ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്റെ ആഗമനത്തെത്തുടര്‍ന്ന് പൊന്നാനി മലബാറിലെ മക്കയായി പുകള്‍പ്പെറ്റു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇവിടത്തെ ഒരു വിഭാഗം മുസ്ലിംകള് പായക്കപ്പലുകള്‍, ഉരുക്കള്‍, പത്തേമാരികള്‍, കെട്ടുവള്ളങ്ങള്‍ തുടങ്ങിയവയില്‍ കയറ്റിയിറക്ക് വ്യവസായങ്ങളുടെ അധിപരും പാട്ടവും മിച്ചവാരവും ലഭിക്കുന്ന ഭൂസ്വത്തുക്കളുടെ ഉടമകളുമായി. അവര്‍ അടുത്തടുത്ത് മസ്ജിദുകള്‍ നിര്‍മിച്ച് സംരക്ഷിച്ചു. അവിടങ്ങളില്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് സേവനം അനുഷ്ഠിച്ചിരുന്ന മുദരിസുമാര്‍ക്കും മുസ്ലിയാര്‍ക്കും മുഅദ്ദിനുകള്‍ക്കും ഇതിനു പുറമെ ദര്‍സുകളില്‍ ഓതിപ്പഠിച്ചിരുന്ന നൂറുക്കണക്കിന് മുതഅല്ലീമിങ്ങള്ക്കും യാത്രക്കാര്‍ക്കും സൗജന്യ ഭക്ഷണം നല്കി. ആലിമീങ്ങള്‍ക്കും അശരണര്‍ക്കും അഗതികള്‍ക്കും ഭക്ഷണം നല്കി. അവരെകൊണ്ടണ്ട് വീടുകളില്‍ ദിവസേന ഖുര്‍ആന്‍ ഓതിച്ചു. ഇടക്കിടെ മൗലിദുകളും നേര്‍ച്ചകളും സംഘടിപ്പിച്ചു. ബന്ധുമിത്രാദികള്‍ക്കും അയല്‍വാസികള്‍ക്കും അന്നദാനം നല്കി. ഇതിലൂടെ പരസ്പരം സ്നേഹക്കൂട്ടായ്മ സുദൃഢമാക്കാന്‍ അവസരം ഒരുക്കി. പില്ക്കാലത്ത് ഇവിടെ വ്യാപാരത്തിന് വന്ന അവിഭക്ത ഇന്ത്യയിലെ ഗുജറാത്തിലെ കച്ചിദേശത്ത് നിന്നെത്തിയ ആലായിസ് മേമന് വിഭാഗത്തില്‍പ്പെട്ട കച്ചിക്കാരും ഈ പാരമ്പര്യം തുടര്‍ന്നു.
കോടതിപ്പടിക്ക് സമീപത്തെ മുഹ്യിദ്ദീന് ജുമുഅത്ത് പള്ളി, കടപ്പുറത്തെ പള്ളി(മസ്ജിദുല്‍ അന്‍സാര്‍) എന്നീ പള്ളികളിലാണ് കച്ചിക്കാര്‍ നിസ്കാരം നിര്‍വഹിച്ചിരുന്നത്. തന്മൂലം ആ പള്ളികളിലെ ഹൗളുകള്‍ ആദ്യകാലത്ത് വിശാലമായവയായിരുന്നു. കെ.എം. മുഹമ്മദ് കാസിംകോയ മുതവല്ലിയായ മുഹ്യിദ്ദീന് പള്ളിയില്‍ മുദരിസ് ജഅ്ഫര്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ ഇരുന്നൂറില്‍പ്പരം മുതഅല്ലിമുകള്‍ പഠിക്കുന്ന വലിയൊരു ദര്‍സ് ശ്ലാഘനീയമായ രീതിയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതിന് സമീപമാണ് പൊന്നാനിയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കില്‍ക്കട്ട ജാറം.
വര്‍ഷങ്ങളായി തുടര്‍ന്നുവന്നിരുന്ന ഈ പൈതൃകത്തനിമ നിലനിര്‍ത്താന്‍ ആണ്ടോടാണ്ട് നീണ്ടുനില്‍ക്കുന്ന ഖത്തം ഓത്ത്, പള്ളികളിലും വീടുകളിലും റമളാന്‍ ഖത്തം, ദൈനംദിന ഹദ്ദാദ് റാത്തീബ്, റബീഉല്‍ അവ്വല്‍ ഒന്നിനാരംഭിച്ച് നാല്‍പ്പതും അറുപതും ദിവസം വരെയുള്ള മൗലിദ്, മുഹ്യിദ്ദീന് മൗലിദ്, ബദര്‍ മൗലിദ് എന്നിവ നിലനിര്‍ത്തിപ്പോന്നു. ആദ്യം കൊയ്യുന്ന നെല്ല് പത്തായത്തിലെത്തിയ നാളുകളിലെ പുത്തരി മൗലിദ്, ചില പ്രത്യേക ദിവസങ്ങളിലെ മൗലിദുകള്‍, മരിച്ചാല്‍ നാല്‍പ്പത് ദിവസത്തെ ഖത്തപ്പുര, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന കണ്ണൂക്ക് ഓത്ത്, ആണ്ടുനേര്‍ച്ച തുടങ്ങിയവ വീടുകളിലും സാഹചര്യം പോലെ നടത്തിവന്നു. വര്‍ഷത്തിലൊരിക്കല്‍ മീന്തെരുവ്, ജെ.എം. റോഡ്, അങ്ങാടി, വണ്ടിപ്പേട്ട തുടങ്ങിയ ഏരിയ തിരിച്ചുള്ള പീടിക മൗലിദുകളും ഇതിന്ന് പുറമെയാണ്. പതിനൊന്നാം രാവ് ബീഫാത്തിമ്മാബീവി മൗലിദ്, ശാദുലിറാതീബ്, മുഹ്യിദ്ദീന് റാതീബ് തുടങ്ങിയവയും കൂട്ടത്തില്‍ വന്നു. പള്ളി പരിപാലനത്തിനും ഈ ആചാരാനുഷഠാനങ്ങള്ക്കും പൂര്‍വ്വീകര്‍ ധാരാളം സ്വത്തുക്കള്‍ തന്നെ വഖഫ് ചെയ്തിട്ടുണ്ട്. പലതും കേരള വഖഫ് ബോര്‍ഡ് രേഖകളില്‍ കാണാം.
ദുരിതങ്ങളുടെ തേരോട്ടത്തിലും തിരയടിയിലും കുബേര കുചേല വ്യത്യാസമില്ലാതെ പൊന്നാനിയിലെ വിശ്വാസികള്‍ ആചാരനുഷ്ഠാനങ്ങളും പൂര്‍വ്വീക ചിട്ടകളും മുറതെറ്റാതെ കൊണ്ടുവന്നു. പുണ്യദിനങ്ങളെയും മാസങ്ങളെയും ആദരിക്കലും സദാചാരവും കൈ വെടിഞ്ഞില്ല.
പടിഞ്ഞാറന്‍ മാനത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറ തെളിഞ്ഞാല്‍ തുടര്‍ന്നുള്ള രാവുകളില്‍ പ്രവാചക പ്രേമത്തിന്റെ പൂമഴ അന്തരീക്ഷത്തെയും ഭൂമിയെയും ഹര്ഷപുളകിതമാക്കും. പള്ളികളും വീടുകളും പാണ്ടികശാലകളും പീടികകളും ചന്ദനത്തിരി, മണികുന്തിരിക്കം, ഉലുവാന്‍ തുടങ്ങിയ വാസന വസ്തുക്കളുടെ നറുമണത്തില്‍ മദ്ഹുറസൂലിനാല് മുഖരിതമാകും.
‘സ്വലാത്തുന്‍ വതസ്ലീമുന്-
വഅസ്കാ തഹിയ്യതീ
അലല്‍ മുസ്ത്വഫല് മുഖ്താരി-
ഖൈരില്‍ ബരിയ്യതീ’
എന്നാരംഭിക്കുന്ന ഈരടികള്‍ ഇമ്പമാര്‍ന്ന ഇശലില്‍ എല്ലാവരും ചേര്‍ന്ന് വട്ടമിരുന്ന് നീട്ടി ചൊല്ലുമ്പോള്‍ പരിസരവും ഇടവഴികളും ഊടുവഴികളും ഭക്തിസാന്ദ്രമാകും.
ഒരു മാസം നീണ്ടുനില്‍ക്കുന്ന മന്ഖൂസ് മൗലിദും, റബീഉല്‍ ആഖറില്‍ പത്ത് ദിവസം മുഹ്യിദ്ദീന് മൗലിദും വ്യാപകമായിരുന്നു. ചില വീട്ടുകാര്‍ റബിഉല്‍ ആഖിറിലെ അവശേഷിക്കുന്ന ഇരുപത് ദിവസവും മന്ഖൂസ് മൗലിദ് തന്നെ ഓതിക്കും. ബുര്‍ദ, ഹംസിയ്യ, ശറഫല്‍അനാം, ബര്സന്ഞ്ചീ, സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങിയ മൗലിദുകളില് ഒന്ന് ഓതിയായിരിക്കും അതിന്ന് പരിസമാപ്തി കുറിക്കുക. അന്നേ ദിവസം കൂട്ടുകുടുംബാദികള്‍ക്കും അയല്‍വാസികള്‍ക്കും സുഭിക്ഷമായ ഭക്ഷണം (ഒജീനം)നല്‍കും. ദീനീസേവകന്മാര്ക്ക് ഹദ്യ വേറെയും. പള്ളികളില്‍ നിന്നും മദ്രസകളില്‍നിന്നും ഇന്നത്തെ പോലെ മാസാന്ത ശമ്പളമോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്ത അക്കാലത്ത് കൈമടക്കുകള്‍ എന്ന പേരിലുള്ള ഹദ്യകള് തെല്ലൊരു ആശ്വാസമായിരുന്നു അവര്‍ക്ക്.
അന്നൊക്കെ മന്ഖൂസ് മൗലിദ് തനിയെ ഓതിയാല്‍ ഭക്ഷണം മാത്രവും യാസീന്‍ ഓതിയാല്‍ പത്ത് പൈസയുമാണ് ഹദ്യ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ പൊന്നാനിയിലും പരിസരത്തും വിതരണം ചെയ്തിരുന്ന വലിയ പള്ളിയിലെ മൗലിദ് ചോറ് പ്രസിദ്ധമാണ്. ഒരു നേരത്തേ അന്നത്തിന് പോലും ക്ലേശിച്ചിരുന്ന അക്കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ ഒജീനം ഭക്ഷിച്ച് പൈദാഹം തീര്‍ത്തിരുന്നത്.
ഖിളര്‍ മൗലിദ്, രിഫാഈ മൗലിദ്, സ്വിദ്ദീഖ് മൗലിദ്, ബദര്‍ മൗലിദ്, ഹംസത്ത് മൗലിദ്, ബീവി ഫാത്തിമ മൗലിദ്, ബീവി മറിയം മൗലിദ്, 313 മുര്‍സലീങ്ങളുടെ മൗലിദ്, റാബിഅതുല്‍ അദവിയ മൗലിദ്, നഫീസത്തുല്‍ മിസ്രിയ മൗലിദ്, ശാഫിഈ ഇമാം മൗലൂദ്, മിഅ്റാജ് മൗലിദ്, ഉമറുല്‍ ഫാറൂഖ് മൗലിദ്, പത്ത് സഹാബികളുടെ മൗലിദ്, സയ്യിദ് അഹമ്മദ് ബദവി മൗലിദ്, ബദര്‍മാല, മുഹ്യിദ്ദീന്‍മാല, നഫീസത്ത് മാല, ഹംസത്ത് മാല, മുജറബ് മാല, ഹൈദ്രുക്കാന്റെ ഹംസത്ത് മാല, സലാമത്ത് മാല, അയ്യൂബ് നബി മാല, വലിയജാറം ഹൈദ്രോസ് മാല, സാരസദ്ഗുണ മാല, സുലൈമാന്‍ നബി മാല, മുഹമ്മദ് ഖാസിം മാല, മഖ്ദൂം മാല നേര്‍ച്ചപ്പാട്ട്, ശാദുലി റാത്തീബ്, മുഹ്യിദ്ദീന് റാത്തീബ്, രിഫായി റാത്തീബ്, ബദവി റാത്തീബ് തുടങ്ങിയവ അവസരോചിതമായി പല വീട്ടുകാരും ചൊല്ലിക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാല്‍ ഏഴാം മാസംമുതല്‍ സൂറത്തുല്‍ അന്‍ആം ഓതുകയും ബുര്‍ദ ഓതി മന്ത്രിക്കുകയും പ്രസവാസന്ന സമയത്ത് മഞ്ഞക്കുളം മാല ചൊല്ലിപ്പിക്കുകയും പതിവായിരുന്നു. കുത്ത്റാത്തീബിന് നേതൃത്വം നല്‍കിയിരുന്നത് പ്രധാനമായും കോടമ്പിയകത്ത് അറമാട്ടി മുസ്ലിയാരായിരുന്നു.
കാലം മാറി സ്ഥിതി മാറി, പഴയ ആചാരാനുഷ്ഠാനങ്ങളൊക്കെ പലയിടത്തും കുറഞ്ഞു. റബീഉല്‍ അവ്വല്‍ മൗലീദ് പതിനൊന്ന് ദിവസമായി ചുരുങ്ങി. ചില വീടുകളിലും പള്ളികളിലും ഒരു മാസവും, നാല്‍പ്പത് ദിവസവും ഓതാറുണ്ട്. വീടുകളിലും പള്ളികളിലും സുബ്ഹി, അസര്‍, മഗ്രിബ്, ഇശാഅ് നിസ്കാരങ്ങള്‍ക്ക് ശേഷമാണ് മൗലിദ് പാരായണം. 12-ാം രാവ് (നബിദിനം) സമാപന ദിവസം പള്ളിയും പരിസരവും ദീപാലംകൃതമാകും. മന്ഖൂസ് മൗലിദിന് പുറമെ ഹംസിയ തുടങ്ങി മൗലിദുകളും അദ്കാറുകളും ചൊല്ലാറുണ്ട്. ചീരണി, കാവ, തരിക്കഞ്ഞി, മധുരപാനീയ വിതരണവും അന്നദാനവും അന്ന് നടക്കും. വലിയ പള്ളിയിലെ മൗലിദ്, അദ്കാറുകള്‍ക്ക് നൂറ് കണക്കിന് ഭക്തര്‍ പങ്കെടുക്കും. മദ്രസകള്‍ ജാഥയും പൊതുസമ്മേളനവും പഠിതാക്കളുടെ സര്‍ഗ്ഗ പ്രതിഭ മാറ്റുരക്കുന്ന മത്സര പരിപാടികളും സംഘടിപ്പിക്കും. ഇങ്ങനെ വിവിധ ആചാരാനുഷ്ഠാനങ്ങളും തനിമയും പെരുമയും നെഞ്ചിലേറ്റുന്ന പ്രദേശമാണ് പൊന്നാനി.
ടിവി അബ്ദുറഹിമാന്‍കുട്ടി
You must be logged in to post a comment Login