വിശ്വാസിയുടെ ഒന്നാമത്തെ അടയാളമാണ് ഗയ്ബ് – അദൃശ്യ കാര്യങ്ങളിലുള്ള ഉറച്ച വിശ്വാസം. മനസ്സുറപ്പാണ് വിശ്വാസം. രണ്ടാമത്തെ അടയാളം നിസ്കാരം കൊണ്ടുനടക്കലാണ്. വിശ്വാസിയുടെ വിധേയത്വം വാക്കുകളിലും വിശ്വാസത്തിലും മാത്രമൊതുങ്ങാതെ പ്രയോഗതലത്തില്‍ കൂടി ഉണ്ടാവണമെന്നാണ് ഈ സൂക്തം വെളിപ്പെടുത്തുന്നത്. ഇമാം ജീലാനിയുടെ(റ) വാക്കുകള്‍: മുഴുവന്‍ ശാരീരികാവയവങ്ങളുടെയും അുസരണയാണ് നിസ്കാരം.
വിശ്വാസികള്‍ക്ക് വേറെയും അടയാളങ്ങളുണ്ട്. അവ ഖുര്‍ആന്‍ പറയുന്നത് കാണുക: മുന്‍കാല വേദങ്ങളിലും ഖുര്‍ആനിലും ലോകാവസാനത്തിലും വിശ്വസിക്കുന്നവരാണവര്‍(ബഖറ 4).
മുന്‍കാലവേദഗ്രന്ഥങ്ങള്‍ അനുസരിച്ചും അംഗീകരിച്ചും കഴിഞ്ഞ ജൂതന്മാരോടും ക്രിസ്ത്യാനികളോടും ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. തിരുനബിയുടെ ആഗമനവും പ്രവാചകത്വവും നേരത്തെ അറിഞ്ഞവരാണല്ലോ അവര്‍. അവര്‍ക്കിനി നബിയെ വിശ്വസിക്കുകയേ വേണ്ടൂ.
തിരുനബിയുടെ കാലം, ജന്മദേശം, വിശേഷണങ്ങള്‍ എല്ലാം വേദഗ്രന്ഥങ്ങളിലൂടെ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്.
അന്ത്യനാളില്‍ വിശ്വസിക്കുന്നുവെന്ന അടയാളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മുന്‍കഴിഞ്ഞ വേദങ്ങളില്‍ ലോകാന്ത്യം മുഖ്യപ്രമേയമായി വന്നിരുന്നില്ല. ലോകത്തിന്റെ ഉല്പത്തിയായിരുന്നു അതിലെ പ്രധാന ചര്‍ച്ച. വ്യതിരിക്തമായി ഖുര്‍ആന്‍ ആവിഷ്കരിക്കുന്ന ഒന്നാണ് ലോകത്തിന്റെ നാശം.
അതിനാല്‍ ഈയൊരു വിശ്വാസം വേദക്കാരെ സംബന്ധിച്ച് വലിയ കാര്യംതന്നെയാണ്.
ഖുര്‍ആന്റെ മറ്റൊരു പ്രധാന അഭിസംബോധിതര്‍ അവിശ്വാസികളാണ്. അവര്‍ക്ക് വേദങ്ങള്‍ നല്‍കിയിട്ടില്ല. പക്ഷേ അവരുടെ വിശ്വാസം അസംബന്ധമാണെന്ന് ഖുര്‍ആന്‍ വ്യക്തമായി അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഉണര്‍ത്തുന്നതാണ് അന്ത്യനാളിലുള്ള വിശ്വാസം. കര്‍മഫലങ്ങളുടെ വിചാരണകളും അവതരണങ്ങളുമുണ്ടാവുമെന്ന ഇടക്കിടെയുള്ള ഓര്‍മപ്പെടുത്തലാണ് ഈ വിശ്വാസം.
ദാനധര്‍മങ്ങളാണ് വിശ്വാസികളുടെ മറ്റൊരു വിശേഷണം. സ്വന്തം സമ്പത്തില്‍നിന്ന് മറ്റുള്ളവര്‍ക്ക് നല്കുന്നതാണല്ലോ ദാനധര്‍മം. വിശ്വാസികള്‍ക്ക് ദാനം ഒരു നഷ്ട ചിന്തയുണ്ടാക്കുന്നില്ല. സ്വദഖ നിങ്ങളുടെ സമ്പാദ്യത്തില്‍നിന്ന് ഒന്നും ചുരുക്കുന്നില്ല എന്ന് തിരുനബി(സ്വ) വാക്ക് കൊടുത്തിട്ടുണ്ട്.
സകാത് എന്ന ശബ്ദത്തിന് വളര്‍ച്ച എന്നര്‍ത്ഥം കൂടിയുണ്ട്. സകാത് സമ്പത്ത് ചുരുക്കുകയല്ല. വര്‍ദ്ധിപ്പിക്കുകയും ശുദ്ധീകരിക്കുകയുമാണ് ചെയ്യുന്നത് എന്ന് വാക്കിലും ധ്വനിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഇസ്ലാമിക ഏതിലും ആന്തരികമായ അര്ത്ഥവിശാലതയുണ്ട്. ഉദാഹരണത്തിന്, മോഷണം നിഷിദ്ധമാണെന്ന നിയമത്തില്‍ സമ്പത്തിന്റെ സുരക്ഷയും ഭദ്രതയും അടങ്ങിയിട്ടുണ്ട്.
വിശ്വാസത്തെ ഇങ്ങനെ അനുവര്‍ത്തിക്കുന്നവര്‍ മാത്രമാണ് വിജയികള്‍. ബഖറ 5- സൂക്തം ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. രണ്ട്തവണ ‘ഉലാഇക’അവര്‍ എന്ന് ഈ സൂക്തത്തില്‍ ആവര്‍ത്തിക്കുന്നു. ഖുര്‍ആന്റെ സാഹിത്യമനോഹാരിതയുടെ ഭാഗം മാത്രമല്ല ഈ ആവര്‍ത്തനം. ശരിയായ വിശ്വാസത്തിന്റെ അനന്തരഫലം വിജയമാണെന്നും വിജയികളുടെ ഏകമാനദണ്ഡം തനതായ വിശ്വാസങ്ങളുമാണെന്ന കാര്യം പ്രാധാന്യത്തോടെ ഊന്നിപ്പറയുകാണ് വേദം.
മുഫ്ലിഹ് എന്ന വാക്കാണ് വിജയിക്ക് വേണ്ടി വെച്ചിരിക്കുന്നത്. ഈ പദം ആലോചനയുടെ മറ്റൊരു ലോകം തുറക്കുന്നു. ഭൂമികീറി വിത്തിറക്കുക എന്നര്‍ത്ഥം വരുന്ന ധാതുവില്‍ നിന്നാണ് മുഫ്ലിഹ് നിഷ്പന്നമായത്.
നോക്കൂ. ഭൂമിയില്‍ വിത്തിറക്കുന്നതും വളം ചേര്‍ക്കുന്നതും വെള്ളമൊഴിക്കുന്നതും സ്ഥലകാല ഭേദങ്ങള്‍ക്കനുസരിച്ച് ഒരുക്കങ്ങള്‍ നടത്തുന്നതും കര്‍ഷകരാണല്ലോ. പക്ഷേ വിത്തുകള്‍ മുളച്ച് ചെടികളായി, മരങ്ങളായി, വടവൃക്ഷമങ്ങളായി മാറുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഉറപ്പിക്കാനുള്ള വഴികളൊന്നുമില്ല. അല്ലാഹുവാണ് മുളപ്പിക്കുന്നവനും വളര്‍ത്തി വലുതാക്കുന്നവനും.
ഇതേ ന്യായങ്ങള്‍ തന്നെയാണ് വിശ്വാസത്തിന്റെയും കാര്യത്തിലുള്ളത്. നമ്മള് വിശ്വസിക്കുന്നു. അത് കെട്ടുപോകാതിരിക്കാന്‍ കാവലിരിക്കുന്നു. ഇബാദത്തുകള്‍ നിര്‍വഹിക്കുന്നു. പക്ഷേ ആത്യന്തിക ഫലം ലഭിക്കുമോ? നമുക്ക് ഉറപ്പിക്കാന്‍ വഴിയില്ലല്ലോ. എല്ലാം നമ്മെ പടച്ചുപോറ്റുന്ന അല്ലാഹുവിന്റെ ഇഷ്ടം. അവന്റെ ഇച്ഛയാണ് രണ്ടിടത്തും ഫലങ്ങളായി വരുന്നത്.
അതിനാല്‍ അല്ലാഹുവിന്റെ ഔദാര്യമാണ് ആത്യന്തികമായിട്ടുള്ളത്. വിശ്വാസത്തിലും കൃഷിയിലും സര്വപ്രവൃത്തികളിലും ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ കടന്നതുകൊണ്ട് മാത്രമായില്ല. അല്ലാഹു മാത്രമാണ് നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. മറ്റുള്ളവരെല്ലാം മാര്‍ഗദര്‍ശകര്‍ മാത്രമാണ്.
ഇതേ സൂറതില്‍ 261ാം സൂക്തത്തില്‍ ദാനധര്‍മം അനുഷ്ടിക്കുന്നവരെ കൃഷിയോടുപമിക്കുന്നുണ്ട്. ഒരു വിത്തില്‍നിന്ന് അനേകം മുളകളും അനേകം ചെടികളുമുണ്ടാകുന്നത് പോലെ സ്വദഖയും ചെലവഴിക്കുന്നതിലേറെ വരുമാനമുണ്ടാക്കുന്നുവെന്നതാണ് ഇതിന്റെ സത്യം.
ചുരുക്കത്തില്‍ മുഫ്ലിഹ് വെറുമൊരു പറഞ്ഞുപോക്കല്ല. വിശ്വാസത്തിന്റെ സമര്‍പ്പണത്തിന് അല്ലാഹു നല്കുന്ന സ്ഥാനമാണത്. ഹിദായത്തിന്റെ മഹത്വവും മൂല്യവും ഈ വാക്കിലുണ്ട്. ചുരുക്കം അധ്വാനങ്ങള്‍കൊണ്ട് കൂടുതല്‍ ലാഭം കൊയ്യുന്നവനാണല്ലോ മുഫ്ലിഹ്. ഔന്ബിന് അബ്ദില്ല(റ) പറയുന്നു: ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്. അവയില്‍നിന്ന് വഴിയടയാളങ്ങളും ലക്ഷണങ്ങളും നക്ഷത്രവിജ്ഞാനീയമുള്ളവര്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നതുപോലെ സന്മാര്ഗത്തിന്റെ പൂര്‍ണമായ വഴിയടയാളങ്ങള്‍ പണ്ഡിതന്മാര്ക്ക് മാത്രമേ സാധ്യമാവൂ. അതിന് അറിവ് വേണം. അറിവുള്ളവരാണല്ലോ അല്ലാഹുവിനെ വേണ്ടമാത്രയില്‍ സമീപിക്കുന്നത്.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login