”ആശയങ്ങള്‍ ടൈംബോംബുകളെ പോലെയാണ്. അത് എപ്പോള്‍ ആരു വായിക്കുമെന്നോ മാറ്റമുണ്ടാക്കുമെന്നോ പറയാനാകില്ല. ആശയങ്ങള്‍ ബോംബുകളെ പോലെ പൊട്ടിത്തെറിക്കുന്നതങ്ങിനെയാണ്, ” അനില്‍ അഗര്‍വാള്‍
ആകാശം തുളക്കുന്ന പുകക്കുഴലുകള്‍, അംബരചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍, നദികളെ കുടുക്കിട്ടു പിടിക്കുന്ന അണക്കെട്ടുകള്‍, തലങ്ങും വിലങ്ങും ഓടുന്ന റോഡുകള്‍-ഇതൊക്കെയായിരുന്നു 1980 കളിലെ വികസനത്തിന്റെ രൂപരേഖ. എന്നാല്‍ ഈ വികസന നെട്ടോട്ടത്തിനിടയില്‍ വെട്ടുന്ന കാടെത്ര, ഒഴിയുന്ന ഖനികളെത്ര, വറ്റുന്ന പുഴകളെത്ര എന്നാരും ചോദിച്ചില്ല. എന്നാല്‍ 1990കളിലെത്തിയപ്പോഴും, കണ്ണും മൂക്കുമില്ലാത്ത വികസനത്തിന് മൂക്കുകയറിടണമെന്നും ഭൂമിയുടെ വിളിക്ക് ചെവി കൊടുക്കാതെ നമുക്കിനി ഒരടി പോലും മുന്നോട്ടു നീങ്ങാനാകില്ലെന്നും ലോകത്തിന് ബോധ്യപ്പെട്ടു. അത്തരം ബോധ്യങ്ങള്‍ ഇന്ത്യന്‍ നയരൂപീകരണത്തിലും പൊതു ചിന്തയിലും ആഴത്തിലുറപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ കാരണമായിട്ടുള്ളത് അനില്‍ അഗര്‍വാളും അദ്ദേഹത്തിന്റെ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റുമാണ്.
പരിസ്ഥിതി ശാസ്ത്രജ്ഞനായ അനില്‍ അഗര്‍വാള്‍ 1980 ല്‍ ഡല്‍ഹി കേന്ദ്രമാക്കി സ്ഥാപിച്ച സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്വയോണ്മെന്റും (സി എസ് ഇ) മുഖപ്രസിദ്ധീകരണമായ ‘ഡൗണ്‍ ടു എര്‍ത്തും’ ഇന്ത്യയുടെ പരിസ്ഥിതി രംഗത്തും വികസനരംഗത്തും നിഷേധിക്കാനാകാത്ത സാന്നിധ്യമാണ്. വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ആക്റ്റിവിസവും പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും സുസ്ഥിരമായ പ്രശ്നപരിഹാരങ്ങള്‍ കണ്ടുപിടിക്കലുമാണ് സിഎസ് ഇ യുടെ മുഖമുദ്ര. ഇന്ത്യയിലെ പാരിസ്ഥിതികപ്രശ്നങ്ങളെ കുറിച്ചും മോശപ്പെട്ട ആസൂത്രണത്തെ കുറിച്ചും കാലാവസ്ഥാവ്യതിയാനങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ‘തിങ്ക്ടാങ്കാ’ണ് സി എസ് ഇ. നയമാറ്റങ്ങളിലേക്കും നിലവിലുള്ള നയങ്ങളുടെ കൂടുതല്‍ മികച്ച നിര്‍വഹണത്തിലേക്കും സി എസ് ഇ തുടര്‍ച്ചയായി പൊതുജനശ്രദ്ധ ക്ഷണിക്കുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ശാസ്ത്ര ലേഖകനായിരുന്ന അനില്‍ അഗര്‍വാള്‍ ഐ ഐ ടി ഖരഗ്പൂറില്‍ നിന്നും പഠിച്ചിറങ്ങിയ ആളാണ്. 1987ല്‍ യുഎന്‍ ഇ പി (യുണൈറ്റഡ് നാഷന്‍സ് എണ്‍വയോണ്‍മെന്റ് പ്രോഗ്രാം) പരിസ്ഥിതി രംഗത്തെ അഞ്ഞൂറു ബഹുമാന്യവ്യക്തികളിലൊരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. പദ്മശ്രീ, പദ്മഭൂഷണ്‍ പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സി എസ് ഇ 1992ല്‍ തുടങ്ങിയ ദ്വൈവാരികയാണ് ‘ഡൗണ്‍ ടു എര്‍ത്ത്’. ലോകവും ഇന്ത്യയും അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക, വികസന പ്രശ്നങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന് ഇന്ത്യയിലെ അഞ്ഞൂറു ജില്ലകളില്‍ സാന്നിധ്യവും ലോകമൊട്ടാകെ വായനക്കാരുമുണ്ട്.
സി എസ് ഇയുടെയും ഡൗണ്‍ ടു എര്‍ത്തിന്റെയും മുന്‍കയ്യില്‍, പൊതുജനാവബോധം സൃഷ്ടിക്കാന്‍ നടന്ന സുപ്രധാന പഠനങ്ങള്‍ നിരവധിയാണ്.
2001ല്‍ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ പഡ്രേ ഗ്രാമത്തിലെ താമസക്കാര്‍ക്കിടയില്‍ ആദ്യമായി എന്‍ഡോസള്‍ഫാന്‍ പരിശോധന നടത്തിയത് സി എസ് ഇ ആണ്. ആ ഗ്രാമത്തില്‍ അസാധാരണമായ വിധത്തില്‍ വ്യാപകമായ അര്‍ബുദവും ശാരീരിക വൈകല്യങ്ങളും നാഡീ, മാനസിക രോഗങ്ങളുമാണ് മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്. കശുവണ്ടിത്തോട്ടങ്ങളില്‍ വിഷം പറന്നിറങ്ങിയ പഡ്രേയിലെ എല്ലാ മനുഷ്യ സാമ്പിളുകളിലും എന്‍ഡോസള്‍ഫാന്റെ ഉയര്‍ന്ന അംശം കണ്ടെത്തി. സി എസ് ഇയുടെ പഠനം പുറത്തു വന്നതോടെ കേന്ദ്രസര്‍ക്കാര്‍ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തിനെ ഇക്കാര്യം കൂടുതല്‍ പഠിക്കാന്‍ ചുമതലപ്പെടുത്തുകയും തുടര്‍ന്ന് 2005ല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിപണിയില്‍ കിട്ടുന്ന കുപ്പിവെള്ളത്തെ കുറിച്ചായിരുന്നു സി എസ് ഇയുടെ അടുത്ത പഠനം . അഞ്ച് കീടനാശിനികളെങ്കിലും കൂടിയ അളവില്‍ അടങ്ങിയ ‘കോക്ക് ടെയില്‍’ ആണ് അന്നത്തെ കുപ്പിവെള്ളമെന്ന് സി എസ് ഇ കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യമന്ത്രാലയം കുപ്പിവെള്ളത്തിന് നിലവാരം നിശ്ചയിച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ 0.0005 മില്ലി ഗ്രാം മാത്രമാണ് കീടനാശിനി അംശത്തിന്റെ നിലവിലുള്ള അനുവദനീയമായ അളവ്.
ശീതളപാനീയങ്ങളിലെ കീടനാശിനികളുടെ സാന്നിധ്യത്തെ കുറിച്ച് സി എസ് ഇ 2003ലും 2006ലും പഠനം നടത്തി. നാഡീ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ക്കും അര്‍ബുദത്തിനും ശാരീരികവൈകല്യങ്ങള്‍ക്കും കാരണമാകുന്ന മാരകമായ കീടനാശിനികളുടെ സാന്നിധ്യം ഈ പഠനത്തില്‍ കണ്ടെത്തി. നമ്മുടെ കുട്ടികളും ചെറുപ്പക്കാരും ‘തിന്നുകയും കുടിക്കുകയും ഉറങ്ങുകയും’ ചെയ്തിരുന്ന ശീതളപാനീയങ്ങളുടെ സത്യാവസ്ഥ ആരോഗ്യവും ഭക്ഷണവും കടിഞ്ഞാണില്ലാത്ത വിപണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചില സുപ്രധാന ഉള്ക്കാഴ്ചകളുണ്ടാക്കി. തുടര്‍ന്ന് ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കപ്പെട്ടു. ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിച്ച് സ്വതന്ത്രഇന്ത്യയില് സംഘടിപ്പിക്കപ്പെട്ട നാലാമത് സംയുക്തപാര്‍ലമെന്റ് സമിതിയായിരുന്നു അത്. ശീതളപാനീയങ്ങളില്‍ കീടനാശിനിയുടെ അംശം അല്പം പോലുമുണ്ടായിരിക്കരുതെന്ന് പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിധിച്ചു.
ഹരിതവിപ്ലവത്തിന്റെ കളിത്തൊട്ടിലെന്നും രാജ്യത്തിനൊന്നാകെ കൃഷി, വികസനമാതൃകയെന്നും കൊട്ടിഘോഷിക്കപ്പെട്ട പഞ്ചാബ്. അവിടത്തെ കര്‍ഷകരുടെ രക്തസാമ്പിളുകളില്‍ പതിമൂന്ന് വ്യത്യസ്ത കീടനാശിനികളുടെ കൂടിയ അളവിലുള്ള മാരകമായ സാന്നിധ്യം സി എസ് ഇ 2009 ല്‍ നടത്തിയ പഠനം കണ്ടെത്തി. തുടര്‍ന്ന് രാജ്യത്തൊന്നടങ്കം എല്ലാ സംസ്ഥാനങ്ങളും ജൈവകൃഷി നയങ്ങള്‍ രൂപീകരിക്കാന്‍ തുടങ്ങി.
എഴ് പ്രമുഖ വനസ്പതി ബ്രാന്റുകളെ അവയിലടങ്ങിയ ട്രാന്‍സ്ഫാറ്റുകളുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പഠനമാണ് പിന്നീട് സി എസ് ഇ നടത്തിയത്. പെയിന്റുകളിലെ ലെഡിന്റെ കൂടിയ അംശം, തേനിലെ ആന്റി ബയോട്ടിക്കുകളുടെ അംശം എന്നിവയെ കുറിച്ചും സി എസ് ഇ പഠനം നടത്തി. ഈ പഠനങ്ങളെല്ലാം തന്നെ ജനാരോഗ്യസംബന്ധിയായ കാര്യങ്ങളിലും അതിനെ കുറിച്ചുള്ള നയരൂപീകരണത്തിലും ശക്തമായ ആക്റ്റിവിസത്തിന്റെ ആവശ്യവും സാന്നിധ്യവുമറിയിച്ചു.
കുട്ടികളുടെ കളിപ്പാട്ടങ്ങളില്‍ മാരകമായ രാസവസ്തുക്കളും താലേറ്റുകളും അടങ്ങിയതിനെ കുറിച്ചായിരുന്നു സി എസ് ഇ യുടെ നിര്‍ണ്ണായകമായ മറ്റൊരു പഠനം. ‘കുട്ടിക്കളി ഇനി കുട്ടിക്കളിയല്ല’ എന്ന പേരിലാണ് ഡൗണ്‍ ടു എര്‍ത്ത് മാസിക ആ പഠനം പ്രസിദ്ധീകരിച്ചത്. കുട്ടികള്‍ എന്തും വായിലിടുന്നവരാണെന്നതു കൊണ്ടു തന്നെ കുട്ടികള്‍ക്ക് എന്തു കളിപ്പാട്ടം നല്കുന്നു എന്ന കാര്യത്തില്‍ നാം ജാഗരൂകരായിരിക്കണമെന്ന് ആ പഠനം പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ എല്ലാ കളിപ്പാട്ട നിര്‍മാതാക്കള്‍ക്കും ബി ഐ എസ് രജിസ്റ്റേഷന് നിര്‍ബന്ധമാക്കി.(ചൈനയില്‍ നിന്ന് കപ്പല്ക്കണക്കിന് ഒഴുകി വരുന്ന വില കുറഞ്ഞ കളിപ്പാട്ടങ്ങള്‍ നാം ഇപ്പോഴും കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കുന്നു എന്നതും ചേര്‍ത്തു വായിക്കുക.)
ഇന്ത്യയെ നടുക്കിയ ഭോപ്പാല്‍ ദുരന്തം! 1984 ല്‍ യൂണിയന് കാര്‍ബൈഡ് ഫാക്ടറിയിലുണ്ടായ വ്യാവസായിക ദുരന്തത്തെ തുടര്‍ന്ന് ആയിരങ്ങള്‍ കൊല്ലപ്പെട്ടു. അതിന്റെ നൂറിരട്ടിയിലധികം പേര് ജീവിക്കുന്ന രക്തസാക്ഷികളായി തുടര്‍ന്നു. അടച്ചു പൂട്ടപ്പെട്ട ഫാക്ടറിക്ക് പിന്നീടെന്തു സംഭവിച്ചു? ഫാക്ടറിയുടെ ഉടമസ്ഥര്‍ രായ്ക്കുരാമാനം ഇന്ത്യയില്‍ നിന്ന് സ്ഥലം വിട്ടിരുന്നു. അവിടെ കൂടിക്കിടന്ന വിഷവസ്തുക്കളും ഘനലോഹങ്ങളും ഇപ്പോഴും ഭോപ്പാലിനെ മലിനമാക്കിക്കൊണ്ടിരിക്കുന്നു എന്ന് സി എസ് ഇ നടത്തിയ പഠനം കണ്ടെത്തി. വ്യാവസായിക മാലിന്യങ്ങള്‍ വൃത്തിയാക്കേണ്ടത് ആരുടെ ചുമതലയാണെന്ന ചോദ്യം വീണ്ടും ഉയര്‍ന്നു വന്നു.
പരിസ്ഥിതി രാഷ്ട്രീയവും വികസനരാഷ്ട്രീയവും തന്നെയാണ് സി എസ് ഇയും ഡൗണ്‍ ടു എര്‍ത്തും ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ നയങ്ങളെയും അതിന് സാധാരണക്കാരന്റെ ജീവിതത്തിലുള്ള പ്രതിഫലനത്തെയും വിശകലനം ചെയ്യുന്നു ഡൗണ്‍ ടു എര്‍ത്തിന്റെ മുഖക്കുറിപ്പ്. അതു കൈകാര്യം ചെയ്യുന്നത് അനില്‍ അഗര്‍വാളിന്റെ അകാലത്തിലെ മരണശേശേഷം സുനിത നാരായണും. ഡല്‍ഹിയിലെ അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചാണ് ഒക്ടോബര്‍ ലക്കത്തെ മുഖക്കുറിപ്പ്. സര്‍ക്കാരിനും പൊതുജനത്തിനും അക്കാര്യത്തില്‍ എന്തു ചെയ്യാമെന്നും. ലോകത്തെമ്പാടുമുള്ള പാരിസ്ഥിതികക്കെടുതികളും ശാസ്ത്രവും ശാസ്ത്രത്തിനു പുറകിലെ രാഷ്ട്രീയവും മാസികയില്‍ വിശകലനം ചെയ്യപ്പെടുന്നു. റിപ്പോര്‍ട്ടിംഗും ഗവേഷണവും ഇഴ ചേരുന്നവയാണ് ഡൗണ്‍ ടു എര്‍ത്തിലെ കവര്‍ സ്റ്റോറികള്‍. രാജ്യത്തെ ജൈവവൈവിദ്ധ്യത്തോടൊപ്പം ആഹാരവൈവിദ്ധ്യവും ഇവിടെ വിഷയമാകുന്നു. നാം പാടേ മറന്നു പോയ കനികള്‍, കിഴങ്ങുകള്‍, അവയുടെ പാചകരീതികള്‍… ചരിത്രത്തിലും സംസ്കാരത്തിലുമുണ്ടാകുന്ന പഠനങ്ങള്‍, മുന്‍കൈകള്‍, ചലച്ചിത്രങ്ങള്‍, പുസ്തകങ്ങള്‍, മറ്റു മാധ്യമവാര്‍ത്തകള്‍-എല്ലാം ഇതിലുണ്ട്. കൂടാതെ അതിഥി പത്രാധിപരും മറ്റു പംക്തികളും.
ഡൗണ്‍ ടു എര്‍ത്ത് മാസിക പരിസ്ഥിതിയുമായി ബന്ധപ്പെട്ട ശില്പശാലകളും പരിശീലനപരിപാടികളും തുടര്‍ച്ചയായി നടത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കും എന്‍ ജി ഒ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യവസായികള്‍ക്കുമായി വിവിധ കോഴ്സുകള്‍-മാലിന്യസംസ്ക്കരണത്തെ കുറിച്ച്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയെ കുറിച്ച്, പരിസ്ഥിതി നിയമങ്ങളെ കുറിച്ച്, മഴക്കൊയ്ത്തിനെ കുറിച്ച്, മലിനജല സംസ്ക്കരണത്തെ കുറിച്ച്, പരിസ്ഥിതി സംവേദിയായ നഗരആസൂത്രണത്തെക്കുറിച്ച്.
‘ഫോര്‍ ദി യംഗ് ആന്റ് ക്യൂരിയസ് എന്ന കുറിപ്പോടെ ഒന്നിടവിട്ട ലക്കങ്ങളില്‍ ഡൗണ്‍ ടു എര്‍ത്ത് ഗോബര്‍ ടൈംസ് എന്ന സപ്ലിമെന്റും വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ജൂലൈ ലക്കം ചെറുകഥാ പതിപ്പായിരുന്നു. കുട്ടികളില്‍ പരിസ്ഥിതി എന്ന ബോധമുണര്‍ത്തുന്ന കുഞ്ഞു കഥകള്‍…ഒക്ടോബര്‍ ലക്കം ഡിജിറ്റല്‍ അടിമത്വത്തെ കുറിച്ചുള്ളതാണ്. ‘പരം പൊരുളേ’ എന്നു തന്നെ വിളിക്കുന്ന കുട്ടിയോട് ‘മണ്ടിപ്പെണ്ണേ’ എന്ന് കമ്പ്യൂട്ടര്‍ !
സി എസ് ഇയുടെ ഗ്രീന്‍ സ്കൂള്‍ പരിപാടി എടുത്തു പറയേണ്ടതാണ്. നിങ്ങളുടെ സ്കൂള്‍ എത്രമാത്രം പരിസ്ഥിതി ബോധമുള്ളതാണ്? വെള്ളം, വെളിച്ചം, ഊര്‍ജ്ജം, ശുചിത്വം-സ്വയം ഗ്രീന്‍ ഓഡിറ്റിങ്ങിന് ഓരോ സ്കൂളും ഒരുങ്ങേണ്ടതുണ്ട്. മികച്ച സ്കൂളുകള്‍ ഗോബര്‍ ടൈംസില്‍ ഇടം നേടുന്നു.
ഡൗണ്‍ ടു എര്‍ത്തിലെയും ഗോബര്‍ ടൈംസിലെയും പരസ്യങ്ങള്‍ പോലും വിവേചന ശേഷിയോടെ തിരഞ്ഞെടുക്കപ്പെടുന്നവയാണ്. പക്കോടകളും ചോളപ്പൊരിയും കഴിക്കൂ. പക്ഷേ, എന്തിന് അതിനൊപ്പം പൊതിഞ്ഞു കിട്ടുന്ന പത്രക്കടലാസിന്റെ അച്ചടിമഷിയിലെ മെതനോളും ബെന്‍സീനും മറ്റ് രാസവസ്തുക്കളും അകത്താക്കണം എന്ന് ഗോബര്‍ ടൈംസ്! നിങ്ങളുടെ സ്വന്തം വാക്കുകള്‍ മാത്രം കഴിക്കൂ! മറ്റുള്ളവരുടെയല്ല!
കെ സി
You must be logged in to post a comment Login