ഗാന്ധിയോര്മകളിലേക്കുള്ള ഏതു പിന്മടക്കവും വിപ്ലവകരമാകുന്ന രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. രാഷ്ട്രവും രാഷ്ട്രീയകക്ഷികളും ഗാന്ധിജിയെ പാതിവഴിയിലുപേക്ഷിച്ചതിന്റെ കെടുതികള്‍ ഒരു ജനത ഒന്നടങ്കം അനുഭവിക്കുകയാണിപ്പോള്‍ എന്ന പ്രസ്താവം അതിശയോക്തിപരമാകില്ല തന്നെ.ഏതെല്ലാം മൂല്യങ്ങള്‍ക്ക് വേണ്ടിയാണോ മഹാത്മജി ജീവിച്ചതും വെടിയുണ്ടയേറ്റു വാങ്ങിയതും, അതിന്റെയെല്ലാം വിപരീതദിശയിലാണ് രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സാമുദായിക ലഹളയെ കുറിച്ച് പരാതിയുമായെത്തിയ സുഭദ്ര ഗുപ്തയോട് ഗാന്ധിജി പറയുന്നത്, ഇങ്ങനെ പരാതിപ്പെടുന്നതിനു പകരം ലഹള ബാധിത പ്രദേശത്തെ ഒരു മുസ്ലിമിന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടി നിങ്ങളുടെ സ്വന്തം ജീവന് ബലി കൊടുത്തിരുന്നെങ്കില്‍ അതറിഞ്ഞ് ഞാന്‍ സന്തോഷിക്കുമായിരുന്നു എന്നാണ്. മുസ്ലിമിന്റെ ജീവരക്ഷക്ക് വേണ്ടി ഹിന്ദുവും ഹിന്ദുവിന്റെ ജീവന് സംരക്ഷിക്കാന്‍ വേണ്ടി മുസ്ലിമും സ്വന്തം ജീവന് നല്കാന് സന്നദ്ധമാകുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും റിപ്പബ്ലിക്ക് ആണ് ഗാന്ധി സ്വപ്നം കണ്ടത്. മതം നോക്കി മനുഷ്യരെ തല്ലിക്കൊല്ലുമ്പോഴും ഒരു നടുക്കവും സൃഷ്ടിക്കാത്ത വിധം ഹിംസയോട് നമ്മള്, ഇന്ത്യയിലെ പൗരസമൂഹം താദാത്മ്യപ്പെട്ടിരിക്കുന്നു. മനുഷ്യത്വത്തെ മറ്റെല്ലാ മൂല്യങ്ങള്‍ക്കും മുകളില്‍ പ്രതിഷ്ഠിച്ച അര്‍ധനഗ്നനായ ‘യോഗി’യില്‍ നിന്ന് കുരുന്നുകളുടെ കൂട്ടക്കുരുതിക്ക് ശേഷവും രാഷ്ട്രീയ സിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ അല്പവും മനസ്സാക്ഷിക്കുത്തനുഭവപ്പെടാത്ത ഗൊരഖ്പൂരിലെ ‘അഭിനവ യോഗി’യിലേക്കുള്ള പകര്‍ന്നാട്ടം ഈ രാജ്യം എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്.
ഗാന്ധിജി എങ്ങനെയാണ് തന്റേതായ ഒരു ലോകം കെട്ടിപ്പടുത്തത് എന്നും ലോകത്തെ അദ്ദേഹം എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നുമുള്ള വസ്തുനിഷ്ഠമായ പഠനമാണ് ‘ഗാന്ധിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം’. പാസ്കല്‍ അലന് നസ്രേത്ത് രചിച്ച ഈ പുസ്തകം ഗാന്ധിയന്വേഷണങ്ങളില് വേറിട്ടുനില്‍ക്കുന്നതാണ്. കെ പി ബാലചന്ദ്രന്റെതാണ് പരിഭാഷ. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഇന്ത്യയുടെ മുന്‍ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിടചലയ്യ ആണ്. ‘ഗാന്ധി ഇന്ന് പ്രസക്തനാണോ എന്ന ചോദ്യം ലോകത്തിലെ അടിമത്തത്തിലകപ്പെട്ട ആത്മാക്കള്‍ക്ക് മാത്രമേ ചോദിക്കാന്‍ കഴിയൂ. ജീവിതത്തിന് ശ്വാസം എപ്രകാരം ആവശ്യമാണോ, അപ്രകാരമാണ് മനുഷ്യവര്‍ഗത്തിനും സംസ്കാരത്തിനും ഗാന്ധി’ എന്ന് അവതാരികയില്‍ ജസ്റ്റിസ് എഴുതിയിട്ടുണ്ട്. ഗാന്ധിജിയെ ഓര്‍മകളില്‍ നിന്നും ചരിത്രത്തില്‍ നിന്നും എളുപ്പത്തില്‍ പറഞ്ഞുവിടാന്‍ ആര്‍ക്കും കഴിയില്ല.പ്രത്യേകിച്ച്, ഇന്ത്യ പോലൊരു ദരിദ്രരാഷ്ട്രത്തിനു ഗാന്ധിയെ മറവിക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ല തന്നെ. അത്രമേല്‍ മനുഷ്യരുമായും അവരുടെ ആധികളുമായും കെട്ടുപിണഞ്ഞു കിടക്കുന്നയാളാണ് മഹാത്മജി. ‘നിര്‍ദ്ധനര്‍ക്കായി മാത്രം പൊരുതിയ /നിത്യസത്യ പ്രവാചകന് ഗാന്ധിജി’ എന്ന് വയലാര്‍ രാമവര്‍മ. വരുംതലമുറകള്‍ ഇങ്ങനെയൊരു മനുഷ്യന് ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവോ എന്ന് അത്ഭുതപ്പെട്ടേക്കുമെന്ന് ആല്‍ബര്‍ട് ഐന്സ്റ്റീന് പറഞ്ഞത് വെറുതെയല്ല.
ഗാന്ധിജിയുടെ നേതൃത്വത്തിന് പതിനൊന്ന് ഘടകങ്ങള്‍ ഉണ്ടായിരുന്നതായി ഗ്രന്ഥകാരന് പറയുന്നു. ഓരോന്നും ഉപശീര്ഷകമിട്ടു നന്നായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസ്നേഹവും ദേശീയതയുമായി ബന്ധപ്പെട്ട് ഗാന്ധി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഈ ഭാഗത്തുണ്ട്. രാഷ്ട്രപിതാവിന്റെ ചില വാക്കുകളെ വളച്ചൊടിച്ചു തങ്ങളുടെ നിലനില്പിന് സാധൂകരണമുണ്ടാക്കാന്‍ ഇന്ത്യയിലെ ഹിന്ദുത്വപരിവാര്‍ കഴിഞ്ഞ കാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. സംഘ് ചരിത്രമെഴുതിയ കെ ആര് മല്‍ക്കാനിയുടെ പുസ്തകത്തിന്റെ (സംഘ കഥ) ബാക്ക് കവറില്‍ ഗാന്ധിയുടെ ഒരു വാക്യം എടുത്തുചേര്‍ത്തത് പ്രസ്താവ്യമാണ്. എന്നാല്‍ ആര് എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുരാഷ്ട്ര വാദവും ദേശീയതയുടെ സങ്കുചിത വിശകലനവും ഗാന്ധിയില്‍ നിന്ന് ആ പ്രസ്ഥാനം എത്ര ദൂരെയാണ് എന്നും എന്തുകൊണ്ട് സംഘ് പരിവാര്‍ അദ്ദേഹത്തെ വെറുത്തു എന്നും പറഞ്ഞു തരുന്നുണ്ട്. ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജിനെ കുറിച്ച് സംശയാലുക്കളായവര്ക്ക് ഗാന്ധിജി യങ് ഇന്ത്യയിലൂടെ നല്കിയ മറുപടി പുസ്തകത്തില്‍ പാസ്കല്‍ ഉദ്ധരിക്കുന്നു: ‘സ്വരാജ് എന്നത് ഭൂരിപക്ഷസമുദായത്തിന്റെ ഭരണമായിരിക്കുമെന്നൊരു സംസാരമുണ്ട്.അതായത് ഹിന്ദുക്കളുടെ. അത് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍, അതിനെ സ്വരാജ് എന്നു വിളിക്കാന്‍ ഞാന്‍ തയാറാകില്ല. എന്റെ എല്ലാ ശക്തിയും പ്രയോഗിച്ച് ഞാന്‍ അതിനെതിരായി പൊരുതും. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു സ്വരാജ് എന്നത് ജനങ്ങളുടെ ഭരണമാണ്. നീതിയുടെ ഭരണമാണ്’.
ഫാഷിസത്തിന്റെ നിഘണ്ടുവില്‍ നീതി, ബഹുസ്വരത എന്നിത്യാദി പദങ്ങള്‍ക്ക് ഇടമില്ല. എല്ലാ വൈവിധ്യങ്ങളെയും തകര്‍ത്തെറിഞ്ഞ് ഒരു മതം, ഒരു പാര്‍ട്ടി എന്ന സങ്കുചിതത്വത്തിലേക്ക് രാഷ്ട്രത്തെ പരിമിതപ്പെടുത്താനുള്ള നീക്കങ്ങളെ ഗാന്ധിയന്‍ വിചാരധാര കൊണ്ട് പ്രതിരോധിക്കാന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പിന്മുറക്കാര്ക്ക് പോലും സാധിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ പ്രതിസന്ധി ഗുരുതരമാക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വഞ്ചകനായ രാഷ്ട്രീയക്കാരന് എന്ന് അംബേദ്കര്‍, ഗാന്ധിജിയെ വിമര്ശിക്കുന്നുണ്ടൊരിക്കല്. ഗാന്ധി പക്ഷേ, ആ ക്ഷോഭത്തെ സൗമ്യമായി നേരിട്ടു. ‘അംബേദ്കറിന് അവ്വിധം ദേഷ്യപ്പെടാന്‍ അവകാശമുണ്ട് എന്നും അദ്ദേഹത്തിന്റെ ആത്മനിയന്ത്രണം കൊണ്ടാണ് തന്റെ തല തല്ലിപ്പൊളിക്കാതിരുന്നത’് എന്നുമാണ് മഹാത്മാവ് പ്രതികരിച്ചത്. വിമര്‍ശങ്ങളോട് അസഹിഷ്ണുക്കളാകുന്നവരാണ് ഇന്നത്തെ രാഷ്ട്രീയ നേതാക്കളില്‍ പലരും. പാര്‍ട്ടി പ്രസിഡന്റിനെ വിമര്‍ശിച്ചാല്‍ പിന്നെ ആ പാര്‍ട്ടിയില്‍ തുടരാന്‍ കീഴെയുള്ള ഒരു നേതാവിന് സാധിക്കുമോ? അംബേദ്കറെ നെഹ്റു മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ നിര്‍ബന്ധം പിടിച്ചത് ഗാന്ധിജിയാണ് എന്ന് കൂടി അറിയുമ്പോഴാണ് ആ മനസിന്റെ വിശാലത നമുക്ക് ആഴത്തില്‍ ബോധ്യമാകുന്നത്.
ഗാന്ധിജിയുടെ നേതൃത്വം ഇന്ത്യക്ക് എങ്ങനെയെല്ലാം ഉപയോഗപ്പെട്ടു എന്ന് വിശദമായി തന്നെ ഉപന്യസിച്ചിട്ടുണ്ട് ഗ്രന്ഥകര്‍ത്താവ്. ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ലെങ്കില്‍ സമരം ഇത്ര ജനകീയമാകുമായിരുന്നോ എന്നു സംശയിക്കേണ്ടതുണ്ട്. കാരണം ഇന്ത്യക്കാര്‍ക്ക് പൊതുവായി എന്നു പറയാന്‍ ഒന്നുമില്ല. മതം, ജാതി, ഭാഷ, വേഷം, സംസ്കാരം, ഭക്ഷ്യശീലം.. ഇതിലൊന്നില്‍ പോലും ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടല്ല. എല്ലാറ്റിലും വൈവിധ്യം പ്രകടമാണ്. അപ്പോള്‍ പിന്നെ സ്വാതന്ത്ര്യം എന്ന പൊതുതാത്പര്യത്തിലേക്ക് മാത്രമേ ജനങ്ങളെ ക്ഷണിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അത് ശ്രമകരമായിരുന്നു. ഒരു മാസ്മരിക വ്യക്തിത്വത്തിന് മാത്രമേ ആ പരിശ്രമം വിജയത്തിലെത്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ചരിത്രത്തില്‍ എല്ലായ്പ്പോഴും ഗാന്ധി ശരിയായിരുന്നു എന്നഭിപ്രായമില്ലാത്തവര്ക്കും ഇന്ത്യയുടെ ഏറ്റവും വലിയ ശരികളിലൊന്ന് ഗാന്ധിയായിരുന്നു എന്നതില്‍ മറുത്തൊരഭിപ്രായം ഉണ്ടാകാനിടയില്ലാത്ത വിധം സത്യസന്ധനും മാനവികവാദിയുമായിരുന്നു അദ്ദേഹം. അക്കാര്യം അടിവരയിട്ട് ഓര്‍മ്മിപ്പിക്കാന്‍ ഈ ഗ്രന്ഥത്തിന് നിസ്സംശയം സാധിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സ്വാധീനം ഇന്ത്യയില്‍ മാത്രമൊതുങ്ങിയില്ല. ലോകമെങ്ങുമുള്ള സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്ക്കും സമാധാനവാദികള്‍ക്കും ഗാന്ധി വഴിയും വെളിച്ചവുമായി മാറി. ഇങ്ങനെ ഗാന്ധിയാല്‍ സ്വാധീനിക്കപ്പെടുകയും ഗാന്ധിയെ സ്വാധീനിക്കുകയും ചെയ്ത പ്രശസ്ത വ്യക്തിത്വങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും സമരവും സഹനവുമല്ലാതെ എളുപ്പ വഴികളില്ലെന്നാണ് രാഷ്ട്രപിതാവിന്റെ ജീവിതം ലോകത്തെ പഠിപ്പിക്കുന്നത്. ഗാന്ധിജി സ്വന്തം മക്കളിലൂടെയല്ല തലമുറകളെ നിലനിര്‍ത്തിയത്. മറിച്ച് ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിലെ അനേകം ‘ഗാന്ധിമാരി’ലൂടെയാണ്.
തനിക്ക് ചുറ്റിലുമുള്ള ഒന്നിനെയും അദ്ദേഹം അവഗണിച്ചില്ല. ഒരു വിഷയത്തെയും വിട്ടുകളഞ്ഞില്ല. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, സാമ്പത്തികം, അന്താരാഷ്ട്ര സുരക്ഷിതത്വം, ശാസ്ത്രം, ടെക്നോളജി തുടങ്ങി ഏതു വിഷയത്തെ കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. എത്രപേര്‍ സ്വീകരിക്കുന്നു, എത്ര പേര് നിരാകരിക്കുന്നു എന്നത് അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. ആത്മീയതയും രാഷ്ട്രീയവും അദ്ദേഹം രണ്ടായി കണ്ടില്ല. ആത്മീയതയെ മതബന്ധിതമായല്ല അദ്ദേഹം കണ്ടത്. അതുകൊണ്ടുതന്നെ ഉപര്യുക്ത വിഷയങ്ങളെല്ലാം ആത്മീയതയുടെ അകത്തു നിന്നുകൊണ്ട് വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ‘മറ്റുള്ളവരുടെ വേദനകളും കഷ്ടപ്പാടുകളും മനസ്സിലാക്കുന്നവന് മാത്രമാണ് യഥാര്‍ത്ഥ ദൈവഭക്തന്’ എന്നദ്ദേഹം വിശ്വസിച്ചു. എല്ലാതരം ഹിംസയും ഗാന്ധിജി നിരാകരിച്ചു എന്നതിലാണ് അദ്ദേഹത്തിന്റെ ആത്മീയതയുടെ തിളക്കം കുടികൊള്ളുന്നത്.
‘ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ട ദുരന്ത സംഭവത്തിന് പിന്നാലെ ഗാന്ധി തുറന്നടിച്ച അഭിപ്രായത്തില്‍ നിന്ന് ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാട് വ്യക്തമാണ്: ‘ഏറ്റവും ദുരന്തപൂര്‍ണമായ ബോംബിടലില്‍ നിന്നും യുക്തിയുക്തമായി മനസ്സിലാക്കാവുന്ന ഗുണപാഠം, ആ ദുരന്തത്തെ എതിര്ബോംബ് കൊണ്ട് മാറ്റാവുന്നതാണ് എന്നതാണ്. ആറ്റം ബോംബിന് നശിപ്പിക്കാന്‍ കഴിയാത്ത ഒരേയൊരു കാര്യം അക്രമരാഹിത്യമാണ്'(പുസ്തകം). ഭഗത്സിംഗിന്റെ വധശിക്ഷക്കെതിരെ ഗാന്ധിജി എന്തുകൊണ്ട് നിലപാടെടുത്തില്ല എന്നത് ഇന്നും ഒരു പ്രഹേളികയായി തുടരുന്നുണ്ടെങ്കിലും ആത്യന്തികമായി ഭഗത്സിങ്ങിന്റെ പ്രവൃത്തി ഹിംസയായിരുന്നു എന്ന വിശ്വാസമാണ് ഗാന്ധിയെ നയിച്ചിരുന്നത് എന്ന് കാണാവുന്നതാണ്.
അമീന് മുബാറക് എം
You must be logged in to post a comment Login