ആ പതാക എന്റേതല്ല

ആ പതാക എന്റേതല്ല

ആ പതാക എന്റേതല്ല. കസ്ഗഞ്ജിലെ ശഹീദ് അബ്ദുല്‍ ഹമീദ് ചൗക്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഒന്നിച്ചുചേര്‍ന്ന മുസ്‌ലിംകളുടെ മുഖത്തു കുത്താനായി മോട്ടോര്‍ ബൈക്കുകളില്‍ വന്നവര്‍ കയ്യിലേന്തിയ പതാക എനിക്ക് അപരിചിതമാണ്. ഞാന്‍ വളരുമ്പോള്‍ പരിചയപ്പെട്ട ദേശീയ പതാക അതല്ല. അതെനിക്കറിയില്ലെന്നു മാത്രമല്ല, അത് സൗഹാര്‍ദ്ദപരമാണെന്നു തോന്നുന്നുമില്ല. ഗുണ്ടകളുടെ ഭീഷണിയുടെ പ്രതീകമാണത്. അവരുടെ ആയുധം. എന്റെ സ്വത്വം തന്നെ പിടിച്ചടക്കാന്‍ വരുന്ന ഒരു തെമ്മാടിക്കൂട്ടത്തിന്റെ പതാകയാണത്. ഇന്ത്യ അതിലെ ജനങ്ങളുടേതാണ്. ഇന്ത്യ ഒരിക്കലും അതിലെ ജനങ്ങളെ പിടിച്ചടക്കുന്നില്ല. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയാലോ പ്രത്യയശാസ്ത്രത്താലോ പിടിച്ചടക്കപ്പെടാന്‍ ഞാന്‍ തയാറല്ല.

അധീനപ്രദേശത്തെ അടയാളപ്പെടുത്താനും രാജ്യത്തിന്റെ ഭാഗം തന്നെയായ ജനങ്ങളെ പിടിച്ചടക്കാനുമാണ് പതാക ഇപ്പോള്‍ ഉപയോഗപ്പെടുത്തപ്പെടുന്നത്. ആ പതാക വീശുന്നവരുടെ മുഖമൊന്നു ശ്രദ്ധിക്കൂ. അവര്‍ കൊള്ളക്കാരെപ്പോലുണ്ട്. പുതിയ പ്രവിശ്യകള്‍ പിടിച്ചടക്കാനും അവിടെയുള്ളവരെ തോല്‍പ്പിക്കാനുമുള്ള ആക്രമണസംഘങ്ങള്‍. ആ പതാക സ്വാഭാവികമായും തങ്ങളുടേതാണെന്നും തങ്ങളുടേതു മാത്രമാണെന്നും അവകാശപ്പെടുന്നവരുടെ ആജ്ഞകള്‍ക്കു മുന്നില്‍ മറ്റുള്ളവരെ അടിയറവ് പറയിക്കാനാണ് അവര്‍ റോന്തു ചുറ്റുന്നത്.
ദേശീയ പതാകയിലെ മൂന്നു നിറങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അശുഭസൂചകമാണെന്ന് ഒരിക്കല്‍ മുന്നറിയിപ്പു നല്‍കിയവര്‍ കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി അത് ദുരുപയോഗം ചെയ്യുകയാണ്. പതാകയുടെ സാര്‍വലൗകികതയുടെ പുറകില്‍ ഒളിച്ചിരിക്കാനും അതു മറയാക്കി ശത്രുക്കളെ അക്രമിക്കാനും അവര്‍ തീരുമാനിച്ചിരിക്കുന്നു. അവരുടെ ശത്രുക്കളാരാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രധാനമായും മുസ്‌ലിംകളും ക്രൈസ്തവരുമാണ്.
പതാക കയ്യിലേന്തിയാല്‍ എവിടെയും കടന്നുകയറാനുള്ള അവകാശമുണ്ടെന്ന് അവര്‍ നടിക്കുന്നു. തെമ്മാടിക്കൂട്ടത്തിന് കടന്നുപോകാന്‍ നിങ്ങളപ്പോള്‍ വഴിമാറേണ്ടതുണ്ട്. നിങ്ങളുടെ പൊതുവിടങ്ങള്‍ പതാക പാറിച്ച് അവര്‍ സ്വന്തമാക്കും. അവരുടെ അവകാശങ്ങളെയോ സഞ്ചാരത്തെയോ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല.
ബി ജെപി 1994ല്‍ കര്‍ണാടകയില്‍ ചെയ്തത് ഇതാണ്. ഹുബ്ലിയിലെ ഈദ്ഗാഹ് മൈതാനത്തില്‍ മൂവര്‍ണപതാക ഉയര്‍ത്താനുള്ള ശ്രമത്തില്‍ ആറുപേരുടെ ജീവന്‍ പൊലിഞ്ഞു. കസ്ഗഞ്ജില്‍ ഇന്നു സംഭവിക്കുന്നത് ആ പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമാണെന്ന് മനസിലാക്കാന്‍ 1994 സെപ്റ്റംബര്‍ 15 ന് ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വായിക്കേണ്ടതുണ്ട്. ആ രീതി പുതിയതല്ല. അക്രമം കെട്ടഴിച്ചുവിടാനും ഹിന്ദുക്കളെ മുസ്‌ലിംകള്‍ക്കെതിരെ ഇളക്കിവിടാനുമായി ബിജെപി പരീക്ഷിച്ചു വിജയിച്ചിട്ടുള്ള പ്രവര്‍ത്തനതന്ത്രമാണത്.

”തിരഞ്ഞെടുപ്പില്‍ ഒരു ഇടം കണ്ടെത്താനാകാതെ വിഷമിച്ച കര്‍ണാടകയിലെ ബിജെപിക്ക് ഹുബ്ലിയിലെ ഈദ്ഗാഹ് മൈതാനത്തെ ചൊല്ലിയുള്ള പ്രശ്‌നം വീണുകിട്ടിയ അവസരമായിരുന്നു. അഞ്ജുമന്‍ ഇസ്‌ലാം അവകാശം ഉന്നയിക്കുകയും നഗരസഭയുടേതാണെന്ന് ബി ജെ പി വാദിക്കുകയും ചെയ്ത ഒന്നര ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അത്. നീണ്ടു നിന്ന നിയമയുദ്ധത്തിനു ശേഷം അഞ്ജുമന്‍ ഇസ്‌ലാമിന് ആ മൈതാനത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രാര്‍ത്ഥാനായോഗങ്ങള്‍ നടത്താനുള്ള അനുമതി കിട്ടിയിരുന്നു.

മൈതാനം പൊതു ആവശ്യങ്ങള്‍ക്കായി ഏതൊരു സംഘടനയും ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു. അപ്പോഴാണ് ബിജെപി സ്വാതന്ത്ര്യദിനത്തില്‍ അവിടെ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. അവരുടെ ആറാമത്തെ ശ്രമം ആയിരുന്നു അത്.

ആഗസ്ത് 14 ന് മൈതാനം അടച്ചുകെട്ടുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പൊലീസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും നിലയുറപ്പിക്കുകയും ചെയ്തു. കണ്ണടച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ കല്യാണ്‍ സിംഗ് അല്ലെന്ന് കര്‍ണാടകയുടെ മുഖ്യമന്ത്രി വീരപ്പമൊയ്‌ലി പ്രസ്താവിക്കുകയും ചെയ്തു. ബിജെപി നേതാവ് സിക്കന്ദര്‍ ബഖ്ത് ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും എം പിയായ ഉമാഭാരതി ഹുബ്ലിയിലെത്തുകയും എന്തു വില കൊടുത്തും പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ആഗസ്ത് പതിനഞ്ചിന് ഈദ്ഗാഹ് മൈതാനത്തിലേക്ക് കര്‍ഫ്യൂ വകവെക്കാതെ ബിജെപി പ്രവര്‍ത്തകര്‍ മുന്നേറുകയും അക്രമം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബിജെപി നേതാക്കളായ ബി എസ് യെദ്യൂരപ്പയും ഉമാഭാരതിയും അറസ്റ്റു ചെയ്യപ്പെട്ടു. ജനക്കൂട്ടം അക്രമാസക്തരായതിനെ തുടര്‍ന്ന് പൊലീസ് വെടിവെക്കുകയും അഞ്ചു പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.

നാലു ദിവസത്തിനു ശേഷം ബിജെപി ഹുബ്ലിയിലെമ്പാടും ‘മൊയ്‌ലിയെ തുരത്തൂ’ എന്നു വിളിച്ചു പറയുന്ന യോഗങ്ങള്‍ സംഘടിപ്പിച്ചു. വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുകയും തുടര്‍ന്നുനടന്ന പൊലീസ് വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു.

അക്രമം തുടര്‍ന്നാല്‍ ടാഡ ഉപയോഗിക്കുമെന്ന് മൊയ്‌ലി പ്രഖ്യാപിക്കുന്നതങ്ങനെയാണ്. അക്രമം ഭദ്രാവതിയിലേക്ക് പടരുകയും രൂക്ഷമാകുകയും ചെയ്തു. ഇതിനിടെ ബിജെപി നേതാവ് എല്‍ കെ അദ്വാനി പ്രസ്താവിച്ചു: ” നിഷ്‌കളങ്കരായ രാജ്യസ്‌നേഹികള്‍ക്കെതിരെ നിറയൊഴിച്ച മൊയ്‌ലിയുടെ നാളുകള്‍ എണ്ണപ്പെട്ടു.” അഞ്ജുമന്‍ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും തന്നെ പറഞ്ഞില്ലെങ്കിലും ബിജെപി ഹുബ്ലി പ്രശ്‌നം സജീവമായി നിലനിര്‍ത്താന്‍ പരമാവധി പരിശ്രമിച്ചു. മുസ്‌ലിംകള്‍ സംയമനം പാലിച്ചതു കൊണ്ടു മാത്രമാണ് ആ പ്രശ്‌നത്തെ സമുദായവത്കരിക്കാന്‍ സംഘ്പരിവാറിന് കഴിയാതെ പോയതെന്ന് പ്രശസ്ത എഴുത്തുകാരനും പ്രശ്‌നത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ സിറ്റിസണ്‍സ് ഫോര്‍ ഡിമോക്രസിയുടെ അംഗവുമായ ഗിരീഷ് കര്‍ണാട് പറഞ്ഞു.

എന്നാല്‍ ബിജെപി അതങ്ങനെ വെറുതെ വിടാന്‍ തയാറല്ല. കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി ബിജെപി പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമബാധിത പ്രദേശങ്ങള്‍ ബിജെപിയുടെ പാര്‍ലമെന്ററി കമ്മിറ്റി സന്ദര്‍ശിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസമേയുള്ളൂ. കര്‍ണാടകയിലെ ബിജെപിയുടെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലം ഉടനെ അറിയാം.”

ഈദ്ഗാഹ് മൈതാനത്തില്‍ ദേശീയ പതാക ഉയര്‍ത്താനായി മധ്യപ്രദേശില്‍ നിന്നും ഉമാഭാരതി വന്നതെന്തു കൊണ്ടാണ്? ഒരു മുസ്‌ലിം സംഘടന ഉള്‍പ്പെട്ട അവകാശത്തര്‍ക്കത്തില്‍ പെട്ടു കിടക്കുന്ന ഒരു സ്ഥലത്ത് തന്നെ പതാക ഉയര്‍ത്തണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചതെന്തു കൊണ്ടാണ്? തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു. എന്നിട്ടും അഞ്ജുമനില്‍ നിന്ന് ബലപ്രയോഗം നടത്തി അവകാശം പിടിച്ചു വാങ്ങാമെന്ന് ബിജെപി വ്യാമോഹിച്ചു.
മറ്റൊരു ബിജെപി നേതാവ് നടത്തിയ ഒരു യാത്ര ഇന്ന് ഏതാണ്ടെല്ലാവരും മറന്നിട്ടുണ്ട്. ആ നേതാവിനെ തന്നെ നാം മറന്നു പോയിരിക്കുന്നു. മുരളി മനോഹര്‍ ജോഷി 1991ല്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യാടുഡേ ആ യാത്രയെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വായിക്കാം:

”ബിജെപി പ്രസിഡന്റായ മുരളി മനോഹര്‍ ജോഷി കന്യാകുമാരിയില്‍ നിന്ന് ഒരു ടൊയോട്ടാ വാനില്‍ ഡിസംബര്‍ 11ന് പുറപ്പെടുമ്പോള്‍ അയോധ്യാ പ്രശ്‌നം വീണ്ടും ജനശ്രദ്ധയിലെത്തുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളിലെ രണ്ടാമത്തെ യാത്രയിലൂടെ രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും അതീവതല്പരരായ രാഷ്ട്രീയ പാര്‍ട്ടി എന്ന വിശ്വാസ്യത ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശീയോദ്ഗ്രഥനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥായിയായ അവകാശം ഒഴിപ്പിക്കാനും ക്ഷേത്രനിര്‍മാണത്തിന് മാത്രമായി പേശീബലവും ശബ്ദബലവും ഉപയോഗിക്കുന്ന അണികള്‍ക്ക് മറ്റൊരു ലക്ഷ്യം നല്‍കാനുമായിരുന്നു അതിലൂടെ ബിജെപി ലക്ഷ്യമിട്ടത്.
പതിനാലു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത്, യാത്രയുടെ അവസാനത്തില്‍ ശ്രീനഗറില്‍ ജനുവരി 26 ന് ദേശീയ പതാക ഉയര്‍ത്താനാണ് ഉദ്ദേശ്യം. അതിലൂടെ ”ഭീകരവാദവും വിഘടനവാദവും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച സമ്പൂര്‍ണമായ കഴിവുകേട്” എടുത്തുകാട്ടപ്പെടും.

ജോഷി ശ്രീനഗറിലെത്തുമ്പോള്‍ രണ്ടു ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൂടെ ചേരും. കശ്മീരിലേക്ക് ഇരമ്പിക്കയറാന്‍ മധ്യപ്രദേശില്‍ പാര്‍ട്ടി കാവി ബ്രിഗേഡിനെ ഒരുക്കുന്നുണ്ട്. ‘രാജ്യത്തിന്റെ അഖണ്ഡതയാണ് പ്രശ്‌നം’- യാത്രയുടെ പ്രാധാന്യത്തെ കുറിച്ച് അദ്വാനി പറഞ്ഞു.”

മുസ്‌ലിം വിരുദ്ധ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ തീവ്രഹൈന്ദവത പ്രചരിപ്പിച്ച് ബിജെപിയെ ശക്തിപ്പെടുത്തുകയാണ് ഇത്തരം എല്ലാ യാത്രകളുടെയും ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയിലുടനീളം പതാകയാത്രകള്‍ ആസൂത്രണം ചെയ്തിരുന്നു. മന്ത്രിമാരും എംപിമാരും എംഎല്‍എമാരും എട്ടടിയെങ്കിലും ഉയരമുള്ള കമ്പുകളില്‍ ഉറപ്പിച്ച പതാകകള്‍ മോട്ടോര്‍ ബൈക്കുകളിലോ മോട്ടോര്‍ വാഹനങ്ങളിലോ ഉറപ്പിക്കേണ്ടതുണ്ടായിരുന്നു.

കേരളത്തിലെ സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ ആര്‍എസ് എസിന്റെ തലവന്‍ പോകുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം കഴിഞ്ഞ രണ്ടു വര്‍ഷമായി വായിക്കുന്നുണ്ട്. പുതിയ രാഷ്ട്രീയ പ്രവിശ്യകള്‍ പിടിച്ചടക്കാനും വികസിപ്പിക്കാനുമുള്ള പ്രചരണതന്ത്രത്തിന്റെ ഭാഗമാണത്.

മോട്ടോര്‍ ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിക്കാത്ത ചെറുപ്പക്കാര്‍ തിക്കിത്തിരക്കിയിരുന്ന് പതാക പാറിക്കുന്നത് 2012 ലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. ദേശീയതയുടെയും ആള്‍ക്കൂട്ട ആക്രമണോത്സുകതയുടെയും മത്തുപിടിപ്പിക്കുന്ന കൂട്ടിക്കലര്‍ത്തലായിരുന്നു അത്.

2017 ഫെബ്രുവരിയില്‍ രാംരാജ് കോളജിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചതിനു ശേഷം ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി സംഘടന ഡല്‍ഹി സര്‍വകലാശാലയില്‍ നടത്തിയ പതാകയാത്ര ഞാനോര്‍ക്കുന്നുണ്ട്. അവര്‍ വലിയ പതാകയുടെ മേലാപ്പിനടിയില്‍ നീങ്ങുകയും ഭീഷണമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. മൂവര്‍ണപതാക അത്രയും അനാകര്‍ഷകമായി എനിക്ക് അതിനു മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ല.

പതാകയെ കേന്ദ്രീകരിച്ചുള്ള ദേശീയത ഇപ്പോള്‍ വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. മുരളി മനോഹര്‍ ജോഷിയുടെയും ഉമാഭാരതിയുടെയും അനുഭവങ്ങള്‍ക്ക് ശേഷം പതാകയെ എങ്ങനെ ഉപയോഗിക്കണമെന്ന് ബിജെപിക്ക് അറിയാം.

ആര്‍എസ്എസിന് വിട്ടു കൊടുക്കാതെ ദേശീയ പതാക നാം കയ്യിലേന്തണമെന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ദേശീയതയുടെ നിറം നല്‍കിക്കൊണ്ട് നാം നമ്മുടെ പ്രവൃത്തികളെ സാധൂകരിക്കേണ്ടതില്ല. വിദ്യാര്‍ത്ഥികളും കര്‍ഷകരും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടേണ്ടത് പതാകയുടെ നിഴലില്‍ നിന്നല്ല.
പതാക നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. ജനുവരി 26നും ആഗസ്ത് 15 നും വേണ്ടി കാത്തിരുന്ന ബാല്യം എല്ലാവര്‍ക്കുമുണ്ട്. അന്ന് ഞങ്ങള്‍ പതാക സ്വന്തമായി ഉണ്ടാക്കുകയോ ഖാദിക്കടയില്‍ നിന്ന് വാങ്ങുകയോ ചെയ്തിരുന്നു.

ഒരു തെമ്മാടിക്കൂട്ടം വന്ന് പതാക എന്റെ പുരപ്പുറത്ത് വെക്കണമെന്ന് ആജ്ഞാപിച്ചാല്‍ ഞാന്‍ അനുസരിക്കേണ്ടതുണ്ടോ? വ്യക്തിയെയോ സമുദായത്തെയോ ഭീഷണിപ്പെടുത്താനോ അലോസരപ്പടുത്താനോ അമര്‍ത്താനോ പതാക ഉപയോഗിക്കുന്നത് തെറ്റാണ്. അങ്ങനെ ഉപയോഗിക്കപ്പെടുമ്പോള്‍ പതാകക്ക് അതിന്റെ കാതല്‍ നഷ്ടപ്പെടുന്നു. കസ്ഗഞ്ജിലെ പതാകയാത്ര അതാണു ചെയ്യുന്നത്.

മൂവര്‍ണപതാകയെ കുറിച്ച് നെഹ്രുവിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ത്തെടുക്കാം:
”ഞാന്‍ മുന്നോട്ടു വെക്കുന്ന പതാക സാമ്രാജ്യത്വത്തിന്റെ പതാകയല്ല, സ്വാതന്ത്ര്യത്തിന്റെ പതാകയാണ്. ആ പതാക സഞ്ചരിക്കുന്നിടത്തെല്ലാം സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പരത്തും. പുതിയതായി കിട്ടിയ സ്വാതന്ത്ര്യത്തിന്റെ ശക്തിയില്‍, മറ്റു പല രാജ്യങ്ങളും ചെയ്തതു പോലെ, വ്യാപ്തി വര്‍ധിപ്പിക്കാനും സാമ്രാജ്യത്വശക്തിയായി മാറാനും ഇന്ത്യ ശ്രമിക്കില്ലെന്ന് പ്രത്യാശിക്കട്ടെ. അങ്ങിനെയെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഭീകരമായ അന്ത്യമായിരിക്കുമത്. സംഘര്‍ഷങ്ങളുടെ പടുകുഴികളില്‍ നാം ചെന്നു ചാടരുത്.”

കൈ കാലുകള്‍ അനിയന്ത്രിതമായി നിവര്‍ത്തുകയും മുസ്‌ലിംകളെയും ക്രൈസ്തവരെയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഈ സന്ദേശം കേള്‍ക്കേണ്ടതുണ്ട്. അക്രമണോത്സുകതയോടെ അവര്‍ കയ്യിലേന്തുന്ന പതാക നാം ഇന്ത്യക്കാര്‍ സ്വീകരിച്ച പതാകയല്ല. അവര്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ നാം തയാറല്ല.

അപൂര്‍വാനന്ദ്
(ഡല്‍ഹി സര്‍വകലാശാലയില്‍
അധ്യാപകനാണ് അപൂര്‍വാനന്ദ്)

വിവ. കെ സി

You must be logged in to post a comment Login