വിദ്യാര്‍ത്ഥികളല്ല, അടിമകള്‍

വിദ്യാര്‍ത്ഥികളല്ല, അടിമകള്‍

കണ്ണൂരില്‍ വണ്ടിയിറങ്ങിയതും ഞാനവനോട് പറഞ്ഞു, നിനക്ക് യശ്വന്ത്പൂരിന് തിരിച്ച് പോവാം. ആദ്യം ടിക്കറ്റെടുത്ത് വെക്ക്. അര മണിക്കൂറുണ്ട്. നമുക്ക് എമ്മാറേയില്‍ പോയി ഒന്ന് ചൂടാക്കിവരാം. ഞാന്‍ ശ്രദ്ധിച്ചു, അവനെന്താ കഴിക്കുന്നതെന്ന്. നോക്കുമ്പോള്‍ ചിക്കന്‍ ഷവര്‍മയും മുസംബി ജ്യൂസും. ഞാനൊരു ദമ്മുചായയും ഇലയടയും (അരിനിര്‍മിത) കഴിച്ചു. മല്ലടിച്ചിട്ടും അവനെന്നെ പണം കൊടുക്കാനനുവദിച്ചില്ല. ഞാന്‍ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള ചില അനാവശ്യ ചെലവുകളെ പറ്റി കുറച്ച്കൂടെ സംസാരിച്ചു തുടങ്ങിയതായിരുന്നു. പക്ഷേ, അവന്റെ ഭാഗത്തു നിന്നുണ്ടായ ശ്രദ്ധക്കമ്മി കാരണം ഞാന്‍ പെട്ടെന്ന് ഉള്‍വലിഞ്ഞു.
അവന്‍ മൊബൈലിലാണ്. ഞാന്‍ ആത്മാര്‍ഥതയോടെ ഒരുകാര്യം പറയുമ്പോള്‍ അര്‍ധമനസ്സോടെ കേള്‍ക്കുന്നവരെ എനിക്കിഷ്ടമേയല്ല! അത്തരം സന്ദര്‍ഭങ്ങളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ‘ടക്’ എന്ന് ഞാനങ്ങ് നിര്‍ത്തിക്കളയും. ഒന്നാം പ്ലാറ്റ്‌ഫോമില്‍ തിരിച്ചെത്തിയപ്പോള്‍ വശങ്ങളടര്‍ന്ന സിമന്റുബെഞ്ചില്‍ ഞങ്ങളിരുന്നു. ഞാനൊരു സായാഹ്നപത്രം വാങ്ങി. മറിച്ചു നോക്കിയപ്പോള്‍ ഉള്ളും പുറവുമൊക്കെ ഒരു സില്‍മാനടനെ പറ്റിയുള്ള ഗോസ്സിപ്പുകള്‍. അതെന്തുവായിക്കാനാ? സ്റ്റീഫന്‍ പെഡോക്ക് എന്ന ഒറ്റപ്പൊടി ഭീകരതയില്ലാത്ത, വെളുവെളുത്ത അമേരിക്കക്കാരന്‍ ലാസ് വെഗാസില്‍ അമ്പത്തെട്ട് പേരെ വെടിവെച്ച് കൊന്നത് വളരെ കേഷ്വലായ ഒരു വാര്‍ത്തയായി മാത്രം വന്നെങ്കിലും അത് ഐ എസ് ഏറ്റെടുത്തു എന്ന അഭ്യൂഹം മുഴപ്പിച്ച് കടുകട്ടിയാക്കി കൊടുത്തിട്ടുണ്ട്. അങ്ങനെയിരിക്കവെ, സുഹൃത്ത് മൊബൈലില്‍ എനിക്കൊന്ന് കാണിച്ചു തന്നു. അത് ഒരാറക്ക സംഖ്യയായിരുന്നു.
”ഊം”?
”മൊത്തം”
”എന്ത് മൊത്തം”?
എനിക്ക് മനസ്സിലായില്ല. നോക്കുമ്പോള്‍ ആശാന്‍ കണക്ക് കൂട്ടുകയാണ്. നാല് മക്കള്‍. എല്‍ കെ ജി ടു ടെന്‍ത് വരെ പഠനം പൂര്‍ത്തിയാക്കുമ്പോഴേക്ക് അവന്‍ അടച്ചു തീര്‍ക്കേണ്ട സംഖ്യ. എനിക്ക് സങ്കടം വന്നു, കൃത്യമായും എന്റെ ട്രാക്കില്‍ വീണ അവനെ എന്നെ ശ്രദ്ധിക്കായ്കയില്‍ മനസാ കുറ്റപ്പെടുത്തിപ്പോയതോര്‍ത്ത്. ഞാന്‍ പറഞ്ഞു. നിന്റെ കണക്ക് ശരിയല്ല. നീ ഇന്നത്തെ വിലനിലവാരം വെച്ചാണ് കണക്ക് കൂട്ടിയത്. നിന്റെ മൂത്തമോന്‍ ഏഴിലെത്തിയിട്ടേയുള്ളു. ഏറ്റവും ഇളയത് യു കെ ജിയിലും. ഇടയില്‍ ഒരു മൂന്നാം ക്ലാസുകാരിയും. അഞ്ചാം ക്ലാസുകാരനും ഉണ്ട്. പുറമെ നിനക്കിനിയൊരു എല്‍ കെ ജിക്കാരിയും വേണമെങ്കില്‍ പ്രീക്കേജിക്കാരിയും എഴുന്നള്ളിക്കൂടായ്കയില്ല. ഇല്ലെങ്കില്‍ തന്നെ, നിന്റെ നിലവിലെ യൂകേജിക്കാരന്‍ പത്ത്ചാടാന്‍ പത്തിലേറെ വര്‍ഷമുണ്ട്. അതും കണക്കിലെടുത്ത് നീ കൂട്ടിയതിന്റെ ഒരു മുപ്പത് ശതമാനം കൂടി സുമാര്‍ കൂട്ടിച്ചേര്‍ത്തിട്ട് കണക്കു പറ!

നിലവിലുള്ള സര്‍ക്കാര്‍/എയ്ഡഡ്/ പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ അന്യോന്യം ഉരച്ചുപഠിച്ച്, ഒടുക്കത്തേതാണ് നല്ലതെന്ന് തെളിഞ്ഞതിന്‍ പ്രതിയല്ലല്ലോ നീ മക്കളെ അതില്‍ ചേര്‍ത്തിയത്, ആണോ? അല്ല!. നീ മാത്രമല്ല, തൊണ്ണൂറ്റെട്ട് ശതമാനത്തില്‍ മീതേ ആളുകളും അങ്ങനെയാണ്. നിലവില്‍ എന്താണോ നടമാടുന്നത് അതില്‍ നിസ്സംഗമായി പങ്കുകൊള്ളുക. അതൊരെളുപ്പപ്പണിയാണ്. ഒഴുക്കിനൊത്തു നീന്തുക എന്നു പറയാറില്ലേ? ഒഴുക്കില്‍ ഒഴുകിപ്പോവുക പ്ലവങ്ങളാണ്. ഒഴുക്കില്‍ ഇടഞ്ഞ് നിന്ന് പ്രതിരോധിക്കാന്‍ പാറയുടെ ഉറപ്പ് വേണം. ഒഴുക്കിനെതിരെ തിരിച്ചു നീന്താന്‍ ആ ഉറപ്പിനൊപ്പം, ലംഘിക്കാനും നിഷേധിക്കാനും ചോദ്യംചെയ്യാനുമുള്ള നിശിതദാര്‍ഢ്യം വേണം. അതാണ് ഞാന്‍ നിന്നിലേക്ക് ചങ്ങാത്തത്തിന്റെ ബ്ലൂടൂത്ത് വഴി ഇപ്പോള്‍ സംക്രമിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇനി നിന്നെ മാത്രം ബാധിക്കുന്നതല്ലെങ്കിലും ചില പൊതുവായ കാര്യങ്ങള്‍ കൂടി ഇതു സംബന്ധിയായി മനസ്സിലാക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോഴേക്കും അവനെന്റെ ചുമലില്‍ കൈവച്ചു. ചൂണ്ടുവിരല്‍ കറക്കി, ‘നീ മാത്രം അങ്ങനെ ഇളക്കല്ല, ഞാനൊന്നുമറിയാത്ത അകിഡുടെബകിഡാണെന്നും നീ എല്ലാറ്റിനെ പറ്റിയും നല്ല കാഴ്ച്ചപ്പാടുള്ള കേമനാണെന്നൊന്നും വിചാരിക്കണ്ട’ എന്ന ഭാവത്തില്‍ അവന്‍ പറഞ്ഞു തുടങ്ങി: ക്രൈസ്തവ മിഷനറിമാരാണ് ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങളുടെ പ്രയോക്താക്കളും പ്രചാരകരും. ബ്രിട്ടീഷുകാര്‍ ഇവിടം കൊള്ളയടിക്കാന്‍ വന്നപ്പോള്‍ ഇന്ത്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കട്ടുകടത്താനും കൊള്ളയടിച്ച് നാടുമുടിക്കാനുമായി ഇടിച്ചു കയറിയവര്‍ ഇന്നാട്ടുകാരെ ഇംഗ്ലീഷു പഠിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ തന്നെയില്ലേ പരിഹാസപരമായൊരു വിരോധാഭാസം? ചിലര്‍ കരുതും, ഇംഗ്ലീഷ് ആഗോള ഭാഷയല്ലേ? പാവം ദരിദ്രനാരായണന്‍മാരായ ഇന്ത്യന്‍ എരപ്പാളികള്‍ ഇംഗ്ലീഷ് പഠിച്ച് പുറംരാജ്യങ്ങളില്‍ പോയി വല്ല ജോലിയും നോക്കി നല്ല സമ്പാദ്യവും കൈവരിച്ചോട്ടെ എന്ന പാവത്താംവിചാരം കൊണ്ടായിരിക്കും ഇതെന്ന്. തെറ്റ്!

സമൂഹത്തിലെ വരേണ്യ വര്‍ഗത്തെ അടര്‍ത്തിയെടുത്ത് അവര്‍ക്ക് മാത്രമായിരുന്നു, ഇംഗ്ലീഷ് പഠിപ്പിന്റെ എണ്ണം പറഞ്ഞ പാലൂട്ട് നടത്തിയത്. അതോടെ, നേരത്തെ ജാതിവിചാരങ്ങളാല്‍ നൂറുനുറുക്കായി ചിതറിക്കിടന്ന ഇന്ത്യന്‍ സമൂഹത്തിലേക്ക് പുതിയൊരു പരോക്ഷ ജാതിഭൂതം ആവേശിക്കുകയായിരുന്നു. അതായത് സായിപ്പന്‍മാരോട് മിണ്ടിപ്പറയാന്‍ കഴിയുന്ന, സ്വന്തക്കാരോട് പുച്ഛംപതയുന്ന ലോക്കല്‍ സായിപ്പുമാരുടെ പിറവി. തുടര്‍ന്ന്, സബ്‌സ്റ്റേഷനുകളിലൂടെ/ട്രാന്‍സ്‌ഫോര്‍മറുകളിലൂടെ വിദ്യുച്ഛക്തി ഉറ്റിക്കുമ്പോലെ, ആ പരിശുദ്ധഭാഷ മധ്യ/കീഴാള/അതികീഴാള വര്‍ഗങ്ങളിലേക്ക് ചാല് കീറി വിടുകയായിരുന്നു. എന്തിന്? ബ്രീട്ടീഷ് കള്ളന്മാര്‍ക്ക് കൊളോണിയല്‍ സേവനങ്ങള്‍ കിട്ടുന്ന ഓഫീസുകളില്‍ പണിയെടുക്കുന്ന, കോട്ടിട്ട മനുഷ്യപ്പോത്തുകളെ ഉണ്ടാക്കിയെടുക്കാന്‍. അങ്ങനെ ഒറ്റപ്പശ തീവ്രവാദമോ ഭീകരതയോ കൂടാതെ ജാലിയന്‍ വാലാബാഗും വാഗണ്‍ട്രാജഡിയുമൊക്കെ നടത്തി സുന്ദരമായി ചോരപ്പൂ വിരിയിച്ച് നമ്മെയൊക്കെയും അവര്‍ അസ്സല്‍ അടിമകളാക്കി. അഥവാ, ഒരു ഭാഗത്ത് നമ്മുടെ വിഭവങ്ങള്‍ കട്ടുകടത്തി. മറുഭാഗത്ത് അടിമത്തം അടിച്ചേല്‍പിച്ചു.
മിഷനറി സ്‌കൂളൂകള്‍ ചെയ്തതോ, ചെയ്യുന്നതോ? നാട്ടാരെ ഇംഗ്ലീഷ് പഠിപ്പിച്ച് സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ കോക്പിറ്റില്‍ കയറിപ്പറ്റുകയാണ്, പുറമേക്ക്. പക്ഷേ, മറുഭാഗത്ത് മറ്റു സംസ്‌കാരങ്ങളെ പതിയെ പറിച്ചെടുത്ത് പകരം ക്രൈസ്തവീയമായ കളറുമുക്കി വിടുകയാണ്. ആയതിനാലാണ്, വിശുദ്ധദേവതകളായ കന്യാസ്ത്രീകള്‍ നസ്രാണി പര്‍ദയിട്ട് അച്ചടക്കത്തില്‍ നടക്കുമ്പോള്‍, അല്ല ടീച്ചര്‍മാരായി ക്ലാസ്സിലേക്ക് കടന്ന് വരുമ്പോള്‍, അതേ ക്ലാസില്‍ മുസ്‌ലിം പര്‍ദയിട്ടോ, പോട്ടെ, വൃത്തിയില്‍ സ്‌കാഫ് ധരിച്ചോ തണ്ടങ്കാല്‍ മറച്ച് പാവാട ഉടുത്തു പോലുമോ മാപ്ലച്ചി പെണ്‍കുട്ടികള്‍ ഇരിക്കുന്നത് തന്ത്രപരമായി തടയുന്നത്. സ്‌കൂളിന്റെ കവാടം വരെ തട്ടമിടുകയും, ഗേറ്റ് കടക്കുന്നതോടെ അത് ചുരുട്ടിച്ചുക്കിച്ച് ബാഗില്‍ തിരുകുകയും വൈകുന്നേരം ഗേറ്റ് കടന്നാല്‍ അപകര്‍ഷതയോടെ തിരിച്ച് തലയില്‍ വിരിക്കുകയും ജുമുഅക്ക് പോകാനനുവദിക്കാത്ത വിധം ആണ്‍കുട്ടികളെ കൗശലപൂര്‍വം പഠനത്തിന്റെ തടങ്കലിലിടുകയും ചെയ്യുന്നു. തങ്ങള്‍ തങ്ങളുടെ മിഷനറി അജണ്ടകള്‍ വിദ്യാഭ്യാസത്തിന്റെയും ആതുര/ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും മറവില്‍ ചുട്ടെടുക്കുന്നത് മറ്റാര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയാത്ത വിധം അതിസമര്‍ഥമായാണുതാനും.

ഇതെല്ലാം കണ്ടുള്ള നെഞ്ചുവേദനയില്‍ നിന്നായിരിക്കണം കഴിഞ്ഞ മുപ്പത് മുപ്പത്തഞ്ച് കൊല്ലങ്ങള്‍ക്കുള്ളിലായി മുസ്‌ലിം ഇംഗ്ലീഷ് മീഡിയങ്ങള്‍ കൂണ്‍വളര്‍ച്ച പ്രാപിച്ചത്. എന്നിട്ടും കുബേരരായ മുസ്‌ലിം പ്രാമാണ്യം അവരുടെ മക്കളെ ദീനീബോധത്തെ കുഴുത്തു കുടുക്കിക്കൊല്ലുന്ന അച്ചായ ആരാച്ചര്‍മാരുടെ അക്കാഡമിക് ആള്‍ത്താരയിലേക്ക് അയക്കുന്നുവെങ്കില്‍, അതിന്റെ അമ്പത്തൊന്ന് ശതമാനം കുറ്റം ആ രക്ഷിതാക്കളുടെ തലയില്‍ വെച്ച് കെട്ടാം. ശേഷിച്ച നാല്‍പത്തൊമ്പതിന്റെ ഭാരം നാം പേറിയേ പറ്റൂ. അക്കാഡമിക് നിലവാരത്തില്‍ അവരോടൊപ്പമെത്താന്‍ കഴിയാതെ/ മുസ്‌ലിം പൊതുസമൂഹത്തിന്റെ മതിപ്പ് പിടിച്ചു വാങ്ങാന്‍ കഴിയാതെ ഇംഗ്ലീഷ് മീഡിയം നടത്തുക വഴി വര്‍ഷാവസാനം ലാഭമായി കൈവരുന്ന ലക്ഷങ്ങളുടെ കണക്ക് പറഞ്ഞ് നിര്‍വൃതി കൊള്ളുന്ന നമ്മെ ആര് തട്ടി വിളിക്കും?

മിഷനറി സ്‌കൂളുകളില്‍ സര്‍ക്കാര്‍ സംവിധാനത്തോട് കിടപിടിക്കുന്ന വേതനവ്യവസ്ഥകളില്‍ കഴിവുറ്റ അധ്യാപകര്‍ ചോരനീരാക്കി സേവനം ചെയ്ത് അസൂയാവഹമായ റിസള്‍ട്ട് കൊയ്യുമ്പോള്‍, എണ്ണിച്ചുട്ട ശമ്പളത്തില്‍ മറ്റെങ്ങും പോകാനാകാത്ത അസംതൃപ്ത അധ്യാപികമാരെ കൊണ്ട് ഒപ്പിച്ച് കാലം കഴിക്കേണ്ട അവസ്ഥ നമുക്കു വന്നുപോയല്ലോ എന്നോര്‍ത്ത് താടിക്ക് കൈ കൊടുക്കുകയല്ല, ആ കൈകളുയര്‍ത്തി സമരം ചെയ്യുകയാണ് വേണ്ടത്. എങ്ങനെയാണ് അതിസമര്‍ഥമായി ഇംഗ്ലീഷ് മീഡിയങ്ങള്‍ എന്ന ട്രോജന്‍ കുതിരകള്‍ക്കുള്ളില്‍ ക്രൈസ്തവ മതബോധനം പിഞ്ചിളം മനസുകളിലേക്ക് തള്ളിയിറക്കുന്നത് എന്ന് വളരെ കൃത്യമായി കശ്മീരിന്റെ നേരനുഭവങ്ങള്‍ വെച്ച് ശൗക്കത്ത് നഈമി ഗള്‍ഫില്‍ വന്നപ്പോള്‍ ക്ലാസ്സെടുത്തിരുന്നു. ഞെട്ടിപ്പോയി അവരൊരുക്കിയ ചതിക്കുഴികളുടെ ആഴമോര്‍ത്തിട്ട്.

ഹമ്പടാ കിടുവേ!!!, ഇവനേക്കാള്‍ വലിയവനായി നിന്ന് നാലുപദേശം തള്ളാന്‍ വേണ്ടി വിളിച്ച് കൊണ്ട് വന്നുനോക്കുമ്പോള്‍ ഇവന്‍ എന്നേക്കാള്‍ വലിയവനായി എനിക്കിങ്ങോട്ട് ക്ലാസ് തരികയാണല്ലോ. എനിക്ക് മനസ്സില്‍ ഒരുതരം മുളകെരിവ് പടര്‍ന്നു. ഇവനെയൊന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം. സംഗതി, അവന്‍ പറഞ്ഞ ചിലതില്‍ ശരിയൊക്കെയുണ്ട്. എന്നാല്‍ ചിലതുമായി വിയോജിക്കാതിരിക്കാനാവുകയുമില്ല. ക്രൈസ്തവ കലാലയങ്ങളില്‍ അകപ്പെടുന്ന ഇതര മതവിശ്വാസികളുടെ മക്കള്‍ പഠനം കഴിഞ്ഞ് പുറത്തു വരുമ്പോഴേക്കും സ്വന്തം വിശ്വാസത്തോട് അകല്‍ച്ചയും ക്രൈസ്തവ സംസ്‌കാരത്തോട് പ്രതിപത്തിയും വരും വിധം പരിവര്‍ത്തിതരാവും. അച്ചേല്, വളരെ കണ്ണിംഗായ പാഠ്യ-പാഠ്യേതര അന്തരീക്ഷമാണ് അവരരൊരുക്കുന്നത്. മിഷനറി പാഠശാലകളുടെ ചതിവലകളെ കുറിച്ച് ജാഗ്രതയാവശ്യപ്പെടുന്ന ഒരു ഗ്രന്ഥം തന്നെയുണ്ട് അല്ലാമാ യൂസുഫുന്നബഹാനിക്ക്; അല്‍ ഇര്‍ശാദുല്‍ ഹയാറാ ഫീ തഹ്ദീരില്‍ മുസ്‌ലിമീന മിന്‍ മദാരിസിന്നസ്വാറാ. പുഷ്പഗിരി അനസ് അമാനിയാണ് എനിക്കാ ഗ്രന്ഥം എത്തിച്ചു തന്നത്. നമ്മളധികപേരും ഇത് കണ്ടിട്ടില്ലെങ്കിലും, ഇംഗ്ലീഷ് മീഡിയം നടത്തുന്ന മിഷനറിമാര്‍ അത് വായിച്ച് പഠിച്ചുകാണും?

ഈ ഇവന് മാത്രമൊന്നുമല്ല, ശൗക്കത്ത് നഈമിയുടെ ക്ലാസ് എനിക്കും കിട്ടിയിട്ടുണ്ട്. ഇക്കഴിഞ്ഞ അരീക്കോട് മജ്മഇന്റെ ടഅഇഞഋറ നടത്തിയ മുല്‍തഖ ഉദ്ഘാടനം ചെയ്തത് നഈമി ആയിരുന്നു. പാട്ടിനും ചിത്രം വരച്ചതിനുമൊക്കെ പിഞ്ചുമക്കള്‍ക്ക് സമ്മാനം കിട്ടുന്നത് യേശുവിന്റെയും മര്‍യമിന്റെയും ശിശുവിഗ്രഹങ്ങളാണ്. മക്കളുടെ മനസ്സിലേക്ക് മാത്രമല്ല, ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് കരുതി വിശ്വാസപൂര്‍വം കടുംഫീസ് കൊടുത്ത് മക്കളെ പറഞ്ഞയക്കുന്ന നിഷ്‌കളങ്കരായ രക്ഷിതാക്കളുടെ വീടുകളിലേക്ക് കൂടി ക്രൈസ്തവം കുമ്മനടിക്കുന്നതിന്റെ ദൃശ്യവും ഒപ്പം മറ്റു പലതും നഈമി അന്ന് വിവരിച്ചിരുന്നു. ‘അവര്‍ അവരുടെ പണി മുറപോലെ ചെയ്യുന്നു. നമ്മള്‍ പോസ്റ്റര്‍ കീറിയും, കൊടിമരം തകര്‍ത്തും, വക്കാണ പ്രസംഗം നടത്തിയും, പരിഹാസ പോസ്റ്റുകളുല്‍പാദിപ്പിച്ചും നമ്മുടെ ദഅവകള്‍ നടത്തുന്നു അല്ലേ’ എന്ന് എന്റെ തൊട്ടടുത്തിരിക്കുന്ന നിരൂപകശിരോമണിയായ ഒരു സുഹൃത്ത് അപ്പോള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് പക്ഷേ, എനിക്കിഷ്ടമായില്ല! ഞാന്‍ മുട്ടുങ്കൈകൊണ്ട് ഒരു മുട്ട് കൊടുത്ത്, ‘ഈ പ്രസംഗം തീരുവോളം നീയൊന്ന് മിണ്ടാണ്ടിരി!!!, എന്നാംഗ്യം കാണിച്ചു.

ഇപ്പോഴിതാ വേറൊരു കേമന്‍. കണ്ണൂര് വന്നിട്ട് ചെറുവണ്ണൂര്‍കാരനായ യെവന്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കുകയോ? അതും മുഖഭാവം രൗദ്രപ്പെടുത്തി, ചുണ്ടും ചിറിയും അമിതവികാരതയാല്‍ കോക്രിച്ച് ഒരു മാതിരിയാക്കിയിട്ട്. ഇവനെ ഞാനേതായാലും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല. നമ്മള്‍ പറയാന്‍പോവുന്ന കാര്യങ്ങള്‍ നമ്മേക്കാള്‍ ആഴത്തിലും പരപ്പിലും നമ്മുടെ ശ്രോതാവാകാന്‍ പോവുന്ന ഒരാള്‍ ഇങ്ങോട്ടിളക്കിയാല്‍ പിന്നെ ആര്‍ക്കാ പിരിയിളകാതിരിക്കുക, ഹേ?! മുടികയറി കഴനെറ്റി പെരുത്ത ഇവന്റെ പളപള നെററിയില്‍, കൊതുകിനെ ആട്ടുന്നു എന്ന വ്യാജേനെ ആഞ്ഞൊരടി കൊടുത്താലോ എന്നാലോചിച്ചു ആദ്യം. വേണ്ട, വണ്ടി കയറി വന്നതല്ലേ, പുറമേ, ആടുബിരിയാണിയും ഇലയടയും വാങ്ങിത്തന്നതല്ലേ, പോട്ടെ എന്ന് വിചാരിച്ച് ഞാനെന്റെ സാധുത്തരത്തിലേക്ക് ഉള്‍വലിഞ്ഞപ്പോഴുണ്ട് അവന്‍ അടുത്തത് തുടങ്ങുന്നു, മേലായ റബ്ബേ…!
പിന്നെ നീ പറഞ്ഞില്ലേ, ഇളയോനെ സഹ്‌റത്തില്‍ ചേര്‍ത്താന്‍. ഞാന്‍ നേരത്തെ അതേ പറ്റി നന്നായി അന്വേഷിച്ചതാ… ആദ്യമൊക്കെ നല്ല ഉഷാറായിരുന്നു പോല്‍. ഇപ്പം, പക്ഷേ… എന്നിടത്തെത്തുമ്പോഴേക്ക് അവന്റെ ചുണ്ടില്‍ വണ്ടു വലിപ്പത്തിലുള്ള ഒരു കൊതുകിനെ ഞാന്‍ കണ്ടത് പോലെ തോന്നുകയാല്‍ അതിനെ ഞാന്‍ എമ്പേയ്ക്ക് അടിച്ചാട്ടി, ദ്ധ്ഛും!!!’.
ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് പിടിച്ചു പറിച്ചു സഹ്‌റത്തില്‍ ചേര്‍ത്താന്‍ ഞാനാണവനോട് പറഞ്ഞത്. അങ്ങനത്തെ എന്നോട്, എന്റെ മകന്‍ ഇപ്പോഴും പഠിക്കുന്ന സംവിധാനത്തെ പറ്റി കുറ്റം പറയുക എന്ന് വെച്ചാല്‍. ‘കണ്ട, നീ അവിടെ നില്‍ക്ക്, കേട്ട ഞാന്‍ പറയട്ടെ’ എന്ന ഇവന്റെ ശൈലിയില്‍ മുഷിഞ്ഞ എന്റെ ബി പി കൗണ്ട്ഡൗണ്‍ പൂര്‍ത്തിയായ പി എസ് എല്‍ വി റോക്കറ്റ് പോലെ കുതിച്ചു കയറി. എനിക്ക് എല്ലാ കണ്ട്രോളും പോയി. ഞാന്‍ ‘ടാ ടാ ടാ, നാവടക്ക്!! ഓര്‍മിച്ചോള്ണം, ഇതേതാ സ്ഥലമെന്ന് ഓര്‍മയുണ്ടോ? കണ്ണൂരാണിത്, കണ്ണൂര്‍!! നീ ഗള്‍ഫില്‍ പോയി ഒട്ടകത്തിന്റെ കട്ടിപ്പാലും അപ്പാടെ പുഴുങ്ങിയ ആടും തിന്ന് തടിമാടനായിട്ടുണ്ടെങ്കില്‍, അതവിടെ മനസ്സില്‍ വെച്ചാളാ.. കാഴ്ചക്ക് ഞാന്‍ ദുര്‍ബലനായിരിക്കാം. പക്ഷെ, കാശ്‌കൊടുത്ത് ക്വട്ടേഷന്‍ സംഘത്തെ വിട്ട് നിന്റെ മുട്ടുങ്കാലിന്റെ ചെരട്ട അടിച്ചു നുറുക്കിക്കിടത്താന്‍ എനിക്കാവും, ഓര്‍മിച്ചു കളിച്ചോ..!!!!!’ എന്ന് പറായാനായി ധൈര്യം സംഭരിച്ച് വരവേ, ‘കണ്ണൂരില്‍ നിന്നും………. യശ്വന്ത്പൂര്‍ എക്‌സ്പ്രസ് മൂന്നാമത്തേ പ്ലാറ്റ്‌ഫോമില്‍ നിന്നും ഉടന്‍ പുറപ്പെടും’ എന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങിയത് അവന്റെ ഭാഗ്യമായി. ദ്വയാര്‍ത്ഥ സൂചകമായി ‘ഒരു നിമിഷം ഇവിടെ ഇനി നില്‍ക്കരുത്! ഈ വണ്ടിക്ക് തന്നെ വിട്ടോളണം’ എന്ന ചൂടുതണിയാത്ത എന്റെ വാക്കുകള്‍ അവനില്‍ ഒരു മിന്നല്‍ പിണറായി മാറിയിരിക്കണം എന്ന് കരുതി ഞാന്‍ സന്തോഷിക്കുന്നു. ആവേശത്തില്‍ വണ്ടി കയറാന്‍ പോയവനുണ്ട് അല്പം കഴിഞ്ഞ് തിരിച്ചുവരുന്നു. അല്ലെങ്കില്‍ അതു പോട്ടെ എന്നും പറഞ്ഞ്. ശേഷം എന്തു സംഭവിച്ചു എന്ന് ശേഷം പറയാം.

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login