അഹമ്മദാബാദിന്റെ പ്രാന്തപ്രദേശമായ ദരിയാപൂരില്‍ അബ്ദുല്‍ ലത്തീഫ് ശൈഖ് എന്നൊരു ‘അധോലോകനായകന്‍’ ജീവിച്ചിരുന്നുവെത്ര. 1980കളില്‍ ജയിലില്‍ കിടന്ന് ദരിയാപൂര്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടി രാഷ്ട്രീയത്തില്‍ പകിട കളി നടത്തിയ ലത്തീഫ് ശൈഖ് 1997ല്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെടുന്നത്. കേശുഭായ് പട്ടേല്‍ സര്‍ക്കാരാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെങ്കില്‍ ശങ്കര്‍ സിംഗ് വഗേലയുടെ ഭരണകാലത്താണ് വെടിയേറ്റു മരിക്കുന്നത്. ഇതുവരെ ആരും തിരിഞ്ഞുനോക്കാത്ത വൃത്തികെട്ട ഈ അധോലോകത്തേക്ക് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഒരു വി.വി.ഐ.പി കൊട്ടിഘോഷത്തോടെ കടന്നുവന്നത് വന്‍വാര്‍ത്താപ്രാധാന്യം നേടി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു ആ അതിഥി. ‘മന്‍ കീ ബാത്ത് , ചായ് കീ സാഥ്’ പരിപാടിയിലുടെ പ്രദേശത്തെ മുസ്‌ലിംകളുടെ മനസ്സിലേക്ക് കയറിച്ചെല്ലാനും ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിക്കാനുമായിരുന്നു ആ വരവ്. പരിപാടിയില്‍ പങ്കെടുക്കാനും അമിത് ഷായോടൊപ്പം ചായ കുടിക്കാനും തൊപ്പിയും തലപ്പാവും ധരിച്ച നിരവധി മുസ്‌ലിംകള്‍ ആവേശം കാട്ടിയപ്പോള്‍ സംഘാടകരുടെ മുഖത്ത് ആഹ്ലാദം പടര്‍ന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് അവര്‍ ഉറപ്പുനല്‍കി. ഡിസംബര്‍ 18നു തിങ്കഴാഴ്ച ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ ശാഹിദിന് അറിയേണ്ടിയിരുന്നത് ദരിയാപൂരില്‍ ആര് ജയിച്ചു എന്നതാണ്. കോണ്‍ഗ്രസിലെ ഗിയാസുദ്ദീന്‍ ശൈഖ് ആണെന്ന് കണ്ടപ്പോള്‍ തെല്ലാശ്വാസം തോന്നി. അപ്പോഴും അമിത് ഷായുടെ സന്ദര്‍ശന വാര്‍ത്തയോടൊപ്പം മാധ്യമങ്ങള്‍ നല്‍കിയ ചില വിവരങ്ങള്‍ രാഷ്ട്രീയ ജിജ്ഞാസ ഏറ്റുന്നുണ്ടായിരുന്നു.
പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവും ദരിയാപൂരില്‍ വോട്ട് പിടിക്കാന്‍ എത്തിയിരുന്നില്ല. മുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ വോട്ട് ചോദിച്ചുചെല്ലുന്നത് പോലും ഭൂരിപക്ഷസമുദായത്തിന്റെ വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് ആ പാര്‍ട്ടി ഭയപ്പെട്ടിരുന്നു. പട്ടേല്‍മാരുടെ വോട്ട് തേടി ഗുജറാത്തിലുടനീളം റോഡ്‌ഷോകള്‍ നടത്തിയ രാഹുലിനോട് ദരിയാപൂര്‍ പോലുള്ള മുസ്‌ലിം കേന്ദ്രങ്ങളിലേക്ക് കടന്നുപോകരുതെന്ന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെത്ര. പത്ത് ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പോയിട്ട്, മുസ്‌ലിം നേതാക്കളുടെ പേര് പോലും എവിടെയും കേട്ടുപോകരുതെന്ന് താക്കീത് നല്‍കി. റോഡരികില്‍ വാഹനം നിറുത്തി രാഹുലും സംഘവും ചായ കുടിക്കാന്‍ സമയം കണ്ടെത്തിയപ്പോള്‍ പോലും അത് ‘ടോപ്പിവാല’ (തൊപ്പിക്കാരന്‍) ചായക്കടക്കാരന്‍ ആവരുതെന്ന് കൂടെ നടക്കുന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സോണിയഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിച്ചുകാരന്‍ എന്ന നിലയില്‍ പത്താം നമ്പര്‍ ജനപഥില്‍ ഇത്രയും കാലം ജീവിതം കഴിച്ചുകൂട്ടിയ ഗുജറാത്തിലെ ഏറ്റവും സീനിയര്‍ നേതാവായ അഹമ്മദ് പട്ടേലിനെ ഒരു തിരഞ്ഞെടുപ്പ് സ്‌റ്റേജിലും കാണാന്‍ സാധിക്കാതെ പോയത് ഒരാസൂത്രിത പദ്ധതിയുടെ ഫലമായിരുന്നു. മുസ്‌ലിം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസ് വിട്ട് പരക്കം പായേണ്ട എന്ന നിര്‍ദേശമുണ്ടായിരുന്നു. ഗാന്ധിജിയുടെ ജന്മദേശത്ത് മുസ്‌ലിംകള്‍ ആ വിധം അന്യവത്കരിക്കപ്പെട്ടപ്പോള്‍ ജയിച്ചത് നരേന്ദ്രമോഡിയും അമിത് ഷായുമാണ്. ജനാധിപത്യ ഇന്ത്യയുടെ ഈ ‘പതനം’ മുഖ്യധാര മാധ്യമങ്ങള്‍ക്ക് വിഷയമല്ലെങ്കിലും ‘ദി വയര്‍’ സമാന്തരമീഡിയ ഈ പോക്ക് അത്യപൂര്‍വമായ ആപത്തിലേക്കാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഏറ്റവും ദുഃഖകരമായ അവസ്ഥ, നരേന്ദ്രമോഡിയെയും ബി.ജെ.പിയെയും ആഗോളസമൂഹത്തിനു മുന്നില്‍ ഇപ്പോഴും പ്രതിക്കൂട്ടില്‍ നിറുത്തുന്ന 2002ലെ ന്യൂനപക്ഷവിരുദ്ധ കൂട്ടക്കൊലയെ കുറിച്ച് ഒരാളും ഒരിക്കല്‍ പോലും ഒരക്ഷരം മിണ്ടിയില്ല എന്നതാണ്. മറവി അനുഗ്രഹമാക്കി ജനാധിപത്യ സംവാദങ്ങളെ രാജ്യവാസികള്‍ ഒരുമിച്ച് മനഃപൂര്‍വം അട്ടിമറിച്ചിരിക്കുന്നു. പട്ടേല്‍ സമുദായത്തിന് കിട്ടേണ്ട സംവരണത്തെ കുറിച്ചും ദലിത് പീഡനങ്ങളെ കുറിച്ചും പിന്നോക്കക്കാരുടെ അവകാശങ്ങളെ കുറിച്ചും കോണ്‍ഗ്രസ് നേതാക്കളും അവരെ പിന്തുണക്കുന്നവരും ഘോരഘോരം പ്രസംഗിക്കുകയും അത്തരം വിഷയങ്ങളുടെ പേരില്‍ മോഡിയെയും ഹിന്ദുത്വപാര്‍ട്ടിയെയും വിമര്‍ശിക്കുകയും ചെയ്തപ്പോഴും മോഡിയുടെ ആള്‍ക്കാരും ഭരണകൂടവും ചേര്‍ന്ന് നടത്തിയ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ മനുഷ്യക്കുരുതിയെ കുറിച്ച് ഓര്‍മിപ്പിക്കാനോ അതിനു ഉത്തരവാദികളുടെ നേരെ വിരല്‍ ചൂണ്ടാനോ മതേതരത്തിന്റെ കാവലാളുകള്‍ക്ക് ആര്‍ജവമുണ്ടായില്ല. സംഘ്പരിവാര്‍ കാപാലികര്‍ നിഷ്ഠൂരം തീയിട്ടുകൊന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ഇഹ്‌സാന്‍ ജിഫ്രിയുടെ പേര് ഒരിക്കല്‍ പോലും ആരും ഓര്‍ത്തില്ല. ഒരു സംസ്ഥാനത്തിന്റെ മനോഘടനയില്‍ വന്ന അങ്ങേയറ്റം വിപദ്കരമായ പരിണാമങ്ങളെ കുറിച്ച് വേദന പങ്കിട്ട പ്രശസ്ത കോളമിസ്റ്റും ജിന്താല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ പ്രഫസറുമായ ശിവ വിശ്വനാഥന്‍ വിഷയത്തിന്റെ മറ്റൊരു വശത്തിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞതാണ് സത്യം:
മതേതരത്വത്തെ കുറിച്ച് ഒരാള്‍ പോലും മിണ്ടിയില്ല എന്നല്ല ആ വാക്കുതന്നെ ഗൃഹാതുതര ഉണര്‍ത്തുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന്. ഏത് മൂല്യചിന്തയാണോ കോണ്‍ഗ്രസിനെ ഒരുവേള ഉയര്‍ത്തിക്കൊണ്ടുവന്നത്, മതേതരത്വം എന്ന ആ വാക്ക് തന്നെ ഉച്ചരിക്കാന്‍ കോണ്‍ഗ്രസ് ഭയപ്പെടുന്ന അവസ്ഥ. തിരഞ്ഞെടുപ്പ് സംവാദങ്ങളിലെവിടെയും സെക്കുലറിസം എന്ന വാക്ക് കയറിവരാതിരിക്കാന്‍ ബി.ജെ.പി വിരുദ്ധശക്തികള്‍ നിതാന്തജാഗ്രത പാലിക്കുന്ന ഞെട്ടിപ്പിക്കുന്ന അവസ്ഥ.
വിജയമാഘോഷിക്കുന്ന മതേതര മനസ്സ്
എന്നിട്ടും ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി വിരുദ്ധ കൂട്ടുകെട്ട് മോഡിയുടെ ജൈത്രയാത്രയെ പിടിച്ചുകെട്ടിയപ്പോള്‍ രാജ്യമൊന്നടങ്കം ആഹ്ലാദം കൊണ്ടത് ഒരു ബദല്‍ രാഷ്ട്രീയചിന്തയുടെ നാമ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടാണ്. 2012ല്‍ 117സീറ്റുമായി മിന്നുന്ന വിജയം കൊയ്ത , കഴിഞ്ഞ 22 വര്‍ഷമായി തുടര്‍ച്ചയായി ഗുജറാത്ത് ഭരിക്കുന്ന ഹിന്ദുത്വപാര്‍ട്ടിയുടെ അംഗബലം 99ല്‍ ഒതുക്കാന്‍ സാധിച്ച തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ പ്രതീക്ഷയാണ് രാജ്യമിന്ന് അര്‍പ്പിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്ത് ആറാം തവണയും തുടര്‍ച്ചയായി അധികാരത്തിലെത്തുക എന്ന അപൂര്‍വ വിജയം ഇതിനു മുമ്പ് ഒരുപക്ഷേ പശ്ചിമബംഗാളില്‍ സി.പി.എമ്മിന് മാത്രം അവകാശപ്പെട്ടതാണ്. ഇത്തരമൊരു വിജയമാണ് ഗുജറാത്തില്‍ മോഡിയുടെ പാര്‍ട്ടി നേടിയതെങ്കിലും തിളക്കം നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം ഹിന്ദുത്വകോട്ടകളെ വിറപ്പിച്ചതോടെയാണ്. 2014ല്‍ താമരക്ക് കിട്ടിയ വോട്ടില്‍ 11ശതമാനത്തിന്റെ ഇടിവ് നല്ലൊരു ലക്ഷണമാണ്. ബി.ജെ.പി ആക്രമണോല്‍സുക ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കി മാറ്റിയ മണ്ണാണിത്. ഇവിടെനിന്നാണ് മോഡി ദേശീയ രാഷ്ട്രീയത്തിലേക്ക് പടര്‍ന്നുകയറുന്നതും 19 സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയുടെ സ്വാധീനപ്രഭാവം വികസിപ്പിച്ചെടുത്തതും. 1990കളുടെ മധ്യത്തില്‍ കാവിരാഷ്ട്രീയത്തിന്റെ സ്വാധീന പ്രഭാവലയത്തിലേക്ക് മുങ്ങിത്തുടങ്ങിയ ഗുജറാത്ത് പിന്നീടൊരിക്കലും പുനര്‍വിചിന്തനത്തിന് തയാറാവാതെ വന്നപ്പോള്‍ നരേന്ദ്രമോഡിയും ബി.ജെ.പിയും അപ്രതിരോധശക്തിയായി വളര്‍ന്നു. ഗുജറാത്ത് എന്നാല്‍ മതേതരചേരിയുടെ മഖ്ബറയായാണ് ഇതുവരെ കണ്ടത്. ആ രാഷ്ട്രീയഭൂമികയില്‍ മാറ്റം വരുത്തുക അസാധ്യമാണെന്ന് നിരീക്ഷകരും മാധ്യമങ്ങളും ഒരു പോലെ പ്രവചിച്ചപ്പോഴും രണ്ടും കല്‍പിച്ചിറങ്ങിയ രാഹുല്‍ ഗാന്ധിക്ക് അശോക് ഗെഹ്‌ലോട്ടും അഹമ്മദ് പട്ടേലും ചേര്‍ന്നു രൂപപ്പെടുത്തിയ തന്ത്രങ്ങളിലൂടെ ചലിച്ചപ്പോള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ എടുത്തുപറയേണ്ട ഗുണവശം.
ഏകോപിത ഹിന്ദുവോട്ട് എന്ന ആര്‍.എസ്.എസിന്റെ അടിസ്ഥാന തന്ത്രത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധിച്ചു എന്നിടത്താണ് കോണ്‍ഗ്രസിന്റെ വിജയം. അതിനു കണ്ടെത്തിയ ഉപാധികള്‍ ആക്ടിവിസത്തിന്റെ ന്യൂജനറേഷന്‍ പൊളിറ്റിക്‌സ് ആണ് എന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന് ബദല്‍ ഉണ്ടെന്ന് തെളിയിച്ചിരിക്കുന്നു. മൂന്നു ചെറുപ്പക്കാരാണ് (‘ഠവൃലല ാൗസെലലേലൃ’െ എന്നാണ് ദി ഹിന്ദു ഇവരെ വിശേഷിപ്പിച്ചത് ) രാഹുലിന് ഈ അപൂര്‍വ മുന്നേറ്റത്തിന് തുണയായി വര്‍ത്തിച്ചത്. പട്ടേല്‍ സമുദായത്തിന്റെ അധികാരത്തിലും തൊഴിലിലും അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടിയില്ല എന്ന മുറവിളിയുമായി കയറി വന്ന ‘പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി’ എന്ന കൂട്ടായ്മയിലൂടെ ബി.ജെ.പിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ ഹാര്‍ദിക് പട്ടേല്‍ എന്ന 24കാരന്‍ രാഹുലുമായി കൈകോര്‍ത്തത് കച്ച്, സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നീ മേഖലകളില്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെട്ടു. പട്ടേല്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട ദക്ഷിണ, മധ്യ ഗുജറാത്തില്‍ ‘പാസിന്’ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല എന്നതിന്റെ കാരണം സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. പിന്നോക്ക വിഭാഗത്തില്‍നിന്ന് ( ഒ.ബി.സി ) കോണ്‍ഗ്രസിലേക്ക് കയറിവന്ന അല്‍പേഷ് താക്കോര്‍ ആ ജന വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം ചെയ്തുവെന്നുവേണം വിലയിരുത്താന്‍. എന്നാല്‍, ഈ ഗണത്തില്‍ ഏറ്റവും ശ്രദ്ധേയന്‍ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയുടേതാണ്. 2016ജൂലൈയില്‍ ഉനയില്‍ ചത്ത പശുക്കളുടെ തോല്‍ ഉരിഞ്ഞു എന്നാരോപിച്ച് നാല് ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിന് എതിരെ രോഷാകുലരായ സമുദായത്തെ സംഘടിപ്പിച്ച് മുന്നോട്ടുവന്ന മേവാനി കീഴാളവര്‍ഗത്തിന്റെ പുതിയൊരു രാഷ്ട്രീയത്തിനാണ് നാന്ദി കുറിച്ചിരിക്കുന്നത്. ‘ആസാദി കൂച്ച്’ ( സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ച്ച് ) എന്ന കൂട്ടായ്മയിലൂടെ ദലിത് സമൂഹത്തെ ഒരു ബാനറിന് പിന്നില്‍ അണിനിരത്തിയ 36കാരനായ ഈ അഭിഭാഷകന്‍ , മേലില്‍ കന്നുകാലികളുടെ ശവങ്ങള്‍ വൃത്തിയാക്കാന്‍ തങ്ങളുണ്ടാവില്ല എന്ന് അനുയായികളെ കൊണ്ട് ശപഥമെടുപ്പിച്ചു. നിദാന്തമായി തങ്ങളെ പീഡിപ്പിക്കുന്ന സവര്‍ണരോട് ഇവര്‍ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്: ‘നിങ്ങളുടെ കാലികളെ നിങ്ങള്‍ തിരിച്ചെടുത്തോളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ അര്‍ഹതപ്പെട്ട ഭൂമി തിരിച്ചുതന്നാല്‍ മതി.’ എവിടെയുമെത്താതെ പോയ എണ്ണമറ്റ ദലിത് പ്രസ്ഥാനങ്ങളുടെ ഗതി വരാതിരിക്കാനും പുതിയൊരു ദേശീയ ദിശാബോധം സന്നിവേശിപ്പിക്കാനും ജിഗ്‌നേഷ് തുടക്കം മുതല്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. ഡല്‍ഹി ജവഹല്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലും ഹൈദരാബാദ് വാഴ്‌സിറ്റിയിലും കഴിഞ്ഞവര്‍ഷം അലയടിച്ച ദലിത് , സ്വാതന്ത്ര്യ മുന്നേറ്റങ്ങളുടെ മറ്റൊരു ഉണര്‍വാണ് ഗുജറാത്തിലേതെന്ന് കണ്ടെത്തി, കനയ്യ കുമാറുമായും ഷെഹ്‌ല റാഷിദുമായും ഉമര്‍ ഖാലിദുമായുമൊക്കെ നിരന്തര ബന്ധം സ്ഥാപിച്ചു. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരീ ശങ്കര്‍ എല്ലാ ഘട്ടത്തിലും ഉപദേശവും പിന്തുണയും നല്‍കിയിരുന്നു. തന്റെ വളര്‍ത്തുപുത്രന്മാരായി ഗൗരി കണ്ട യുവനേതാക്കളിലൊരാളാണ് ജിഗ്‌നേഷ്. ജിഗ്‌നേഷിന് രാഷ്ട്രീയപരിശീലനം ലഭിക്കുന്നത് മുകുല്‍ സിന്‍ഹയെ പോലുള്ള കഴിവുറ്റ അഭിഭാഷകരില്‍നിന്നാണെത്ര. 2002ലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഇരകള്‍ക്ക് വേണ്ടി നിയമസഹായം ചെയ്യാന്‍ മുന്നോട്ടുവന്നവരില്‍ ഇദ്ദേഹവുമുണ്ടായിരുന്നു.
ഓക്‌സ്ഫഡ് സര്‍വകലാശാല 2017ലെ സവിശേഷ പദമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘യൂത്ത് ക്വാഖ് ‘( ഥീൗവേൂൗമരസ ) ആണ്. പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന യുവതയുടെ രാഷ്ട്രീയമോ സാമൂഹികമോ ആയ മുന്നേറ്റങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘യൂത്ത്ക്വാഖാ’യി ജിഗ്‌നേഷിന്റെയും ഹാര്‍ദിക്കിന്റെയും അല്‍പേഷ് താക്കോറിന്റെയും മുന്നേറ്റങ്ങളെ കാണാന്‍ സാധിക്കും. അതിലടങ്ങിയ ഫാഷിസ്റ്റ് വിരുദ്ധത തങ്ങളുടെ വോട്ട്ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന് കണ്ടപ്പോള്‍ , വര്‍ഗീയമാനം കല്‍പിക്കാന്‍ ‘ഹജ്’ (ഒഅഖ) എന്ന സൂത്രവാക്യം അതില്‍നിന്ന് മെനഞ്ഞെടുത്തു. റൂപാനി ( ഗുജറാത്ത് മുഖ്യമന്ത്രി) അമിത് ഷാ, മോദി കൂട്ടുകെട്ടിനെ ‘റാം’ (ഞഅങ) എന്ന് വിശേഷിപ്പിച്ച് ‘ഹജി’നെ നേരിടാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. വിഷലിപ്തമായ ഏത് പ്രചാരണരീതിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന ഇത്തരം അനുഭവങ്ങള്‍ ഫാഷിസത്തിന്റെ ജന്മസന്തതികളാണെന്ന് തിരിച്ചറിഞ്ഞ് ബദല്‍ തന്ത്രം മെനയുമ്പോഴാണ് മതേതരത്വം വിജയിക്കുന്നത്.
രാഹുലിന്റെ പരിമിതി മതേതരത്വത്തിന്റെയും
ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാന അസംബ്ലികളിലേക്കും 2019ല്‍ അരങ്ങേറുന്ന പൊതുതിരഞ്ഞെടുപ്പിന്റെയും മുന്നോടിയായുള്ള ബലപരീക്ഷണമാണ്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പകുതി കണ്ട് വിജയിച്ചുകഴിഞ്ഞു. നഷ്ടപ്പെട്ട വിശ്വാസ്യതയും ജനകീയാടിത്തറയും വീണ്ടെടുത്ത് ബി.ജെ.പിക്ക് ബദലാവാനുള്ള വഴി അന്വേഷിക്കുമ്പോള്‍ മോഡിയുടെ ബി ടീമാവാതിരിക്കാനുള്ള ശുഷ്‌ക്കാന്തിയും രാഹുല്‍ കാട്ടേണ്ടതുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പയറ്റിയത് മൃദുഹിന്ദുത്വയുടെ അടവുകളാണെന്ന വ്യാപകപരാതിയില്‍ കഴമ്പുണ്ടെങ്കിലും അത്തരമൊരു തന്ത്രമാണ് കാവിരാഷ്ട്രീയത്തെ നേരിടാനുള്ള വഴിയെങ്കില്‍ അതുമാവട്ടെ എന്ന് ചിന്തിക്കുന്നവര്‍ മുസ്‌ലിം സമുദായത്തിനകത്തും വളര്‍ന്നുവരുന്നുണ്ട്. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവനും കയറി ഇറങ്ങിയാണ് രണ്ടുമാസക്കാലം സോണിയാ പുത്രന്‍ തിരഞ്ഞെടുപ്പ് കാമ്പയിനിലൂടെ താന്‍ ഒരു ഹിന്ദുവാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചതെന്ന പ്രചാരണം കാര്യമാക്കേണ്ടതുണ്ടോ? രാഹുല്‍ സവര്‍ണ ഹിന്ദുവാണെന്ന് പോലും കോണ്‍ഗ്രസുകാര്‍ക്ക് വിളിച്ചുപറയേണ്ടിവന്ന രാഷ്ട്രീയസാഹചര്യത്തെ മോഡിയെ തോല്‍പിക്കുന്ന കാര്യത്തില്‍ തല്‍ക്കാലം മറക്കാം. ഗുജറാത്തിലെ നഗരവാസികള്‍ എത്രമാത്രം ഹിന്ദുവത്കരിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ് ആറ് മഹാനഗരങ്ങളിലെ 40സീറ്റില്‍ 36 ഇടങ്ങളിലും കാവിക്കൊടി നാട്ടിയതിന്റെ രഹസ്യം. മോഡിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിവരാന്‍ സാധിക്കാത്തവിധം പട്ടേല്‍ രോഷം കത്തിനിന്ന സൂറത്തും പരിസരവും പോലും താമരക്ക് അനുകൂലമായാണ് വിധി എഴുതിയതെങ്കില്‍ ഒന്നുകില്‍ നമ്മുടെ തിരഞ്ഞെടുപ്പ് രീതിയില്‍ അല്ലെങ്കില്‍ ജനങ്ങളുടെ മനസ്സിന് തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് വിലയിരുത്തേണ്ടിവരും. രണ്ടര പതിറ്റാണ്ടായി അഹമ്മദാബാദില്‍നിന്ന് കുടിയിറക്കപ്പെട്ട കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്തുക, അല്ലെങ്കില്‍ ജനങ്ങളെ ഹിന്ദുത്വയുടെ സ്വാധീനവലയത്തില്‍നിന്ന് മോചിപ്പിക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല. കോണ്‍ഗ്രസിലെ തീവ്രവലതുപക്ഷം അടിത്തറ പാകിയ യാഥാസ്ഥിതിക ഹൈന്ദവ മൂല്യവിചാരങ്ങളെ താലോലിക്കുന്നവരായിരുന്നു ഈ സംസ്ഥാനത്തിന്റെ പോയ തലമുറ. ഗാന്ധിജിയെക്കാള്‍ ഗുജറാത്തിനെ സ്വാധീനിച്ചത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ വലതുപക്ഷ ചിന്തയായിരുന്നു. പട്ടേലിന്റെ വലംകൈയായ കെ.എം മുന്‍ഷി യാഥാസ്ഥിതിക വലതുപക്ഷ കാഴ്ചപ്പാട് മുറുകെ പിടിച്ചുവെന്നല്ല, കറകളഞ്ഞ ആര്‍.എസ്.എസുകാരനായിരുന്നു. ഗാന്ധി വധത്തിനു ശേഷം വിശ്വഹിന്ദുപരിഷത്തില്‍ ചേര്‍ന്നാണ് മുന്‍ഷി തീവ്രചിന്താഗതിയെ ശമിപ്പിച്ചത്. ഗുല്‍സാരി ലാല്‍ നന്ദ ഇടക്കാല പ്രധാമന്ത്രിയാവുകണ്ടായി. അദ്ദേഹവും ആര്‍.എസ്.എസ് ആശയങ്ങളെയാണ് മനസ്സില്‍ കൊണ്ടുനടന്നത്. ഗുജറാത്തിന്റെ ഓമനപുത്രനായി അറിയപ്പെടുന്ന മൊറാര്‍ജി ദേശായി കോണ്‍ഗ്രസിലൂടെ വളര്‍ന്നുവന്നയാളാണ്. അടിയന്താരവസ്ഥയില്‍ ആര്‍.എസ്.എസുമായി കൈകോര്‍ത്താണ് ജനതപാര്‍ട്ടി ഉണ്ടാക്കുന്നതും പ്രധാനമന്ത്രി പദത്തിലെത്തുന്നതും. തൊണ്ണൂറുകളില്‍ അധികാരം നഷ്ടപ്പെടുന്നത് വരെ പാര്‍ട്ടി നയിച്ച കേശഭായി പട്ടേലും ശങ്കര്‍ സിങ് വഗേലയും കളിച്ച രാഷ്ട്രീയപിത്തലാട്ടങ്ങള്‍ നാം കണ്ടതാണ്. കോണ്‍ഗ്രസില്‍നിന്ന് ബി.ജെപിയിലേക്കും ഹിന്ദുത്വപാര്‍ട്ടിയില്‍നിന്ന് കോണ്‍ഗ്രസിലേക്കും രായ്ക്കുരാമാനം ചാടിക്കളിക്കുന്നതില്‍ ഇവര്‍ക്ക് അശേഷം മനഃസാക്ഷിക്കുത്ത് ഉണ്ടായിരുന്നില്ല.
197585 കാലഘട്ടത്തില്‍ മാധവറാവു സോളങ്കിയുടെ നേതൃത്വത്തില്‍ വിവിധ സാമൂഹിക വിഭാഗങ്ങളെ അണിനിരത്തി ശക്തമായൊരു സെക്കുലര്‍ ചേരി കെട്ടിപ്പടുക്കാന്‍ ശ്രമമുണ്ടായപ്പോള്‍ ഉരുത്തിരിഞ്ഞുവന്ന ഒരു ഫോര്‍മുല ഉണ്ടായിരുന്നു.’ഖം’ (ഗഒഅങ) എന്ന ചുരുക്കപ്പേരില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ഈ കൂട്ടുകെട്ടില്‍ ക്ഷത്രിയരും (ഗുജറാത്തില്‍ ഇവര്‍ ഒബിസിയാണ് )ഹരിജനങ്ങളും ആദിവാസികളും മുസ്‌ലിംകളുമാണ് ഉള്‍പ്പെട്ടിരുന്നത്. ഈ കൂട്ടുകെട്ടിനെ തകര്‍ത്താണ് സവര്‍ണര്‍ മോഡിയുടെ വരവോടെ ഹിന്ദുത്വയെ ജ്വലിപ്പിച്ചു ജനകീയാടിത്തറ വികസിപ്പിക്കുന്നത്. ദലിതരും പിന്നോക്കക്കാരും മുസ്‌ലിംകളുമെല്ലാം വീണ്ടും ഏതാനും യുവാക്കള്‍ തുറന്നുവെച്ച കുടക്കീഴിലേക്ക് വരുമ്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടാതിരിക്കില്ല. ഇതു എത്രകണ്ട് പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു രാഹുലിന്റെ ജയാപചയങ്ങള്‍. തീവ്രഹിന്ദുത്വ പാതയിലൂടെ ബി.ജെ.പി മുന്നേറുമ്പോള്‍ മൃദുഹിന്ദുത്വ മാത്രമാണ് പോംവഴിയെന്ന ദുരുപദിഷ്ഠിതമായ നീക്കം ദുരന്തത്തിലേ കലാശിക്കൂ. ശുദ്ധ മതവാദിയുള്ളപ്പോള്‍ രാഹുലിന്റെ കൃത്രിമ ഹൈന്ദവവാദിയെ ഭൂരിപക്ഷസമുദായം സ്വീകരിക്കണമെന്നില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരിടത്തും ബി.ജെ.പിയുടെ നയനിലപാടുകളെ ശക്തമായ ഭാഷയില്‍ എതിര്‍ക്കാനും ഭരണഘടനയെ തൊട്ട് സംസാരിക്കാനും രാഹുല്‍ ആര്‍ജവം കാണിച്ചിട്ടില്ല എന്നത് അനുഭവങ്ങളിനിന്ന് ഇതുവരെ പാഠം പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. മോഡിയുടേത് ‘തരംതാണ’ പ്രകൃതമായിപ്പോയി എന്നു പറഞ്ഞതിന് മണിശങ്കര്‍ അയ്യരെ പോലെ പ്രഗല്‍ഭനായ ഒരു നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി രാഹുല്‍ ഇപ്പോഴും ആര്‍.എസ്.എസിനെ ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.
ഡിസംബര്‍ 16ന് മാതാവില്‍നിന്ന് പാര്‍ട്ടി അധ്യക്ഷപദവി ഏറ്റെടുത്ത രാഹുല്‍ ഗാന്ധി ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കര്‍മദശയിലേക്ക് പ്രവേശിച്ചിരിക്കയാണ്. ഇതുവരെ പ്രാപ്തിയും നൈപുണിയും തെളിയിക്കാന്‍ സാധിക്കാത്ത ഈ 48കാരനെ സംബന്ധിച്ചിടത്തോളം വരുംനാളുകള്‍ വെല്ലുവിളികളുടേതാണ്. ആ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവി ഇന്ത്യയുടെ ഭാഗധേയം. അമ്മ എന്ന നിലയില്‍ സോണിയ ഗാന്ധി നമുക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. വിടവാങ്ങല്‍ പ്രസംഗത്തില്‍ ആ അമ്മ രാജ്യത്തോട് പറഞ്ഞത് ചരിത്രത്തില്‍ കുറിച്ചിടപ്പെട്ടിട്ടുണ്ട്. ‘രാഹുലിനെ നേതാവായി നിങ്ങള്‍ തിരഞ്ഞെടുത്തു. അവന്‍ എന്റെ മകനാണ്. ഞാന്‍ അവനെ പുകഴ്ത്തുന്നത് ഉചിതമല്ല. എങ്കിലും ഇത്രയും പറയാം. കുട്ടിക്കാലം മുതല്‍ത്തന്നെ അക്രമത്തിന്റെ അനുഭവം അവന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ അവന്‍ അതിജീവിച്ചിട്ടുണ്ട്. അതെല്ലാം അവനെ ധീരനും ദൃഢനിശ്ചയമുള്ളവനുമാക്കി. അവന്റെ നിശ്ചയദാര്‍ഢ്യത്തിലും സഹനത്തിലും എനിക്ക് അഭിമാനമുണ്ട്. ശുദ്ധ മനസ്സോടെ, ക്ഷമയോടെ, അര്‍പ്പണത്തോടെ അവന്‍ പാര്‍ട്ടിയെ നയിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്.’
ഒരമ്മയുടെ ഈ വിശ്വാസം രാജ്യത്തെ രക്ഷിക്കട്ടെ എന്നേ ഇപ്പോള്‍ പ്രാര്‍ഥിക്കാനാവൂ.
ശാഹിദ്
You must be logged in to post a comment Login