക്കപ്പെട്ട ദളിത് പാന്തേഴ്‌സ് ദളിത് രാഷ്ട്രീയത്തിന് ശക്തമായ ഉണര്‍വേകി. ദളിത് സമൂഹത്തെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിന് ദളിത് സാഹിത്യ ശാഖയുടെ ഉദയത്തിനും ഈ മുന്നേറ്റം വഴിയൊരുക്കി.
കേരളത്തില്‍ ഈ പദവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ”വിശാലമായൊരര്‍ത്ഥത്തില്‍ ലോകത്തിലെ മുഴുവന്‍ അധിനിവേശിത പ്രദേശങ്ങളിലെയും എല്ലാ ആദിമ ജനവിഭാഗങ്ങളുടെയും പിന്മുറക്കാരെ ദളിതുകള്‍ എന്നു വിളിക്കാവുന്നതാണ്” എന്ന് ജോര്‍ജ് മൂലേച്ചാലില്‍ പാഠഭേദത്തില്‍ എഴുതിയ ‘ദളിത് പൈതൃകം തിരിച്ചറിയുക’ എന്ന ലേഖനത്തില്‍ പറയുന്നു: ”വംശീയമായി ഉന്മൂലനം നേരിടുന്ന അധസ്ഥിത ജനവിഭാഗങ്ങളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം ദളിത് എന്ന പദം ഉള്‍ക്കൊള്ളുന്നു’ (സീഡിയന്‍ സര്‍വ്വീസ് സൊസൈറ്റി, ദളിത് സേവാ സമിതി, കണ്‍വെര്‍ട്ടഡ് ക്രിസ്ത്യന്‍ ഫോറം, ക്രിസ്ത്യന്‍ ദളിത് ലിബറേഷന്‍ മൂവ്‌മെന്റ് എന്നിവരുടെ സംയുക്ത ലഘുലേഖ- 1989 ജൂലൈ).

ഇന്ത്യയിലെ മര്‍ദിത ജാതികളാണ് ദളിത് എന്ന കാഴ്ചപ്പാട് പൊതുവില്‍ ശരിയാകുമ്പോഴും ഈ വേര്‍തിരിവ് എന്തിന്റെ അടിസ്ഥാനത്തിലാവണമെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. കേരളത്തിലെ ദളിത് ചിന്തകരില്‍ പ്രമുഖനായ കെ എം സലിം കുമാറിന്റെ അഭിപ്രായത്തില്‍ തങ്ങള്‍ക്ക് താഴെ ചവിട്ടിമെതിക്കാന്‍ ശിരസ്സുകളില്ലാത്ത ജാതി ശ്രേണിയിലെ അവസാനത്തെ മര്‍ദിതന്റെ നിരകളെ മാത്രമേ ദളിത് എന്നതുകൊണ്ട് അര്‍ത്ഥമാക്കാന്‍ കഴിയൂ. ‘ഹരിജന്‍’ എന്നു വിളിക്കപ്പെടുന്ന അധസ്ഥിത ജാതിക്കാരും അവരുടെ രക്തബന്ധുക്കളായ അധസ്ഥിത ക്രൈസ്തവരുമാണ് ദളിതര്‍. ജാതി വ്യവസ്ഥയുടെ ഭാഗമായി മാറ്റപ്പെടുകയോ ജാതി ശ്രേണിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടുകയോ ചെയ്യേണ്ടിവരുന്ന ആദിവാസി ജനവിഭാഗങ്ങളെ ഇതേ സംജ്ഞയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നത്. സവിശേഷമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അവഗണിക്കാന്‍ ഇടയാക്കുന്നതുകൊണ്ട് അവരെ ദളിത് സംജ്ഞയില്‍നിന്ന് ഒഴിവാക്കി നിര്‍ത്തേണ്ടതുണ്ട് എന്നാണ് സലിം കുമാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ദളിത്-ആദിവാസി ഐക്യം ജാതിവിരുദ്ധ സമരത്തിലെ വിപുലമായ ഒരടിത്തറയായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
തൊണ്ണൂറുകള്‍ക്കു ശേഷം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ ദളിത് മുന്നേറ്റങ്ങള്‍ ജാതി വ്യവസ്ഥക്ക് വലിയ വിള്ളലുകള്‍ തീര്‍ത്തിട്ടുണ്ട്. ദളിത് ഐക്യമെന്ന വലിയ മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് നിരവധി സംഘടനകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഗുജറാത്തിലെ ഉനയില്‍ ജിഗ്നേഷ് മെവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ അധികാര്‍ ദളിത് മഞ്ച് നടത്തിയ രാഷ്ട്രീയ സമരം ഹിന്ദുത്വ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. പശുവിനെ കൊന്നുവെന്നാരോപിച്ച് ദളിതരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘ്പരിവാര്‍ ‘ശക്തികളോട് പശുവിന്റെ വാല്‍ നിങ്ങള്‍ എടുത്തുകൊള്ളൂ, ഞങ്ങള്‍ക്ക് ഭൂമി മതി’ എന്ന മുദ്രാവാക്യവുമായി ദളിതര്‍ ശക്തമായി പ്രതികരിച്ചു. കുറച്ചു ദിവസങ്ങളോളം അവര്‍ പശുവിനെ മറവുചെയ്യുന്ന ജോലി നിര്‍ത്തിവെച്ചതോടെ ഗുജറാത്ത് ചീഞ്ഞുനാറിത്തുടങ്ങി. ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെടുകയും ദളിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗുജറാത്ത് ഭരണകൂടത്തോടാവശ്യപ്പെടുകയും ചെയ്തു. കേരളത്തില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴികെയുള്ള സംഘടനകളെ അണിനിരത്തി ഭൂഅധികാര സമിതി രൂപീകരിക്കകുയും ‘ജാതി കോളനികള്‍ വേണ്ട, എല്ലാ ദളിതനും ഭൂമി എന്ന മുദ്രാവാക്യമുയര്‍ത്തി സമരത്തിനായ് തയാറെടുക്കുകയുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സവര്‍ണ മുഖം പൊളിച്ചടുക്കാനും അവരെ സാംസ്‌കാരികമായി നേരിടാനും കഴിയുന്ന രാഷ്ട്രീയ ശക്തിയായി ദളിത് സംഘടനകള്‍ക്ക് മാറാന്‍ സാധിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗോത്ര, മത, ജാതി ചിന്തകള്‍ക്ക് അതീതമായി ഇന്ത്യയുടെ ആറിലൊന്നു വരുന്ന ജനസമൂഹത്തെ സാമൂഹിക- രാഷ്ട്രീയ ഘടകമാക്കി മാറ്റിത്തീര്‍ക്കേണ്ടതിലേക്കായി ഒരു സാമൂഹ്യ രാഷ്ട്രീയ ഏകകം എന്ന നിലയിലാണ് ദളിത് എന്ന പദം പ്രയോഗിക്കപ്പെടേണ്ടത്.

സ്മിത നെരവത്ത്‌

റഫറന്‍സ്:
– ഡോ. അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം(1)- ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
– ദളിത് പ്രത്യയ ശാസ്ത്രവും, സമുദായവത്കരണവും, കെ എം സലിം കുമാര്‍, എം പവിത്രന്‍ സ്മാരക ദളിത് പഠന കേന്ദ്രം, വടകര.
– ദളിത് ഭാഷ, കവിയൂര്‍ മുരളി, കറന്റ് ബുക്‌സ് കോട്ടയം.
– Ambedkar towards an enlightened India Gail omvet- Penguin, Newdelhi.

You must be logged in to post a comment Login