പ്രൊഫഷണല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് അവസരം

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് അവസരം

സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നിവയിലെ ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

എന്‍ജിനിയറിങ്: പ്രവേശനപരീക്ഷയുടെയും പ്ലസ്ടു പരീക്ഷയുടെയും മാര്‍ക്കുകള്‍ തുല്യ അനുപാതത്തില്‍ കണക്കാക്കി തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ജിനിയറിങ് അഡ്മിഷന്‍. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ട് പേപ്പറുണ്ടാകും. ഇതില്‍ ആദ്യപേപ്പറില്‍ ഫിസിക്‌സില്‍നിന്നും 72 ചോദ്യങ്ങളും കെമിസ്ട്രിയില്‍നിന്നും 48 ചോദ്യങ്ങളും ഉണ്ടായിരിക്കും. രണ്ടാം പേപ്പറില്‍ മാത്തമാറ്റിക്‌സില്‍നിന്നും 120 ചോദ്യങ്ങളുണ്ടായിരിക്കും. പ്ലസ്ടുതലത്തിലുള്ള ചോദ്യങ്ങള്‍, ഒബജ്ക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും. പേപ്പര്‍ ഒന്ന് ഏപ്രില്‍ 23നും പേപ്പര്‍ രണ്ട് ഏപ്രില്‍ 24നും നടത്തും.

പ്ലസ്ടുതലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പഠിച്ച്, മാത്തമാറ്റിക്‌സിന് 50 ശതമാനവും മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് മൂന്നിനുംകൂടി മൊത്തം 50 ശതമാനവും മാര്‍ക്കുള്ളവരെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ. എന്‍ജിനിയറിങ് വിഭാഗത്തില്‍, കേരള സാങ്കേതിക സര്‍വകലാശാല, കേരള/എം.ജി./കോഴിക്കോട് സര്‍വകലാശാലകള്‍, കാര്‍ഷിക/വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ്/ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സസ് എന്നീ സര്‍വകലാശാലകളുടെ കീഴിലുള്ള ബി.ടെക് പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്നു.

ഫാര്‍മസി: ബാച്ചിലര്‍ ഓഫ് ഫാര്‍മസി പ്രവേശനത്തിന് താത്പര്യമുള്ളവര്‍ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ ഒന്നാംപേപ്പര്‍ എഴുതണം. ഇതിനായി മറ്റൊരു പരീക്ഷ നടത്തുന്നില്ല. പക്ഷേ, റാങ്ക് നിര്‍ണയിക്കുമ്പോള്‍ മറ്റൊരു രീതിയില്‍ മാര്‍ക്ക് കണക്കാക്കും. കെമിസ്ട്രിക്കുള്ള മാര്‍ക്കിന് കൂടുതല്‍ വെയ്‌റ്റേജ് നല്‍കിയാണ് ഫാര്‍മസി റാങ്ക് പട്ടിക തയാറാക്കുക. ഇപ്രകാരം, 480ല്‍ കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ബി.ഫാം റാങ്ക് പട്ടിക തയാറാക്കുക. പ്ലസ്ടു പരീക്ഷയില്‍ ബയോളജിക്കോ മാത്തമാറ്റിക്‌സിനോ 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി എന്നീ മൂന്നു വിഷയങ്ങള്‍ക്കുംകൂടി 50 ശതമാനവും മാര്‍ക്കുനേടണം. ബാച്ചിലര്‍ ഓഫ് ഫാര്‍മസി കോളജുകള്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ കീഴില്‍ വരുന്നവയാണ്.

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍: ഈ വിഭാഗത്തിലുള്ള കോഴ്‌സുകള്‍ ഇവയാണ്. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്. (ആയുര്‍വേദം), ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി), ബി.വി.എസ്.സി. ആന്റ് എ.എച്ച്. (വെറ്ററിനറി), ബി.എസ്‌സി. അഗ്രികള്‍ച്ചര്‍, ബി.എസ്.സി. ഫോറസ്ട്രി, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് ഈ കോഴ്‌സുകളിലേക്കൊന്നും കേരളത്തില്‍ പ്രവേശനപരീക്ഷാകമ്മിഷണര്‍, പ്രവേശന പരീക്ഷ നടത്തുന്നില്ല. ഇവയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ നടത്തുന്ന 2018ലെ നാഷണല്‍ എലിജിബിലിറ്റി കം. എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജുവേറ്റ് (നീറ്റ്-യു.ജി.) അഭിമുഖീകരിച്ച് യോഗ്യത നേടണം. അതോടൊപ്പം, ഇപ്പോള്‍, കേരളത്തിലെ പ്രവേശനപരീക്ഷ കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കുകയും വേണം. നീറ്റ് വിജ്ഞാപനമിറക്കുന്ന മുറയ്ക്ക് അതിലേക്ക് അപേക്ഷിക്കാനും ശ്രദ്ധിക്കണം.

നീറ്റ് പരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, എന്നിവയില്‍ നിന്നും 45 വീതവും ബയോളജിയില്‍നിന്ന് 90 ഉം ചോദ്യങ്ങളുണ്ടാകും.

മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സില്‍ കേരളത്തില്‍ പ്രവേശനം നേടാന്‍ അപേക്ഷകര്‍, നീറ്റില്‍ 720ല്‍ കുറഞ്ഞത് 20 മാര്‍ക്കെങ്കിലും നേടണമെന്നാണ് വ്യവസ്ഥ. കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളവരുടെ നീറ്റ് സ്‌കോര്‍ പരിഗണിച്ച് എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിനും, മറ്റ് മെഡിക്കല്‍, അനുബന്ധ കോഴ്‌സുകള്‍ക്കും രണ്ട് റാങ്ക് പട്ടികകള്‍ തയാറാക്കും. ഈ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ മെഡിക്കല്‍ പ്രവേശനം. ബി.എ.എം.എസിന് മറ്റൊരു റാങ്ക് പട്ടിക ഉണ്ടാക്കും. വിദ്യാര്‍ത്ഥി നീറ്റ് യോഗ്യതക്കൊപ്പം യോഗ്യതാപരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ പഠിച്ച് മാര്‍ക്ക് വാങ്ങി പ്രവേശനത്തിന് യോഗ്യത നേടുകയും വേണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ പഠിച്ച്, ബയോളജി/ബയോടെക്‌നോളജി വിഷയത്തിന് 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നിവയ്ക്ക് മൂന്നിനും കൂടി 50 ശതമാനവും മാര്‍ക്ക് നേടിയാല്‍ എം.ബി.ബി.എസ്., ബി.ഡി.എസ്.,ബി.എസ്.എം.എസ് എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിന് അര്‍ഹതയുണ്ട്. പ്ലസ്ടു തലത്തില്‍ ബയോളജി പഠിച്ചിട്ടില്ലെങ്കില്‍ ബയോടെക്‌നോളജി അക്കാദമിക് യോഗ്യത നിര്‍ണയിക്കാന്‍ പരിഗണിക്കും. ബി.എ.എം.എസ്. ഉള്‍പ്പെടെയുള്ള മറ്റ് കോഴ്‌സുകളിലെ പ്രവേശനത്തിന് ബയോളജിക്ക് 50 ശതമാനവും
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൂന്നിനും കൂടി 50 ശതമാനവും മാര്‍ക്കു വേണം. ഇവയ്‌ക്കൊന്നിനും ബയോടെക്‌നോളജി പരിഗണിക്കില്ല. വെറ്ററിനറി പ്രവേശനത്തിന് ഈ വ്യവസ്ഥയ്‌ക്കൊപ്പം ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ നാലു വിഷയങ്ങള്‍ക്കും കൂടി പ്ലസ്ടു തലത്തില്‍ 50 ശതമാനം മാര്‍ക്കു വേണമെന്ന വ്യവസ്ഥ കൂടി ഉണ്ട്.

ആര്‍ക്കിടെക്ചര്‍: ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനും കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രത്യേകം അഭിരുചി പരീക്ഷ നടത്തുന്നില്ല. ഇവിടെ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അതോടൊപ്പം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയായ, നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ)ന് അപേക്ഷിച്ച് അഭിമുഖീകരിച്ച് യോഗ്യത നേടണം.www.nata.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 2നുള്ളില്‍ അപേക്ഷിക്കണം. പരീക്ഷ ഏപ്രില്‍ 29നാണ്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിക്ഷക്ക് മാത്തമാറ്റിക്‌സ്, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നീ ഭാഗങ്ങളില്‍നിന്നും 40 മാര്‍ക്കിനും 80 മാര്‍ക്കിനും വീതമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളും 80 മാര്‍ക്കിനുള്ള ഡ്രോയിങ് ടെസ്റ്റും ഉണ്ടായിരിക്കും. ബി.ആര്‍ക്ക് പ്രവേശനത്തിന് അപേക്ഷകര്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു പരീക്ഷ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കണം. നാറ്റയിലെ മാര്‍ക്ക് 200ലുള്ളതും യോഗ്യതാപരീക്ഷയിലെ മൊത്തം മാര്‍ക്ക്, 200ല്‍ ആക്കിയതും കൂട്ടി 400ല്‍ കണക്കാക്കുന്ന മാര്‍ക്ക് പരിഗണിച്ചാണ് കേരളത്തില്‍ ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക തയാറാക്കുക.

കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍, ഫെബ്രുവരി 28 വരെ സമയമുണ്ട്. പ്രവേശന പരീക്ഷാ കമ്മിഷണര്‍ പരീക്ഷ നടത്തുന്ന കോഴ്‌സുകള്‍ക്കും പരീക്ഷ നടത്താത്ത കോഴ്‌സുകള്‍ക്കും ഈ സമയപരിധി ബാധകമാണ്. www.cee.Kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ നല്‍കിയശേഷം, അതിന്റെ പ്രിന്റ്ഔട്ട് എടുത്ത് പൂര്‍ത്തിയാക്കി, അതോടൊപ്പം വെക്കണമെന്നു പറഞ്ഞിട്ടുള്ള രേഖകള്‍ സഹിതം മാര്‍ച്ച് 31നകം ലഭിക്കത്തക്കവിധം, പ്രവേശന പരീക്ഷാകമ്മിഷണര്‍ക്ക് അയച്ചു കൊടുക്കണം. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്നു വിഷയങ്ങള്‍ക്കും കൂടി മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കു വാങ്ങുന്നവരെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനത്തിന് പരിഗണിക്കും.

കുസാറ്റ് ക്യാറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) വിവിധ കോഴ്‌സുകള്‍ക്കായി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (ക്യാറ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായി മാത്രമാണ് പരീക്ഷ.
ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴയോടെ മാര്‍ച്ച് മൂന്നു വരെ അപേക്ഷിക്കാന്‍ സൗകര്യമുണ്ട്. ഏപ്രില്‍ 28, 29 തീയതികളിലാണ് പ്രവേശന പരീക്ഷ.

കോഴ്‌സുകള്‍
ബി.ടെക്, അഞ്ചു വര്‍ഷ എം.എസ്‌സി. ഫോട്ടോണിക്‌സ്, എം.എ. ഹിന്ദി, ബി.ബി.എ., എല്‍.എല്‍.ബി. (ഓണേഴ്‌സ്), എം.എ. അപ്ലൈഡ് ഇക്കണോമിക്‌സ്, എം.ബി.എ. തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്. കുസാറ്റ് വെബ്‌സൈറ്റില്‍നിന്ന് കോഴ്‌സുകളുടെ പൂര്‍ണവിവരം ലഭിക്കും. സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, ഐ.ടി., മെക്കാനിക്കല്‍, സേഫ്റ്റി ആന്റ് ഫയര്‍ എന്‍ജിനിയറിങ്, ഷിപ്പ് ടെക്‌നോളജി, മറൈന്‍, പോളിമര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് തുടങ്ങിയവയാണു ബി.ടെക് കോഴ്‌സുകള്‍.

ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി., അഞ്ചു വര്‍ഷ ബി.ബി.എ.-എല്‍.എല്‍.ബി., അഞ്ചു വര്‍ഷ ബി.കോം-എല്‍.എല്‍.ബി. കോഴ്‌സുകള്‍ക്കാണ് ക്യാറ്റ് വഴി അഡ്മിഷന്‍ നടത്തുന്നത്. കൂടാതെ ദീന്‍ദയാല്‍ ഉപാധ്യായ കൗശല്‍ സ്‌കീം പദ്ധതി പ്രകാരമുള്ള വൊക്കേഷണല്‍ കോഴ്‌സുകള്‍ക്കും പൊതു പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷന്‍. 18 സ്‌പെഷലൈസേഷനുകളില്‍ എം.ടെക് കോഴ്‌സുകള്‍ക്കും എം.ഫില്‍, പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.

യോഗ്യത
ബിടെക് കോഴ്‌സുകള്‍ക്കും അഞ്ചു വര്‍ഷ എം.എസ്‌സി. ഫോട്ടോണിക്‌സ് കോഴ്‌സിനും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.

ബി.ടെക് (ഇന്‍സ്ട്രമെന്റേഷന്‍ ടെക്‌നോളജി): ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ഒന്നിച്ച് 60 ശതമാനം മാര്‍ക്കും മാത്തമാറ്റിക്‌സിനു മാത്രം 50 ശതമാനം മാര്‍ക്കും നേടി പ്ലസ്ടു പാസായിരിക്കണം.
ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഷിപ്പ് ബില്‍ഡിങ്: പ്ലസ് ടു 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും മാത്തമറ്റിക്‌സിനു മാത്രമായി 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. മറൈന്‍ എന്‍ജിനിയറിങ് കോഴ്‌സ് പൂര്‍ണമായും റസിഡന്‍ഷല്‍ രീതിയിലുള്ളതാണ്. പ്രായം 2017 സെപ്റ്റംബര്‍ ഒന്നിന് 25 വയസ് കവിയരുത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നിശ്ചയിക്കുന്ന മറ്റു യോഗ്യതകളും ഉണ്ടായിരിക്കണം.

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്): 60 ശതമാനം മാര്‍ക്കോടെ സയന്‍സ്, കൊമേഴ്‌സ് ഗ്രൂപ്പിലോ അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ ആര്‍ട്‌സ് ഗ്രൂപ്പിലോ പ്ലസ്ടു പാസായിരിക്കണം. ഉയര്‍ന്ന പ്രായം 20 വയസ്.
എല്‍.എല്‍.എം.: 45 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി പാസായവര്‍ക്ക് അപേക്ഷിക്കാം.
എം.എ. ഹിന്ദി സാഹിത്യം: ഹിന്ദി ഐച്ഛികമായി ബിഎ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
എം.ബി.എ.: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. സിമാറ്റ് സ്‌കോര്‍ നേടിയിരിക്കണം. ബിടെക് പ്രോഗ്രാമുകളുടെ രണ്ടാം വര്‍ഷത്തേക്ക് പ്രവേശനം നേടാനുള്ള ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിനും (എല്‍.ഇ.ടി.) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓരോ ബ്രാഞ്ചിലും 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ഡിപ്ലോമ ഉള്ളവര്‍ക്ക് എല്‍ഇടിക്ക് അപേക്ഷിക്കാം.
എം.എ. അപ്ലൈഡ് ഇക്കണോമിക്‌സ്: 55 ശതമാനം മാര്‍ക്കോടെ ബി.എ. ഇക്കണോമിക്‌സ്, ബികോം, ബി.ബി.എ. അല്ലങ്കില്‍ 65 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി. മാത്തമാറ്റിക്‌സ് അല്ലങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ്.
എം.സി.എ.: മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലങ്കില്‍ ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എന്‍ജിനിയറിംഗ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം.
എം.എസ്‌സി. കെമിസ്ട്രി: കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, എന്‍വയണ്‍മെന്റല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, പെട്രോകെമിക്കല്‍സ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ബയോ ടെക്‌നോളജി: ലൈഫ് സയന്‍സ്, അഗ്രിക്കള്‍ച്ചര്‍, മെഡിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, കെമിക്കല്‍ എന്‍ജിനിയറിങ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം.
ബയോപോളിമര്‍ സയന്‍സ്: സെന്റര്‍ ഫോര്‍ ബയോപോളിമര്‍ സയന്‍സാണ് കോഴ്‌സ് നടത്തുന്നത്. 50 ശതമാനം മാര്‍ക്കോടെ ബി.എസ്‌സിയാണു യോഗ്യത. ഇലക്ട്രോണിക്‌സ് സയന്‍സ് (സ്‌പെഷലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, മൈക്രോവേവ്, ഇലക്ട്രോണിക്‌സ് ആന്റ് കംപ്യൂട്ടര്‍ ടെക്‌നോളജി) ഇലക്ട്രോണിക്‌സിലോ ഫിസിക്‌സിലോ 60 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി.
ഹൈഡ്രോ കെമിസ്ട്രി: കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, പെട്രോകെമിക്കല്‍സ്, എന്‍വയണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദം. ഫിസിക്‌സും മാത്തമാറ്റിക്‌സും ഉപവിഷയമായി പഠിച്ചിരിക്കണം.
ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്: സുവോളജി, ബോട്ടണി, ഫിഷറീസ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം.
ഇന്‍സ്ട്രുമെന്റേഷന്‍: ഇന്‍സ്ട്രുമെന്റേഷന്‍, ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം.
മാത്തമാറ്റിക്‌സ്: 55 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സില്‍ ബിരുദം.
മെറ്റീരിയോളജി, ഓഷ്യനോഗ്രാഫി: ഫിസിക്‌സിലോ മാത്തമാറ്റിക്‌സിലോ 55 ശതമാനം മാര്‍ക്കോടെ ബിരുദം.
ഫിസിക്‌സ്: 55 ശതമാനം മാര്‍ക്കോടെ ഫിസിക്‌സില്‍ ബിരുദം.
സ്റ്റാറ്റിസ്റ്റിക്‌സ്: സ്റ്റാറ്റിസ്റ്റിക്‌സിലോ മാത്തമാറ്റിക്‌സിലോ 55 ശതമാനം മാര്‍ക്കോടെ ബിരുദം.
സീഫുഡ് സേഫ്റ്റി ആന്റ് ട്രേഡ്: ഫിഷറീസ്, ഫുഡ് സയന്‍സ്, ബയോകെമസ്ട്രി, സുവോളജി, മൈക്രോബയോളജി എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലങ്കില്‍ ബി.എഫ്.എസ്.സി., ബി.ടെക് ഫുഡ് സയന്‍സ്, ഫുഡ് പ്രോസസിങ് ടെക്‌നോളജിയില്‍ ബിരുദം.
ഇരട്ട ബിരുദ പ്രോഗ്രാമുകളായ മാസ്റ്റര്‍ ഓഫ് ഇന്റലെക്ചല്‍ പ്രോപ്പര്‍ട്ടി റൈറ്റ്, പി.എച്ച്.ഡി., എല്‍.എല്‍.എം. പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
എംഐപിക്കു നിയമം, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് ഹിസ്റ്ററി, മാനേജ്‌മെന്റ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുമാണു യോഗ്യത.
എല്‍.എല്‍.എമ്മിന് 55 ശതമാനം മാര്‍ക്കോടെ നിയമ ബിരുദമാണു യോഗ്യത. എം.ടെക് പ്രോഗ്രാമുകള്‍ക്കു ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഗേറ്റ് സ്‌കോര്‍ ഇല്ലാത്തവരുടെ അഭാവത്തില്‍ ഡാറ്റ് സ്‌കോര്‍ ഉള്ളവരെയും പരിഗണിക്കും.
ത്രിവത്സര എല്‍.എല്‍.ബി, ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമുകള്‍ ഒഴികെയുള്ള മറ്റു പ്രവേശന പരീക്ഷകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ത്രിവത്സര എല്‍.എല്‍.ബി., ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമുകള്‍ക്കു എറണാകുളത്തു മാത്രമായിരിക്കും പരീക്ഷാ കേന്ദ്രം.
ഡിപ്പാര്‍ട്ട്‌മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് അതതു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വച്ചു മാത്രമായിരിക്കും നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്കു 100 രൂപയാണ് അപേക്ഷാ ഫീസ്. മറ്റു കോഴ്‌സുകള്‍ക്ക് 1000 രൂപ. ദുബായി സെന്റര്‍ തിരഞ്ഞെടുക്കന്നവര്‍ 10,000 രൂപ.
അപേക്ഷകര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഫീസ് അടക്കുകയും ചെയ്യണം. ഔദ്യോഗിക വെബ്‌സൈറ്റില്‍ കൂടി മാത്രമേ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവൂ.
അഡ്മിഷനും ക്യാറ്റുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും cusathelpdesk @gmail. com എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് മെയില്‍ ചെയ്യുകയോ 0484-25771 00/0484286225 6/0484 2577159 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാം. വെബ്‌സൈറ്റ്: www.cusat.ac.in.

You must be logged in to post a comment Login