‘പാന്‍ ഇസ്‌ലാമിസം’ എന്ന ആശയത്തിന് ആധുനിക ലോകത്ത് പ്രചാരം നേടിക്കൊടുത്തത് പത്തൊമ്പതാം നൂറ്റാണ്ടിലെ സവിശേഷമായ ആഗോള രാഷ്ട്രീയ പരിസരമാണ്. ജലാലുദ്ദീന്‍ അഫ്ഗാനിയായിരുന്നു പാന്‍ ഇസ്‌ലാമിസത്തിന്റെ ഉപജ്ഞാതാവും മുഖ്യ പ്രചാരകനും. കൊളോണിയല്‍ ശക്തികള്‍ക്ക് മുന്നില്‍ മുസ്‌ലിം രാഷ്ട്രീയ ലോകം പിടിച്ചുനില്‍ക്കാന്‍ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ ഇസ്‌ലാമിക ചിന്താസരണിയെ ‘നവീകരണത്തിന്റെ’ വഴിയില്‍ കൊണ്ടുവരുവാനും പ്രതിരോധ ശേഷി വീണ്ടെടുക്കാനുമുള്ള ശ്രമമായിരുന്നു ആ പ്രസ്ഥാനത്തിന്റെ കാതല്‍ എന്നാണ് നാമിതുവരെ പഠിച്ചുവെച്ചത്. ചരിത്രത്തിലൂടെ കണ്ണുതുറന്ന്, കാതു കൂര്‍പ്പിച്ച് ഒരന്വേഷണത്തിന് ഇറങ്ങിയാല്‍ മുസ്‌ലിം ലോകത്തിന്റെ ഐക്യത്തിന്റെ മറവില്‍ അന്ന് അരങ്ങേറിയത് കേവലമൊരു ഗൂഢാലോചനയായിരുന്നുവെന്ന് കണ്ടെത്തിയേക്കാം. വ്യവസായ വിപ്ലവത്തിലൂടെ യൂറോപ്യന്‍ ശക്തികള്‍ ശാസ്ത്രസാങ്കേതിക മേഖലകളില്‍നേടിയ മുന്നേറ്റം ആയുധമായെടുത്ത് മുസ്‌ലിം ലോകത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന് പ്രതിവിധി ഖിലാഫത്തിന്റെ പൊളിച്ചെഴുത്തും ഇസ്‌ലാമിന്റെ പുതിയ വ്യാഖ്യാനവുമാണെന്ന് അഫ്ഗാനിയും ശിഷ്യന്‍ മുഹമ്മദ് അബ്ദുവും മറ്റും വാദിച്ചു എന്നതാണ് വാസ്തവം. ഈജിപ്തിലെ അല്‍ അസ്ഹര്‍ കേന്ദ്രീകരിച്ചായിരുന്നു പുതിയ ധൈഷണിക കസര്‍ത്തുകള്‍. ഫ്രാന്‍സായിരുന്നു അവരുടെ പുതിയ ചിന്തകള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചതും സാമ്പത്തിക സഹായങ്ങള്‍ ചെയ്തതും. പാരീസില്‍നിന്ന് പ്രസാധനം ആരംഭിച്ച ‘അല്‍ ഉര്‍വ വല്‍ വുസ്ത്ഖ’ ഇവരുടെ നവീന ചിന്തകള്‍ക്ക് ഊടും പാവും നല്‍കി. ‘അല്‍ മനാര്‍’ എന്ന സലഫി പ്രസിദ്ധീകരണത്തിന്റെ തുടക്കവും പാരിസില്‍നിന്നാണ്. മുസ്‌ലിം ലോകത്തെ ഒരേ ചരടില്‍ കോര്‍ത്തിണക്കി യൂറോപ്യന്‍ കോളനിശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പോംവഴികള്‍ തേടിയ അഫ്ഗാനിയെയും ശിഷ്യന്മാരെയും പിന്നെ നാം കാണുന്നത്, ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയ ഇതേ പാശ്ചാത്യന്‍ അധിനിവേശകരോടൊപ്പമാണ്.ഏതുവിധത്തിലാണ് ഇവര്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ഇരയായത് എന്ന സത്യസന്ധമായ അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്ന ഒരു പരമാര്‍ഥത്തിലാണ്: മുഹമ്മദ് അബ്ദു, മസോണിക് ലോഡ്ജിലെ ( കൗകബ് അല്‍ ശര്‍ഖ് ) അംഗമായിരുന്നു. മസോണിക് പ്രസ്ഥാനമാവട്ടെ ജൂത സ്വപ്‌നസന്തതിയും.. അപ്പോള്‍ മസോണിക് ലോഡ്ജില്‍നിന്ന് ആവാഹിച്ചെടുത്ത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് മുസ്‌ലിം ലോകത്തെ ‘നന്നാക്കാന്‍’ മുഹമ്മദ് അബ്ദുവും റാഷിദ് റിളയുമൊക്കെ ഒരു കാലഘട്ടത്തില്‍ പരിഷ്‌കരണവാദികളുടെ ഉത്തരീയമെടുത്തണിഞ്ഞത്. മുസ്‌ലിം ലോകത്തിന്റെ പൊടുന്നനവെയുള്ള ശിഥിലീകരണത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് മനസ്സിലാക്കിയ ഉസ്മാനിയ്യ ഖലീഫ അബ്ദുല്‍ ഹാമിദ് പാന്‍ ഇസ്‌ലാമിസത്തെ നേരിടാന്‍ തേന്റേതായ ഒരു ബദല്‍ പാന്‍ ഇസ്‌ലാമിസം മുന്നോട്ടുവെച്ചു. മുസ്‌ലിം രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓട്ടോമന്‍ നുകത്തില്‍നിന്നുള്ള വിമോചനമാണ് ജമാലുദ്ദീന്‍ അഫ്ഗാനി ആഹ്വാനം ചെയ്തതെങ്കില്‍ , സാമൂഹികവും മതപരവുമായ പരിഷ്‌കരണത്തിന്റെ പേരിലുള്ള തിരുത്തലുകളല്ല, അറബികളും അനറബികളും കൈകോര്‍ത്തു പുതിയ വെല്ലുവിളികളെ നേരിടാനുള്ള ഐകമത്ത്യമാണ് ആര്‍ജിച്ചെടുക്കേണ്ടതെന്ന് ഖലീഫ തന്റെ കാലഘട്ടത്തെ ഉണര്‍ത്തി. പക്ഷേ, അപ്പോഴേക്കും യൂറോപ്യന്‍ കോളനിസ്റ്റുകള്‍ ‘ഖിലാഫത്ത് മുക്ത’ ലോകത്തിനു രൂപം നല്‍കാനുള്ള കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. 1877ല്‍ സാറിസ്റ്റ് റഷ്യ ടര്‍ക്കിഷ് സൈന്യത്തെ നിലംപരിശാക്കി ഇസ്തംബൂളിന്റെ നിലനില്‍പിന് നേരെ ഭീഷണി ഉയര്‍ത്തി. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ബെര്‍ലിന്‍ ഉച്ചകോടിയിലൂടെ യൂറോപ്യന്‍ തുര്‍ക്കിയുടെ വിധി നിര്‍ണയിച്ചു.
വിനാശകാലേ വിപരീത ബുദ്ധി
ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ രാഷ്ട്രീയപരിഹാരം കാണുന്നതിനു പകരം മതത്തിന്റെയോ സ്വത്വത്തിന്റെയോ തോടിനകത്തേക്ക് സ്വയം ഉള്‍വലിഞ്ഞ് പരിഹാരത്തിനായി ഇരുട്ടില്‍ തപ്പുന്ന ഒരു രീതി എക്കാലത്തും മുസ്‌ലിം സമൂഹം സ്വീകരിച്ചുപോരുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതിലാണ് കലാശിക്കാറ്. മംഗോളിയരുടെ ആക്രമണത്തിനും താണ്ഡവങ്ങള്‍ക്കും ബഗ്ദാദ് നിന്നുകൊടുക്കേണ്ടിവന്ന ചരിത്രസന്ധിയിലാണ് ഇബ്‌നു തൈമിയയുടെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുന്നത്. രാഷ്ട്രീയ അപചയങ്ങള്‍ക്ക് പ്രതിവിധി കാണുന്നതിനു പകരം ഇസ്‌ലാമിന്റെ ജൈവസത്തയെ നശിപ്പിച്ചത് കാലപ്രവാഹത്തില്‍ മറ്റു നാഗരികതകളില്‍നിന്ന് സാംശീകരിച്ച ജീര്‍ണതകളാണെന്ന വാദത്തോടെയാണ്.
രാഷ്ട്രീയ വെല്ലുവിളികള്‍ക്ക് പരിഹാരം കാണേണ്ടത് മതത്തെ ആയുധമായി ഉയര്‍ത്തിപ്പിടിച്ചാവരുതെന്ന ചരിത്രപാഠം രാഷ്ട്രീയ ഇസ്‌ലാമില്‍ അഭയം തേടുന്നവര്‍ക്കുള്ളതാണ്. സുന്നി ചിന്താസരണിയും സലഫി സരണിയും വേര്‍തിരിയുന്ന ഒരു കവലയാണിത്. സൈനിക ശക്തി സംഭരിച്ച്, നയതന്ത്രത്തിന്റെയും ഭരണനൈപുണിയുടെയും അകമ്പടിയില്‍ ശത്രുക്കളെ കീഴ്‌പ്പെടുത്തുന്നതാണ് രാഷ്ട്രമീമാംസയുടെ അടിസ്ഥാന തത്ത്വം. ആദര്‍ശപ്രതിബദ്ധതയുള്ള വിശ്വാസി സമൂഹം ചരിത്രത്തിന്റെ നാല്‍ക്കവലകളില്‍ ‘ഉമ്മത്ത്’ നേരിടേണ്ടിവന്ന വെല്ലുവിളികളെ തരണം ചെയ്തത് മതാധ്യാപനങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം ചമച്ചോ ‘ഇജ്തിഹാദിലൂടെ’ കാട് കയറിയോ അല്ല. വിശ്വാസചൈതന്യം കൊണ്ട് പ്രഫുല്ലമായ മനസ്സുകള്‍ കാലഘട്ടത്തിന്റെ ഉപാധികള്‍ പ്രയോജനപ്പെടുത്തി ശത്രുക്കളെ വരുതിയില്‍ നിറുത്തിയാണ്. സ്‌നേഹത്തിന്റെയോ പാരസ്പര്യത്തിന്റെയോ കരസ്പര്‍ശം കൊണ്ട് പരിഹരിക്കാവുന്ന സങ്കീര്‍ണമായ ഒരു പ്രശ്‌നം വാള്‍കൊണ്ടോ പീരങ്കികൊണ്ടോ പരിഹരിച്ചേ അടങ്ങൂ എന്ന വാശി , യഥാര്‍ഥ ഇസ്‌ലാമിേന്റതല്ല. വൈകാരിക വിക്ഷോഭത്തിലൂടെ എല്ലാം നേടിയെടുക്കാമെന്ന വിവേകശൂന്യമായ കാഴ്ചപ്പാട് എക്കാലത്തും ഇസ്‌ലാമിന്റെ മേല്‍ ശത്രുക്കള്‍ക്ക് ഓടിക്കയറാനുള്ള കോണി വെച്ചുകൊടുക്കുകയാണ് ചെയ്തത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന തീവ്രചിന്താഗതിക്കാര്‍ സമീപകാലത്ത് മുസ്‌ലിം ലോകത്തിനു ഏല്‍പിച്ച ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തിരിച്ചടികള്‍ എവിടെയാണ് പിഴവ് പറ്റിയത് എന്ന് കാണിച്ചുതരുന്നു. മതമൈത്രിയുടെയും സഹവാസത്തിന്റെയും ശാദ്വല താഴ്‌വരയായി ചിത്രീകരിക്കപ്പെടാറുള്ള കൊച്ചുകേരളത്തില്‍ പോലും അവിശ്വാസത്തിന്റെയും സംശയത്തിന്റെയും കാര്‍മേഘം പരത്തുന്നതില്‍ ഇത്തരം ചിന്താഗതിക്കാരുടെ അവിവേകം കാരണമായിട്ടുണ്ട് എന്ന സത്യം നിഷേധിച്ചിട്ട് ഫലമില്ല. എന്തുകൊണ്ട് ഇമ്മട്ടിലൊരു ദുരന്തത്തിലേക്ക് വലിച്ചിഴക്കപ്പെട്ടുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ കോളത്തിലൂടെ ശാഹിദ് പലപ്പോഴും തൊട്ടുകാണിച്ചതാണ്. മതാധ്യാപനങ്ങളെ തെറ്റായി അവതരിപ്പിച്ച്, വിനാശത്തിന്റെ വഴിയിലേക്ക് ഒരു തലമുറയെ നടത്തിക്കുന്നതില്‍ ‘പുരോഗമന ചിന്താഗതിക്കാര്‍ ‘ വിജയിച്ചു. നവോഥാനത്തിന്റെ വലിയ പാരമ്പര്യം അവകാശപ്പെടുന്നവരാണ് വികലവും വിനാശകരവുമായ പാത തെരഞ്ഞെടുത്തത്. അത് സൃഷ്ടിച്ച വിഷമവൃത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രസ്ഥാനത്തിന്റെ മുഴുവന്‍ സമയവും ഈര്‍ജവും ചെലവിടേണ്ടിവരുന്ന പരിതോവസ്ഥ, ആദര്‍ശപ്രതിയോഗികളില്‍ പോലും സഹതാപമുണര്‍ത്തുന്നതാണ്. ഇതുവരെ ഭിന്ന ചേരിയിലൂടെ സഞ്ചരിച്ച് വിഭവങ്ങള്‍ മുഴുവന്‍ വൃഥാവിലാക്കിയ കേരളത്തിലെ സലഫീ വിചാരധാരകള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഐക്യബോധം ഹൃദയത്തില്‍ തൊട്ടുള്ളതാണെന്ന് ആരെങ്കിലും കരുതുമെന്ന് തോന്നുന്നില്ല.1920കള്‍ തൊട്ട് ‘നവോത്ഥാനത്തിന്റെ ‘ അരുണോദയങ്ങള്‍ വിരിയിച്ചതായി അവകാശപ്പെടാറുള്ള ഒരു വിചാരധാര, 21ാം നൂറ്റാണ്ടിന്റെ പുലരിയില്‍ ജിന്നിന്റെയുംം സിഹ്‌റിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന ആശയപാപ്പരത്തം മാത്രം മതി, പൂഴിത്തറയിലാണ് പ്രത്യയശാസ്ത്രകോട്ട ഇവര്‍ കെട്ടിപ്പൊക്കിയതെന്ന് ഊഹിച്ചെടുക്കാന്‍. ഭൗതിക സ്ഥാനമാനങ്ങളോടുള്ള അടങ്ങാത്ത മോഹവും സ്വയം മഹത്വവത്കരിക്കാനുള്ള നിന്ദ്യമായ ഇംഗിതങ്ങളും ആദര്‍ശപരമായ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ ) ആസ്ഥാനമന്ദിരങ്ങളില്‍ കയറിയിറങ്ങുകയും തങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുകയും ചെയ്യുമ്പോള്‍ എസ്.ഒ.എസ് (Save Our Soul) വിളിച്ച് പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നതിനെയാണ് ഐക്യം എന്ന് വിളിക്കുന്നതെങ്കില്‍ നല്ലൊരു കാറ്റടിച്ചാല്‍ പൊട്ടിവീഴുന്ന പാഴ്മരമായേ അതിനെ കാണേണ്ടതുള്ളൂ.
ഐക്യമോഹികളുടെ മനസ്സിലിരിപ്പ്
1992ല്‍ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ‘യൂത്ത്മീറ്റ് 92’ എന്ന യുവജനസംഗമം സംഘടിപ്പിച്ചപ്പോള്‍ അതിന്റെ മുദ്രാവാക്യം ‘ഇത്തിഹാദെ മില്ലത്ത്’ എന്നായിരുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഹിന്ദുത്വ ശക്തികള്‍ മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അത്യപൂര്‍വ ഭീഷണി ഉയര്‍ത്തിയ ആ ഘട്ടത്തില്‍ സമുദായം ഒറ്റക്കെട്ടായി നിന്ന് , മതേതര ശക്തികളോടൊപ്പം ചേര്‍ന്ന് ചെറുത്തുനില്‍പ് നടത്തണമെന്നതായിരുന്നു ആ പ്രമേയത്തിന്റെ അന്തസ്സത്ത. നിര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ, ബാബരി മസ്ജിദിന്റെ ധ്വംസനം തടയാന്‍ കോണ്‍ഗ്രസ് ഭരണകൂടത്തിന് സാധിച്ചില്ല. സുപ്രീംകോടതി പോലും നോക്കുകുത്തിയായി നിന്ന അഭിശപ്ത നിമിഷം. പള്ളിയുടെ തകര്‍ച്ചക്കു ശേഷം രാജ്യത്ത്, വിശിഷ്യാ മുംബൈയില്‍ നടന്ന വ്യാപകമായ മനുഷ്യക്കുരുതിയില്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്വതന്ത്ര ഇന്ത്യയില്‍ ഇതുപോലെ ന്യൂനപക്ഷങ്ങള്‍ അസ്തിത്വദുഃഖം അനുഭവിച്ച ഒരു കാലഘട്ടം മുമ്പ് കടന്നുപോയിട്ടില്ല. ഭാവി ഇന്ത്യയെ കുറിച്ചുള്ള ഭീതി നൈരാശ്യവും രോഷവും പടര്‍ത്തിയ ആ ദശാസന്ധിയില്‍ മുസ്‌ലിം സമൂഹം പരസ്പരം കെട്ടിപ്പിടിച്ച് ആത്മരോദനം കൊണ്ടത് ഒറ്റക്കെട്ടായി നിന്ന് ഉമ്മത്തിന്റെ രക്ഷക്കായി അതിജീവനതന്ത്രം മെനയുകയേ നിവൃത്തിലുള്ളൂ എന്ന നിശ്ചയത്തിലായിരുന്നു. എന്നാല്‍, ബാബരി മസ്ജിദിന്റെ തകര്‍ച്ചയെക്കാള്‍ കേരളീയ മുസ്‌ലിം സമൂഹത്തെ അന്ന് വേദനിപ്പിച്ചത് ലീഗിന്റെ പിളര്‍പ്പായിരുന്നു. അരനൂറ്റാണ്ടുകാലം പാര്‍ട്ടിയുടെ അമരത്തുണ്ടായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ടിനെ നേതൃസ്ഥാനത്തുനിന്ന് പിടിച്ചുമാറ്റി എന്ന് മാത്രമല്ല, ദേശീയതലത്തില്‍ തന്നെ മുസ്‌ലിം നേതൃത്വത്തെ നാമാവശേഷമാക്കി. ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ ഇമ്മട്ടിലൊരു തീരുമാനമെടുക്കാന്‍ സമുദായ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത് ജന്മപ്രതിബദ്ധത വിസ്മരിച്ച കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം ആത്മവഞ്ചനയായിരിക്കുമെന്നും പ്രതിഷേധ സൂചകമായെങ്കിലും മുന്നണിബന്ധം വിച്ഛേദിച്ച് ഭരണത്തില്‍നിന്ന് പുറത്തുവരണമെന്നുമുള്ള സേട്ടിന്റെ ഉറച്ച നിലപാടായിരുന്നു. എന്നാല്‍, അധികാരത്തിനു മുന്നില്‍ സമുദായഐക്യം ഒന്നുമല്ല എന്ന സമര്‍ഥനത്തോടെ അഖിലേന്ത്യാ നേതൃത്വത്തെ പ്രതിക്കുട്ടില്‍നിര്‍ത്തി കാലഘട്ടത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനാണ് സംസ്ഥാന ലീഗ് ശ്രമിച്ചത്. എന്നിട്ടും രാഷ്ട്രീയമായി ആവശ്യം വരുമ്പോള്‍ സമുദായഐക്യം എന്ന പതിവ് പുകമറ ഉയര്‍ത്തിക്കൊണ്ടേയിരിക്കുമ്പോള്‍ അതിന്റെ പൊരുള്‍ തേടേണ്ടത് അനിവാര്യമായി വരുന്നു.
‘സമുദായ ഐക്യം’ കൊണ്ട് കേരളീയ മുസ്‌ലിം ധൈഷണിക മണ്ഡലം എന്താണ് വിവക്ഷിക്കുന്നത് രാഷ്ട്രീയനേതൃത്വം എന്താണ് ഉദ്ദേശിക്കുന്നത് ഹിന്ദുക്കള്‍ ഒന്നിക്കണം എന്ന് കേള്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങളിലുണരുന്ന ഭീതിയോ ആശങ്കയോ പോലെ മതേതരനിരാസപരമായ ഒരംശം അതുള്‍വഹിക്കുന്നില്ലേ എന്ന പരിശോധനക്ക് ആരും തുനിയാറില്ല. സലഫി, സുന്നി ധാരകള്‍ ഒരു നൂറ്റാണ്ടോളമായി സമാന്തരമായ പാതകളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഈ വിഭാഗങ്ങള്‍ എല്ലാ വീക്ഷണവ്യത്യാസങ്ങളും മാറ്റിവെച്ച് ഒരു തുരുത്തില്‍ ഒന്നിക്കണമെന്ന് രണ്ടു ചിന്താഗതിക്കാരുടെയും വക്താക്കള്‍ വാദിക്കാറില്ല. എന്നല്ല, തങ്ങള്‍ ഇതുവരെ മറ്റു മേഖലകളില്‍ ശ്രദ്ധയൂന്നിയത് കൊണ്ട് സുന്നികള്‍ കുടുതല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി ബഹുദൂരം മുന്നോട്ടുപോയിരിക്കുകയാണെന്നും മുജാഹിദുകള്‍ തമ്മില്‍ ലയിക്കുന്നതോടെ ആശയപരമായ പോരാട്ടം ശക്തമാക്കാന്‍ സാധിക്കുമെന്നും ഐക്യസമ്മേളനത്തിനു മുമ്പ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അതായത് ‘തക്ഫീറിന്റെ’ മാര്‍ഗത്തില്‍ കൂടുതല്‍ ഊര്‍ജസ്വലരാവുമെന്ന മുന്നറിയിപ്പ്. ഇതിനെതിരെ സുന്നികള്‍ക്ക് നേരിടാനാവുക ആശയഭൂമികയില്‍ ഉറച്ചുനിന്ന് മാത്രമായിരിക്കും. എന്നാല്‍, ‘രാഷ്ട്രീയ ഇസ്‌ലാമിനു’ അവിടെ ആദര്‍ശം അടിയറവ് വെക്കേണ്ടിവരുമ്പോഴാണ് സുന്നികള്‍ക്ക് മുജാഹിദ് വേദിയില്‍ ഇടം പങ്കിടേണ്ടിവരുന്നത്. അത്തരം സമ്പര്‍ക്കങ്ങളിലൂടെ ഭിന്നതകള്‍ക്കിടയിലും സമുദായഐക്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ആരും പച്ചക്കൊടി കാട്ടും. പക്ഷേ, അത്തരം ചുവടുവെപ്പുകള്‍, സുന്നികള്‍ക്കെതിരായ സലഫികളുടെ പോരാട്ടത്തെ ശക്തിപ്പെടുത്താനേ പ്രയോജനപ്പെടൂ എന്നത് സ്പഷ്ടമായ സത്യമാണ്. ഇതൊക്കെ അറിയാമായിരുന്നിട്ടും നേതൃത്തിന്റെ താക്കീത് വകവെക്കാതെ ക്ഷണം സ്വീകരിക്കുന്നതും പിന്നീട് എല്ലാം കഴിഞ്ഞശേഷം ‘വേദന ഉള്‍ക്കൊള്ളുന്നു’ എന്ന് പറഞ്ഞ് കപടമുഖം മറച്ചുവെക്കുന്നതുമെല്ലാം തരംതാഴ്ന്ന രാഷ്ട്രീയ കസറത്തിനപ്പുറം ഒന്നുമല്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട് എന്ന മനോഘടന വെച്ചുപുലര്‍ത്തുന്ന മുസ്‌ലിം രാഷ്ട്രീയ നേതൃത്വം വാസ്തവത്തില്‍ മതചേരികളെ കുരങ്ങുകളിപ്പിക്കുകയാണ്.
കേരളീയ സാമൂഹിക ചുറ്റുപാടില്‍ സമുദായഐക്യം കൊണ്ട് വിവക്ഷിക്കുന്നത് എന്താണ് സംഘടനകള്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച്, ലീഗിന്ന് വോട്ട് ചെയ്യുക എന്നതാണോ മര്‍കസ് റൂബി സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമുദായ ഐക്യത്തെ കുറിച്ചുള്ള നിലവിലെ കാഴ്ചപ്പാടിന്റെ പൊള്ളത്തരം എടുത്തുകാട്ടിയത് ശ്രദ്ധേയമാണ്: ‘രാഷ്ട്രീയ പ്രതിസന്ധികളെയും തിരിച്ചടികളെയും മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് മുസ്‌ലിം ഐക്യത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങുന്നത് തന്നെ. വിശ്വാസിസമൂഹം എന്ന മുന്‍ഗണന ഇല്ലാത്ത ഒരു ഐക്യവും നിലനില്‍ക്കില്ല. മുസ്‌ലസ്‌ലിം ഐക്യശ്രമങ്ങള്‍ പരിഹാസ്യമായിത്തീരുന്നതിന്റെ കാരണവും ഇതാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളെ സാമുദായികവത്കരിച്ച് രക്ഷപ്പെടാനാകില്ല’. മുസ്‌ലിം ലീഗിന്റെ അടിത്തറ മാന്തുന്ന തരത്തിലുള്ള ചിന്താഗതികള്‍ കേരളീയസമൂഹത്തില്‍ ബാബരിമസ്ജിദ് ധ്വംസനാനന്തരം വളര്‍ന്നുവന്നതും ലീഗ് ശൈഥില്യത്തിന്റെ വഴിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നതും ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനു പകരം സമുദായത്തെ ഐക്യം കാണിച്ച് കുടുക്കിയിടുക എന്ന തന്ത്രമാണ് എക്കാലത്തും ലീഗ് പ്രയോഗിച്ചുപോന്നത്. ആ തന്ത്രപ്രയോഗത്തില്‍ സുന്നിയെന്നോ മുജാഹിദെന്നോ മിതവാദിയെന്നോ തീവ്രവാദിയെന്നോ നോക്കാറില്ല. അതേസമയം, നേതാക്കള്‍ വീക്ഷണപരമായ തീവ്രവാദം ഒഴിവാക്കാന്‍ ശ്രമിക്കുകയോ നിഷ്പത പുലര്‍ത്തുകയോ ചെയ്യാറില്ല എന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.
തിരിച്ചറവിന്റെ പുതിയ കാലഘട്ടം
പാര്‍ട്ടിയുടെ പേരിനൊപ്പം മുസ്‌ലിം എന്ന പദമുള്ളത് കൊണ്ട് എല്ലാമായി എന്ന് വിശ്വസിപ്പിക്കുന്നതിലെ കാപട്യം പലപ്പോഴും തുറന്നുകാട്ടപ്പെട്ടതാണ്. പ്രയോജനരഹിതമായ ഈ തിലകക്കുറി അണിഞ്ഞാണ് ഇക്കാലമത്രയും സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തെ പിറകോട്ട് പിടിച്ചുവലിച്ചത്. കാലഘട്ടത്തിന്റെ വെല്ലുവിളി ഉള്‍ക്കൊണ്ട്, മുസ്‌ലിം സമൂഹത്തിന്റെ പൊതുവായ ഗുണകാംക്ഷ അജണ്ടയായി എടുത്ത് അഭിപ്രായസമന്വയത്തിന്റെ ഒരു തുരുത്ത് തീര്‍ത്താല്‍ അവിടെ സംഗമിക്കാന്‍ സുമനസ്സുകള്‍ തയാറാവുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതിനു വേണ്ടത് വിശാലമായ കാഴ്ചപ്പാടാണ്. അതിന്റെ അഭാവത്തിലാണ് മര്‍കസിലേക്ക് ലീഗുനേതാക്കള്‍ പോകേണ്ടയെന്ന് തിരുമാനിക്കുന്നതും കോണ്‍ഗ്രസുകാരെ തടഞ്ഞുനിര്‍ത്തുന്നതും. ചെയ്യുന്ന പോഴത്തത്തിന്റെ ആഴം ഇവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരം. രാഷ്ട്രീയ എതിരാളികള്‍ ഒരു നിക്ഷേപവുമില്ലാതെ വിജയം കൊണ്ടാടേണ്ടതില്ല എന്ന് മര്‍കസ് നേതൃത്വം തീരുമാനിച്ചതും ഉചിതമായി. മര്‍കസിനെയും ഉസ്താദിനെയും ഒറ്റപ്പെടുത്താന്‍ തങ്ങള്‍ അനുവദിക്കില്ല എന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസതാവനക്ക് സ്ഥാപന സാരഥികള്‍ തന്നെ മറുപടി നല്‍കിയതും അവസരോചിതമായി: ‘ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയല്ല മര്‍കസ് പ്രവര്‍ത്തിക്കുന്നതെന്നും ഞങ്ങളെ പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയുകയുമില്ലെന്ന കാന്തപുരം ഉസ്താദിന്റെ വാക്കുകളില്‍ ആര്‍ജവം തുളുമ്പുന്നുണ്ട്. സാംസ്‌കാരിക കേന്ദ്രങ്ങള്‍ എക്കാലവും സാംസ്‌കാരിക കേന്ദ്രങ്ങളായി തന്നെ വിലസണമെങ്കില്‍ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കിയേ പറ്റു. കഴിഞ്ഞ നാല് പതിറ്റാണ്ടിന്‍െ കേരളീയ സുന്നി അനുഭവം നല്‍കുന്ന പാഠവും അതാണ്. രാഷ്ട്രീയ പ്രതിസന്ധികളെ രാഷ്ട്രീയമായി തന്നെ അഭിമുഖീകരിക്കുന്നതിനു പകരം മതത്തെയും സമുദായത്തെയും അതിലേക്ക് വലിച്ചിഴക്കുന്ന തോന്നിവാസം ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിക ലോകത്തിനു വിനകള്‍ വരുത്തിവെച്ചു. അത്തരം പിത്തലാട്ടങ്ങള്‍ക്ക് മറ പിടിക്കാനാണ് ഉല്‍പതിഷ്ണുത്വവും പുരോഗമനവും ആവോളം വിളമ്പുന്നത്. മുസ്‌ലിം ലോകത്തെ ഇന്നീ കാണുന്ന പതനത്തിലേക്ക് ആനയിച്ചത് മതത്തിന്റെ പേരിലുള്ള , അല്ലെങ്കില്‍ ആത്മീയതയെ ചൂഷണം ചെയ്തുള്ള രാഷ്ട്രീയ കസര്‍ത്തുകളാണ്. ഫാഷിസത്തെ നേരിടാനും സാമ്രാജ്യത്വത്തിന് എതിരെ പോരാടാനും മാനസിക സന്നദ്ധത ആര്‍ജിക്കുന്നത് മതത്തിന്റെ ജൈവിക ചൈതന്യം നുകര്‍ന്നാവണം. അതേസമയം, വിശ്വാസസരണികളിലെ അപചയങ്ങളെ താലോലിച്ചുകൊണ്ടാകുമ്പോള്‍ വിയോജിപ്പിന്റെ പ്രതിരോധം തീര്‍ക്കാന്‍ ശുദ്ധമനസ്‌കര്‍ രംഗത്തുവരുമെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കട്ടെ. ചരിത്രത്തിലെ തിരിച്ചടികള്‍ ഇനിയും അപഗ്രഥനങ്ങള്‍ക്ക് വിധേയമാക്കുമ്പോള്‍ പരിഷ്‌കരണവാദികളുടെ മേലങ്കിയണിഞ്ഞവരുടെ മനസ്സിലിരിപ്പ് രാഷ്ട്രീയമേല്‍ക്കോയ്മയാണെന്ന തിരിച്ചറിവിലേക്ക് നമുക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവും.
ശാഹിദ്
You must be logged in to post a comment Login