‘Marinus du warst es nicht’
”മറീനസ് അത് നീയായിരുന്നില്ല”
(Einstürzende Neubauten എന്ന ലോകപ്രശസ്ത അവാംഗാദ് സംഗീത ബാന്റിന്റെ വിഖ്യാത ഗാനം).
പാട്ടുകേള്‍ക്കും മുന്‍പ് അല്‍പം ചരിത്രം കേള്‍ക്കാം. കേട്ടിട്ടുണ്ടാവും. പക്ഷേ, ആവര്‍ത്തിച്ച് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുള്ള ചരിത്രമാണ് പറയുന്നത്. ഓര്‍മകള്‍ ഉണ്ടായിരിക്കാന്‍ ആവര്‍ത്തനങ്ങള്‍ നല്ലതാണല്ലോ?
മറീനസ് വാന്‍ഡേര്‍ ലൂബയെക്കുറിച്ചാണ് പാട്ട്. മറക്കരുത്, ചരിത്രമെന്നതുപോലെ വാന്‍ഡേര്‍ ലൂബയെ. കള്ളം നൂറാവര്‍ത്തിച്ച് സത്യമാക്കുന്ന ഒരു വിദ്വാനുണ്ടായിരുന്നു നാസി ജര്‍മനിയില്‍. പേര് ജോസഫ് ഗീബല്‍സ്. ആ ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ആദ്യ ഇര വാന്‍ഡേര്‍ ലൂബയായിരുന്നു. തെക്കന്‍ ഹോളണ്ടിലെ ലെയ്ദന്‍ പ്രവിശ്യക്കാരന്‍. കുഴപ്പം പിടിച്ച ബാല്യം. അനാഥത്വം. ലൂബ വളര്‍ന്നു, പലയിടങ്ങളില്‍. ഇഷ്ടികച്ചൂളയില്‍ പണിയെടുത്തു. ജര്‍മന്‍ ജൂതനായ കാള്‍ മാര്‍കസിന്റെ കമ്യൂണിസവും അതിന്റെ റഷ്യന്‍ ്രപയോഗവും പടരുന്ന കാലം. അടിമുടി തൊഴിലാളിയായ ലൂബ കമ്യൂണിസ്റ്റായി. തൊഴിലാളികളെ സംഘടിപ്പിച്ചു. 1925-ലെ തൊഴിലാളി മുന്നേറ്റത്തില്‍ ഭാഗഭാക്കായി. ഡച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗവുമായി. 1926-ല്‍ ഇഷ്ടികച്ചൂളയില്‍ ഉണ്ടായ അപകടത്തില്‍ ലൂബക്ക് പരിക്കേറ്റു. ഏതാണ്ട് പൂര്‍ണമായും കാഴ്ചപോയി. അപ്പോഴും തൊഴിലാളി രാഷ്്രടീയത്തിന്റെ പതാക ൈകവിട്ടില്ല. ലെയ്ദനിലും മറ്റിടങ്ങളിലും തൊഴിലാളി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. നേതൃത്വം വഹിച്ചു. അക്കാലത്തെ എല്ലാ കമ്യൂണിസ്റ്റുകളെയും പോലെ വാന്‍ഡേര്‍ ലൂബയുടെയും സ്വപ്‌നഭൂമി സോവിയറ്റ് യൂണിയനാണ്. അങ്ങോട്ട് പോകാന്‍ പണം തികഞ്ഞില്ല. എത്തിപ്പെട്ടത് ജര്‍മനിയില്‍.
പിന്നെയാണ് ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒരു ഗൂഢാലോചന. വര്‍ഷം 1933. ആ വര്‍ഷം ജനുവരിയിലാണ് ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആദ്യമായി ചാന്‍സലറാവുന്നത്. സര്‍വകളിയും കളിച്ചിട്ടും ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാനേ ഹിറ്റ്‌ലര്‍ക്ക് കഴിഞ്ഞുള്ളൂ. കമ്യൂണിസ്റ്റുകളാവട്ടെ അനുദിനം ശക്തിയാര്‍ജിക്കുന്നു. മുഖ്യപ്രതിപക്ഷവും അവരാണ്. കൂട്ടുകക്ഷി സര്‍കാരിന്റെ ചാന്‍സലറായി ഹിറ്റ്‌ലര്‍ അധികാരമേറ്റത് 1933 ജനുവരി 30 നാണ്. ഹിന്‍ഡന്‍ ബര്‍ഗാണ് രാഷ്ട്രത്തലവന്‍. തന്ത്രം വേണ്ടുവോളമുള്ള ഹിറ്റ്‌ലര്‍ ജര്‍മന്‍ പാര്‍ലമെന്റായ റെയ്ഷ്ടാഗ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഹിന്‍ഡന്‍ ബര്‍ഗിനെ നിര്‍ബന്ധിക്കുന്നു. 1933 മാര്‍ച്ച് അഞ്ചിന് തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണയാവുന്നു.
ഇനിയാണ് മറീനസ് വാന്‍ഡേര്‍ ലൂബ ലോക ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാവുന്നത്. തിരഞ്ഞെടുപ്പിന് ഏതാനും നാള്‍ മുമ്പ്, ഫെബ്രുവരി 27-ന് ജര്‍മന്‍ പാര്‍ലമെന്റായ റെയ്ഷ്ടാഗിന് തീപിടിക്കുന്നു. കത്തിത്തുടങ്ങും മുമ്പേ മന്ദിരത്തിന് മുന്നിലെത്തിയ ഹിറ്റ്‌ലറും മന്ത്രി ഗീബല്‍സും തീ കൊളുത്തിയത് കമ്യൂണിസ്റ്റുകാരാണെന്ന് പ്രഖ്യാപിക്കുന്നു. നിര്‍ഭാഗ്യവാനും അന്ധനുമായ ആ ഇഷ്ടികത്തൊഴിലാളിയെ, മറീനസ് വാന്‍ഡര്‍ ലൂബയെ റെയ്ഷ്ടാഗിന്റെ സമീപത്ത് നിന്ന് പൊലീസ് പിടികൂടുകയും ചെയ്തു. തൊഴിലാളി മാര്‍ച്ചുകളില്‍ പങ്കെടുത്ത് ജര്‍മന്‍ പാര്‍ലമെന്റിന് തീയിടണമെന്ന് മുദ്രാവാക്യം മുഴക്കിയിട്ടുള്ള പാവം വാന്‍ഡര്‍ ലൂബ അത് ഞാനല്ല എന്ന് തിരുത്തിയിട്ടുണ്ടാവില്ല എന്ന് പില്‍ക്കാല ചരിത്രം. ലൂബയെ മുന്‍നിര്‍ത്തി ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ കമ്യുണിസ്റ്റ് വിരുദ്ധ തരംഗമിളക്കി. ആ തരംഗത്തില്‍ മിന്നുന്ന വിജയം നേടി അയാള്‍ സര്‍വാധിപതിയായി. പരസ്യ വിചാരണക്കൊടുവില്‍ ലൂബ വധിക്കപ്പെട്ടു.
ചരിത്രത്തിന് ഒരു നെറിയുണ്ട്. കാലത്തിന്റെ നദീപ്രവാഹത്താല്‍ ചരിത്രം അതിന്റെ കളങ്കങ്ങളെ പുറത്തുകാട്ടും. ഇന്ന് ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെ മുന്നണി ഓര്‍മയാണ് ലൂബ. അന്ധനും നിസ്സഹായനുമായ അയാള്‍ ഫാഷിസ്റ്റ് ഗൂഢാലോചനയുടെ ഇരയാവുകയായിരുന്നു. ഗീബല്‍സിന്റെ നുണക്കരുത്തില്‍ ഹിറ്റ്‌ലര്‍ നടത്തിയ ഗൂഢാലോചന. പില്‍ക്കാല ജര്‍മനിയിലെ വിപ്ലവ ബാന്റുകളിലൊന്നിന്റെ ജനപ്രിയ ഗാനം ലൂബക്ക് സമര്‍പ്പിച്ചിരിക്കുന്നു. ജര്‍മനിയും ലോകവും അതേറ്റു പാടുന്നു; മറീനസ് അത് നീയായിരുന്നില്ല. റെയഷ്ടാഗിന് തീകൊളുത്തി ഹിറ്റ്‌ലര്‍ അധികാരം പിടിക്കുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന് എട്ട് വയസ്സാണ്. പിച്ചവെക്കുന്നു. പിന്നെയും 33 വര്‍ഷം കഴിഞ്ഞ് ആര്‍.എസ്.എസ് അതിന്റെ വിധ്വംസകമായ പ്രഖ്യാപനം നടത്തുന്നുണ്ട്. മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലൂടെ, 1966-ല്‍. കമ്യൂണിസ്റ്റുകളും മുസ്‌ലിംകളും ദേശീയ ഭീഷണിയാണെന്നായിരുന്നു ആ വാദം. അന്ന് കമ്യൂണിസ്റ്റുകളുടെ ഇന്ത്യന്‍ ഈറ്റില്ലം കേരളവും ഈറ്റുപുര കണ്ണൂരുമാണ്. കണ്ണൂരാകട്ടെ മുസ്‌ലിം ജനസംഖ്യ നിര്‍ണായകമായുള്ള ദേശവും.
വിചാരധാര പുറത്ത് വന്നതിന്റെ അഞ്ചാമാണ്ടിലാണ് തലശ്ശേരിയില്‍ ചോരവീണത്. ജഗന്നാഥ ക്ഷേത്ര ഉല്‍സവഘോഷയാത്ര മുസ്‌ലിംകള്‍ അക്രമിച്ചു എന്ന നുണബോംബ് പൊട്ടിയതാണ് ക്ഷിപ്രകാരണം. മുസ്‌ലിംകള്‍ ഹിന്ദു സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു എന്ന നുണയും പരത്തി. വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടു. അന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂത്തുപറമ്പില്‍ നിന്നുള്ള എം.എല്‍.എ ആണ്. എം.വി രാഘവന്‍ സി.പി.എമ്മിലുണ്ട്. ഇരുവരുടെയും നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ രംഗത്തിറങ്ങി. ചകിതരായിപ്പോയിരുന്ന മുസ്‌ലിം സമുദായത്തിന് സി.പി.എം സംരക്ഷണമൊരുക്കി. പള്ളികള്‍ക്ക് കാവല്‍ നിന്നു. ആര്‍.എസ്.എസിന്റെ രണ്ട് ഭീഷണികള്‍, കമ്യൂണിസ്റ്റുകളും മുസ്‌ലിംകളും ആര്‍.എസ്.എസിനെതിരെ ഒരുമിച്ച് നിലയെടുത്തു നിന്നു. കലാപത്തില്‍ കൂട്ടക്കൊലപാതകങ്ങള്‍ ഉണ്ടായില്ല. കലാപം അന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ ഇങ്ങനെ കണ്ടെത്തി:
”നൂറ്റാണ്ടുകളായി തലശ്ശേരിയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആര്‍എസ്എസും ജനസംഘവും തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്‌ലിം വിരുദ്ധപ്രചാരണം മുസ്‌ലിംകളെ അവരുടെ സാമുദായികസംഘടനയായ മുസ്‌ലിം ലീഗിനു പിന്നില്‍ അണിനിരത്താന്‍ കാരണമായി. ഈ സാമുദായിക സ്പര്‍ധയാണ് ലഹളക്ക് വഴിയൊരുക്കിയത്.”
ഇങ്ങനെയും കണ്ടെത്തി:
”തലശ്ശേരിയിലെ ഹിന്ദുക്കളില്‍ മുസ്‌ലിം വിരുദ്ധവികാരം വളര്‍ത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആര്‍.എസ്.എസ്. സജീവ പങ്കാളിത്തമാണ് വഹിച്ചത് എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസംഘിനും ആര്‍.എസ്.എസിനും തമ്മില്‍ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘിന്റെ സൈനിക വിഭാഗമായിട്ടാണ് ആര്‍.എസ്.എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗവും.”
ചരിത്രം കഴിഞ്ഞു. കഥകള്‍ കേട്ടല്ലോ. സാദൃശ്യങ്ങളും സമന്വയങ്ങളും സമയമുള്ളവര്‍ക്ക് നടത്താം. ഒരു തീവെപ്പോ ഒരു നുണയോ ഒന്നും യാദൃച്ഛികമല്ല എന്ന് പറയുകയായിരുന്നു. ആസൂത്രിതമായ ദീര്‍ഘകാല പദ്ധതികളാണ് എല്ലാം. ഇന്ത്യന്‍ ജനാധിപത്യത്തിനോ അതില്‍ത്തന്നെ കേരളത്തിന്റെ സൗഹാര്‍ദ സ്വഭാവമുള്ള രാഷ്ട്രീയ കിടമല്‍സരത്തിനോ പരിചിതമല്ലാത്ത വിധം ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള ആസൂ്രതണങ്ങള്‍. കണ്ണൂരിലായിരുന്നു ഇവയുടെ തുടക്കം. ഇതേ പംക്തിയില്‍ നമ്മള്‍ ദീര്‍ഘമായി പറഞ്ഞതാണ് ആ കഥ. ബീഡിത്തൊഴിലുമായി ബന്ധപ്പെട്ട് തിടംവെച്ച അജണ്ടകള്‍. രാഷ്ട്രീയമെന്ന് കരുതി കൊരുത്ത് സി.പി.എം തലവെച്ചുകൊടുത്ത നാഗ്പൂര്‍ പദ്ധതി. ഇരുവശത്തും കൊന്നൊടുക്കലുകള്‍ ഉണ്ടായി. ഒരു വശത്തേത്, സംഘ്പരിവാറിലേത് പ്രവചിക്കപ്പെട്ട മരണങ്ങള്‍ ആയിരുന്നു എന്ന് മാത്രം.
ആ അജണ്ടയുടെ പുതിയ വ്യാപനം ്രശദ്ധിക്കൂ. അത് കേരളത്തിന്റെ തലസ്ഥാനത്തേക്കാണ്. സമീപകാലത്ത് നടന്ന ആറ് കൊള്ളിവെപ്പുകളിലേക്കും കൊലപാതകത്തിലേക്കും സംഘര്‍ഷത്തിലേക്കും കോര്‍പറേഷന്‍ ഓഫീസിലേക്കും കണ്ണോടിക്കൂ. നിങ്ങളില്‍ ചരിത്രബോധമുള്ളവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്നില്ലേ? ബോധ്യപ്പെടും.
എന്തുകൊണ്ട് തിരുവനന്തപുരം? ഉത്തരം ലളിതമാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ പൊറാട്ട് ആചാരങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരു മതകീയത തിരുവനന്തപുത്തിന്റെ അടിസ്ഥാന ജീവിതത്തിലുണ്ട്. തിരുവിതാംകൂറിന് പൊതുസമൂഹം നിരുത്തരവാദപരമായി അനുവദിച്ച ‘ജാതിപറഞ്ഞാലെന്താ’ എന്ന ജല്‍പനത്തിന്റെ ആനുകൂല്യം തിരുവനന്തപുരത്തിന്റെ മധ്യ ഉപരിവര്‍ഗത്തിലുണ്ട്. വേരുകളില്ലാത്ത തല്‍കാല തന്‍കാര്യം നോക്കികളായ വലിയ വിഭാഗം ജനത തിരുവനന്തപുരത്തുണ്ട്. കണ്ണൂരില്‍ ജനതയുടെ വേരുകളും സാമൂഹികമായ മതേതര നില്‍പും ആയിരുന്നു സംഘ്പരിവാറിന്റെ ബാലികേറാമല. അത്ര ദുഷ്‌കരമല്ല തിരുവനന്തപുരം. നേമത്തെ തിരഞ്ഞെടുപ്പ് വിജയവും കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ കുതിപ്പും അത് അടിവരയിടുന്നുണ്ട്. കോളനികള്‍ അതും ജാതി കോളനികള്‍ വ്യാപകമായ ഒരിടത്തെ പ്രാദേശികമായ അസംതൃപ്തികളെ കാവിപുതപ്പിക്കുക ഏറെക്കുറെ എളുപ്പവുമാണ്. തലസ്ഥാനം എന്ന നിലയിലെ വാര്‍ത്താകേന്ദ്ര പദവിയും ആത്യന്തികമായി ഗുണം ചെയ്യുകയും ചെയ്യും.
നോക്കൂ, കോഴ വിവാദത്തില്‍ സംഘ്പരിവാറിന്റെ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായ ആ രാത്രി എത്ര സംഘടിതമായാണ് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ വീടിനുനേരെ ചെറിയ ആക്രമണം ഉണ്ടായത്. തിരിച്ചടി ചോദിച്ച് വാങ്ങിയത്. ഇപ്പോളും സംശയങ്ങള്‍ അവശേഷിക്കുന്ന കൊലപാതകം, അതും നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ഒരു പിന്നോക്ക വിഭാഗക്കാരന്‍ കൊല്ലപ്പെട്ടത്. എന്തുണ്ടായി? കേരളത്തില്‍ സംഘ്പരിവാറിന്റെ അടിവേരിളക്കാന്‍ പോന്ന ഒരു അഴിമതി ആരോപണം മാഞ്ഞും തേഞ്ഞും പോയി. അപ്രതീക്ഷിതമായ നീക്കത്തില്‍ അടിപതറിയ സി.പി.എം നടത്തിയ പ്രത്യാക്രമണങ്ങള്‍ അവര്‍ക്ക് വിനയായി. കേന്ദ്ര മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം നടന്നു. സംസ്ഥാന സര്‍ക്കാര്‍, അതും വന്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ പിരിച്ചു വിടലിന്റെ നിഴലിലായി.
അതിന്റെ ആസൂത്രിതമായ തുടര്‍ച്ചകള്‍ തുടരുകയാണ്. കോര്‍പറേഷന്‍ ഓഫീസില്‍ ഗുണ്ട ആക്രമണം നടക്കുന്നു. മേയര്‍ക്ക് പരിക്കേല്‍ക്കുന്നു. സംഘ്പരിവാര്‍ നേതൃത്വം ഉണരുന്നു. സ്വാഭാവികമായും ഒരു തിരിച്ചടിയാണ് അവര്‍ ആഗ്രഹിച്ചത്. പക്ഷേ, സി.പി.എം അതിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി സംയമനം പാലിച്ചു. ഈ കുറിപ്പ് എഴുതുന്ന സമയം വരെയെങ്കിലും. ആ സംയമനം മാത്രമാണ് സംഘ്പരിവാറിന് തിരിച്ചടിയായത്. അതേ, പറഞ്ഞത് അത് തന്നെയാണ് സംയമനമാണ് തിരിച്ചടിയായത്. കാര്യങ്ങള്‍ വ്യക്തമല്ലേ?
മാധ്യമങ്ങളോ? തിരുവനന്തപുരത്തേത് കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു സംഘ് അജണ്ടയാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിന് അറിഞ്ഞും അറിയാതെയും കുടപിടിച്ചു. സെന്‍സേഷണല്‍ തലക്കെട്ടുകളും ആക്രോശത്തില്‍ അധിഷ്ഠിതമായ ചര്‍ച്ചകളും കൊണ്ട് കളം കൊഴുപ്പിച്ചു. 1933 -കളില്‍ ഹിറ്റ്‌ലര്‍ക്ക് വേണ്ടി അന്ന് മാധ്യമങ്ങള്‍ നടത്തിയതായി പില്‍ക്കാലത്ത് തെളിഞ്ഞ അഴിമതിയുടെ തനിയാവര്‍ത്തനം. വാര്‍ത്തയെ നഗ്‌നമായി വളച്ചൊടിച്ചു. ഫോട്ടോഗ്രാഫുകളില്‍ കൃത്രിമം കാട്ടി. വാര്‍ത്തകളിലൂടെ ഒരു നാടിനെ തങ്ങള്‍ ആട്ടിത്തെളിക്കുന്നത് എവിടേക്കാണെന്ന് അവര്‍ തിരിച്ചറിഞ്ഞുമില്ല. കേരള രക്ഷാ യാത്രയെ നോക്കൂ. അക്ഷരാര്‍ഥത്തില്‍ പരാജയപ്പെട്ട ആ കേരള യാത്രയോടുള്ള മാധ്യമ സമീപനം വരുംകാല മാധ്യമ വിദ്യാര്‍ഥികള്‍ക്ക് വലിയ പഠനവിഷയമാണ്. ഫാഷിസ്റ്റുകാല മാധ്യമ പ്രവര്‍ത്തനത്തിന് ഗവേഷണ വിഷയവും.
യു.ഡിഎഫാകട്ടെ അപകടം തിരിച്ചറിയുന്നില്ല. രാജ്യവ്യാപകമായി ഫാഷിസത്തിനെതിരില്‍ വിശാല സഖ്യം എന്ന് നാഴികക്ക് നാല്‍പത് വട്ടം വിലപിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ മതസൗഹാര്‍ദ സമൂഹമായ കേരളം സംഘ്പരിവാര്‍ റാഞ്ചാനൊരുങ്ങുന്നത് നോക്കിനില്‍ക്കുകയാണ്. എട്ടരപ്പതിറ്റാണ്ട് പഴക്കമുള്ള ഫാഷിസ്റ്റ് തന്ത്രം ഒരു മറയുമില്ലാതെ നടപ്പാക്കുന്നത് കണ്ടിട്ടും അവര്‍ നിശബ്ദരാണ്.
ആവര്‍ത്തിക്കും എന്നുറപ്പാണ്. എത്ര സംയമനം പാലിച്ചാലും പലയിടങ്ങളില്‍ ആക്രമണം ഉണ്ടാകും. കാരണം അത്ര സുസംഘടിതമാണ് അവരുടെ പദ്ധതി. കമ്യൂണിസ്റ്റുകാരെ വീഴ്ത്തുക എന്നാല്‍ അടുത്ത ദേശീയ പ്രശ്‌നമായ മുസ്‌ലിംക ളിലേക്ക് അടുക്കുക എന്നും അര്‍ത്ഥമുണ്ട്. അതാണ് പദ്ധതിയെന്ന് ചരി്രതം ഒരാവര്‍ത്തി വായിച്ചാല്‍ ബോധ്യമാവും.
ഇന്ത്യയില്‍ എമ്പാടും ഒരറ്റത്ത് സംഘ്പരിവാറുള്ള സംഘര്‍ഷങ്ങളിലേക്കും കൂട്ടക്കൊലപതാകങ്ങളിലേക്കും നിങ്ങള്‍ വെറുതെ കണ്ണോടിക്കുക. ഗുജറാത്തിന്റെയും ഗോധ്രയുടെയും വസ്തുത ഇന്ന് വ്യക്തമാണ്. അഖ്‌ലാക്ക് ഇന്ന് വ്യക്തമാണ്. ഗോ രക്ഷ ഇന്ന് വ്യക്തമാണ്. പത്മാവതി എന്ന തട്ടുപൊളിപ്പന്‍ സിനിമ ഇന്ന് വ്യക്തമാണ്. തികച്ചും സംഘ്പരിവാര അനുകൂലമായ ഭിന്നതയാണ് ആ സിനിമയുടെ കാര്യത്തിലുള്ളൂ. ഇത് തിരിച്ചറിയാതെ ദേശീയ പത്രങ്ങള്‍ അച്ചുനിരത്തുന്നു. ഹാദിയ കേസില്‍ രാഹുല്‍ ഈശ്വര്‍ എന്ന പോലെ പത്മാവതിയില്‍ അര്‍ണബ് ഗോസാമിയും സംഘ്പരിവാറിനെതിരില്‍ ഫാന്‍സി ഡ്രസ് ആടുന്നു. ഈ ദേശീയാന്തരീക്ഷത്തെ പരിഗണിച്ച് മാത്രമേ നമുക്ക് തിരുവനന്തപുരത്തെ അജണ്ടയെ മനസ്സിലാക്കാനാകൂ. പത്മനാഭ സ്വാമി ക്ഷേത്രവും രാജഭൂതകാലവും ചേര്‍ന്ന് തിരുവനന്തപുരത്ത് നല്ല വളക്കൂറുണ്ടാക്കിയിട്ടുണ്ട് സംഘ്പരിവാരത്തിന് എന്നതും മറക്കരുത്.
പതിവില്ലാത്ത സംയമനത്തിന് സി.പി.എമ്മിന് നന്ദി. അവര്‍ വിതച്ചതാണ് സംഘം കൊയ്യുന്നത് എന്ന കാതലായ വിമര്‍ശനം അവിടെ നില്‍ക്കട്ടെ. പഴങ്കഥകള്‍ പറഞ്ഞ് തമ്മില്‍ തല്ലിയാല്‍ തല പോകും. ഇതല്ല തിരുവനന്തപുരമെന്നും ജാതിവിരുദ്ധ മഹാസമരങ്ങളുടെയും സര്‍വമത സൗഹാര്‍ദത്തിന്റെയും വിപ്ലവോന്‍മുഖമായ നവോത്ഥാനത്തിന്റെയും ഭൂമിയാണ് തിരുവനന്തപുരമെന്നും മനസ്സിലാക്കിയുള്ള ബഹുമുഖ ചെറുത്തുനില്‍പാണ് അനിവാര്യം. അതിന് ഒന്നിച്ച് നിന്നില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും സങ്കടഭരിതമായ ആ കുറ്റസമ്മത ഗാനം നമുക്കും ആവര്‍ത്തിക്കേണ്ടി വരും. മറീനസ്, അത് നീയായിരുന്നില്ല എന്ന ഗാനം.
കെ കെ ജോഷി
You must be logged in to post a comment Login