അല്ലാഹുവിന്റെ രണ്ടുതരം വിശേഷണങ്ങളാണ് ജലാലിയതും ജമാലിയതും. അഥവാ പ്രൗഢിയും അലങ്കാരവും. ജബ്ബാര്‍, ഖഹ്ഹാര്‍, മുതകബ്ബിര്‍ തുടങ്ങിയവ ജലാലിയ്യായ/ പ്രൗഢമായ വിശേഷണങ്ങളാണ്. റഹീം, വദൂദ്, ഗ്വഫൂര്‍, തവ്വാബ് ആദിയായവ ജമാലിയ്യായ/ അലങ്കാര ബന്ധിതമായ വിശേഷണങ്ങളും.
പടച്ചവന്‍ ഇഷ്ടപ്പെട്ടവരിലും ഈ ഗുണവിശേഷണങ്ങളുടെ അടയാളങ്ങള്‍ കാണാനാവും. ചിലരില്‍ ജലാലിയതിന്റെ തോത് കൂടിയിട്ടും, മറ്റ് ചിലരില്‍ ജമാലിയത്തിന്റെ തോത് കൂടിയിട്ടുമാണുണ്ടാവുക. വേറെ ചിലരില്‍ രണ്ടു വിശേഷണങ്ങളുടെയും സമ്മേളനം കാണാം. തിരുനബിയില്‍ അതുണ്ട്. പക്ഷേ ജമാലിയ്യായ വിശേഷണഗുണമാണ് തിരുനബിയിലും കൂടുതല്‍ കണ്ടിരുന്നത്. അല്ലാഹുവിന്റെ ഈ ഗുണങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്തിയെഴുതാനാണ് ഓരോ വിശ്വാസിയും ഉത്സാഹിക്കേണ്ടത്.
ഖുര്‍ആന്റെ ഒരു അഭിസംബോധന രീതിയാണ് ‘യാ അയ്യുഹന്നാസ്…’ മനുഷ്യരേ എന്നര്‍ത്ഥം. അതേ കുറിച്ച് മുമ്പ് പറഞ്ഞു. മറ്റൊരു രീതിയാണ് ‘യാ അയ്യുഹല്ലദീന ആമനൂ…’ വിശ്വാസികളേ എന്നാണര്‍ത്ഥം. അല്ലാഹുവിനെ ഇഷ്ടപ്പെടുകയും വണങ്ങുകയും ചെയ്യുന്നവരെയാണ് ഖുര്‍ആന്‍ ഇങ്ങനെ വിളിക്കുന്നത്. വിശ്വാസികള്‍ക്ക് പ്രത്യേകം നല്‍കാനുള്ള കര്‍മങ്ങളും സന്തോഷങ്ങളുമാണ് ഈ വിളിയെ തുടര്‍ന്നുവരുന്നത്.
ബഖറയിലെ 22ാം സൂക്തം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ വിസ്തരിക്കുന്നുണ്ട്. അവനല്ലേ ഭൂമിയെ വാസയോഗ്യമാക്കിയത്? അവന്‍ തന്നെയല്ലേ ആകാശത്തെ മേലാപ്പാക്കിയത്? മഴ വര്‍ഷിപ്പിക്കുന്നതും കായ്കനികള്‍ തരുന്നതും പടച്ചവനാണ്. എല്ലാം അറിയാമായിരിക്കെ അല്ലാഹുവിന്റെ ഏകത്വ ഉണ്‍മയെ നിങ്ങള്‍ നിഷേധിക്കുകയാണോ? അരുത്.
സംശയപ്പഴുതുകളില്ലാതെ ജീവിത സംവിധാനങ്ങളുടെ ദാതാവ് അല്ലാഹുവാണെന്ന് ഖുര്‍ആന്‍ പറഞ്ഞുവെച്ചു. ഇതെല്ലാം അറിഞ്ഞിട്ടും അനുഭവിച്ചിട്ടും ചിലര്‍ക്ക് സംശയം, അല്ലാഹു തന്നെയാണോ ഇതൊക്കെ ചെയ്യുന്നത്? അവന്‍ തനിച്ച് ഇത്രയും ചെയ്തുതീര്‍ക്കുമോ? ഈ സംശയം രോഗമാണ്. എന്തിലും എവിടെയും സംശയിക്കുക. ആകാശം പൊളിഞ്ഞ് തലയില്‍വീണാലും വീണോ എന്ന സംശയം ബാക്കിതന്നെയാണ്. ഹേയ്, എവിടെയാണ് ആകാശം പൊളിഞ്ഞത്, എന്താണ് അതിന് തെളിവ്? കണ്‍മുന്നില്‍ ഭൂമി പിളര്‍ന്നാലും ഇതേ അവസ്ഥ. അക്കാര്യം കൂടി ഓര്‍മപ്പെടുത്തിയാണ് ഖുര്‍ആന്‍ പറഞ്ഞത്; അറിഞ്ഞിട്ടും നിങ്ങള്‍ അല്ലാഹുവിന് പങ്കുകാരെ ചേര്‍ക്കല്ലേ.
അതേ, കാര്യങ്ങള്‍ നബിതിരുമേനിയില്‍നിന്ന് നേരിട്ടറിഞ്ഞിട്ടും അവരുടെ സംശയങ്ങള്‍ക്ക് ഭേദം വന്നില്ല. അതുകൊണ്ട് വെല്ലുവിളിയുടെ സ്വരത്തില്‍ തന്നെ ബഖറ 23ാം സൂക്തത്തിലേക്ക് കടന്നു. നമ്മുടെ അടിമക്ക്(അബ്ദ്) നാം അവതരിപ്പിച്ചതില്‍(നസ്സല) നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അതുപോലുള്ള സൂറത് കൊണ്ടുവരൂ. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അല്ലാഹുവല്ലാത്ത പടച്ച തമ്പുരാന്മാരുണ്ടെങ്കില്‍ കൂട്ടിന് വിളിച്ചോളൂ.
വിമര്‍ശ ചിന്തകളെയും നിഷേധ സമീപനങ്ങളെയും നേരിടുന്നതിന്റെ രീതിശാസ്ത്രം കൂടിയാണ് ഈ സൂക്ത പശ്ചാതലം. അല്ലാഹുവിന്റെ അനുഗ്രഹലോകത്തെ കൃത്യമായി പരാമര്‍ശിച്ചതിന് ശേഷമാണ് ഖുര്‍ആന്റെ ഉടമ അതേ അല്ലാഹുവാണ് എന്ന് പറഞ്ഞുവെച്ചത്. ഖുര്‍ആന്‍ അവതരിക്കപ്പെട്ട പ്രവാചകരെ അവര്‍ നേരത്തെ പരിചയിച്ചിരുന്നല്ലോ.
ഒരു വാക്കുപോലും കളവ് പറയാത്തവര്‍, നാട് മുഴുക്കെ സത്യസന്ധനെന്ന് വിളിക്കപ്പെട്ടവര്‍, ഒരു ഗുരുവിന്റെ സമീപത്ത് വെച്ച് അക്ഷരമോ അറിവോ അഭ്യസിക്കാത്തവര്‍, രാവും പകലും അവരിലൊരാളായി ജീവിച്ചവര്‍. അങ്ങനെയുള്ള ഒരാളെക്കുറിച്ചാണല്ലോ ഖുര്‍ആനാനന്തരം അവിശ്വാസികള്‍ക്ക് എല്ലാ സംശയങ്ങളും പൊന്തിവന്നത്. ഇതെന്തൊരു അന്യായമാണ്!
ഖുര്‍ആന്‍ ഇലാഹീ വചനമല്ലെന്ന അവരുടെ ആരോപണം അസ്ഥാനത്തായി. അക്കാലത്തെ സാഹിത്യ സാമ്രാജ്യത്തെ തോല്‍പിക്കുന്ന വാക്കും വരിയും നേരുമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഇത് അവരെ നന്നായി ഈര്‍ഷ്യപ്പെടുത്തി. ആ ഈര്‍ഷ്യതയില്‍നിന്ന് അനേകം ആരോപണങ്ങളവര്‍ എയ്തുവിട്ടു. ഉന്നയിക്കപ്പെട്ട മുഖ്യമായ രണ്ടാരോപണം മാരണവും ഭ്രാന്തുമാണ്.
മാരണത്തെ മാരണം കൊണ്ട് തോല്‍പിക്കാമെന്നവര്‍ കിനാവ് കണ്ടു. പക്ഷേ നേര്‍വെളിച്ചത്തിന് മുന്നില്‍ അവരുടെ കരിന്തിരി ചാരമായി. ഭ്രാന്താണെന്ന് അവര്‍ പൊയ്‌വാക്ക് പറഞ്ഞതാണ്. ഭ്രാന്തിന്റെ ഒരു അടയാളമെങ്കിലും തിരുജീവിതത്തിന്റെ ഏതെങ്കിലുമൊരു ഇടത്തുവെച്ച് ശത്രുക്കള്‍ കാണുകയോ കാണിക്കുകയോ ചെയ്തിട്ടില്ല. അനന്തവിഹായസ്സ് പോല്‍ വിശാലതയുള്ള തിരുമൊഴികളില്‍ ഒന്നെങ്കിലും ബുദ്ധിവെളിച്ചമില്ലാത്തതായി ആര്‍ക്കും തിരഞ്ഞുപിടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടാണോ ഖുര്‍ആനെതിരെ ഭ്രാന്താരോപണം വിലപോവുന്നത്? സൂറത്ത് ഖലം ആദ്യസൂക്തങ്ങള്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ‘നിങ്ങളുടെ പടച്ചവന്റെ അനുഗ്രഹം കൊണ്ട് നിങ്ങള്‍ ഭ്രാന്തനല്ല. നിങ്ങള്‍ക്ക് വണ്ണമായ പ്രതിഫലമുണ്ട്. നിങ്ങള്‍ ഔന്നത്യ സ്വഭാവത്തിനുടമയാണ്’.
ഖുര്‍ആന്‍ പ്രശ്‌നവത്കരിച്ച വിഷയവും തിരുനബിയുമാണ് അവിശ്വാസികളെ പ്രകോപിപ്പിച്ചത്. ബഹുദൈവികത അവരുടെ ഉള്ളിലൂട്ടപ്പെട്ട കാര്യമായിരുന്നല്ലോ. അതിനെയാണ് ഖുര്‍ആന്‍ വലിച്ച് പുറത്തിട്ടത്.
ഈ സൂക്തത്തിലെ ‘നസ്സല്‍നാ’ എന്ന ശബ്ദത്തിന്റെ താല്‍പര്യം നോക്കൂ. ലൗഹില്‍ മഹ്ഫൂളില്‍നിന്ന് ഒന്നാം ആകാശത്തേക്കും അവിടെനിന്ന് സന്ദര്‍ഭോചിതമായിട്ട് വഹ്‌യായി തിരുനബിക്കും അവതരിപ്പിക്കപ്പെടുകയായിരുന്നല്ലോ ഖുര്‍ആന്‍. ഒന്നാം ആകാശത്തേക്ക് ഒറ്റത്തവണയായിട്ട് അവതരിപ്പിച്ചതിനെയാണ് നസ്സല്‍നാ അര്‍ത്ഥമാക്കുന്നത്. അവിടെനിന്ന് തിരുനബിക്ക് പല കാലങ്ങളായി ഇറക്കിക്കൊടുത്തതിനെ അറിയിക്കാന്‍ അന്‍സല്‍നാ എന്നും ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. അബ്ദിനാ നമ്മുടെ അടിമ എന്ന പ്രയോഗവും ഈ സൂക്തത്തിലുണ്ടല്ലോ. അത് ഒരു അംഗീകാരത്തിന്റെ ശബ്ദമാണ്. സര്‍വാധിപതിയായ ഒരാളുടെ അടിമയാവുകയെന്നത് ഒരംഗീകാരം തന്നെയല്ലേ. ഇസ്‌റാഅ് വിശദീകരിക്കുന്നിടത്തും അബ്ദ് എന്ന പ്രയോഗം തന്നെയാണുള്ളത്. അടിമത്തം ആക്ഷേപമാക്കുന്നത് ചേര്‍ക്കപ്പെടുന്ന ഉടമയിലേക്കും വ്യവഹാരങ്ങളിലേക്കും ചേര്‍ത്താണ്. പക്ഷേ ഇത് അല്ലാഹുവാണ്. സര്‍വതിന്റെയും സകല കാലത്തിന്റെയും ഉടമ.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login