പതിനെട്ടാം നൂറ്റാണ്ടില്‍ ഹിജാസില്‍ നടന്ന വഹാബീ കര്‍സേവയുടെ കാലത്താണ് അവസാനമായി ദാറുല്‍ അര്‍ഖം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഹിജ്‌റ 1217 ലായിരുന്നു മുത്തുനബിയുടെ(സ) ജന്മദേശമായ മക്കയിലേക്ക് ഭീകരതയുടെ കലാപക്കൊടിയുയര്‍ത്തി വഹാബിസം മാര്‍ച്ചു ചെയ്തത്. ഇബ്‌നു സുഊദിന്റെ പട്ടാളം മുസ്‌ലിം ചരിത്രത്തില്‍ ചോര പുരട്ടുന്നത് അവിടുത്തെ നാഗരിക സ്മാരകങ്ങളും സാംസ്‌കാരിക പ്രതീകങ്ങളും തല്ലിത്തകര്‍ത്തു കൊണ്ടായിരുന്നു. ജന്നതുല്‍ ബഖീഅ്, ജന്നതുല്‍ മുഅല്ല, തിരുനബിയുടെ ജന്മ വീട്, അബൂബക്കര്‍(റ), ഖദീജ(റ) എന്നിവരുടെ ഭവനങ്ങള്‍ തുടങ്ങി മുസ്‌ലിംചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ട കൂട്ടത്തില്‍ ദാറുല്‍ അര്‍ഖം എന്ന ചരിത്ര പ്രസിദ്ധമായ ഭവനവും നാമാവശേഷമായി. ബാബുല്‍ അര്‍ഖം എന്നെഴുതിയ കവാടവും ദാറുല്‍ അര്‍ഖം എന്ന നാമധേയത്തിലുള്ള കെട്ടിടവും വേരറുക്കുകയായിരുന്നു അവര്‍.ദാറുല്‍ അര്‍ഖം പ്രവാചക ചരിത്രത്തിലെ പ്രാരംഭ കാല പ്രബോധനത്തിന്റെ വളരെ ചുരുങ്ങിയ കാലഘട്ടത്തെയാണ് അനാവരണം ചെയ്യുന്നത്. ദുരിതപര്‍വങ്ങള്‍ താണ്ടിയ തിരുനബിയുടെ പ്രബോധനത്തിന്റെ ബാല്യകാലത്ത് തിരുനബിക്കും(സ) സഖാക്കള്‍ക്കും രക്ഷാകവചമൊരുക്കിയത് സ്വഫാ പര്‍വതത്തിന്റെ കിഴക്കു ഭാഗത്തുള്ള അര്‍ഖമു ബ്‌നു അബില്‍ അര്‍ഖമിന്റെ(റ) കൊച്ചു കൂരയായിരുന്നു. ഖുറൈശികളില്‍ നിന്നുള്ള എതിര്‍പ്പിന്റെ തീക്ഷ്ണതയാണ് തിരുനബിയെ തന്റെ ദൗത്യത്തിന്റെ നാലാം വര്‍ഷത്തില്‍ ആദ്യകാല വിശ്വാസികളിലൊരാളായ അര്‍ഖമിന്റെ വസതിയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. അന്യനാട്ടുകാരും തീര്‍ത്ഥാടകരും ഇടക്കിടെ വന്നുകൊണ്ടിരുന്ന ഒരു സുപ്രധാന സ്ഥലത്തായിരുന്നു ആ വസതി. തന്റെ അടുത്തെത്തുന്നവര്‍ക്ക് പ്രബോധനം നടത്താന്‍ ഏറ്റവും സൗകര്യയോഗ്യമായ സ്ഥലവും ഇതു തന്നെയായിരുന്നു. മക്കയിലെ ഇസ്‌ലാമിക പ്രചാര ചരിത്രത്തില്‍ ഈ ഭവനത്തിലേക്കുള്ള മാറ്റം ഏറെ നിര്‍ണായകമാണ്. മുസ്‌ലിം പക്ഷത്ത് വെറും മുപ്പതാളുകള്‍ മാത്രമുള്ള സമയത്താണ് ദാറുല്‍ അര്‍ഖമിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിന്റെ ആസ്ഥാനം മാറ്റുന്നത്. ഖുറൈശികള്‍ അവരുടെ കുതന്ത്രങ്ങള്‍ മെനഞ്ഞിരുന്ന ദാറുന്നദ്‌വയില്‍ നിന്ന് ഈ ഭവനം ഏറെ അകലെയായിരുന്നു. എന്നാല്‍ മക്കയില്‍ നിന്ന് അത്രയൊന്നും അകലെയുമായിരുന്നില്ല. ഇത് ശത്രുക്കളില്‍ നിന്നുള്ള സുരക്ഷിതത്വം വര്‍ധിപ്പിച്ചു. ഉയരം കുറഞ്ഞ സ്വഫാ കുന്നിന്റെ പ്രാന്തത്തിലുള്ള ഈ ദേശത്ത് കച്ചവടത്തിരക്കുകളോ ജനവാസമോ ഇല്ലാത്തത് കാരണം സ്വഹാബാക്കളുടെ ഇങ്ങോട്ടുള്ള സഞ്ചാരം രഹസ്യമായിത്തന്നെ നിലനിര്‍ത്താനായി. ഏകദേശം എട്ടു മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയുമുള്ള ഈ വീട് പ്രവാചകര്‍ക്കും സംഘത്തിനും നല്‍കിയ ആശ്വാസം ചെറുതൊന്നുമായിരുന്നില്ല. ദരിദ്രനും ഖുറൈശികളില്‍ വലിയ സ്ഥാനമാനങ്ങളൊന്നും വഹിക്കാത്തയാളുമായ അര്‍ഖമിന്റെ വീടുതന്നെ പ്രബോധന കേന്ദ്രമായി തിരെഞ്ഞെടുത്തതും ശത്രുക്കളുടെ കണ്ണില്‍ നിന്നും സ്വഹാബത്തിനെ മറച്ചു പിടിക്കാനായിരുന്നു. ചരിത്രകാരനായ ഡോ. രിസ്ഖുല്ല അഹ്മദ് സീറതുന്നബവിയ്യയില്‍ പറയുന്നത് കാണാം. ഖുറൈശികളില്‍ നിന്നു രക്ഷതേടി പ്രാരംഭ ഘട്ടത്തില്‍ ഒളിത്താവളമായി ദാറുല്‍ അര്‍ഖം സ്വീകരിച്ചത് പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടായിരുന്നു. അര്‍ഖമിന്റെ(റ) ഇസ്‌ലാമികാശ്ലേഷണം മക്കയിലെ അധികമാളുകള്‍ക്കും അറിയില്ലായിരുന്നു. ഇത് ദാറുല്‍ അര്‍ഖം സംശയിക്കപ്പെടാതിരിക്കാന്‍ കാരണമായി. മുസ്‌ലിമാവുന്ന കാലത്ത് അര്‍ഖം (റ) പതിനാറു വയസ്സുള്ള യുവാവായിരുന്നു. ഇതുകൊണ്ട് തന്നെ ശത്രുക്കളുടെ ശ്രദ്ധ മുഴുവനും പ്രഗത്ഭരായ സ്വഹാബത്തിന്റെ വീടിനു നേര്‍ക്കായിരിക്കും. മാത്രമല്ല, ബനൂഹാശിം ഗോത്രത്തിനെതിരെയുള്ള യുദ്ധത്തിന്റെ പതാകവാഹകരായ മഖ്‌സൂം ഗോത്രാംഗമാണ് അര്‍ഖം(റ). കുലബോധം തലക്കു പിടിച്ച അറബ് സമൂഹത്തില്‍ മുഹമ്മദ്(സ) – അര്‍ഖം കൂട്ടുകെട്ട് സങ്കല്‍പങ്ങള്‍ക്കും അപ്പുറമാണ്. വീട്ടുകാരനിലേക്ക് ചേര്‍ത്താണ് ഈ വീട് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. ഇസ്‌ലാമിലേക്ക് ഏഴാമനായി കടന്നു വന്ന അര്‍ഖം (റ) തിരുനബിയുടെ അടുത്ത കൂട്ടുകാരന്‍ കൂടിയായിരുന്നു. മഖ്‌സൂമി ഗോത്രക്കാരനായ അബ്ദുമനാഫു ബ്‌നു അസദായിരുന്നു അര്‍ഖമിന്റെ പിതാവ്. അബില്‍ അര്‍ഖം എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം മക്കയിലെ പ്രമാണിയായിരുന്നു. ഏറെ പ്രസിദ്ധമായ ഫില്‍ഫുല്‍ ഫുളൂലില്‍ മഖ്‌സൂമീ ഗോത്രത്തെ പ്രതിനിധീകരിച്ച് സംസാരിച്ചതും അര്‍ഖമിന്റെ പിതാവു തന്നെയായിരുന്നു. വെളിച്ചത്തിന്റെ വൈതാളികരായ ഖുറൈശികള്‍ നിരന്തരം അക്രമ ശരങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ തന്റെ വീട് പകുത്തു നല്‍കി മുസ്‌ലിം പക്ഷത്തെ സംരക്ഷിച്ച അര്‍ഖമിന്ന് മുത്തുനബി(സ) ബദര്‍ യുദ്ധ വേളയില്‍ തന്റെ കരവാള്‍ സമ്മാനിച്ചിരുന്നു. മുത്തുനബിയോടൊപ്പം എല്ലാ യുദ്ധങ്ങളിലും അര്‍ഖമും(റ) പങ്കെടുത്തിരുന്നു. ഒരിക്കലദ്ദേഹത്തിനു ബൈത്തുല്‍ മുഖദ്ദസില്‍ പോയി നിസ്‌കരിക്കണമെന്ന ആഗ്രഹമുണ്ടായി. യാത്രക്കുള്ള സര്‍വ സന്നാഹങ്ങളുമായി അര്‍ഖം(റ) നബിയോട്(സ) യാത്ര പറയാനൊരുങ്ങി. നബി ചോദിച്ചു.ഈ യാത്ര കൊണ്ടുള്ള നിന്റെ പ്രാധാന ഉദ്ദേശ്യമെന്താണ്? കച്ചവടമോ അതോ മറ്റു വല്ലതുമാണോ? ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് രണ്ട് റക്അത്ത് നിസ്‌കരിക്കാനാണ് നബിയേ അര്‍ഖം (റ) പ്രതിവചിച്ചു. ഇതുകേട്ട നബി(സ) പറഞ്ഞു. എങ്കില്‍ മനസ്സിലാക്കുക, എന്റെ പള്ളിയിലെ (മസ്ജിദു ന്നബവി) ഒരു നിസ്‌കാരം മസ്ജിദുല്‍ ഹറം ഒഴികെയുള്ള ഏത് പള്ളിയിലേയും ആയിരം റക്അതിനേക്കാള്‍ പ്രതിഫലാര്‍ഹമാണ്. അതോടെ അര്‍ഖം(റ) തന്റെ യാത്രയവസാനിപ്പിച്ചു.ദാറുല്‍ അര്‍ഖം ഇസ്‌ലാമിക പ്രബോധനത്തിന്റെ പരിശീലനക്കളരിയായിരുന്നു. ശിഷ്യന്മാര്‍ക്ക് വിശുദ്ധഖുര്‍ആന്‍ അധ്യാപനങ്ങളോടൊപ്പം സഹനത്തിന്റെയും സംസ്‌കരണത്തിന്റെയും ശ്രേഷ്ഠമായ പാഠങ്ങള്‍ തിരുനബി (സ) പകര്‍ന്നു നല്‍കിയത് ഇവിടെ വെച്ചായിരുന്നു. ദീനീവിജ്ഞാനങ്ങളുടെ പ്രസരണവും ദിവ്യബോധനത്തിന്റെ വിശദീകരങ്ങളും കൊണ്ട് ദാറുല്‍ അര്‍ഖമും പരിസരവും ചരിത്രത്തിന്റെ ഭാഗമായി മാറി. പിറന്ന മണ്ണും പ്രിയംവെച്ച കുടുംബവും വിട്ട് യസ്‌രിബിലേക്കുള്ള സമരസഞ്ചാരത്തിന് ഒരു സമൂഹത്തെ സജ്ജരാക്കിയതിന് പിന്നില്‍ ഈ ഭവനത്തിന്റെ പങ്ക് അനിഷേധ്യമാണ്. ഖുറൈശീ ഹിംസയില്‍ നിന്നുള്ള ഒരാശ്വാസം എന്നതിനപ്പുറം പല നിര്‍ണായക ചര്‍ച്ചകളുടെയും പ്രഭവകേന്ദ്രം കൂടിയായിരുന്നു ദാറുല്‍അര്‍ഖം. ഇത്രയേറെ ചര്‍ച്ചകളും ഒത്തുകൂടലുകളും നടന്നിട്ടും ഈ വീടിന്റെ സ്വകാര്യത ആരും വെളിപ്പെടുത്തിയിരുന്നില്ല. ഒരിക്കല്‍ നബിയും(സ്വ) സിദ്ദീഖും(റ) ദാറുല്‍അര്‍ഖമിലായിരിക്കെ ഖത്താബിന്റെ മകള്‍ ഉമ്മുജമീലിനെ ശത്രുക്കള്‍ വളഞ്ഞിട്ടു മര്‍ദിച്ചു. നബിയെയും സംഘത്തെയും അന്വേഷിച്ചായിരുന്നു ആ ക്രൂരത. എന്നിട്ടും ഉമ്മുജമീല്‍ ദാറുല്‍അര്‍ഖം എന്ന പേര് ഉച്ചരിച്ചതേയില്ല.സത്യസന്ദേശത്തിന്റെ ആത്മാവുള്‍ക്കൊണ്ട് പല ഖുറൈശീ പ്രമുഖരും ഇസ്‌ലാമിന്റെ ഭാഗമായത് ദാറുല്‍അര്‍ഖമിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ വെച്ചായിരുന്നു. മക്കയിലെ അക്കാലത്തെ ധനാഢ്യനായിരുന്ന മിസ്അബ് ബ്‌നു ഉമൈര്‍, തിരുനബിയുടെ പിതൃവ്യനും മുലകുടി ബന്ധം വഴി സഹോദരനുമായ ഹംസ(റ) തുടങ്ങിയ പ്രമുഖരായ പലരുടേയും ഇസ്‌ലാമാശ്ലേഷണത്തിന് ഈ ചുമരുകള്‍ സാക്ഷിയാണ്. ഹംസയുടെ(റ) വരവ് മുസ്‌ലിം പക്ഷത്തെ ശക്തിപ്പെടുത്തുകയും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. ശക്തനും ധീരനുമായ ഹംസ(റ) മക്കയുടെ പേടി സ്വപ്‌നമായിരുന്നു. വേട്ട പ്രിയനായ അദ്ദേഹം ഒരു ദിവസം വേട്ട കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ സഹോദരപുത്രന് അബൂജഹ്‌ലിന്റെ മര്‍ദനമേറ്റ വിവരം അദ്ദേഹത്തെ പ്രകോപിപ്പിച്ചു. കഅ്ബയില്‍ പ്രാര്‍ത്ഥനക്കായി കയറിയ ഹംസ അബൂജഹ്‌ലിനെ കണ്ടതും കൈയ്യിലിരുന്ന വില്ലു കൊണ്ട് അതികഠിനമായി പ്രഹരിച്ചു. മഖ്‌സൂം വംശജരായ ചിലര്‍ അബൂജഹ്‌ലിന് സഹായത്തിനെത്തിയെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അബൂജഹ്ല്‍ അവരെ തടഞ്ഞു. അനന്തരം ഹംസ(റ) ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും ദാറുല്‍ അര്‍ഖമില്‍ വന്ന് സത്യസാക്ഷ്യമേറ്റു പറയുകയും ചെയ്തു. മുസ്‌ലിംകള്‍ നാല്‍പതാളുകള്‍ തികയുന്നത് വരെ നബി(സ) അര്‍ഖമിന്റെ വീട്ടില്‍ തന്നെയായിരുന്നു. നാല്‍പതാമനായി ഉമറുബ്‌നു ഖത്താബ്(റ) ഇസ്‌ലാമിലെത്തുന്നതോടെയാണ് ദാറുല്‍അര്‍ഖം ചരിത്രത്തിലേക്കു പിന്‍വാങ്ങുന്നത്. പ്രവാചകത്വ ലബ്ധിയുടെ ആറാം വര്‍ഷമായിരുന്നുവത്. ഉറച്ച ശരീരഘടനയും കരുത്തും ഒത്തു ചേര്‍ന്ന ഇരുപത്തിയേഴുകാരനായ ഉമറിന്റെ ഈ മനം മാറ്റം പ്രവാചക ചരിത്രത്തിലെ വഴിത്തിരിവുകളിലൊന്നായി മാറി. ഖുറൈശീ കോട്ടകളില്‍ ഭീതിയുടെ കോളിളക്കം സൃഷ്ടിക്കാന്‍ മുസ്‌ലിംകള്‍ക്ക് ശക്തിയും ആത്മവിശ്വാസവും കൈവന്നു എന്നതാണ് ഉമറിന്റെ വരവിനെ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക അധ്യായമാക്കി മാറ്റുന്നത്. മുസ്‌ലിംകളിലെ പ്രഥമ ഹിജ്‌റാസംഘത്തിന് അബ്‌സീനിയന്‍ രാജാവ് നേഗസ് നല്‍കിയ സംരക്ഷണം മക്കത്തെ മുശ്‌രിക്കുകളെ പോലെ ഉമറിന്റെയും ഉറക്കം കെടുത്തി. മക്കാ നിവാസികളെ ഏകദൈവ വിശ്വാസത്തിന്റെ പേരില്‍ രണ്ടായി പിളര്‍ത്തിയതിന്റെ ദേഷ്യം ഉള്ളില്‍ തിളച്ചു മറിയുന്നതിനിടെയാണ് ഈ വാര്‍ത്ത കേള്‍ക്കുന്നത്. ക്ഷുഭിതനായ ഉമര്‍ ഉടവാളുമായി ദാറുല്‍ അര്‍ഖമിലേക്കു കുതിച്ചു. ഹംസ (റ), അലി(റ), അബൂബകര്‍(റ) എന്നിവരെല്ലാം നബിയോടൊപ്പം ആ സമയം ദാറുല്‍ അര്‍ഖമില്‍ സന്നിഹിതരാണ്. ഉമറിന്റെ ലക്ഷ്യം മനസ്സിലാക്കിയ സ്വന്തം ഗോത്രത്തിലുള്ള നുഐമി ബ്‌നു അബ്ദില്ല അദ്ദേഹത്തോട് പറഞ്ഞു: എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നേരെയാക്കുന്നില്ല. അപ്പോഴാണ് തന്റെ സഹോദരിയും ഭര്‍ത്താവും സത്യമതം പുല്‍കിയത് ഉമര്‍ അറിയുന്നത്. ദേഷ്യമടക്കിപ്പിടിക്കാനാവാതെ ഉമര്‍ ഫാത്വിമയുടെ വീട് ലക്ഷ്യമാക്കി നടന്നു. അവിടെ വെച്ചാണ് ഉമര്‍(റ) ഖുര്‍ആന്റെ വരികള്‍ കേട്ട് മാനസാന്തരപ്പെടുന്നത്. അതുകേട്ട് കഴിഞ്ഞപ്പോള്‍ ഉമര്‍ പറഞ്ഞു. എവിടെ മുഹമ്മദ് എനിക്കദ്ദേഹത്തെ കണ്ട് ഇസ്‌ലാം സ്വീകരിക്കണം. അദ്ദേഹമിപ്പോള്‍ സഫാ കവാടത്തിനരികെയുള്ള അര്‍ഖമിന്റെ വീട്ടില്‍ തന്റെ ഏതാനും അനുയായികളോടൊപ്പം കഴിയുകയാണെന്ന് ഫാത്വിമയുടെ ഭര്‍ത്താവ് ഖബ്ബാബ് മറുപടി നല്‍കി. അനന്തരം ഉമര്‍ ദാറുല്‍ അര്‍ഖമിലെത്തി ശഹാദ ചൊല്ലി മുസ്‌ലിമായി. തത്സമയം നബി(സ) ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി.ഉമര്‍(റ) നബിയോട് ചോദിച്ചു:’നബിയെ നമ്മള്‍ സത്യത്തിലല്ലേ.”തീര്‍ച്ചയായും’ നബി പറഞ്ഞു.’എങ്കില്‍ പിന്നെയെന്തിനു ഒളിഞ്ഞിരിക്കണം’ ഉമറിന്റെ ധീരസ്വരം കേട്ട മുസ്‌ലിം സംഘം ഇരുവരികളായി കഅ്ബയിലേക്ക് മാര്‍ച്ചു ചെയ്തു. ഉമര്‍ മുന്നിലും ഹംസ(റ) പിന്നിലുമായി ആ മാര്‍ച്ച് ചരിത്രത്തിലേക്കു ചുവടു വെച്ചു.ദാറുല്‍ ഖൈസറാന്‍ എന്ന പേരിലും പിന്നീട് ഈ വീട് ശ്രുതിപ്പെട്ടു. ചരിത്ര പണ്ഡിതന്‍ ശാമീയ്യ് തന്റെ സുഹ്‌ലില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഹിജ്‌റ 171 ല്‍ ഖൈസറാന്‍ എന്ന സ്ത്രീ വീടിന്റെ ഒരു ഭാഗത്ത് പള്ളി പണിതിരുന്നു. ഇതായിരുന്നു പേര് മാറ്റത്തിന്റെ കാരണം. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അന്നത്തെ അബ്ബാസിയ്യ ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂറിന് അര്‍ഖമിന്റെ(റ) പേരമക്കള്‍ ആ വീട് വില്‍ക്കുകയായിരുന്നു.
റഫറന്‍സ്
1. സീറത്തുന്നബവിയ്യ-ഇബ്‌നു ഹിശാം(റ)
2. സീറത്തുന്നബവിയ്യ- ഡോ.മഹ്ദി റിസ്ഖുല്ലാ അഹ്മദ്
3. അല്‍ഇസ്വാബ-ഇബ്‌നു ഹജറില്‍ അസ്ഖലാനി(റ)
4. ശറഹു അല്ലാമത്തി സര്‍ഖാനി-ഖസ്തല്ലാനി(റ)
5. അറൗളത്തുല്‍ ഉനുഫ്-
6. അല്‍ ബലദുല്‍ അമീന്‍-സാലിം ബുര്‍ഹാനി
7.Muhammed: his life based on the earliest sources martin lings
8. മുഹമ്മദ് -ഹൈക്കല്‍ (മൊഴിമാറ്റം)9. ഇസ്‌ലാം പ്രബോധനവും പ്രചാരവും- സര്‍ തോമസ് അര്‍നോണ്‍ഡ്ജാബിര്‍ എം കാരേപറമ്പ്
You must be logged in to post a comment Login