ഇന്ത്യയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും നിരാശാജനകമായ രണ്ടു റിപ്പോര്‍ട്ടുകളാണ് അടുത്തടുത്തായി പുറത്തുവന്നത്. മലിനീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ മരണങ്ങള് ഇന്ത്യയിലാണ് നടന്നത് എന്നതായിരുന്നു ആദ്യത്തെ വാര്‍ത്ത. 2015 ല്‍ 2.51 ദശലക്ഷം മരണങ്ങളാണ് മലിനീകരണം മൂലം രാജ്യത്ത് സംഭവിച്ചത്. ഇക്കാര്യത്തില്‍ ലോകത്തുണ്ടായ 9 ദശലക്ഷം മരണങ്ങളില്‍ ഇരുപത്തെട്ടു ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തുണ്ടായ ഇത്തരം മരണങ്ങളില്‍ നാലിലൊന്നിനും അന്തരീക്ഷമലിനീകരണമാണ് കാരണം. അതില്‍ തന്നെ ഖരഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന അന്ത:രീക്ഷ മലിനീകരണമാണ് കൂടുതല്‍ വിനാശകാരിയായത്. അര ദശലക്ഷം മരണങ്ങള് മലിനമായ കുടിവെള്ളത്തിന്റെ ഫലമാണ്. പൊതുശുചിത്വമില്ലായ്മ ഏകദേശം അത്ര തന്നെ മരണങ്ങള്‍ക്ക് കാരണമായി.ഇത്തരം മരണങ്ങളില്‍ 92 ശതമാനവും സംഭവിച്ചത് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും കുട്ടികളുമാണ് മലിനീകരണത്തിന്റെ ഇരകള്‍. (ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന അവസരത്തിലും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിരോധനം മറികടന്നും പടക്കം പൊട്ടിച്ച് ഡല്‍ഹിയും ചെെന്നെയും വിശാഖപട്ടണവും സെന്‍ട്രല്‍ പൊല്ല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ ഏറ്റവും താഴേക്ക് മൂക്കുകുത്തി).
രാജ്യത്തെ വൃത്തിയേറിയ 500 നഗരങ്ങളുടെ പുതിയ പട്ടിക പുറത്തു വന്നതും ഈയിടെയാണ്. സംസ്ഥാനത്തെ ഒരു നഗരത്തിനു പോലും പട്ടികയില്‍ ആദ്യത്തെ ഇരുന്നൂറ്റമ്പതില്‍ എത്താനായില്ല. 2014 ലെ പട്ടികയില്‍ കൊച്ചിക്ക് അഞ്ചാം സ്ഥാനമുണ്ടായിരുന്നു, കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ അമ്പത്തിയഞ്ചാം സ്ഥാനവും. എന്നാല്‍ ഇത്തവണ 271 -ാം സ്ഥാനമാണ് കൊച്ചിക്കുള്ളത്. 254 ാം സ്ഥാനത്തുള്ള കോഴിക്കോടാണ് കേരളത്തിലെ ‘മികച്ച’ നഗരം. തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം, ഖരമാലിന്യ സംസ്കരണം എന്നിവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് കേന്ദ്രനഗരവികസനമന്ത്രാലയം ഈ പട്ടിക തയാറാക്കിയത്. എന്നാല്‍ മാലിന്യസംസ്കരണത്തിനു മാതൃകയായ പത്തു പദ്ധതികളിലൊന്ന് ആലപ്പുഴയിലെ ‘നിര്‍മലനഗരം’ പദ്ധതിയാണ്.
ഈ പട്ടികപ്പെടുത്തലുകള്‍ ഇന്ത്യക്കും കേരളത്തിനും നിരാശയാണ് സമ്മാനിച്ചതെങ്കിലും അത്തരം നിരാശകള്‍ക്കുള്ള മറുപടിയും ആലപ്പുഴയുടെ മാലിന്യസംസ്കരണമാതൃകയിലുണ്ടെന്നതാണ് ആശ്വാസം.
എന്താണ് മാലിന്യം? പ്രകൃതിയുടെ താളത്തില്‍ മാലിന്യങ്ങളില്ല. ഉപയോഗമില്ലാതാകുന്ന യാതൊന്നുമില്ല. എന്നാല്‍ മനുഷ്യനിര്‍മിത വികസിതലോകത്ത് മാലിന്യങ്ങള്‍ക്കാണ് മുഖ്യസ്ഥാനം. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി വസ്തുക്കള്‍ മനുഷ്യന് എച്ചിലാക്കുന്നു! ഒരു സംസ്കൃതിയുടെ വിസര്‍ജ്യം അതിന്റെ സംസ്ക്കാരത്തിന്റെ പ്രശ്നമാണ്. അതില്‍ നിന്ന് നമുക്കോടിയൊളിക്കാനാവില്ല. ഉപയോഗിക്കുന്നതെല്ലാം വലിച്ചെറിയുന്ന സംസ്കാരം (ത്രോ എവേ കള്‍ചര്‍) സംസ്കാരത്തിന്റെയല്ല,സംസ്കാരശൂന്യതയുടെ പ്രതീകമാണ്. ഒരാളുടെ അഴുക്കുകളും വിസര്‍ജ്യങ്ങളും മറ്റൊരാളുടെ ഉമ്മറത്തോ പുരയിടത്തിലോ വഴിയിലോ നിക്ഷേപിക്കുകയെന്നത് സംസ്കാരത്തിന്റെ കൂടി പ്രശ്നമാണ്. ഒന്നാം ലോകത്തിന്റെ അഴുക്കുകള്‍ ഏറ്റു വാങ്ങുന്നത് മൂന്നാം ലോകമാണ്. മൂന്നാം ലോകത്തിലെ ഒന്നാം ലോകമായ നഗരങ്ങളുടെ അഴുക്കുകള്‍ മിക്കപ്പോഴും അടിച്ചേല്പിക്കുന്നത് ഗ്രാമങ്ങളിലാണ്. നമ്മുടെ സ്വന്തം ഞെളിയന്‍പറമ്പു തന്നെ നാറുന്ന ഉദാഹരണം. നാം വാങ്ങുന്ന, ഉപയോഗിക്കുന്ന,വലിച്ചെറിയുന്ന വസ്തുവാണ് നാം പിന്താങ്ങുന്ന വികസന മാതൃക ഉച്ചത്തില്‍ വിളിച്ചു പറയുന്നത്.
ഇന്നു മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് എങ്ങിനെ അഴുക്കുകളും ചപ്പു ചവറുകളും കൈകാര്യം ചെയ്യാമെന്നത്. മനുഷ്യന് മാലിന്യം വലിച്ചെറിയാത്ത ഒരൊറ്റയിടം പോലുമില്ല. വെളിമ്പ്രദേശങ്ങള്‍,പുഴകള്‍,സമുദ്രങ്ങള്‍,അന്തരീക്ഷം-എല്ലാം മനുഷ്യന് തള്ളുന്ന അഴുക്കുകള്‍ കൊണ്ട് വിഷമയമാണ്. അഴുക്കുകള്‍ തന്നെ പലവിധമുണ്ട്, ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും. അഴുകി പ്രകൃതിയില്‍ അലിഞ്ഞു ചേരുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന ജൈവമാലിന്യത്തെ അലിഞ്ഞു ചേരാത്ത അജൈവമാലിന്യവുമായി കൂട്ടിക്കലര്‍ത്തി അലക്ഷ്യമായി വലിച്ചെറിയുന്നതു മൂലമുണ്ടാകുന്ന കടുത്ത ആരോഗ്യ, പാരിസ്ഥിതിക കെടുതികള്‍ ഗുരുതരമാണ്.
വികസനത്തിന്റെ ആധുനികസങ്കല്പങ്ങളും നഗരങ്ങളും വന്ജനക്കൂട്ടങ്ങളുമുണ്ടായതിനു ശേഷമാണ് ജൈവമാലിന്യങ്ങളുടെ സംസ്കരണം ഒരു പ്രശ്നമായത്. അതു വരെ ഒരു കുടുംബത്തിന്റെ മാലിന്യം അവരുടെ തന്നെ പുരയിടത്തിലും കൃഷിയിടത്തിലും ആടുമാടുകളുടെ വയറ്റിലും അവസാനിക്കുമായിരുന്നു. അജൈവമാലിന്യങ്ങള്‍ വിരളവുമായിരുന്നു. നഗരങ്ങളില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ട ജൈവമാലിന്യവും അജൈവമാലിന്യവും കുഴിച്ചു മൂടാന്‍ വിളപ്പില്‍ ശാലകളും ലാലൂരും സര്വ്വോദയപുരവും ഞെളിയന്‍ പറമ്പുമുണ്ടായി. എന്നാല്‍ ഇന്ന് ആ ഇടങ്ങളെല്ലാം ധൈര്യപൂര്‍വം വിളിച്ചു പറഞ്ഞു കഴിഞ്ഞിരിക്കുന്നു, ഇനി നിങ്ങളുടെ മാലിന്യങ്ങള്‍ക്ക് ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറങ്ങളില്‍ ഇടമില്ല (നോട്ട് ഇന്‍ മൈ ബാക്ക് യാര്‍ഡ്) എന്ന്. കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്റുകളില്‍ ഞെളിയന്‍ പറമ്പു മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
കുറച്ചു കാലം മുമ്പാണ് ഡല്‍ഹിയില്‍ മാലിന്യമല ഇടിഞ്ഞു വീണ് രണ്ടു പേര് മരിച്ചത്. ലാന്റ്ഫില്‍ എന്നു വിളിക്കപ്പെടുന്ന ആ മാലിന്യമലയ്ക്ക് അമ്പതു മീറ്റര്‍ ഉയരമുണ്ടായിരുന്നു. നഗരത്തിലെ മൂന്നു ലാന്റ് ഫില്ലുകളിലൊന്നായിരുന്നു അത്. അതിന്റെ സംഭരണശേഷി എന്നേ കവിഞ്ഞു കഴിഞ്ഞിരുന്നു. ദുരന്തം സംഭവിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. ദുരന്തം സംഭവിച്ചതിനു ശേഷവും അധികൃതരുടെ ആധി പുതിയ ലാന്റ്ഫില്ലിനുള്ള സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ചായിരുന്നു. എന്നാല്‍ ലാന്റ് ഫില്ലിനായി ഇടം കണ്ടെത്തിയ റാണി ഖേരയിലെ ഗ്രാമീണര്‍ അതു തടയുകയും മാലിന്യം കൊണ്ടിറക്കുകയാണെങ്കില് അത് ‘തങ്ങളുടെ ശവശരീരങ്ങള്‍ക്കു മുകളില്‍’ എന്നു വിളിച്ചു പറയുകയും ചെയ്തു.
നോട്ട് ഇന്‍ മൈ ബാക്ക് യാര്‍ഡ് എന്ന മുദ്രാവാക്യം മാലിന്യസംസ്കരണത്തിലെ നിര്‍ണായക മാറ്റമാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് എന്വയോണ്മെന്റിന്റെ ‘ഡൗണ്‍ ടു എര്‍ത്ത്’ മാസിക സെപ്റ്റംബര്‍ മാസത്തെ മുഖപ്രസംഗത്തിലെഴുതി: ”മാലിന്യ സംസ്കരണത്തിന്റെ ആഗോളചരിത്രം ഇതിനെ സാധൂകരിക്കുന്നതാണ്. അമേരിക്കയിലെയും യൂറോപ്പിലെയും സമ്പന്ന നഗരങ്ങളുടെ എച്ചിലുകളുമായി ആഫ്രിക്കയിലേക്ക് നീങ്ങുന്ന കപ്പലുകള്‍ 1980 കളില്‍ വിവാദമുയര്‍ത്തിയിരുന്നു. അപകടകരമായ മാലിന്യങ്ങളെക്കുറിച്ചും അവയുടെ നിര്മ്മാര്ജ്ജനത്തിനെക്കുറിച്ചുമുള്ള ബേസല്‍ ഉടമ്പടിയിലേക്ക് അങ്ങിനെയാണ് ലോകം ചെന്നെത്തുന്നത്. ‘മാലിന്യം എന്റെ പിന്നാമ്പുറത്തല്ല’ എന്ന് ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളിലുള്ളവര്‍ പറഞ്ഞതു കൊണ്ടാണ,് അവരുടെ മാലിന്യങ്ങള്‍ ആഫ്രിക്കയിലെ പാവങ്ങളുടെ പിന്നാമ്പുറത്തെത്തിയത്. എന്നാല്‍ ദരിദ്രര്‍ തിരികെ പോരാടാന്‍ തുടങ്ങിയപ്പോള്‍ ധനികര്‍ക്ക് അവരുടെ മാലിന്യം തിരിച്ചെടുക്കുകയും സ്വന്തം പിന്നാമ്പുറങ്ങളില്‍ തന്നെ അത് സംസ്കരിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടി വരികയും ചെയ്തു. ഇങ്ങിനെയാണ് പാശ്ചാത്യലോകത്ത് മാലിന്യസംസ്കരണ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത്. പുനരുപയോഗിക്കുകയോ പുനചംക്രമണം ചെയ്യുകയോ സ്വന്തം പിന്നാമ്പുറങ്ങളില്‍ എരിച്ചു കളയുകയോ ചെയ്യുകയല്ലാതെ അവര്‍ക്ക് വേറെ വഴിയില്ലെന്നായി!”
നോട്ട് ഇന്‍ മൈ ബാക്ക് യാര്‍ഡ് എന്ന് ഗ്രാമങ്ങള്‍ നിര്‍ഭയം വിളിച്ചു പറയാന്‍ തുടങ്ങിയപ്പോഴാണ് കേരളം മാറിച്ചിന്തിക്കാന്‍ തുടങ്ങിയത്. തിരുവനന്തപുരത്തെ ഞെളിയന്‍ പറമ്പായ വിളപ്പില്‍ ശാലയിലെ ഗ്രാമീണര്‍ സുപ്രീം കോടതിയില്‍ പരാജയപ്പെട്ടിട്ടും പോരാട്ടം തുടര്‍ന്നു. അതുകൊണ്ടു തന്നെ ആ നഗരത്തിന് മാലിന്യ സംസ്കരണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വന്നു. മാലിന്യം കൊണ്ടു ചെന്നിടാന്‍ ഇടം ഇല്ലാത്തതു കൊണ്ട് നഗരസഭയ്ക്ക് മാലിന്യം ഒരു പരിധിക്കപ്പുറം ശേഖരിക്കാനുമാകില്ല. അപ്പോള്‍ നഗരവാസികള്‍ക്ക് മുന്നില്‍ രണ്ടേ രണ്ടു മാര്‍ഗങ്ങള്‍ മാത്രമായി:ഒന്നുകില്‍ മാലിന്യത്തെ വേര്‍തിരിക്കുകയും പുനചംക്രമണം ചെയ്യുകയും ചെയ്യുക. അല്ലെങ്കില്‍ സ്വന്തം മാലിന്യത്തില്‍ കിടന്നുറങ്ങുക.
ആലപ്പുഴയിലെ സര്വ്വോദയപുരത്തും ഇതു തന്നെയാണ് സംഭവിച്ചത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍വേയില്‍ രാജ്യത്തെ മികച്ച പത്ത് മാലിന്യസംസ്കരണരീതികളിലൊന്നിലേക്ക് ആലപ്പുഴയെ എത്തിച്ചത് ദരിദ്രരുടെ പ്രതിഷേധമാണ്. ഓരോരുത്തരുമുല്പാദിപ്പിക്കുന്ന ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കേണ്ടതുണ്ട്. നമ്മുടെ മാലിന്യങ്ങള്‍ നമ്മുടെ പിന്നാമ്പുറത്തല്ലാതെ മറ്റെവിടെ!
സംസ്ഥാനത്ത് 2008 ലാണ് ശുചിത്വമിഷന് രൂപീകരിക്കപ്പെട്ടത്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് എന്ന് കേരളീയരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാരിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും മാലിന്യസംസ്കരണകാര്യങ്ങളില് സാങ്കേതികസഹായവും ഉപദേശവും നല്‍കുക എന്നതാണ് മിഷന്റെ അജണ്ട. മിഷന്റെ ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ ക്യാമ്പയിനിന്റെ സന്ദേശം ഇതാണ്:”മാലിന്യം കളയല്‍ നിങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ, പ്രത്യേകിച്ചും നിങ്ങള്‍ നഗരത്തിലാണ് ജീവിക്കുന്നതെങ്കില്‍, പ്രധാനഭാഗമാണ്. ഓര്‍ക്കുക,വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും അഴുകുന്ന മാലിന്യങ്ങളും വീട്ടില്‍ തന്നെ സംസ്കരിക്കുകയും അഴുകാത്ത മാലിന്യങ്ങള്‍ കഴുകി ഉണക്കി ആക്രിക്കച്ചവടക്കാര്‍ക്ക് കൈമാറുകയോ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ശേഖരണകേന്ദ്രത്തിലേക്ക് എത്തിക്കുകയോ ചെയ്യേണ്ടത് ഭക്ഷണം കഴിക്കുന്നതു പോലെത്തന്നെ പ്രധാനമായ കാര്യമാണ്.” നിങ്ങളുടെ മാലിന്യം നിങ്ങള്‍ തന്നെ കംപോസ്റ്റ് ആക്കി മാറ്റുകയോ അതില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയോ പുനചംക്രമണം ചെയ്യുകയോ ചെയ്യേണ്ടതുണ്ട്.
ശുചിത്വ മിഷന് ചില പ്രധാന സേവനങ്ങളും പരിഹാരങ്ങളും ഇക്കാര്യത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ രംഗത്ത് അനുഭവജ്ഞാനവും കഴിവുമുള്ള വിദഗ്ധരുടെ സേവനം മാലിന്യ സംസ്കരണ പദ്ധതികളുടെ ആസൂത്രണത്തിനും പരിശീലനത്തിനും മേല്‍നോട്ടത്തിനും ലഭ്യമാണ്. വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കാനും പുനരുപയോഗിക്കാനും നഗരങ്ങളെയും ഗ്രാമങ്ങളെയും പരിസ്ഥിതി സൗഹാര്ദ്ദപൂര്ണമാക്കാനും തയാറാക്കിയിട്ടുള്ള പെരുമാറ്റരീതിയാണ് ഗ്രീന്‍ പ്രോട്ടോകോള്‍. ഏതു ചടങ്ങും പരിപാടിയും ഗ്രീന്‍ പ്രോട്ടോകോളിന് അനുസൃതമായി നടപ്പിലാക്കേണ്ടതുണ്ട്. ഡിസ്പോസിബിള്‍ വസ്തുക്കളുടെ കഴിയാവുന്നത്ര ഉപയോഗം കുറയ്ക്കുന്നതാണ് ഗ്രീന്‍പ്രോട്ടോകോളിന്റെ ലക്ഷ്യങ്ങളിലൊന്ന്.
നമുക്ക് പാഠമുള്ക്കൊള്ളാവുന്നതും പകര്‍ത്താവുന്നതുമായ നല്ല മാതൃകകള്‍ പ്രചരിപ്പിക്കുന്നതും ശുചിത്വമിഷന്റെ ലക്ഷ്യങ്ങളിലൊന്നാണ്. മാലിന്യ/ശൂചീകരണ പദ്ധതികള്‍ നടത്തി പ്രായോഗിക പരിജ്ഞാനമുള്ള മികച്ച സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ സേവനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് മിഷനിലൂടെ ലഭ്യമാണ്. ശുചിത്വ മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആക്രിക്കച്ചവടക്കാരുടെ പട്ടികയും ലഭ്യമാണ്.
പുനര്‍നിര്‍മാണത്തിനും പുനര്പ്രക്രിയകള്ക്കും അജൈവമാലിന്യങ്ങളെ വേര്‍തിരിക്കുകയും തയാറാക്കുകയും ചെയ്യുന്ന പ്രത്യേക പ്ലാന്റുകളാണ് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികള്‍. ഇത്തരം പ്ലാന്റുകളെ എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലും പ്രോത്സാഹിപ്പിക്കുകയും അതു സ്ഥാപിക്കാന്‍ ധനസഹായം നല്‍കുകയും ചെയ്യുകയെന്നത് മിഷന്റെ പ്രധാന പ്രവര്‍ത്തനമാണ്. പുനരുപയോഗിക്കാന്‍ സാധ്യമായ വസ്തുക്കള്‍ പൊതുജനത്തിന് സൗജന്യമായി ലഭ്യമാക്കുന്ന കൈമാറ്റക്കടകള്‍ (സ്വാപ് ഷോപ്പ്സ്) പ്രചരിപ്പിക്കുന്നതും ശുചിത്വമിഷന് തന്നെ.
ശുചിത്വമിഷന് ഏറ്റെടുത്ത ഏറ്റവും പുതിയതും വ്യത്യസ്തവുമായ പ്രവര്ത്തനങ്ങനങ്ങളിലൊന്ന് സംസ്ഥാനത്തെ ചെരുപ്പുകുത്തികളുടെ അവസ്ഥ മെച്ചപ്പെടുത്തുകയെന്നതാണ്. പുനരുപയോഗം എന്ന ആശയത്തെ താങ്ങിനിര്‍ത്തുന്ന ചെരുപ്പുകുത്തികളുടെ ദയനീയമായ തൊഴില്‍ പരിസരങ്ങളാണ് മിഷനെ ഇത്തരമൊരു ഇടപെടലിന് പ്രേരിപ്പിച്ചത്. ചെരുപ്പുകളും കുടകളും സഞ്ചികളും കേടുപാടുകള്‍ തീര്‍ക്കുന്ന ചെരുപ്പുകുത്തികള്‍ പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം എന്ന വിപത്തിനെതിരെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ജൈവമാലിന്യസംസ്കരണത്തിന്റെ വിവിധ മാതൃകകള്‍ പ്രചരിപ്പിക്കുന്നത് അത്യാവശ്യമാണ്. ജൈവവസ്തുക്കളെ വായുവിന്റെ സാന്നിധ്യത്തില്‍ അണുജീവികളുടെ പ്രവര്‍ത്തനത്തിന് വിധേയമാക്കി വളമാക്കി മാറ്റുന്നതാണ് കമ്പോസ്റ്റിങ്. ജൈവവസ്തുക്കളെ പാചകവാതകമായും മറ്റ് ഊര്ജ്ജരൂപങ്ങളായും മാറ്റാവുന്നതാണ്. കരിയില, ചപ്പുചവറുകള്‍, പാഴ്വസ്തുക്കള്, ചകിരി- എന്തും കമ്പോസ്റ്റാക്കി മാറ്റിയെടുക്കാം. ഒരല്പം ക്ഷമയും പണിയെടുക്കാനുള്ള സന്നദ്ധതയും വേണമെന്നു മാത്രം. കമ്പോസ്റ്റിങ് എന്നത് സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്വമായി മാറേണ്ടതുണ്ട്. ഇതിനായി കുറച്ചു കുടുംബങ്ങള്‍ക്ക് ഒരു പൊതു കമ്പോസ്റ്റിങ് സംവിധാനമാകാം. പച്ചക്കറിക്കടകളിലും ഹോട്ടലുകളിലും കല്യാണമണ്ഡപങ്ങളിലും കമ്പോസ്റ്റിങ് തുടങ്ങാം.
നിലനില്പ്പിന്റെതായ വികസനമാതൃക അട്ടിമറിക്കുന്ന കണ്ടുപിടുത്തമാണ് പ്ലാസ്റ്റിക്. മനുഷ്യന്റെ ഏറ്റവും വിനാശകരമായ കണ്ടുപിടുത്തമാണത്. നാനൂറു മുതല്‍ അഞ്ഞൂറു വരെ വര്‍ഷമാണ് ഒരു പ്ലാസ്റ്റിക് കൂടിന്റെ ആയുസ്സ്. നൂറ്റാണ്ടുകള്‍ പിന്നിട്ടാലും അഴുകാതെ കിടന്ന്,മണ്ണിരയുടെയും മറ്റ് സൂക്ഷ്മജീവികളുടെയും വിഘടനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു പ്ലാസ്റ്റിക്. മണ്ണിന്റെ ജലസംഭരണ ശേഷി ഗണ്യമായി കുറഞ്ഞത് പ്ലാസ്റ്റികിന്റെ വരവോടെയാണ്. പ്ലാസ്റ്റികിന്റെ പുന:സംസ്കരണവും കുഴപ്പം പിടിച്ചതു തന്നെ. പ്ലാസ്റ്റിക് സംസ്കരണചൂളകള് പുറത്തു വിടുന്ന ഡയോക്സിനുകള്‍ അര്‍ബുദത്തിനും പ്രകൃതിനാശത്തിനും വഴിതെളിക്കും.
അതുകൊണ്ടു തന്നെ മൂന്നുകാര്യങ്ങള്‍ എപ്പോഴും ഓര്‍ത്തു വെക്കുക. ഉപഭോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനചംക്രമണം ചെയ്യുക. കൂടാതെ ആവശ്യമില്ലാത്ത വസ്തുക്കള്‍ നിരസിക്കുകയും ചെയ്യുക. നമുക്കീ പാവം ഭൂമി മാത്രമേയുള്ളൂ. ഈ പാവം ജീവിതങ്ങളും. ൂ
കബനി സി
ശുചിത്വ മിഷന് കോഴിക്കോട് ജില്ലാ
കോഡിനേറ്ററാണ് ലേഖിക.
You must be logged in to post a comment Login