സഖാക്കള്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്നു

സഖാക്കള്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്നു

കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ് )പാര്‍ട്ടി ഇപ്പോള്‍ അകപ്പെട്ട പ്രതിസന്ധി കോണ്‍ഗ്രസിനെയോ ബി.ജെ.പിയെയോ ഒരിക്കലും പിടികൂടാന്‍ സാധ്യതയില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്ന പ്രഹേളിക ഒരിക്കലും ഇവരെ വേട്ടയാടില്ല എന്നതുതന്നെ കാരണം. നരേന്ദ്രമോഡി- അമിത്ഷാ പ്രഭൃതികളുടെ തിരുവായ്ക്ക് എതിര്‍വായില്ല എന്ന അവസ്ഥ ആശയസംഘട്ടനത്തിന്റെ വിദൂരസാധ്യത പോലും കൊട്ടിയടക്കുന്നു. ലെഫ്റ്റ് സെന്‍ട്രല്‍ പാര്‍ട്ടിയായി അറിയപ്പെടുന്ന കോണ്‍ഗ്രസിലാവട്ടെ നിര്‍ണായകഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള പരമാധികാരം എ.ഐ.സി.സി പ്രസിഡന്റിനു അടിയറവ് വെച്ച പാരമ്പര്യത്തിനു നെഹ്‌റുവിന്റെ കാലത്തോളം പഴക്കമുണ്ട്. സ്റ്റാലിനിസ്റ്റ് ശൈലി സി.പി.എമ്മിനോടാണ് ചേര്‍ത്തുപറയാറെങ്കിലും പാര്‍ട്ടി ജന.സെക്രട്ടറിക്ക് സ്വേച്ഛാപരമായ അധികാരം ഒരിക്കലും വകവെച്ചുകൊടുക്കാറില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യരീതിയില്‍ ആശയസംഘട്ടനം പൊടിപൊടിക്കുമ്പോള്‍ സാക്ഷാല്‍ ദേശീയ ജന.സെക്രട്ടറിയുടെ നയതീരുമാനങ്ങളെ തിരുത്താനും വെട്ടാനും അത് വേദിയൊരുക്കുന്നുവെന്നത് ജനാധിപത്യത്തെ കുറിച്ച് നമുക്ക് വേറിട്ട പ്രതീക്ഷകള്‍ കൈമാറുന്നു. ഇക്കഴിഞ്ഞ ജനുവരി 21ഞായറാഴ്ച സി.പി.എമ്മിന്റെ സമീപകാല കര്‍മപാതയില്‍ സുപ്രധാന നാഴികക്കല്ലായി മാറിയത് വരുന്ന ഏപ്രില്‍ 18മുതല്‍ 22വരെ ഹൈദരാബാദില്‍ ചേരുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നല്‍കാനുള്ള ശ്രമത്തില്‍ ജന.സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് കേന്ദ്രകമ്മിറ്റി തള്ളുകയും മുന്‍ജന.സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ബദല്‍രേഖ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ചെയ്ത അപൂര്‍വ സംഭവമാണ്. ദേശീയരാഷ്ട്രീയത്തിന്റെ ദിശ തന്നെ തിരിച്ചുവിടാവുന്ന സംഭവമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുന്നതിനു ആരെല്ലാമായി സഖ്യത്തിലേര്‍പ്പെടുകയോ ധാരണയിലെത്തുകയോ വേണം എന്ന ചോദ്യത്തിനു കോണ്‍ഗ്രസുമായി അത്തരമൊരു ബന്ധം പാടില്ല എന്ന കാരാട്ട് ലൈനിനോടൊപ്പം ഭൂരിപക്ഷം അംഗങ്ങള്‍ അണിനിരന്നപ്പോള്‍ 55-31ന് യെച്ചൂരിയുടെ കരട് തള്ളപ്പെടുകയായിരുന്നു.

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മിലുള്ള അല്ലെങ്കില്‍ കേരളവും ബംഗാളും തമ്മിലുള്ള ആശയസംഘട്ടനമാണ് കൊല്‍ക്കൊത്തയിലെ അലീമുദ്ദീന്‍ സ്ട്രീറ്റ് പാര്‍ട്ടി ആസ്ഥാനത്ത് അരങ്ങേറിയത്. കനത്ത പ്രഹരമേറ്റ സീതാറാം യെച്ചൂരി താന്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയം വോട്ടിനിട്ട് തള്ളിയ നടപടിയെ ന്യായീകരിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രം വഴങ്ങുന്ന മെയ്‌വഴക്കത്തോടെയാണ്: ‘ഇതില്‍ ആരുടെയും ജയത്തിന്റെയും തോല്‍വിയുടെയും കാര്യമില്ല. ഇത്രയും ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം രാജ്യത്ത് മറ്റേത് പാര്‍ട്ടിയിലുണ്ട്? നാലുമാസം മുമ്പാണ് കരട് രാഷ്ട്രീയപ്രമേയം തയാറാക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. മൂന്നുപോളിറ്റ് ബ്യൂറോ യോഗങ്ങളും മൂന്നു കേന്ദ്രകമ്മിറ്റി യോഗങ്ങളും ഇതിനായി ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അടവുനയം അതത് കാലത്തെ മൂര്‍ത്തമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് കൈക്കൊള്ളുക. ബി.ജെ.പിക്കെതിരെ പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം’. ആ ലക്ഷ്യത്തിലേക്കുള്ള വഴി തേടുമ്പോള്‍ കുഞ്ചിക സ്ഥാനത്തിരിക്കുന്ന രണ്ടു പേര്‍ തമ്മില്‍ പ്രകടമായ വീക്ഷണവൈരുധ്യം കടന്നുവന്നതാണ് അന്തരീക്ഷം ചൂടുപിടിപ്പിച്ചത്. ഇവിടെ വ്യക്തിത്വങ്ങള്‍ തമ്മിലുള്ള പോരാട്ടം പാര്‍ട്ടിയെ രണ്ടുചേരിയില്‍ കൊണ്ടെത്തിച്ചു. ബൂര്‍ഷ്വ പാര്‍ട്ടികളാണെങ്കില്‍ പിളരാന്‍ പറ്റിയ സന്ദര്‍ഭം. പക്ഷേ, പാര്‍ട്ടി ജന.സെക്രട്ടറി രാജിസന്നദ്ധത അറിയിക്കാന്‍ നിര്‍ബന്ധിതനാക്കിയ അപൂര്‍വ പ്രതിസന്ധി. പൊളിറ്റ് ബ്യൂറോയും സെക്രട്ടറിയേറ്റും തല്‍ക്കാലം ആ വഴിക്ക് ഇപ്പോള്‍ ചിന്തിക്കേണ്ട എന്ന് ഓര്‍മിപ്പിച്ചപ്പോഴാണത്രെ കടുംകൈ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് യെച്ചൂരി പിന്മാറിയത്. 1975ല്‍ പാര്‍ട്ടി സ്ഥാപക ജന.സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നത് ഇത്തരമൊരു സ്ഥിതിവിശേഷത്തിലാണ്. തന്റെ നയനിലപാടുകള്‍ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയപ്പോള്‍ ഭൂരിപക്ഷ തീരുമാനത്തിനു മുന്നില്‍ തലകുനിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1964ല്‍ ആദ്യ പിളര്‍പ്പിനെ അഭിമുഖീകരിക്കുന്നത് തന്നെ കോണ്‍ഗ്രസിനോടുള്ള നയനിലപാടുകളുടെ പേരിലാണെന്ന് ഓര്‍ക്കേണ്ട സന്ദര്‍ഭം. പാര്‍ട്ടി ചെയര്‍മാന്‍ എസ്.എ ഡാങ്കേയും കൂട്ടരും കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിച്ച് പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കൊണ്ടുകെട്ടുകയാണെന്ന് ആരോപിച്ച് എ.കെ.ജി, ഇ.എം.എസ്, പി സുന്ദരയ്യ , വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ മുപ്പതിലേറെ പ്രമുഖര്‍ പാര്‍ട്ടി ഉന്നതതല യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ) പിറവി കൊള്ളുന്നത്. അന്നുതൊട്ടേ, സി.പി.എമ്മിന്റെ ദേശീയനയം കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും രാഷ്ട്രീയ കാലാവസ്ഥക്കനുസൃതമായാണ് രൂപപ്പെട്ടുവന്നത്. ‘വലതുകമ്യൂണിസ്റ്റ് പാര്‍ട്ടി’യായി അറിയപ്പെട്ട സി. പി.ഐയെ കോണ്‍ഗ്രസിന്റെ ബി ടീമായി കണ്ട മാര്‍ക്‌സിസ്റ്റുകാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം പൊടിതട്ടി എടുത്ത് വീണ്ടും കേള്‍പ്പിക്കുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ ലൈനിന് കൂടുതല്‍ വ്യക്തത കൈവരും. ”വെയ്ക്കട വലതാ ചെങ്കൊടി താഴെ, പിടിയെട വലതാ മൂവര്‍ണക്കൊടി” എന്ന ശാസനാസ്വരത്തിലുള്ള ആേക്രാശം കോണ്‍ഗ്രസിനൊപ്പം സഹശയനം നടത്തുന്ന സി.പി.ഐക്കാര്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരല്ല എന്ന താക്കീതാണ് നല്‍കിയത്. ”അച്യുതമേനോന്‍ കമ്യൂണിസ്റ്റാണോ? അല്ലേയല്ല, കമ്യൂണിസ്റ്റല്ല. എം.എനും തൊമ്മനും കമ്യൂണിസ്റ്റാണോ? അല്ലേയല്ല, കമ്യൂണിസ്റ്റല്ല. ആരുണ്ടിവിടെ കമ്യൂണിസ്റ്റ്? ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ സിന്ദാബാദ്.”

അങ്കം തീര്‍ന്നിട്ടില്ല എന്ന ഉറച്ച വിശ്വാസവുമായി ഉറച്ചുനില്‍ക്കാനാണത്രെ യെച്ചൂരിയുടെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണ് അവസാന വിധിയെന്ന് അദ്ദേഹം കണക്കൂകൂട്ടുന്നുവെന്ന് മാത്രമല്ല പരസ്യമായി അത് തുറന്നുപറയുകയും ചെയ്യുന്നു. 10 ക്ഷണിക്കപ്പെട്ടവര്‍ക്കും സ്ഥിരം മെമ്പര്‍മാര്‍ക്കും പുറമെ 91 അംഗങ്ങളുള്ള കേന്ദ്രകമ്മിറ്റിയിലെ മൂന്നിലൊന്നിന്റെ പിന്തുണയേ അദ്ദേഹത്തിന്റെ രേഖയ്ക്ക് നേടാനായിട്ടുള്ളൂ. രാഷ്ട്രാന്തരീയ വിഷയങ്ങളില്‍ ഇരുരേഖകള്‍ക്കും ഭിന്നാഭിപ്രായമില്ല. മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്തുന്ന വിഷയത്തില്‍ എന്തു മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്ന വിഷയം കടന്നുവരുമ്പോഴാണ് ഇരുവരും വേര്‍പിരിയുന്നത്. ഭരണവര്‍ഗ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ ഉണ്ടാക്കാതെ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുന്ന തന്ത്രത്തെക്കുറിച്ച് (‘ംശവേീൗ േലിലേൃശിഴ ശിീേ മി ലഹലരീേൃമഹ മഹഹശമിരല ീൃ ളൃീി േംശവേ വേല ൃൗഹശിഴ രഹമ ൈുമൃശേല’െ) പരാമര്‍ശിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കപ്പെടാതെ പോകുന്നത് ഭാവി ധാരണക്കുള്ള പഴുത് വെച്ചുകൊണ്ടാണ്. എന്നാല്‍ കാരാട്ടിന്റെ രേഖയില്‍ കോണ്‍ഗ്രസുമായി ധാരണക്കുള്ള അവസരം പ്രത്യക്ഷമായി തന്നെ തള്ളിക്കളയുന്നുണ്ട്; ‘ംശവേീൗ േലിലേൃശിഴ ശിീേ മി്യ ൗിറലൃേെമിറശിഴ ീൃ മഹഹശമിരല ംശവേ വേല ഇീിഴൃല ൈുമൃ്യേ'( കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യത്തിലോ ധാരണയിലോ പ്രവേശിക്കാതെ ) എന്ന വ്യവസ്ഥയിലൂടെ യെച്ചൂരി പക്ഷം കൊണ്ടുവന്ന മൂന്നു ഭേദഗതികളും നിഷ്‌കരുണം വന്‍ ഭൂരിപക്ഷത്തിന് തള്ളിയപ്പോള്‍ പാര്‍ട്ടി ജന. സെക്രട്ടറി രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെടുകയായിരുന്നു. സുന്ദരയ്യയുടെ പാത പിന്തുടരുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുന്നിലെ പോംവഴി. ബംഗാളില്‍നിന്നുള്ള ബിമന്‍ ബോസിനെ പോലുള്ള സീനിയര്‍ നേതാക്കളാണത്രെ യെച്ചൂരിയെ രാജിയില്‍നിന്ന് പിന്മാറ്റിയത്. ജന.സെക്രട്ടറിയുടെ അടുത്ത ഊഴം ആരുടേത് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ഭരണഘടന അനുസരിച്ച് യെച്ചൂരിക്ക് അടുത്ത രണ്ടുതവണ കൂടി പാര്‍ട്ടി തലപ്പത്ത് ഇരിക്കാവുന്നതാണ്. എന്നാല്‍, മുഖ്യന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കേരളനേതാക്കളുടെ പൂര്‍ണപിന്തുണയുള്ള കാരാട്ടുപക്ഷത്തിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ആര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല.

ആരാണ് മുഖ്യശത്രു?
ഹിന്ദുത്വരാഷ്ട്രീയം വിഭാവന ചെയ്യുന്ന വര്‍ഗീയ ശക്തികളെയും നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരിനെയും പരാജയപ്പെടുത്തേണ്ടത് ഇടതുപക്ഷത്തിന്റെ ബാധ്യതയാണെന്ന വിഷയത്തില്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മില്‍ പക്ഷാന്തരമില്ല. എങ്ങനെ പരാജയപ്പെടുത്തും എന്ന വിഷയത്തില്‍ ഇരുവരും ഭിന്ന സ്വരമുയര്‍ത്തുന്നു എന്നതാണ് പ്രതിസന്ധിയുടെ കാതല്‍. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ചങ്ങാത്തവും വേണ്ട എന്നാണ് പ്രകാശ് കാരാട്ടിന്റെ കരട് രേഖയില്‍ പറയുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ ഉചിതമായ രാഷ്ട്രീയ അടവുകള്‍ പയറ്റാം. ഇനി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ മല്‍സരം നടക്കുന്ന സംസ്ഥാനങ്ങളില്‍, കോണ്‍ഗ്രസിതര മതേതരപാര്‍ട്ടികളും ഇടതുപക്ഷവും ദുര്‍ബലമാണെങ്കില്‍ 1993തൊട്ട് നാം ചെയ്തുവരുന്നത് പോലെ പരിമിതമായ സീറ്റുകളില്‍ മല്‍സരിച്ച്, ബി.ജെ.പി സഖ്യത്തെ തോല്‍പിക്കാന്‍ പൊതുവായ പ്രചാരണം നടത്തണം. ഇത് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കലല്ലെന്നും ബി.ജെ.പിക്കെതിരായി എല്ലാ ശക്തികളെയും ഒന്നിപ്പിക്കുന്നതില്‍ ഊന്നുന്നതാവുമെന്നും കാരാട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ മുഖ്യശത്രുക്കളായി കാണുന്നില്ലെങ്കിലും കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടാ എന്ന നിലപാടില്‍ മാറ്റമുണ്ടാക്കുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന നയത്തില്‍ വെള്ളം ചേര്‍ക്കലാവുമെന്ന് ഈ വിഭാഗം കരുതുന്നു. കേരളത്തില്‍ സി.പി.എമ്മിന്റെ മുഖ്യരാഷ്ട്രീയപ്രതിയോഗികള്‍ കോണ്‍ഗ്രസാണെന്നിരിക്കെ ആ പാര്‍ട്ടിയുമായുള്ള ഏത് ചങ്ങാത്തവും ഗുണത്തിലേറെ ദോഷം ചെയ്യുമെന്ന് കാരാട്ട് വിഭാഗം വാദിക്കുന്നു. വര്‍ഗീയതയെ നേരിടുന്ന വിഷയത്തില്‍ ബി.ജെ.പിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമല്ല കോണ്‍ഗ്രസിന്റെ നയനിലപാടുകളെന്ന് ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി സ്വീകരിച്ച പ്രചാരണശൈലി എടുത്തുകാട്ടി ഇവര്‍ വാദിക്കുന്നു.

സാമാന്യജനത്തിനു പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ പ്രയാസമുള്ള ഒരുതരം ഞാണിന്മേല്‍ കളിയായി സി.പി.എമ്മിനകത്തെ ആശയപോരാട്ടത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തുന്ന നാനാവിധ വെല്ലുവിളികള്‍ ഇന്ത്യ എന്ന ആശയത്തെ പോലും നിരര്‍ത്ഥകമാക്കുന്ന ആസുരകാലത്ത് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരേ ബ്രഷ് കൊണ്ട് ചായം തേക്കുന്നത് കടുംകൈയായേ നിഷ്പക്ഷമതികള്‍ക്ക് കാണാനാവൂ. സി.പി.എം നേതൃത്വം മുന്നോട്ടുവെക്കുന്ന വരട്ടുതത്ത്വവാദം പോയകാലങ്ങളിലും പാര്‍ട്ടിയെ പ്രതിസന്ധിയലകപ്പെടുത്തുകയും ദേശീയരാഷ്ട്രീയത്തിലെ മാറ്റത്തിനുള്ള സാധ്യതകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1996ല്‍ പാര്‍ട്ടി മുന്‍കൈ എടുത്തു രൂപവത്കരിച്ച ദേശീയ മുന്നണി സര്‍ക്കാരിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും ആ ചരിത്രദൗത്യം ഏറ്റെടുക്കുന്നതില്‍നിന്ന് ജ്യോതിബസുവിനെ തഴഞ്ഞ ‘ഹിമാലയന്‍ മണ്ടത്തര’ത്തില്‍നിന്ന് പാഠം പഠിച്ചില്ല എന്നാണ് ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുന്നത്. അന്നത്തെ ജന.സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെയും ജ്യോതിബസുവിനെയും പോലെ പ്രയോഗിക ചിന്ത കൊണ്ട് അനുഗ്രഹിക്കപ്പെട്ട നേതാവല്ല കാരാട്ട് എന്ന് പലകുറി സമര്‍ഥിക്കപ്പെട്ടതാണ്. ഒരു ടെക്‌സ്റ്റ് ബുക്ക് മാര്‍ക്‌സിസ്റ്റിന് പുതുകാലത്തെ പ്രതിസന്ധികളെ യഥാവിധി അഭിമുഖീകരിക്കുന്നതിനുള്ള തന്ത്രം മെനയാന്‍ സാധ്യമല്ലെന്നാണ് നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ലോകം മാറിയതും കമ്യൂണിസത്തെ കാലം പെരുവഴിയില്‍ ഇട്ടേച്ചുപോയതും അംഗീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പോസ്റ്റ് കമ്യൂണിസ്റ്റ്, പോസ്റ്റ് സോഷ്യലിസ്റ്റ് ലോകത്തെ കുറിച്ച് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ സുവ്യക്തമായ ഒരു നിലപാടില്‍ എത്തിച്ചേരാത്തതിന്റെ ഫലമാണിത്. കാരാട്ടിന്റെ രാഷ്ട്രീയ ചിന്താഗതികള്‍ രണ്ടാംനിര ബുദ്ധിജീവി വര്‍ഗത്തിന്റെ രംഗപ്രവേശം അസാധ്യമാക്കിയത് പോലെ. യെച്ചൂരിയാവട്ടെ, ബൂര്‍ഷ്വാ ജീവിതപരിസരത്തുനിന്ന് നേടിയെടുത്ത അനുഭവപാഠങ്ങളുടെ വെളിച്ചത്തില്‍ കമ്യൂണിസ്റ്റ് ദുശ്ശാഠ്യങ്ങള്‍ക്ക് മയംവരുത്താന്‍ ശ്രമിക്കുമ്പോള്‍ കേരളമാണ് ലോകം എന്ന് കരുതുന്ന പിണറായി, കോടിയേരി പ്രഭൃതികളും ചാട്ടവാര്‍ നീട്ടിവീശുകയാണ്. പാര്‍ട്ടിയില്‍നിന്നുള്ള യെച്ചൂരിയുടെ നിര്‍ഗമനമോ പിളര്‍പ്പോ ആവാം ആത്യന്തിക പരിണതി.

മോഡി സര്‍ക്കാറിന്റേത് ഫാഷിസ്റ്റ് ഭരണമാണോ അല്ലേ എന്ന താര്‍ക്കിക ചോദ്യമുന്നയിച്ച് ഇപ്പോള്‍ അംഗീകരിക്കപ്പെട്ട നയനിലപാടിന് സ്വീകാര്യത നേടിയെടുക്കാന്‍ പ്രകാശ് കാരാട്ട് നേരത്തെ തന്നെ ശ്രമം ആരംഭിച്ചിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. 2016 സെപ്റ്റംബര്‍ ആറിന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ കുറിപ്പില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഏത് തരത്തിലുള്ളതാണ് എന്ന വിഷയത്തില്‍ ഇടതുകേന്ദ്രങ്ങളില്‍ ചോദ്യങ്ങളുയരുന്നുണ്ട് എന്ന ആമുഖത്തോടെ അദ്ദേഹം നടത്തിയ വിശകലനത്തില്‍ ഫാഷിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ വര്‍ഗീയ ഫാഷിസമാണ് എത്തിയിരിക്കുന്നതെന്ന് ചിലര്‍ കരുതുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനു ശേഷം ബി.ജെ.പിയെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നതിങ്ങനെ: ‘ബി.ജെ.പിയുടെ സ്വഭാവം നിര്‍വചിക്കുന്നതില്‍ വ്യക്തത ആവശ്യമുണ്ട്. ഒരു സാധാരണ ബൂര്‍ഷ്വ പാര്‍ട്ടിയല്ല ബി.ജെ.പി. ആര്‍.എസ്.എസുമായുള്ള ജൈവികബന്ധമാണ് അതിന്റെ സവിശേഷത. സാമൂഹിക, സാമ്പത്തിക അജണ്ടയുടെ കാര്യത്തില്‍ ബി.ജെ.പി ഒരു വലതുപക്ഷ പാര്‍ട്ടിയാണ്. ഭൂരിപക്ഷവര്‍ഗീയതയില്‍ അധിഷ്ഠിതമായ വലതുപക്ഷപാര്‍ട്ടിയായി അതിനെ വിശേഷിപ്പിക്കാം. അര്‍ധഫാഷിസ്റ്റ് പ്രത്യയശാസ്ത്രം കൈമുതലായ ആര്‍.എസ്.എസുമായുള്ള അതിന്റെ ബാന്ധവം കൊണ്ട് അവസരം ഒത്തുവരുമ്പോള്‍ ജനങ്ങളുടെമേല്‍ അധികാരപ്രമത്തമായ രാഷ്ട്രത്തെ അടിച്ചേല്‍പിക്കാനുള്ള സാധ്യതയുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രവും വിഭാഗീയ ദേശീയതയും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയും മതന്യൂനപക്ഷങ്ങളെ അക്രമിക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ നിഷ്ഠൂര മാര്‍ഗങ്ങള്‍ അവലംബിക്കുകയും എതിര്‍ശബ്ദത്തെയും മതേതര ധിഷണകളെയും ദേശവിരുദ്ധര്‍ മുദ്രകുത്തി അടിച്ചമര്‍ത്തുകയുമാണ്. ഹിന്ദുത്വ ലൈനില്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും പുനഃക്രമീകരിക്കുന്നതിനു മുകളില്‍നിന്ന് ഭരണ സ്ഥാപനങ്ങളെയും താഴെനിന്ന് ഹിന്ദുത്വബ്രിഗേഡുകളുടെ സംഘത്തെയും ഉപയോഗപ്പെടുത്തുകയാണ്. ഇതെല്ലാം ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും അവക്ക് ഒരു ഫാഷിസ്റ്റ് ക്രമം പടുത്തുയര്‍ത്താന്‍ സാധിക്കില്ല.’

മോഡി സര്‍ക്കാരിന്റെ ഭരണം ഫാഷിസ്റ്റ് ക്രമമല്ലെന്ന് സമര്‍ഥിക്കാനുള്ള കാരാട്ടിന്റെ ശ്രമങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. തുര്‍ക്കിയിലെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയോടും അവരുടെ ഭരണത്തോടുമാണ് കാരാട്ട് ഹിന്ദുത്വയെയും മോഡി ഭരണത്തെയും സമീകരിക്കാന്‍ ശ്രമിക്കുന്നത്. മുസ്‌ലിം ലോകത്ത് ജനാധിപത്യ പാതയിലൂടെ താരതമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുന്ന ഉര്‍ദുഗാനെ വര്‍ഗീയത ആദര്‍ശമായി എടുത്തു ഹൈന്ദവേതര ജനവിഭാഗങ്ങളെ പീഡിപ്പിക്കുകയും പൗരാവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന മോഡിയുടെ വാഴ്ചയുമായി എങ്ങനെ സാദൃശ്യപ്പെടുത്തും? കിട്ടാവുന്ന ഏതുശക്തിയെയും കൂട്ടുപിടിച്ചു ചെറുത്തുതോല്‍പിക്കേണ്ട ശക്തികളല്ല ഹിന്ദുത്വയുടേത് എന്ന് പാര്‍ട്ടിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള ബദ്ധപ്പാടില്‍ സി.പി.എം മുന്‍ ജന.സെക്രട്ടറിക്ക് എവിടെയൊക്കെയോ പിഴക്കുന്നുണ്ടെന്ന് സാരം. അദ്ദേഹത്തിന്റെയും പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട് എന്തായാലും ശരി മൂന്നരവര്‍ഷത്തെ മോഡി ഭരണത്തിനു കീഴില്‍ ജീവിച്ച സുബോധമുള്ള മനുഷ്യര്‍ എന്താണ് ഈ ഭരണത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് എന്നോ വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്. എന്തെല്ലാം ദോഷങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന് വിശ്വസിക്കാന്‍ കൂടുതല്‍ ആളെ കിട്ടില്ലെന്ന് ഉറപ്പ്.

ശാഹിദ്‌

You must be logged in to post a comment Login