1940ല്‍ ആര്‍എസ്എസിന്റെ നേതൃത്വം ഏറ്റെടുത്തിന് ശേഷം ഗോള്‍വാള്‍ക്കര്‍ സംഘടനയുടെ വികാസമാണ് ആദ്യം ലക്ഷ്യം വച്ചത്, പ്രത്യേകിച്ചും അവസാന മൂന്ന് വര്‍ഷങ്ങളില്‍ ഹെഡ്ഗേവാര്‍ മേല്‍നോട്ടം വഹിച്ചിരുന്ന വിദര്‍ഭ, സെന്‍ട്രല്‍ പ്രവശ്യകളിലിലേത്. എന്തായാലും അക്കാലത്ത് വളര്‍ന്നു കൊണ്ടിരുന്ന സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കുചേരണമോ എന്ന കാര്യത്തില്‍ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഗോള്‍വാള്‍ക്കറുടെ കീഴില്‍ ആര്‍എസ്എസ് കൈക്കൊണ്ടത്.
ഹെഡ്ഗേവാര്‍ വിശാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചയാളാണ്. മുപ്പതുകളില്‍ കോണ്‍ഗ്രസ് പൂര്‍ണസ്വരാജ് പ്രഖ്യാപിച്ചപ്പോള്‍ ‘ആ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയോടും സഹകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’ എന്നായിരുന്നു ഹെഡ്ഗേവാറിന്റെ നിലപാട്. അതേ വര്‍ഷം ഗാന്ധി ഉപ്പുസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോള്‍ ആര്‍എസ്എസ് ഒരു സംഘടനയെന്ന നിലയില്‍ ഇതിനെ പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഹെഡ്ഗേവാര്‍, ‘വ്യക്തിപരമായി ഈ സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വയംസേവകര്‍ക്ക് അതത് സംഘചാലകരുടെ അനുമതിയോടെ പങ്കെടുക്കാം’ എന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് ‘ഹിന്ദു ധര്‍മ്മവും ഹിന്ദു സംസ്കാരവും’ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ല എന്ന് വിമര്‍ശിച്ചപ്പോഴും ‘ദേശീയ സംസ്കാരത്തെ സംരക്ഷിക്കുന്നതില്‍ വിലങ്ങുതടിയാകാതെ, സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന ഏതൊരു പോരാട്ടത്തിലും കോണ്‍ഗ്രസുമായി സഹകരിക്കുക’ എന്ന നിലപാടാണ് ഹെഡ്ഗേവാര്‍ കൈക്കൊണ്ടത്. ഈ തീരുമാനം ആത്മാര്ത്ഥമായിരുന്നുവെന്നതിന് തെളിവുണ്ട്. അതേ വര്‍ഷം സര്‍സംഘ്ചാലക് സ്ഥാനം രാജിവച്ച് ഹെഡ്ഗേവാര്‍ സത്യാഗ്രഹസമരത്തില്‍ പങ്കുചേര്‍ന്നു, കേന്ദ്രഭരണപ്രവിശ്യകളിലെ വനനിയമം ലംഘിച്ച് സമരം ചെയ്തതിന്റെ ഫലമായി അറസ്റ്റ് ചെയ്യപ്പെട്ട ഹെഡ്ഗേവാര്‍ ഒന്‍പത് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
നേരെമറിച്ച്, ഗോള്‍വാള്‍ക്കറിന് രാഷ്ട്രീയ പ്രവര്‍ത്തനവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലായിരുന്നു. 1942ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ ഗോള്‍വാള്‍ക്കറുടെ പ്രതികരണം ഇതായിരുന്നു: ‘ചില കാര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തുടക്കം മുതല്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നു. പ്രക്ഷോഭത്തിന് ആഹ്വാനം നല്കുമ്പോള് വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടു.’ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുക്കാതിരിക്കാനുള്ള ഗോള്‍വാള്‍ക്കറിന്റെ ന്യായീകരണം തയ്യാറെടുപ്പിലുണ്ടായി എന്ന് പറയപ്പെടുന്ന അപാകമാണ്. ‘കൂലങ്കഷമായ ആലോചനയ്ക്ക് ശേഷം എനിക്ക് മനസിലായത്, മുഴുവന്‍ ആര്‍ജ്ജവത്തോടെയും ഞങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താല്‍ പോലും ഞങ്ങളുടെ ലക്ഷ്യം നിറവേറില്ല എന്നതാണ്’ ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. ‘അത്തരമൊരു സാഹചര്യത്തില്‍ സ്വാതന്ത്ര്യസമരത്തിലുള്ള ആര്‍എസ്എസിന്റെ പങ്കാളിത്തം ഒരു പ്രയോജനവും ഉണ്ടാക്കില്ല’ – ഗോള്‍വാള്‍ക്കര്‍ എഴുതി.
ഹെഡ്ഗേവാറില്‍ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുക്കാനുള്ള വ്യക്തിപരമായ താത്പര്യവും ഗോള്‍വാള്‍ക്കര്‍ പ്രകടിപ്പിച്ചില്ല. എന്തായാലും ആ തീരുമാനം കൊണ്ട് ആര്‍എസ്എസിന് ഗുണമേ ഉണ്ടായിട്ടുള്ളൂ. അക്കാലത്ത് നേതൃത്വത്തിന് ഇളക്കമില്ലാതിരുന്ന അപൂര്‍വം സംഘടനകളിലൊന്നായിരുന്നു ആര്‍എസ്എസ്. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആര്‍എസ്എസിന്റെ തീരുമാനം അണികളിലൊരു വിഭാഗത്തിന് മോഹഭംഗമുണ്ടാക്കിയെങ്കിലും സംഘടനയ്ക്ക് ഇക്കാലയളവില്‍ വലിയ തോതില്‍ വികസിക്കാനുള്ള സാഹചര്യമുണ്ടായി. ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയില്‍ 76,000 പേര് ദിനംപ്രതി ശാഖകളില്‍ പങ്കെടുക്കാറുണ്ട് എന്നാണ് ആര്‍എസ്എസിന്റെ ആദ്യകാലത്തെ കുറിച്ച് വാള്‍ട്ടര്‍ കെ. ആന്‍ഡേഴ്സണും ശ്രീധര്‍ ഡി. ഡാംലെയും ചേര്‍ന്ന് രചിച്ച പുസ്തകം ചൂണ്ടിക്കാണിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും തുടര്‍ച്ചയായുണ്ടായ ദുരിതകാലത്ത് അഭയാര്‍ത്ഥികളെ സഹായിക്കുക തുടങ്ങിയ ഒട്ടേറെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് ഭാഗവാക്കായിരുന്നുവെന്ന് അവര്‍ അഭിമാനത്തോടെ അവകാശപ്പെടാറുള്ള കാര്യമാണ്. എന്നാല്‍ ആ ദുരിതകാല ബഹളം, ‘രാഷ്ട്രസ്വത്വം’ എന്ന പുസ്തകത്തില്‍ പ്രകടിച്ചിട്ടുള്ളതും ഹെഡ്ഗേവാര്‍ തന്ത്രപരമായി അനുമതി നല്‍കിയിട്ടുള്ളതുമായ, വിഷം വമിപ്പിക്കുന്ന ആശയങ്ങള്‍ സമൂഹത്തില്‍ ചീറ്റുന്നതിനുള്ള അവസരമായി ഗോള്‍വാള്‍ക്കര്‍ മുതലെടുത്തുവെന്ന വസ്തുത ആര്‍എസ്എസ് ശ്രദ്ധാപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. ഇത്തരത്തിലുള്ള രണ്ട് സന്ദര്‍ഭങ്ങളെങ്കിലും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ രണ്ടും ചൂണ്ടിക്കാണിക്കുന്നത് പഴുതുകളില്ലാത്ത ഒരു വസ്തുതയാണ്: വന്‍തോതിലുള്ള വര്‍ഗീയകലാപങ്ങള്‍ ഉണ്ടാക്കാനും അത് ആളിക്കത്തിക്കാനുമുള്ള പദ്ധതികള്‍ ഗോള്‍വാള്‍ക്കര്‍ തയ്യാറാക്കിയിരുന്നു.
ആദ്യ സന്ദര്‍ഭം
വിഭജനകാലത്ത് കേന്ദ്രഭരണപ്രവിശ്യകളിലെ ആഭ്യന്തര സെക്രട്ടറിയായിരുന്ന, പിന്നീടുള്ള കാലത്ത് ഇന്ത്യയുടെ യുഗോസ്ലാവിയന്‍ അംബാസിഡര്‍ ആയി ജോലിചെയ്തിട്ടുള്ള, പത്മഭൂഷന്‍ ബഹുമതി നല്കി ഇന്ത്യ ആദരിച്ചിട്ടുള്ള, ഇ രാജേശ്വര് ദയാലാണ് ആദ്യ സന്ദര്‍ഭം രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ‘ഞങ്ങളുടെ കാലത്തെ ജീവിതം’ എന്ന ആത്മകഥയില്‍ ഇന്ത്യ സ്വതന്ത്രമായതിന് തൊട്ടുശേഷമുള്ള കാലത്തെ കുറിച്ച് ഇങ്ങനെയെഴുതുന്നു: ”വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉച്ചസ്ഥായിയില്‍ തന്നെ നില്ക്കുന്ന ആ ദിവസങ്ങളിലൊന്നില്‍ പശ്ചിമമേഖല ഡി.ഐ.ജിയും വളരെ പക്വമതിയായ, കഴിവുള്ള ഓഫീസറുമായ ബി.ബി.എല്‍ ജെയ്റ്റ്ലി പരമരഹസ്യമായി എന്നെ കാണാനെത്തി. അദ്ദേഹത്തിനൊപ്പം സുരക്ഷിതമായി മുദ്രവച്ചിട്ടുള്ള രണ്ട് വലിയ സ്റ്റീല്‍ പെട്ടികളും ചുമന്ന് മറ്റ് രണ്ട് ഓഫീസര്‍മാരുമുണ്ട്. ആ പെട്ടികള്‍ തുറന്നപ്പോള്‍ കണ്ടത് കേന്ദ്രപ്രവിശ്യയുടെ പടിഞ്ഞാറന്‍ ജില്ലകളിലാകമാനം വര്‍ഗീയ കൂട്ടക്കൊലകള്‍ നടത്തുന്നതിനുള്ള പദ്ധതിയുടെ തര്‍ക്കമറ്റ തെളിവുകളാണ്.”
ആ മേഖലയിലെ എല്ലാ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും അതിസൂക്ഷ്മമായ രൂപരേഖകള്‍ ആ പെട്ടികളിലുണ്ടായിരുന്നുവെന്ന് രാജേശ്വര് ദയാല്‍ പറയുന്നു. അതില്‍ മുസ്ലിംകള് ജീവിക്കുന്ന പ്രദേശങ്ങള്‍, അവിടേക്കുള്ള വഴികള്‍ എല്ലാം പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. ‘പിന്നെ അവരുടെ കുടില തന്ത്രങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തുന്ന മറ്റ് സാമഗ്രികളും.’ അദ്ദേഹം ഏകീകൃത പ്രവിശ്യകളുടെ അക്കാലത്തെ പ്രസിഡന്റ് ( മുഖ്യമന്ത്രിക്ക് തുല്യമായി അക്കാലത്തുണ്ടായിരുന്ന പദവി ) ജി.ബി പന്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തി. ‘അതേ തുടര്‍ന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ വന്‍തോതിലുള്ള റെയ്ഡുകള്‍ നടത്തുകയും ബൃഹത്തായ ഒരു ഗൂഢാലോചന വെളിയില്‍ കൊണ്ടുവരികയും ചെയ്തു. ഈ മുഴുവന്‍ പദ്ധതിയും ഒരുക്കിയത് അക്കാലത്തെ ആര്‍എസ്എസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിന് കീഴിലാണ്. ഞാനും ജെയ്റ്റ്ലിയും, ആ പരിസരങ്ങളില്‍ തന്നെയുണ്ടായിരുന്ന, പ്രധാന പ്രതി ശ്രീ ഗോള്‍വാള്‍ക്കറെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു രാജേശ്വര് ദയാല്‍ വിശദീകരിക്കുന്നു.
എന്നാല്‍ ജെ.ബി പന്ത് വാക്കുമാറി ഇക്കാര്യം സ്വന്തം മന്ത്രിസഭയുടെ മുമ്പാകെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയമായി വളരെ ലോലമായ വിഷയമായിരുന്നു അതെന്ന് ദയാല്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്എസിന്റെ വേരുകള്‍ ആഴത്തിലുള്ളതായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു: ‘കോണ്‍ഗ്രസ് പാര്‍ട്ടിയിലും എന്തിന്, മന്ത്രിസഭയില്‍ പോലും അക്കാലത്ത് ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നവരുണ്ടായിരുന്നു.’ ഈ തെളിവുകള്‍ ഒക്കെ ചൂണ്ടിക്കാണിച്ച് ജെ.ബി പന്ത് ഗോള്‍വാള്‍ക്കര്‍ക്ക് വിശദീകരണം ചോദിച്ച് ഒരു കത്തെഴുതണം എന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. എന്നാല്‍ അപ്പോഴേക്കും ഗോള്‍വാള്‍ക്കറിന് സൂചനകള്‍ ലഭിക്കുകയും അദ്ദേഹം ഒളിവില്‍ പോവുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ പോലീസ് ദക്ഷിണേന്ത്യയില്‍ നിന്ന് കണ്ടെത്തിയെങ്കിലും പിടികൊടുക്കാതെ ഗോള്‍വാള്‍ക്കര്‍ രക്ഷപ്പെട്ടു.
രണ്ടാം സന്ദര്‍ഭം
1947 ഡിസംബറില്‍ ഡല്‍ഹിയിലുണ്ടായ ചില സംഭവങ്ങളുടെ ചുരുളഴിയുമ്പോഴാണ് രണ്ടാം സന്ദര്‍ഭം വെളിപ്പെടുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയിലെ ആര്‍കൈവ്സ് വിഭാഗത്തില്‍ നിന്ന് കണ്ടെത്താനാവും. അവിടെ സ്വാതന്ത്ര്യവര്‍ഷത്തില്‍ ദേശീയ തലസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഡല്‍ഹി പോലീസ് രേഖകളുടെ മഞ്ഞ നിറത്തിലുള്ള പേജുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ വലിയൊരു വിഭാഗം റിപ്പോര്‍ട്ടുകളും കുറ്റാന്വേഷണ വിഭാഗം ഇന്‍സ്പെക്ടര്‍ കര്‍താര്‍ സിങ്ങിന്റേതാണ്. വലത്തേക്ക് ലേശം ചരിഞ്ഞ, വൃത്തിയുള്ള കയ്യക്ഷരത്തില്‍, അതിമനോഹരമായ ഇംഗ്ലീഷില്‍ ആര്‍എസ്എസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കര്‍താര്‍ സിങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗോള്‍വാള്‍ക്കര്‍ പരസ്യമായി പറഞ്ഞിരുന്നതും ആര്‍എസ്എസ് രഹസ്യമായി ചെയ്തുകൊണ്ടിരുന്നതും തമ്മിലുള്ള വന്‍ അന്തരം അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
1947 ഡിസംബര്‍ ഏഴിന്റെ റിപ്പോര്‍ട്ടില്‍ കര്‍താര്‍ സിങ്ങ് എഴുതുന്നു: ‘ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ 6.30 വരെ ആര്‍എസ്എസ് ഡല്‍ഹി ശാഖയുടെ വാര്‍ഷിക പരിപാടി രാംലീല മൈതാനത്ത് ആഘോഷിച്ചു. ഏതാണ്ട് 50,000 പ്രവര്‍ത്തകരും അത്രത്തോളം തന്നെ കാണികളും പങ്കെടുത്തിരുന്നു. മൂന്ന് മണികഴിഞ്ഞപ്പോഴേക്കും എം.എസ് ഗോള്‍വാള്‍ക്കര്‍ ( ആര്‍എസ്എസിന്റെ ഗുരു) എത്തിച്ചേര്‍ന്നു’. കര്‍താര്‍ സിങ്ങ് റിപ്പോര്ട്ടിലെഴുതുന്നത് അനുസരിച്ച് ഗോള്‍വാള്‍ക്കര്‍ 90 മിനുട്ട് സംസാരിച്ചു. പ്രധാനമായും ആര്‍എസ്എസിനെ കുറിച്ചും അതിന് നേരെയുയരുന്ന വിമര്‍ശനങ്ങളെ കുറിച്ചുമാണത്. പ്രസംഗങ്ങളില്‍ ഗോള്‍വാള്‍ക്കര്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത് കര്‍താര്‍ സിങ്ങ് കുറിക്കുന്നു: ”ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. പല സംഘടനകളും അഭ്യര്‍ത്ഥിച്ചുവെങ്കിലും ഒന്നിലും ലയിക്കാനോ ആരുമായും സഹകരിക്കാനോ ഞങ്ങള്‍ ഒരുക്കമല്ല.” ആര്‍എസ്എസിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ ഗോള്‍വാള്‍ക്കര്‍ അന്ന് ഇങ്ങനെയാണ് നേരിട്ടത് ‘സര്‍ക്കാരിന്റെ രഹസ്യാന്വേഷങ്ങളിലൊന്നും ഒരു കഴമ്പുമില്ല. ആര്‍എസ്എസ് യുദ്ധസന്നദ്ധമായ ഒരു സംഘടനയാണെന്നാണ് വിമര്‍ശിക്കുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥവൃന്ദം കാണിച്ച അതേ തെറ്റുകള്‍ നിലവിലുള്ള സര്‍ക്കാരും ആവര്‍ത്തിക്കുന്നത് ദയനീയമാണ്.’ ഹൈന്ദവ രാഷ്ട്രത്തിനായി ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെയും സമ്മേളനത്തില്‍ ഗോള്‍വാള്‍ക്കര്‍ നിഷേധിച്ചു. ‘പല മേഖലകളില്‍ നിന്നും ആവര്‍ത്തിച്ചു കേള്‍ക്കുന്ന കാര്യമാണ് ഞങ്ങള്‍ ഹിന്ദുരാജ് ആവശ്യപ്പെട്ടുവെന്ന്. ഹെഡ്ഗേവാര്‍ ഒരിക്കലും അത് ആവശ്യപ്പെട്ടിട്ടില്ല, ഞാന്‍ കേട്ടിടത്തോളം ആര്‍എസ്എസിനകത്ത് അങ്ങനെയൊരു ആവശ്യം ഒരിക്കലും ഉയര്‍ന്നിട്ടില്ല’ കര്‍താര്‍ സിങ്ങ് റിപ്പോര്‍ട്ടില്‍ ഗോള്‍വാള്‍ക്കറെ ഉദ്ധരിച്ച് എഴുതുന്നു.
അടുത്ത ദിവസം വൈകുന്നേരം കര്‍താര്‍ സിങ്ങ് മറ്റൊരു യോഗത്തിന്റെ റിപ്പോര്‍ട്ടും ഫയലില്‍ എഴുതിയിട്ടുണ്ട്. റോഥക് റോഡിലായിരുന്നു ആ യോഗം. പുറത്തുനിന്നുള്ള ഒരാളെയും യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. ഏതാണ്ട് 2,500 പ്രവര്‍ത്തകര്‍ പങ്കെടുത്ത ആ യോഗത്തിലെ ഗോള്‍വാള്‍ക്കറിന്റെ പ്രസംഗം മറ്റൊരു ശബ്ദത്തിലായിരുന്നുവെന്ന് കര്‍താര്‍ സിങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ശിവജിയുടെ തന്ത്രങ്ങളും രീതികളും പിന്തുടര്ന്ന് ഒരു ഒളിപ്പോര് നടത്താന്‍ നമ്മള് തയാറെടുക്കണം. പാകിസ്താനെ ഇല്ലാതാക്കുന്നത് വരെ ആര്‍എസ്എസ് സമാധാനമായി വിശ്രമിക്കില്ല. നമ്മുടെ മാര്‍ഗത്തില്‍ തടസമായി നില്‍ക്കുന്നത് ആരായാലും നമ്മളവരെ ഇല്ലാതാക്കും, അതിപ്പോള്‍ നെഹ്റു സര്‍ക്കാരായാലും മറ്റേത് സര്‍ക്കാരായാലും. ആര്‍എസ്എസിനെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ അവരുടെ പണി തുടരട്ടെ’ ഗോള്‍വാള്‍ക്കറെ കര്‍താര്‍ സിങ്ങ് ഉദ്ധരിക്കുന്നു. മുസ്ലിംകളെ കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും കര്‍താര്‍ സിങ്ങ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘ഈ ഭൂമിയിലുള്ള ഒരു ശക്തിക്കും അവരെ ഹിന്ദുസ്ഥാനില്‍ നിര്‍ത്താന്‍ ആവില്ല. അവര്‍ രാജ്യം വിടണം. ഗാന്ധി മുസ്ലിംകളെ ഇന്ത്യയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവരുടെ വോട്ടുകൊണ്ട് കോണ്‍ഗ്രസിന് ജയിക്കാമെന്നാകും കണക്കുകൂട്ടല്‍. പക്ഷേ അപ്പോഴേക്കും ഇന്ത്യയിലൊരു മുസ്ലിം പോലും ബാക്കിയുണ്ടാകില്ല. അവരെ ഇവിടെ നിര്‍ത്താന്‍ ശ്രമിച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാരാകും ഉത്തരവാദികള്‍. ഹിന്ദു സമൂഹത്തിന് അക്കാര്യത്തിലൊരു ഉത്തരവാദിത്തവുമുണ്ടാകില്ല.’ അതോടൊപ്പം വിപത്സൂചനകള്‍ ഉള്‍ക്കൊള്ളിച്ച ഭീഷണികള്‍ ഗോള്‍വാള്‍ക്കര്‍ മുഴക്കിയെന്ന് കര്‍താര്‍ സിങ്ങിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ‘ഗാന്ധിക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇനി അധികകാലം കഴിയില്ല. ഇത്തരം ആളുകളെ ഉടനടി നിശബ്ദരാക്കാനുള്ള വഴികള്‍ നമുക്കറിയാം. ഹിന്ദുക്കളെ ഉപദ്രവിക്കില്ല എന്നത് നമ്മുടെ പാരമ്പര്യം. പക്ഷേ നമ്മള് നിര്‍ബന്ധിക്കപ്പെട്ടാല്‍ ചെയ്യേണ്ട കാര്യം നമുക്ക് ചെയ്യേണ്ടതായി വരും.’
1947ഡിസംബറിലെ അടുപ്പിച്ചുള്ള രണ്ട് ദിവസങ്ങളില്‍ ഗോള്‍വാള്‍ക്കറുടെ പ്രവൃത്തികളെ ഇങ്ങനെ സംഗ്രഹിക്കാം. ആര്‍എസ്എസ് യുദ്ധസന്നദ്ധമായ ഒരു സംഘടനയല്ല എന്ന് പരസ്യമായി പറഞ്ഞതിന്റെ അടുത്ത ദിവസം രഹസ്യയോഗത്തില്‍ ഒളിപ്പോരിന് തയാറാകാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ഹിന്ദുരാജ് വേണമെന്ന് ആര്‍എസ്എസ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്ന് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം രഹസ്യയോഗത്തില്‍ ഒരൊറ്റ മുസ്ലിമിനെ പോലും ഇന്ത്യയില്‍ ജീവിക്കാന്‍ ആര്‍എസ്എസ് അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു. അടച്ചിട്ട ഹാളിലെ യോഗത്തില്‍ സംസാരിക്കുമ്പോള്‍ ഗോള്‍വാള്‍ക്കര്‍ ഗാന്ധിയെ പേരെടുത്ത് ഭീഷണിപ്പെടുത്തുന്നു, ആര്‍എസ്എസിന്റെ പദ്ധതികള്‍ക്ക് തടസമായി നിന്നാല്‍ നിശബ്ദനാക്കിക്കളയുമെന്ന്.
ഒരുമാസത്തിന് ശേഷം 1948 ജനവരി 30ന് ഡല്‍ഹിയില്‍ വച്ച് തന്നെ നാഥുറാം വിനായക് ഗോഡ്സേ, ഗാന്ധിയെ വെടിവെച്ചു കൊന്നു.
ഹര്‍തോഷ് സിംഗ് ബാല്‍
വിവ. ശ്രീജിത് ദിവാകരന്
You must be logged in to post a comment Login