മക്കയില്‍നിന്ന് ത്വാഇഫിലേക്കുള്ള പുരാതന നാട്ടുപാതയുടെ അവശിഷ്ടങ്ങള്‍ പലയിടത്തും കണ്ടു. 87 കിലോമീറ്ററാണ് മക്കയില്‍നിന്ന് ത്വാഇഫിലേക്കുള്ള പര്‍വത റോഡിന്റെ നീളം. പക്ഷേ പര്‍വതങ്ങള്‍ക്കിടയിലൂടെ ചുറ്റി വളഞ്ഞുപോകുന്ന പുരാതന നാട്ടുപാതക്ക് അതിലേറെ നീളമുണ്ട്. ആ നാട്ടുവഴി ഒരു ചരിത്രപാതയാണ്. പ്രവാചകന്റെ കുട്ടിക്കാലവുമായി ബന്ധപ്പെട്ടതാണ് മക്ക-ത്വാഇഫ് നാട്ടുവഴി.
സമുദ്രനിരപ്പില്‍നിന്ന് 1879 മീറ്റര്‍ ഉയരത്തിലാണ് ത്വാഇഫ്. നല്ല തണുപ്പുള്ള പ്രദേശം. രാജാക്കന്മാരും പ്രഭുക്കന്മാരും അവിടെ വേനല്‍ക്കാല വസതികള്‍ തീര്‍ത്തു. ഇപ്പോഴും ത്വാഇഫിനെ സുഖവാസ കേന്ദ്രം തന്നെയായാണ് പരിഗണിക്കുന്നത്. സഊദിയിലെ മികച്ച മനോരോഗ ചികിത്സാ കേന്ദ്രവും അവിടെയുണ്ട്.
പുരാതന നാട്ടുപാതയുടെ അവശിഷ്ടങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഹലീമയെ ഓര്‍ത്തു. അവരുടെ ഭര്‍ത്താവ് ഹാരിസിനെ ഓര്‍ത്തു. അവരുടെ യാത്രകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ത്വാഇഫിന്റെ ആത്മീയത. അത് വിശ്വാസികള്‍ക്ക് ചില അനുഭൂതികള്‍ പ്രദാനം ചെയ്യും. ആ യാത്രക്ക് അതീത തലങ്ങളുണ്ട്. ഭൗതികമായ അളവുകോലുകൊണ്ട് അളന്നാല്‍ കിട്ടാത്ത ചില ദൈവാനുഭവങ്ങള്‍ ഹലീമയുടെയും ഹാരിസിന്റെയും യാത്രയില്‍ സംഭവിച്ചിട്ടുമുണ്ട്. മക്കത്തേക്ക് അവര്‍ പലയാത്രകളും നടത്തിയിട്ടുണ്ടെങ്കിലും മുലകുടിപ്രായത്തിലുള്ള മുഹമ്മദിനെയും കൊണ്ട് നടത്തിയ യാത്രക്ക് ഇസ്ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്.
പിറന്ന കുഞ്ഞിനെ ഒരു പോറ്റമ്മയെ വളര്ത്താനേല്പിക്കുന്ന ഒരു രീതി പുരാതന മക്കയിലുണ്ട്. ആ അമ്മ കുഞ്ഞിന് മുലകൊടുത്ത് വളര്‍ത്തും. എട്ടു വര്‍ഷക്കാലമാണ് സാധാരണയായി ഇങ്ങനെ വളര്‍ത്തുക. മുഹമ്മദിനെ അത്രയും കാലം വളര്‍ത്തിയിട്ടില്ല. അതിന്റെ കാരണം സ്വപ്നസദൃശ്യവും അവ്യാഖേയവുമായ ചിലത് മുഹമ്മദിന്റെ ജീവിതത്തില്‍ സംഭവിച്ചതുകൊണ്ടാണ്. കുഞ്ഞുങ്ങളെ ഈ വിധം വളര്ത്താനേല്പ്പിക്കുന്നതിന്റെ പിറകില്‍ സാമൂഹിക/ നരവംശശാസ്ത്ര/ ആരോഗ്യശാസ്ത്രപരമായ ചില കാരണങ്ങളുമുണ്ട്.
മരുഭൂമിയുടെ വന്യതയില്‍ കുഞ്ഞുങ്ങള്‍ വളരണമെന്ന് ഖുറൈശികള്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ കുഞ്ഞുങ്ങളെ പോറ്റുന്നതില്‍ മിടുക്കുകാണിച്ച ഗോത്രങ്ങളുണ്ടായിരുന്നു. അവരില്‍ പ്രശസ്തര്‍ മക്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍ താമസമാക്കിയ ബനീ സഅദുബ്നു ബക്ര് ഗോത്രമായിരുന്നു. ആ ഗോത്രത്തിലെ അബൂദുഐബിന്റെ മകളായിരുന്നു ഹലീമ.
ഈ ഗോത്ര വര്‍ഗത്തിന് വലിയ വീടുകളില്ലായിരുന്നു. മിക്കവാറും നൊമാഡിക് ഗോത്രങ്ങള്‍ക്ക് ലോകമെമ്പാടും തമ്പുകളാണ് ഗൃഹങ്ങള്‍. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് താവളം മാറിക്കൊണ്ടിരിക്കല്‍ നൊമാഡുകളുടെ സ്വഭാവമാണ്. തമ്പുകളില്‍ പാര്‍ക്കുന്നതിന്റെ കാരണവും അതാണ്. മനുഷ്യര്‍ക്കൊപ്പം സഞ്ചരിക്കുന്ന വീടുകളാണ് തമ്പുകള്‍. ബനൂസഅ്ദുകള്ക്ക് ആ പേരിലുള്ള സവിശേഷ ഭാഷയും ഉണ്ടായിരുന്നു. ഖുറൈശി ഭാഷയില്‍നിന്ന് അല്പം വ്യത്യസ്തമായിരുന്നു അത്. അത് എഴുത്തുഭാഷയല്ല. മുഹമ്മദിന് ആ ഭാഷ്യം അറിയാമായിരുന്നു. ഹലീമയുടെ മുലപ്പാലിലൂടെ പകര്‍ന്നുകിട്ടിയ ഭാഷയാണത്. ഖുറൈശി വംശവേരുകളെച്ചൊല്ലി അഭിമാനിച്ചിരുന്നതുപോലെ ബനൂസഅദ് ഭാഷയെ ചൊല്ലിയും അദ്ദേഹം അഭിമാനിച്ചിരുന്നു.
ഖുറൈശി ഗോത്രത്തിലെ സമ്പന്നരായ വനിതകള്‍ മുലയൂട്ടാനുള്ള അമ്മമാരെ കണ്ടെത്തി തങ്ങളുടെ കുഞ്ഞുങ്ങളെ ഏല്പിക്കാന് പല കാരണവുമുണ്ടായിരുന്നു. അങ്ങനെ സ്വന്തം കുഞ്ഞുങ്ങളെ കൈമാറുമ്പോള്‍ അവരുടെ ഹൃദയം നോവാഞ്ഞിട്ടല്ല. കേവല തറവാടിത്ത ഘോഷണം കൊണ്ടുമായിരുന്നില്ല. അത് സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായിരുന്നു. മരുഭൂമിയിലെ എല്ലാ സ്ഥാവര ഗോത്രങ്ങളും ഒരിക്കല്‍ നാടോടികള്‍ തന്നെയായിരുന്നു. ഖുറൈശികളുമതെ. പിന്നീട് മക്കയില്‍ സ്ഥിരതാമസമാക്കിയവരാണവര്. പ്രാദേശികമായി ലഭ്യമായിരുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ വെച്ചു. ചെറിയ പട്ടണമായി മക്ക വളര്‍ന്നു. കഅ്ബയുടെ പരിപാലകരും ഈ ഗോത്രമായിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. പ്ലേഗും കോളറയുമൊക്കെ പടര്‍ന്നുപിടിച്ചതായി പറയുന്നുണ്ട്. ഇതെല്ലാം കുട്ടികളെ വിദൂരതയിലെ പോറ്റമ്മമാരെ ഏല്പിക്കാന് കാരണമായിരുന്നു. പിന്നെയുമുണ്ട് കാരണങ്ങള്‍. കുട്ടികള്‍ നല്ല ഗ്രാമീണ ഭാഷ സംസാരിക്കണം. പെരുമാറ്റ രീതികള്‍ പരിശീലിക്കണം. ബനൂസഅ്ദ് ഗോത്രങ്ങള്‍ ഈ തരത്തില്‍ നല്ല പരിശീലകരായിരുന്നു. എല്ലാ മരുഗോത്ര സമൂഹങ്ങളിലും നാടോടിത്തത്തിന്റെതായ പൗരാണികമായ ഓര്‍മകളുണ്ട്. മരുഭൂമിയിലെ കാറ്റ്, മഞ്ഞ്, മഴ… മറ്റനേകം പ്രതിഭാസങ്ങള്‍. മരുഭൂമിയെ കുഞ്ഞുനാളില്‍ തന്നെ അറിയണം. മരുഭൂമി രക്തത്തില്‍ കലരണം. ഓര്‍മകളില്‍ അനുഭവിക്കാനാവണം. ഒട്ടകക്കൂട്ടങ്ങളുമായി/ ആട്ടിന്‍പറ്റങ്ങളുമായി മരുഭൂമി ഓരോ കുഞ്ഞിന്റെയും സ്മൃതിയുടെ അടരുകളാവണം. ഗോത്രസമൂഹങ്ങള്‍ മിക്കതും ഇടയ സമൂഹങ്ങളുമായിരുന്നു. ആട്ടിടയരായി ജോലി ചെയ്യാത്ത പ്രവാചകരില്ലെന്ന് നബിതിരുമേനി സൂചിപ്പിച്ചിട്ടുണ്ട്. നബി തന്നെയും ചെറിയൊരു കാലയളവിലെങ്കിലും ഇടയവൃത്തി ചെയ്തിട്ടുണ്ട്. നായകപരിശീലനത്തിന്റെ ആദ്യപാഠങ്ങള്‍ ഇടയവൃത്തിയില്നിന്ന് ലഭിച്ചിട്ടുണ്ട്. മരുഭൂമിയെ ശരിക്കുമറിയാന്‍ വേണ്ടി കൂടിയായിരുന്നു മരുഗോത്രങ്ങളിലെ പോറ്റമ്മമാര്ക്കൊപ്പം കുഞ്ഞുങ്ങളെ അയച്ചത്.
മുലയൂട്ടല്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുള്ളതുമായിരുന്നില്ല. ഒരമ്മയും തന്റെ മുലപ്പാലിന് വിലപറയില്ല. സത്യം. എന്നാല്‍ സമ്പന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ കൊണ്ടുപോകുമ്പോള്‍ ആ കൂടുംബങ്ങളിലെ ചില ഉദാരതകള്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണുതാനും. കുട്ടി വളരുമ്പോള്‍ പോറ്റമ്മയെയും സ്വന്തം അമ്മയെപ്പോലെ, അവരുടെ മക്കള്‍ സഹോദരങ്ങളും. ഹലീമയും ഭര്‍ത്താവും വളരെ ദരിദ്രരായിരുന്നു.
മുഹമ്മദിനെ മുലയൂട്ടാന്‍ കൊണ്ടുപോകുന്ന കാലം വരള്‍ച്ചയുടേതായിരുന്നു. ഒരു പെണ്‍കഴുതയും പാലുതരാത്ത പെണ് ഒട്ടകവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. മുലകുടി മാറാത്ത തന്റെ സ്വന്തം മകനെയും മക്കത്തേക്ക് കൊണ്ടുപോയിരുന്നു ഹലീമ. മറ്റു മക്കളെ തമ്പിലാക്കിയാണ് പോയത്. സ്വന്തം പുത്രന് വിശന്നുകരഞ്ഞപ്പോള്‍ തന്റെ വരണ്ട മുലകളെ ഹലീമ ശപിച്ചുകാണണം. എന്നിട്ടും ഒരു കുഞ്ഞിനെ മുലയൂട്ടാനായി കൊണ്ടുപോകാന്‍ ആഗ്രഹിച്ചു.
അത്തവണ ഹലീമയും ഭര്‍ത്താവും മക്കയിലെത്തുമ്പോള്‍ സമ്പന്ന ഗൃഹത്തിലെ കുഞ്ഞുങ്ങളെയൊക്കെ മറ്റു ബദവി അമ്മമാര്‍ കൊണ്ടുപോയിരുന്നു. ആമിനയുടെ പുത്രനാണെങ്കിലോ ഉപ്പയില്ലാത്തവന്. പിതാവ് അബ്ദുല്ല മരണപ്പെടുമ്പോള്‍ ഒന്നും സമ്പാദിച്ചുവെച്ചിരുന്നില്ല. ആകെയുണ്ടായിരുന്നത് വേലക്കൊരു അടിമസ്ത്രീയും കുറച്ച് ഒട്ടകങ്ങളും ആടുകളും മാത്രം. ഭര്‍ത്താവിന്റെ ഉപ്പയുടെ സംരക്ഷണത്തിലായിരുന്നു ആമിന. അദ്ദേഹം സമ്പന്നനായിരുന്നില്ല. അബ്ദുല്മുത്തലിബ് എന്നായിരുന്നു പേര്. പക്ഷേ അദ്ദേഹം ആഢ്യനും ബഹുമാനിതനുമായിരുന്നു.
വെറുംകയ്യോടെ മടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഹലീമക്കു വേദനയുണ്ടായി. തന്റെ കൂട്ടുകാരികള്‍ക്കു മുമ്പില്‍ താന്‍ അപമാനിതയാവുമോ എന്ന തോന്നലുമുണ്ടായിരുന്നു. ആമിനയുടെ പുത്രനെ സ്വീകരിക്കണമെന്ന് അവള് ഭര്‍ത്താവിനോട് പറഞ്ഞു. ഹാരിസ് സമ്മതിച്ചു.
താന്‍ മുലയൂട്ടാനായി കൊണ്ടുപോകുന്ന കുഞ്ഞ് അനുഗ്രഹീതനാണ് എന്ന് വിശ്വസിക്കാവുന്ന തരത്തിലുള്ള അത്ഭുതങ്ങള്‍ സംഭവിക്കുന്നുണ്ട്. ചില ദൃഷ്ടാന്തങ്ങള്‍. മുഹമ്മദിനെ മാറോട് ചേര്‍ത്തുപിടിച്ചപ്പോള്‍ ഹലീമയുടെ സ്തനങ്ങള്‍ നിറയുകയും അവനും, തന്റെ വയറ്റില്‍ പിറന്ന കുഞ്ഞിനും വിശപ്പ് മാറുവോളം മുലപ്പാല്‍ ലഭിക്കുകയും ചെയ്തു. അവരുടെ കഴുതക്ക് ഓടാനുള്ള ശക്തി ലഭിക്കുന്നുണ്ട്. പെണ് ഒട്ടകവും നിറയെ പാല് ചുരത്തി. ഇതൊക്കെ കണ്ട് അവരുടെ സഹയാത്രികരും അത്ഭുതപ്പെട്ടു. ബനീസഅദ് ഗ്രാമത്തില്‍ അവര്‍ മുഹമ്മദിനെയും കൊണ്ട് ചെല്ലുമ്പോള്‍ ആ ഗ്രാമത്തിലും അനുഗ്രഹവര്‍ഷം. അവിടം ഹരിതാഭമാവുന്നു. അവരുടെ ആടുകള്‍ക്ക് ധാരാളം പാല് ലഭിക്കുന്നു. രണ്ട് വയസ്സുവരെയാണ് ഹലീമ ആ കുഞ്ഞിന് മുലകൊടുത്തത്. പിന്നീട് മുലകൂടിയില്നിന്ന് മാറ്റി.
ത്വാഇഫിലേക്കുള്ള പുരാതന പാതയുടെ അവശിഷ്ടങ്ങള്‍ കാണുമ്പോള്‍ ഹാരിസിന്റെയും ഹലീമയുടെയും യാത്രകളെക്കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടേയിരുന്നു. ഇടക്ക് വാഹനം നിര്‍ത്തി താഴ്വരയുടെ ഭംഗി ആസ്വദിച്ചു.
മലകേറിച്ചെന്നപ്പോള് ആദ്യം കണ്ടത് പലതരം പഴങ്ങള്‍ നിരത്തിവെച്ച വലിയൊരു ചന്തയാണ്. മിക്കതും ത്വാഇഫില്‍ വിളയുന്നവ. വഴിയോരങ്ങളിലൊക്കെ ധാരാളം കള്ളിച്ചെടികള്‍ കാണാം. ഇതേ കള്ളിച്ചെടികളുടെ വലിയ തോട്ടങ്ങളുണ്ട്. ആ കള്ളികളില്‍ വിളയുന്ന ഫലങ്ങള്‍ സ്വാദിഷ്ഠമാണ്. അത്തിയും, മുന്തിരിയും പേരയും മാതളവുമൊക്കെ അവിടെ വിളയുന്നു. കടും നീല വര്‍ണത്തിലുള്ള ബറിപ്പഴങ്ങളും സുലഭം. സാരവാത്ത് മലനിരകളാണ് ത്വാഇഫില്‍ പരന്നുകിടക്കുന്നത്. പഴങ്ങള്‍ക്കും പൂക്കള്‍ക്കും പേരുകേട്ടതുകൊണ്ട് ധാരാളം കാര്‍ഷിക പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. ത്വാഇഫിലെ റോസാപ്പൂക്കള്‍ പ്രശസ്തമാണ്.
ചുരം കേറിച്ചെന്നപ്പോള്‍ പഴക്കടകള്ക്കുചുറ്റും കുരങ്ങന്മാരുടെ ബഹളം. വയനാടന്‍ ചുരം കേറിച്ചെന്ന അതേ പ്രതീതി. ത്വാഇഫിലെ മറ്റ് ഇടങ്ങള്‍ കാണുംമുമ്പ് വ്യൂപോയിന്റിലേക്കാണ് ആദ്യം പോയത്. അവിടെയിരുന്നാല്‍ ത്വാഇഫ് പട്ടണം മുഴുവന്‍ കാണാം. മുള്ച്ചെടികളിലൊക്കെ ധാരാളം പക്ഷികള്‍. കാട്ടുപഴങ്ങള്‍ ധാരാളം വിളയുന്ന പ്രദേശങ്ങളില്‍ പക്ഷികള്‍ സുലഭമാവും.
ത്വാഇഫിലെ ഞങ്ങളുടെ യാത്രക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നത് ജമാല്വട്ടപ്പൊയിലാണ്. അദ്ദേഹം ഉച്ചക്കേ വരൂ എന്ന് പറഞ്ഞിരുന്നു. ട്രാവല്‍ ഏജന്‍സി നടത്തുകയാണ് ജമാല്‍. ത്വാഇഫില്‍ എത്തിയ ഉടനെ അദ്ദേഹത്തെ കാണാന്‍ പറ്റാത്തതുകൊണ്ടാണ് ആദ്യം വ്യൂപോയിന്റിലേക്ക് പോയത്.
ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും നന്നായി ഹിന്ദി സംസാരിക്കുന്ന ഒരു കാബൂള്‍ സംഘം അവിടെയെത്തി. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചൊക്കെ സംസാരിച്ചു. അവരൊക്കെ കച്ചവടക്കാരാണ്. കാബൂളിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കുറച്ചുപേര്‍ മാത്രമേ പുറത്തേക്ക് യാത്ര ചെയ്യുന്നുള്ളൂ. അഫ്ഗാന് സംഘം പരവതാനി വിരിച്ച് ആഹാരം കഴിക്കാനിരുന്നു. കൂടെയിരിക്കാന്‍ ഞങ്ങളെയും ക്ഷണിച്ചു. ഞങ്ങള്‍ സ്നേഹപൂര്‍വം നിരസിച്ചു. എന്ത് സൗമ്യതയാണ് അവരുടെ പെരുമാറ്റത്തിന്! ഇന്ത്യക്കാരോട് വല്ലാത്തൊരിഷ്ടം അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഈ സൗമ്യതയെയാണല്ലോ താലിബാന് ഹൈജാക്ക് ചെയ്തത്. അങ്ങനെ ഹൈജാക്ക് ചെയ്യപ്പെടാനുമുണ്ടല്ലോ കാരണങ്ങള്‍.
അഫ്ഗാനികള്‍ ആഹാരം കഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരു സംഘം പൂച്ചകള്‍ മണം പിടിച്ചെത്തി. കുറ്റിക്കാടുകള്‍ക്കിടയിലൂടെ അവ പ്രത്യക്ഷപ്പെട്ടത് എന്നെ അത്ഭുതപ്പെടുത്തി. നല്ല ഭംഗിയുള്ള പൂച്ചകള്‍. വ്യൂപോയിന്റും പരിസരവും അത്രകണ്ട് വിജനമല്ല. സമ്പന്നരുടേതെന്ന് തോന്നിക്കുന്ന മനോഹരമായ വീടുകള്‍ അവിടെയുണ്ട്. പൂച്ചകളൊക്കെ ആ വീടുകളെ ചുറ്റിപ്പറ്റി ജീവിക്കുകയാവും. പ്രവാചകന് പൂച്ചകളെ അളവറ്റ് സ്നേഹിച്ചിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുകയും ചെയ്തു.
താഴ്വരയിലേക്ക് നോക്കിനിന്നാല്‍ മതിവരില്ല. സമുദ്രനിരപ്പില്‍നിന്ന് 1879 മീറ്റര്‍ ഉയരമുള്ള ഹിജാസിലെ പൂന്തോട്ടമെന്ന ചരിത്ര ഭൂമിയുടെ മനോഹാരിത.
ജമാലിന്റെ ഫോണ്‍ വന്നപ്പോള്‍ ഞങ്ങള്‍ കുന്നിറങ്ങി. ട്രാവല്‍ ഏജന്‍സിയില്‍ പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തോടൊപ്പം ചേളാരിക്കാരനായ ജിന്‍ഷാന്‍(ജിനു) ഉണ്ടായിരുന്നു. ജിനുവിന് താഇഫ് ഇഷ്ടമായിട്ടില്ല. അവിടുത്തെ മഞ്ഞുകാലം അസഹനീയമാണെന്നാണ് ജിനു പറഞ്ഞത്. അന്തരീക്ഷത്തിലെ ഓക്സിജന്റെ കുറവ് ചിലര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഗൃഹാതുരത്വം കൂടുതലാണ് ജിനുവിന്. പിന്നീട് ഉള്ള യാത്രക്കിടയില്‍ ഉമ്മയെക്കുറിച്ചാണ് അവന് കൂടുതലും സംസാരിച്ചത്. യഥാര്‍ത്ഥത്തില്‍ ത്വാഇഫില്‍ വന്ന് ജോലി ചെയ്യേണ്ട ആവശ്യവും ജിനുവിനില്ല. അതുകൊണ്ടായിരിക്കണം എന്റെ സഊദി യാത്ര കഴിഞ്ഞ് അല്പം മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അവന് ത്വാഇഫിനോട് യാത്ര പറഞ്ഞ് ചേളാരിയില്തന്നെ തിരിച്ചെത്തിയത്. ജമാല്‍ വട്ടപ്പൊയില്‍ ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോയി. ഊണുകഴിഞ്ഞ് സ്ഥലങ്ങള്‍ കാണാമെന്ന് പറഞ്ഞു.
പി സുരേന്ദ്രന്
You must be logged in to post a comment Login