ആരാണ് ഇസ്‌ലാമിലെ നേതൃത്വം?

ആരാണ് ഇസ്‌ലാമിലെ നേതൃത്വം?

പാശ്ചാത്യത-പൗരസ്ത്യത പാരമ്പര്യം-ആധുനികം എന്നീ ദ്വന്ദ്വങ്ങളെ ശൈഖ് അബ്ദുല്‍ഹകീം മുറാദ് സംയോജിപ്പിച്ചപോലെ ഇസ്‌ലാമിക ലോകത്തു അധികമാരും കോര്‍ത്തിട്ടില്ല. കാംബ്രിഡ്ജിലും അല്‍അസ്ഹറിലുമായിരുന്നു മുറാദിന്റെ പഠനം. പ്രഭാഷകനും സൂഫി ശൈഖുമാരുടെ ശിഷ്യന്‍ കൂടിയാണദ്ദേഹം. ഒട്ടേറെ ഇസ്‌ലാമിക് പാരമ്പര്യ കൃതികള്‍ ഭാഷാന്തരപ്പെടുത്തി. ഒപ്പം ബ്രിട്ടീഷ് മീഡിയക്ക് വേണ്ടി ധാരാളം സംഭാവനകളര്‍പിച്ചു. ഇതിനെല്ലാമുപരി എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ അപാര ജ്ഞാനവും കൂര്‍മബുദ്ധിയുമാണ്. ഇസ്‌ലാമിക പാരമ്പര്യത്തിലുള്ള അനുഭവവും അറിവുമുള്ളതിനാല്‍ ഇസ്‌ലാമിക സമൂഹത്തിലെ അതോറിറ്റിയുടെ പരിണാമത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ ഞാന്‍ തീര്‍ച്ചയാക്കി. ഇസ്‌ലാമിക അതോറിറ്റിക്ക് പഴയ കാല പ്രതാപം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതിനാല്‍ പുതിയ കാലത്ത് അവയെ പ്രതിനിധീകരിക്കുന്ന വ്യക്തികളെയും പ്രസ്താനങ്ങളെയും കുറിച്ച് അദ്ദേഹത്തില്‍നിന്നറിയാനായിരുന്നു എന്റെ ശ്രമം. അത്ഭുതം, ഞാനുദ്ദേശിച്ചതിലുമേറെ ആഴത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള നിരീക്ഷണങ്ങള്‍.

സ്ഥാപനവല്‍കരിക്കപ്പെട്ട അതോറിറ്റി ഇസ്‌ലാമിനില്ലെന്ന് പറയാറുണ്ട്. എന്നാല്‍ ചരിത്രം പഠിച്ചാല്‍ എക്കാലത്തും നിയതമായ ചില അതോറിറ്റികള്‍ നിലനിന്നിരുന്നതായി കാണാം. ആദ്യകാല ഖലീഫമാര്‍, അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ഡമസ്‌കസിലെ പണ്ഡിതന്മാര്‍, ഉസ്മാനിയ സുല്‍ത്താന്‍ തുടങ്ങിയവരെല്ലാം സുഭദ്രമായ അതോറിറ്റിയുടെ ഉദാഹരണങ്ങളാണ്. അത്തരം സെന്ററുകളിലും വ്യക്തികളിലും ചിതറിക്കിടക്കുന്ന അതോറിറ്റിയെ കണ്ടെത്താനും അതിലേക്ക് കടന്നിരിക്കാനും അത്യധികം പ്രയാസമാണ്. ആകയാല്‍ ഇസ്‌ലാമിക ചരിത്രം നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടുന്നില്ല എന്ന് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നുവോ?

നൈതിക ഉള്ളടക്കമുള്ള ഒരു മതം നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ച, ചില നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കുമത് വ്യവസ്ഥപ്പെട്ടിട്ടുണ്ടാവുക. അങ്ങനെയുള്ള നിയമ വ്യവസ്ഥയും കോടതിയുമൊക്കെ വ്യവസ്ഥാപിതമായ അതോറിറ്റിയില്‍നിന്നേ ഉരുവം കൊള്ളുകയുള്ളൂ. എന്നിരുന്നാലും ഇസ്‌ലാമിക നിയമം-ശരീഅ കഴിയാവുന്നത്ര വികേന്ദ്രീകരിക്കപ്പെടാന്‍ ആദ്യകാലത്ത് തന്നെ ശ്രമിച്ചിരുന്നു. ഓരോ പ്രദേശത്തെ ഖാളിയും ആധികാരികമായി ഇസ്‌ലാമിനെ വിശദീകരിച്ച കാലമായിരുന്നു അത്.

എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടോടെ ഉസ്മാനികള്‍ക്ക് ഇസ്‌ലാമിക ശരീഅയെ നിയമത്തിന്റെ ചട്ടക്കൂടിലേക്ക് രൂപാന്തരപ്പെടുത്തേണ്ടിവന്നു. യൂറോപ്യര്‍ക്ക് അവരുടെ ഘടകകക്ഷിയായി ഉസ്മാനികളുമായി സുസ്ഥിരമായ വാണിജ്യ സംസ്‌കൃതി കെട്ടിപ്പടുക്കാനായിരുന്നു ഈ നിയമമെഴുത്തും കരാറുകളുമൊക്കെ. മെജാലെ* എന്നറിയപ്പെടുന്ന കോഡിന്റെ സംസ്ഥാപനത്തിലേക്കാണിത് നയിച്ചത്. ഇന്നൊരുപാട് മുസ്‌ലിംകള്‍ ധരിച്ചിരിക്കുന്നത് ഇസ്‌ലാമിക ശരീഅ മുമ്പേ ഇങ്ങനെയാണെന്നാണ്. അത് ശരിയല്ല, ഇതൊരു പാശ്ചാത്ര്യ വത്കരണത്തിന്റെ ഛേദം മാത്രമാണ്. സ്റ്റേറ്റുമായി കൂടിക്കലരുന്നതിന് മുമ്പ് ശരീഅ തികച്ചും വിശുദ്ധമായ ബേസില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. എല്ലാത്തിലുമുപരി ഭരണകൂടത്തിന്റെ അവകാശനിഷേധങ്ങള്‍ക്കെതിരായി ഇസ്‌ലാമിലെ ആധികാരിക വ്യക്തികള്‍ നിലകൊണ്ടത് മുസ്‌ലിം പക്ഷത്തായിരുന്നു. പക്ഷേ നിയമസ്വഭാവം എന്ന ഒരു നടപ്പ് ലോകവ്യാപകമായപ്പോള്‍ അതിനെ ഗൗനിക്കാതെ വേറിട്ടുനില്‍ക്കുക എന്നത് പ്രയാസമായി. അങ്ങനെയാണ് ഇസ്‌ലാമിലെ ആധികാരിക വ്യക്തിത്വങ്ങള്‍ ഭരണകൂട മെക്കാനിസത്തിലേക്ക് സമന്വയിക്കപ്പെട്ടത്. അത്തരം രാഷ്ട്രീയ സാഹചര്യം ഉള്ളിടങ്ങളില്‍ ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ ഫത്‌വ നല്‍കാന്‍/ തീരുമാനമെടുക്കാന്‍ ഇന്ന് ഉലമ അത്യധികം യത്‌നിക്കേണ്ടതുണ്ട്. അത്തരം നാടുകളില്‍ അവര്‍ ഒരുതരം ബുദ്ധിജീവി വര്‍ഗമായിത്തീര്‍ന്നിരിക്കുന്നു. പലപ്പോഴും കപടമായ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗാമായാണ് അവര്‍ കണക്കാക്കപ്പെടുന്നത്. അതുതന്നെയാണ് അതോറിറ്റിയുടെ പ്രതിസന്ധി.*

ഒരുപക്ഷേ ഇന്നത്തേത് പോലെ ഒരുപാട് വ്യതിയാനത്തിലേക്കത് നയിച്ചിട്ടുണ്ടാകും. എന്നാല്‍ ഞാന്‍ മനസിലാക്കുന്നത് ഭരണകൂടത്തിലേക്ക് ഉലമ സമരസപ്പെടുന്നതിന് മുമ്പും ഇത്തരം അപഭ്രംശനങ്ങളുണ്ടായിട്ടുണ്ടാവാം എന്നാണ്. സൈദ്ധാന്തികമായി പറയുകയാണെങ്കില്‍ ഇത് പ്രശ്‌നകലുഷിതമായിരുന്നോ? അടിയൊഴുക്ക് പരിശോധിക്കുമ്പോള്‍ ഇത് അനിസ്‌ലാമികമായിട്ടാണോ കാണാനാവുക? വ്യവസ്ഥാ രൂപീകരണത്തിന്റെ ഒരു വശമായി ഇതിനെ ഒരാള്‍ക്ക് വായിച്ചുകൂടേ?

ഐബീരിയന്‍ പെനിന്‍സ്വിലയില്‍ സ്‌പെയിന്‍ അധിനിവേശ കാലത്തുണ്ടായ പോലെ ഭീകരമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അനുവര്‍ത്തിച്ചിരുന്ന കര്‍മവിധികളുണ്ട്. അക്കാലത്താണ് എല്ലാവിധ പുതിയ വിധിതീര്‍പ്പുകളും ഉടലെടുത്തത്.

കുറച്ചുകാലശേഷം ഇങ്ങനെ അടിയന്തര സാഹചര്യങ്ങളുമായി (നവാസില്‍ എന്നാണ് ഇത്തരം ഘട്ടങ്ങളെ വിളിക്കുന്നത്) ബന്ധപ്പെട്ട കര്‍മങ്ങളില്‍ എടുത്തിരുന്ന ദ്രുതഗതിയിലുള്ള തീര്‍പുകള്‍ സംശയിക്കേണ്ട അവസ്ഥയിലായി. ആത്മേഛക്ക് വഴിപ്പെട്ടോ പെട്ടെന്നുടലെടുക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടോ ചില ആളുകള്‍ ഫത്‌വകളെ അടിസ്ഥാനപ്പെടുത്താന്‍ തുടങ്ങി. സൂക്ഷ്മദൃക്കുകളായ പണ്ഡിതരുടെ നൂറോളം വര്‍ഷം പഴക്കമുള്ള അഭിപ്രായൈക്യത്തെ(ഇജ്മാഅ്) അവര്‍ പരിഗണിക്കാതെയായി. അപ്രകാരം സ്വന്തം അകത്തളങ്ങളിലിരുന്ന് ഗ്രന്ഥം ഉദ്ദേശിക്കുന്നതിനപ്പുറം വാദിക്കുന്ന ചില മനോരോഗികളുമുണ്ടായി. ഗ്രന്ഥം തീര്‍ത്തും അപകടരഹിതവും സ്‌നേഹസമൃദ്ധവും വ്യത്യസ്ത അര്‍ത്ഥങ്ങള്‍ക്ക് സാധ്യത തുറന്ന് തരുന്നതുമാണെങ്കിലും നാമിന്ന് കാണുന്നപോലെ അതിനെ വളച്ചൊടിക്കാന്‍ ചിലര്‍ മുതിരുന്നുണ്ട്.
ബിന്‍ലാദന്റെ ഫത്‌വ ശ്രദ്ധിക്കുക. ജൂതന്മാരെയും ക്രിസ്ത്യാനികള്‍ക്കുമെതിരെയുള്ള ഫത്‌വയാണിത്. യോദ്ധാവോ സാധാരണക്കാരനോ ആയ ഏതൊരു അമേരിക്കക്കാരനെയും കൊല്ലാന്‍ മുസ്‌ലിമിന് അനുവാദം കൊടുക്കുന്ന ഫത്‌വ പാരമ്പര്യ ഇസ്‌ലാമിക വാദത്തിനനുസരിച്ച് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പക്ഷേ ഈ ചിന്തയെ വ്യാപിപ്പിക്കാന്‍ ഫത്‌വയെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതിനോടൊരു വിധത്തിലും പാരമ്പര്യ പാണ്ഡിത്യത്തിന് യോജിക്കാനാവില്ല.

എങ്കില്‍ ചിലരൊക്കെ വാദിക്കുന്നതുപോലെ, ഇസ്‌ലാം ചെറിയ വിധത്തില്‍ പ്രതിസന്ധിയിലാണെന്ന് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നുവോ?

ഇസ്‌ലാമിന്റെ പ്രതിസന്ധി, ഇസ്‌ലാമിനെന്തുപറ്റി എന്നീ സംസാരങ്ങളൊക്കെയുണ്ടെങ്കിലും ഇസ്‌ലാം വികേന്ദ്രീകരിക്കപ്പെട്ടതിന്റെ ഗുണം പള്ളികളില്‍ കാണാനുണ്ട്. അവിടെ പൗരന്മാരും തിങ്ങിക്കൂടുന്നുണ്ട്. വ്യവസ്ഥിതികള്‍ പഴക്കമുള്ളതായി. പാരമ്പര്യ പഠനകേന്ദ്രങ്ങള്‍ നശിക്കപ്പെട്ടു. എന്നിങ്ങനെയെല്ലാം പറയുന്നുണ്ടെങ്കിലും ആളുകള്‍ക്കിന്നും ഇസ്‌ലാമിനെ വേണം. ആകയാല്‍ ഇസ്‌ലാമിക പ്രതിസന്ധി ഞാന്‍ അംഗീകരിക്കുന്നില്ല. മറ്റൊരര്‍ത്ഥത്തില്‍ ഞാന്‍ മനസിലാക്കുന്നത് ആധുനികതയെ അതിജയിച്ച മതം ഇസ്‌ലാമാണെന്നാണ്. ഒരു മതത്തെ അത്യന്തികമായി വിലയിരുത്താനും അതിലെ സത്യസന്ധത മനസിലാക്കാനും ആ മതത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. ഇസ്‌ലാമിലേക്ക് ആളുകള്‍ കടന്നുവരുന്നുണ്ടല്ലോ.

സ്വത്വം, സംസ്‌കാരം, സമൂഹം, മതം എന്നിവയെ ചുറ്റിപ്പറ്റി ഉപരിപ്ലവമായ വാഗ്വാദങ്ങളിലേര്‍പ്പെടുന്ന പുതുതലമുറ പാരമ്പര്യ ഉലമയെയോ അവരുടെ പള്ളികളെയോ പഠനശാലകളെയോ ഉപദേശ നിര്‍ദേശങ്ങള്‍ക്കായി സമീപിക്കുന്നില്ലെന്ന് എനിക്ക് തോന്നാറുണ്ട്. പകരം അവരെ ത്രസിപ്പിക്കുന്ന താരിഖ് റമളാന്‍, ആമിര്‍ ഖാലിദ്, ഹംസ യൂസുഫ്, സാകിര്‍ നായിക് എന്നിങ്ങനെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നവരെയാണിവര്‍ ആശ്രയിക്കുന്നത്. അവരുടെ വ്യക്തിത്വത്തെയോ അധ്യാപനത്തെയോ അളക്കാന്‍ ചോദിക്കുകയല്ല, പൊതുവായി പറയുകയാണെങ്കില്‍ അവര്‍ പുതിയ അതോറിറ്റിക്കല്‍ വ്യക്തിത്വങ്ങളാവുന്നുണ്ടോ?

എനിക്കറിയില്ല. ഇപ്പറഞ്ഞവരുടെ ചിന്തകള്‍ മുസ്‌ലിം സമുദായത്തില്‍ എത്രയുണ്ടെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. അതേസമയം ഇവരെ അംഗീകരിക്കുന്ന പള്ളികളുണ്ടെന്നും സംഘടനകളും വെബ്‌സൈറ്റുകളും മാഗസിനുകളും ഇവരുടെ ചുവടൊത്താണ് സഞ്ചരിക്കുന്നതെന്നും പറയുക പ്രയാസമാണ്. അങ്ങനെയൊന്ന് കാണാന്‍ കഴിയില്ല. യു കെയിലെ പുതിയ തലമുറയെ പരിശോധിക്കുക. അവരില്‍ മിക്കവരും ഉപഭൂഖണ്ഡത്തിലെ പാരമ്പര്യ പണ്ഡിതരുമായിട്ടാണ് ബന്ധങ്ങള്‍. മതചുറ്റുപാടില്‍നിന്നകന്ന് ഇതല്ലാതെ ഏതെങ്കിലും അന്താരാഷ്ട്ര വ്യക്തിത്വത്തില്‍ ആകര്‍ഷിക്കപ്പെടുന്നവര്‍ നന്നേ കുറവാണ്. യു കെയില്‍ നാല്‍പതിനായിരമോ അമ്പതിനായിരമോ പേര്‍ ഉണ്ടെങ്കിലായി. ഇവരില്‍ ചിലര്‍ ആകര്‍ഷണീയരായ പ്രഭാഷകരിലോ, പില്‍ക്കാലത്ത് താരമാകാന്‍ പോകുന്ന പ്രഭാഷകരിലോ തല്‍പരനായിട്ടുണ്ടാകാം. സലഫിസത്തെ ഒരാശ്രയമായി കാണുന്ന ചിലരുണ്ട്. ഇന്റര്‍നെറ്റിലെ നിറഞ്ഞ സാന്നിധ്യവും സാമ്പത്തിക ഭദ്രതയും കാരണമാണിത്. ഇവര്‍ക്ക് വേണ്ടത് സലഫികള്‍ക്ക് ചെയ്തുകൊടുക്കാം. കാരണം ബ്രിട്ടീഷ് സര്‍കാര്‍ അത്രകണ്ട് സൗദി അറേബ്യയുമായി ബന്ധത്തിലാണ്.

നിലവില്‍ ഇസ്‌ലാമിന്റെ അതോറിറ്റി എവിടെയാണെന്ന് നിങ്ങളില്‍നിന്ന് മനസിലാക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ വന്നത്. എനിക്കിതുവരെ മനസിലായത് നിങ്ങളതിനെ തീര്‍ത്തും അനിയതമായ, എല്ലായിടത്തുമുണ്ടെന്ന് മനസിലാക്കിയതുപോലെയാണ്?

നിങ്ങള്‍ക്കറിയാവുന്നതുപോലെ മതം പ്രവചിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. മതം ഇപ്പോഴെങ്ങോട്ടാ പോകുന്നത് എന്നൊരാള്‍ ചോദിച്ചാല്‍ അല്ലാഹു അഅ്‌ലം എന്നേ എനിക്ക് പറയാനാകൂ. നിലവിലെ സാഹചര്യം ഇരുപത് വര്‍ഷം മുമ്പ് സങ്കല്‍പിക്കാന്‍ കഴിയുമായിരുന്നില്ല.

നിങ്ങളെ എവിടെയാണ് നിങ്ങള്‍ അടയാളപ്പെടുത്തുന്നത്?

ഞാന്‍ കേംബ്രിഡ്ജിലെ ഒരു അക്കാദമിക് മാത്രം. പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ പ്രൊജക്ടുകളില്‍ ആവുംവിധം ഞാന്‍ ഏര്‍പ്പെടാറുണ്ട്. എന്നെക്കുറിച്ച് യു കെയിലെ ഒരുപാട് മുസ്‌ലിംകള്‍ക്ക് അറിയാമെന്നത് അത്ഭുതം തന്നെ. എനിക്കുതോന്നുന്നത് അവര്‍ എന്റെ സഹോദരനെ നന്നായി അറിയാമെന്നാണ്. പ്രശസ്തനായ ഒരു സ്‌പോര്‍ട്ട്‌സ് ജേണലിസ്റ്റാണദ്ദേഹം.

അന്താരാഷ്ട്ര ഉലമ നേതൃത്വത്തിലെ നിങ്ങളുടെ സ്ഥാനം വെച്ചുനോക്കുമ്പോള്‍ തീര്‍ത്തും എളിമയാര്‍ന്ന ഉത്തരം. ഇംഗ്ലീഷ് കണ്‍വര്‍ട്ടായ നിങ്ങള്‍ സൂഫി പാരമ്പര്യത്തില്‍ സ്ഥാനം കണ്ടെത്തിയത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. സൂഫീ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിച്ച ഉന്നതരായ പണ്ഡിതരെ നിങ്ങള്‍ക്കുമുമ്പും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ചിലര്‍ വാദിക്കാറുള്ളത് പോലെ സൂഫിസം അരികുവത്കരിക്കപ്പെട്ട ഒരു പ്രസ്ഥാനമല്ലെന്നാണ് ഞാനെത്തിച്ചേര്‍ന്ന തീര്‍പ്പ്.

നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഉദാഹരണത്തിന് ഉസ്മാനിയ ഭരണകൂടത്തെ പരിശോധിക്കുക. അവരിലൊരാളും സൂഫി വിരോധികളായിരുന്നില്ല. സഊദിയുടെ മതശുദ്ധീകരണമാണ് ഇസ്‌ലാം സൂഫി വിരുദ്ധമാണെന്ന ആശയം പ്രചരിപ്പിക്കുന്നത്. ഇത് ഈയടുത്തുണ്ടായ പരിണാമമാണ്. എന്നിരുന്നാലും സഊദിയിലത്രയും സൂഫികളാണ്. സൂഫിസമൊക്കെ പറയുമ്പോഴും അതിലുപരി നാം മുഖവിലക്കെടുക്കേണ്ട വേറൊന്നുണ്ട്. സൂഫിസമൊരു പേരാണ്. മതത്തെ ആത്യന്തികമായി അടയാളപ്പെടുത്തുന്നത് ഔലിയാക്കളാണ്. ദൈവിക സ്‌നേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണവര്‍. പ്രവാചകന്റെ മഹിമ നമുക്ക് കാണിച്ചുതരുന്നത് ഇസ്‌ലാമിലെ ഔലിയാക്കളാണ്. കാരണം പ്രവാചകചര്യയുടെ ഏറ്റവും ചെറിയ തലം വരെ ആ ജീവിതത്തില്‍ കാണാം. അവരില്‍ ആത്മം ഉണ്ടാകില്ല. നബിയുടെ മാതൃകയേ ഉണ്ടാകൂ. ഔന്നത്യം, പൗരാണിക ജ്ഞാനം, അഹംബോധമില്ലായ്മ, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയ ഗുണങ്ങള്‍ പ്രവാചകനില്‍ നിങ്ങള്‍ക്ക് കാണാം. ഔലിയാക്കളിലും കാണാം. ആകയാല്‍ ബോധത്തെക്കുറിച്ചും ഓര്‍മിച്ചെടുക്കലിനെക്കുറിച്ചും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നത് ഔലിയാക്കളാണ്. അല്ലാഹുവിലായിരിക്കുക എന്നതിനെ അവര്‍ നമ്മോട് നിരന്തരം ബോധിപ്പിച്ചുകൊണ്ടിരിക്കും. അവരെ കണ്ടാല്‍ സ്‌നേഹമെന്തെന്ന് നീ അറിയും. വാ തോരാതെ നമ്മുടെ സംസ്‌കാരം സ്‌നേഹത്തെ പാടിപ്പുകഴ്ത്താറുണ്ട്. വേണ്ടത് സ്‌നേഹമാണ് എന്ന മുദ്രാവാക്യം മാഗസിനുകളുടെ പുറംചട്ടയിലും പാട്ടിലും മറ്റെല്ലായിടത്തും കാണാം. പക്ഷേ, ഉള്ളില്‍ അതില്ല. ജനങ്ങള്‍ക്കത് വേണം. അവര്‍ അതിനായി അത്യഭിലഷിക്കുന്നുണ്ട്. അവര്‍ക്കൊന്നും കിട്ടാറില്ല. അതുകൊണ്ടത് പുതിയ കാര്യങ്ങള്‍ക്കായി അവരിപ്പോഴും പരതിക്കൊണ്ടിരിക്കുകയാണ്.

നിങ്ങള്‍ പറഞ്ഞതനുസരിച്ച് ഇസ്‌ലാമിനകത്തെ യഥാര്‍ത്ഥ ആത്മീയ അതോറിറ്റി ഔലിയാക്കളാണെന്ന് ഞാന്‍ മനസിലാക്കിയെടുത്തോട്ടെ?

ഞാന്‍ പലപ്പോഴും പറയാറുണ്ടല്ലോ, നിങ്ങള്‍ ഒരു വലിയ്യിനെ കണ്ടില്ലേല്‍ പ്രവാചക ചര്യയെ നിങ്ങള്‍ കണ്ടിട്ടേയില്ല.

വിവ. ഫലാഹ് ഹാദി, ശമ്മാസ് ബി കെ.

കുറിപ്പുകള്‍
* മെജാലെ- ഹനഫി മദ്ഹബിനെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ മജെല്ലെ. ഉസ്മാനിയ ഭരണകൂടത്തിന്റെ സംഭാവനയാണ്. ഭരണകൂടത്തിന്റെ അച്ചിലേക്ക് ശരീഅയെ വാര്‍ക്കപ്പെട്ട ആദ്യ സിവില്‍ കോഡാണിത്. അഹ്മത് പാഷയുടെ നേതൃത്വത്തിലുള്ള സംഘമാണിത് വ്യവസ്ഥപ്പെടുത്തിയത്. മജല്ലത്തുല്‍ അഹ്കാം അദ്‌ലിയ്യ എന്ന അറബി വാക്യത്തെ തുര്‍ക്കിയിലേക്ക് ഭാഷപ്പെടുത്തി മെജാലേ എന്ന് പറയുന്നു.
* യമനിലും കേരളത്തിലുമെന്ന പോലെ ഭരണകൂട താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഫത്‌വാ ചെയ്യാത്ത ഉലമ ഇവിടെ വിമര്‍ശനീയമല്ല. സഊദി ഉലമയെയാണ് മുഖ്യമായും വിവക്ഷിച്ചിരിക്കുന്നത്.
സമ്പൂര്‍ണ വായനക്ക്: Halal Monk- A Christian on a Journey through Islam
ശൈഖ് അബ്ദുല്‍ഹകീം മുറാദ്/
ജോനസ് യൂനുസ് അത്‌ലസ്‌

You must be logged in to post a comment Login