വിഭജനത്തിന്റെ ഭാരവും പേറി ഒരു രാജ്യം

വിഭജനത്തിന്റെ ഭാരവും പേറി ഒരു രാജ്യം

ബ്രിട്ടീഷുകാരും കോണ്‍ഗ്രസും മുസ്‌ലിംലീഗും ചേര്‍ന്ന കസേര കളിയുടെ പരണതി ഫലമായിരുന്നു ഈ രാജ്യത്തിന്റെ വിഭജനം. മതത്തെയും ദേശീയതയെയും കൂട്ടുപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യക്കാരനെ കൊണ്ട് തന്നെ വിഭജനം സാധ്യമാക്കി. സ്വാതന്ത്ര്യത്തിന്റെ നാളുകളില്‍ വെട്ടി മുറിക്കപ്പെട്ട ഭാരതത്തിന്റെ ആഴത്തിലുള്ള മുറിവുകളില്‍ നിന്നൊഴുകിയ ചോര ഇന്നും നിലച്ചിട്ടില്ല. പത്ത് ദശലക്ഷം ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രയാണം ചെയ്തു. പത്ത് ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. വിഭജനത്തിന്റെ തിക്തഫലങ്ങള്‍ ഇന്നും ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ ഇന്ത്യ യുദ്ധങ്ങള്‍, നിരന്തര വര്‍ഗീയകലാപങ്ങള്‍, അതിര്‍ത്തിതര്‍ക്കങ്ങള്‍, കശ്മീര്‍ പ്രശ്‌നം, നുഴഞ്ഞുകയറ്റം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളുമായി ഇന്ത്യയും പാകിസ്ഥാനും ഇന്നും തമ്മിലടിക്കുകയാണ്. യോങ്ങ്തന്‍, ജ്ഞാനേഷ് എന്നിവരെഴുതിയ ആഫ്ടര്‍മാത് ഓഫ് പാര്‍ടീഷന്‍, കുഷ്‌വന്തിന്റെ ട്രെയിന്‍ റ്റു പാകിസ്താന്‍ എന്നീ കൃതികളും ഏറ്റവും ഒടുവില്‍ നിസിദ് ഹജറിയുടെ മിഡ്‌നൈറ്റ് ഫറീസും വിഭജനത്തിന്റെ ദുരന്തഫലങ്ങളെ നന്നായി വരച്ചു കാട്ടുന്നു. വിഭജനമെന്ന പൈശാചികത ലോകാവസാനം വരെ ഇരുരാജ്യങ്ങളെയും വേട്ടയാടിക്കൊണ്ടിരിക്കുമെന്നാണ് ഹജറി പറയുന്നത്. ബ്രിട്ടീഷുകാരുടെ തണലില്‍ വളര്‍ന്ന രാഷ്ട്രീയ ശക്തികളും ദേശീയപാര്‍ട്ടികളും ചേര്‍ന്നുള്ള അധികാരത്തിനുള്ള വീതംവെപ്പില്‍ വിളമ്പിയത് മനുഷ്യന്റെ പച്ച മാംസവും ചോരയുമായിരുന്നു. ഇങ്ങനെയൊരു സ്വാതന്ത്ര്യം നമുക്കെന്തിനായിരുന്നു? ‘ജാതി മതാന്ധര്‍ തമ്മിലന്തപ്പെടും തനയെന്തിനഹോ സ്വരാജ്യം?’ എന്ന് കവി ചോദിച്ചത് വെറുതെയല്ല. സ്വന്തം മക്കളുടെ കബന്ധങ്ങളില്‍ ചവിട്ടി സിന്ദാബാദ് വിളിക്കുന്നത് എങ്ങനെ സ്വാതന്ത്ര്യമാവും? ആര്‍ക്കായിരുന്നു ഇത്ര ധൃതി? ഒരു ഒത്തുതീര്‍പ്പുണ്ടാക്കാനല്ല നമ്മുടെ നേതാക്കള്‍ ശ്രമിച്ചത്. പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങള്‍ ജനിച്ചിട്ടെന്തുണ്ടായി? അവസാനിക്കാത്ത അക്രമങ്ങള്‍. ആയുധ പന്തയങ്ങള്‍. ആഭ്യന്തരപ്പോരുകള്‍. രാജ്യം വെട്ടിമുറിച്ചപ്പോള്‍ ബന്ധങ്ങളും വെട്ടി മാറ്റപ്പെട്ടു. ഇന്നലെ വരെ ഒന്നായി കഴിഞ്ഞവര്‍ പരസ്പരം ശത്രുവായി. ഇപ്പോഴും ചോരയൊഴുകുന്ന ഹൃദയവ്രണങ്ങളെ ആരു ഭേദമാക്കും? ഈ പൈശാചികതക്ക് വികസനത്തിന്റെ മൂടുപടമിട്ടത് കൊണ്ടെന്ത് കാര്യം? നമുക്ക് സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ മുന്നിലെത്തിയിട്ടും നമുക്ക് ഓടിയെത്താന്‍ കഴിയാത്തത് വിഭജനദുരന്തം സൃഷ്ടിച്ച മുടന്തു കൊണ്ട് തന്നെയാണ്.

പല്ലിളിക്കുന്ന വസ്തുതകള്‍
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അതിന്റെ കാര്യകാരണങ്ങളെ വിശകലനം ചെയ്യുന്നത് നല്ലതാണ്. പലപ്പോഴും വസ്തുതകളുടെ അഭാവത്തിലാണ് വിഭജനചരിത്രം രചിച്ചിരിക്കുന്നത്. പാകിസ്ഥാനികള്‍ കോണ്‍ഗ്രസിനെയും ഇന്ത്യക്കാര്‍ മുസ്‌ലിംലീഗിനെയും കുറ്റപ്പെടുത്തുമ്പോഴും വസ്തുതകള്‍ അവര്‍ക്ക് നേരെ പല്ലിളിക്കുകയാണ്. മന്ത് സ്വന്തം കാലിലുമുണ്ടെന്ന് ഇവര്‍ അംഗീകരിക്കുന്നുമില്ല. ഒന്നാം സ്വാതന്ത്ര്യസമര നാളുകളില്‍ ഹിന്ദുവും മുസ്‌ലിമും ഒന്നിച്ച് ഹിന്ദു മുസല്‍മാന്‍ കീ ജയ് വിളിക്കുമ്പോള്‍ അതില്‍ യാഥാര്‍ത്ഥ്യമുണ്ടായിരുന്നു. ആ വിളിക്ക് സ്വാതന്ത്ര്യസമരത്തിലോ സ്വതന്ത്ര ഇന്ത്യയിലോ ഓജസുണ്ടായില്ല. രണ്ടു മതങ്ങള്‍ തമ്മില്‍ പരസ്പരം കടിച്ചു കീറുമ്പോള്‍ അതിനെ ഭേദിക്കാന്‍ മാത്രം ശക്തി ആ ജയ്‌വിളികള്‍ക്കുണ്ടായില്ല. മഹാത്മാഗാന്ധിയുടെ അഹിംസയും സത്യവുമൊക്കെ നിഷ്പ്രഭമാവുകയായിരുന്നു. മത നേതാക്കള്‍ പക്ഷം ചേര്‍ന്ന് കലാപം ശക്തിപ്പെടുത്തുമ്പോള്‍ ആത്മീയ സന്ദേശങ്ങളും സഹിഷ്ണുതയും പമ്പ കടന്നു. രാഷ്ട്രപിതാവിന്റെ കരള്‍ സ്വരാജ്യക്കാര്‍ തന്നെ മാന്തിപ്പറിച്ചു. ഇന്നും പരസ്പര വിശ്വാസം നഷ്ടപ്പെട്ടാണ് രാജ്യമെങ്ങും ഇരു സമുദായങ്ങളും കഴിയുന്നത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണകൂടങ്ങള്‍ ഈ ശത്രുത ഊതി വീര്‍പ്പിക്കുകയാണ്.

ജസ്വന്തിന്റെ പുസ്തകത്തില്‍ ജിന്നയെപറ്റി നല്ലത് പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിന് മുമ്പും ജിന്നയുടെ പാടവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകങ്ങളുണ്ടായിരുന്നു. ഇന്ത്യക്കാരന്‍ പാകിസ്ഥാന്‍ രാഷ്ട്രപിതാവിനെ കുറിച്ച് നല്ലത് പറയരുതെന്നത് നാട്ടുനടപ്പാണ്. കാരണം അദ്ദേഹം നമുക്ക് ശത്രുവാണ്. അതങ്ങനെ തന്നെയാവട്ടെ. പക്ഷേ ഇന്ത്യ വെട്ടിമുറിച്ചത് ജിന്ന മാത്രമാണെന്ന് പറയുന്നത് നീതിയാവില്ല. ബ്രിട്ടീഷുകാര്‍ക്കും കോണ്‍ഗ്രസിനും ക്ലീന്‍ ചിറ്റ് നല്കുന്നത് ദേശീയതക്ക് അനുഗുണമായേക്കാം. പക്ഷേ വസ്തുതകളെ നമുക്ക് ഏറെക്കാലം പൂഴ്ത്തിവെക്കനാവില്ല. ജിന്നയേക്കാള്‍ നല്ലവരാണോ ഇവരൊക്കെ എന്ന ചോദ്യവും ബാക്കി. ഇവരുടെയൊക്കെ മുഖ്യലക്ഷ്യം ഇന്ത്യയുടെ മോചനമായിരുന്നോ? അതോ, മോചിക്കപ്പെടുന്ന ഇന്ത്യയില്‍ ആരാവും അധിപന്‍മാര്‍ എന്ന കാര്യത്തിലാണോ? ജിന്നയെ പാകിസ്ഥാന്‍ നല്‍കി പുകച്ചു ചാടിക്കുന്നതിലെ ഔചിത്യമെന്തായിരുന്നു? പാകിസ്ഥാന്റെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ മഹാത്മാഗാന്ധി ഉപവാസമിരിക്കേണ്ടി വന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് സ്വാതന്ത്ര്യസമര നാളുകളില്‍ മഹാത്മാഗാന്ധിയെ അവഗണിച്ചു? താന്‍ ഹിമാലയത്തിലേക്ക് റിട്ടയര്‍ ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്നത് എന്ന് ഗാന്ധിജി തന്നെ പറഞ്ഞില്ലേ? രോഗിയായ ജിന്ന തന്റെ മരണത്തിന് മുമ്പ് തന്നെ ഒരു രാജ്യാധിപനാവണമെന്ന് മോഹിച്ചിരുന്നു എന്നും അത് ലഭിക്കാനാണ് പാകിസ്ഥാന്റെ കാര്യത്തില്‍ അദ്ദേഹം അവസാനകാലം അത്രക്ക് വാശി പിടിച്ചതെന്നും പറയുന്നു. ഇപ്പറഞ്ഞതിലും കാര്യമുണ്ടാവാം. വിഭജനത്തില്‍ മതത്തിന് ഒരു പങ്കുമുണ്ടായിരുന്നില്ല. അധികാര മോഹികളായ മധ്യവര്‍ഗം മതത്തെ കൂട്ടുപിടിച്ച് രാജ്യത്തെ വെട്ടിമുറിക്കുകയായിരുന്നു. രണ്ട് രാജ്യങ്ങളെ തമ്മില്‍ നിത്യശത്രുതയിലാക്കി ഉപഭൂഖണ്ഡത്തിന്റെ പുരോഗതി തടസപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍വേന്ത്യാ ലീഗിനോ കോണ്‍ഗ്രസിനോ കൈ കഴുകാനാവില്ല.

വിഭജന കാരണം
മുസ്‌ലിം സമൂഹത്തോടും മുസ്‌ലിം മധ്യവര്‍ഗത്തോടും കോണ്‍ഗ്രസ് കാണിച്ച ചിറ്റമ്മ നയവും കോണ്‍ഗ്രസിന്റെ പ്രവിശ്യ ഭരണത്തില്‍ മുസ്‌ലിംകളെ അവഗണിച്ചതുമായിരുന്നു മുസ്‌ലിംലീഗ് പാകിസ്ഥാന്‍ പ്രക്ഷോഭം ഏറ്റെടുക്കാനുണ്ടായ കാരണം. അല്ലാതെ, പാകിസ്ഥാന്‍ എന്ന ആശയം മുസ്‌ലിംലീഗിന്റേതായിരുന്നില്ല. കേംബ്രിഡ്ജില്‍ പഠിക്കുന്ന റഹ്മത് അലി എന്ന വിദ്യാര്‍ഥിയാണ് ഈ പദ്ധതി രാഷ്ട്രത്തിന്റെ മുന്നില്‍വച്ചത്. അദ്ദേഹം കോണ്‍ഗ്രസിനെയും ലീഗിനെയും ഒരു പോലെ വെറുത്തയാളാണ്. റഹ്മത് അലി പറഞ്ഞപ്രകാരം തികച്ചും ഭിന്നമായ രണ്ട് രാജ്യങ്ങളുണ്ടാക്കുന്നതിനോട് കോണ്‍ഗ്രസോ മുസ്‌ലിംലീഗോ യോജിച്ചില്ല. പ്രശ്‌നം സങ്കീര്‍ണമായപ്പോള്‍ അല്ലാമാ ഇഖ്ബാല്‍ ഒരു പുതിയ ഫോര്‍മുലയുമായി വന്നു. ഇന്ത്യക്കകത്ത് തന്നെ ഹിന്ദു ഭൂരിപക്ഷ സ്‌റ്റേറ്റുകളും മുസ്‌ലിം ഭൂ രിപക്ഷ സ്‌റ്റേറ്റുകളുമുണ്ടാക്കി ഇരു ഗ്രൂപ്പുകളും ഫെഡറല്‍ സര്‍ക്കാരിന് കീഴിലാവുക. ഇതേ ഫോര്‍മുലയാണ് അംബേദ്കറും മുന്നോട്ടു വച്ചത്. ഇത് മുസ്‌ലിംലീഗിനോ കോണ്‍ഗ്രസിനോ സ്വീകാര്യമായില്ല. ഒരു കവിയുടെ സ്വപ്‌നം എന്ന് പറഞ്ഞ് ജിന്ന അതിനെ തള്ളി. ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും മാറി മാറി ചര്‍ച്ചക്ക് വിളിച്ച് രംഗം കൂടുതല്‍ വഷളാക്കി. അതോടെ മുസ്‌ലിംലീഗ് ലാഹോര്‍ പ്രമേയത്തിലൂടെ ഇഖ്ബാലിന്റെ ഫോര്‍മുലക്ക് വേണ്ടി മുന്നോട്ടുവന്നു. ഇന്ത്യക്കകത്ത് തന്നെ മുസ്‌ലിം ഭൂരിപക്ഷ സ്‌റ്റേറ്റുകളും ഹിന്ദു ഭൂരിപക്ഷ സ്‌റ്റേറ്റുകളും നിര്‍മിച്ച് ഫെഡറല്‍ സംവിധാനം അംഗീകരിക്കുക. ഈ ഫോര്‍മുലയും കോണ്‍ഗ്രസ് തള്ളിയപ്പോള്‍ കോണ്‍ഗ്രസുമായി യോജിച്ചു പോകാനില്ലെന്ന് ലീഗ് ഉറപ്പിച്ചു. പാര്‍ട്ടി റഹ്മത് അലിയുടെ ദ്വിരാഷ്ട്ര വാദം ഏറ്റെടുത്തു. ബ്രിട്ടീഷുകാരുടെ ആഗ്രഹവും ഇതായിരുന്നു. രണ്ട് രാഷ്ട്രങ്ങള്‍ വന്നാലും അത് സമാധാനത്തോടെയാവരുതെന്ന് ബ്രിട്ടീഷുകാരും ആഗ്രഹിച്ചു. അവര്‍ കോണ്‍ഗ്രസിനെയും ലീഗിനെയും മാറി മാറി പ്രീണിപ്പിച്ചു. രണ്ട് പാര്‍ട്ടികളെയും തമ്മിലടിപ്പിച്ചു. അതിന് സാമുദായിക ധ്രുവീകരണം പരമാവധി ശക്തിപ്പെടുത്തി. മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും എതിരെ വര്‍ഗീയ ശക്തികളെയും രംഗത്തിറക്കി. ഹിന്ദുമഹാസഭയും ഗോദയിലിറങ്ങി. അംബേദ്കര്‍ പറഞ്ഞു: ‘പാകിസ്ഥാന് വേണ്ടിയുള്ള ആവശ്യം വെറും രാഷ്ട്രീയമായ മാനസിക വിക്ഷോഭത്തിന്റെ ഫലമാണെന്നും കാലക്രമേണ അത് മാഞ്ഞുപോകുമെന്നും ഞാന്‍ കരുതുന്നില്ല. സംഗതിയുടെ ജീവശാസ്ത്രപരമായ അര്‍ഥത്തില്‍ ഒരു ജീവിക്ക് സ്വഭാവ വിശേഷതകള്‍ ഉണ്ടാവുന്നത് പോലെ മുസ്‌ലിം രാഷ്ട്രീയത്തിലുണ്ടായ സ്വഭാവവിശേഷതയാണ് ഇതെന്നാണ് പരിതസ്ഥിതികള്‍ വിലയിരുത്തുമ്പോള്‍ എനിക്ക് മനസിലാവുന്നത്.’ (പാകിസ്ഥാന്‍ ഓര്‍ പാര്‍ടീഷന്‍ ഓഫ് ഇന്ത്യ, മുഖവുര).
മുസ്‌ലിം ഹിന്ദു സ്റ്റേറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്ന് രണ്ടു രാഷ്ട്രങ്ങളായി മാറിയത് സാഹചര്യ സമ്മര്‍ദം മൂലമായിരുന്നു. ക്രിപ്‌സ് മിഷനിലും കാബിനറ്റ് ദൗത്യത്തിലുമുണ്ടായ ഒത്തുതീര്‍പ്പു ഫോര്‍മുലകളില്‍ നിന്നാണ് വിഭജനം എന്ന ആവശ്യം ഉരുത്തിരിയുന്നത്. ഇത് ബ്രിട്ടീഷുകാര്‍ തന്നെ ഒപ്പിച്ചെടുത്തതാണ്. അതുകൊണ്ട് തന്നെ മുസ്‌ലിംലീഗിന്റെ ലാഹോര്‍ പ്രമേയത്തെ വിഭജന പ്രമേയം എന്ന് വിളിക്കാന്‍ വയ്യ. രാജ്യം വെട്ടിമുറിക്കുക എന്നത് പിന്നീട് വന്നതാണ്. ഒത്തുതീര്‍പ്പ് അസാധ്യമാക്കിയ ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ നല്കിയ നിര്‍ദേശമായിരുന്നു വിഭജനം. അത് കോണ്‍ഗ്രസും ലീഗും അംഗീകരിക്കുകയും ചെയ്തു. നെഹ്‌റുവിന്റെ കടുംപിടിത്തങ്ങളാണ് പലപ്പോഴും ഒത്തുതീര്‍പ്പു ദൗത്യങ്ങള്‍ പരാജയപ്പെടുത്തിയത്. അധികാര മോഹങ്ങളല്ലാതെ മറ്റൊന്നും ഇതിലില്ല എന്ന് പറയാമെങ്കിലും ഒരുമിച്ചുപോയാല്‍ ഇന്ത്യക്ക് നഷ്ടമാണെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും നെഹ്‌റു മനസിലാക്കിയിരുന്നു എന്നു കൂടി പറയണം. വിഭജനത്തെ മൗലാനാ ആസാദ് അവസാനം വരെ എതിര്‍ത്തിരുന്നു. ഗാന്ധിജി പോലും വിഭജനത്തെ അനുകൂലിക്കുന്ന സന്ദര്‍ഭം വന്നപ്പോള്‍ ആസാദ് തീരുമാനത്തില്‍ ഉറച്ചു നില്ക്കുകയായിരുന്നു. എന്നാല്‍ പകരം മറ്റൊരു മാര്‍ഗവും ആസാദിന് നിര്‍ദേശിക്കാനുണ്ടായില്ല. വിഭജനത്തിന്റെ പേരിലുള്ള രക്തക്കുരുതി ഇല്ലാതാക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയില്ല. കാബിനറ്റ് മിഷനില്‍ നെഹ്‌റുവിന്റെ വാശിയാണ് പാകിസ്ഥാന്‍ യാഥാര്‍ഥ്യമാക്കിയതെന്ന് അദ്ദേഹം സ്മരിക്കുന്നു: ‘ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രവൃത്തി യു.പിയില്‍ മുസ്‌ലിം ലീഗിന് പുതുജീവന്‍ നല്‍കി. ലീഗ് പുനഃസംഘടിപ്പിക്കപ്പെട്ടത് യു.പിയില്‍ നിന്നാണെന്ന് ഏത് ഇന്ത്യന്‍ രാഷ്ട്രീയ വിദ്യാര്‍ഥിക്കുമറിയാം. ഈ അവസ്ഥയില്‍ ജിന്ന മുതലെടുക്കുകയും അദ്ദേഹം പ്രതിരോധം തുടങ്ങുകയും അത് പാകിസ്ഥാനില്‍ കലാശിക്കുകയും ചെയ്തു.’ (ഇന്ത്യ വിന്‍സ് ഫ്രീഡം,160)

ഇന്ത്യയുടെ സാമുദായിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിഭജനമല്ലാതെ മറ്റൊരു ഉപാധി ഇല്ലാത്തതിനാലാണ് മുസ്‌ലിംലീഗും കോണ്‍ഗ്രസും വിഭജനത്തെ അനുകൂലിച്ചത് എന്ന് ഇരു പാര്‍ട്ടിക്കാരും പറയുന്നു. പക്ഷേ മുഖ്യലക്ഷ്യം അധികാര വടംവലി തന്നെ. അതേസമയം വിഭജനം ഒരു ശാശ്വത പരിഹാരമെന്ന അഭിപ്രായം ഇവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിലെ രാജഗോപാലാചാരി ഗാന്ധിജിയുടെ അംഗീകരാത്തോടെ വിഭജനത്തിനൊരു ഫോര്‍മുല തയാറാക്കിയിരുന്നു. ഒരു കാരണവുമില്ലാതെ ജിന്ന അത് തള്ളിക്കളഞ്ഞു. അത് അന്ന് ജിന്ന അംഗീകരിച്ചിരുന്നെങ്കില്‍ വിഭജനത്തെച്ചൊല്ലിയുള്ള കൊല്ലും കൊലയും കുറഞ്ഞു കിട്ടുമായിരുന്നു. ജിന്നയുടെ അഹങ്കാരം മൂലമാണ് അത് അംഗീകരിക്കാതിരുന്നത് എന്ന അഭിപ്രായമുണ്ട്. ഏതാണ്ട് അതേതരത്തിലുള്ള പ്ലാനാണ് പിന്നീട് ജിന്ന അംഗീകരിച്ചത്. അത് കൊണ്ടുവന്നത് വൈസ്രോയിയായിരുന്നു എന്ന വ്യത്യാസം മാത്രം. ഗാന്ധിജി അവസാനം വിഭജനത്തെ അനുകൂലിച്ചു. നമുക്ക് സഹോദരന്‍മാരെ പോലെ പിരിയാം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഒത്തുതീര്‍പ്പിന് തയാറായി. അന്ന് ഗാന്ധിജിയുമായി സംസാരിക്കാന്‍ ജിന്ന തയാറാവേണ്ടിയിരുന്നു. എന്നാല്‍ ആത്മാഭിമാനം ജിന്നയെ അതിനനുവദിച്ചില്ല. ഒരിക്കല്‍ തന്റെ ബംഗ്ലാവിലേക്ക് ഗാന്ധിജിയെ ക്ഷണിച്ചു വരുത്തി ജിന്ന അപാനിച്ചുവത്രെ! അതേ പറ്റി ഗാന്ധിജി രാജാജിയോട് പറഞ്ഞു: ‘അതെന്റെ ക്ഷമ പരിശോധിക്കലായിരുന്നു. എന്റെ ക്ഷമയില്‍ ഞാന്‍ തന്നെ അദ്ഭുതപ്പെടുന്നു.’ (റസാഖാന്‍, വാട്ട് പ്രൈസ് ഫ്രീഡം, 113).

നേതാക്കളുടെ വഞ്ചന
മുസ്‌ലിംലീഗിന്റെ കൂടി താല്പര്യം പരിഗണിച്ച് വിഭജനം നടന്നപ്പോള്‍ ഇന്ത്യയിലവശേഷിച്ച മുസ്‌ലിംകളെ അവര്‍ ഗൗനിച്ചില്ല. അവഗണനക്കിരയായ ഇവരെ സംരക്ഷിക്കാന്‍ ലീഗ് നേതൃത്വം തയാറായില്ല. അവര്‍ സ്ഥാനമാനങ്ങള്‍ തേടി പാകിസ്ഥാനിലേക്ക് പറന്നു. കേരളത്തില്‍ ലീഗ് കെട്ടിപ്പടുത്ത സത്താര്‍ സേട്ട് പോലും പാകിസ്ഥാനിലെത്തി അംബാസിഡര്‍ പദവിയിലേറി. ഉത്തരേന്ത്യയിലെ ഖാലിഖുസ്സമാനും അധികാരക്കൊതി മൂത്ത് പാകിസ്ഥാനിലെത്തി. ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഒരേയൊരത്താണി മഹാത്മജിയായിരുന്നു. അദ്ദേഹം വര്‍ഗീയകലാപങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി അവിടെ ദുരിതമനുഭവിക്കുന്ന ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ആശ്വാസം നല്‍കിക്കൊണ്ടിരുന്നു. ദക്ഷിണേന്ത്യയില്‍ പ്രശ്‌നങ്ങള്‍ കുറവായിരുന്നെങ്കിലും മുഹമ്മദ് ഇസ്മഈല്‍ സാഹിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് പുനര്‍ജനിച്ചത് ഏറെ ആശ്വാസം പകര്‍ന്നു. മുസ്‌ലിം സ്റ്റേറ്റില്‍ നിന്ന് മാറി ഒരു സ്വതന്ത്ര മുസ്‌ലിം രാഷ്ട്രം സ്ഥാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ ലീഗ് ഉയര്‍ത്തിപ്പിടിച്ചത് മതപരമായ ആവേശമായിരുന്നു. ഇസ്‌ലാമിക ഭരണമുള്ളൊരു രാജ്യം എന്നാണ് അവര്‍ സമുദായത്തിന് കൊടുത്ത സന്ദേശം. ഇസ്‌ലാമിക ജീവിതത്തോട് വളരെ അകന്നുനിന്ന ജിന്ന ഇസ്‌ലാം എന്ന പദം ആവര്‍ത്തിക്കാനും അസ്സലാമു അലൈകും എന്ന് ജനങ്ങളെ സംബോധന ചെയ്യാനും തുടങ്ങി. പക്ഷേ ഇസ്‌ലാമിന്റെ പേരില്‍ പിറന്നുവീണ രാജ്യത്തിന്റെ ഗതി എന്തായിരുന്നു? മുസ്‌ലിംകളില്‍ ഗോത്രമഹിമയും കുലമഹിമയും തലപൊക്കുകയും ഭരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുകയും ചെയ്തു. ഇസ്‌ലാമിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള ആയുധമായി പാകിസ്ഥാന്‍ ഭരണകൂടം ഉപയോഗിച്ചു. കൊല്ലും കൊലയും നിര്‍ബാധമായി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളോട് തീരെ താല്പര്യം പാകിസ്ഥാന്‍ ഭരണാധികാരികള്‍ കാട്ടിയില്ല. ഇസ്‌ലാമിന്റെ സഹിഷ്ണുതയും സമത്വവും ഭരണത്തില്‍ യഥാവിധി ഉള്‍ക്കൊള്ളണമെന്ന് ജിന്ന പാകിസ്ഥാന്‍ ഭരണാധികാരികളോട് പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല. കിഴക്കന്‍ പാകിസ്ഥാനിലെ മുസ്‌ലിംകളെ ബംഗാളികളായത് കൊണ്ട് പാക് ഭരണകൂടം അവഗണിച്ചു. ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം സ്ഥാപിക്കും വരെ ഈ അവഗണന തുടര്‍ന്നു. ഇസ്‌ലാമിന്റെ പേരില്‍ വന്ന ഒരു രാജ്യത്തിന് ഇന്ത്യയിലുള്ളയത്ര പോലും സഹിഷ്ണുത കാണിക്കാനായില്ല. പട്ടാള ഭരണവും അട്ടിമറിയും കൊണ്ട് രാജ്യം മുഖരിതമായി. പലരെയും തൂക്കിയും വെടിവച്ചും കൊന്നു. അപ്പോഴാണ് ഇങ്ങനെയൊരു രാഷ്ട്രത്തിന് വേണ്ടി കഷ്ടപ്പെടേണ്ടിയിരുന്നോ എന്ന് ഇന്ത്യയിലെ മുസ്‌ലിംലീഗുകാര്‍ തന്നെ ചിന്തിച്ചു തുടങ്ങിയത്. മാത്രമല്ല, ജിന്നയുമായി അകലുന്ന അവസ്ഥയും ഇന്ത്യയിലെ ഇസ്മാഈല്‍ സാഹിബിന്റെ മുസ്‌ലിം ലീഗിനുണ്ടായി. കശ്മീരിന്റെ മേലുള്ള പാകിസ്ഥാന്റെ അവകാശവാദത്തെ അംഗീകരിക്കാന്‍ ജിന്ന ഇസ്മാഈല്‍ സാഹിബിനോട് അഭ്യര്‍ഥിച്ചപ്പോള്‍ സാഹിബ് അംഗീകരിച്ചില്ലെന്ന് മാത്രമല്ല കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യമാണെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു.

ഹിന്ദുരാഷ്ട്രം
പാകിസ്ഥാന്‍ പിറന്നപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവാദം കൂടുതല്‍ ശക്തിപ്പെടുകയും ആര്‍ എസ് എസും ഹിന്ദുമഹാസഭയും ശക്തിയാര്‍ജിക്കുകയും കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ പരസ്യമായ നിലപാടെടുക്കുകയും ചെയ്തു. ഇത് രാജ്യത്ത് വര്‍ഗീയ ലഹളകള്‍ വര്‍ധിപ്പിച്ചു. ലഹളയൊതുക്കാന്‍ ഗാന്ധിജിയും നെഹ്‌റുവും പട്ടേലുമെല്ലാം കാര്യമായി ശ്രമിച്ചു. നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിം ലീഗുകാരും മുസ്‌ലിം നേതാക്കളും വേട്ടയാടപ്പെട്ടു. ഒപ്പം കമ്യൂണിസ്റ്റുകളെയും രാജ്യദ്രോഹികളായി മുദ്രകുത്തി. അവര്‍ മുസ്‌ലിംലീഗിനെ പിന്തുണച്ചു എന്നതായിരുന്നു ഒരു കുറ്റം. മുസ്‌ലിംകള്‍ വഞ്ചകരായി മുദ്രകുത്തപ്പെട്ടു. വിമര്‍ശനങ്ങളെ അതിജീവിച്ച് കൊണ്ടാണ് തെന്നിന്ത്യയില്‍ മുസ്‌ലിംലീഗ് പുനര്‍ജനിച്ചത്. എന്നാല്‍ ഇന്ത്യന്‍ മുസ്‌ലിം പൊതു ജനം പല കാരണങ്ങളാലും ലീഗിനെ കൈയൊഴിച്ചു. വിഭജനം വരുത്തിയത് മുസ്‌ലിംലീഗാണെന്നതായിരുന്നു മുഖ്യകാരണം. നേതാക്കള്‍ അധികാരത്വര മൂത്ത് പാകിസ്ഥാനിലേക്ക് പോയതും അവരെ കോപാകുലരാക്കി. മറ്റൊന്ന് ലീഗുകാരെ രാജ്യദ്രോഹികളാക്കാനും വേട്ടയാടാനുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രമം. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ മുസ്‌ലിംലീഗ് വെല്ലുവിളികളെ അതിജീവിച്ചു. ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരെ ലീഗും കോണ്‍ഗ്രസും യോജിച്ച വിരോധാഭാസവും ചരിത്രത്തിലിടം നേടി. മുസ്‌ലിംലീഗ് മത നിരപേക്ഷതയില്‍ നിന്ന് മെല്ലെ മെല്ലെ മതമുദ്രകളില്‍ കടിച്ചു തൂങ്ങി. ജിന്നയും ഉത്തരേന്ത്യന്‍ മുസ്‌ലിം പുരോഗമനവാദികളും കൂട് വിട്ടപ്പോള്‍ ആത്മീയപരിവേഷം ചാര്‍ത്തി പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാന്‍ ശ്രമിച്ചു. ഇസ്മാഈല്‍ സാഹിബും ബാഫഖിതങ്ങളും പാണക്കാട് തങ്ങന്‍മാരും ലീഗിന്റെ അപ്രമാദിത്വത്തിലെത്തുന്നതും ആ വഴിക്കാണ്. മറിച്ചുള്ള പദ്ധതികളോ പരിപാടികളോ ലീഗിനുണ്ടായില്ല.

മുസ്‌ലിംകള്‍ കുറേ പാകിസ്ഥാനിലേക്ക് പോയിക്കിട്ടിയാല്‍ ഇവിടെ അവരുടെ എണ്ണം കുറയുമെന്നും തങ്ങള്‍ക്ക് അധീശത്വമുണ്ടാക്കാന്‍ കഴിയുമെന്നും ഹിന്ദുത്വവാദികള്‍ നിനച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ നയങ്ങള്‍ ആ ലക്ഷ്യം തകിടംമറിച്ചു. അതിന് കാരണക്കാരന്‍ മുഖ്യമായും ഗാന്ധിജിതന്നെ. മത നി രപേക്ഷമായ ഭരണത്തിന് നെഹ്‌റു, പട്ടേല്‍, ആസാദ് എന്നിവരും ശ്രമിച്ചു. അംബേദ്കറിനെ ഭരണഘടന നിര്‍മിക്കാന്‍ ഏര്‍പ്പാടാക്കി. ഇന്ത്യക്ക് ഒരു ഭരണഘടനാ സമിതി വേണമെന്ന ആവശ്യം 1934ല്‍ എം.എന്‍ റോയ് ആവശ്യപ്പെട്ടിരുന്നതാണ്. 1935ല്‍ തന്നെ കോണ്‍ഗ്രസ് ഇത് തത്വത്തില്‍ അംഗീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഔദ്യോഗിക അംഗീകാരം നല്കുകയും ചെയ്തു. 1946ലെ ഭരണഘടനാ അസംബ്‌ളിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം ലഭിച്ചു. വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്ഥാന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വിട്ടുപോയെങ്കിലും മറ്റിടങ്ങളില്‍ നിന്ന് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നു. പ്രഗത്ഭരുടെ നേതൃത്വത്തില്‍ മതനിരപേക്ഷമായ ഭരണഘടന വന്നതോടെ ഹിന്ദുത്വവാദികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ഹിന്ദു മഹാസഭയുടെ പ്രതിനിധി ശ്യാമ പ്രസാദും ഭരണഘടനാ സമിതിയില്‍ അംഗമായിരുന്നു. ഭരണഘടന ഹിന്ദുവിന്റേതല്ലെന്ന് ആര്‍ എസ് എസ് പറഞ്ഞു. പിന്നീട് ഗാന്ധിവധത്തെ തുടര്‍ന്ന് സംഘം നിരോധിക്കപ്പെട്ടപ്പോള്‍ അവര്‍ ഭരണഘടന ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായി. മതനിരപേക്ഷതക്ക് നിലകൊള്ളുന്ന കോണ്‍ഗ്രസിനെ ഏതു നിലക്കും ശിഥിലീകരിച്ച് ഹിന്ദുത്വത്തിന് വേണ്ടിയുള്ള തിരിച്ചുവരവിന് കരു നീക്കുകയായിരുന്നു ഇത്രകാലം ഹിന്ദുത്വശക്തികള്‍. എന്നാല്‍ കോണ്‍ഗ്രസ് പലപ്പോഴും ഹിന്ദുത്വ അജണ്ടകള്‍ സ്വയം ഏറ്റെടുത്ത് ഹിന്ദുത്വ പരിവാരത്തെ നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു. ബാബരി മസ്ജിദ് പ്രശ്‌നത്തിലും അലിഗഡ് പ്രശ്‌നത്തിലും കോണ്‍ഗ്രസ് എടുത്ത മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ ഒരു വിഭാഗം ഹിന്ദുത്വവാദികളെ കോണ്‍ഗ്രസിനോടടുപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ഒത്താശയോടെ ആര്‍ എസ് എസിനെതിരെ ബജ്‌റംഗ് ദളിന്റെ പിറവിക്ക് വഴിയൊരുക്കിയതും വിശ്വഹിന്ദു പരിഷത്തിനെ ഒരുവേള കോണ്‍ഗ്രസ് സ്വന്തമാക്കിയതും പാര്‍ട്ടിയുടെ ഹിന്ദുത്വ പിന്തുണക്ക് തെളിവാണ്. രാജീവിന്റെ കാലത്ത് ബാബരി പ്രശ്‌നത്തിലിടപെട്ടതും പിന്നീട് നരസിംഹറാവുവിന്റെ ഭരണത്തില്‍ മസ്ജിദ് പൊളിച്ചതും കോണ്‍ഗ്രസിന്റെ മനോഭാവം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ശിഥിലമാവുമ്പോഴൊക്കെ ഹിന്ദുത്വ ശക്തികള്‍ ആ ശൂന്യത നികത്തുന്നു. വാജ്‌പേയിയുടെ കീഴില്‍ മിതവാദപരമായ നിലപാടാണ് ഹിന്ദുത്വം ഉള്‍ക്കൊണ്ടതെങ്കില്‍ രണ്ടാം യു പി എ കാലത്ത് ഇവര്‍ തീവ്രനിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഗുജറാത്തില്‍ മോഡിയുടെ വംശഹത്യയോടെ ഇത് കൂടുതല്‍ ശക്തിപ്പെട്ടു. കോണ്‍ഗ്രസ് നിലം പൊത്തിയപ്പോള്‍ മോഡി അഖിലേന്ത്യാ തലത്തില്‍ ഹിന്ദുത്വത്തിന്റെ കാവലാളായി ഇന്നത്തെ അവസ്ഥയിലെത്തി. കോണ്‍്ര്രസിന് ബദലാവേണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂടുതല്‍ ശിഥിലമാവുന്ന കാഴ്ചയും നാം കണ്ടു. ഒരിടത്തും വേരുപിടിക്കാന്‍ കഴിയാതെ കമ്യൂണിസ്റ്റ് നേതൃത്വങ്ങള്‍ നയപരമായ പരാജയങ്ങളേറ്റു വാങ്ങുന്നു. വര്‍ഗീയശക്തികളെ ശക്തമായി പ്രതിരോധിച്ച് കൊണ്ട് കേരളത്തില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാതൃകയാവുന്നത്. ചരിത്രപരമായ അബദ്ധങ്ങള്‍ക്കപ്പുറം അധ്വാനിക്കുന്നവന്റെയും പാര്‍ശ്വവത്കൃതന്റെയും ശബ്ദമാവാന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയാത്തതെന്തു കൊണ്ടാണെന്ന് നേതൃത്വം ചിന്തിക്കണം. ആത്മപരിശോധനക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയാറാവാതിരിക്കുകയും കോണ്‍ഗ്രസ്, വ്യക്തമായ നേതൃത്വത്തിന്റെ അഭാവത്തില്‍ ശിഥിലമാവുകയു ചെയ്താല്‍ ജനാധിപത്യത്തെ എകാധിപത്യം ഹൈജാക്ക് ചെയ്യും. യാഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. വിഭജനപ്പിശാചിന്റെ പിടിയില്‍ നമ്മളിപ്പോഴും കുരുങ്ങിക്കിടക്കുന്നുവെന്നര്‍ഥം.
ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login