ഈ വര്‍ഷമാദ്യം രാംജസ് കോളജില്‍ ഡല്‍ഹി സര്‍വ്വകലാശാലാ രാഷ്ട്രീയത്തിന്റെ ഇരുണ്ടവശം നാമെല്ലാം കണ്ടുകഴിഞ്ഞു. അവിടെ പ്രക്ഷോഭമുന്നേറ്റങ്ങളെ കുറിച്ച് സമ്മേളനം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമെതിരെ എ ബി വി പി അക്രമം അഴിച്ചു വിട്ടു.
ജനാധിപത്യത്തെ മറ്റേതൊരു തരം രാഷ്ട്രീയപ്രതിനിധാനത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതില്‍ പ്രതിപക്ഷത്തിനും വിജയിക്കാന്‍, തുല്യമല്ലെങ്കില്‍ പോലും സമാനമായ സാധ്യതയുണ്ടെന്നതാണ്. ഡല്‍ഹി സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയനിലേക്കുള്ള (ഡി യു എസ് യു) തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു. അവിടത്തെ പ്രധാന പ്രതിപക്ഷസംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയോടെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് പദവികള്‍ നേടി. സമ്മതിദായകരുടെ അഭിരുചികളുടെ ചാഞ്ചാട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും ജനാധിപത്യത്തിലുള്ള പ്രത്യാശയെയും.
ഡി യു എസ് യുവിലേക്കുള്ള തിരഞ്ഞെടുപ്പ് ആത്യന്തികമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമാണ്. വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലാതലത്തില്‍ മത്സരിക്കുന്നതെന്നു മാത്രം. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ മുന്നേറ്റത്തിലും രാഷ്ട്രീയത്തിലും കൂടുതല്‍ പ്രക്ഷോഭങ്ങളും ഗതിമാറ്റങ്ങളും കൊണ്ടു വരാനുള്ള സാധ്യതകള്‍ ആ തിരഞ്ഞെടുപ്പില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
‘രാഷ്ട്രീയം’ എന്ന വാക്ക് ആവശ്യത്തിലധികം അപകീര്‍ത്തി സമ്പാദിച്ചു കഴിഞ്ഞിട്ടുണ്ട്. സന്ദേഹങ്ങളുടെയും അവിശ്വാസങ്ങളുടെയും ദോഷദര്‍ശനത്തിന്റെയും ആകത്തുകയായി അതിനെ ജനങ്ങള്‍ വിലയിരുത്തുന്നു. പുറത്തെ രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്തതും അക്രമത്തിന് വിധേയവുമായ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെ ചൊല്ലിയും സിവില്‍ സമൂഹത്തില്‍ ധാരാളം അവിശ്വാസമുണ്ട്. രാംജസ് കോളേജില്‍ അതാണ് സംഭവിച്ചത്.
സമ്മേളനത്തിനിടയിലുണ്ടായ അക്രമത്തില്‍ ഒരു അധ്യാപകന് കാര്യമായി പരിക്കേറ്റു. അതു കൊണ്ടു തന്നെ രാംജസ് കോളജിലെ തിരഞ്ഞെടുപ്പ് പ്രസക്തമാണ്. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം തള്ളിക്കളഞ്ഞു. ഇത് ഡി യു എസ് യുവിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകഘട്ടമാണ്.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ അടുത്ത കാലത്തെ തിരഞ്ഞെടുപ്പു ഫലവും രണ്ടു തരത്തില്‍ പ്രസക്തമാണ്. ഇടതുപക്ഷസഖ്യവും ബിര്‍സാ അംബേദ്ക്കര്‍ ഫുലേ സ്റ്റുഡന്റ്‌സ് അസോസിയേഷനും മൂന്നില്‍ രണ്ടു വോട്ടുകളും നേടിയെടുത്തു. രണ്ടു സംഘങ്ങളും എബിവിപിയുടെ രാഷ്ട്രീയത്തിന് എതിരാണ്. നിലവിലുള്ള വൈസ് ചാന്‍സലറുടെ നിയമനത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും പ്രതിസന്ധികളും വോട്ടര്‍മാരുടെ അഭിപ്രായങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. വലതുപക്ഷത്തിന്റെ ടാങ്കുദേശീയതയെയും ആക്രമണത്തിന്റെ രാഷ്ട്രീയത്തെയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിരാകരിച്ചു.
കൂടാതെ,സംവാദത്തിന്റെ സംസ്‌കാരം തഴച്ചു വളരേണ്ടതും പ്രപഞ്ചത്തിനുള്ളിലും പുറത്തുമുള്ള എന്തും അക്രമമില്ലാതെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ സര്‍വകലാശാല ആ നിരാകരണം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
ഡല്‍ഹി സര്‍വകലാശാലയിലെയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെയും തിരഞ്ഞെടുപ്പു ഫലങ്ങള്‍ പൊതുവിദ്യാര്‍ത്ഥികളെ വലയ്ക്കുന്ന വിഷാദത്തിന്റെയും നിരാശയുടെയും പശ്ചാത്തലത്തിലും പ്രസക്തമാണ്. അവര്‍ക്ക് ചെറുക്കാനും പ്രതിഷേധിക്കാനും അധികാരത്തോട് നേരു പറയാനും ആഗ്രഹമുണ്ട്. വിവിധ ഘട്ടങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. സര്‍വകലാശാലക്കും കോളജ് അധികാരികള്‍ക്കും സര്‍ക്കാരിനുമെതിരെ പ്രക്ഷോഭങ്ങളും നടത്തിയിട്ടുണ്ട്.
അധികാരികള്‍ നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ മാത്രമല്ല വിദ്യാര്‍ത്ഥിമുന്നേറ്റം പ്രസക്തമാകുന്നത്. അവരുടെ പ്രതിഷേധം രാഷ്ട്രീയവും സാമ്പത്തികവും ധാര്‍മ്മികവും വിദ്യാഭ്യാസപരവുമാണ്. വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ അവരെ ബാധിക്കുന്ന സമകാലിക പ്രശ്‌നങ്ങളെ കുറിച്ചും പ്രതിഷേധമുയരാറുണ്ട്. പെരുമാറ്റരീതികള്‍ക്കു മുകളിലുള്ള കുടുംബത്തിന്റെയും ജാതിയുടെയും മതത്തിന്റെയും ശക്തമായ പരമ്പരാഗത നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള അമര്‍ഷം പുറത്തു കളയാനുള്ള വഴി കൂടിയാണ് വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങള്‍. തങ്ങളുടെ ദയനീയമായ സ്ഥിതിയെ ചൊല്ലി എന്തെങ്കിലും ചെയ്യാന്‍ അവര്‍ കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.
അത്തരം താല്പര്യങ്ങളുടെ പ്രകാശനവും കേന്ദ്രീകരണവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ രൂപം പലപ്പോഴും കൈക്കൊള്ളുന്നുണ്ട്. സ്വകാര്യവല്‍ക്കരണമോ ദേശീയതയോ പോലുള്ള ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കു വേണ്ടി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തീരെച്ചെറുതോ പ്രാദേശികമോ ആയിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ രാഷ്ട്രീയവല്‍കരിക്കപ്പെട്ടിരിക്കുന്നു. രാംജസ് സംഭവങ്ങളാണ് അതിനു പിന്നിലുള്ളത്. പ്രത്യയശാസ്ത്രപരമായ യുദ്ധത്തിന്റെ മൂര്‍ച്ച കൂടിയിട്ടുണ്ട്. സര്‍വകലാശാലകളിലെ രാഷ്ട്രീയപരമായ പൊതുവിടം കൂടുതല്‍ മത്സരഭാവമുള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയുള്ള ഏ ഐ എസ് എ എല്ലാ തലത്തിലുള്ള സംവാദങ്ങളിലും അതിന്റെ സാന്നിധ്യം കൂടുതല്‍ കൂടുതലായി അറിയിച്ചു കൊണ്ടിരിക്കുകയാണ്.
വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ നാം പ്രത്യാശ കാണുന്നുണ്ടോ? അതെ എന്നു തന്നെയാണ് ലളിതവും സത്യസന്ധവുമായ ഉത്തരം. രാഷ്ട്രീയവും സാമൂഹികവും രണ്ടുമായതുമായ മാറ്റത്തിന് സ്ഥാപനവല്‍കരിക്കപ്പെട്ടിട്ടില്ലാത്ത കൂട്ടായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ രൂപത്തില്‍ എല്ലാ അവശ്യചുവടുകളും മുന്നോട്ടു വെക്കുകയാണവര്‍.
സാമുഹ്യ പ്രസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് പഠനങ്ങള്‍ നടന്നിട്ടുള്ളത് വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ കുറിച്ചാണ്. വ്യത്യസ്തങ്ങളായ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലും നമ്മുടെ കയ്യിലില്ല. പ്രക്ഷോഭങ്ങളുടെ വളര്‍ച്ചാപ്രക്രിയയെ കുറിച്ചും അത്തരം പ്രക്ഷോഭങ്ങളോട് ഉദാസീനരായിരുന്ന വിദ്യാര്‍ത്ഥികളെ അതെങ്ങിനെ വലിച്ചെടുക്കുന്നു എന്നതിനെ കുറിച്ചുമുള്ള നമ്മുടെ അറിവും പരിമിതമാണ്. എങ്കിലും ഇപ്പോള്‍ നമുക്കുള്ള വിദ്യാര്‍ത്ഥിനേതാക്കള്‍ തന്നെയാണ് രാഷ്ട്രത്തിന് ഭാവിയില്‍ ആവശ്യമുള്ള നേതാക്കളെന്ന് ഉറപ്പായും പറയാം.
തന്‍വീര്‍ ഐജാസ്
You must be logged in to post a comment Login