മദീന പ്രവാചക പ്രേമികളുടെ സ്വപ്നഭൂമിയാണ്. മദീനയെ കുറിച്ചു അഗാധമായി ആലോചിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദ് യാത്ര വേളയിലായിരുന്നു. തിരുപ്പിറവിയുടെ ആഘോഷത്തിമിര്‍പ്പിലാണ് അന്ന് ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ ട്രൈനിറങ്ങുന്നത്. ആനന്ദകരമായ ആ തെരുവോരക്കാഴ്ച്ചകള്‍ ഇന്നും മനസ്സില്‍ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. കണ്ണു ചിമ്മിത്തുറക്കുന്ന ചെറിയ ബള്ബുകള്ക്കു മുന്നിലൂടെ നടക്കുമ്പോള്‍ സ്വപ്നലോകത്തിലെ പ്രതീതി. ചുറ്റും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്. റബീഇന് സ്വാഗതമോതി എവിടെയും വലിയ കമാനങ്ങള്‍, ഫ്ളക്സ് ബോര്‍ഡുകള്‍. തിരുപ്പിറവിയുടെ അന്ന് അര്‍ധരാത്രിക്ക് ശേഷം കണ്ട ജനാവലിയില്‍ ആബാല വൃദ്ധ ജനങ്ങള്‍ സ്നേഹത്തിന്റെ ആരവങ്ങളുയര്ത്തിപ്പാടുന്നു. അന്നാണ് മദീന കാണാന്‍ വല്ലാതെ കൊതിച്ചത്.
തൊട്ടടുത്ത റബീഇനോടനുബന്ധിച്ച് മദീനയിലണയാന് ഭാഗ്യമുണ്ടായി. അതും വളരെ യാദൃച്ഛികമായി. അഗാധമായി പ്രണയിക്കുന്നതെന്തും കരസ്ഥമാക്കാന്‍ സാധിക്കും എന്ന് അതോടെ ഉറപ്പിച്ചു. യാത്രക്കാവശ്യമായ പണം പോലും സ്വന്തമായി കൈയ്യിലില്ലാത്ത കാലമായിരുന്നെന്നോര്ക്കുമ്പോള് വല്ലാത്ത ആശ്ചര്യം തോന്നുന്നു. ഒരു ലക്ഷ്യം കരസ്ഥമാക്കാന്‍ നിങ്ങള്‍ അതികഠിനമായി ആഗ്രഹിച്ചാല്‍ പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കു കൂട്ടുനില്‍ക്കുമെന്ന് പൗലൊ കെയ്ലോ ഒരിടത്തു പറയുന്നുണ്ട്. അങ്ങനെ മദീനയിലെത്തിയ ഒരുപാടു ദരിദ്രരായ പ്രവാചകാനുരാഗികളുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരമൊരാളെ ഞാനും എന്റെ മദീനാ യാത്രയില്‍ കണ്ടു. അദ്ദേഹത്തിലേക്ക് വഴിയേ വരാം.
മദീനയുടെ പച്ചഖുബ്ബ വിശ്രുതമാണ്. ഓരോ വിശ്വാസിയുടെയും മനസിന്റെ കുളിര്‍മയാണത്. പ്രവാചക പ്രകീര്ത്തനങ്ങളിലുടനീളം നമുക്കത് കാണാനാകും. കുഞ്ഞുനാള് മുതലേ നാം കണ്ടു വളര്‍ന്ന ചിത്രങ്ങളില്‍ ഒന്നു കഅ്ബയും മറ്റൊന്നു റൗളയുടെ പച്ചഖുബ്ബയുമാണ്. ഇളം മനസ്സുകളുടെ ധാരണ തന്നെ മക്കയെന്നാല് കഅ്ബയും മദീനയെന്നാല്‍ റൗളയുടെ പച്ച ഖുബ്ബയുമാണെന്നാണ്. മസ്ജുദുന്നബവിയുടെ തെക്ക് കിഴക്ക് മൂലയിലാണ് ഖുബ്ബതുല്‍ ഖള്റാഅ് എന്ന വിഖ്യതമായ പച്ചഖുബ്ബ നിലകൊള്ളുന്നത്. ഖുലഫാഉ റാഷിദുകളുടെ കാലം തൊട്ടേ അതു നിലവുലുണ്ടായിരുന്നെങ്കിലും ഇന്ന് കാണുന്ന രൂപത്തിന് സമാനമായി ആദ്യമായി നിര്‍മിക്കപ്പെട്ടത് എ.ഡി 1279 ലാണ്. അന്നു തിരുനബിയുടെ ഖബര്‍ ശരീഫിന് മുകളിലായി ഉണ്ടാക്കിയ ഖുബ്ബ ചായം തേക്കാത്ത, മരം കൊണ്ടു നിര്‍മിതിയായിരുന്നു. മംലൂക്ക് രാജവംശത്തിലെ സുല്‍ത്താന്‍ മന്‍സൂര്‍ അല്‍-ഖലാവുന്‍ ആണ് അത് പണി കഴിപ്പിച്ചത്. 1818ല്‍ ഉസ്മാനിയ്യ കാലഘട്ടത്തിലെ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമനാണ് ഇന്നു കാണുന്ന അതേ രൂപത്തിലുള്ള ഖുബ്ബ പണി കഴിപ്പിച്ചത്. കാലപ്പഴക്കം കൊണ്ടും കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ടും കേടുപാടുകള്‍ വരാതെ സൂക്ഷിക്കാന്‍ മരത്തിനു ചുറ്റും ഈയ്യത്തിന്റെ ആവരണങ്ങള്‍ നല്‍കുകയും ചെയ്തു. 1837ലാണ് ആദ്യമായി ഈ ഖുബ്ബക്ക് പച്ചനിറം നല്കപ്പെട്ടത്. അതിനു മുമ്പുള്ള കാലങ്ങളില്‍ വെള്ള, നീല തുടങ്ങി പല ചായങ്ങളും കൊടുത്തിരുന്നു. 1805-ല്‍ സഊദു ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ മക്കയും മദീനയും പിടിച്ചടക്കപ്പെടുകയും ഒരുപാട് മഖ്ബറകളും മിനാരങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തപ്പോഴും റൗളയുടെ ഖുബ്ബ അതേപടി നിലനിര്‍ത്തി. പിന്നീട് 1925-ലെ സൈനിക വിന്യാസങ്ങളുടെ ഘട്ടങ്ങളിലും തിരുറൗളയുടെ ഖുബ്ബയില് കൈവെക്കാന്‍ ആരും ധൈര്യം കാണിച്ചില്ല.
1837ല്‍ പച്ച നിറം നല്കപ്പെട്ടതിനു ശേഷം കാലാന്തരങ്ങളായി അതേ പോലെ നില നില്ക്കുന്നു. പ്രവാചക സ്നേഹ ഗീതങ്ങളിലും പ്രഭാഷണങ്ങളിലും പച്ചഖുബ്ബ എന്ന സങ്കല്‍പ്പം പല രീതിയില്‍ വിന്യസിക്കപ്പെടുന്നത് ലോകത്തിലെ എല്ലാ സാഹിത്യങ്ങളിലും കാണാനാകും. ലോക മുസ്ലിം ജനതയുടെ മാനസിക തലങ്ങളില്‍ റൗളയുടെ പച്ചഖുബ്ബക്ക് അദമ്യമായ ശ്രേഷ്ഠസ്ഥാനം കല്പിക്കുന്നു. അതില്‍ ദിവ്യത്വമോ ഇസ്ലാമിക വിശ്വാസത്തിലെ ഏകദൈവ സങ്കല്പ്പത്തിന് നിരക്കാത്തതായോ ഒന്നുമില്ല എന്നത് സുവിദിതമാണ്. പ്രവാചക സ്നേഹത്തില്‍ നിന്നു ഉത്ഭവിച്ച ഒരു വികാരം മാത്രം. തിരു നബിയുടെ കാലഘട്ടത്തില്‍നിന്നും എറെ കാതം ദൂരെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ അന്തരംഗങ്ങളില്‍ തിരുനബിയുടെ ചരിത്രവും തപ്തസ്മരണകളും അവാച്യമായ പ്രവാചകാനുരാഗവും നിലനിര്‍ത്തുന്ന ഒരു പ്രതീകമാണത്. 2006-ല്‍ പച്ചഖുബ്ബയുടെ നിറത്തിന് മാറ്റം വരുത്താന്‍ അധികൃതര്‍ ശ്രമിച്ചുവത്രെ. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള മുസ്ലിം ഭരണാധികരികളുടെയും പ്രവാചക സ്നേഹികളുടെയും വിയോജിപ്പ് കണക്കിലെടുത്ത് ആ നീക്കത്തില്‍ നിന്നും സഊദി ഭരണകൂടം പിന്മാറുകയായിരുന്നു.
മദീനയുടെ ഓരോ മണല്തരിയും തിരുദൂതരെയോര്ത്ത് വിതുമ്പുന്നുണ്ടാവും. കല്ലുകളും മരങ്ങളും സലാം പറഞ്ഞതായി നബിചരിത്രങ്ങളില്‍ വായിക്കാറുണ്ടല്ലോ. മദീനാ മുനവ്വറയില്‍ പാറിപ്പറക്കുന്ന പറവകള്‍ക്ക് തീറ്റ കൊടുക്കാന്‍ തിരക്കു കൂട്ടുന്നവര്‍, മദീനയുടെ ഓരോ തെരുവിലും പ്രവാചക സ്മരണയുടെയും സ്നേഹത്തിന്റെയും നിശബ്ദമായ ചിത്രങ്ങള്‍… എല്ലാം എത്ര ധന്യം. തിരുദൂതര്‍ ജീവിച്ചിരുന്ന കാലത്ത് അവിടത്തെ ഭവനത്തിന് സമീപം ശബ്ദമുണ്ടാക്കുന്നത് തിരുദൂതര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞു ആയിശ (റ) വിലക്കിയിരുന്നു. പ്രവാചകാനുയായികള്‍ അത്രത്തോളം സൂക്ഷ്മതയും സ്നേഹവും പുലര്‍ത്തിപോന്ന ആ തിരുനബിയുടെ റൗളക്ക് സമീപമാണ് ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു സ്ഫോടനം നടന്നത്! അതും റമളാന്‍ നോമ്പു തുറയോടടുത്ത സമയം! എന്തൊക്കെയോ ഭീതി പടരുന്നത് പോലെ.
പ്രവാകാനുരാഗികള്ക്ക് മദീന കണ്‍കുളിര്‍ക്കെ ആസ്വാദനമാണ്. ഉഹ്ദ് യുദ്ധവും അതിന്റെ ചരിത്ര വിശേഷങ്ങളും മുസ്ലിം സമൂഹത്തന് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഉഹ്ദ് മലയും ജബലു റുമാത്തും ഹംസ(റ) വിന്റെ മഖ്ബറയുമൊക്കെ കാണുമ്പോള്‍ അയവിറക്കേണ്ട ഒരുപാട് ത്യാഗസ്മരണകളുണ്ട്. ഹംസ (റ) വിന്റെ അന്ത്യം വിശ്വാസികള്‍ക്ക് ഒരിറ്റു കണ്ണീര് പൊഴിക്കാതെ ഓര്‍ക്കാന്‍ കഴിയില്ല. യുദ്ധം അടങ്ങിയ ശേഷം ഹംസ(റ)നെ തിരഞ്ഞ് മുത്തുനബി യുദ്ധഭൂമി മുഴുവന്‍ ഓടി നടന്നു. ഒടുവില്‍ അംഗവിഛേദം ചെയ്യപ്പെട്ട അവസ്ഥയില്‍ ഹംസ (റ) ശഹീദായി കിടക്കുന്നത് കണ്ടു. തിരുനബിയുടെ സങ്കടത്തിന് മുന്നില്‍ അനുചരന്മാര് എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ചരിത്ര നിമിഷങ്ങള്‍. അബൂസൂഫ്യാന്റെ പത്നി ഹിന്ദ് ഇസ്ലാം സ്വീകരിച്ച വേളയില്‍ അവരുടെ മുഖംനോക്കാതെ റസൂല്‍ (സ) സംസാരിച്ചത് ഈ നീറുന്ന ഓര്‍മകളുടെ മുറിപ്പാടുകള്‍ അപ്പോഴും അവിടത്തെ നോവിച്ചിരുന്നതുകൊണ്ടാണ്.
ഉഹ്ദ് മലയുടെ താഴ്വാരവും പരിസരവും നടുക്കുന്ന ഓര്‍മകള്‍ ഒരുപാട് പറഞ്ഞു തരുന്നുണ്ട്. തിരുനബി (സ) യുടെ മുന്‍പല്ല് പൊട്ടി രക്തമൊലിച്ച രംഗവും ശരീരം പരിചയാക്കി നബിയെ രക്ഷിച്ച സ്വഹാബത്തിന്റെ പ്രതിരോധവും ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. നബി (സ) യെ ശുശ്രൂഷിച്ച ഗുഹയും ഉഹ്ദ് താഴ്വരയുടെ മറ്റൊരു വശത്ത് കാണാനാകും. ഉഹ്ദ് യുദ്ധത്തിനു മുന്നോടിയായി റസൂലും അബുബക്കര്‍ സിദ്ദീഖും(റ) ഉമറും(റ) ഉസ്മാനും(റ) ഉഹ്ദ് മല കയറിയപ്പോള്‍ ഉഹ്ദ് കുലുങ്ങി. ഉടന്‍ നബി (സ) പ്രതിവചിച്ചു. ‘നീ എന്തിനാണ് ഭയപ്പെടുന്നത് ഉഹ്ദ്. ഞാന്‍ അല്ലാഹുവിന്റെ തിരുദൂതരാണ്. ഒരാള്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന് അബൂബക്കര്‍. മറ്റു രണ്ടു പേര് അല്ലാഹുവിന്റെ മാര്‍ഗത്തലെ ശുഹദാക്കളാണ്’. നബിവാക്ക് അതേപടി പുലര്ന്നല്ലോ. തിരുദൂതരുടെ പണ്യദേഹം സ്പര്‍ശിച്ച അവിടം ഇന്നും സൂഗന്ധപൂരിതമാണ്. റസൂലിന്റെ ത്യാഗ സ്മരണകളെ കുറിച്ചോര്‍ത്ത് കണ്ണുകള്‍ നിറഞ്ഞ് മടങ്ങുന്ന അനേകം പേരെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. ഹബീബ് (സ) ഓരോ വിശ്വസിയെ സംബന്ധിച്ചെടുത്തോളവും അങ്ങനെയാണ്. നബിയെ കുറിച്ചുള്ള ഓരോ സ്മരണയും അനുരാഗികളുടെ കണ്ണുകള്‍ നിറക്കാതിരിക്കില്ല. മദീന കാണാനുള്ള മോഹം നിറഞ്ഞുതുളുമ്പുന്നത് ചരിത്രത്തിലെ ഇത്തരം ചിത്രങ്ങളാണ്.
തിരുറൗളയുടെ ചാരത്തെത്താന്‍ അതിയായി കൊതിച്ച ദരിദ്രനായ ആ സ്നേഹിതന്റെ കാര്യം പറയാം. എറണാകുളം സ്വദേശിയാണയാള്‍. സൈക്കിളില്‍ സോഡ വിറ്റ് ഉപജീവനം മാര്‍ഗം കണ്ടെത്തുന്ന ഒരാള്‍. അദ്ദേഹം മദീനയിലെത്തിയ സൗഭാഗ്യത്തിന്റെ പിന്നാമ്പുറക്കഥകള്‍ എന്നെ ഹഠാദാകര്‍ഷിച്ചു. തിരുനബിയെ കുറിച്ചുള്ള ഒരു പ്രഭാഷണ സദസ്സില്‍ പങ്കെടുത്തതും സ്വലാത്ത് പതിവാക്കാന്‍ അവിടെ ആവശ്യപ്പെട്ട കഥയും അദ്ദേഹം ഓര്‍ത്തെടുത്തു. മദീനാ സന്ദര്‍ശനം സാധ്യമാക്കണേ എന്ന് മനസ്സില്‍ ധ്യാനിച്ച് അയാള്‍ ആ സ്വലാത്ത് പതിവാക്കി. മിച്ചം വരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ചു വെച്ച് പതിനായിരം രൂപ തികഞ്ഞപ്പോള്‍ തന്റെ സഹധര്മണിയോട് ഉംറക്ക് പോകാനുള്ള ആഗ്രഹം പങ്കു വെച്ചു. 2011 ന്റെ തുടക്കത്തിലായിരുന്നു അത്. 40000 രൂപയാണ് അന്നത്തെ ഉംറ പാക്കേജ്. ബാക്കി മുപ്പതിനായിരത്തിന് എന്തുചെയ്യും. ആകെയുണ്ടായിരുന്ന അഞ്ചെട്ട് പവനില്‍ രണ്ടോ മൂന്നോ പവന് വിറ്റ് അദ്ദേഹത്തെ മദീനയിലേക്കയക്കാന്‍ ഭാര്യക്കൊരു നിര്‍ബന്ധം. വര്ഷങ്ങളായയുള്ള ആഗ്രഹമല്ലേ. ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് ഉംറക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ രണ്ടു അടുത്ത ബന്ധുക്കള്‍ അറിയുന്നത്. അവര്‍ അതിന് സമ്മതിക്കാതെ എല്ലാ ചെലവുകളും ഏറ്റെടുത്ത് യാത്രക്കുള്ള ഒരുക്കങ്ങളും ചെയ്തു കൊടുത്തു. ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മനോഹരമായ ചായം കൊണ്ട് അസ്വലാത്തു വസ്സലാമു അലൈക യാ റസൂലള്ളാ എന്നെ ഴുതിയ തൂവെള്ള നിറത്തിലുള്ള ഒരു കോട്ടണ്‍ തുണിക്കഷ്ണം അദ്ദേഹത്തിന്റെ കൈയ്യില്‍ കണ്ടു. ഏഴാം ക്ലാസുകാരിയായ തന്റെ മകള്‍ റൗളക്ക് മുമ്പില്‍ കാണിക്കാന്‍ കൊടുത്തയച്ച തിരുനബിക്കുള്ള സ്നേഹ സമ്മാനമായിരുന്നത്രെ അത്. രണ്ട് തവണ അത് നിവര്‍ത്തി പിടിച്ചു കാണിച്ചത്രെ. രണ്ടു തവണയും കാവല്ക്കാര് അതു വാങ്ങി പരിശോധിച്ചു. തിരിച്ചു കൊടുക്കുകയും ചെയ്തു. ഒരു പാവം പെണ്‍കുട്ടിയുടെ സ്നേഹ സമ്മാനം തിരുനബി (സ)യെ സന്തോഷിപ്പിക്കാതിരിക്കുമോ? ഉള്ളതെല്ലാം അവിടേക്ക് സമര്‍പ്പിച്ച അബൂബക്കര്‍ സിദ്ദീഖ് (റ) ചരിത്രമാണപ്പോള് എനിക്കോര്‍മ വന്നത്.
ഇങ്ങനെയുള്ള ഒരുപാട് പ്രവാചക പ്രേമികളുണ്ട് നമുക്കു ചുറ്റും. ആ സൗഭാഗ്യ തീരത്തണയാന്‍ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലിയും യാത്ര പോകുന്നവരുടെ അടുക്കല്‍ സലാം പറയാന്‍ ഏല്‍പ്പിക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട്. എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഒന്നണയാന്‍ കഴിയാത്ത ഹതഭാഗ്യരുമുണ്ട്. വിളി കേട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കരുത്. ആ യാത്ര നിങ്ങളുടെ ജീവിത യാത്രയെ മാറ്റി മറിക്കും. കഅ്ബയുടെ സമീപത്തും ആര്‍ദ്രമായ കണ്ണും ഖല്‍ബുമായി നാഥനോട് പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇന്ന് വരെ ലഭിക്കാത്ത അനുഭൂതി പകരും, തീര്‍ച്ച. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായി ജീവിതാന്ത്യം വരെ നിങ്ങളതു ഓര്‍ത്തു വെക്കും.
സയ്യിദ് അഹ്മദ് കബീര്‍
You must be logged in to post a comment Login