ബലിപെരുന്നാള്‍

കവിത/ ബക്കര്‍ കല്ലോട്

 

 

 

 

 

 

ബലിപെരുന്നാള്‍ രാവ്,

അമ്പിളിച്ചെമ്പ്
അടുപ്പത്തുവച്ച് മാനം
ഭൂമിയ്ക്ക് വെളിച്ചപ്പാലു കാച്ചും…

നക്ഷത്രങ്ങള്‍ കണ്ണുചിമ്മിക്കുടിച്ച
ബാക്കി
മാനം തെങ്ങോലപ്പഴുതിലൂടെ
മണ്ണിലുറ്റിക്കും..

മുനിഞ്ഞു കത്തുന്ന പാനൂസ് വെട്ടത്തില്‍
നിസ്കാരപ്പായയില്‍ ദുആ ഇരുന്നുമ്മ
മരിച്ച പ്രിയപ്പെട്ടവര്‍ക്കൊക്കെ
യാസീനോതിക്കും…

ഗോതമ്പുകൊണ്ട് അലീസവെച്ച്
പെങ്ങള്‍
ഓതിത്തളര്‍ന്ന ഞങ്ങള്‍ക്കു
വിളമ്പും..

തൊടിയിലറുക്കാന്‍ കെട്ടിയ
മൂരിക്കുട്ടന്റെ നിലവിളിയില്‍
ഉമ്മാമ
ബലിപെരുന്നാളിന്റെ
കഥകള്‍ പറയും…

ഇബ്റാഹീം… ഇസ്മാഈല്‍… ഹാജറ
സംസത്തിന്റെ ചരിത്രം
പറഞ്ഞവസാനിക്കുമ്പോള്‍
വെന്ത
മാംസത്തിന്റെ മണം മൂക്കിലടിക്കും…

വയറുനിറഞ്ഞ ഞങ്ങളെ
ഉമ്മാമ
ജിന്നിന്റെ കഥകള്‍ പറഞ്ഞു
കിടത്തും
ഉറക്കത്തില്‍ മക്കം കിനാകാണാന്‍
പ്രാര്‍ത്ഥിച്ച് കെട്ടിപ്പിടിച്ചുറങ്ങും…

പുത്തനുടുപ്പിട്ടു പട്ടുറുമ്മാല്‍ കഴുത്തില്‍കെട്ടി
പള്ളിയില്‍ പോകുമ്പോള്‍
ഉറുമാമ്പഴക്കവിള്‍ തട്ടത്തലപ്പില്‍ മറച്ച്
സുറുമക്കണ്ണുകൊണ്ട് ഉമ്മുകുത്സു നോക്കും…

പള്ളിയിറങ്ങി പാടവരമ്പിലൂടെ നടക്കുമ്പോള്‍
പുള്ളിമീനിനെയൂറ്റാന്‍
കസവുതട്ടമൂരിത്തന്ന്
കുത്സുപ്പെണ്ണ് ചിരിക്കും…

മറവികളിലെ ഓര്‍മ്മമുറിവുകള്‍ക്ക്
ഇങ്ങനെ
ഓരോ പെരുന്നാളും
മധുരമുള്ള മരുന്നാവും.

You must be logged in to post a comment Login