ഏതാനും സെക്കന്റുകള്‍ നിശ്ശബ്ദത. മൂന്നാമത്തെയാള്‍ എന്നോട്: ‘ഇനിയൊരു ഊഹച്ചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക?’
എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്കുകയറി. കണ്ണുകളില്‍, കാതുകളില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്‍മേഷവാന്മാരായി എന്നു കസേരകള്‍ അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി.
ഉറച്ച ശബ്ദത്തില്‍ ‘സര്‍, ന്യായം എന്നുവെച്ചാലെന്താണ്?’ എന്നു ഞാന്‍ പറഞ്ഞു. ‘വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്നു പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മം ഉണ്ടായിരിക്കണം. ധര്‍മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്.’
അടിയില്‍ വലത്തേ മൂലയില്‍ ജയമോഹന്‍ എന്ന് പേരെഴുതി കോമയിട്ട് നൂറ്‌സിംഹാസനങ്ങള്‍ എന്ന് കൂട്ടിച്ചേര്‍ത്ത് ലേഖനത്തെ അലങ്കരിക്കേണ്ട വെറും ഉദ്ധരണിയല്ല ഈ വരികള്‍. അതിനാല്‍ അതിന് മുതിരുന്നില്ല. ധര്‍മപാലനാണ് ആ ഉത്തരം പറഞ്ഞത്. ഇന്ത്യന്‍ നോവല്‍ ചരിത്രത്തിലെ ആദ്യത്തെ നായാടി. ഭദ്രലോകസാഹിത്യം വാഴ്ത്തിപ്പാടിയ ഈ മനോഹരലോകം പുറംതൊലി പൊളിഞ്ഞഴുകിയ പടുകൂറ്റന്‍ വ്രണമാണെന്ന് നൂറ്‌സിംഹാസനങ്ങളുടെ ഓരോ താളുകളും പറഞ്ഞു. ദളിതമായ മുഴുവന്‍ ജീവിതങ്ങളും അത് വായിച്ച് ഇരിപ്പിടത്തില്‍ ചലം നിറഞ്ഞപോല്‍ പുളഞ്ഞു. ആ പുളച്ചിലില്‍ നിന്നാണ് നമ്മള്‍ ഈ ആലോചനകളെ ഒന്നൊന്നായി പുറത്തെടുക്കുന്നത്.
ജെ. ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് പറയാം. മധുര കാമരാജ് സര്‍വകലാശാലയിലെ ജേണലിസം അധ്യാപകനാണ് ഇപ്പോള്‍. 2010 നവംബറില്‍ സേലം പെരിയാര്‍ സര്‍വകലാശാലയില്‍ നടന്ന ‘നാഷണല്‍ കോണ്‍ഫ്രന്‍സ് ഓണ്‍ എത്തിക്കല്‍ ഇഷ്യൂസ് ആന്റ് ഇന്ത്യന്‍ മീഡിയ’യില്‍ ബാലസുബ്രഹ്മണ്യം അവതരിപ്പിച്ച ഒരു പ്രബന്ധമുണ്ട്. ദളിത്‌സ് ആന്റ് ലാക്ക് ഓഫ് ഡൈവേഴ്‌സിറ്റി ഇന്‍ ദ ന്യൂസ് റൂം എന്നായിരുന്നു തലക്കെട്ട്. ഇന്ത്യന്‍ ന്യൂസ് റൂമുകളിലെ ദളിത് അഭാവം സൃഷ്ടിക്കുന്ന വൈവിധ്യപ്രതിസന്ധി. ദളിത് അസാന്നിധ്യം ന്യൂസ്‌റൂമുകളുടെ നാനാത്വത്തെ ഇല്ലാതാക്കുന്നത് എങ്ങനെ എന്ന അന്വേഷണം. ഈ വിഷയത്തില്‍ ഇന്ന് ലഭ്യമായ ഏറ്റവും മുന്തിയ പഠനം.
വ്യക്തിപരമായ ഒരു അനുഭവത്തിന്റെ വിശദമായ വിവരണത്തോടെയാണ് ബാലസുബ്രഹ്മണ്യം പ്രബന്ധം തുടങ്ങുന്നത്. കമ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ബാലസുബ്രഹ്മണ്യം തൊഴില്‍ തേടി ചെന്നെയിലെത്തുന്നു. തമിഴ് മാധ്യമ പ്രവര്‍ത്തനമാണ് ലക്ഷ്യം. ഒരു പ്രധാന തമിഴ് ദിനപത്രം അദ്ദേഹത്തെ അഭിമുഖത്തിന് ക്ഷണിച്ചു. സുസജ്ജനായി ബാലസുബ്രഹ്മണ്യം അഭിമുഖത്തിനെത്തി. അഭിമുഖം തുടങ്ങി. മുഖ്യപത്രാധിപരാണ് ചോദ്യകര്‍ത്താവ്. ആദ്യം ചോദ്യം തമിഴിലായിരുന്നു:
”ബാലസുബ്രഹ്മണ്യത്തിന്റെ സ്വദേശം?’
”തിരുനല്‍വേലിയാണ് സര്‍”
” അവിടെ പിള്ളമാര്‍ സമുദായമല്ലേ കൂടുതല്‍?” (പിള്ളമാര്‍ എന്നാല്‍ വെള്ളാളര്‍ പിള്ളമാര്‍. സവര്‍ണര്‍)
”അതേ സര്‍, അവരില്‍ ഭൂരിപക്ഷവും പട്ടണത്തിലാണ് താമസം”
”നിങ്ങള്‍ പിള്ളമാര്‍ ജാതിയാണോ?”
”അല്ല സര്‍”
”പിന്നെ?”
”പട്ടിക ജാതിയാണ്”
” ഓ..ഓക്കെ…(അല്‍പനേരം മുറിയാകെ നിശബ്ദത). ഞങ്ങള്‍ക്ക് ആളുകളെ ആവശ്യമുള്ളപ്പോള്‍ അറിയിക്കാം, ഓക്കെ.”
”നന്ദി സര്‍”
ഒരു വിളിയും വന്നില്ല. ജോലി കിട്ടിയില്ല.
ഒറ്റപ്പെട്ട അനുഭവമാണെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ കണക്കുകള്‍ നിങ്ങളോട് സംസാരിക്കും. പത്ത് ശതമാനമുണ്ട് കേരളത്തിലെ പട്ടിക ജാതി പട്ടിക വര്‍ഗ ജനസംഖ്യ. പട്ടിക ജാതി പട്ടിക വര്‍ഗത്തില്‍ നിന്ന് എത്ര ജേണലിസ്റ്റുകളുണ്ട് കേരളത്തിലെ ന്യൂസ്‌റൂമില്‍. എത്ര പേരുണ്ട് മലയാള മനോരമയില്‍? എത്ര പേരുണ്ട് മാതൃഭൂമിയില്‍? മാധ്യമത്തില്‍? പോട്ടെ ദേശാഭിമാനിയില്‍? ചാനലുകളില്‍ എത്ര ശതമാനമുണ്ട്? കണക്കുകള്‍ ലഭ്യമാണ്. ശതമാനിക്കാന്‍ പോലും ആളില്ല. റിലയന്‍സിന്റെ ന്യൂസ് 18-ല്‍ ശരണ്യ എന്ന ദളിത് ജേണലിസ്റ്റിന് ‘പ്രകടനപോരായ്മ’യുടെ പേരില്‍ പുറത്തുപോകേണ്ടി വന്ന വിവാദം ഓര്‍ക്കുന്നുണ്ടാവുമല്ലോ?. ജാതി ഉയര്‍ത്തി അന്ന് ശരണ്യ പ്രതികരിച്ചപ്പോള്‍ ഇനി ഇക്കൂട്ടരെ ജോലിയിലെടുക്കാന്‍ ഒന്ന് മടിക്കും എന്ന രീതിയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ ഒാര്‍ക്കുന്നുണ്ടോ?
ബാലസുബ്രഹ്മണ്യത്തിലേക്ക് വീണ്ടും വരാം. പ്രബന്ധം വായിക്കാം. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന ആഫ്രോ അമേരിക്കന്‍ കെന്നത്ത് ജെ. കൂപ്പര്‍ 1990 ന്റെ മധ്യത്തില്‍ നടത്തിയ ഒരു കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷമായ പിന്നോക്ക വിഭാഗക്കാര്‍ അതിഭീകരമാം വിധം ന്യൂനപക്ഷമാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ എന്നതായിരുന്നു അത്. ബി.എന്‍ ഉണ്യാല്‍ എന്ന മുതിര്‍ന്ന ജേണലിസ്റ്റ് ഒരുപടികൂടിക്കടന്ന് തന്റെ മുപ്പത് വര്‍ഷത്തെ മാധ്യമ ജീവിതത്തില്‍ ഒരൊറ്റ ദളിത് ജേണലിസ്റ്റിനെയും കണ്ടിട്ടേയില്ല എന്ന് രേഖപ്പെടുത്തുന്നു. ഈ നിഗമനങ്ങളെത്തുടര്‍ന്ന് 1998-ല്‍ ഇന്ത്യന്‍ മാധ്യമലോകത്തെ വംശീയ വിവേചനം അവസാനിപ്പിക്കുക, രാഷ്ട്രത്തിന്റെ അഭിപ്രായനിര്‍മിതിയെ ജനാധിപത്യവല്‍കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദളിത് സംഘടനകളുടെ കൂട്ടായ്മ പ്രസ് കൗണ്‍സിലിന് നിവേദനം പോലും നല്‍കുന്നുണ്ട്. ഇന്ത്യയിലെ പത്ര വിപ്ലവം എന്ന വിഖ്യാത ഗ്രന്ഥമെഴുതിയ റോബിന്‍ ജഫ്രി ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്. ജഫ്രി എഴുതിയത് നോക്കുക. ‘ദളിത് റിപ്പോര്‍ട്ടര്‍മാരോ ദളിത് സബ്എഡിറ്റര്‍മാരോ ഇല്ല എന്ന് മാത്രമല്ല; ഒരൊറ്റ ദളിത് എഡിറ്റര്‍ ഇക്കാലം വരെ ഇന്ത്യന്‍ മീഡിയയില്‍ ഇല്ല. ദളിതുകള്‍ നടത്തുന്ന മാധ്യമ സ്ഥാപനവുമില്ല’. 2001-ലാണ് ജഫ്രി ഇതെഴുതുന്നത്. മണ്ഡല്‍ കാലത്തെ സംവരണ വിരുദ്ധ മാധ്യമ നിലപാടിന് അന്ന് ദി ഹിന്ദുവിലായിരുന്ന സിദ്ധാര്‍ഥ് വരദരാജന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതും ന്യൂസ് റൂമുകളിലെ ദളിത് അഭാവത്തെയായിരുന്നു. ദളിത്, ആദിവാസി, ഒ.ബി.സി, മുസ്‌ലിം വിഭാഗങ്ങളെ ബോധപൂര്‍വം ഉള്‍പ്പെടുത്തിയാണ് മാധ്യമ ജനാധിപത്യം സ്ഥാപിക്കേണ്ടത് എന്നും 2006-ല്‍ എഴുതിയ ലേഖനത്തില്‍ സിദ്ധാര്‍ഥ് വരദരാജന്‍ ചൂണ്ടിക്കാട്ടുന്നു. ‘ആയിരക്കണക്കിന് കഥകളുണ്ട് പറയപ്പെടാതെ. പറയാന്‍ അവരെ തിരഞ്ഞെടുക്കുകയും പ്രാപ്തരാക്കുകയുമാണ് വേണ്ടത്.’ എന്ന് വരദരാജന്‍. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് 2006-ല്‍ നടത്തിയ ഒരു പഠനം കൂടി കാണാം. ദല്‍ഹി ആസ്ഥാനമായ 37 ഇംഗ്ലീഷ്-ഹിന്ദി പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലുമായാണ് പഠനം നടത്തിയത്. ഇവയിലെ പ്രധാനപ്പെട്ട 315 മാധ്യമ പദവികളില്‍ 90 ശതമാനവും മേല്‍ജാതിക്കാരാണ്. ചാനലുകളിലാവട്ടെ 79 ശതമാനവും.
ബാലസുബ്രഹ്മണ്യത്തില്‍ നിന്ന് മടങ്ങാം. കേരളത്തിലേക്ക് വരാം. നിങ്ങള്‍ ആരെങ്കിലും ദളിത് ശോഷണ്‍ മുക്തി മഞ്ചിനെക്കുറിച്ച് അറിഞ്ഞുവോ? അറിയാത്തവരോടാണ്.
ങ്ങനൊന്നുണ്ടായി. 2014-ല്‍. 2017-ല്‍ അതിന്റെ രണ്ടാം ദേശീയ സമ്മേളനം നടന്നു. മധുരയില്‍. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ദളിത് സംഘടനയാണ്. ലക്ഷത്തോളം അംഗങ്ങള്‍. രോഹിത് വെമുലയുടെ പേരിട്ട വേദിയിലായിരുന്നു രണ്ടാം സമ്മേളനം. കേരള നിയമസഭയുടെ മുന്‍ സ്പീക്കറും സി.പി.എം തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയുമായ കെ. രാധാകൃഷ്ണനാണ് ആ സംഘടനയുടെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷന്‍. മധുരയെ ഇളക്കിമറിച്ച കൂറ്റന്‍ റാലിയോടെയായിരുന്നു സമാപനം. കേരളത്തിലെ ദേശാഭിമാനിയൊഴികെയുള്ള ഏതെങ്കിലും ദിനപത്രത്തില്‍ നിങ്ങള്‍ വാര്‍ത്ത കണ്ടോ? എതിര്‍ത്തോ അനുകൂലിച്ചോ ഒരു ചര്‍ച്ച കണ്ടോ? ഇല്ല. 21 സംസ്ഥാനങ്ങളില്‍ നിന്നായി 55 വനിതകള്‍ ഉള്‍പ്പടെ 452 പ്രതിനിധികള്‍ പങ്കെടുത്തു എന്നതും പ്രകാശ് അംബേദ്കര്‍ ഉദ്ഘാടകനായി എന്നതുമല്ല, സി.പി.എം അതിന്റെ വര്‍ഗരാഷ്ട്രീയം സംബന്ധിച്ച ദിശാസൂചകമായ മാറ്റം പ്രഖ്യാപിച്ചു എന്നതായിരുന്നു ആ മഹാസമ്മേളനത്തിന്റെ പ്രധാന്യം. ദളിത് വിഷയമായിരുന്നു. സി.പി.എം ഭരിക്കുന്ന കേരളത്തിലെ മാധ്യമ മുറികള്‍ ആ സമ്മേളനം അവഗണിച്ചു. യാദൃച്ഛികമാണോ? അല്ല. സി.പി.എമ്മിനോട് പൊതുവേ പുലര്‍ത്തുന്ന വിയോജിപ്പാണോ? അല്ല. സി.പി.എം സമ്മേളനങ്ങള്‍ക്കായി, ലോക്കല്‍ തലം തൊട്ട് വെണ്ടക്ക നിരത്തുന്ന മാധ്യമങ്ങള്‍ അവരുടെ ദളിത് സംഘാടനത്തെ അവഗണിച്ചു.
കഴിഞ്ഞില്ല. ഇതെഴുതുമ്പോള്‍ ദല്‍ഹിയില്‍ വന്‍ പ്രക്ഷോഭം നടക്കുകയാണ്. ഭീമാ കൊര്‍ഗാവന്‍ സംഭവമാണ് പ്രകോപനം. മഹാരാഷ്ട്രയില്‍ ദളിതുകള്‍ക്കെതിരില്‍ നടന്ന സംഘടിത അക്രമണം. അതിനെതിരെ ദളിത് ശക്തിയുടെ ഉയിര്‍പ്പ്. ഇന്ത്യന്‍ ദളിത് മുന്നേറ്റത്തിന്റെ പുതിയ മുഖം ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ രാജ്യ തലസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. കനയ്യകുമാര്‍ ഉള്‍പ്പെടെ മുന്‍നിരയില്‍ ഉണ്ട്. കേരളത്തിലെ എത്ര മുഖ്യധാരകള്‍ ആ വാര്‍ത്ത പ്രധാനമാക്കി? എത്ര ചാനലുകള്‍ അത് ചര്‍ച്ചയാക്കി?
ഉണ്ടായില്ല. എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള വിശദമായ ഉത്തരമാണ് ബാലസുബ്രഹ്മണ്യത്തിന്റെ പ്രബന്ധം. ഒരു വിഭാഗത്തിന്റെ അഭാവം പൊതുവിടത്തില്‍ അവരെ അപരരാക്കുന്ന അന്തരീക്ഷമുണ്ടാക്കും. വാര്‍ത്തകള്‍ യാന്ത്രിക നിര്‍മിതികള്‍ അല്ല എന്ന് അറിയാമല്ലോ? അല്ല. വാര്‍ത്തകളുടെ സ്വഭാവം നിര്‍ണയിക്കുന്നത് ആ വാര്‍ത്തയുടെ ഓരോ ഘട്ടത്തിലും ഇടപെടുന്ന മനുഷ്യരുടെ അറിവും അനുഭവവുമാണ്. ഉദാഹരണം നോക്കണോ? നോക്കാം. രണ്ട് വാര്‍ത്തകള്‍ എടുക്കാം. ഒട്ടും അപരിചിതമല്ലാത്ത രണ്ട് വാര്‍ത്തകള്‍. ഒന്ന് സവര്‍ണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ചുട്ടുകൊന്നു. രണ്ട.് ജാതി മാറി വിവാഹം കാരണം ഊരുവിലക്കപ്പെട്ട അംബേദ്കര്‍ കോളനിയിലെ പട്ടിക ജാതി കുടുംബം കൂട്ട ആത്മഹത്യ ചെയ്തു. രണ്ടും ജാതിയനുഭവമാണ്. ഈ വാര്‍ത്ത എത്തുന്ന ഒരു വാര്‍ത്താമുറി സങ്കല്‍പിക്കുക. അവിടം നമ്മള്‍ ആദ്യം കണ്ടതുപോലെ സവര്‍ണര്‍ മാത്രമുള്ള ഒന്നാണ്. ഒറ്റയാള്‍ക്കും ജാതിയനുഭവം ഇല്ല. ഉള്ളത് തന്നെ മ്യൂസിയം അനുഭവമാണ്. അതായത് ടൂറിസ്റ്റ് കൗതുകത്തോടെ കണ്ടറിയുന്ന അനുഭവം. ശരണ്‍കുമാര്‍ ലിംബാളയെ ഒക്കെ ഹയ്യോ എന്ന വ്യാക്ഷേപകത്തോടെ വായിച്ചുള്ള അനുഭവം. അതാണ് മ്യുസിയം അനുഭവം. വെറും കാഴ്ച. അതും സുരക്ഷിതമായി നിന്നുകൊണ്ടുള്ള കാഴ്ച. അവിടേക്കാണ് ആദ്യ വാര്‍ത്ത വരുന്നത്. ഒറ്റനിമിഷത്തില്‍ ആ ന്യൂസ്‌റൂം ഒരു സവര്‍ണ ക്ഷേത്രമായി മാറും. ബോധപൂര്‍വമല്ല. പക്ഷേ, ആയി മാറും. അത് ആള്‍ക്കൂട്ട മനശാസ്ത്രം പലവട്ടം ചര്‍ച്ച ചെയ്ത മാനസികാവസ്ഥയാണ്. ആ മാനസികാവസ്ഥ നിങ്ങളുടെ ഭൂതകാലവുമായി കെട്ടുപിണഞ്ഞാണ് ഉണ്ടാവുക. ആ ദളിത് യുവാവ് സവര്‍ണ യുവതിയെ പ്രേമിച്ചതെന്തിന് എന്ന ചോദ്യമാണ് ആ മനോനിലയുടെ അടിത്തട്ടില്‍ ഊറി നില്‍ക്കുക. എന്നാല്‍ നിങ്ങള്‍ ഉറപ്പായും പുരോഗമനം പുറമേയെങ്കിലും കാട്ടുന്ന ഒരാളായിരിക്കുമല്ലോ? ആയിരിക്കും. അതുകൊണ്ട് ആ അടിത്തട്ടിലെ ഊറല്‍ പുറത്ത് വരില്ല. മറിച്ച് സവര്‍ണമായ മനോനിലയോടെ സവര്‍ണതയുടെ നൃശംസതയെ കുറ്റം പറഞ്ഞ് വാര്‍ത്ത തയാറാക്കും. കുടുംബത്തിലെ ഒരാളെ സ്‌നേഹബുദ്ധ്യാ ശാസിക്കുന്നതിന്റെ ഭാവമുണ്ടാവും ആ വാര്‍ത്തക്ക്. മരിച്ച ആ യുവാവിനോട് ആത്മാവിലെ താദാത്മ്യം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ആ വാര്‍ത്തക്ക് ഒരു ഫോളോ അപ് ഉണ്ടാവില്ല. കുടുംബത്തിനകത്തെ സ്‌നേഹശാസനക്ക് ഫോളോ അപ് ഇല്ലാത്തതുപോലെ. ഇനി രണ്ടാമത്തെ വാര്‍ത്ത നോക്കാം. ഊരുവിലക്കാണ്. ജാതിയനുഭവമാണ്. എന്തായിരിക്കും ന്യൂസ്‌റൂമിലെ മനോനില? ഊരുവിലക്ക് അവിടെ മനസിലാവില്ല. എന്തിന് ഊരില്‍ താമസിക്കണം? വല്ല ടൗണിലും പോയി വാടകക്ക് വീടെടുത്ത കൂലിപ്പണിക്ക് പോയാപോരെ? വീട്ടുജോലിക്ക് ഒരാളെ കിട്ടാന്‍പെടുന്ന പാട് അറിയാമല്ലോ? ഇവറ്റകള്‍ക്ക് എന്തിന്റെ കേടാണ്? എത്ര ആനുകൂല്യമാണ് സര്‍ക്കാര്‍ കൊടുക്കുന്നത്. ഒരു കാര്യവുമില്ല എന്നിങ്ങനെ പോകും വാര്‍ത്തക്ക് മുമ്പുള്ള ആത്മഗതങ്ങള്‍. ആ ആത്മഗതങ്ങളിലുള്ള മനോനിലയില്‍ നിന്നാണ് ആ വാര്‍ത്തകള്‍ അവതരിപ്പിക്കപ്പെടുക. അത്തരം വാര്‍ത്തകളുടെ പൊതു അവതരണ രീതി ഓര്‍ക്കുക.
പക്ഷേ, ആ ന്യുസ്‌റൂമില്‍ ഒരു ദളിത് വ്യക്തിയുണ്ടെന്ന് സങ്കല്‍പിക്കുക. അതും തീരുമാനമെടുക്കാന്‍ അധികാരമുള്ള നിലയില്‍. ആദ്യ വാര്‍ത്ത ഉറപ്പായും അയാളെ അയാളുടെ ഭൂതകാലത്തിന്റെ അരണ്ട പ്രതലങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകും. അയാളിലോ അയാളുടെ പരിസരങ്ങളിലോ സംഭവിച്ച അത്തരമൊരു പ്രണയത്തിന്റെ വൈകാരികമായ ആഴവും ആ പ്രണയം പ്രണയിക്ക് പൊതുവിടത്തില്‍ സ്ൃഷ്ടിച്ചുകൊണ്ടിരുന്ന നിരന്തര അപമാനത്തിലേക്കും അയാളുടെ മനസ് പാളും. സവര്‍ണ ശരീരങ്ങളുടെ വലിയൊരു ഘോഷയാത്ര അയാളിലേക്ക് അസുരവാദ്യങ്ങളുടെ തിമിര്‍പ്പോടെ അലയടിച്ചെത്തും. ആരുടെയും ദൃഷ്ടിയില്‍ പെടാതെ ഇരുളില്‍ മറഞ്ഞുനില്‍ക്കുന്ന കാമുകന്‍. വിയര്‍പ്പ് ചാലുകീറിയ ദേഹം. ആട്ടിയകറ്റലുകള്‍. കൊലപാതകങ്ങള്‍. പെരുവിരലില്‍ നിന്ന് ഇരച്ചുകയറുന്ന ജാതിയോര്‍മകള്‍.
രണ്ടാമത്തെ വാര്‍ത്തയിലോ? ഒറ്റക്ക് ഒരിടത്ത് ജീവിച്ച് ഒറ്റയാവാന്‍ വയ്യാത്ത അത്ര കെട്ടുപിണഞ്ഞതും അപകര്‍ഷവുമായ തന്റെ ബന്ധുക്കളുടെ പൂര്‍വികരുടെ ഊരുജീവിതം അയാള്‍ക്കോര്‍മവരും. മാനം എന്ന സങ്കല്‍പത്തിന് തങ്ങളുടെ ചെറിയ ഇടങ്ങളില്‍ തങ്ങള്‍ കല്‍പിക്കാറുള്ള വലിയ പ്രധാന്യം അയാള്‍ക്ക് മനസിലാവും. ഊര് എന്തെന്നും ഊരുവിലക്ക് എന്തെന്നും മനസിലാവും. ദളിത് അഭിമാനം എന്തെന്ന് മനസിലാവും. വാര്‍ത്താമുറികളുടെ പൊതുബോധം ഈ ഓര്‍മകളാല്‍ സ്വാധീനിക്കപ്പെടും. അതുണ്ടാവുന്നില്ല എന്നതാണ് നമ്മുടെ ന്യൂസ്മുറികളിലെ ദളിത് അസാന്നിധ്യം സൃഷ്ടിക്കുന്ന വലിയ ്രപതിസന്ധി. അന്തരീക്ഷമാണ് പൊതുബോധത്തെ രൂപപ്പെടുത്തുന്നത്.
അന്തരീക്ഷം രൂപപ്പെടുത്തുന്ന പൊതുബോധം എന്നത് പുതിയ ആശയമല്ല. അന്‍േറാണിയോ ഗ്രാംഷി ഹെജിമണി എന്ന സിദ്ധാന്തം അവതരിപ്പിച്ച് പലപാട് വിശദീകരിച്ച ഒന്നാണത്. ന്യുസ്‌റൂമുകളിലെ ജാതിനില അവിടമാകെ പ്രസരിപ്പിക്കുന്ന തിരിച്ചറിയാന്‍ അമ്പേ പ്രയാസമായ ഒരു മനോനിലയില്‍ നിന്ന് ഉറച്ച പൊതുബോധം സൃഷ്ടിക്കപ്പെടും. ഇത് ന്യൂസ് റൂമുകള്‍ക്ക് മാത്രമല്ല സര്‍ക്കാര്‍ ഓഫീസ് മുതല്‍ സിനിമാ സെറ്റുകള്‍ വരെ ഈ ബോധത്തിന് ഇരകളാണ്. അയ്യങ്കാളിയെ പരാമര്‍ശിക്കുമ്പോള്‍ മന്നത്ത് പദ്മനാഭനെ പരാമര്‍ശിക്കുമ്പോള്‍ ഉള്ളതിനെക്കാള്‍ വലിയ ജാഗ്രത പുലര്‍ത്തുന്ന ന്യൂസ് ഡെസ്‌കുകളുണ്ട്. മുസ്‌ലിം സംഘടനാ വാര്‍ത്തകള്‍ വരുമ്പോള്‍ പൊടുന്നനെ അലര്‍ട്ട് ആവുകയും സൂക്ഷിക്കണേ എന്ന് പരസ്പരം പറയുകയും ചെയ്യുന്ന ഒരന്തരീക്ഷം മനോരമയും മാതൃഭൂമിയും അടക്കമുള്ള ന്യൂസ്‌ഡെസ്‌കുകളില്‍ അപരിചിതമല്ല. മേല്‍ജാതി വാര്‍ത്തകളോട് ആദരവ് കലര്‍ന്ന പരിഹാസവും ആദരവ് കലര്‍ന്ന അലംഭാവവും പുലര്‍ത്തുമ്പോള്‍ മുസ്‌ലിം വാര്‍ത്തകളോട്, ദളിത് വാര്‍ത്തകളോട് അപരിചിതത്വത്തോടെയുള്ള അതിജാഗ്രത പതിവാണ്. ഈ ജാഗ്രതയോളം വലിയ ഹിംസ എന്താണുള്ളത്? ആ അതിജാഗ്രത അപരത്വമാണ്. അവര്‍ ഞങ്ങളില്‍ പെട്ടവരല്ല എന്ന അധീശബോധം നല്‍കുന്ന അപരത്വം. ആ അധീശബോധം നല്‍കുന്ന കാരുണ്യമായി മാത്രമാണ് ദളിത് അനുഭവങ്ങള്‍ വാര്‍ത്താമുറികളില്‍ നിന്ന് പുറത്തുവരുന്നത്. അബദ്ധം പറ്റണ്ട എന്നുകരുതി അവഗണിക്കുന്ന വാര്‍ത്തകള്‍ വേറെയും.അതായത് എഴുതി തെറ്റിപ്പോയാല്‍ കുഴപ്പമാവും എന്ന് കരുതി എഴുതാതിരിക്കുന്നവ. ഇത്തരം ജാതി ഹിംസക്കുള്ളിലാണ്, ഇത്തരം മത ഹിംസക്കുള്ളിലാണ് നമ്മുടെ വാര്‍ത്താമുറികള്‍ ജീവിക്കുന്നത്. ജാതി എന്റെ പരിഗണനയല്ല, അവള്‍ അഥവാ അവന്‍ താഴ്ന്ന ജാതിയാണെന്നത് ഞാന്‍ ചിന്തിക്കാറേയില്ല എന്ന് സത്യസന്ധമെന്ന് സ്വയം വിശ്വസിച്ച് നടത്തുന്ന പ്രസ്താവനകള്‍ കേട്ടിട്ടുണ്ടോ? ഒരു ദളിതന് ആ പ്രസ്താവന തന്നെ ഒരു ജാതി ഹിംസയാണ്. പ്രകടമായതുമാത്രമല്ല പരോക്ഷമായതും ഹിംസയാണെന്നര്‍ഥം.
സിദ്ധാര്‍ഥ് വരദരാജനിലേക്ക് വീണ്ടും വരാം. ബോധപൂര്‍വം സാമൂഹിക പരിച്ഛേദങ്ങളെ ഉള്‍പ്പെടുത്തുകയാണ് ഏക പരിഹാരമെന്ന് വരദരാജന്‍. അത് സംവരണം കൊണ്ട് സാധ്യമാകില്ല. സംവരണം മറ്റൊരു വിഷയമാണ്. ഇവിടെ തീരുമാനവും അതിനുള്ള സമ്മര്‍ദവുമാണ് പരിഹാരം. സവര്‍ണ ഭൂതകാലമുള്ളവരുടെ മീറ്റുകള്‍ കൊണ്ട് പ്രകടനമികവിന്റെ ദ്രുതപരിശോധന നടത്താതിരിക്കലാണ് സാധ്യമാകുന്ന മറ്റൊരു നീതി.
ഒന്നും നടക്കില്ല. സവര്‍ണവും സമ്പന്നവുമായ ഭൂതകാലമുള്ളവര്‍ക്ക് മാത്രം എത്തിപ്പിടിക്കാന്‍ കഴിയുന്ന ആധുനിക അറിവുകളുടെയും സവര്‍ണമായ ജാതി നിലയില്‍ ഉള്ളവരില്‍ വ്യാപകമായി കാണുന്ന ശരീര ഘടനയുള്ളവര്‍ക്കും മാത്രം പ്രവേശനമുള്ള ഇടുങ്ങിയ ലോകമാണ് മാധ്യമലോകം. ജാതിവാലുകള്‍ ഇണചേരുന്ന ഇടങ്ങള്‍. ജാതി ശരീരത്തിലും പേരിലും വഹിക്കുന്ന മനുഷ്യരുടെ ഇടയില്‍ അപകര്‍ഷമായി തീര്‍ന്നുപോകും ദളിത് ജീവിതങ്ങള്‍. അപര്‍ണാകുറുപ്പും ശരണ്യാമോളും ഒരു തിരഞ്ഞെടുപ്പായാല്‍ ആരെയാവും വാര്‍ത്താമുറികള്‍ സ്വീകരിക്കുക?
”നിങ്ങള്‍ പറഞ്ഞ ഉത്തരം മാനേജ്‌മെന്റ് എതിക്‌സ് വെച്ചു നോക്കിയാല്‍ വളരെ തെറ്റാണ്. പക്ഷേ, നിങ്ങളത് വളരെ ആത്മാര്‍ഥമായിട്ടാ പറഞ്ഞത്. വളരെ നല്ല വാക്കുകളില്‍ പ്രകടിപ്പിക്കുകയും ചെയ്തു.”
അയാള്‍ പുഞ്ചിരിച്ചു. ”ഞാനൊഴിച്ച് മറ്റൊരാളും നല്ല മാര്‍ക്കിടില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, ഒരാളൊഴിച്ച് എല്ലാവരും നല്ല മാര്‍ക്കിട്ടിരുന്നു.”
പെട്ടെന്നയാള്‍ പൊട്ടിച്ചിരിച്ചു.
എന്താണ് എന്ന് ഞാന്‍ നോക്കി.
”എന്നെപ്പറ്റി ഒരു ചിത്രം ഉണ്ടാക്കാന്‍തന്നെ. എന്നെ ഒരു മനുഷ്യസ്‌നേഹിയായിട്ടും പുരോഗമനവാദിയായിട്ടും ആധുനികമനുഷ്യന്‍ എന്നും അവര്‍ വിചാരിക്കണമെന്നല്ലേ എനിക്കു ചിന്തിക്കാന്‍ പറ്റൂ… ഞാനെന്തുകൊണ്ട് മതചിഹ്നങ്ങള്‍ ധരിക്കുന്നില്ല? എന്തുകൊണ്ട് മാടിന്റെ മാംസം തിന്ന് മദ്യം കഴിക്കുന്നു. ഒക്കെ ഇതിനു വേണ്ടിത്തന്നെ.”
ശേഷിച്ച ചായ കുടിച്ചിട്ട് ‘ഓക്കെ’ എന്നു പറഞ്ഞ് സെന്‍ഗുപ്ത എഴുന്നേറ്റു. ഞാന്‍ ‘നന്ദി’ എന്നു പറഞ്ഞു.
‘നിങ്ങള്‍ക്ക് എന്തു പ്രശ്‌നമുണ്ടെങ്കിലും എന്നെ ബന്ധപ്പെടുക. ഞാനും കഴിയുന്നത്ര പുരോഗമനവാദിയായിത്തന്നെ കഴിയാനാ ഉദ്ദേശിക്കുന്നത്.’ പെട്ടെന്നു പൊട്ടിച്ചിരിച്ച്, ‘എന്നുവെച്ചാ നിങ്ങള്‍ വന്ന് എന്റെ മോളെ പെണ്ണു ചോദിക്കുന്ന ഘട്ടത്തിന് മുന്‍പുവരെ.’
ഞാനും ചിരിച്ചു പോയി.
ജയമോഹന്‍ തന്നെയാണ്. നൂറ് സിംഹാസനങ്ങളാണ് കൃതി.
മുത്തങ്ങ, ചെങ്ങറ, ലക്ഷം വീടുകള്‍, ഡി.എച്ച്.ആര്‍.എം….നിങ്ങള്‍ വായിച്ച ദളിത് വാര്‍ത്തകളെ ഓര്‍മയിലേക്ക് ക്ഷണിച്ച് ഈ സംവാദം നിര്‍ത്തുന്നു. കാരണം തൊങ്ങലുകളും സിദ്ധാന്തങ്ങളും തൂക്കി നടത്തുന്ന വര്‍ത്തമാനങ്ങള്‍ പോലും മറ്റൊരര്‍ഥത്തില്‍ ഹിംസയാണ്.
കെ.കെ. ജോഷി
You must be logged in to post a comment Login