ധ്യാനാത്മകമായ ബാല്യകാലജീവിതപരിസരമാണെത്ര ശശി തരൂരിന്റെ മതകാഴ്ചപ്പാടിനെ രൂപപ്പെടുത്തിയത്. വീടിന്റെ ചുമരുകളില്‍ തൂങ്ങിക്കിടന്ന അനവധി ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങളും പുലരികളില്‍ പ്രാര്‍ഥനാമുറിയില്‍നിന്ന് പിതാവ് ഉറക്കെ ചൊല്ലിയ സംസ്കൃത മന്ത്രങ്ങളും ഒരാത്മീയബോധം മനസില്‍ നട്ടുനനച്ചു. സ്കൂള്‍ ജീവിതകാലത്ത് ഒരിടവേളയില്‍ നിരീശ്വരവാദ ചിന്തകള്‍ മനസില്‍ കടന്നുകൂടിയിട്ടും ഞാന്‍ ഒരു ഹിന്ദുവാണ് എന്ന് ധൈര്യസമേതം വിളിച്ചുപറയാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് താന്‍ പിറന്നുവീണ മതത്തിന്റെ പ്രചോദനം കൊണ്ടല്ലെന്നും മറ്റു പല കാരണങ്ങളാലാണെന്നും ശശി തരൂര്‍ സാക്ഷ്യപ്പെടുത്തുകയാണ്. ഹൈന്ദവ സംസ്കൃതിയില്‍ അദ്ദേഹം അഭിമാനം കൊള്ളുന്നുണ്ടെത്ര. രാജ്യത്തിന്റെ അഷ്ടദിക്കുകളിലും ചുറ്റിസഞ്ചരിച്ച് മഠങ്ങള്‍ പണികഴിപ്പിച്ച ആദിശങ്കരന്റെ ആത്മീയപാതയില്‍ അദ്ദേഹം സായൂജ്യമടയുന്നുണ്ട്. തീര്ഥാടനവഴികളെ ഒന്നിപ്പിക്കുന്ന സാംസ്കാരിക സവിശേഷതകളെ അദ്ദേഹം മനസുകൊണ്ട് സ്വാംശീകരിക്കുന്നത് ഡോ. രാധാകൃഷ്ണനെ പോലുള്ള മനീഷികളുടെ ജീവിതവീക്ഷണങ്ങളുടെ പിന്‍ബലത്തിലാണ്. പൊതുനാഗരികതയും പൊതുചരിത്രവുമുള്ള സാംസ്കാരിക ഘടകമാണ് ഹിന്ദുയിസം എന്ന രാധാകൃഷ്ണന്റെ അഭിപ്രായം ശശി തരൂര്‍ ഉദ്ധരിക്കുന്നുണ്ട്. എണ്ണമറ്റ തീര്‍ഥാടന പാതകളെ കൂട്ടിയിണക്കുന്ന പാവനമായ ഭൂമിശാസ്ത്രമാണ് ഇന്ത്യ എന്ന ഹാര്‍വാര്‍ഡ് പണ്ഡിതന് ഡയാന എക്കിന്റെ (Diana Eck) വിശേഷണത്തെയും അദ്ദേഹം എടുത്തുകാട്ടുന്നുണ്ട്. ഹിന്ദുയിസത്തിന്റെ ഉദാരഭാവങ്ങളും സഹിഷ്ണുതാസ്വഭാവവുമാണത്രെ ഹിന്ദുയിസത്തില്‍ ഉറച്ചുനില്ക്കാന് അദ്ദേഹത്തിന് പ്രേരണയാവുന്നത്. തങ്ങളുടേത് മാത്രമാണ് സത്യമതം എന്ന് അവകാശവാദമുന്നയിക്കാത്ത ഏക മതമാണ് ഹിന്ദുയിസമെന്നും ശശി തരൂര്‍ അവകാശപ്പെടുന്നുണ്ട്. ഇസ്ലാം, ക്രിസ്ത്യാനിറ്റി, ജൂദായിസം തുടങ്ങിയ സെമിറ്റിക് മതങ്ങളില്‍ നിന്നാണ് ഇവിടെ ഹിന്ദുമതം വ്യതിരിക്തമാവുന്നതെന്നും അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. മതങ്ങളെ കുറിച്ചുള്ള പരിമിതമായ അറിവായിരിക്കാം ശശി തരൂര്‍ എന്ന ചരിത്രകാരനെ, അല്ലെങ്കില്‍ എഴുത്തുകാരനെ ഇമ്മട്ടില്‍ പറയിപ്പിക്കുന്നതെന്ന വാദത്തിന് പ്രസക്തിയുണ്ടിവിടെ.
ബഹുസ്വരതക്കെതിരായ ഹിന്ദുത്വയോടൊപ്പമില്ല
സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഉപാധ്യായയും വിഭാവന ചെയ്യുന്ന ‘അബ്രഹാമിക് ഹിന്ദുയിസ’ത്തിന്റെ സങ്കുചിതഭാവങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമത്തില്‍ ഹിന്ദുത്വ മുന്നോട്ടുവെക്കുന്ന സാംസ്കാരിക ദേശീയതയെയും പരമതനിന്ദയെയും ശശി തരൂര്‍ സൂക്ഷ്മമായി പ്രതിപാദിക്കുന്നിടത്താണ് ‘ Why I am a Hindu’ എന്ന അദ്ദേഹത്തിന്റെ പുതിയ കൃതിയുടെ കാലിക പ്രസക്തി തെളിഞ്ഞുകാണുന്നത്. യഥാര്‍ത്ഥ ഹൈന്ദവ കാഴ്ചപ്പാടില്‍നിന്ന് എവിടെയാണ് ഹിന്ദുത്വ ആചാര്യന്മാര്ക്ക് പിഴക്കുന്നതെന്ന് ലളിത ഭാഷയില്‍ അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവയൊന്നും പുതിയ സിദ്ധാന്തങ്ങള്‍ അല്ലെങ്കിലും ഹിന്ദുയിസത്തിന്റെ അപചയവഴികള് അടയാളപ്പെടുത്തുന്നിടത്ത് അധികാര രാഷ്ട്രീയത്തിന്റെ ചതുരുപായങ്ങള്‍ അനാവൃതമാക്കുകയാണ്. പൗരാണിക കാലം തൊട്ടേ ഇന്ത്യ ഹിന്ദുക്കളുടെ നാടാണെന്നും രാജ്യത്തിന്റെ സ്വത്വവും ഹിന്ദുക്കളുടെ സ്വത്വവും കെട്ടുപിണഞ്ഞുകിടക്കുകയാണെന്നുമാണ് ഹിന്ദുത്വവാദികള്‍ സിദ്ധാന്തിക്കാന്‍ പണിപ്പെടുന്നത്. അനാദികാലം തൊട്ടേ ഹൈന്ദവ സംസ്കാരവും നാഗരികതയുമാണ് ഇന്ത്യന്‍ ജീവിതത്തിന്റെ സത്തയെന്നും ഇന്ത്യന്‍ ദേശീയത എന്നത് ഹൈന്ദവ ദേശീയതയാണെന്നും അടിവരയിടുന്നു. ‘ഇന്ത്യയുടെ ചരിത്രം ഹിന്ദുക്കളുടെ നിലനില്പിന്റെ പോരാട്ടമാണ്. അവരാണ് ഈ പൗരാണിക മണ്ണിന്റെ അവകാശികള്‍. അന്യരും പുറംനാട്ടുകാരുമായ ശത്രുക്കളില്‍നിന്ന് തങ്ങളുടെ മതവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിന് അവര്‍ നിരന്തര പോരാട്ടത്തിലായിരുന്നു. ഇന്ത്യയുടെ മണ്ണ് അന്യരായ വൈദേശിക അധിനിവേശ ശക്തികള്‍ക്ക് പലപ്പോഴായി വിധേയപ്പെട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. ഈ അധിനിവേശകരോടും ( മുസ്ലിംകളും ക്രിസ്ത്യാനികളും ) അതിഥികളോടും ( യഹൂദരും പാഴ്സികളും ) ഈ മണ്ണിനോടുള്ള കൂറ് നോക്കി വേണം സഹിഷ്ണുത തീരുമാനിക്കാന്‍. ഹിന്ദുക്കളുടെ ഔന്നത്യം അംഗീകരിക്കാതെയും ഹൈന്ദവ പാരമ്പര്യത്തെയും സംസ്കാരത്തെയും സ്വാംശീകരിക്കാതെയും ഹിന്ദുക്കളോടൊപ്പം തുല്യപൗരന്മാരായി ഒരിക്കലും കാണാനാവില്ല. അഹിന്ദുക്കള്‍ അവരുടെ ഹൈന്ദവ പിതൃത്വം അംഗീകരിക്കുകയോ തങ്ങളുടെ സാംസ്കാരികവേരുകളിലേക്കുള്ള മടക്കത്തിന്റെ ഭാഗമായി ഹിന്ദുയിസത്തിലേക്ക് മടങ്ങിപ്പോവുകയോ ചെയ്യേണ്ടതുണ്ട്. ‘ഈ കാഴ്ചപ്പാട് നിരാകരിക്കുന്ന ഒരു മതദര്‍ശനത്തില്‍ വിശ്വസിക്കുന്നു എന്നതാണ് വര്‍ത്തമാനകാലത്ത് ശശി തരൂരിനെ ഏവരും സ്നേഹാദരം ചൊരിയുന്ന, ഒരാള്‍ക്കും ഉപദ്രവം ചെയ്യാത്ത, അപകടകാരിയല്ലാത്ത ഹിന്ദുവാക്കുന്നത്. ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് ആര്.എസ്.എസ് വിശ്വസിക്കുന്നത്.
വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള ഹിന്ദുമതത്തിന്റെ നിസര്ഗസിദ്ധിയെ നിരാകരിക്കുന്നിടത്താണ് ഹിന്ദുത്വ സിദ്ധാന്തം ഹൈന്ദവമൂല്യങ്ങളെ നശിപ്പിക്കുന്നത്. സ്വാമി വിവേകാനന്ദന് ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ കരുത്തായി കാണുന്ന സ്വഭാവഗുണങ്ങളെയും വൈജാത്യത്തെയും പല ദര്ശനപഥങ്ങളില്നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കാനുള്ള അസാധാരണമായ ശേഷിയെയും ( Eclecticism) നാനാവിധ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും സ്വീകരിക്കാനുള്ള കഴിവിനെയും ആര്.എസ്.എസുകാര്‍ ദൗര്‍ബല്യമായാണ് കാണുന്നത്. ‘അക്രമകാരികളായ അധിനിവേശകരുടെ മതത്തിന്റെ നിലവാരത്തിലേക്ക്’ ഹിന്ദുമതത്തെ ‘സെമിറ്റെസ്’ ചെയ്യുന്നതിനെതിരെയാണ് ശശി തരൂരിന്റെ വിയോജിപ്പ്. ഇതുപറയുമ്പോഴും സെമിറ്റിക് മതങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്‍വിധി കടന്നുവരുന്നുണ്ട്. ഹിന്ദുത്വയെയും സെമിറ്റിക് മതങ്ങളെയും ഒരേ ഗണത്തില്‍പെടുത്തുന്നത് വായനയുടെ പരിമിതികൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ ആവാനേ തരമുള്ളൂ. ഇത് ശശി തരൂരിന്റെ മാത്രം പരിമിതിയല്ല എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. ഹിന്ദുത്വയോട് വീറോടെ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും ഇരകളുടെ പക്ഷത്തുള്ള ഇസ്ലാമില്‍ പ്രതിലോമപരത കാണാനും സംഘ് രാഷ്ട്രീയദര്‍ശനങ്ങളുടെ ഉറവിട മാതൃക തെരയാനും സെക്കുലര്‍ ചരിത്രകാരന്മാരില് മുന്‍പന്തിയില്‍ നില്ക്കുന്ന രാമചന്ദ്രഗുഹയെ പോലുള്ളവര്‍ പോലും മെനക്കെടുന്നുവെന്നത് ആശ്ചര്യകരമായി തോന്നാം. സംഘികളുടെ ദേശീയത മാതൃക പടിഞ്ഞാറുനിന്നാണ് കടമെടുത്തതെങ്കില്‍ അവരുടെ ഭരണതന്ത്രങ്ങള്‍ ( state crafts) മാതൃകയാക്കുന്നത് പശ്ചിമേഷ്യയില്നിന്നുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഭൂരിപക്ഷം വരുന്ന പൗരന്മാര് മുസ്ലിംകളായ മിഡില്‍ഈസ്റ്റിലെ രാജാക്കന്മാര് യഹൂദരെയും ക്രിസ്ത്യാനികളെയും ‘ദിമ്മികള്‍’ ( സുരക്ഷിതപൗരന്മാര് ) ആയാണ് പരിഗണിച്ചതെന്നും ഈ രണ്ടാംകിട പൗരന്മാര്ക്ക് മുസ്ലിംകള് അനുവദിക്കുന്ന മുഴുവന്‍ അവകാശങ്ങളും വകവെച്ചുകൊടുത്തിട്ടില്ലെന്നുമാണ് ഗുഹയുടെ കണ്ടുപിടുത്തം. ഇനി, കിതാബിന്റെ അഹ്ലുകാരല്ലാത്തവരെയെല്ലാം മൂന്നാം കിട പൗരന്മാരായാണ് കണ്ടതെന്നും (ഹിന്ദുക്കള്‍ അടക്കമുള്ള) ഇക്കൂട്ടരെ അടിച്ചമര്‍ത്തുകയോ മതംമാറ്റി മുസ്ലിംകളാക്കുകയോ ആണ് ചെയ്തതെന്നും മദീന, ആന്തലൂസിയ, ഒട്ടോമന്‍ തുര്‍ക്കി എന്നിവിടങ്ങളിലെ ചരിത്രം നോക്കി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇവിടെയും ചരിത്രത്തെ വക്രീകരിക്കുകയോ വികലമായി വായിക്കുകയോ ആണ്. യഹൂദ മുഖ്യമന്ത്രിമാരെയും ക്രൈസ്തവ വിദേശകാര്യമന്ത്രിമാരെയും വാഴിച്ച ആന്തലൂസിയയുടെ (സ്പെയിന് ) വര്‍ണാഭമായ ചരിത്രത്തെ അഗാധതലത്തില്‍ സ്പര്‍ശിക്കാന്‍ ഈ ചരിത്രകാരന് സൗഭാഗ്യമുണ്ടായില്ല എന്ന് പരിതപിക്കുകയേ നിവൃത്തിയുള്ളൂ.
മുസ്ലിം കാലഘട്ടത്തോടുള്ള വിപ്രതിപത്തി
ഹിന്ദുത്വവാദികളുടെ ചരിത്രവീക്ഷണത്തെ ശശി തരൂര്‍ നന്നായി എടുത്തുകുടയുന്നുണ്ട്. മുസ്ലിം കാലഘട്ടത്തെ ‘ഗ്രൗണ്ട് സീറോ’ ആയി നോക്കിക്കാണാനുള്ള അഭിനവ ദേശീയവാദികളുടെ ശ്രമങ്ങളുടെ പൊള്ളത്തരം വരച്ചുകാട്ടുന്നതില്‍ അദ്ദേഹം സ്തുത്യാര്‍ഹമായ സേവനമാണ് ചെയ്യുന്നത്. ‘ഇരുണ്ടകാലഘട്ടത്തെ കുറിച്ച്’ ആഴത്തില്‍ പഠിച്ച ശശി തരൂരിന് മുസ്ലിം കാലഘട്ടം എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നന്നായി അറിയാം. ആ കാലഘട്ടത്തിന്റെ പ്രതാപൈശ്വര്യങ്ങളെ കുറിച്ചും സാമ്പത്തികവും സാംസ്കാരിവുകമായ മുന്നേറ്റത്തെ കുറിച്ചും അദ്ദേഹത്തെ വാചാലനാക്കുന്നത് തുടര്‍ന്നുവന്ന ബ്രിട്ടീഷ് കാലയളവില്‍ രാജ്യം നേരിട്ട തിരിച്ചടികള്‍ എന്തുമാത്രം നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ മേല്‍ വര്‍ഷിച്ചത് എന്ന് തൊട്ടറിഞ്ഞതുകൊണ്ടാണ്. 1200വര്‍ഷത്തെ വിദേശഭരണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും പലപ്പോഴും അടങ്ങാത്ത ആധിയോടെ സംസാരിക്കുന്നത് ലോകം കേട്ടതാണ്. ദില്ലി സുല്ത്താന്മാരും മുഗിളചക്രവര്ത്തിമാരും ഡെക്കാനി സുല്ത്താന്മാരും മോഡിയെ സംബന്ധിച്ചിടത്തോളം വിദേശികളാണ്. മുസ്ലിം രാജകുടുംബങ്ങളുടെ ആദ്യതലമുറ ഏതെങ്കിലും വിദേശരാജ്യത്തുനിന്ന് വന്നവരാകാമെങ്കിലും ഈ മണ്ണില്‍ ജീവിച്ച് ഇവിടുത്തെ ഹൈന്ദവസ്ത്രീകളെ വിവാഹം ചെയ്തു, അവരില്‍ ജനിച്ച സന്താനങ്ങളാണ് ഭൂരിഭാഗവും എന്ന സത്യം മനഃപൂര്‍വം വിസ്മരിക്കുന്നു. ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ ഇന്ത്യയുടെ മണ്ണില്‍നിന്ന് വിഭവങ്ങളൊന്നും പൂര്വനാട്ടിലേക്ക് അവര്‍ കടത്തിക്കൊണ്ടുപോയില്ല. ഇന്നും തലയുയര്‍ത്തി നില്ക്കുന്ന കാലത്തെ തോല്പിച്ച കുറെ ചരിത്രസൗധങ്ങള്, കുത്തബ് മീനാറും ചെങ്കോട്ടയും താജ്മഹലും ഹുമയൂണ്‍ കുടീരവും ചാര്‍മിനാറും ഗോല്‍ക്കൊണ്ട കൊട്ടാരവുമൊക്കെ, ഇന്നാട്ടിനെ സ്നേഹിക്കുകയും മനോജ്ഞമാക്കുകയും ചെയ്ത രാജകുലങ്ങളുടെ നിദര്‍ശനങ്ങളാണ്. മുഗിളരുടെയും തുര്ക്കികളുടെയുമൊക്കെ രണ്ടാം തലമുറ തന്നെ ഇന്ത്യക്കാരായി മാറിയിരുന്നു. ഈ രാജ്യം ഭരിച്ച എല്ലാ കുലങ്ങളും ഇങ്ങനെ കയറിവന്നവരാണെന്ന ചരിത്രം ആര്‍ക്കും മായ്ച്ചുകളയാനാവില്ല. മഹാകവി രവീന്ദ്രനാഥ് ടാഗോള്‍ കാലപ്രവാഹത്തില്‍ ഇവിടെ ഒഴുകിയെത്തിയ വിവിധ വംശാവലികളെ കുറിച്ച് പ്രതിപാദിക്കവെ കുറിച്ചിട്ടത് ഇങ്ങനെ: ” No one knows at whose call so many streams of men flowed in restless tides from places unknown and were lost in one sea: here Aryan and non Aryan, Dravidian , Chinese, the bands of Saka and Huns and Pathan and Mogul have become combined in one body’ആര്യന്മാരും ആര്യേതരവംശങ്ങളും ദ്രാവിഡരും ചൈനക്കാരും സാകന്മാരും ഹൂണന്മാരും പത്താന്മാരും മുഗിളരുമെല്ലാം ഇങ്ങനെ ആരുടെയൊക്കെയോ വിളിയാളം കേട്ട് ഒഴുകിയെത്തുകയും അനന്തമായ ഈ കടലില്‍ സഹജ അസ്തിത്വങ്ങള്‍ കുടഞ്ഞുമാറ്റി ലയിച്ചമര്ന്നവരുമാണ്. ഈ സത്യം അംഗീകരിക്കാന്‍ വിശാലഹൃദയത്വം കാണിക്കാതെ, മുസ്ലിം എന്ന് കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്ന ഒരു വിചാരധാരയെ നിരാകരിക്കുമ്പോഴാണ് താന്‍ യഥാര്‍ത്ഥ ഹിന്ദുവാണെന്ന് ശശി തരൂരിന് ബോധ്യംവരുന്നത്. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും നിലനിര്‍ത്തി, ഈ രാജ്യം ഭരണഘടനാപരമായ രാജ്യസ്നേഹത്തെ ( Constitutional Patriotism) ഊട്ടിയുറപ്പിച്ചത് മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ഈന്നിപ്പറയുന്നു.
ദേശസ്നേഹത്തിന്റെ പ്രാക്തനരൂപങ്ങള് കണ്ടുതുടങ്ങിയത് പോലും മുസ്ലിം ഭരണകാലത്താണെന്ന പ്രശസ്ത ചരിത്രകാരന് ഇര്ഫാന് ഹബീബിന്െ ചരിത്രനിരീക്ഷണത്തെ സൂക്ഷ്മതലത്തില്‍ പഠിക്കേണ്ടത് ഇവിടെയാണ്. ശ്രീബുദ്ധന്റെ കാലഘട്ടത്തില്‍ പോലും (ബി.സി 500 ) ഇന്ത്യ എന്ന ഒരേകീകൃത രാജ്യം ഉണ്ടായിരുന്നില്ല. ഹിന്ദുസ്ഥാനെ കുറിച്ചുള്ള ആദ്യ ദേശസ്നേഹപരമായ അക്ഷരങ്ങള്‍ വാര്ന്നുവീഴുന്നത് മഹാകവി അമീര്‍ ഖുസ്രുവില്നിന്നാണ്; അതും പേര്‍ഷ്യന്‍ ഭാഷയില്‍. 1318ല്‍ വിരചിതമായ ‘നുഹ് സിഫിറില്’ ‘ഹിന്ദി’നെ കുറിച്ച് താന്‍ എന്തുകൊണ്ട് തൂലിക ചലിപ്പിക്കുന്നുവെന്ന് അദ്ദേഹം അര്‍ഥശങ്കക്കിടം നല്‍കാത്തവിധം കുറിച്ചിടുന്നുണ്ട്: ഇത് എന്റെ ജന്മദേശമാണ്; വാസസ്ഥലമാണ്; സ്വന്തം നാടാണ്. കശ്മീര്‍ തൊട്ട് തമിഴ്നാട് (മഅ്ബരി) വരെയും സിന്ധ് മുതല്‍ ബംഗാള്‍ വരെയും പരന്നുകിടക്കുന്ന ഭൂപ്രദേശമാണ് അമീര്‍ ഖുസ്രുവിന്റെ ഇന്ത്യ. പൗരാണിക ഇന്ത്യന്‍ പാരമ്പര്യത്തെയും അത് കരഗതമാക്കിയ ശാസ്ത്രം, യുക്തി, ഗോളശാസ്ത്രം, തത്വചിന്ത എന്നിവയുടെ മികവിനെയും മഹാകവി പാടിപ്പുകഴ്ത്തുന്നുണ്ട്. ഇറാനിലെയും മധ്യേഷ്യയിലെയും കാലാവസ്ഥയെക്കാള്‍ മികച്ചതാണ് തന്റെ നാട്ടിലേതെന്ന് അദ്ദേഹം അഭിമാനം കൊള്ളുന്നു. ആര്.എസ്.എസിന്റെ മുതുമുത്തപ്പന്മാര് പിറക്കുന്നതിനു എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്നാട്ടിനോടുള്ള സ്നേഹവും ആദരവും അമീര്‍ ഖുസ്രുവിന്റെ പേര്‍ഷ്യന്‍ ലിഖിതങ്ങളിലൂടെ ലോകമറിയുന്നത്.
യഥാര്‍ത്ഥ ഹിന്ദുമതം മനുഷ്യനെ നന്മയിലേക്കും പാരസ്പര്യത്തിലേക്കും സ്നേഹത്തിലേക്കും മാനവികതയിലേക്കും മാത്രമേ നയിക്കുകയു ള്ളൂവെന്ന ഉറച്ച ബോധ്യമാണ് ഞാന്‍ ഹിന്ദുവാണെന്ന് തറപ്പിച്ചുപറയാന്‍ ശശി തരൂരിന് ധൈര്യം പകരുന്നത്. സംഘ്പരിവാറിനാല്‍ അപചയിക്കപ്പെട്ട ഹിന്ദുയിസത്തിന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രമേ അറിയൂ. ( The Hindutva ideology is in fact a malign distortion of Hinduism എന്നാണ് ശശിതരൂര്‍ വിശേഷിപ്പിക്കുന്നത്.) നല്ലൊരു ഹൈന്ദവവിശ്വാസിക്ക് ഒരിക്കലും മുസ്ലിമിനെയോ ക്രിസ്ത്യാനിയെയോ വെറുക്കാനോ മ്ലേച്ഛനായി കാണാനോ സാധിക്കില്ല. മനുഷ്യനെ ഒന്നായി കാണാനും ഏത് ദൈവത്തെയും അംഗീകരിക്കാനും യഥാര്‍ത്ഥ ഹിന്ദുവിശ്വാസിക്ക് അവന്റെ മതം സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നുണ്ടെന്ന് ശശി തരൂര്‍ കരുതുന്നു. വിശ്വാസപ്രമാണത്തില്നിന്നുകൊണ്ടാണ് കൃതഹസ്തനായ ഈ തൂലികക്കാരന് ഹിന്ദുത്വയെ നേരിടുന്നത്. അപൂര്‍വവും ഹൃദയവര്ജിയുമായ ഈ കാഴ്ച വല്ലാത്തൊരു ആസ്വാദന സുഖം പകരുന്നുണ്ട്. കൂരിരുട്ടിലെ ചെറിയൊരു വെളിച്ചമാണിത്. ആ വെളിച്ചത്തില്‍ സംഘ്പരിവാരം ഉയര്‍ത്തുന്ന ഭീഷണികളെ നമുക്ക് ധൈര്യപൂര്‍വം നേരിടാന്‍ സാധിക്കും.
ശശിതരൂര്‍ കെട്ട കാലത്തോട് സംവദിക്കുമ്പോള്‍ ; കാസിം ഇരിക്കൂര്‍
You must be logged in to post a comment Login