കുട്ടിക്കാലത്ത് നബിദിനമെന്നാല്‍ റബീഉല്‍അവ്വല്‍ പന്ത്രണ്ട് വരെ വളരെ ആഘോഷപൂര്‍വം നടത്തുന്ന ഒരു ചടങ്ങായിരുന്നു. മുസ്‌ലിം ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ ക്രമങ്ങളുമൊക്കെ വളരെ ചിട്ടയായി പാലിക്കുന്ന ഒരു പഴയ തറവാട്ടിലാണ് ഞാന്‍ വളര്‍ന്നത്. റബീഉല്‍അവ്വല്‍ പിറന്നാല്‍ ഒന്നാം ദിവസം മുതല്‍ രാത്രി ഇശാഅ് നിസ്‌കാരം കഴിഞ്ഞ് മീത്തല പള്ളിയിലെ ഇമ്പിച്ചാലി മുസ്‌ലിയാര്‍ വീട്ടില്‍ വരും. മുസ്‌ലിയാര്‍ വീട്ടിലെത്തി എന്നറിഞ്ഞാല്‍ കുട്ടികളൊക്കെ മജ്‌ലിസില്‍ വന്നിരിക്കും. ഇപ്പോഴത്തെ ഓഫീസ് റൂം, ഡൈനിംഗ് ഹാള്‍ പോലെയല്ല; അന്നൊക്കെ തറവാട് വീടുകളില്‍ വിശാലമായ മജ്‌ലിസ് ഉണ്ടാവും. ആ മജ്‌ലിസില്‍ പള്ളിയിലൊക്കെ ഉള്ളത് പോലെ നീളത്തിലുള്ള മന്ദിരപ്പായ വിരിക്കും. പായയുടെ നടുക്ക് തലയണ വെച്ച് അതിന് മുകളില്‍ വലിയ അദബോടെയാണ് നബികീര്‍ത്തനങ്ങളടങ്ങിയ സബീന വെക്കുക.
ഇമ്പിച്ചാലി മുസ്‌ലിയാര്‍ മന്‍ഖൂസ് മൗലിദ് ഓതാന്‍ തുടങ്ങും. വീട്ടിലെ കാരണവന്മാരും കുട്ടികളും റങ്കൂണില്‍നിന്ന് സിങ്കപ്പൂരില്‍നിന്നുമെല്ലാം വന്ന വീട്ടിലെ പുത്യാപ്ലമാരും വളരെ ഭക്ത്യാദരപൂര്‍വം അത് ശ്രദ്ധിച്ചിരിക്കും. മൗലിദിലെ പദ്യഭാഗമെത്തുമ്പോള്‍ ഇമ്പിച്ചാലി ഉസ്താദ് വളരെ ഈണത്തില്‍ അത് പാടാന്‍ തുടങ്ങും. ഞങ്ങള്‍ കുട്ടികളും അതുറക്കെ ചൊല്ലും. നേരത്തെ തന്നെ ഇത്തരം ബൈത്തുകള്‍ ഞങ്ങള്‍ക്ക് മനഃപാഠമായിരുന്നതിനാല്‍ യാതൊരു തടസ്സവുമില്ലാതെയാണ് അവ ചൊല്ലാറ്. വളരെ ചെറുപ്പത്തിലേ മൗലിദുകളിലെ ബൈത്തുകള്‍ ഹൃദിസ്ഥമാക്കണമെന്ന ചിട്ട ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു.
‘അന്‍ത തത്‌ലുഉ ബൈനനാ, ഫില്‍കവാകിബി കല്‍ബുദൂര്‍, ബല്‍വ അശ്‌റഫു മിന്‍ഹുയാ, സയ്യിദീ ഖൈറന്നബീ… ഇന്ന ബൈതന്‍ അന്‍ത സാകിനുഹു, ലൈസ മുഹ്താജന്‍ ഇലസ്സുറുജി’ തുടങ്ങിയ മന്‍ഖൂസ് മൗലിദിലെ എല്ലാ ബൈതുകളും എനിക്ക് മനഃപാഠമായിരുന്നു. ഇവയൊക്കെ വളരെ താളാത്മകമായി ഭക്തിയേറുന്ന അന്തരീക്ഷത്തില്‍ ചൊല്ലുന്നതിനാല്‍ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി അപ്പോഴുണ്ടായിരുന്നു.
സഭയില്‍ എല്ലാവരും ഉച്ചത്തിലാണ് ചൊല്ലുക. ആരും വെറുതെ ഇരിക്കുകയോ അശ്രദ്ധരാവുകയോ ഇല്ല. മന്‍ഖൂസ് മൗലിദ് മുഴുവന്‍ ഓരോ ദിവസവും ഓതിയിരുന്നു എന്നാണ് ഓര്‍മ. അതുകഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് നിന്ന് അശ്‌റഖ ബൈത്ത് ചൊല്ലും. യാനബീ സലാം അലൈകും, യാറസൂല്‍ സലാം അലൈകും, യാഹബീബ് സലാം അലൈകും, സ്വലവാത്തുല്ലാ അലൈകും… എന്നതൊക്കെ പല രീതിയിലും താളത്തിലും വളരെ നല്ല ചിട്ടയിലാണ് ചൊല്ലുക. പല പല രീതികളിലേക്ക് അശ്‌റഖ ബൈത്ത് മാറുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ സന്തോഷമാണ്. പുതിയ ശൈലികള്‍ പരീക്ഷിക്കുന്നതിന്റെ ഉത്സാഹവും. അത് കഴിഞ്ഞ് ഇരുന്നും ഏതാനും ഗദ്യങ്ങളും ബൈത്തുകളും ചൊല്ലും. ഇങ്ങനെ പന്ത്രണ്ട് ദിവസവും ഇതാവര്‍ത്തിക്കും.
മൗലിദ് ചൊല്ലിക്കഴിഞ്ഞാല്‍ ചീരണി കൊടുക്കുക എന്നൊരേര്‍പ്പാടുണ്ട്. അഥവാ, നല്ലൊരു മധുരപലഹാരം കുട്ടികള്‍ക്കൊക്കെ വിതരണം ചെയ്യും. മൗലിദിനിടയില്‍ ശബ്ദം ഇടറാതിരിക്കുന്നതിനായി കാവ തരും. തൊണ്ടപൊട്ടുമാറുച്ചത്തില്‍ ബൈത്ത് ചൊല്ലാനാവും കാര്‍ണോര് ഞങ്ങളോട് പറഞ്ഞിരിക്കുക. അല്ലാതെ വെറുതെ മന്ത്രിക്കലായിരുന്നില്ല. ചീരണി കഴിച്ചുകഴിഞ്ഞാല്‍ ഇമ്പിച്ചാലി മുസ്‌ലിയാര്‍ ദുആ ഇരക്കും. ദുആയും കഴിഞ്ഞ് സുപ്ര വിരിച്ച് ഭക്ഷണം അതില്‍ കൊണ്ടുവെക്കും. റബീഉല്‍അവ്വല്‍ പിറന്നാല്‍ ഈ പന്ത്രണ്ട് ദിവസവും രാത്രി വിഭവസമൃദ്ധമായ ഭക്ഷണമായിരിക്കും. തേങ്ങാച്ചോറ്, നെയ്‌ച്ചോറ്, ഇറച്ചിക്കറി, കായക്കറി എന്നിവയൊക്കെ ഉണ്ടാവും. ചില പ്രത്യേക ദിവസങ്ങളില്‍ അരിപ്പത്തിരി, ഇറച്ചിപ്പത്തിരി, തേങ്ങാപ്പാല്‍ തുടങ്ങിയവയും. അവ വളരെ സുഭിക്ഷമായി സന്തോഷത്തോടെ കഴിക്കും. മൗലിദിന് ശേഷം ഒരുമിച്ച് നിലത്തിരുന്നുള്ള ആ ഭക്ഷണം കഴിക്കലിന് തന്നെ ഒരുമയുടെ തെളിമയുണ്ടായിരുന്നു.
റബീഉല്‍അവ്വലിലെ ആദ്യത്തെ പന്ത്രണ്ട് ദിവസവും മീത്തലെ പള്ളിയുടെ പരിസരത്തുള്ള എല്ലാ മുസ്‌ലിം വീടുകളിലുമിങ്ങനെ ഇമ്പിച്ചാലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മൗലിദുണ്ടാകും. ഇശാ നിസ്‌കാരം കഴിഞ്ഞാണ് ഞങ്ങളുടെ തറവാട്ടിലെങ്കില്‍ ചിലയിടത്ത് അത് മഗ്‌രിബിന് ശേഷവും ചിലയിടത്ത് പകലിലുമായിരിക്കും. കൊയിലാണ്ടിയുടെ പടിഞ്ഞാറ് ഭാഗത്ത് മിക്കവാറും തറവാട് വീടുകളാണ്. ആ തറവാട് വീടുകളിലൊക്കെ ഇതുപോലെ പള്ളിയിലെ മുസ്‌ലിയാര്‍മാര്‍ സമയം കണക്കാക്കി മൗലിദിനെത്തും. ചെറിയ പള്ളിയില്‍നിന്ന് അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരും കടപ്പുറത്തെ പള്ളിയില്‍നിന്ന് മമ്മു മുസ്‌ലിയാരുമാണ് ഇത്തരത്തില്‍ വീടുകളിലേക്ക് മൗലിദിനെത്തുക. പക്ഷേ, ജുമുഅത്ത് പള്ളി പരിസരത്ത് ഖാളിയോ മുക്രിയോ ഒന്നുമല്ല; മിക്കവാറും ദര്‍സില്‍ ഓതിപ്പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മൗലിദിന് നേതൃത്വം നല്‍കുക. ഇവര്‍ക്കൊക്കെ റബീഉല്‍അവ്വലില്‍ വലിയ ജോലിയാണ്.
കൊയിലാണ്ടി ദേശത്തെ പള്ളികളോട് ചേര്‍ന്നുള്ള എല്ലാ മുസ്‌ലിം വീടുകളിലും റബീഉല്‍അവ്വലില്‍ മൗലിദ് ഓതുന്ന പതിവുണ്ടായിരുന്നു. താരതമ്യേന സമ്പന്ന കുടുംബങ്ങളായിരുന്നു കൊയിലാണ്ടിയിലേത്. റങ്കൂണിലും സിങ്കപ്പൂരിലുമൊക്കെ സഫറുപോവുന്ന ആളുകളുടെ വീടുകളാണ്. കൂടാതെ കൊയിലാണ്ടി ബസാറിലെ കച്ചവടക്കാരുടേതും. പിന്നെ ഏതാനും ബീഡിത്തൊഴിലാളികളുടെ വീടുകളുണ്ടായിരുന്നു. എന്നിരുന്നാലും മൗലിദ് കഴിക്കുന്ന കാര്യത്തില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഉത്സാഹം കാണിച്ചിരുന്നു. ഇന്നത്തെപ്പോലെ മൗലിദ് പാടില്ല എന്ന വാദമൊന്നും അന്നില്ല. മൗലിദൊക്കെ അനാചാരമാണ്, അനാവശ്യമാണ്, അന്ധവിശ്വാസമാണ് എന്ന ധാരണയും അക്കാലത്തെ ആളുകള്‍ക്കിടയിലില്ല. അതുകൊണ്ടൊക്കെ തന്നെ സ്‌നേഹത്തിന്റെ, പ്രത്യേകമായ സൗഹൃദത്തിന്റെ അന്തരീക്ഷം അവിടെയെല്ലാം എപ്പോഴുമുണ്ടായിരുന്നു. എന്നെപ്പോലോത്ത അക്കാലത്തെ കുട്ടികള്‍ക്കെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ എല്ലാ ബൈത്തുകളും ഹൃദിസ്ഥമാക്കാന്‍ ഈ മൗലിദ് സദസ്സുകള്‍ വലിയ സഹായകമായി.
എന്റെ തറവാട് അമേത്ത് താരതമ്യേന ചെറുതായിരുന്നു. രണ്ട് പുതിയാപ്ലമാരായിരുന്നു തറവാട് വീട്ടിലുണ്ടായിരുന്നത്. ഒന്ന് എന്റെ ഉപ്പ, ഒന്ന് പെങ്ങളുടെ പുതിയാപ്ല. അവര്‍ രണ്ടുപേരും വിദേശത്തായിരിക്കും. എന്റെ തറവാട്ടില്‍ റബീഉല്‍അവ്വലിലെ നബിതങ്ങളുടെ പേരിലുള്ള മൗലിദ് മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. എല്ലാ അറബി മാസവും പന്ത്രണ്ടിന്റെ അന്നും ഇതുപോലോത്ത മൗലിദുണ്ടാവും. ഇമ്പിച്ചാലി മുസ്‌ലിയാര്‍ തന്നെയായിരുന്നു അതിനും നേതൃത്വം നല്‍കാനെത്തിയിരുന്നത്. ഇതുപോലെ വെള്ളിയാഴ്ച രാവിലും തിങ്കളാഴ്ച രാവിലും ചില പ്രത്യേക ചടങ്ങുകള്‍ക്ക് വേണ്ടി മുസ്‌ലിയാരെത്തിയിരുന്നു. കുട്ടികളുടെ ഓത്തൊക്കെ മുസ്‌ലിയാര്‍ ഇതിനിടയില്‍ നോക്കി ശരിപ്പെടുത്തും. അറബി മാസം 15ന്റെ അന്ന് ശഹീദ് ഹംസയെ(റ) അനുസ്മരിക്കുന്ന മൗലിദും 17ന്റെ അന്ന് ബദ്‌രീങ്ങളെ അനുസ്മരിക്കുന്ന മൗലിദും വീട്ടിലോതും. ഇവയുടെയൊക്കെ അര്‍ത്ഥമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നെങ്കിലും അവയെല്ലാം ഏതാണ്ട് മനസ്സില്‍ പതിഞ്ഞിരുന്നു.
വീടുകളിലെ മൗലിദിന് പുറമെ റബീഉല്‍അവ്വല്‍ 12ന്റെ അന്ന് ജുമുഅത്ത് പള്ളിയിലും മുഹ്‌യിദ്ദീന്‍ പള്ളിയിലും ബാഫഖി തങ്ങന്മാരുടെയുമൊേെക്ക മഖാമുള്ള വലിയകത്തെ പള്ളിയിലും വിപുലമായ നേര്‍ച്ചയുണ്ടാകും. ഓരോ പള്ളിപ്പരിസരത്തുമുള്ള ആള്‍ക്കാര്‍ അതത് നേര്‍ച്ചകളില്‍ പങ്കുചേരും. ഇശാ നിസ്‌കാര ശേഷം അകംപള്ളിയില്‍ വെച്ച് ഖാളിയുടെയും മറ്റുമൊക്കെ നേതൃത്വത്തില്‍ വളരെ വിപുലമായാണ് ഈ നേര്‍ച്ച നടത്തുക. ഇതിന് എല്ലാ വീടുകളില്‍നിന്നും മധുരപലഹാരങ്ങള്‍ കൊണ്ടുവരും. അതിന് പുറമെ ടൗണിലുള്ള കച്ചവടക്കാര്‍ വലിയ തളികയില്‍ പള്ളിയിലേക്ക് ഹല്‍വ കൊടുത്തയക്കും. അകംപള്ളിക്ക് പുറത്ത് മുസ്‌ലിയാരുടെ മുറിയില്‍ വെച്ചാണ് കഷ്ണിക്കുക. കറുത്ത ഹല്‍വ, ചുവന്ന ഹല്‍വ, ബദാം ഹല്‍വ തുടങ്ങി പല ഹല്‍വകളും അതിലുണ്ടാവും. ഇവ മുറിച്ച് മറ്റ് പലഹാരങ്ങളോടൊപ്പം ഓരോ വീടിലേക്കും എത്തിക്കും. ഇഞ്ചിപ്പനിക്ക എന്ന ആളാണ് ഇതിനൊക്കെ നേതൃത്വം നല്‍കുക.
പന്ത്രണ്ടിന്റെ അന്ന് മൗലിദ് ആരംഭിക്കുന്നതിന് മുമ്പ് ജുമുഅത്ത് പള്ളിയില്‍നിന്നും മൊയ്തീന്‍ പള്ളിയില്‍നിന്നും വലിയകത്തെ പള്ളിയില്‍നിന്നും നേര്‍ച്ച അറിയിച്ച് നകാര മുഴങ്ങും. ഇതേദിവസം തന്നെ മഹല്ലിലെ ധനികന്മാരുടെ വീടുകളില്‍ വലിയ മൗലിദുണ്ടാവും. കല്യാണം ക്ഷണിക്കുന്നതുപോലെ നാട്ടിലുള്ള എല്ലാവരെയും അതിലേക്ക് ക്ഷണിച്ചിരിക്കും. വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരിക്കും. പന്ത്രണ്ടിന്റെ അന്ന് എല്ലാ വീടുകളിലും ഇതുപോലെ നടത്താനാവാത്തതിനാല്‍ റബീഉല്‍ അവ്വല്‍ മാസം തീരുന്നതിനകം എല്ലാ ധനികവീടുകളിലും ഇത്തരം വലിയ മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കും.
ഇതിനൊക്കെ പുറമെ അങ്ങാടിയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് അടിച്ചുവാരി, തുടച്ചുകഴുകി, വെടിപ്പാക്കി അതിന്റെ ഭാഗത്തുള്ള ചപ്പുചവറുകള്‍ നീക്കി, മലിനജലമൊക്കെ നിര്‍മാര്‍ജനം ചെയ്ത് കാടുവെട്ടി ഭംഗിയാക്കിയതിന് ശേഷം മീന്‍മാര്‍ക്കറ്റ് മുഴുവന്‍ പായവിരിച്ച് അലങ്കരിക്കും. ഉലുവാന്‍ കൂട് പുകയ്ക്കും. കൊയിലാണ്ടിയിലെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കുന്ന വളരെ വലിയ ഒരു മൗലിദ് അവിടെവെച്ച് നടത്തും. മൗലിദില്‍ പങ്കെടുക്കുന്നവര്‍ക്ക് അവിടെ ഭക്ഷണം വിളമ്പും. കൂടാതെ എല്ലാ വീടുകളിലേക്കും ഒരു സാന്‍ ചോറും ഒരു കാസ ഇറച്ചിക്കറിയും ഒരു കാസ കായക്കറിയും കൊടുത്തയക്കും. സാന്‍ എന്നുപറഞ്ഞാല്‍ വലിയ പരന്ന പ്ലെയിറ്റാണ്. കാസ ഒരു തരം കുണ്ടന്‍ പിഞ്ഞാണവും. പോര്‍ച്ചുഗീസുകാരിലൂടെ കൊയിലാണ്ടി ദേശത്ത് എത്തിച്ചേര്‍ന്നതാണവ.
വലിയവന്റെ വീട്, ചെറിയവന്റെ വീട്, ദരിദ്രന്റെ വീട്, പണക്കാരന്റെ വീട് എന്നൊന്നുമില്ലാതെ എല്ലാ വീടുകളിലേക്കും ഈ മാര്‍ക്കറ്റിലെ നെയ്‌ച്ചോറും കറികളും എത്തും. മാര്‍ക്കറ്റിലെ ചോറ് കിട്ടുക എന്നത് വീട്ടുകാരന്റെയും ഒരഭിമാന പ്രശ്‌നമായിരുന്നു. ഇതിലൂടെ അംഗീകരിക്കപ്പെടുന്നു എന്നതാണ് കാരണം. ഈ നേര്‍ച്ചച്ചോറ് കുടുംബങ്ങളിലെ പുറംനാട്ടിലുള്ളവര്‍ക്ക് അഥവാ, സിംഗപ്പൂരിലും റങ്കൂണിലും ബോംബെയിലും മദിരാശിയിലുമൊക്കെ ഉള്ളവര്‍ക്ക് എത്തിച്ചുകൊടുക്കും. ഇതൊക്കെ റബീഉല്‍അവ്വല്‍ സമൃദ്ധമായി നിന്ന ഒരു കാലത്തിന്റെ നിറം മങ്ങാത്ത ഓര്‍മകളാണ്.
പുണ്യ സദസ്സുകള്‍ എന്നതിന് പുറമെ മൗലിദ് സദസ്സുകള്‍ വലിയ നന്മയുടെ ഒത്തുചേരലായിരുന്നു. എന്തെന്നാല്‍ പണക്കാരും പാവപ്പെട്ടവരും ഒരിടത്ത് ഒരുമിച്ചുകൂടും. വ്യത്യാസമില്ലാതെ ഒരേ നിലത്തിരുന്ന് ഒരേ ഈണത്തില്‍ ചൊല്ലും. ഒരേ തളികയില്‍ നിന്ന് ഭക്ഷണം കഴിക്കും. പണക്കാരന്റെ വീട്ടില്‍നിന്ന് പാവപ്പെട്ടവന്റെ വീട്ടിലേക്ക് ഭക്ഷണം നല്‍കുക എന്ന ഒരു സിസ്റ്റം കൂടെ ഇതിന് പിറകിലുണ്ടായിരുന്നു. യുദ്ധ സമയമൊക്കെ ആയിരുന്നതിനാല്‍ ദരിദ്രരുടെ ജീവിതം അതികഠിനമായിരുന്നു. അതിന് ആശ്വാസമാവാന്‍ മൗലിദുകളില്‍ വിളമ്പിയിരുന്ന വിഭവ സമൃദ്ധമായ ഭക്ഷണത്തിന് സാധിച്ചിരുന്നു. കൂടാതെ ഇന്നത്തെ മുസ്‌ലിയാ ര്‍മാര്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശമ്പളമുണ്ട്. അന്നതില്ല. അന്ന് മുസ്‌ലിയാര്‍ പള്ളിയില്‍ വന്ന് ബാങ്ക് കൊടുത്ത് നിസ്‌കരിക്കുന്നുവെന്നല്ലാതെ നിശ്ചിതമായ സംഖ്യ നിശ്ചയിച്ചിരുന്നില്ല. മൗലിദ് പോലോത്ത ആണ്ടറുതികളുടെ സമയത്ത് നാട്ടുകാര്‍ നല്‍കുന്ന കൈമടക്കുകളാണ് അവരുടെ ഉപജീവനമാര്‍ഗമായി ഉണ്ടായിരുന്നത്. ഇത്തരത്തില്‍ ഒരുപാട് ജീവിതങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു റബീഉല്‍അവ്വല്‍. നബിതങ്ങളും ലോകര്‍ക്ക് അനുഗ്രഹമാണല്ലോ. ആ വെളിച്ചം ഇവിടുത്തെ ആഘോഷങ്ങളിലുമുണ്ടായിരുന്നു.
പള്ളിയിലെ നേര്‍ച്ചയോടനുബന്ധിച്ച് ഉസ്താദിന്റെ ചെറിയ പ്രസംഗം ഉണ്ടായിരിക്കും. അതില്‍നിന്നാണ് നബിതങ്ങളുടെ ജീവിതത്തെയും ദര്‍ശനത്തെയുമൊക്കെ മനസ്സിലാക്കാന്‍ സാധിച്ചത്. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് കഴിക്കുന്നവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ല, മനുഷ്യ ശരീരത്തില്‍ ഒരു മാംസ കഷ്ണമുണ്ട്, അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി, അത് നശിച്ചാല്‍ ശരീരം മുഴുവന്‍ നശിച്ചു. അതാണ് ഹൃദയം എന്നീ പ്രവാചക വചനങ്ങളാണ് അന്നെന്റെ മനസ്സില്‍ പതിഞ്ഞ ഇഷ്ടവചനങ്ങള്‍. മനുഷ്യരെ നന്മയിലേക്ക് നടത്താനും വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒന്നാണെന്ന് വിളംബരം ചെയ്യാനും അവ ബോധ്യപ്പെടാനും നന്മയുടെ വലിയ അംശമുള്ള മൗലിദുകളുടെ ഈ സൗഹൃദക്കാലങ്ങള്‍ക്ക് സാധിച്ചിരുന്നു. റബീഅ് എന്നതിന്റെ അര്‍ത്ഥം വസന്തകാലം എന്നാണല്ലോ. അന്ന് യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ സാധിച്ചിരുന്നു ഈ വസന്തം.
യു എ ഖാദര്‍
You must be logged in to post a comment Login