Feminism/ˈfɛmɪnɪz(ə)m/
The advocacy of women’s rights on the ground of the equality of the sexes or organized activity on behalf of woman’s rights and intere-sts.
ഫെമിനിസം അഥവാ സ്ത്രീവാദം എല്ലാകാലത്തും ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച ഒരു പ്രത്യയശാസ്ത്രമാണ്. ആണ്‍, പെണ്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങി പ്രകൃത്യാ വ്യത്യസ്ത ലിംഗ ശരീരങ്ങളുള്ള മനുഷ്യ സമൂഹത്തില്‍ ഈ ഓരോ ലിംഗവിഭാഗങ്ങളോടും ഉള്ള സമീപനം പലപ്പോഴും വ്യത്യസ്തമാണ്. ശാരീരികമായുള്ള വ്യത്യാസങ്ങളെ മുന്‍നിര്‍ത്തി ഇത്തരത്തില്‍ വിഭജിക്കുമ്പോള്‍ സാമൂഹികപരമായുള്ള വ്യത്യസ്തതകള്‍ക്ക് നേരെ എപ്പോഴും ചോദ്യങ്ങളുണ്ടായിട്ടുണ്ട്. ആ വ്യത്യാസത്തിന്റെ മൂലകാരണം അന്വേഷിച്ചിട്ടുള്ള സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ശാസ്ത്ര മേഖലകളൊക്കെ വ്യത്യസ്തമായ കാരണങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. നിലവിലുള്ള സമൂഹത്തില്‍ സ്ത്രീകള്‍ വലിയ രീതിയിലുള്ള വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും അനുഭവിക്കുന്നുണ്ടെന്നുള്ള കണ്ടെത്തലിന്റെ ഭാഗമായി രൂപപ്പെട്ട വിമോചന ആശയമായാണ് ഫെമിനിസത്തെ അടയാളപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാരോടൊപ്പം സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും സമത്വം വേണമെന്നുള്ള വിശ്വാസ പ്രമാണമാണ് ഫെമിനിസം.
ഇപ്രകാരത്തിലുള്ള തുല്യത നേടിയെടുക്കുന്നതിനുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായും ഫെമിനിസം എന്ന പദം വിവക്ഷിക്കപ്പെടുന്നുണ്ട്. 1800കളില്‍ തന്നെ പാശ്ചാത്യ സമൂഹത്തില്‍ സ്ത്രീവിമോചനം എന്ന ആശയം വേരോടിത്തുടങ്ങിയിരുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപമെടുക്കുന്നത് ആ നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ്. ആദ്യകാലങ്ങളില്‍ നിയമപരമായ സമത്വം- അതായത് പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതിലായിരുന്നു പ്രസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോകത്തിലാദ്യമായി 1893ല്‍ ന്യൂസിലാന്റില്‍ സ്ത്രീകള്‍ വോട്ടവകാശം നേടിയെടുത്തു. അതിനെത്തുടര്‍ന്ന് ആസ്‌ട്രേലിയയിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും, 1900കളില്‍ അമേരിക്കയിലും സ്ത്രീകള്‍ വോട്ടവകാശം കരസ്ഥമാക്കി.
വ്യാവസായിക വിപ്ലവത്തിന്റെയും നാഗരികതയുടെവളര്‍ച്ചയുടെയും ഭാഗമായി അതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തുകൊണ്ടിരുന്ന തൊഴിലുകളിലേക്ക് കൂട്ടമായി സ്ത്രീകള്‍ എത്തിച്ചേര്‍ന്നു. ഇത് വമ്പിച്ച സാമ്പത്തിക-സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമായി. ഫ്രഞ്ചുവിപ്ലവവും അമേരിക്കന്‍ വിപ്ലവവുമൊക്കെ ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആശയങ്ങള്‍ വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. ഇത് സ്ത്രീ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കും സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക പദവികളെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളില്‍ മാറ്റമുണ്ടാകുന്നതിനും കാരണമായി. 1908 മാര്‍ച്ച് 8ാം തിയ്യതി ന്യൂയോര്‍ക്കിലെ തുന്നല്‍ സൂചി നിര്‍മാണ സ്ത്രീതൊഴിലാളികള്‍ തങ്ങള്‍ക്ക് വോട്ടവകാശം നല്‍കണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വലിയ റാലി നടത്തി. ഈ ദിവസത്തിന്റെ ഓര്‍മക്കാണ് മാര്‍ച്ച് 8 സാര്‍വദേശീയ വനിതാ ദിനമായി ആചരിക്കുന്നത്. 1910ല്‍ കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് വിമന്‍സ് കോണ്‍ഫറന്‍സ് ആണ് മാര്‍ച്ച് 8 വനിതാ ദിനമായി ആചരിക്കാന്‍ ആദ്യമായി ആഹ്വാനം ചെയ്തത്.
സ്ത്രീകളുടെ വിമോചനമെന്ന ഒറ്റ ലക്ഷ്യമാകുമ്പോഴും വ്യത്യസ്തമായ സിദ്ധാന്തങ്ങളും മാര്‍ഗങ്ങളുമാണ് വിവിധ ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ മുന്നോട്ടുവെക്കുന്നത്. 1893ല്‍ മേരി വോള്‍സ്‌റ്റോണ്‍ ക്രാഫ്റ്റ് രചിച്ച A Vindication of the Right of woman(1792) ആണ് ആദ്യ ഫെമിനിസ്റ്റ് രചന എന്ന് പറയാം. 1793ല്‍ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഒളിംപ് ഡി ഗോഗ്‌സ(Olympe de Gouges) എന്ന വനിത സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പതിനേഴ് വകുപ്പുകള്‍ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു: ‘ഗില്ലറ്റുകളില്‍ പിടഞ്ഞ് മരിക്കാന്‍ സ്ത്രീകള്‍ക്കാവുമെങ്കില്‍ ജനസഭയില്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാനും അവര്‍ക്ക് അവകാശമുണ്ട്.’ ആ വര്‍ഷം തന്നെ ഗോഗ്‌സ ഗില്ലറ്റിനിരയാവുകയും ചെയ്തു. പിന്നീട് നിരവധി സ്ത്രീ എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സാമൂഹിക ശാസ്ത്രജ്ഞകള്‍, സൈക്കോളജിസ്റ്റുകള്‍ നിലവിലുള്ള സ്ത്രീവിരുദ്ധതയുടെ ചരിത്രപരവും സാമൂഹികപരവുമായ കാരണങ്ങളും അതിനെ മറികടക്കാനുള്ള പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിക്കുകയുണ്ടായി. ഇവരില്‍ എടുത്തുപറയേണ്ട ഒരാളാണ് ഫ്രഞ്ചുകാരിയായ സിമോണ്‍ ദ്ബുവ്വാ(1908-1986). ഫ്രാന്‍സിലെ അറിയപ്പെടുന്ന ബുദ്ധിജീവിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സിമോണ്‍ തന്റെ ദ സെക്കന്റ് സെക്‌സ്(The Second Sex- 1949) എന്ന പുസ്തകത്തില്‍ സമൂഹത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകളെക്കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഫെമിനിസ്റ്റ് എക്‌സിസ്റ്റന്‍ഷ്യലിസം(Feminist Existentialism) എന്നാണ് പൊതുവില്‍ ഇവരുടെ കണ്ടെത്തലുകള്‍ അറിയപ്പെടുന്നത്. ലൈംഗിക വിഭജനം, ജീവശാസ്ത്രപരമാണെങ്കിലും അതിനെ സാമ്പത്തികവും, സാമൂഹികവും മനശാസ്ത്രപരവുമായ സന്ദര്‍ഭത്തില്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് സിമോണ്‍ പറയുന്നു. മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഫ്രഡറിക് ഏംഗല്‍സ് തന്റെ കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്ന കൃതിയിലൂടെ മുന്നോട്ടുവെക്കുന്ന സാമ്പത്തികമാത്രവാദവും പ്രശസ്ത മനശാസ്ത്ര പണ്ഡിതനായ സിഗ്മഡ് ഫ്രോയിഡിന്റെ ലൈംഗികമാത്ര വാദവും ഭാഗികമാണ് എന്ന് സിമോണ്‍ തിരിച്ചറിഞ്ഞു.
നിലനില്‍ക്കുന്ന സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ വലിയ പരുക്കുകളൊന്നും വരുത്താതെ പൊതുവായ ചില അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയവരെയാണ് ലിബറല്‍ ഫെമിനിസ്റ്റുകള്‍ എന്നറിയപ്പെടുന്നത്. മേരി മോണ്‍സ്‌റ്റോണ്‍ക്രോഫ്റ്റ്, ഹാരിയറ്റ് ടെയ്‌ലര്‍മില്‍, എലിസബത്ത് കേഡിസ്റ്റന്‍ടണ്‍ തുടങ്ങിയവര്‍ ഈ ധാരയുടെ പ്രതിനിധികളാണ്. ഇവരുടെ പാരമ്പര്യമേറ്റെടുത്ത് അതിനെ കുറെക്കൂടി വിപ്ലവവത്കരിക്കുകയാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ അഥവാ തീവ്ര ഫെമിനിസ്റ്റുകള്‍ ചെയ്തത.് ഫെമിനിസത്തിലെ ഫസ്റ്റ് വേവ് ഫെമിനിസം എന്നറിയപ്പെടുന്ന കാലഘട്ടത്തെ പ്രതിനിധീകരിച്ചവരാണ് ലിബറല്‍ ഫെമിനിസ്റ്റുകള്‍ എങ്കില്‍ സെക്കന്റ് വേവ് ഫെമിനിസത്തെ പ്രതിനിധീകരിക്കുന്നവരാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തികരിലൊരാളാണ് കേറ്റ് മില്ലറ്റ്(Katherine Marry Millett(1934 2017) എന്ന അമേരിക്കന്‍ എഴുത്തുകാരി. 1970ല്‍ പുറത്തിറങ്ങിയ സെക്ഷ്വല്‍ പൊളിറ്റിക്‌സ് എന്ന മില്ലറ്റിന്റെ പുസ്തകത്തില്‍ ആണ്‍കോയ്മയുടെ അടിത്തറ സാമ്പത്തികമോ ചരിത്രപരമോ അല്ല, ശരീരശാസ്ത്രപരമാണ് എന്ന് പ്രഖ്യാപിക്കുന്നു. സമൂഹം ലൈംഗിക മണ്ഡലങ്ങളായിട്ടാണ് വേര്‍തിരിക്കപ്പെട്ടതെന്നും പുരുഷന്മാര്‍ക്ക് പുരുഷന്മാര്‍ എന്ന നിലയില്‍ തന്നെ സമൂഹത്തില്‍ അധികാരമുണ്ടെന്നും, പുരുഷ മേധാവിത്തത്തെ ചെറുക്കേണ്ടത് ലൈംഗികമായി തന്നെയാണെന്നുമാണ് മില്ലറ്റ് അടങ്ങുന്ന റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ നിലപാട്. റാഡിക്കല്‍ ഫെമിനിസ്റ്റുകളിലെ ആദ്യകാല വളര്‍ച്ചക്ക് നിര്‍ണായകമായ പങ്കുവഹിച്ച മറ്റൊരു അമേരിക്കന്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ഷുലാമിത്ത് ഫയര്‍സ്റ്റോണ്‍. 1970ല്‍ പ്രസിദ്ധീകരിച്ച ‘ദ ഡയലറ്റിക് ഓഫ് സെക്‌സ്, ദ കേസ് ഫോര്‍ ഫെമിനിസ്‌റ്‌റ് റെവല്യൂഷന്‍’ എന്ന കൃതി റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ ബൈബിള്‍ ആയി അറിയപ്പെടുന്നു. ആണും പെണ്ണും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസം തന്നെയാണ് ആണ്‍കോയ്മയുടെ അടിസ്ഥാനമെന്നും, സ്ത്രീ പീഡനത്തിന്റെ ആധാരം പ്രത്യുല്‍പാദനത്തിലെ അവളുടെ പങ്കാണെന്നും അപ്പോള്‍ പുരുഷാധിപത്യ സാമൂഹിക ഘടനയുടെ അടിസ്ഥാനമെന്ന നിലയിലുള്ള ജീവശാസ്ത്രപരമായ കുടുംബവ്യവസ്ഥ നശിച്ചാലേ സ്ത്രീക്ക് സ്വാതന്ത്ര്യം നേടാനാവൂ എന്നുമൊക്കെയാണ് ഫയര്‍സ്റ്റോണിന്റെ അഭിപ്രായം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീവിവേചനത്തിന്റെ വര്‍ഗപരമായ ഉള്ളടക്കം തേടുന്നവരാണ് സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകള്‍. ആണ്‍കോയ്മയും, മുതലാളിത്തവും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്നാണ് അവരുടെ വാദം. സ്ത്രീകളുടെ അടിച്ചമര്‍ത്തലിന് കാരണമായ സാമ്പത്തിക, സാംസ്‌കാരിക ഉറവിടങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രമേ സ്ത്രീവിമോചനം സാധ്യമാകൂ എന്നാണ് അവരുടെ വാദം. മുതലാളിത്തത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഉല്‍പന്നം എന്ന രീതിയില്‍ പുരുഷാധിപത്യം ഇവിടെ നിലനില്‍ക്കുന്നു എന്നാണ് മാര്‍ക്‌സിസ്റ്റ് ഫെമിനിസ്റ്റുകളുടെ വാദം. അതിനാല്‍ മുതലാളിത്ത വ്യവസ്ഥ തകര്‍ക്കണം. സ്ത്രീ വിമോചനം സാധ്യമാക്കണം എന്ന് മാര്‍ക്‌സിസ്റ്റ് ഫെമിനിസ്റ്റുകള്‍ അഭിലഷിക്കുന്നു. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ചരിത്രപരമായ ഭൗതികവാദം(Historical Metrialism) എന്ന ആശയമാണ് ഈ കാഴ്ചപ്പാടിന്റെ ആധാരശില. പിന്നെയുള്ളത് സോഷ്യലിസ്റ്റ് ഫെമിനിസമാണ്. എ സ്ട്രാറ്റജി ഫോര്‍ ദ വുമണ്‍ മൂവ്‌മെന്റ് 1972 എന്ന പുസ്തകത്തിലാണ് സോഷ്യലിസ്റ്റ് ഫെമിനിസം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ക്ലാര സെത്കിന്‍, അലക്‌സാന്‍ട്ര കൊല്ലന്തായ്, മേരി ഇന്‍മാന്‍, സിലിയ ഐന്‍സ്‌റ്റൈന്‍ തുടങ്ങിയവര്‍ ഈ ധാരയിലെ പ്രമുഖരാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന മറ്റൊരു ഫെമിനിസ്റ്റ് ധാരയാണ് പാരിസ്ഥിതിക സ്ത്രീവാദം അഥവാ ഇക്കോഫെമിനിസം. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഒരു പുതിയ ബന്ധത്തിന്റെ അന്വേഷണമാണ് ഇക്കോ ഫെമിനിസ്റ്റുകള്‍ നടത്തുന്നത്. പരിസ്ഥിതിക്കുനേരെയുള്ള മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തിനെതിരായ ചെറുത്തുനില്‍പിന്റെ രാഷ്ട്രീയം കൂടിയാണ് ഇക്കോഫെമിനിസം. സ്ത്രീ, പ്രകൃതി, ആദിവാസികള്‍ എന്നിവരോടൊപ്പം പുരുഷനും വ്യവസ്ഥിതിയുടെ ദുഷിപ്പിക്കലുകളില്‍നിന്ന് മോചിപ്പിക്കപ്പെടുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ ജീവിതം കണ്ടെത്താനാവൂ എന്ന് പ്രമുഖ ഇക്കോ ഫെമിനിസ്റ്റായ ഏരിയല്‍ സാലേയുടെ ഇക്കോഫെമിനിസം ആസ് പൊളിറ്റിക്‌സ് എന്ന പുസ്തകത്തില്‍ പറയുന്നു.
യഥാര്‍ത്ഥ മനുഷ്യരാശിയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുക എന്ന വിശാലമായ അര്‍ത്ഥത്തിലേക്ക് പ്രകൃതിവാദത്തെയും സോഷ്യലിസത്തെയും ഫെമിനിസത്തെയും ആദിവാസി രാഷ്ട്രീയത്തെയും എല്ലാം സമന്വയിപ്പിക്കുകയാണ് വേണ്ടതെ ന്ന് ഇക്കോ ഫെമിനിസ്റ്റുകള്‍ കരുതുന്നു. എലിസബത്ത് ഡോഡ്‌സണ്‍ ഗ്രേ, ഡോ. വന്ദന ശിവ, ഫ്രാങ്കോയ് ഡി ഓബോണ്‍ എന്നിവര്‍ ഈ ഫെമിനിസ്റ്റ് ധാരയിലെ പ്രമുഖരാണ്.
ഫെമിനിസത്തിന്റെ തന്നെ ഏറ്റവും പുതിയ ധാരയാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റേത്. തേഡ് വേവ് ഫെമിനിസത്തിന്റെ സൈദ്ധാന്തിക അടിത്തറ രൂപംകൊള്ളുന്നത് ജെന്‍ഡര്‍ സിദ്ധാന്തങ്ങളില്‍നിന്നാണ്. ആണും, പെണ്ണും എന്നത് ബയോളജിക്കല്‍ ശരീരങ്ങള്‍ ആണെങ്കിലും അവരുടെ പ്രകടനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹികമായി അടിച്ചേല്‍പ്പിക്കപ്പെടുന്നതാണെന്നാണ് ഈ പുതിയ ധാരയുടെ വാദം. സമൂഹം സൃഷ്ടിച്ച ജെന്‍ഡര്‍ റോളുകള്‍ യഥാവിധി ഏറ്റെടുത്ത് പെര്‍ഫോം ചെയ്യുകയാണ് ആണും, പെണ്ണും ചെയ്യുന്നത് എന്നാണ് ജെന്‍ഡര്‍ ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത്. ആണിന്റെ രൂപവും ചലനങ്ങളും സംസാരവും ഒക്കെത്തന്നെ സാമൂഹികമായി രൂപപ്പെട്ടതാണെന്നും വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അവന്‍ ഒരു ഉടുപ്പണിയുന്നതുപോലെ ആ വേഷം സ്വീകരിക്കുകയുമാണ് ചെയ്യുന്നത് എന്നുമാണവരുടെ ഭാഗത്തുനിന്നുള്ള സമര്‍ത്ഥനങ്ങള്‍. ജൂഡിറ്റ് ബട്ട്‌ലര്‍ ഇതിനെ ജെന്‍ഡര്‍ പെര്‍ഫോമറ്റിവിറ്റി എന്നു വിളിച്ചു. ജൂഡിറ്റ് ബട്‌ലറിന്റെ ജെന്റര്‍ ട്രബിള്‍(Gender trouble: Feminism and the subversion of Identity(1990) ഈ വാദം ഉയര്‍ത്തുന്ന പ്രധാന പുസ്തകങ്ങളില്‍ ഒന്നാണ്. സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ ഇന്ന് സജീവമാണ്. ബ്ലാക്ക് ഫെമിനിസം, വൈറ്റ് ഫെമിനിസം, ഇസ്‌ലാമിക് ഫെമിനിസം, ദളിത് ഫെമിനിസം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഫെമിനിസം മുഖം കാണിക്കുന്നുണ്ട്. ആഗോളവത്കരണത്തിന്റെ നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ട്രാന്‍സ് നാഷണല്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വിവിധ രാജ്യങ്ങളിലെ സ്ത്രീയവകാശങ്ങള്‍ക്കുവേണ്ടി ഇടപെടലുകള്‍ നടത്തുന്നുണ്ട്.
സ്മിത നെരവത്ത്
റഫറന്‍സ്
1. ഫെമിനിസം- വിജ്ഞാനം 21ാം നൂറ്റാണ്ടിലേക്ക് ചീഫ് എഡി. ഡോ.ജാന്‍സി ജെയിംസ്.
2. സ്ത്രീപഠനങ്ങള്‍- എഡി. സച്ചിദാനന്ദന്‍.
3. സ്ത്രീ എഴുത്തും, വിമോചനവും, പ്രൊഫ. വിന്ധുകുമാരന്‍
4. Body politics- Kate Millett
5. Gender Trouble- Judith Bulter
6. The Secon sex- Simon de Beauvoir
7. കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം- ഫ്രഡറിക് ഏംഗല്‍സ്
8. Elizabeth Dodson Gray, From Eco Feminism and sustainable development
You must be logged in to post a comment Login