വെളിച്ചത്തെ അനുഭവിച്ചറിയുന്നത് ഇരുളുള്ളത് കൊണ്ടാണ്. നേര്‍മാര്‍ഗത്തെ ദുര്‍മാര്‍ഗമുള്ളതുകൊണ്ടും പകല്‍ രാവുള്ളതുകൊണ്ടും തിരിച്ചറിയാനാവുന്നു. സത്യവിശ്വാസികളുടെ അടയാളങ്ങളും വിശേഷങ്ങളും പറഞ്ഞതിന് ശേഷം സത്യനിഷേധികളെക്കുറിച്ചാണ് ബഖറ സംസാരിക്കുന്നത്. ‘അവിശ്വാസികളോട് മുന്നറിയിപ്പ് നല്‍കുന്നതും നല്കാതിരിക്കുന്നതും ഒരുപോലെയാണ് അവര്‍ വിശ്വസിക്കുകയില്ല'(2/6).
അകക്കണ്ണും ദിശാബോധവുമില്ലാത്ത അവിശ്വാസികളെ സംബന്ധിച്ചാണിക്കാര്യം പറഞ്ഞിരിക്കുന്നത്. കഫറൂ എന്നാണല്ലോ ഉപയോഗിച്ച വാക്ക്. മറഞ്ഞു, മറച്ചു എന്നാണ് അതിന്റെ പദസാരം. സന്മാര്ഗത്തിന്റെ നേര്‍വെളിച്ചം കടക്കാത്ത രൂപത്തില്‍ അവരുടെ മനസ്സ് ഇരുട്ട് പുതച്ചിരിക്കുന്നു. സത്യത്തെ മറച്ചുവെച്ചിരിക്കുകയാണവര്‍.
ശരിയായ ബോധനം കൊണ്ട് ചിലര്‍ വെളിച്ചത്തെത്താറുണ്ട്. പ്രപഞ്ച പ്രതിഭാസങ്ങളെ കുറിച്ചും ആഴത്തില്‍ ആലോചിക്കുന്നവരാണിവര്. ഇതിലൂടെ വെളിച്ചം സ്വീകരിക്കാന്‍ ഇവര്‍ തയാറാവുന്നു. പരമമായ ഒരു ശക്തിയുടെ സാന്നിധ്യം അവര്‍ക്ക് ബോധ്യപ്പെടുന്നു.
ചിലര്‍ നേരെ തിരിച്ചാണ്. യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ആലോചിക്കാനോ ചിന്തിക്കാനോ തയാറാവുന്നില്ല. അതിന് മാത്രം അവരുടെ ഹൃദയത്തില്‍ ഇരുട്ട് നിറഞ്ഞിരിക്കുന്നു. പ്രപഞ്ചയാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ചുണ്ടാകുന്ന ആശങ്കകളെ ശമിപ്പിക്കാന്‍ വേണ്ടി അവര്‍ തന്നെ ഒരുക്കിയ ചില ഉത്തരങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നു.
നേരായ വഴി തിരഞ്ഞെടുക്കാനും തിരഞ്ഞെടുക്കാതിരിക്കാനും അല്ലാഹു നല്കിയ അവസരത്തെ പാഴാക്കുകയാണിവര്. നേര്‍വഴിയുടെ ലാഭവും നേട്ടവും ദുര്വഴിയുടെ നഷ്ടവും കോട്ടവും തിരിച്ചറിയാനുള്ള ശേഷി ഉണ്ടായിട്ട് പോലും ഇതാണവസ്ഥ. അവര്‍ വിശ്വസിക്കാനോ സത്യാന്വേഷണത്തിനോ ഒരുക്കമല്ല. അതിനാല്‍ അവരുടെ ഹൃദയങ്ങള്‍ക്കും കാതുകള്‍ക്കും അല്ലാഹു മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ മറയിട്ടിരിക്കുന്നു. വലിയ ശിക്ഷ അനുഭവിക്കേണ്ടവരാണിവര്.
ഖുദ്സിയായ ഒരു ഹദീസ്, അല്ലാഹുവിന്റെ വചനം കാണുക: ഞാന്‍ അടിമയുടെ ഭാവനക്കനുസരിച്ചാണ്. എന്നെ സ്മരിക്കുമ്പോള്‍ അയാള്‍ എന്റെ സാന്നിധ്യം അറിയുന്നു. എന്നെ ഏതു കൂട്ടത്തില്‍ വെച്ച് ഓര്‍ത്താലും അതിലും മേലെയുള്ള ഒരു കൂട്ടത്തില്‍ ഞാനയാളെയും പറയും. എന്നിലേക്ക് ഒരു ചാണടുത്ത് വന്നാല്‍ ഒരു മുഴം ഞാനങ്ങോട്ടടുക്കും. അവന് ഒരു മുഴമടുത്താന് ഞാന്‍ അതിലേറെ അടുക്കും. അവന് നടന്നടുത്താല്‍ ഞാന്‍ ഓടിയടുക്കും.
വിശ്വാസത്തിന്റെ സത്യസന്ധതയും വിശ്വാസികള്‍ക്കുള്ള പ്രചോദനവുമാണ് ഈ ഹദീസിലുള്ളത്. അല്ലാഹുവിനെ കണ്ടെത്തിയ ആള് നിരാശരാവില്ല. ഓശാരമായി തരുന്നതില്‍ അവനെപ്പോഴും ബഹുദൂരം മുന്നിലാണ്. നാമെത്ര നന്ദി ചെയ്തില്ലെങ്കില്‍ പോലും.
അല്ലാഹു നിരാശ്രയനാണ്. സൃഷ്ടികളുടെ അടുപ്പമോ അകല്‍ച്ചയോ അവനെ ബാധിക്കുന്നില്ല. അടുത്തുവരുന്നവര്‍ക്ക് രക്ഷയും വിജയവും ഔദാര്യമായി തരാമെന്ന് അവന് ഉറപ്പുതരുന്നു. ദൈവനിഷേധത്തിലൂടെ അകന്നകന്ന് പോകുന്നവര്‍ അവരുടെ പാട്ടിന് പോകട്ടെ. എവിടം വരെ പോകുമെന്നും എന്തായിത്തീരുമെന്നും കൃത്യമായി നിശ്ചയമുള്ളവനാണ് അല്ലാഹു. അല്ലാഹു ത്രികാല ജ്ഞാനിയല്ലേ. പോയകാലവും വരുംകാലവും നടപ്പുകാലവും അവന് ഒരുപോലെയാണ്. കാലത്തെ നിയന്ത്രിക്കുന്നവനാണ് അവന്. ഖുര്‍ആന്‍ ഇലാഹീവചനമാണല്ലോ(കലാമുല്ലാഹി). കാലബന്ധിതനല്ലാത്ത അല്ലാഹുവിന്റെ വചനങ്ങളും കാലാതിവര്ത്തിയാകാനേ തരമുള്ളൂ. സത്യനിഷേധികളുടെ ഹൃദയങ്ങള്‍ മുദ്രവെച്ചിരിക്കുന്നു എന്ന പ്രയോഗത്തില്‍ കാലസംബന്ധിയായ ഒരു ചര്‍ച്ചക്ക് പ്രസക്തിയുണ്ട്. വിജയികളാവാന്‍ തീരുമാനമോ ഒരുക്കമോ ഇല്ലാത്തവരാണ് ഇത്തരം അവിശ്വാസികളെന്ന് അല്ലാഹുവിനറിയാം. അതിനാലാണ് അവരുടെ കാതും കണ്ണും ഖല്‍ബും താഴിട്ടുപൂട്ടിയത്.
നൂഹ് നബി(അ) ആയിരത്തോളം വര്‍ഷം ജനങ്ങളെ നേരെയാക്കാന്‍ നോക്കിയതാണ്. മാറ്റം നന്നേ പരിമിതം. ഒടുവില്‍ ഒരു കപ്പലുണ്ടാക്കാന്‍ അല്ലാഹു നിര്‍ദേശിച്ചു. കപ്പല്‍ നിര്‍മാണം പൂര്‍ത്തിയായതോടെ കനത്ത മഴ വര്‍ഷിച്ചു. നാടുമുഴുക്കെ വെള്ളത്തിലായി. ചിലരെയൊക്കെ നൂഹ് നബി കപ്പലില്‍ കയറ്റി. അവര്‍ രക്ഷപ്പെട്ടു. ബാക്കിയെല്ലാം വെള്ളപ്പൊക്കത്തില്‍ പെട്ട് നശിച്ചുപോയി. അല്ലാഹുവിന്റെ തീരുമാനങ്ങളെ കുറിച്ച് ഒരല്പം ആലോചിച്ചുനോക്കൂ: വലിയ പ്രളയമുണ്ടാക്കാന്‍ അവന് തീരുമാനിച്ചു. നബിയെ അംഗീകരിച്ചവരെ രക്ഷപ്പെടുത്താനും കരുതി. അതിനായി കപ്പലുണ്ടാക്കിയ പ്രവാചകര്‍ക്ക് പോലും പിന്നാലെ പ്രളയം വരുമെന്നോ രക്ഷയും ശിക്ഷയുമുണ്ടാകുമെന്നോ അറിഞ്ഞില്ല. ഇതാണ് അല്ലാഹുവിന്റെ ജ്ഞാനവിശേഷണം. എല്ലാം കാലേകൂട്ടി അറിയുന്നു. തീരുമാനിക്കുന്നു. പ്രവര്‍ത്തിക്കുന്നു. സൃഷ്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അതിനെ തൊടുന്നേയില്ല. സത്യനിഷേധികളോടുള്ള മുന്നറിയിപ്പാണ് ഈ സൂക്തം. എത്രയും വേഗം നേരറിയാനും അന്വേഷിക്കാനും നേര്മാര്ഗത്തിലെത്താനും ഇത് ആവശ്യപ്പെടുന്നുണ്ട്. വിസമ്മതിച്ചാല്‍ ആര്‍ക്കും കണക്കാക്കാനാവാത്ത തിക്തഫലങ്ങളാണ്. എന്നാല്‍ എല്ലാം അല്ലാഹുവിന്റെ കണക്കിലുണ്ട്താനും.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login