അബ്ദുല്‍ഖാദിര്‍(ഖ.സി) എന്നാണ് യഥാര്‍ത്ഥ നാമമെങ്കിലും മുഹ്‌യിദ്ദീന്‍, ഗൗസുല്‍ അഅ്‌ളം എന്നീ വിളിപ്പേരുകള്‍ കൂടി ശൈഖ് ജീലാനിക്കുണ്ട്. ഈ മൂന്ന് നാമങ്ങളില്‍ ശൈഖ് ജീലാനിയുടെ വ്യക്തിത്വം എങ്ങനെ അന്തര്‍ലീനമായിരിക്കുന്നുവെന്ന പരിശോധനയാണിത്. ഒരാളുടെ പേര്, യാദൃച്ഛികതക്കപ്പുറം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രകാശനമായനുഭവപ്പെടാം. ജീവിത വിശുദ്ധിയുടെയും ആത്മീയ പ്രഭാവത്തിന്റെയും അടിസ്ഥാനത്തില്‍ മറ്റു ചില സ്ഥാനപ്പേരുകള്‍ കിട്ടുകയുമാകാം. രണ്ടായാലും വ്യക്തിത്വത്തിന്റെ അന്തര്‍ധാരയിലേക്ക് അവക്ക് സൂചന നല്‍കാന്‍ കഴിയുമെന്നുറപ്പാണ്.
‘അബ്ദ്’ എന്നാല്‍ അടിമ എന്ന് മലയാളം. ഒരുപക്ഷേ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഇക്കാലത്ത് പേരില്‍ ഇങ്ങനെയൊരു വിശേഷണം അരോചകമായി അനുഭവപ്പെട്ടേക്കാം. എന്നാലും അത് മനുഷ്യന്റെ തനതവസ്ഥയാണ്. പ്രപഞ്ചത്തിന്റെയൊട്ടാകെയുള്ള തനതവസ്ഥയാണ് സ്രഷ്ടാവിനോടുള്ള വിധേയത്വം. അതില്‍ നിന്ന് മനുഷ്യനും ഒരിക്കലും മാറിനില്‍ക്കാന്‍ കഴിയുന്നതല്ല. ‘ആകാശഭൂവനങ്ങളെല്ലാം അല്ലാഹുവിന്റെതാണ്’ എന്ന് വിശുദ്ധ ഖുര്‍ആനില്‍ പലയാവര്‍ത്തി വന്നിട്ടുണ്ട്. എന്താണതിന്റെ താത്പര്യം.? പ്രപഞ്ചം അല്ലാഹുവിന്റെതാണ് എന്നാണ് ലളിത സാരം. അത് വിശകലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടുന്നത് ഇങ്ങനെ ആയിരിക്കും. പ്രപഞ്ചമഖിലം അല്ലാഹുവിന്റെ സൃഷ്ടിയാണ്. സൃഷ്ടിയായതെന്തും സ്രഷ്ടാവിന്റെ അധികാരത്തിനു കീഴിലും ഉടമസ്ഥതക്ക് കീഴിലുമായിരിക്കണം. ആ നിലക്ക് ഈ പ്രപഞ്ചത്തിന് അല്ലാഹുവിന്റെ അധികാരത്തിന്റെയും ഉടമസ്ഥതയുടെയും കീഴില്‍ നിന്ന് ഒരു നിമിഷം പോലും മാറിനില്‍ക്കാനാകില്ല. ആശയപരമായി പ്രപഞ്ചമഖിലവും അല്ലാഹുവിന്റെ മുമ്പില്‍ വിധേയപ്പെടുന്നുണ്ടെന്നാണ് ഇതിനര്‍ഥം. പ്രപഞ്ചത്തിന്റെ ആ അവസ്ഥയില്‍ നിന്ന് ഒരു മനുഷ്യനും മുക്തനാകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ വിധേയത്വം എന്നത് മനുഷ്യന്റെ തനതവസ്ഥയാണ്.
അങ്ങനെ ആകുമ്പോള്‍ അടിമ എന്ന പ്രയോഗം മനുഷ്യന്റെ പൂര്‍ണതയെക്കുറിക്കുന്നുണ്ട്. മനുഷ്യന്റെ യഥാര്‍ത്ഥ അവസ്ഥ അബ്ദ് അഥവാ ദാസനാകുക എന്നതാണല്ലോ. ദാസ്യവൃത്തിയെ എത്ര കണ്ട് പ്രാപിക്കുന്നുവോ അത്രകണ്ട് ഒരാളുടെ വ്യക്തിത്വത്തില്‍ അഭിവൃദ്ധിയുണ്ടാകും. മനുഷ്യന്റെ ഉള്ളിലുള്ള അഹങ്കാരവും ആഢ്യതാ മനോഭാവവും ദൂരെയെറിഞ്ഞ് തന്റെ മൗലികാവസ്ഥയുടെ തനതു സ്വഭാവത്തെ തിരിച്ചറിയുന്ന ഒരവസ്ഥയാണ് അബ്ദിയ്യത്ത് അഥവാ ഈ ദാസ്യവൃത്തിയെന്ന് മനസിലാക്കുക.
പരിശുദ്ധ പ്രവാചകന്‍(സ്വ)തന്റെ ആത്മീയ പ്രകാശനത്തിന്റെ ഉത്തുംഗമായൊരവസ്ഥയാണല്ലോ മിഅ്‌റാജ് വേളയില്‍ അനുഭവിച്ചറിഞ്ഞത്. പ്രസ്തുത വ്യക്തിത്വത്തെയും ഖുര്‍ആന്‍ അബ്ദ് എന്നു വ്യവഹരിച്ചു. മനുഷ്യന്‍ എത്ര വളര്‍ന്നാലും ദൈവമാകുന്നില്ല. അവന്‍ അടിമ തന്നെ.
ഈയര്‍ഥങ്ങളെ ധ്വനിപ്പിക്കുന്ന ശൈഖവര്‍കളുടെ നാമത്തിന്റെ അടുത്ത പാതി അല്‍ഖാദിര്‍ എന്നാണല്ലോ. അല്‍ഖാദിര്‍ എന്നാല്‍ ശക്തിയുള്ളവന്‍, കഴിവുള്ളവന്‍. അല്ലാഹുവാണ് കഴിവുള്ളവന്‍. ”തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.” (20-20) ഈ പ്രപഞ്ചത്തിന്റെ അധീശാധികാരം അവന്റേതാകുന്നു. സൃഷ്ടിക്കുന്നവന്‍, പരിപാലിക്കുന്നവന്‍, എല്ലാം അറിയുന്നവന്‍, എല്ലാം കേള്‍ക്കുന്നവന്‍, എല്ലാ ശക്തിയുടെയും സ്രോതസ്, അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് ആവശ്യമായതെല്ലാം അവന്‍ നല്‍കുന്നു. സര്‍വശക്തനായ ആ അസ്തിത്വത്തിന്റെ അടിമയെന്ന വായനക്ക് ശൈഖവര്‍കളുടെ നാമം പര്യാപ്തമാണല്ലോ.
സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒട്ടനവധി അത്ഭുത സിദ്ധികള്‍ ശൈഖ് ജീലാനിയില്‍ നിന്നുണ്ടായിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ മുഹ്‌യിദ്ദീന്‍ മാലയില്‍ ഉദ്ധരിച്ചിരിക്കുന്നു. അവ നമുക്ക് വായിക്കാം.
കനിയില്ലാ കാലം
കനിയെ കൊടുത്തോവര്‍
കരിഞ്ഞ മരത്തിന്‍മേല്‍
കായ നിറച്ചോവര്‍
കനിയുണ്ടാകാത്ത കാലത്ത് ശൈഖവര്‍കള്‍ കനിയുണ്ടാക്കിക്കൊടുത്തു. കരിഞ്ഞുണങ്ങിയ മരത്തില്‍ കായ നിറച്ചു.
ചത്ത ചകത്തിന്
ജീവനിടീച്ചോവര്‍
ചാകും കിലേശത്തെ
നന്നാക്കി വിട്ടോവര്‍
കോഴിടേ മുള്ളോട്
കൂകെന്ന് ചൊന്നാരെ
കൂശാതെ കൂകി
പറപ്പിച്ച് വിട്ടോവര്‍.
ചത്തതിനു ജീവന്‍ നല്‍കി. ചാകാന്‍ പോകുന്നതിനെ നന്നാക്കി. ജിവനില്ലാതെ കിടക്കുന്ന കോഴിമുള്ള് ശൈഖവര്‍കളുടെ ഉത്തരവ് കേള്‍ക്കേണ്ടുന്ന താമസം ജീവന്‍ വെച്ച് പറന്നുപോയി. ഇങ്ങനെ ഒട്ടനവധി അത്ഭുത സിദ്ധികള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇസ്‌ലാമിക വിരുദ്ധമായി ഒന്നും കാണേണ്ടതില്ല. തന്റെ ‘അബ്ദ്’ ഫര്‍ളുകള്‍ക്കുപരി സുന്നത്തുകള്‍ കൊണ്ട് അല്ലാഹുവോടടുക്കുമെന്നും അങ്ങനെ അല്ലാഹു ആ ‘അബ്ദി’നെ ഇഷ്ടപ്പെടുമെന്നും തത്ഫലമായി അദ്ദേഹത്തിന്റെ കൈക്കും കാലിനും കണ്ണിനും കാതിനുമൊക്കെ ശക്തികൂടുമെന്നും ഒരു ഖുദ്‌സി ഹദീസില്‍ ഉണ്ട്.
പ്രവാചകനായ ഇബ്‌റാഹീം നബി(അ)യുടെ ഒരനുഭവ സംഭവം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മരിച്ചു പോയവയെ എങ്ങനെയായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക? നേരിട്ടുകണ്ട് പരമജ്ഞാനം കൊതിക്കുന്ന ഒരു ജ്ഞാനിയുടെ അര്‍ത്ഥനക്കുത്തരം കിട്ടി. നാല് പക്ഷികളെ പിടിക്കണം. അവയെ അറുത്ത് മാംസം പരസ്പരം കുഴച്ചു ചേര്‍ത്ത് വെക്കണം. അത് നാലായി ഭാഗിച്ച് നാല് പര്‍വതങ്ങള്‍ക്ക് മുകളില്‍ എത്തിക്കുക. പക്ഷികളുടെ തലകള്‍ സ്വന്തം പക്കലിരിക്കട്ടെ. ഇനി ഓരോന്നിന്റെയും പേര്‍ വിളിച്ചു നോക്കൂ. ഇബ്‌റാഹീം നബി(അ) യോടുള്ള ഇലാഹീ നിര്‍ദേശം അതായിരുന്നു. ചിന്തനീയമാണ് ഈ സംഭവം. ഇബ്‌റാഹീം നബി(അ)യുടെ ചോദ്യം അല്ലാഹു എങ്ങനെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത് എന്നായിരുന്നു. പക്ഷെ അതിന്റെ മറുപടി അല്ലാഹുവിന് സ്വയം മറ്റൊരുവിധം ചെയ്തു കാണിക്കാമായിരുന്നു. എന്നാല്‍ ഇവിടെ സംഭവിച്ചത് പക്ഷികളെ വീണ്ടും ജീവിപ്പിക്കാനുള്ള കഴിവ് ഇബ്‌റാഹീം നബി(അ)ക്ക് നല്‍കിയെന്നതാണ്. അല്ലാഹു നേരിട്ട് ചെയ്തുകാണിക്കാതെ ഇബ്‌റാഹീം നബിയോട് അവയെ അറുത്ത് മാംസമാക്കിയ ശേഷം വിളിക്കാനും തദനുസൃതം അവക്ക് പുനര്‍ജീവിക്കാനും അവസരമൊരുക്കുകയുണ്ടായല്ലോ. മഹോന്നതരായ വ്യക്തികള്‍ക്ക് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഇത്തരം കഴിവുകള്‍ ഉണ്ടാകുന്നതാണ്. അജയ്യനും പ്രതാപശാലിയുമായ അല്ലാഹുവിന്റെ അടിമയാകുന്നതോടെ അത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നത് ബുദ്ധിപരമായി വിദൂരസാധ്യതയല്ലെന്ന് ഗ്രഹിക്കേണ്ടതുണ്ട്. അബ്ദുല്‍ഖാദിര്‍ എന്ന നാമത്തിന്റെ ഒരു നേര്‍പ്രകടനമെന്നോണം ശൈഖ് ജീലാനി(റ) യുടെ അത്ഭുത സിദ്ധികള്‍ ഇങ്ങനെ അടയാളപ്പെടുന്നുണ്ടെന്ന് കാണാം.
അത്ഭുത സിദ്ധികള്‍ കേവലപ്രവര്‍ത്തനങ്ങളല്ല. അവക്ക് പ്രത്യേക ആന്തരാര്‍ഥങ്ങളുണ്ടാകും, വിശേഷിച്ചും അല്ലാഹുവിന്റെ ഔലിയാക്കളാകുമ്പോള്‍. അവര്‍ അത്ഭുത സിദ്ധികള്‍ കാണിക്കുന്നതിന്റെ ഒരു താത്പര്യം പൊതുജനത്തിന് തിരിച്ചറിവുണ്ടാകണമെന്നതാണ്. അര്‍ത്ഥവും ആശയവും നല്‍കാത്ത വൃഥാപ്രവര്‍ത്തനം അവരില്‍ നിന്നുണ്ടാകുന്നില്ല. ഹസ്‌റത്ത് മൂസാ(അ) യുടെ വടി സര്‍പ്പമായി. അത് മറ്റ് മാരണക്കാരുടെ പാമ്പുകളെ വിഴുങ്ങി. ഖുര്‍ആന്‍ ഉദ്ധരിച്ച സംഭവമാണിത്. ഫിര്‍ഔനും പ്രഭൃതികളും പ്രചരിപ്പിച്ചിരുന്ന തെറ്റായ വ്യവസ്ഥയുടെയും വിശ്വാസത്തിന്റെയും നാശവും ഇലാഹീ വ്യവസ്ഥിതിയുടെ അതിജയവുമാണ് ഈ സംഭവത്തിന്റെ പൊരുള്‍. കനിയില്ലാത്ത കാലം കനി നല്‍കിയപ്പോഴും കരിഞ്ഞുണങ്ങിയ മരത്തില്‍ കായ നിറച്ചപ്പോഴും എല്ലിന്‍ കഷ്ണമായി കിടക്കുന്ന കോഴിക്ക് ജീവനേകി കൂകി പറപ്പിച്ചപ്പോഴും ശൈഖവര്‍കളും തന്റെ അത്ഭുത സിദ്ധികളില്‍ ഈ വിശുദ്ധ മതത്തിന്റെ ഔന്നത്യവും സത്യാവസ്ഥയും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
അല്ലാഹുവില്‍ നിന്ന് ചൈതന്യമേറ്റു വാങ്ങിയവരാണ് വലിയ്യുമാരും ശൈഖുമാരും. അവര്‍ക്കുമുന്നില്‍ വന്നു നിന്നാല്‍ മൃതരൂപത്തില്‍ ജീവിച്ചു കൊണ്ടിരിക്കുന്നവര്‍, കരിഞ്ഞ മരം, എല്ലിന്‍ കഷ്ണങ്ങള്‍ തുടങ്ങിയവ ആത്മീയ ചൈതന്യം ഏറ്റുവാങ്ങി ഉന്നതിയിലേക്ക് ഉയര്‍ന്നു പൊങ്ങും. കനിയുണ്ടാകും. കൂകിപ്പറന്ന് ഉയര്‍ന്ന് പൊങ്ങും. അത്തരമൊരു ആത്മീയ വ്യാഖ്യാനം കൂടെയാകുമ്പോള്‍ ശൈഖവര്‍കളുടെ രണ്ടാമത്തെ നാമത്തിലേക്ക് കടക്കുകയാണ്, അഥവാ മുഹ്‌യിദ്ദീന്‍.!
‘അഹ്‌യാ’ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം ജീവിപ്പിച്ചു എന്നാകുന്നു. ‘മുഹ്‌യിദ്ദീന്‍’ എന്നാല്‍ ദീനിനെ ജീവിപ്പിക്കുന്നവന്‍. എന്താണ് ദീന്‍? മനുഷ്യരെ അവര്‍ക്ക് ഗുണകരമായതിലേക്ക് നയിക്കുന്ന ഇലാഹീ വ്യവസ്ഥിതിയെന്ന് ചുരുക്കിപ്പറയാം. മനുഷ്യരെ ഇഹപര നന്മയിലേക്ക് നയിക്കുന്ന വിശുദ്ധ ദീന്‍ ഇസ്‌ലാമാകുന്നു. ”തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുന്ന മതം ഇസ്‌ലാമാകുന്നു”. ഇസ്‌ലാമിനെ ജീവിപ്പിക്കുക എന്ന ദൗത്യമാണ് ശൈഖവര്‍കള്‍ നിര്‍വഹിച്ചതെന്നു വ്യക്തം.
ജീവിപ്പിക്കുക എന്നതിന്റെ അര്‍ത്ഥധ്വനികള്‍ എന്തൊക്കെയാണ്? ഒരു വസ്തുവിന് ജീവന്‍ കൊടുക്കുമെങ്കില്‍ അതിനുവേണ്ട പോഷണം നല്‍കണം. മുളച്ചുപൊങ്ങി വളര്‍ന്നു വികസിക്കാന്‍ പാതയിലുള്ള തടസങ്ങള്‍ നീക്കണം. ശൈഖവര്‍കളുടെ ഭാഷണങ്ങളിലേക്ക് ശ്രദ്ധിക്കൂ. പോഷണവും വഴിയിലെ വൈതരണികള്‍ നീക്കി കൊടുക്കുന്നതുമെല്ലാം ആ ഭാഷണങ്ങളില്‍ അനുഭവിച്ചറിയുന്നുണ്ട്.
”കൈയിലൊന്നുമില്ലാത്തവരും ജീവിക്കാന്‍ വേണ്ടി യാചിക്കാന്‍ നിര്‍ബന്ധിതരായവരുമായ സമൂഹം നിരാശപ്പെടാതിരിക്കൂ. ഈ ലോകം നിങ്ങള്‍ക്കെതിരായി ശണ്ഠക്കു വരുന്നതായി തോന്നുന്നല്ലേ? നിങ്ങള്‍ നഗ്നപാദര്‍, ഉടുതുണിയില്ലാത്തവര്‍, പട്ടിണിക്കാര്‍, ആശമുറിഞ്ഞവര്‍, ഭൗതിക സുഖത്തിന്റെ ആള്‍ക്കാര്‍, നിങ്ങളെ പുച്ഛത്തോടെ നോക്കുന്നു, എല്ലാ സ്ഥലങ്ങളില്‍ നിന്നും നിങ്ങളെ പുറത്താക്കപ്പെടുന്നു. ജീവിതത്തില്‍ എല്ലാ ആഗ്രഹങ്ങളും നിഷേധിക്കപ്പെട്ടവരാണല്ലോ നിങ്ങള്‍! എന്നാല്‍ ദൈവം നിങ്ങളെ ദാരിദ്ര്യത്തിലേക്ക് ചുരുക്കി കളഞ്ഞതാണെന്ന് ഒരിക്കലും നിങ്ങള്‍ പറയാതിരിക്കുക. അവന്‍ ലോകത്തെ നിങ്ങള്‍ക്കെതിരില്‍ അയച്ചുവിട്ടിരിക്കുന്നു എന്ന് കാണാതിരിക്കുക. നിങ്ങളെ അവന്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്നും അടിച്ചമര്‍ത്തി പതിതാവസ്ഥയില്‍ ആക്കിയിരിക്കുന്നു എന്നും മറ്റും നിങ്ങളൊരിക്കലും കാണരുത്. അവന്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട ലൗകിക വിഭവങ്ങള്‍ അനുവദിച്ചു നല്‍കിയില്ല എന്നും നിങ്ങള്‍ക്ക് അന്തസും പ്രസക്തിയും തന്നില്ലെന്നും പറയരുത്.
അതുപോലെ ദൈവം തന്റെ അനുഗ്രഹങ്ങളത്രയും നല്‍കിയിരിക്കുന്നത് മറ്റു ചിലര്‍ക്കാണെന്നും നിങ്ങള്‍ ചിന്തിച്ച് പോകരുത്. നിങ്ങളുടെ വിശ്വാസം പങ്കിടുകയും നിങ്ങളെപ്പോലെ ആദമിന്റെയും ഹവ്വയുടെയും സന്തതികളായിരിക്കുകയും ചെയ്യുന്ന അലൗകികരെ അല്ലാഹു ആദരിച്ചു എന്നും പ്രശസ്തിയിലേക്ക് ഉയര്‍ത്തി എന്നും കണ്ട് പോകരുത്.
നിങ്ങളുടെ അവസ്ഥ ഇങ്ങനെ ആയിത്തീരാന്‍ ഒരു കാരണമുണ്ട്. നിങ്ങള്‍ ഫലഭൂയിഷ്ഠമായ ഒരു ഭൂമിയാണ്. ദൈവം അവന്റെ അനുഗ്രഹത്തിന്റെ മഴയാണ് നിങ്ങളിലേക്ക് വര്‍ഷിപ്പിച്ചു കൊണ്ടിരിക്കുന്നത്. സഹനത്തിന്റെയും ലൗകിക വിരക്തിയുടെയും ഉറച്ച വിശ്വാസത്തിന്റെയും അറിവിന്റെയുമായ അനുഗ്രഹ വര്‍ഷം. നിങ്ങളുടെ വിശ്വാസത്തിന്റെ വൃക്ഷം വേരു പിടിക്കുകയാണ്. അതിന്റെ തണല്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകും. പുതിയ മുളകളും ഫലങ്ങളും അതില്‍ നിറഞ്ഞു നില്‍ക്കും. നിങ്ങള്‍ യാതൊരു വളവും നല്‍കാതെ തന്നെ ദൈവം വൃക്ഷത്തെ നിങ്ങളില്‍ വളര്‍ത്തി വലുതാക്കുകയാണ്. നിങ്ങള്‍ക്ക് എന്തൊക്കെ ആവശ്യമുണ്ടെന്ന് അല്ലാഹുവിനറിയാം” (ഫുതൂഹുല്‍ ഗയ്ബ്- 32ാം പ്രഭാഷണം)
അല്‍ഫത്ഹുര്‍റബ്ബാനിയില്‍ ഇങ്ങനെ വായിക്കാം. ”ലൗകിക വിഭവങ്ങള്‍ക്കു മുന്നില്‍ ഒരു യാചകനെ പോലെ ചെന്നു നില്‍ക്കേണ്ടി വരുന്ന വിധത്തില്‍ നിങ്ങളത് ആര്‍ജിക്കാന്‍ മെനക്കെടരുത്. നിങ്ങളൊരു രാജാവിനെപ്പോലെയായിരിക്കണം. വിഭവങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ വരണം. സത്യത്തില്‍ പരമ ശക്തനായ ദൈവത്തിന്റെ വാതില്‍ക്കല്‍ ചെന്ന് കൈ നീട്ടുന്നവനെയാണ് ലോകവും അംഗീകരിക്കുക. ലോകത്തിന് മുമ്പില്‍ ഭിക്ഷപ്പാത്രവുമായി ചെന്നു നില്‍ക്കുന്നവനെ അത് താഴ്ത്തിക്കെട്ടുകയേ ഉള്ളൂ. അതിനാല്‍ സ്വന്തം അന്തസിന് പോറലേല്‍പ്പിക്കാതെ ലൗകിക വിഹിതങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുക. അല്ലാഹു നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്” (ഫത്ഹുര്‍റബ്ബാനി-21ാം പ്രഭാഷണം)
മറ്റൊരു പ്രഭാഷണത്തില്‍ ശൈഖവര്‍കള്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു. ലോകത്തിനും അതിലെ വിഭവങ്ങള്‍ക്കും നേരെ കൈനീട്ടുന്നത് തെറ്റൊന്നുമല്ല. അത് നേടിയെടുക്കാനും സമാഹരിക്കാനും ശ്രമിക്കാം. അഭിലഷണീയമായ ഉദ്ദേശ്യങ്ങള്‍ക്കു വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ നിങ്ങളുടെ ഹൃദയം അതിനോട് ബന്ധിപ്പിക്കുക എന്നത് നിഷിദ്ധമാണ്. നിങ്ങളുടെ ഹൃദയത്തിന്റെ വാതില്‍ പുറത്ത് അവയെ വന്നു നില്‍ക്കാന്‍ അനുവദിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ വാതില്‍ കടന്ന് അകത്തു വരാന്‍ അനുവദിക്കല്‍ നിഷിദ്ധമാണ്. കാരണം അത് നിങ്ങള്‍ക്ക് അന്തസ് കൊണ്ടുവന്നു തരുന്നതല്ല. (ഫത്ഹുര്‍റബ്ബാനി)
ജീവിപ്പിക്കുക എന്ന സര്‍ഗാത്മക പ്രവര്‍ത്തനത്തിലെ സൗന്ദര്യ ശാസ്ത്രം എത്രമാത്രമാണ് മുകളിലെ പ്രഭാഷണങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. നന്മയുടെ ചാറ്റല്‍മഴ എന്ന് തോന്നുന്നില്ലേ. ഇനി മൂന്നാമത്തേതിലേക്ക് കടക്കാം. ഗൗസുല്‍ അഅ്‌ളം.
ആ വണ്ണം അല്ലാഹ്
പടച്ചവന്‍ താന്‍ തന്നെ
യാ ഗൗസുല്‍ അഅ്‌ളം
എന്നല്ലാഹ് വിളിച്ചോവര്‍
ഗൗസ്, അഅ്‌ളം എന്നീ രണ്ട് വാക്കുകളുണ്ടിവിടെ. ഗൗസ് എന്നാല്‍ സഹായി, അഅ്‌ളം എന്നാല്‍ മഹാന്‍. അതായത് മഹാനായ സഹായി. വിലായത്ത് എന്ന മഹത്തായ സ്ഥാനം ഒരധികാരം കൂടിയാണ്. ജനങ്ങള്‍ക്ക് അവരുടെ ഇഹപര വിജയത്തിന് കാരണമാകുന്ന കാര്യങ്ങളില്‍ മാര്‍ഗദര്‍ശിയായി നിന്ന് അവിടുന്ന് ഗൗസ് ആയി എന്നാണതിനര്‍ഥം. ആത്മീയ ലോകത്ത് ഉന്നതിയിലെത്തുമ്പോള്‍ ഭൂനിവാസികളെ മറന്നു പോകരുത്. മിഅ്‌റാജിന്റെ രാത്രിയില്‍ എത്രമേല്‍ ഔന്നത്യമാണ് തിരുനബി(സ്വ)ക്കുണ്ടായതെങ്കിലും അവിടുന്ന് തിരിച്ചിറങ്ങി വന്നിട്ടുണ്ട്. മേലെയായപ്പോള്‍ പോലും കൂടെയുള്ളവര്‍ക്ക് ‘സലാം’ ചോദിച്ചു വാങ്ങിയിട്ടുണ്ട്. പ്രവാചകന്മാരുടെ പിന്മുറക്കാരായ വലിയ്യുമാരും ഈയൊരു മാനത്തെ പ്രകാശിതമാക്കണം. വിശ്വസിച്ചവരും നിങ്ങളുടെ സഹായികള്‍ (വലിയ്യുകള്‍) ആണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഇത്ര കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഗൗസ് എന്നതിന്റെ വിവക്ഷ മനസിലാക്കാവുന്നതേയുള്ളു.
ഇനിയൊരു സംഭവം വായിക്കുക. ശൈഖ് ജീലാനി(റ)യുടെ കാലത്ത് ഔലിയാക്കളില്‍ ഒരാളുടെ സ്ഥാനം നഷ്ടപ്പെട്ടു. രാജ്യത്തെ സാധാരണക്കാരും അല്ലാത്തവരും ഇതറിഞ്ഞു. അല്ലാഹു പുറത്താക്കിയ വലിയ്യ് എന്നു പറഞ്ഞ് എല്ലാവരും അദ്ദേഹത്തെ ആക്ഷേപിച്ചു. തന്നിമിത്തം ഇദ്ദേഹം ഔലിയാക്കളില്‍ മുന്നൂറ്ററുപത് പേരെ സമീപിച്ചു. അല്ലാഹുവിനോട് തിരിച്ചെടുക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടു. അവര്‍ മുഴുവനും ശിപാര്‍ശ ചെയ്‌തെങ്കിലും അല്ലാഹു അദ്ദേഹത്തെ തിരിച്ചെടുത്തില്ല. അദ്ദേഹത്തിന്റെ പേര് പാപികളുടെ കൂട്ടത്തില്‍ ലൗഹുല്‍ മഹ്ഫൂളില്‍ എഴുതിയതായി ഔലിയാക്കള്‍ കണ്ടു. ഈ വിവരം അവര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അവസാനം അദ്ദേഹം ശൈഖ് ജീലാനിയെ സമീപിച്ച് ശിപാര്‍ശക്കാവശ്യപ്പെട്ടു. ശൈഖവര്‍കള്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. നിങ്ങള്‍ അല്ലാഹുവിങ്കല്‍ തള്ളപ്പെട്ടവനാണെങ്കില്‍ സ്വീകരിക്കപ്പെട്ടവനാക്കാന്‍ എനിക്ക് കഴിയും. ശൈഖവര്‍കള്‍ അല്ലാഹുവിനോട് ശിപാര്‍ശ ചെയ്തു. ‘പടച്ചവനേ ഇദ്ദേഹത്തെ നീ തിരിച്ചെടുക്കണം.’ അല്ലാഹു മറുപടി നല്‍കി. ‘മുന്നൂറ്ററുപത് ഔലിയാക്കള്‍ ശിപാര്‍ശ ചെയ്തിട്ടും ഈ വിഷയത്തില്‍ ഞാനൊന്നും ചെയ്തിട്ടില്ല. ഇദ്ദേഹത്തിന്റെ പേര് ലൗഹില്‍ പാപിയായാണ് രേഖപ്പെട്ടു കിടക്കുന്നത്.’ അപ്പോള്‍ ശൈഖ് പറഞ്ഞു. ‘ഇദ്ദേഹത്തെ നിന്റെയരികില്‍ സ്വീകാര്യനാക്കാമെന്ന് ഞാന്‍ വാക്ക് കൊടുത്തല്ലോ പടച്ചവനേ, ഈ വാക്ക് എന്റെ നാക്കിലൂടെ നീ പുറത്ത് വിട്ടല്ലോ. റബ്ബേ നീ അതിനാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കണേ.’ ഇതിന് അല്ലാഹു ഇങ്ങനെ മറുപടി നല്‍കി. ‘ഇദ്ദേഹത്തിന്റെ കാര്യം ഞാന്‍ നിങ്ങളെ ഏല്‍പിച്ചു. നിങ്ങള്‍ സ്വീകരിച്ചവനെ ഞാന്‍ സ്വീകരിച്ചു. നിങ്ങള്‍ തള്ളിയവനെ ഞാനും തള്ളി.’ ശേഷം ഇയാളുടെ പേര് പാപികളുടെ കൂട്ടത്തില്‍ നിന്ന് അല്ലാഹു മായ്ച്ചു കളഞ്ഞു. ഔലിയാക്കളുടെ രേഖയില്‍ ചേര്‍ത്ത ശേഷം അല്ലാഹു ശൈഖവര്‍കളെ പലതും അറിയിച്ചു. ”ഹേ ഗൗസുല്‍ അഅ്‌ളം, നിങ്ങള്‍ക്ക് പലതും ഞാന്‍ തരും. സ്ഥാനം കൊടുക്കാനും സ്ഥാനം കളയാനും നിങ്ങള്‍ക്ക് ഞാന്‍ അധികാരം നല്‍കിയിരിക്കുന്നു.” (സമ്പൂര്‍ണ മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാനം – മുസ്തഫല്‍ ഫൈസി ഉദ്ധരിച്ചത്)
‘ഗൗസുല്‍അഅ്‌ളം’ എന്ന സ്ഥാനത്തിന്റെ മഹത്വവും സമുന്നതിയും ഈ വിവരണത്തില്‍ നിന്ന് സ്പഷ്ടമാണ്. ശൈഖവര്‍കളുടെ വ്യക്തിത്വ മാനങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂചകങ്ങളാണ് അവിടുത്തെ നാമങ്ങള്‍. അധ്യാത്മിക രംഗത്തെ മഹത്വവും ആത്മീയ നേതാവെന്ന നിലയില്‍ അവിടുത്തെ ജനകീയ മാനവും ഈ അഭിധാന ദര്‍പ്പണങ്ങളില്‍ പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്.
ഇ എം എ ആരിഫ് ബുഖാരി
You must be logged in to post a comment Login