തിരിച്ചുവരവുകള്‍

തുളസി       

         നമ്മുടെ പ്രധാനമന്ത്രി മണ്ടനാണ്. …. തുടങ്ങിയ പരാതികളാണ് ഇപ്പോള്‍ എവിടെച്ചെന്നാലും കേള്‍ക്കാന്‍ സാധിക്കുന്നത്. പക്ഷേ, നിഷ്പക്ഷമായി പറഞ്ഞാല്‍ ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു പ്രധാനമന്ത്രി ഇതിനു മുമ്പോ, ഇനിയോ ഉണ്ടാവാന്‍ പോകുന്നില്ല. അതേ ക്ളിയര്‍ ആയിട്ടില്ലേ, ഇന്ത്യയുടെ ഭാവി അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. കഞ്ഞി വയ്ക്കണമെങ്കില്‍ മരം നട്ടുകൊള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഗ്യാസും കറന്റും ഉപയോഗിച്ച് കഞ്ഞി വയ്ക്കാമെന്ന് ആരെങ്കിലും മനക്കോട്ട കെട്ടുന്നുണ്ടെങ്കില്‍ അതൊക്കെ വെറുതെയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗ്യാസും, കറന്റുമൊക്കെ നമ്മുടെ അടുക്കളയില്‍ നിന്ന് മാറ്റി സമ്പൂര്‍ണ വിറകുവത്കരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. 2007ല്‍ ഇറാനില്‍ നിന്നുള്ള പാക്കിസ്ഥാന്‍ – ഇന്ത്യ വാതക പൈപ്പ്ലൈന്‍ പദ്ധതി അമേരിക്ക വേണ്ടായെന്നു പറഞ്ഞതുകൊണ്ട് നമ്മള്‍ ഉപേക്ഷിച്ചു. ആ പദ്ധതി നടന്നിരുന്നുവെങ്കില്‍ ഈ ക്ഷാമം ഒരു പരിധിവരെ നിയന്ത്രിക്കാമായിരുന്നു. ഇപ്പോള്‍ വിദേശിയാണല്ലോ നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇന്ത്യക്കാര്‍ ആരും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിവസ്ത്രം ഇടേണ്ട എന്ന് ഒബാമ പറഞ്ഞാല്‍, നമ്മളതും ചെയ്യേണ്ടി വരും. മാറ് മറയ്ക്കാനുള്ള അധികാരം കിട്ടിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. ഇപ്പോഴത്തെ പോക്ക് കണ്ടാല്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നുവെന്ന് തോന്നുന്നേയില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗഭോഗികളുടെ അടയാളമായി കരുതുന്ന അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണരീതിയെ; ഇവിടെ ഫാഷന്‍ എന്നാണ് പറയുന്നത്. ബസുകളിലും, വെയ്റ്റിംഗ് ഷെഡുകളിലും ഈ ഫാഷന്‍ പ്രദര്‍ശിപ്പിക്കുന്നവരെ ഇപ്പോള്‍ പോലീസ് പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രദര്‍ശന സ്വാതന്ത്യ്രത്തിന്‍മേലുള്ള പോലീസിന്റെ ഈ കയ്യേറ്റത്തിനെതിരെ ആരും ഇതുവരെ പ്രസ്താവന ഇറക്കിക്കണ്ടില്ല. ഇതിലും ഇടപെടാന്‍ ഒബാമയെ വിളിക്കേണ്ടി വരും.

അരകല്ലും, അമ്മിയും, ആട്ടുകല്ലുമൊക്കെ തപ്പിയെടുക്കേണ്ട സമയമായിരിക്കുന്നു. കാളവണ്ടിക്കുള്ള കരാറുകൊടുത്തുകഴിഞ്ഞു. അടുത്ത ദിവസം കാളയെ വാങ്ങാന്‍ പൊള്ളാച്ചിയില്‍ വരെ പോകണം. വാങ്ങുമ്പോള്‍ നല്ല മൈലേജുള്ളവയെ നോക്കി വാങ്ങണമല്ലോ? പ്രകൃതിയിലേക്ക് മടങ്ങുക എന്നൊക്കെ പറയുന്നത് ഇതാണ്. അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രധാനമന്ത്രിപണിയൊക്കെ തെറിക്കുമെന്ന് സര്‍ദാര്‍ജിക്കറിയാം. പിന്നെ വിറകുവെട്ടും, വെള്ളം കോരലും ആയിരിക്കും പണി. അതിന്റെ തുടക്കം കണ്ടുകഴിഞ്ഞു. വിറകിനായി മരം വച്ചു പിടിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കണം; അടുക്കള ഭാഗമാണ് ഉത്തമം. അവിടെ നിന്നു കൊണ്ട് തന്നെ വെട്ടി അടുപ്പില്‍ വയ്ക്കാമല്ലോ. മരത്തിനു ചുറ്റും വലിയ ഒരു തളം എടുക്കുകയാണെങ്കില്‍ അലക്കും കുളിയും പാത്രം കഴുകലും എല്ലാം അതിന്റെ ചുവട്ടിലാക്കാം. രാത്രിയില്‍ മൂത്രം ഒഴിക്കണമെങ്കില്‍ അതുമാകാം. കൃത്യം പത്താം മാസം മരം വെട്ടി അടുപ്പില്‍ വയ്ക്കാം. മന്‍മോഹനെഷ്യാ എന്നയിനം മരമാണ് ഇതിനു ഉത്തമം. ഈ ഇനമാകുമ്പോള്‍ വീടിനും വീട്ടുകാര്‍ക്കും ഒരു ശല്യവും ഉണ്ടാകില്ല. ചാഞ്ഞാലും അടുത്ത പറമ്പിലേക്കേ ചായൂ. സോഫ്റ്റ് വുഡ് ഗണത്തില്‍ പെട്ടതായതിനാല്‍ കട്ടിഉരുപ്പടികള്‍ ഉണ്ടാക്കാന്‍ കഴിയില്ല. പക്ഷേ, ഫ്ളെക്സിബിളായ എന്തും ഉണ്ടാക്കാം. മുരിക്ക്പോലെ മുള്ളുള്ളതിനാല്‍ വളരെ നല്ലതാണ്. ഇടയ്ക്ക് വല്ല ചൊറിച്ചിലിന്റെ അസുഖവും വരികയാണെങ്കില്‍ പുറം ഉരയ്ക്കാനും കഴിയും. ഇതിന്റെ തൊലിവെന്ത വെള്ളം കുടിച്ചാല്‍ നാക്കിനു നല്ലതാണ്. നല്ല ക്ഷമയും, സഹനശക്തിയും കിട്ടും. വായ്ക്കകത്ത് കോലിട്ടു കിള്ളിയാല്‍ പോലും മിണ്ടാന്‍ തോന്നുകയില്ല. കൃഷിഭവന്‍ വഴി ഇതിന്റെ തൈകള്‍ ഉടനെ വിതരണത്തിന് എത്തുന്നതാണ്. പഞ്ചവടി, ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ തൈകള്‍ പാഴ്സലായും കിട്ടുന്നതാണ്. കടം കയറി മുടിയുമ്പോള്‍ കാരണവര്‍, വീട്ടുകാരോട് പറയാറുണ്ട്. ഇനി മുണ്ട് വരിഞ്ഞുടുത്ത് പച്ചവെള്ളം മാത്രം കുടിച്ചു കഴിയാമെന്ന്. അതിനെക്കാള്‍ ഭയാനകമാണ് അവസ്ഥ. എല്ലാം വിറ്റു തുലച്ചു; ഇനി ഇട്ടിരിക്കുന്നത് മാത്രമേയുള്ളൂ വില്‍ക്കാന്‍. അതുംകൂടി ഊരിയെടുക്കുമെന്നാ തോന്നുന്നത്. അങ്ങനെ പച്ചിലയും മരവൂരിയും കൊണ്ട് നാണംമറച്ച്, വേട്ടയാടിപ്പിടിച്ച മൃഗങ്ങളെ വിറകുപയോഗിച്ചു ചുട്ടുതിന്നുന്ന ഇന്ത്യക്കാരന്‍! മന്‍മോഹന്റെ സ്വപ്നം പൂവണിയട്ടെ.

You must be logged in to post a comment Login