വിളിപ്പേരുകളില്‍ മറച്ചുവെക്കാനാവാത്ത രണോത്സുകത

വിളിപ്പേരുകളില്‍ മറച്ചുവെക്കാനാവാത്ത രണോത്സുകത

In ISISType Attack, Muslim Salafi Group Members Attack Centuries Old Muslim Tomb In Kerala.

നവംബര്‍ 21ന് നാഷനല്‍ വാര്‍ത്തകളുടെ കൂട്ടത്തില്‍ ഔട്ട്‌ലുക് മാഗസിന്‍ കൊടുത്ത ഒരു തലവാചകം ഇതാണ്. മലപ്പുറം വഴിക്കടവ് – ഗൂഡല്ലൂര്‍ സംസ്ഥാന പാതയില്‍ നാടുകാണി ചുരത്തില്‍ മുഹമ്മദ് സ്വാലിഹ് മഖാം ശരീഫ് തകര്‍ത്ത സംഭവത്തെ ‘ഐ എസ് മാതൃകയിലുള്ള ആക്രമണ’മെന്ന് അവര്‍ വിശേഷിപ്പിച്ചത് എന്തുകൊണ്ടായിരിക്കും? സംഭവത്തില്‍ പിടിക്കപ്പെട്ടത് ഒരു സലഫിയായതിനാല്‍ സാമാന്യമായി അങ്ങനെ പറഞ്ഞതാകുമോ? മനുഷ്യരെ നിഷ്‌കരുണം കൂട്ടക്കൊല ചെയ്തതിനോടൊപ്പം ഐ എസ്, അതേ ശൗര്യത്തോടെ ചെയ്ത മറ്റൊരു കാര്യം മഹത്തുക്കളുടെ ഖബറിടങ്ങള്‍ കുത്തിപ്പൊളിക്കുകയായിരുന്നു എന്നത് മാത്രമാണോ ഈ താരതമ്യത്തിന് കാരണം? ഇവയൊന്നും മാത്രമല്ലെന്നാണ് സമീപകാല കേരളീയ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞുതരുന്നത്.
മലയാളി യുവാക്കളുടെ പലായനവും ഐ എസ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തലുകളും മാധ്യമങ്ങളില്‍ തുടര്‍ച്ചയായി തലക്കെട്ടുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. ഈ യുവാക്കള്‍ ബന്ധപ്പെട്ട പീസ് സ്‌കൂള്‍, അവിടെ പഠിപ്പിക്കുന്ന സിലബസ്, പുസ്തക പ്രസാധകരുടെ അറസ്റ്റ്, കനകമലയിലെ ഒത്തുചേരല്‍, അത്തിക്കാട്ടെ ദമ്മാജ് സലഫികള്‍, സലഫി പ്രചാരകരുടെ വിദ്വേഷ പ്രഭാഷണം, യു എ പി എ, കാലിക്കറ്റിലെ തീവ്ര സലഫി പാഠപുസ്തകം, അതിനെതിരെ എസ് എസ് എഫ് പ്രക്ഷോഭം, പുസ്തകം പിന്‍വലിക്കല്‍, മുജാഹിദുകളിലെ ഭിന്നിപ്പ്, യുവാക്കള്‍ വഴിതെറ്റാന്‍ ഇടയാക്കിയെന്ന ഐക്യവേളയിലെ അവരുടെ സ്വയംവിമര്‍ശനം- ഇങ്ങനെ അനുബന്ധ വാര്‍ത്തകള്‍ വേറെയും വന്നുകൊണ്ടിരുന്നു. ഇതിനിടയിലാണ് മതവിദ്വേഷം പടര്‍ത്തിയെന്ന പേരില്‍ കുറേ മുജാഹിദുകള്‍ പറവൂരില്‍ അറസ്റ്റിലായത്. ഒരു ബഹുമത, മതേതര ഫ്‌ളാറ്റ്‌ഫോമില്‍ കാണിക്കേണ്ട ഔചിത്യബോധം പുലര്‍ത്താതെ, മതപരിവര്‍ത്തനത്തെ കുറിച്ചുള്ള വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ കത്തിനില്‍ക്കുമ്പോള്‍ സമുദായത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ ആയിരുന്നു മുജാഹിദുകാരുടെ ഈ ‘പ്രബോധനം.’ ഇതര മതവിശ്വാസികളുടെ ആരാധ്യ വസ്തുക്കളെക്കുറിച്ചും മുസ്‌ലിം പുണ്യകേന്ദ്രങ്ങളെക്കുറിച്ചും അവഹേളനപരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു അവിടെ വിതരണം ചെയ്ത ലഘുലേഖയില്‍. ഏതാണ്ട് ഈയൊരു ഘട്ടത്തില്‍ തന്നെയാണ് നാടുകാണിയില്‍ സൂഫീ ദര്‍ഗ തകര്‍ക്കപ്പെടുന്നതും. ഇതിനു പിറകെ വന്നു കണ്ണൂരില്‍ സലഫി റിക്രൂട്ട്‌മെന്റിന്റെ പേരില്‍ വീണ്ടും അറസ്റ്റ്. ബഹ്‌റൈനിലെ ഇസ്‌ലാഹീ സെന്റര്‍ കേന്ദ്രീകരിച്ച് മലയാളികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇവിടെ ക്ലാസെടുക്കാന്‍ കേരളത്തിലെ പ്രമുഖരായ രണ്ട് സലഫീ പ്രചാരകര്‍ എത്തിയിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു. പിന്നെയാണ് നാടുകാണിയില്‍ മഖ്ബറ തകര്‍ത്ത മുജാഹിദ് പ്രവര്‍ത്തകന്‍ അറസ്റ്റിലായെന്ന വാര്‍ത്ത വരുന്നത്. തകര്‍ത്തതിന് പിന്നില്‍ സമുദായത്തിനുള്ളിലെ കര്‍സേവകരാണോ അതോ സമുദായത്തിന് പുറത്തെ സലഫികളാണോ എന്ന സന്ദേഹത്തിന് അതോടെ ഒരു തീര്‍പ്പായി. കേരളത്തിലെ സലഫിസവും തീവ്രവാദവും തമ്മില്‍ ഇങ്ങനെ ഒരുപാട് അനുബന്ധങ്ങളും ഉള്‍പിരിവുകളും കെട്ടുപിണഞ്ഞുകിടക്കുന്നു.

ആ ആശയം ആരുടേതാണ്?
മഖാം തകര്‍ത്ത സംഭവത്തില്‍ പോലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: ”പ്രതികള്‍ മുജാഹിദ് വിഭാഗത്തിലെ വിസ്ഡം (ജിന്ന്) ഗ്രൂപ്പ് ആശയക്കാരാണ്. ജാറങ്ങളോടുള്ള മതത്തിലെ ആശയപരമായ കടുത്ത എതിര്‍പ്പാണ് സംഭവത്തിന് കാരണം. ഷാജഹാന്‍ മുമ്പ് സഊദി അറേബ്യയില്‍ ആയിരുന്നു. അറബി കോളജിലെ പഠനത്തിന് ശേഷമാണ് ഷാജഹാന്‍ വിദേശത്തേക്ക് പോയത്. 2011 ആഗസ്റ്റ് മാസത്തില്‍ നാട്ടിലെത്തിയ ഇയാള്‍ വീണ്ടും മുജാഹിദ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും പരിപാടികളില്‍ പങ്കെടുക്കുകയും പതിവായതോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരാനിടയായത്…”
ഒരുപാട് മുനകളുണ്ട് ഈ വരികള്‍ക്ക്. അവ ഓരോന്നും ഇവിടുത്തെ പുരോഗമന നാട്യക്കാരായ റാഡിക്കല്‍ വഹാബികളുടെ ആശയ ആഭിമുഖ്യങ്ങളെയും ഉള്ളില്‍ കൊണ്ടുനടക്കുന്ന ഹിംസാത്മക ഭ്രമങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നതാണ്. ഈ ആഭിമുഖ്യങ്ങളില്‍ പലതും തീവ്രചിന്തകളിലേക്ക് ചെറുപ്പക്കാരെ പ്രലോഭിപ്പിക്കുന്നതുമാണ്. സഹവര്‍ത്തിത്വവും സഹിഷ്ണുതയും സമാധാനവും പുരോഗമനവും നവോത്ഥാനവും മതപരിഷ്‌കരണവുമൊക്കെ അജണ്ടയാണെന്ന് പറയുന്ന ഒരു പ്രസ്ഥാനത്തില്‍ ‘സജീവമാകുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് പതിവാകുമ്പോള്‍’ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നത് എന്തുകൊണ്ടാകാം? ഇവിടെയാണ്, കേരളത്തിലെ പുരോഗമന ഇസ്‌ലാമിന്റെ ആശയാഭിമുഖ്യങ്ങള്‍ സംശയാസ്പദമാകുന്നത്.
ലോകത്തെവിടെയുമുള്ള സലഫീ പ്രസ്ഥാനങ്ങള്‍ക്കും ഐ എസുമായി, അല്ലെങ്കില്‍ അതിന്റെ നാനതരം വകഭേദങ്ങളുമായി ഒരു തുരങ്ക സൗഹൃദം സ്വാഭാവികമാണ്. സലഫീ പ്രസ്ഥാനത്തിന്റെ ചരിത്രം പഠിച്ചവര്‍ക്ക് കൗതുകമുണ്ടാകാനേ ഇടയില്ല. തീവ്രവാദം എന്നത് സലഫിസത്തിന്റെ ജനിതക സ്വഭാവമാണ്. അത് സലഫിസത്തിന്റെ അപഭ്രംശമോ സലഫിസത്തില്‍ നിന്നുള്ള വഴിപിഴക്കലോ അല്ല. അത്തരം നിരീക്ഷണങ്ങളെ റാഡിക്കല്‍ വഹാബിസത്തെ/സലഫിസത്തെ രക്ഷിച്ചെടുക്കാനുള്ള വീരാരാധകരുടെ ശ്രമങ്ങള്‍ മാത്രമായി കാണുന്നതാകും യാഥാര്‍ത്ഥ്യം.

എന്തുകൊണ്ട് സ്മാരകങ്ങള്‍
ഐ എസ് അടക്കമുള്ള ഭീകരപ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് മഖ്ബറകളും പണ്യകേന്ദ്രങ്ങളും പൊളിക്കല്‍ ഒന്നാം അജണ്ടയായി തിരഞ്ഞെടുക്കുന്നു? ഇതിന് ഉത്തരം തേടുമ്പോള്‍ നാമെത്തുക ഇത്തരം സംഘങ്ങളുടെ ഐഡിയോളജിയിലേക്കാണ്. മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന നൂറായിരം തീവ്രവാദ സംഘങ്ങള്‍ തങ്ങളുടെ ആശയാവലംബമായി കാണുന്നത് വഹാബിസത്തെയാണ്. 1703ല്‍ സഊദിയുടെ കിഴക്ക് ഭാഗത്തുള്ള നജ്ദിലെ ഉയയ്‌നയില്‍ ജനിച്ച ഇബ്‌നു അബ്ദില്‍ വഹാബാണ് ഈ ആശയധാരയുടെ സ്ഥാപകന്‍.

ഇദ്ദേഹം തന്റെ രണോത്സുക ഭീകര പ്രസ്ഥാനം ആരംഭിച്ചത് തന്നെ സ്വഹാബി വര്യനായ സൈദ്ബിന്‍ ഖത്താബിന്റെ(റ) മഖ്ബറ പൊളിച്ചുകൊണ്ടായിരുന്നു എന്ന് കാണാം. തന്റെ നരനായാട്ടുകള്‍ക്കിടയില്‍ ഇയാള്‍ സ്വന്തം കൈകൊണ്ട് തന്നെ ഈ കര്‍സേവ ചെയ്തു. ക്രൂരതകള്‍ കാണിച്ച് കൈയറപ്പ് തീര്‍ന്ന തന്റെ വഹാബീ അനുയായികള്‍ക്ക് പോലും ആ ഖബ്ര്‍ പൊളിക്കാന്‍ കൈയുയര്‍ന്നില്ലത്രേ. വ്യാജ പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ കൂട്ടര്‍ കൊലപ്പെടുത്തിയ മഹാത്മാവായിരുന്നല്ലോ; അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നില്‍ ഖത്താബി(റ)ന്റെ സഹോദരനായ സൈദ്(റ). അപ്പോള്‍ മണ്‍വെട്ടിയെടുത്ത് ആ ഖബര്‍ സ്വന്തം കൈകൊണ്ട് പൊളിക്കുകയായിരുന്നു ഇബ്‌നു അബ്ദില്‍ വഹാബ്. അത് പിന്നീട് അവസാനിച്ചത് സഊദിയിലെ ഏതാണ്ടെല്ലാ ചരിത്ര സ്മാരകങ്ങളും ഒന്നടങ്കം നശിപ്പിക്കുന്നതിലായിരുന്നുവെന്ന് ചരിത്രം പറയുന്നു.

സ്ഥാപക നേതാവിന്റെ അഭിലാഷം പരമാവധി ഭംഗിയായി പൂര്‍ത്തീകരിക്കാനാണ് സിറിയയിലും ഈജിപ്തിലും ഇറാഖിലുമൊക്കെയായി ഐ എസ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നീനവായിലെ യൂനുസ് നബിയുടെ പള്ളിയും മഖ്ബറയും മൂസ്വിലിലെ അയ്യൂബ് നബിയുടെ പള്ളിയുമടക്കം നിരവധി പുണ്യസ്ഥലങ്ങള്‍ ഇങ്ങനെ തകര്‍ക്കപ്പെട്ടു. ഇമാം നവവിയുടെ മഖ്ബറ തകര്‍ത്തതും ഐ എസ് ആഭിമുഖ്യമുള്ള ഭീകര പ്രസ്ഥാനമാണ്. ഇബ്‌നു അബ്ദുല്‍ വഹാബ് അന്ന് തുടങ്ങിയ ‘ശുദ്ധീകരണപ്രക്രിയ’യുടെ തുടര്‍ച്ചയാണ് ഭീകര പ്രസ്ഥാനങ്ങള്‍ അവിടങ്ങളിലും അവരുടെ മച്ചുനന്മാര്‍ നാടുകാണിയിലും നിറവേറ്റിക്കൊണ്ടിരിക്കുന്നത്.

കുടഞ്ഞുകളയാന്‍ ധൈര്യമുണ്ടോ?
ഐ എസ് ഇസ്‌ലാമല്ല, ഐ എസിനെതിരെ ആദര്‍ശ യുദ്ധം അനിവാര്യം, ദര്‍ഗ പൊളിച്ചതില്‍ പങ്കില്ല എന്നൊക്കെ വെറുതെ പ്രസ്താവന ഇറക്കുന്ന മുജാഹിദ് നേതാക്കള്‍ ആദ്യം വ്യക്തമാക്കേണ്ടത് ഇബ്‌നു അബ്ദുല്‍ വഹാബിനോടുള്ള നിലപാടാണ്. ഇബ്‌നു വഹാബിനെ തള്ളിപ്പറയാന്‍ തയാറുണ്ടോ? ലോകത്തെ സകലമാന തീവ്രവാദ പ്രസ്ഥാനങ്ങളുടെയും വേദഗ്രന്ഥമായ അദ്ദേഹത്തിന്റെ കിതാബുത്തൗഹീദിനെക്കുറിച്ച് നമ്മുടെ നാട്ടിലെ സലഫികളുടെ നിലപാടെന്താണ്? ഇത്രയുമായ സ്ഥിതിക്ക് അയാളുടെ മതത്തെയും രാഷ്ട്രീയത്തെയും ഇനിയെങ്കിലും കുടഞ്ഞുകളയാന്‍ ഇവര്‍ക്കു കഴിയുമോ?

അതല്ല, സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം (നോക്കൂ, ആത്മവിശ്വാസക്കുറവ് കൊണ്ടാകണം, ഏറെക്കുറെ സമാനപദങ്ങള്‍ പ്രമേയത്തില്‍ നിരത്തി വിന്യസിച്ചിട്ടും അവര്‍ക്ക് മതിവരുന്നില്ലല്ലോ) തുടങ്ങിയ സമ്മേളന പ്രമേയങ്ങള്‍ അവതരിപ്പിച്ചും കാലങ്ങളായി ഉപയോഗിച്ചുപോരുന്ന ‘സലഫീ നഗര്‍’ ഉപേക്ഷിച്ചു സമ്മേളനം നടത്തിയും ലളിതമായി പരിഹരിക്കാവുന്ന പ്രതിസന്ധിയിലാണ് തങ്ങള്‍ പെട്ടതെന്നാണോ മുജാഹിദുകള്‍ നിനച്ചിരിക്കുന്നത്? സലഫീ നഗര്‍ മാത്രമല്ല, മുജാഹിദ് സമ്മേളന മുദ്രാവാക്യങ്ങളില്‍ നിന്ന് ചോര്‍ന്നുപോയത്. ചരിത്രത്തില്‍ ആദ്യമായി ‘തൗഹീദും’ തിരോഭവിച്ചിരിക്കുന്നു. മുസ്‌ലിംകളടക്കം ആയിരക്കണക്കിന് മനുഷ്യരെ കൊന്നുതള്ളാന്‍ കാരണം കണ്ടെത്തിയ, പ്രവാചകന്മാരുടെയടക്കമുള്ള സ്മാരകങ്ങളും മഖ്ബറകളും പുണ്യകേന്ദ്രങ്ങളും തകര്‍ക്കാന്‍ കാരണമായി പറഞ്ഞ ‘വഹാബി തൗഹീദ്’ ആത്മഹത്യാപരമായിരിക്കുമെന്ന് അവര്‍ തിരിച്ചറിയുന്നുണ്ടാകണം. പുറത്തിങ്ങനെ നല്ല നല്ല വര്‍ത്തമാനങ്ങള്‍ പറയുകയും അകത്ത് ശംസുദ്ദീന്‍ പാലത്തിനും മുജാഹിദ് ബാലുശ്ശേരിക്കും താലിബാന്‍ ഹംസക്കുമൊക്കെ ഇടം നല്‍കുകയും ചെയ്യുന്ന മെയ്‌വഴക്കം ഇനിയും തുടരാന്‍ തന്നെയാകുമോ ഈ സലഫീ സുഹൃത്തുക്കളുടെ തീരുമാനം?

ഇബ്‌നുഅബ്ദില്‍ വഹാബ് ചെയ്യാത്ത എന്തതിക്രമമാണ് ഐ എസ് ചെയ്തിട്ടുള്ളത്? സഊദിയുടെയും വഹാബിസത്തിന്റെയും ചരിത്രമറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഐ എസിനെ അറിയില്ലെന്ന് അലസ്റ്റയര്‍ ക്രൂക്കിനെ പോലെ പല ഗവേഷകരും ചൂണ്ടിക്കാട്ടുന്നത് ഇതുകൊണ്ടാണ്. മനുഷ്യരെ നിര്‍ദാക്ഷിണ്യം കൊന്നുതള്ളുക, പുണ്യകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും തരിപ്പണമാക്കുക ഈ രണ്ട് കാര്യങ്ങളാണ് മുഖ്യമായും പതിനെട്ടാം നൂറ്റാണ്ടില്‍ വഹാബി സൈന്യം ചെയ്തത്. ഈ ക്രൂരതകളാണ് ചാണിന് ചാണായും മുഴത്തിന് മുഴമായും ഐ എസും അവരുടെ മച്ചുനന്മാരും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കര്‍ബലയിലും ഉയയ്‌നയിലും താഇഫിലും ഇബ്‌നു അബ്ദില്‍ വഹാബും അയാളുടെ ഭീകരരും ചേര്‍ന്ന് മനുഷ്യരോടും മരണപ്പെട്ടവരോടും ചെയ്ത ക്രൂരതകള്‍ക്ക് സമാനതകളില്ല.

സൈനി ദഹ്‌ലാനെ പോലുള്ളവര്‍ ഇവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്: താഇഫിലേക്ക് വഹാബിസംഘം പ്രവേശിച്ചപ്പോള്‍, അവിടുത്തെ ജനങ്ങളെ മുഴുവന്‍ കൊന്നു. മുതിര്‍ന്നവരെ, കുട്ടികളെ, സാധാരണക്കാരെ, ഉന്നതരെയും താഴെ കിടയിലുള്ളവരെയും എല്ലാവരെയും കശാപ്പ് ചെയ്തു. ഉമ്മയുടെ ഒക്കത്തിരുന്ന് മുലപ്പാല് കുടിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ വരെ വഹാബി സൈന്യം വകവരുത്തി. വീടുകളില്‍ വാതിലടച്ച് കഴിഞ്ഞവരെ പുറത്തിറക്കി കൊന്നു. പള്ളിയില്‍ പരിശുദ്ധ ഖുര്‍ആന്‍ ദര്‍സ് നടത്തിയിരുന്നവരെയും വെറുതെ വിട്ടില്ല. എന്തിന്, പള്ളിയില്‍ റൂകൂഇലും സുജൂദിലും ആയിരുന്നവരെ പോലും വാളിനിരയാക്കി. പടച്ച തമ്പുരാന് മുന്നില്‍ നിസ്‌കരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെ പോലും ശിര്‍ക്ക് ആരോപിച്ചുകൊണ്ടാണ് ആദ്യകാല വഹാബികള്‍ വെട്ടിക്കൊന്നത്. ജുമുഅ നിസ്‌കാരത്തിന് പള്ളിയിലെത്തിയവര്‍ക്ക് നേരെയാണല്ലോ ഈജിപ്തില്‍ ഈയിടെ തീവ്രവാദികള്‍ ഭീകരാക്രമണം നടത്തിയത്. ഈ ചരിത്ര സത്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് സലഫിസം/വഹാബിസം പാവമാണ്, പവിത്രമാണ്; പന്ത്രണ്ട് കൊല്ലം മുമ്പത്തെ വ്യതിയാനമാണ് തീവ്രവാദ പ്രവണതയെന്നൊക്കെ ചിലര്‍ സിദ്ധാന്തം ചമയ്ക്കുന്നത്.

അക്കുത്തിക്കുത്താന…
നിഷ്പക്ഷ സംഘം, ഐക്യസംഘം തുടങ്ങിയ പരിണാമ ദശകളൊക്കെ പിന്നിട്ട കേരള നദ്‌വത്തുല്‍ മുജാഹിദീന്‍; ഇപ്പോള്‍ ഒരുപാട് പേരുകളിലാണ് അറിയപ്പെടുന്നത്. വഹാബി, ഇസ്‌ലാഹീ മൂവ്‌മെന്റ്, സലഫി പ്രസ്ഥാനം, വിസ്ഡം ഗ്ലോബല്‍ വിഷന്‍, നവസലഫി, ഇസ്‌ലാഹി സെന്റര്‍, പുരാണ സലഫി, ജിന്ന് വിഭാഗം എന്നൊക്കെയുള്ള വിളിപ്പേരുകള്‍ വിനാശകാലേ ഒരു സൗകര്യമായാണ് ഇപ്പോള്‍ അവര്‍ കരുതുന്നത്. വല്ല തീവ്രവാദ കേസിലോ വിധ്വംസക പ്രവര്‍ത്തനങ്ങളിലോ പ്രവര്‍ത്തകര്‍ പെട്ടാല്‍ ഈ വ്യത്യസ്ത പേരുകള്‍ വലിയ സൗകര്യമായി കണ്ട് വ്യാജ ആനന്ദം കണ്ടെത്തുകയാണ് നേതാക്കള്‍. പൊതുസമൂഹത്തില്‍ തങ്ങള്‍ തിരിച്ചറിയപ്പെടില്ലെന്ന് അവര്‍ കരുതുന്നു. അങ്ങനെ അക്കുത്തിക്കുത്ത് കളിച്ച് രക്ഷപ്പെടാമെന്നാണ് അവര്‍ പൂതി വെക്കുന്നത്. എന്നാല്‍, കേരളത്തിലെ വിവിധ ബ്രാന്റ് മുജാഹിദ് വിഭാഗങ്ങളുടെ ആ ആശയപ്രഭവ കേന്ദ്രം സലഫിസമാണെന്നത് മറച്ചുവെക്കാന്‍ എത്ര കാലം ഇവര്‍ക്ക് കഴിയും? മാധ്യമങ്ങള്‍ ഇങ്ങനെ മിഴി തുറന്നുനില്‍ക്കുന്ന, സോഷ്യല്‍ മീഡിയ ഇത്രയും സജീവമായ കാലത്ത് ഇവയെല്ലാം ആഗോള സലഫിസത്തിന്റെ വകഭേദങ്ങള്‍ തന്നെയാണെന്ന് ആര്‍ക്കാണ് മറച്ചുവെക്കാനാകുക?
ഈ കണ്ണ്‌പൊത്തിക്കളിക്കപ്പുറം സലഫികള്‍ സ്വയം ഉത്തരം കണ്ടെത്തേണ്ട ചേദ്യം ഇതാണ്. ഇന്ത്യയില്‍ ജീവിച്ചാല്‍ മുസ്‌ലിമായി മരിക്കാന്‍ കഴിയില്ലെന്ന് വിശ്വസിച്ച് സിറിയയിലും അഫ്ഗാനിലും പോയെന്ന് കരുതുന്ന എല്ലാവരും ‘സലഫി’ പ്രവര്‍ത്തകരായതെന്തുകൊണ്ട്? എന്തുകൊണ്ടായിരിക്കാം മുജാഹിദ്/ സലഫി പ്രവര്‍ത്തകര്‍ മാത്രം പലായനത്തിന് മുതിരുന്നത്? കേരളത്തില്‍ സലഫികള്‍ വിവിധ ബ്രാന്റുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ശരി. എന്നാല്‍, എന്തുകൊണ്ട് അവര്‍ മാത്രം ഐ എസ് പോലുള്ള തീവ്രവാദ സംഘങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു?

താലിബാന്‍, അല്‍ ഖാഇദ, ബോക്കോ ഹറാം, ഹര്‍കത്തുല്‍ മുജാഹിദീന്‍, അബൂ സയ്യാഫ്, അശ്ശബാബ്, താലിബാന്‍, ജയ്‌ശേ മുഹമ്മദ്, അല്‍ ഖാഇദ, തൗഹീദ് ആന്‍ഡ് ജിഹാദ് തുടങ്ങിയ ഭീകവാദഗ്രൂപ്പുകളെല്ലാം എന്തുകൊണ്ട് വഹാബി- സലഫി ഐഡിയോളജി പിന്തുടരുന്നു? ഈ സലഫി ആശയം തന്നെയല്ലേ കേരളത്തിലെ മുജാഹിദ് ഗ്രൂപ്പുകളും പിന്തുടരുന്നത്? ഭീകര വിധ്വംസക ഗ്രൂപ്പുകള്‍ വേദഗ്രന്ഥമായി കരുതുന്ന ഇബ്‌നു അബ്ദുല്‍ വഹാബിന്റെ കിതാബുത്തൗഹീദും കേരളത്തിലെ മുജാഹിദുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

ഇടക്കാലാശ്വസങ്ങള്‍ മതിയാകുമോ?
മുസ്‌ലിം ലീഗിനോട് സഹായം (!) ചോദിക്കുക, മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുക, വക്കം മൗലവി, വക്കം മൗലവി എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയ താരതമ്യേന ലഘുവായ ഉപായങ്ങളിലൂടെ തങ്ങള്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തിലെ സലഫികള്‍ നോക്കുന്നുണ്ട്. പക്ഷേ, ആശയപരമായ ഒരു പുനരാലോചന അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് അതിന്റെ മൗലികമായ ദൗര്‍ബല്യം. അതുകൊണ്ട് തന്നെ ഒരു ഇടക്കാലാശ്വാസമായി എന്തെങ്കിലും ലഭിച്ചാലായി എന്നേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഘോരമായ തമസ്‌കരണ സന്നാഹങ്ങളെയും രാഷ്ട്രീയ സമ്മര്‍ദങ്ങളെയും മറികടന്നാണ് കേരളത്തില്‍ പുരോഗമന നാട്യക്കാരായ മുജാഹിദുകളുടെ തീവ്രവാദ ചാര്‍ച്ച ചര്‍ച്ചയായത്. മുസ്‌ലിം ലീഗ് മുഖപത്രത്തില്‍ പോകട്ടെ, മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും സാന്ദ്രമായ സലഫി സാന്നിധ്യമുണ്ടെന്ന് ഇത്തരം വാര്‍ത്തകളുടെ വിന്യാസവും അതിലെ പദപ്രയോഗങ്ങളും വ്യക്തമാക്കുന്നു. തീവ്രവാദ വാര്‍ത്തകള്‍ക്ക് ആര്‍ത്തിയോടെ കാത്തിരിക്കുന്നവര്‍ പോലും സലഫികളോട് ‘നല്ല സമചിത്തത’ കാണിക്കുന്നുണ്ട്. സലഫി, മുജാഹിദ് തുടങ്ങിയ പദങ്ങള്‍ വരാതിരിക്കാന്‍ വലിയ തോതിലുള്ള ജാഗ്രതയാണ് പല മലയാള പത്രങ്ങളും കാണിക്കുന്നത്. രാഷ്ട്രീയ സ്വാധീനം, ഫ്യൂഡല്‍ ആശ്രിതത്വം, സമുദായത്തിലെ ക്രിമിലയര്‍ വിഭാഗത്തിന്റെ പിന്തുണ, കാലങ്ങളായി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കാന്‍ കഴിയുന്നത് തുടങ്ങിയ ഘടകങ്ങളാല്‍ സമുദായത്തെ ആവരണം ചെയ്തിരിക്കുന്ന സലഫി പൊതുബോധം വലിയൊരു കവചമാകുമെന്ന് പ്രത്യാശയുള്ളപ്പോഴും സോഷ്യല്‍ മീഡിയയുടെ തുറന്നുപറച്ചില്‍ അവര്‍ക്ക് വലിയ പ്രഹരമാണുണ്ടാക്കുന്നത്.

മുസ്‌ലിം ലീഗിന്റെ വലിയ ഒത്താശയും ഈ ആപത്ഘട്ടത്തില്‍ സലഫികള്‍ക്ക് ലഭിക്കുന്നുണ്ട്. മഅ്ദനിയുടെ കുറച്ച് കനത്തിലുള്ള ശബ്ദം പോലും അലര്‍ജിയായിരുന്നു ഒരു കാലത്ത് അവര്‍ക്ക്. നിശ്ചിത ഇടവേളകളില്‍ തീവ്രവാദ വിരുദ്ധ കൂട്ടായ്മകളും പ്രസ്താവനകളും നടത്തിയിരുന്ന പാര്‍ട്ടിയാണല്ലോ ശംസുദ്ദീന്‍ പാലത്തിന് വേണ്ടി നിയമസഭയില്‍ ബഹളം വെച്ചത്. എം എം അക്ബറിന് വേണ്ടി ആലിക്കുട്ടി മുസ്‌ലിയാരുടെ പേരില്‍ പാര്‍ട്ടി പത്രത്തില്‍ വ്യാജ ലേഖനം ചമയ്ക്കാനും അവര്‍ തയാറായി. സലഫികള്‍ക്ക് മരുന്നിട്ടുകൊടുക്കുക എന്ന പാര്‍ട്ടിയുടെ ആദിമ കാലത്തേയുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്ന് ഈ കൈവിട്ട കളികള്‍ തെളിയിക്കുന്നു.
കേരളത്തിലെ വഹാബികളില്‍ പ്രത്യാശയര്‍പ്പിച്ചു കഴിയുന്ന കഴിയുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇപ്പോള്‍ വലിയ ഇച്ഛാഭംഗം അനുഭവിക്കുന്നുണ്ട്. അപ്പോഴും ‘പുറമേക്ക് മാരാരും അകമേ പാലത്തുമായി’ കഴിയുന്ന ഈ സാമൂഹിക നിരീക്ഷകരുടെ തുരങ്ക സൗഹൃദങ്ങളും മുജാഹിദുകള്‍ക്കു ലഭിക്കുന്നു. മുസ്‌ലിം സാമൂഹിക ജീവിതത്തെകുറിച്ച് കൂലങ്കഷമായി എഴുതിക്കൊണ്ടിരിക്കുന്ന, മനുഷ്യാവകാശത്തിന് വേണ്ടി എപ്പോഴും വേപഥു പൂണ്ടുനടക്കുന്ന എം എന്‍ കാരശ്ശേരിയെ പോലുള്ളവര്‍, കേരളീയ പൊതുജീവിതത്തെ സാമാന്യമായും മുസ്‌ലിം സാമൂഹിക ജീവിതത്തെ വിശേഷിച്ചും എടങ്ങേറിലാക്കുന്ന ഒരു മഹാവിപത്തിനെ കുറിച്ച് ഒരര വരി പോലും എഴുതിയിട്ടില്ലെന്നത് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് അതിശയമുണ്ടാക്കില്ലെങ്കിലും അദ്ദേഹത്തിന്റെ എഴുത്തില്‍ മാത്രം പരിചയമുള്ളവര്‍ക്ക് അത്ഭുതം തോന്നിയേക്കാം. ഷാജഹാന്‍ മാടമ്പാട്ടിനെ പോലുള്ളവര്‍ തന്റെ സലഫീ ഭൂതകാലത്തെ തള്ളിപ്പറയുകയും വേറെ ചില യുവസലഫികള്‍ പുറമേക്കെങ്കിലും കുടഞ്ഞുകളയുന്നതായി നടിക്കുകയുമൊക്കെ ചെയ്യുന്ന ഘട്ടത്തിലാണ് കാരശ്ശേരിയെ പോലുള്ളവര്‍ മൗനത്തിലൂടെയെങ്കിലും സലഫികള്‍ക്ക് താങ്ങാകാനാകുമോ എന്നുനോക്കുന്നത്. ഏതായാലും ആ വഹാബിയല്ല ഈ വഹാബിയെന്നെഴുതാനുള്ള ആത്മവിശ്വാസം കാരശ്ശേരിയിലെ വഹാബിക്കല്ല ഒരു വഹാബിക്കുമിന്നില്ല എന്നുറപ്പ്.

പി കെ എം അബ്ദുറഹ്മാന്‍

You must be logged in to post a comment Login