””I call on the government to end its current cruel military operation, with accountability for all violations that have occurred, and to reverse the pattern of severe and widespread discrimination against the Rohingya population, The situation seems a textbook example of ethnic cleansing.”
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വക്താവ് സൈദ് റആദ് അല്‍ ഹുസൈന്‍ ജനീവയിലെ യു.എന്‍ ഹ്യൂമണ്‍ റൈറ്റ് കൗണ്‍സിലില്‍ ഇത് പറയുമ്പോള്‍ കണ്ഠമിടറുന്നുണ്ടായിരുന്നു. റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്‍മര്‍ ഭരണകൂടം തുടരുന്ന കൂട്ടനരമേധങ്ങള്‍ പുസ്തകത്തില്‍ പറഞ്ഞ വംശവിച്‌ഛേദനത്തിന്റെ മുന്തിയ ഉദാഹരണമാണെന്നാണ് അദ്ദേഹത്തിന് ലോകത്തോട് വിളിച്ചുപറയാനുണ്ടായിരുന്നത്. രാഖൈന്‍ പ്രവിശ്യയിലെ (പഴയ അരാകന്‍ മേഖല) പട്ടിണിപ്പാവങ്ങള്‍ താമസിക്കുന്ന കുടിലുകള്‍ കത്തിച്ചാമ്പലാക്കുകയും കൈയില്‍ കിട്ടിയവരെ മുഴുവന്‍ കൊന്നിടുകയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ചവച്ചുതുപ്പുകയും ആ ഭൂപ്രദേശം തന്നെ അഗ്‌നിക്കിരയാക്കുകയും ചെയ്യുന്ന ക്രൂരവും നിഷ്ഠൂരവുമായ രംഗങ്ങള്‍ നേരിട്ടു ചെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തിലെ ഒരു പത്രപ്രവര്‍ത്തകനും സാധിക്കുന്നില്ല. കാരണം, അങ്ങോട്ടേക്ക് ആര്‍ക്കും പ്രവേശനമില്ല. എന്നിട്ടും പിറന്ന മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ ഞെട്ടിപ്പിക്കുന്ന കഥകളും ദീനരോദനങ്ങളും ലോകസമൂഹത്തിലേക്ക് ഒഴുകിയെത്തുന്നത് ഇരകളുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 3,01,000 അഭയാര്‍ഥികള്‍ ബംഗ്ലാദേശിലേക്ക് ഒഴുകിയെത്തിയിരിക്കയാണ്. അതോടെ, ലോകത്തിലെ ഏറ്റവും പട്ടിണിരാജ്യങ്ങളിലൊന്നായ ബംഗ്ലാദേശില്‍ ശരണം തേടിയെത്തിയ റോഹിങ്ക്യകളുടെ എണ്ണം 7, 31,000ആയി. വംശീയവിച്‌ഛേദനം (എത്‌നിക് ക്ലെന്‍സിംഗ്) എന്ന് നമ്മള്‍ ചരിത്രത്തില്‍ വായിച്ചതാണ് ഇപ്പോള്‍ അരാകന്‍ മേഖലയില്‍ കാണുന്നത്. ആഗസ്റ്റ് 25ന്, കല്ലും വടിയുമായി അക്രമികളെ നേരിടുന്ന യുവാക്കളുടെ കൂട്ടം (അരാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി)സൈനിക പോസ്റ്റുകള്‍ അക്രമിച്ച് 12 പൊലിസുകാരെ കൊന്നു എന്നാരോപിച്ച് തുടങ്ങിയ കൂട്ടക്കുരുതിയില്‍ 600 പേരെയെങ്കിലും ഇതിനകം കൊന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കറുത്ത് മെലിഞ്ഞ് എല്ലും തോലുമായി, കീറിപ്പറിഞ്ഞ കുപ്പായമിട്ട് കുഞ്ഞുങ്ങളെ ചുമലിലേറ്റി, ജീവിത സമ്പാദ്യം തലയില്‍ വെച്ച് കാടും പുഴയും താണ്ടി രാഖൈന്‍ പ്രദേശത്തുനിന്ന് പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടുന്ന മനുഷ്യര്‍ പങ്കുവെക്കുന്ന വര്‍ത്തമാനം മനഃസാക്ഷി മരവിക്കാത്ത മുഴുവന്‍ മനുഷ്യരെയും നടുക്കുന്നു. വിശക്കുന്ന പൂച്ചയുടെ മുന്നില്‍ കൊണ്ടിട്ട എലികളുടെ അവസ്ഥയാണ് തങ്ങളുടേതെന്ന് ഒരു സ്ത്രീ അല്‍ജസീറ ചാനല്‍ ലേഖകനോട് പറഞ്ഞപ്പോള്‍ റോഹിങ്ക്യകള്‍ ഇന്ന് അനുഭവിച്ചുതീര്‍ക്കുന്ന ദയനീയാവസ്ഥയുടെ ഏകദേശചിത്രം നമുക്ക് കിട്ടുന്നു. മാതാപിതാക്കളുടെ കണ്‍മുമ്പില്‍വെച്ച് പെണ്‍കുഞ്ഞുങ്ങളെ ലൈംഗികമായി പിച്ചിച്ചീന്താനും കുഞ്ഞുങ്ങളുടെ ദേഹത്തേക്ക് നിറയൊഴിക്കാനും ബുദ്ധസൈന്യം അശേഷം മടി കാണിക്കുന്നില്ല. മ്യാന്‍മര്‍ സര്‍ക്കാരും സൈന്യവും കാട്ടുന്ന ക്രൂരതകളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ആത്മീയാചാര്യന്‍ ദലൈലാമ താക്കീതായി പറഞ്ഞത് നാം കേട്ടു: ” മ്യാന്‍മര്‍ സര്‍ക്കാര്‍ ബുദ്ധന്റെ പാത പിന്തുടരണം; പീഡിതരായ റോഹിങ്ക്യകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണം. മുസ്‌ലിംകളെ പീഡിപ്പിക്കുന്നവര്‍ ബുദ്ധനെ ഓര്‍ക്കണം. ” പക്ഷേ, സമാധാനത്തിന്റെ നോബല്‍ സമ്മാനം നെറ്റിയില്‍ ചാര്‍ത്തിയ മ്യാന്‍മര്‍ ഭരണാധികാരി ഓംഗ്‌സാന്‍ സൂചിയുടെ കുറ്റകരമായ മൗനവും കാപാലികതക്കുള്ള കൃപാശിസ്സുകളും ആഗോളസമൂഹത്തിന്റെ രോഷം തിളപ്പിച്ചു. നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന നിവേദനത്തില്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ നാലുലക്ഷം മനുഷ്യര്‍ ഒപ്പിട്ടുകഴിഞ്ഞു. മനുഷ്യത്വം മരവിക്കാത്ത കുറെ സുമനസ്സുകള്‍ അവര്‍ക്കെതിരെ തൂലിക ചലിപ്പിക്കുകയും വാഗ്‌ധോരണി കൊണ്ട് ലോകമനസ്സാക്ഷിയെ ഉണര്‍ത്തുകയും ചെയ്തു. ഒരുവേള അവരെ മാതൃകാവനിതയായി കണ്ട് മനസ്സില്‍ ആരാധിച്ചവര്‍ വഞ്ചകി എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഒരു മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കാന്‍ അവന് അധികാരം കൊടുത്ത് നോക്കൂ എന്ന് പറഞ്ഞ അബ്രഹാം ലിങ്കന്റെ വാക്കുകള്‍ എടുത്തുദ്ധരിച്ച് സൂചിയുടെ പതനം തൊട്ടുകാണിച്ച സൂഫിയ അഹമ്മദ് എന്ന എഴുത്തുകാരി, റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യയില്‍ സൂചിക്ക് നിഷ്പക്ഷത പുലര്‍ത്താന്‍ കഴിയില്ല എന്നാണെഴുതിയിട്ടുള്ളത്. രാജ്യത്തിന്റെ നേതാവ് എന്ന നിലയില്‍ അവരിതിന്ന് ഉത്തരവാദിയാണ്. അവര്‍ വഞ്ചിച്ചിരിക്കയാണെന്ന് തന്നെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അനുഭവം.
റോഹിങ്ക്യകളുടെ യഥാര്‍ത്ഥ ജീവിതദുരിതം ലോകം അറിയാന്‍ പാടില്ല എന്ന് മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും ‘കാവല്‍മാലാഖ’യായി ഒരുനാള്‍ അറിയപ്പെട്ട സൂചിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അഭയാര്‍ഥികളെ കുറിച്ച് ഭീകരന്മാരാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഭൂമുഖത്തെ ഏറ്റവും പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷം എന്ന് യു.എന്‍ വിശേഷിപ്പിച്ച ആ ജനവിഭാഗത്തിന്റെ ദുരിതമയമായ ജീവിതത്തിന് 2015ല്‍ സൂചി അധികാരത്തിലേറിയിട്ടും ഒട്ടും മാറ്റമുണ്ടായില്ല. പോരാട്ടനായികയായി ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാലഘട്ടത്തില്‍ അവര്‍ പറഞ്ഞ ഒരു വാചകമുണ്ട്: ‘മനുഷ്യന്റെ ദുരിതങ്ങള്‍ എന്ന് അവഗണിച്ചുവോ അപ്പോള്‍ സംഘര്‍ഷത്തിന്റെ വിത്തുകള്‍ വിതക്കുന്നു. കാരണം ജീവിതദുരിതങ്ങള്‍ മനുഷ്യനെ തരം താഴ്ത്തുകയും രോഷാകുലരാക്കുകയും ചെയ്യുന്നു’. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് രോഷം പ്രകടിപ്പിക്കാന്‍ ശേഷിയോ ആരോഗ്യമോ മാനസിക കരുത്തോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, ശത്രുക്കളുടെ മുന്നില്‍ ജീവന്‍ ബലി കൊടുക്കുകയോ അല്ലെങ്കില്‍ പ്രാണരക്ഷാര്‍ഥം പിറന്ന മണ്ണില്‍നിന്ന് ഓടിരക്ഷപ്പെടുകയോ മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ.
ഹൃദയവേദനയോടെ മനുഷ്യത്വം മരവിക്കാത്തവര്‍
റോഹിങ്ക്യന്‍ ഹതഭാഗ്യരുടെ നിലക്കാത്ത പ്രവാഹവും ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അവരുടെ ദുഖാര്‍ത്തമായ ജീവിതാനുഭവങ്ങളും ആരാണീ ഈ ഹതാശയരായ ജനത എന്ന അന്വേഷണത്തിലേക്ക് സ്വാഭാവിമായും നമ്മുടെ ശ്രദ്ധ തിരിച്ചു. ബര്‍മയും അതിന്റെ തലസ്ഥാനമായ റങ്കൂണുമൊക്കെ നമ്മുടെ ഓര്‍മയില്‍ ചുടുകാറ്റ് വീശാറ് മുസ്‌ലിം രാഷ്ട്രീയചരിത്രത്തിന്റെ ദുരന്തപൂര്‍ണമായ ഒരു അധ്യായത്തിന്റെ അരങ്ങ്‌വേദി എന്ന നിലയിലാണ്. 1857ല്‍ അവസാനത്തെ മുഗിളരാജാവ് ബഹദൂര്‍ ഷാസഫറിനെ പിതാമഹന്മാര്‍ വാണരുളിയ മണ്ണില്‍നിന്ന് നാടുകടത്തണമെന്ന് ബ്രിട്ടന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ തെരഞ്ഞെടുത്തത് ബര്‍മയായിരുന്നു. അന്ന് ബര്‍മ ഇന്ത്യ പോലെ ബ്രിട്ടീഷ് കോളനികളില്‍ ഒന്നാണ്. ബഹദൂര്‍ഷാസഫറിനെയും പത്‌നി സീനത്ത് മഹലിനെയും നാട് കടത്തിയപ്പോള്‍ ചക്രവര്‍ത്തിക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ആറടി മണ്ണ് അവിടെ കണ്ടെത്തേണ്ടിവന്നു. ബര്‍മയില്‍നിന്നും മലനിരകളാല്‍ വേര്‍പ്പെടുത്തപ്പെട്ട അരാകന്‍ പ്രദേശം 1784 വരെ സ്വതന്ത്ര മുസ്‌ലിം രാജ്യമായിരുന്നു. 1430ല്‍ സ്ഥാപിതമായ രാഖൈന്‍ ഭരണകൂടം മ്രാക് യൂ ആസ്ഥാനമായി ഭരിച്ചു. ബംഗാള്‍ ഭരിച്ച സിറാജുദ്ദൗലയുടെ മേല്‍ക്കോയ്മയിലായിരുന്നു ഈ രാജ്യം. ബ്രിട്ടീഷുകാര്‍ 1824ല്‍ ബര്‍മയില്‍നിന്നു ആ പ്രദേശം പിടിച്ചടക്കി. ആ കാലഘട്ടത്തിലാണ് ബംഗാളില്‍നിന്നും മറ്റും അരാകനില്‍ വലിയ കുടിയേറ്റമുണ്ടാവുന്നത്. അതിനിടയില്‍ ഭൂരിപക്ഷം വരുന്ന ബുദ്ധമതാനുയായികള്‍ മുസ്‌ലിംകളെ കൂട്ടമായി മതപരിവര്‍ത്തനം ചെയ്തു മാര്‍ഗം കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ അചഞ്ചലമായ വിശ്വാസം കൊണ്ട് അവര്‍ പ്രതിരോധം തീര്‍ത്തു. എന്നാല്‍ 1948ല്‍ ബര്‍മ സ്വതന്ത്രമാവുന്നതോടെയാണ് റോഹിങ്ക്യകള്‍ വംശീയവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ നേരിടാന്‍ തുടങ്ങിയത്. 1948ലെ പൗരത്വനിയമം (Union Citizenship Act) പൗരത്വം നേടാന്‍ അര്‍ഹതപ്പെട്ട വംശീയ വിഭാഗങ്ങള്‍ ആരൊക്കെയാണെന്ന് പറയുന്നുണ്ട്. 135 അംഗീകൃത വംശീയ വിഭാഗങ്ങളില്‍ റോഹിങ്ക്യളെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും രണ്ടുതലമുറകള്‍ രാജ്യത്ത് ജീവിച്ച കുടുംബത്തിന് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നു. അങ്ങനെ തിരിച്ചറില്‍ കാര്‍ഡോ പൗരത്വകാര്‍ഡോ വഴി വോട്ടവകാശം ലഭിച്ച റോഹിങ്ക്യകള്‍ക്ക് ബര്‍മീസ് പാര്‍ലമെന്റില്‍ പോലും പ്രാതിനിധ്യമുണ്ടായിരുന്നു.
1959ല്‍ പ്രധാനമന്ത്രി യൂബാന്‍ സിയു റോഹിങ്ക്യകള്‍ക്ക് മറ്റു വംശീയ വിഭാഗങ്ങളുടെ അതേ പദവിയും പൗരത്വവും വകവെച്ചുകൊടുക്കുകയുണ്ടായി. എന്നാല്‍, 1962ല്‍ ജനറല്‍ നീവിന്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയത് റോഹിങ്ക്യകളുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. പൗരന്മാര്‍ ദേശീയ രജിസ്‌ട്രേഷന്‍ കാര്‍ഡ് എടുക്കണമെന്ന് വ്യവസ്ഥ കൊണ്ടുവന്നു. എന്നാല്‍, റോഹിങ്ക്യകള്‍ക്ക് വിദേശ തിരിച്ചറി യല്‍ കാര്‍ഡ് മാത്രമേ നല്‍കിയുള്ളൂ. ജോലി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെമേല്‍ കുറെ പരിമിതികള്‍ ഏര്‍പ്പെടുത്തി. 1982ല്‍ പുതിയ പൗരത്വനിയമം കൊണ്ടുവന്നതോടെ റോഹിങ്ക്യകള്‍ പൂര്‍ണമായും രാജ്യമില്ലാ ജനതയായി മാറ്റപ്പെട്ടു. പുതിയ നിയമം പൗരന്മാരെ മൂന്ന് തട്ടുകളിലായി വിഭജിച്ചു. പ്രാഥമിക അവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ 48ന് മുമ്പ് കുടുംബം മ്യാന്‍മറില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും ദേശീയ ഭാഷകളിലൊന്നില്‍ വ്യുല്‍പത്തി നേടുകയും വേണം. ഭൂരിഭാഗം വരുന്ന റോഹിങ്ക്യകള്‍ക്ക് അങ്ങനെയൊരു രേഖ ഹാജരാക്കാന്‍ സാധിച്ചില്ല. കാരണം, രേഖ നല്‍കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. അതോടെ പഠനത്തിനും ജോലി തേടുന്നതിനും എന്തിന് വിവാഹം ചെയ്യുന്നതിനും ഗ്രാമം വിട്ടുപോകുന്നതിനു പോലുമുള്ള അവകാശം നിഷേധിക്കപ്പെട്ടു. ആതുരാലയങ്ങളില്‍ പോലും പ്രവേശനമുണ്ടായിരുന്നില്ല. മെഡിസിന്‍, നിയമം, ഓഫീസ് ജോലിക്കൊന്നും അപേക്ഷിക്കാന്‍ റോഹിങ്ക്യകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. 1970കളില്‍ സൈന്യം ഈ ജനവിഭാഗത്തെ ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമര്‍ത്താനും ജീവിതം ദുഷ്‌കരമാക്കാനും തുടങ്ങിയതോടെ റോഹിങ്ക്യകള്‍ പലായനത്തിന് ആക്കം കൂട്ടി. 1978 ആയപ്പോഴേക്കും രണ്ടുലക്ഷത്തോളം രോഹിങ്ക്യകളെ അവരുടെ കിടപ്പാടങ്ങളില്‍നിന്ന് നിര്‍ദ്ദാക്ഷിണ്യം ആട്ടിയോടിച്ചു. കൂട്ടക്കൊലയും കൊള്ളിവെപ്പും ബലാല്‍സംഗവുമായിരുന്നു പരമ്പരാഗത പീഡനമുറകള്‍. 1991ല്‍ കൂട്ടുക്കുരുതി ആവര്‍ത്തിക്കപ്പെട്ടു. രണ്ടരലക്ഷം മനുഷ്യരാണ് അന്ന് ജീവനും കൊണ്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. 2001ല്‍ അരാകന്‍ തലസ്ഥാനമായ സിത്‌വയില്‍ പട്ടാളത്തിന്റെ കണ്‍മുമ്പില്‍വെച്ച് പള്ളികളും മദ്രസകളും മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളും കത്തിച്ചാമ്പലാക്കി. ബര്‍മീസ് വംശജരില്‍ നിന്ന് വ്യത്യസ്തമായ ശരീരപ്രകൃതിയും തവിട്ടുനിറവും റോഹിങ്ക്യന്‍, ബംഗാളി, അരാകനീസ് ഭാഷാ പ്രയോഗവും ഈ ജനവിഭാഗത്തെ മറ്റുള്ളവരില്‍നിന്ന് മാറ്റിനിര്‍ത്തുന്നു. ലോകത്തിന് അഹിംസയുടെ പാഠങ്ങള്‍ കേള്‍പ്പിച്ച ബുദ്ധന്റെ അനുയായികള്‍ തീവ്ര മതഭ്രാന്തന്മാരായി മാറുന്നതോടെയാണ് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ദുരിതഭരിതമായ ജീവിതം ലോകത്തിനു മുന്നില്‍ ചോദ്യചിഹ്‌നമായി മാറിയത്. ലോകത്താകമാനം തീവ്രവലതുപക്ഷ ചിന്താഗതി പരന്നൊഴുകിയപ്പോള്‍ മ്യാന്‍മറിലും തീവ്രദേശീയതയും വംശീയതയും ആളിക്കത്തിക്കാന്‍ ചില നേതാക്കള്‍ രംഗത്തെത്തി. ബുദ്ധഭീകരതയുടെ മുഖം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ബുദ്ധസന്ന്യാസി വിറാതുവായിരുന്നു അതിലൊന്നാമന്‍. വെള്ളം ചേര്‍ക്കാത്ത മതവൈരവും കല്ലുവെച്ച നുണകളില്‍ മുക്കിയെടുത്ത കിംവദന്തികളുമാണ് വിറാതു എന്ന മതഭ്രാന്തന്റെ കൈയിലെ ആയുധങ്ങള്‍. ലണ്ടനിലെ ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ എന്തുകൊണ്ട് താന്‍ റോഹിങ്ക്യകള്‍ക്ക് എതിരെ തിരിഞ്ഞു എന്നതിന് ഈ മനുഷ്യന്‍ നിരത്തുന്ന ന്യായീകരണങ്ങള്‍ ഇതാണ്: ”നാം എല്ലാം പട്ടണങ്ങളിലും ബലാല്‍ സംഗം ചെയ്യപ്പെടുന്നു. എല്ലാ പട്ടണങ്ങളിലും വളഞ്ഞുവെച്ചു മര്‍ദിക്കപ്പെടുന്നു. എല്ലാ പട്ടണങ്ങളിലും ക്രൂരന്മാരും കാടന്മാരുമായ മുസ്‌ലിം ഭൂരിപക്ഷമുണ്ട്. ബുദ്ധസ്ത്രീകളെ കൂട്ടമായി ഇസ്‌ലാമിലേക്ക് മതം മാറ്റുകയാണ്. മതം മാറാന്‍ സമ്മതിക്കാത്തവരെ കൂട്ടമായി കൊല്ലുകയാണ്. ഹലാല്‍ ഇറച്ചിക്കു വേണ്ടി മൃഗങ്ങളെ അറുക്കുന്നത് കൊണ്ട് മുസ്‌ലിംകള്‍ ചോര ഇഷ്ടപ്പെടുന്നവരാണ്. ലോക സമാധാനത്തെ തകര്‍ക്കാന്‍ പോന്ന വിധം അത് രൂക്ഷമാവാന്‍ പോവുകയാണ്.” അതുകൊണ്ട് അനുയായികളോട് വിറാതുവിന് പറയാനുള്ളത് ഇതാണ്:” ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായിരിക്കുന്നു; നിങ്ങളുടെ രക്തം തിളച്ചുമറിയട്ടെ”.
അങ്ങനെ രക്തം തിളച്ചുമറയാന്‍ തുടങ്ങിയതോടെ, രാഖൈനിലെ പതിനഞ്ച് ലക്ഷത്തോളം വരുന്ന റോഹിങ്ക്യകള്‍ ബുദ്ധതീവ്രവാദികളുടെയും മ്യാന്‍മര്‍ സൈന്യത്തിന്റെയും ഏകോപിതമായ അക്രമങ്ങള്‍ക്ക് ഇരകളായി മാറി. ഭരണകൂടഭീകരതയില്‍ എത്രയോ നിരപരാധികളെ വിചാരണ പ്രഹസനത്തിലൂടെ തൂക്കുമരത്തിലേറ്റുകയോ വെടിവെച്ചുകൊല്ലുകയോ ചെയ്തു. ഗ്രാമം ഒന്നടങ്കം തീയിട്ട് നശിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായപ്പോള്‍ ജീവനും കൊണ്ട് ഓടുകയേ വഴിയുണ്ടായിരുന്നുള്ളൂ. വിയറ്റ്‌നാം യുദ്ധത്തിനു പരിസമാപ്തികുറിച്ച് 1975 ഏപ്രില്‍ 30നു കമ്യുണിസ്റ്റ് സൈന്യം ദക്ഷിണ വിയറ്റ്‌നാമിന്റെ തലസ്ഥാനമായ സൈഗോണ്‍ പിടിച്ചെടുത്ത നിമിഷം പുതിയ ഭരണകൂടത്തില്‍നിന്നു നേരിടാന്‍ പോകുന്ന അടിച്ചമര്‍ത്തല്‍ ഭയന്ന് പത്തുലക്ഷത്തോളം പൗരന്മാര്‍ തായ്‌ലാന്‍ഡ്, ഹോങ്കോംഗ്, മലേഷ്യ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് ബോട്ടുകളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ചരിത്രം നാം വായിച്ചതാണ്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ വിയറ്റ്‌നാം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സാധ്യമല്ലെന്ന് ഈ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. അതോടെ, എഴുപതുകളുടെ അന്ത്യത്തില്‍ ‘ബോട്ട് പീപ്പ്ള്‍’ പ്രതിസന്ധി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മാനുഷിക ദുരന്തമായി മാറി. ഒടുവില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ട് രാഷ്ട്രാന്തരീയ പുനരധിവാസ പദ്ധതിക്ക് രൂപം കൊടുക്കുകയും 755,000പേര്‍ക്ക് വിവിധ രാജ്യങ്ങളില്‍ അഭയം നല്‍കുകയും ചെയ്തു. നാല് ദശകങ്ങള്‍ക്ക് ശേഷം ചരിത്രം വകഭേദങ്ങളോടെ ആവര്‍ത്തിക്കുകയാണിവിടെ; ഹൃദയഭേദകമായ രൂപത്തില്‍. റോഹിങ്ക്യകളുടെ കൂട്ടപലായനം ആഗോളസമൂഹം സമീപകാലത്ത് ദൃക്‌സാക്ഷികളാവേണ്ടിവന്ന മാനുഷിക ദുരന്തത്തിലെ അപൂര്‍വസംഭവമാകുന്നത് അഭയം തേടിയുള്ള യാത്രയില്‍ ലക്ഷ്യം കാണാതെ നടുക്കടലില്‍ അകപ്പെട്ട എണ്ണായിരത്തിലേറെ മനുഷ്യര്‍ മാസങ്ങളായി മരണവക്രത്തില്‍ കുരുങ്ങിക്കിടക്കുന്നതിലൂടെയാണ്. മനുഷ്യക്കടത്തുകാര്‍ ആഴക്കടലില്‍ ഉപേക്ഷിച്ച ബോട്ടുകളില്‍ അകപ്പെട്ട സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ആയിരക്കണക്കിനു ഹതഭാഗ്യര്‍ വിശന്നുപൊരിഞ്ഞും വെള്ളം കിട്ടാതെയും പരസ്പരം ആക്രമിച്ചും കടലില്‍ എടുത്തുചാടിയും ദാരുണ മരണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ദാഹം ശമിപ്പിക്കാന്‍ മൂത്രം കുടിക്കുകയല്ലാതെ പോംവഴിയില്ലത്രെ. ഒരു രാജ്യവും ഈ മനുഷ്യക്കോലങ്ങളെ വഹിച്ചുള്ള കപ്പലുകള്‍ക്ക് കരക്കടുക്കാന്‍ അനുമതി നല്‍കാതെ വന്നപ്പോള്‍ മനുഷ്യജീവന്‍ കൊണ്ടുള്ള മനഃസാക്ഷിയില്ലാത്ത തട്ടിക്കളിയാണ് അരങ്ങേറിയത്. അന്തമാന്‍ കടലില്‍ കപ്പിത്താനില്ലാതെ ആടിയുലയുകയായിരുന്ന കപ്പലുകള്‍ നിറയെ ശവങ്ങള്‍ നിറഞ്ഞേക്കുമെന്ന യു.എന്‍ ഏജന്‍സികളുടെ മുന്നറിയിപ്പോടെ ലോകരാജ്യങ്ങള്‍ക്ക് ഉറക്കംനടിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ഏതാനും പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തല്‍ക്കാലത്തേക്ക് മനുഷ്യത്വം കാട്ടാമെന്ന് വാഗ്ദാനം ചെയ്തത് പിരിമുറുക്കം അല്‍പം കുറച്ചെങ്കിലും ആശ്വസിക്കാന്‍ വരട്ടെ. ആര്‍ക്കും വേണ്ടാത്ത ഒരു ജനത തങ്ങളുടെ വിധിവിഹിതമായ ജീവിതപരീക്ഷണങ്ങള്‍ നേരിടുന്നതില്‍ തങ്ങള്‍ക്കെന്തു ചേതം എന്ന മട്ടില്‍ നിസ്സംഗത പാലിക്കുകയാണ് പടിഞ്ഞാറന്‍ വന്‍ശക്തികളും മുസ്‌ലിം ലോകവുമൊക്കെ ഇതുവരെ. ആര്‍ക്കും ഉറക്കം നടിക്കാന്‍ കഴിയാത്ത ദിവസമാണ് വന്നിരിക്കുന്നത്. രണ്ടാം ലോക യുദ്ധ കാലത്ത് നാസി ജര്‍മനിയില്‍ കുമിഞ്ഞുകൂടിയതിനെക്കാള്‍ കബന്ധങ്ങള്‍ മലാക്ക കടലിടുക്കില്‍നിന്നും മ്യാന്മര്‍ ഗ്രാമങ്ങളില്‍നിന്നും ലോകത്തിന് വാരിക്കൂട്ടേണ്ടിവരുമെന്ന ദുരന്തത്തെ കുറിച്ചാണ് മനുഷ്യത്വമുള്ളവര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത്.
ഗാന്ധിജിയുടെ നാട് കാണിക്കുന്ന ക്രൂരത
അതിഥികളെയും അഭയം തേടിവരുന്നവരെയും ഇരുകരവും കാട്ടി സ്‌നേഹാദരവുകളോടെ എതിരേല്‍ക്കുന്ന ഒരു പാരമ്പര്യമാണ് ഇന്ത്യയുടേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഢനങ്ങള്‍ക്ക് ഇരയാവേണ്ടിവരുന്ന ജനവിഭാഗങ്ങള്‍ക്ക് തണലും തുണയും നല്‍കിയ ഒരു പാരമ്പര്യമുണ്ട് നമ്മുടെ നാട്ടിന്. പേര്‍ഷ്യയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട അഗ്‌നിആരാധകര്‍ക്ക് (പാര്‍സികള്‍) അഭയം നല്‍കാന്‍ ഹൃദയവിശാലത കാണിച്ചത് ഡല്‍ഹി സൂല്‍ത്താന്‍മാരാണ്. തിബത്തില്‍ ബുദ്ധമതാനുയായികളെ ചൈനീസ് ഭരണകൂടം പീഡനങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍ അവരുടെ ആത്മീയാചാര്യന്‍ ദലൈലാമക്കും അനുയായികള്‍ക്കും ഇന്ത്യ അഭയം നല്‍കി എന്ന് മാത്രമല്ല, അവരുടെ ജീവിതം സുഖദായകമാക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. തിബത്തില്‍നിന്ന് പതിനായിരങ്ങള്‍ ഇവിടെ അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍നിന്ന് അതിര്‍ത്തികടന്നെത്തിയ ജനതയെ നാം സ്‌നേഹത്തോടെ എതിരേറ്റത് ഒരു പാരമ്പര്യത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ്. ഇക്കാലത്തിനിടയില്‍ അരലക്ഷത്തില്‍ താഴെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു, പഞ്ചാബ്, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഈ മനുഷ്യര്‍ ഒതുങ്ങിക്കഴിയുകയാണ്. താല്‍ക്കാലിക ഷെഡുകളില്‍ , അരപ്പട്ടിണിയിലോ മുഴൂപ്പട്ടിണിയിലോ ജീവിതം മുന്നോട്ട് തള്ളിനീക്കുന്ന ഈ ഹതഭാഗ്യരെ കുറിച്ച് സാമാന്യജനം ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍, റോഹിങ്ക്യകളെ നാട് കടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ ഇന്ത്യയുടെ മുഖം വികൃതമാക്കി എന്ന് മാത്രമല്ല, ഐക്യരാഷ്ട്രസഭക്ക് പോലും ഇടപെടേണ്ടിവന്നു. രാഷ്ട്രാന്തരീയ ഉടമ്പടികള്‍ ലംഘിച്ചുകൊണ്ടുള്ള നീക്കത്തില്‍നിന്ന് ഇന്ത്യ പിന്തിരിയണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ സെയ്ദ് റഅദ്അല്‍ഹുസൈന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കരണംമറിയുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ക്ക് അഭയം നല്‍കിയ രാജ്യമാണ് ഇന്ത്യയെന്നും തങ്ങളെ ആരും ഈ വിഷയത്തില്‍ പഠിപ്പിക്കേണ്ട എന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഭയാര്‍ഥികളെ മതവിഭാഗീയതയുടെ ഇടുങ്ങിയ കണ്ണിലൂടെ നോക്കിക്കണ്ടതാണ് ഈ ദിശയില്‍ ഹിന്ദുത്വസര്‍ക്കാരിന് നയവ്യതിയാനത്തിന്റെ വിനാശകരമായ പാത തെരഞ്ഞെടുക്കാന്‍ പ്രേരണയാവുന്നത്. 2016 സെപ്റ്റംബറില്‍ പാസ്‌പോര്‍ട്ട് ആക്ടിലും ഫോറിനേഴ്‌സ് ആക്ടിലും ഒരുത്തരവിലൂടെ ഭേദഗതി കൊണ്ടുവന്നത് അയല്‍ രാജ്യങ്ങളില്‍നിന്ന് അഭയം തേടിയെത്തുന്ന മുസ്‌ലിംകള്‍ അല്ലാത്ത സമുദായങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. അതായത്, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മുസ്‌ലിംകള്‍ അല്ലാത്ത ഏത് വിഭാഗം അഭയം തേടിയെത്തിയാലും അവര്‍ക്ക് പൗരത്വവും സുരക്ഷിതത്വവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ് എന്ന സന്ദേശമാണ് ആ ഉത്തരവിലൂടെ കൈമാറിയത്. അതോടെ, അഭയാര്‍ഥികള്‍ മുസ്‌ലിംകളാണെങ്കില്‍ ഇങ്ങോട്ട് വരേണ്ട എന്ന മുന്നറിയിപ്പാണ് മോഡിസര്‍ക്കാരിന്‍േറത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, രാജ്യത്ത് താമസിക്കുന്ന മനുഷ്യര്‍ക്കെല്ലാം അവകാശങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. സുപ്രീംകോടതി പല കേസുകളില്‍ ഈ അവകാശം ഓര്‍മിപ്പിച്ചതാണ്. 1996ലെ ഒരു വിധിയില്‍ ((NHRC Vs Arunachal Pradesh) പരമോന്നത നീതിപീഠം ഓര്‍മിപ്പിച്ചത് എന്താണെന്ന് അരുണാചല്‍ പ്രദേശില്‍നിന്നുള്ള മന്ത്രി റിജിജു പഠിക്കേണ്ടതുണ്ട്: ”The state is bound to protect the life and liberty of every human being, be he a citizen or otherwise”പൗരനാവട്ടെ, അല്ലാതിരിക്കട്ടെ മനുഷ്യജീവികളുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ രാഷ്ട്രത്തിന് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാന്‍ ഗാന്ധിജിയുടെ നാട് തയാറാകുമ്പോഴാണ് ഇന്ത്യ എന്ന ആശയം ഒരു മഹത്തായ മൂല്യത്തിന്റെ പൈതൃകമായി മാറുന്നത്. അതല്ലാതെ, മനുഷ്യരെ മതത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട് നാട് കടത്താന്‍ ശ്രമിച്ചാല്‍ ഇന്ത്യയുടെ മരണമണി മുഴങ്ങുന്നത് കേള്‍ക്കേണ്ടിവരും.
ശാഹിദ്
You must be logged in to post a comment Login