‘സാമൂഹ്യ ഐക്യവും ഹിന്ദൂയിസവും ചേരുകയില്ല. ഹിന്ദൂയിസം സാമൂഹ്യ വിഭജനത്തിലൂന്നിയതും അതുപോലെ അനൈക്യത്തിന്റെ പര്യായവുമാണ്. ഹിന്ദുക്കള്‍ക്ക് ഒരുമിക്കണമെങ്കില്‍ അവര്‍ക്ക് നിലവിലെ ഹിന്ദുത്വത്തെ പുറംതള്ളണം. ഹിന്ദൂയിസത്തെ ധ്വംസിക്കാതെ ഒന്നിച്ചുചേരാന് സാധ്യമല്ല. ഹിന്ദു ഐക്യത്തിന്റെ ഏറ്റവും വലിയ തടസം ഹിന്ദുത്വമാണ്'(ഡോ. ബി ആര് അംബേദ്കര്‍).
ജാതീയതക്കെതിരായുള്ള ദശാബ്ദങ്ങളുടെ പോരാട്ടം നമ്മെ എവിടെ എത്തിച്ചു? നാം എവിടെയായിരുന്നു? ഇന്ന് എവിടെ എത്തി? ഇത് അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും നിസ്സംശയം പറയാനാകും- നാം കൊയ്തത് ഒക്കെയും പതിരായിരുന്നു എന്ന്. ഇത്രയും നീണ്ട കാലയളവും അതിന്റെ ഫലവും വിശകലനം ചെയ്താല്‍ ജാതീയത അതിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ച് പുതിയ തലങ്ങളിലേക്ക് പലായനം ചെയ്യുക മാത്രമാണ് സംഭവിച്ചത് എന്ന് മനസിലാക്കാം. കടുത്ത അവഗണനക്കും അവഹേളനത്തിനും ഇടയിലും ദളിതന് രാജ്യത്തിന്റെ രാഷ്ട്രീയ- വിദ്യഭ്യാസ- കലാ സാംസ്കാരിക മേഖലകളില്‍ ചെറിയ തോതിലെങ്കിലും എത്തിപ്പെടാന്‍ സാധിച്ചു എന്നത് ചെറിയൊരു ആശ്വാസം തന്നെ. അതുപോലെ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളും ജാതീയതയുടെ ഉള്ളുകള്ളികള്‍ ലോകവെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായകമായി. ദളിത് സാഹിത്യവും സൗന്ദര്യശാസ്ത്രവും ഇന്ന് അവയുടെ പാരമ്യതയില്‍ എത്തിനില്ക്കുകയും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനവിഷയമായതും പ്രഥമദൃഷ്ട്യാ നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. എങ്കിലും സമകാലിക ഇന്ത്യയിലെ ഏറ്റവും പുതിയ പ്രവണതകളും ഉത്തരേന്ത്യയില്‍നിന്നുള്ള കുറേ വാര്‍ത്തകളും ജാതീയതയുടെ പുതിയ മുഖങ്ങളും ഭാവങ്ങളും കാണിച്ചുതരുന്നു. ജാതിവ്യവസ്ഥ അതിന്റെ പഴയ കാല രീതികളും കര്‍മമണ്ഡലങ്ങളും മാറ്റി പുതിയ രീതിയില്‍ ഇവിടെ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതെ, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍. ജാതീയതയുടെ പുനഃസ്ഥാപന രീതികള്‍ അപഗ്രഥിച്ചാല്‍ അത് ഹിറ്റ്ലറുടെയോ ഫ്രാങ്കോയുടെയോ ഫാഷിസത്തെക്കാള്‍ പതിന്മടങ്ങ് അപകടകരമാണ് എന്ന് മനസിലാക്കാം.
ജാതി ആഘോഷിക്കപ്പെടുമ്പോള്‍
സ്വന്തം പേരിനൊപ്പം ജാതിപ്പേര് കൂട്ടിച്ചേര്‍ക്കുന്ന പ്രവണത കേരളത്തില്‍ വര്‍ധിച്ചുവരുന്നു എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അടുത്തിടെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ കേരളത്തിലെ ഒട്ടുമിക്ക പത്രമാധ്യമങ്ങളും അതിനെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയാന്‍ യാതൊരു മടിയും കാട്ടിയില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞതില്‍ ലേശം വസ്തുതാ പിശക് ഉണ്ടെങ്കിലും കാര്യം ഗൗരവമുള്ളതായിരുന്നു.
മലയാളികള്‍ പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന് ജാതിയോളം തന്നെ പഴക്കമുണ്ട്. ഇത്തരത്തില്‍ തന്റെ അവകാശമെന്നതിലുപരി ജാതി പിരമിഡിലെ തന്റെ ഉന്നതസ്ഥാനം മറ്റുള്ളവരെ അറിയിക്കുന്നതിനായി ജന്മിമാര് ഈ പതിവ് കാലാകാലങ്ങളായി തുടര്‍ന്നുപോന്നു. രാജ്യമെമ്പാടുമുള്ള മറ്റ് ദളിത് അടിച്ചമര്‍ത്തലുകള്‍ ഒക്കെയും പലപ്പോഴും ചര്‍ച്ചക്കെടുത്തപ്പോഴും ജാതിപ്പേര് ചേര്‍ക്കുന്ന സവര്‍ണ പ്രവണതയെ എതിര്‍ക്കുവാനോ ഇതിനെ ഒരു സാമൂഹിക മ്ലേച്ഛത്തരമായി ഉയര്‍ത്തിക്കാണിക്കുവാനോ ദളിത് പ്രസ്ഥാനങ്ങള്‍ ശ്രമിച്ചില്ല. ഇന്നും കേരള സവര്‍ണ ഹിന്ദുസമൂഹം സാഭിമാനം സ്വന്തം പേരിനൊപ്പം ‘അതിമഹത്തായ’ ജാതിപ്പേര് ചേര്‍ക്കുന്നു.
ഇത് കേവലം ഒരു പേര് അല്ലെങ്കില്‍ തിരിച്ചറിയല്‍ ഉദ്ദേശ്യത്തോടെ അല്ല. ഒരു വ്യക്തി പേരിന്റെ കൂടെ ജാതിപ്പേര് പറയുന്ന മാത്രയില്‍ തന്നെ ശ്രോതാവിന്റെ മേല്‍ അവന്റെ മേല്‍ക്കോയ്മ സ്ഥാപിക്കപ്പെടുന്നു. ജാതിയെ ആഘോഷിക്കുന്നു. പത്മശ്രീ, ഭരത് തുടങ്ങിയ വിശിഷ്ട അംഗീകാരങ്ങള്‍ പേരിനൊപ്പം ചേര്‍ത്താല്‍ എന്ന പോലെ സ്വയം അഭിമാനപുളകിതരാകുന്നു.
മറ്റു കീഴ്ജാതിക്കാര്‍ തങ്ങളുടെ ജാതി മറക്കാനും സമത്വത്തിനുവേണ്ടി പരിശ്രമിക്കാനും മുതിരുമ്പോള്‍ സവര്‍ണര്‍ ഈ അന്തരം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ സദാ ജാഗരൂകരാകുന്നു. ഒരു അധഃസ്ഥിത ജാതിക്കാരനും സ്വന്തം പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കാറില്ല. സമത്വമെന്ന് നാഴികക്ക് നാല്പത് വട്ടം പൊതുജനസമക്ഷം ഉരുവിടുന്ന അധികാരകേന്ദ്രങ്ങള്‍ എന്തേ ഈ സമൂഹത്തിലെ ഏറ്റവും അടിസ്ഥാനമായ ഇത്തരം തടസ്സങ്ങള്‍ മാറ്റാന്‍ ശ്രമിക്കാത്തത്? ജാതിപ്പേര് ചേര്‍ക്കല്‍ മനഃശാസ്ത്രപരമായ ഒരു ആധിപത്യമോ മുന്നേറ്റമോ സ്ഥാപിക്കുന്ന മാര്‍ഗം കൂടിയാണ്.
ഒരു വ്യക്തി എന്തെങ്കിലും പറയുന്നതിനോ ചെയ്യുന്നതിനോ മുമ്പുതന്നെ സവര്‍ണര്‍ തന്റെ ജാതിയോടുകൂടിയ പേര് ഉയര്‍ത്തിക്കാണിക്കുന്നത് വഴി തന്റെ ജന്മമഹത്വം ഉദ്ഘോഷിക്കുന്നു. സമൂഹത്തിലെ സമസ്ത മേഖലകളിലും ഇത് വിവിധ രൂപങ്ങളില്‍ നിലകൊള്ളുന്നു. എല്ലാ സാമൂഹ്യ ഒത്തുചേരലുകളിലും സോഷ്യല്‍ മീഡിയകളിലും സവര്‍ണര്‍ തങ്ങളുടെ ജാതി ചേര്‍ത്ത് പേരും ആഘോഷിക്കുന്നു. ഒരു പ്രത്യേക ജാതിവേരോടുകൂടിയ വ്യക്തി സമൂഹത്തില്‍ പ്രധാന സ്ഥാനത്ത് എത്തുമ്പോള്‍ അത് പ്രസ്തുത ജാതിയുടെ പ്രത്യേകത കൊണ്ടും ഉയര്‍ന്ന മൂല്യങ്ങള്‍ കൊണ്ടുമാണ് എന്ന രീതിയിലെ പ്രചരണങ്ങളുണ്ടാക്കുന്നു. സര്‍വ മേഖലകളിലും മേല്പറഞ്ഞ ജാതിക്കാരുടെ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ നിരത്താനും അത് പറഞ്ഞുപരത്താനും ഇവര്‍ക്ക് മടിയില്ല. എല്ലാ മേഖലകളിലും എല്ലാ വിഭാഗത്തില്പെടുന്നര് ഉണ്ടെങ്കിലും പ്രസ്തുത ജാതിക്കാരെ മാത്രം ഉന്നതശ്രേണിയിലുള്ളവരായി ചിത്രീകരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും കഥകളും ഇതേരീതി പിന്തുടരുന്നു.
നായകനെ ബ്രാഹ്മണനോ അല്ലെങ്കില്‍ മറ്റ് ഉയര്‍ന്ന ജാതിപ്പേരുള്ളവനോ ആയും പ്രതിനായകനെ കറുത്തവനോ മറ്റ് അധഃസ്ഥിത ജാതിക്കാരനോ മതക്കാരനോ ആയുമാണ് സിനിമകളും കഥകളും ചിത്രീകരിക്കുന്നത്. ഇതുവഴി, സവര്‍ണര്‍ ഉയര്‍ന്ന ചിന്താഗതിയുള്ളവരും പ്രത്യേക കഴിവുള്ളവരുമാണെന്ന മിഥ്യാധാരണ അരക്കിട്ടുറപ്പിക്കുന്നു. രാജ്യഭരണം, ഉയര്‍ന്ന ഭരണനിര്‍വഹണം തുടങ്ങിയവ അവര്ണന് അജ്ഞാതമായ മേഖലകളായി അവതരിപ്പിക്കപ്പെടുന്നു. ജാതി അടിസ്ഥാനത്തില്‍ ഉള്ള നൈപുണ്യമേഖലകള് കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കപ്പെട്ടിരിക്കുന്നു. സസ്യാഹാരം ബ്രാഹ്മണരുടെ ഭക്ഷണരീതിയാകയാല് അത് പാകം ചെയ്യുന്നതിന്റെ കുത്തക അവര്‍ പിടിച്ചെടുത്തിരിക്കുന്നു. ബ്രാഹ്മിണ്‍സ് വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഖലകള്‍, ബ്രാഹ്മിണ്‍സ് കറിമസാലകള്‍ ഒക്കെ വിറ്റഴിയുന്നതും ഇതേ ധാരണയും ദുരുപയോഗവും വിപണന തന്ത്രവും മാത്രമാണ്.
ഇന്ത്യയില്‍ കേരളത്തിലാണ് ഈ പ്രവണത ഏറ്റവുമധികം കണ്ടുവരുന്നത്. തമിഴ്നാട്, കര്‍ണാടക, തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലും ഈ രീതി പിന്തുടര്ന്ന് വരുന്നുണ്ടെങ്കിലും അത് പേരിനൊപ്പം ജാതി ചേര്‍ക്കലിനെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിച്ചിട്ടില്ല.
ജാതീയത അതിന്റെ പുതിയ മേച്ചില്പുറങ്ങള് തേടുന്നതിന്റെ മറ്റൊരു തെളിവാണ് ജാതി തിരിച്ചുള്ള മാട്രിമോണിയലുകള്‍. ഈഴവ മാട്രിമോണി, നായര്‍ മാട്രിമോണി, പുലയ മാട്രിമോണി എന്നിങ്ങനെ യുള്ള വേര്‍തിരിവുകളെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇവയൊക്കെയും കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവയാണ്.
പുരാണങ്ങളും യാഥാര്‍ത്ഥ്യങ്ങളും
വേദകാലഘട്ടങ്ങളിലെ വിമാനങ്ങള്‍ വളരെ വലുതും നാലുവശങ്ങളിലേക്കും യഥേഷ്ടം പറക്കുന്നതുമായിരുന്നു. ആധുനിക വിമാനങ്ങള്‍ കേവലം മുന്നോട്ട് മാത്രം പറക്കുമ്പോള്‍’ ഇതൊരു പുരാണ കഥയില്‍നിന്നോ സയന്‍സ് ഫാന്റസിയില്നിന്നോ എടുത്ത വരികള്‍ അല്ല. 2015ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഒരു ഗവേഷണ പ്രബന്ധത്തിലെ പ്രതിപാദ്യമാണിത്. ഗവേഷകന് ഇതിന് തെളിവായി കാണിക്കുന്നതാകട്ടെ വൈമാനിക പ്രകരണവും അതിലെ നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഭാഗങ്ങളും. 2015ലെയും 2016ലെയും സയന്‍സ് കോണ്‍ഗ്രസുകള്‍ വന്‍ അബദ്ധങ്ങളുടെ ഘോഷയാത്രകള്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. മഹാഭാരത കാലഘട്ടത്തെ ഹെല്‍മറ്റ് രൂപകല്പന, ഗണപതിയുടെ വിജയകരമായ പ്ലാസ്റ്റിക് സര്‍ജറി, വെള്ളത്തില്‍ വെച്ച് ചെയ്യുന്ന പൂര്‍ണ പോസ്റ്റ്മോര്‍ട്ടം, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഗോമൂത്ര മരുന്ന്… ഇങ്ങനെ പോകുന്നു 2016-17 വര്‍ഷങ്ങളിലെ സയന്‍സ് കോണ്‍ഗ്രസിലെ ഗവേഷണ പ്രബന്ധങ്ങള്‍.
പ്രശസ്ത നോബേല്‍ ജേതാവ് ശ്രീ വെങ്കട് രാമന് രാമകൃഷ്ണന് ഇത് കോണ്‍ഗ്രസല്ല, വെറും സര്‍കസ് ആണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരം പൊള്ളയായ വാദങ്ങള്‍ക്കെതിരെ അദ്ദേഹം പരാതി നല്‍കുക കൂടി ചെയ്തപ്പോള്‍ തകര്‍ന്നടിഞ്ഞത് സയന്‍സ് കോണ്‍ഗ്രസിന്റെ മഹത്വം മാത്രമല്ല, രാജ്യത്തിന്റെ വര്‍ഷങ്ങളായുള്ള സയന്‍സ് മഹത്വം കൂടിയാണ്. കേവലം ഗവേഷണ പ്രബന്ധങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇവക്ക് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍. നൂറ്റാണ്ടിന്റെ ആരംഭം മുതലേ തുടര്‍ന്നുവരുന്ന ചരിത്ര രേഖകളുടെ സംഘടിതമായ തിരുത്തലുകള്‍, സംസ്കൃതത്തിന് നല്കുന്ന അമിത പരിഗണന, വേദപഠനം, യോഗ എന്നിവ സ്കൂള്‍ തലത്തില്‍ നിര്‍ബന്ധമാക്കല്‍ ഒരേ സ്ഥാപിത താല്പര്യം സാക്ഷാത്കരിക്കുന്നതിന്റെ നിഗൂഢ പദ്ധതികള്‍ മാത്രമാണ്.
പുഷ്പക വിമാനവും ബ്രഹ്മശാസ്ത്രവുമെല്ലാം ശാസ്ത്ര സത്യങ്ങളായി ചിത്രീകരിച്ച് ഇന്ത്യന്‍ പാഠ്യപദ്ധതിയില്‍ തിരുകിക്കയറ്റുക വഴി വിദ്യാര്‍ത്ഥികളിലെ ശാസ്ത്രാവബോധം ജീര്‍ണിപ്പിച്ച് ഒരു നിഷ്ക്രിയ സമൂഹത്തെ സൃഷ്ടിക്കാനും അതുവഴി ഒരു പ്രത്യേക ജാതി- മത വിഭാഗത്തിന് മേല്‍ക്കോയ്മ നിഷ്പ്രയാസം നേടിയെടുക്കാനുമുള്ള തന്ത്രപരമായ ശ്രമങ്ങളാണ് നടക്കുന്നത്. വര്‍ഷങ്ങളായി നടന്നുവരുന്ന ഇത്തരം ഗൂഢലക്ഷ്യപ്രാപ്തിയിലേക്ക് കരുത്ത് പകരാന്‍ വേദസംഹിതകളുടെ പിന്തുണ ആവശ്യമാണ്. ഇത് നടപ്പില്‍ വരുത്തുക എന്ന ബ്രാഹ്മ്ണിക്കല് സൂത്രവാക്യത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ് സമകാലിക ഇന്ത്യന്‍ വിദ്യാഭ്യാസം. സ്വതവേ ലോകനിലവാരത്തെക്കാള് കാര്യക്ഷമതയും മൂല്യവും വളരെ താഴ്ന്ന ഇന്ത്യന്‍ വിദ്യാഭ്യാസ രംഗം തീര്‍ച്ചയായും ഇനിയും വളരെയേറെ അധഃപതിക്കാനിടയാകും. വരും തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും ഇതെന്ന് തീര്‍ച്ച.
ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് വേദങ്ങള്‍, ഐതിഹ്യങ്ങള്‍ തുടങ്ങിയവയുടെ പ്രാധാന്യം നഷ്ടപ്പെടുക വഴി തങ്ങളുടെ മേല്‍ക്കോയ്മ അസ്തമിച്ചുപോകുമെന്ന് സവര്‍ണര്‍ ഭയപ്പെടുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥ നിലനില്ക്കണമെങ്കില് തീര്‍ച്ചയായും മനുസ്മൃതിക്ക് ഏറ്റവും പ്രാധാന്യം ലഭിക്കുക തന്നെ വേണമല്ലോ. അതുപോലെ തന്നെ മഹാഭാരതവും രാമായണവും ഉയര്‍ത്തിക്കൊണ്ട് വന്ന് ബ്രാഹ്മണമൂല്യങ്ങള്‍ സമൂഹത്തില്‍ ഊട്ടുകയും മറ്റ് ജാതികളുടെ പ്രാധാന്യം താഴ്ത്തിക്കെട്ടി കാണിക്കുകയും ചെയ്തു. പ്രാചീന കാലം മുതല്ക്കുതന്നെ വേദപഠനവും മറ്റും ഉയര്‍ന്ന ജാതിക്കാരുടെ കുത്തകയായിരുന്നല്ലോ? അതിനാല്‍ തന്നെ അത് മുറുകെപ്പിടിക്കുക വഴി അവര്‍ക്ക് താഴ്ന്ന ജാതിക്കാരുടെ മേല്‍ സ്വാധീനവും അധികാരവും ചെലുത്തി അവരെ തളച്ചിടാന്‍ അവസരമുണ്ടായി.
ഐതിഹ്യങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും മിശ്രണം അന്ധവിശ്വാസങ്ങള്‍ വര്‍ധിക്കാനും അരാജകത്വം ഉടലെടുക്കാനും കാരണമാകും. ഇവ തീര്‍ച്ചയായും വേദകാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകള്‍ തന്നെയാണ്. മനുഷ്യന്റെ അജ്ഞതയുടെയും അതിലൂടെ ഉടലെടുക്കുന്ന ആഗ്രഹങ്ങളുടെയും സംഹിതയാണ് ഐതിഹ്യങ്ങള്‍. വേദോല്പത്തിയുമായി ബന്ധപ്പെട്ട ഹിസ്റ്റോറിക്കല്‍ തിയറി, സ്ക്രിപ്ട്രല് തിയറി, അല്ലിഗറിക്കല് തിയറി എന്നിവയൊക്കെ ലോക ഐതിഹ്യങ്ങളുടെ ഒരു പൊതു സ്വഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നിനെക്കാള്‍ മികച്ച ഒരു നാളേക്കുവേണ്ടി ആധുനിക മനുഷ്യനെപ്പോലെ പ്രാചീന മനുഷ്യനും പ്രവര്‍ത്തിച്ചു. മനുഷ്യന്റെ ആശകളും പ്രതീക്ഷകളും ഒപ്പം അവര്‍ നേരിടുന്ന പ്രതിബന്ധങ്ങളും അജ്ഞതയും ഒക്കെ കഥകളായും പിന്നീട് കാലാന്തരത്തില്‍ ഐതിഹ്യങ്ങള്‍ ആയും രൂപപ്പെടുകയും ചെയ്തു.
വേതകാലത്ത്(1000-9000) മനുഷ്യന് അപ്രാപ്യമായിരുന്ന ആകാശം, സമുദ്രം, പര്‍വതങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റി അനേകം ഐതിഹ്യങ്ങള്‍ രൂപം കൊണ്ടു. ഭാവിയോടുള്ള മനുഷ്യന്റെ സമീപനത്തെ നിര്‍ണയിക്കുന്നതില്‍ വേദങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ അത് ഇന്നത്തെ ശാസ്ത്ര രീതികളുമായോ കണ്ടുപിടുത്തങ്ങളുമായോ ചേര്‍ന്നുപോകുന്നവയല്ല. ഇവയെ ആധുനിക ശാസ്ത്രസത്യങ്ങളുമായോ കണ്ടുപിടുത്തങ്ങളുമായോ കൂട്ടിക്കലര്‍ത്തുന്നത് വഴി തെറ്റിദ്ധാരണകളും അബദ്ധങ്ങളും വ്യാപിക്കാനിടയാകും.
സംസ്കൃതത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ടി എസ് ആര് സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ട് സവര്‍ണ താല്പര്യങ്ങള്ക്ക് മുന്‍തൂക്കം കൊടുക്കുന്നു. ഇന്ത്യയില്‍ സംസ്കൃത ഭാഷ വേദങ്ങളുമായും ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമായും ബന്ധപ്പെട്ടിരിക്കുന്നു. അബ്രാഹ്മണരുടെ ക്ഷേത്രാചാരങ്ങളില്‍ പോലും സംസ്കൃതത്തിന് നാമമാത്രമായ സ്വാധീനമേ ഉള്ളൂ. താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് സംസ്കൃതം അപ്രാപ്യമായ ഒന്നായതിനാല്‍ തന്നെയാണ് ഈ അവസ്ഥ സംജാതമായത്. ഇതും ജാതീയതയുടെ ആധിപത്യം അടിച്ചുറപ്പിക്കുവാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു.
ഫാഷിസ്റ്റ് ശക്തികള്‍ അവരുടെ അജണ്ടകള്‍ പ്രചരിപ്പിക്കുവാന്‍ സ്കൂള്‍ പാഠ്യപദ്ധതി ഉപയോഗപ്പെടുത്തുമ്പോള്‍ തകരുന്നത് ഇന്ത്യന്‍ ജനതയുടെ ഭാവിയാണ്. ഇന്ത്യയില്‍ ജാതീയത പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ രൂപം മാറ്റി പുതുതലങ്ങളിലേക്ക് വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് തീവ്ര ദേശീയവാദം. ഹിന്ദുമത വിശ്വാസികള്‍ മാത്രമാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്നും അതിനാല്‍ തന്നെ ദേശസ്നേഹത്തിന്റെ ഉടമാവകാശം തങ്ങള്‍ക്കാണെന്നും തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകള്‍ വാദിക്കുന്നു. ദേശീയതയെയും മതേതരത്വത്തെയും ഹിന്ദുമത വിശ്വാസികളെയും ആ വിശ്വാസം സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെയും കുത്തകയാക്കി മാറ്റാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭരണം നിലനിര്‍ത്തുന്നതിനും ഒപ്പം സവര്‍ണ മേധാവിത്വം തുടര്‍ന്നു പോരുന്നതിനുമുള്ള ഏറ്റവും എളുപ്പവഴിയായി മതത്തെ അവര്‍ കാണുന്നു.
ദേശീയതയുടെ വക്താക്കള്‍ പ്രചരിപ്പിക്കുന്ന വേദങ്ങളുടെ പുനര്‍വായന, സംസ്കൃതത്തിന്റെ പുനരവതരണം എന്നിവയൊക്കെ ഒരേ അജണ്ടയുടെ വിവിധ പ്രായോഗിക വഴികള്‍ തന്നെ. ജാതിയും മതാടിസ്ഥാന വിഭാഗീയതയും പൂര്‍വാധികം ശക്തിയോടെ രംഗപ്രവേശം ചെയ്യുമ്പോള്‍ മൗനം അത്യന്തം അപടകരമാണ്. വ്യക്തി സ്വാതന്ത്ര്യത്തിനപ്പുറം ഇത്തരം പ്രവണതകള്‍ നമ്മുടെ സാമൂഹിക ഐക്യത്തെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞവര്‍ക്ക് വിശ്രമം അസാധ്യം.
ഡോ. അനസ് ബാബു ടി ടി
You must be logged in to post a comment Login