ശറഫിയ എന്ന ലിറ്റില്‍ ഇന്ത്യ

ശറഫിയ എന്ന ലിറ്റില്‍ ഇന്ത്യ

ജിദ്ദയില്‍ ശറഫിയയിലായിരുന്നു ഞാനും മാലിക് മഖ്ബൂലും താമസിച്ചിരുന്ന ഹോട്ടല്‍. ഒരുപാട് സവിശേഷതകളുണ്ട് ശറഫിയക്ക്. ലിറ്റില്‍ ഇന്ത്യയെന്നാണ് ഈ പട്ടണത്തിന്റെ വിളിപ്പേര്. മലയാളികള്‍ക്ക് ലിറ്റില്‍ കേരളവും. അറേബ്യയില്‍ ഇത്രക്ക് മലയാളിത്തം അനുഭവപ്പെടുന്ന പട്ടണം കുറവാണ്. തൊഴില്‍ തേടിയുള്ള മലയാളിയുടെ പ്രവാസം തൊട്ടല്ല ശറഫിയക്ക് പ്രാധാന്യം കിട്ടുന്നത്. ഹജ്ജിനും ഉംറക്കുമായി മലയാളികള്‍ വന്നിരുന്ന കാലം തൊട്ടേ അവരുടെ തീര്‍ത്ഥാടനവുമായി ശറഫിയ ബന്ധപ്പെട്ടുനിന്നു. തീര്‍ത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ ശറഫിയയിലുണ്ട്. അവര്‍ മലയാളത്തില്‍ തന്നെ ബോര്‍ഡുകള്‍ എഴുതിവെച്ചിരിക്കുന്നു. അപരിചിതരായ മലയാളികളെ കണ്ടാല്‍ അവര്‍ പിടികൂടും. മലയാള ഭാഷയില്‍ തന്നെ ഈ പട്ടണത്തില്‍ പിടിച്ചുനില്‍ക്കാം. ഹിന്ദി കൂടി അറിഞ്ഞാല്‍ ഈ പട്ടണത്തിലെവിടെയും സഞ്ചരിക്കാം. കോഴിക്കോട്ടെ മിഠായിത്തെരുവിനു ചുറ്റും സഞ്ചരിക്കുന്ന അനുഭവം ശറഫിയ സമ്മാനിക്കും. ചെറിയ ചെറിയ ഗല്ലികള്‍. അവിടെ നിറയെ കച്ചവട കേന്ദ്രങ്ങള്‍. എവിടെയും മലയാളിമുഖങ്ങള്‍. പ്രവാസി, അവന്റെ ജന്മദേശം പോലെ കരുതിയ ഇത്തരം പട്ടണങ്ങളിലാണ് സ്വദേശിവത്കരണം അവരെ പ്രതിസന്ധിയിലാക്കിയത്.
ശറഫിയയിലെ ഭോജന ശാലകള്‍ക്കുമുണ്ട് സവിശേഷമായ മലയാളത്തനിമയും മാപ്പിളത്തനിമയും. രാവിലെ കഞ്ഞി കിട്ടുന്ന ഹോട്ടലുകളുണ്ട്. കുഴിമന്തിയും കഫ്‌സയും ഒക്കെ കേരളത്തിലേക്കയച്ച് പ്രവാസി മലയാളി കഞ്ഞിയിലും കപ്പയിലും പുട്ടിലും കടലയിലും അവന്റെ ദേശത്തെ നിലനിര്‍ത്തുന്നു. അല്ലെങ്കിലും മലയാളി അങ്ങനെയാണ്. ദൂരെയാവുമ്പോള്‍ ജന്മദേശത്തെ സ്‌നേഹിക്കും. നാട്ടിലാവുമ്പോള്‍ ദേശം വേണ്ടതാനും. ശറഫിയയിലെ ചില ഭക്ഷണശാലകളിലെ കുത്തരിയില്‍നിന്നുയരുന്ന ആവി കേരളത്തിന്റെ വിരലുകളായി നിങ്ങളെ വന്ന് തൊടും.

ശറഫിയയിലെ ഒരു ചത്വരത്തില്‍ പടര്‍ന്നുപന്തലിച്ച മരുമരങ്ങളുണ്ട്. അതിന് ചുറ്റും കരിങ്കല്ലുകൊണ്ട് തറ കെട്ടിയിട്ടുണ്ട്. അവിടെ സ്വാഭാവികമായ ഇരിപ്പിടങ്ങളുണ്ട്. ചെറിയ മതിലുകളുണ്ട്. മതിലുകളില്‍ ധാരാളം പോസ്റ്ററുകള്‍. സംഘടനകളുടെ അറിയിപ്പുകള്‍. തൊഴിലന്വേഷകര്‍ക്കുള്ള വിവരങ്ങള്‍. ഫോണ്‍ ഇത്രമേല്‍ പ്രചാരത്തിലാവും മുമ്പ് പ്രവാസികളുടെ വിനിമയങ്ങള്‍ ഇങ്ങനെയായിരുന്നു. വെള്ളിയാഴ്ചകളില്‍ മലയാളികള്‍ സംഗമിക്കും ഇവിടെ. നാട്ടുകാരെയും ബന്ധുക്കളെയും കണ്ടുമുട്ടും. നാട്ടിലേക്ക് കത്തോ പണമോ അത്യാവശ്യ സാധനങ്ങളോ കൊടുത്തുവിടാന്‍ ആളുകളെ കണ്ടെത്തും. നാട്ടുവിശേഷം പറഞ്ഞ് മരത്തണലില്‍ ഇരിക്കും. ചായ കുടിക്കും. ഈ ചത്വരത്തില്‍ മലയാളികളുടെ ചായക്കടകളുണ്ട്. പഴയതൊന്നും മലയാളി മറന്നിട്ടില്ല. അതുകൊണ്ടാണ് ഇവിടത്തെ ഭിത്തിയില്‍ നോട്ടീസുകള്‍ പ്രത്യക്ഷപ്പെടുന്നത്. വെടിപറഞ്ഞിരിക്കുന്നവരെ എല്ലായ്‌പോഴും കണ്ടെത്താം.
ദമാമില്‍നിന്ന് ജിദ്ദയിലെത്തിയ എന്നെയും മാലികിനെയും സ്വീകരിച്ചത് അബൂബക്കര്‍ അരിമ്പ്രയും മജീദ് കോട്ടീരിയുമൊക്കെയാണ്. ചുറ്റി നടത്തത്തില്‍ മജീദ് പലപ്പോഴും ഒപ്പമുണ്ടായിരുന്നു. പിന്നീട് സമദ് പട്ടന്‍ എന്ന സുഹൃത്ത് കൂടി വന്നു. ഒരു ഭക്ഷണശാലയില്‍ വെച്ചാണ് പി എം എ റഊഫിനെ കണ്ടത്. കെ എം സി സിയുമായി വളരെ ബന്ധമുണ്ടായിരുന്നു ഒരിക്കല്‍ റഊഫിന്. ഇപ്പോള്‍ മിക്കവാറും സ്വതന്ത്രന്‍. റഊഫ് എഴുത്തുകാരനും ഗവേഷകനുമാണ്. രാജകുടുംബവുമായി വളരെ അടുപ്പമാണ്. ജോലിയും അവിടെത്തന്നെ. സഊദി സര്‍ക്കാരിനുവേണ്ടി കഅ്ബയെക്കുറിച്ച് വലിയൊരു ഗ്രന്ഥത്തിന്റെ രചനയിലാണ്. അതിസൂക്ഷ്മമായ പഠനം. ലോകത്തിലെ അതിപൗരാണികമായ ആരാധനാ കേന്ദ്രമാണ് കഅ്ബ. അതിന്റെ ചരിത്രം ഇസ്‌ലാമിന്റെ പൂര്‍വകാലത്തേക്ക് ആഴത്തില്‍ വേരാഴ്ത്തി നില്‍ക്കുന്നതാണ്. ലോകനാഗരികതയുടെ ചരിത്രത്തില്‍ ഈ ആരാധനാലയത്തിന് അത്രയ്ക്ക് പ്രാധാന്യമുണ്ട്. മാനവരാശിക്കു കിട്ടിയ മഹാസമ്പത്താണത്. അതിന്റെ സമ്പൂര്‍ണ ചരിത്രമാണ് റഊഫ് എഴുതുന്നത്. പഠിക്കുന്തോറും വിസ്മയം കൂടിവരുന്നു.

തീര്‍ത്ഥാടക ഭൂപടത്തിലും വിനോദ സഞ്ചാര ഭൂപടത്തിലും സവിശേഷ പ്രാധാന്യമുള്ള ജിദ്ദ മക്കയിലേക്കും മദീനയിലേക്കുമുള്ള കവാടമാണ്. ചെങ്കടലിനോട് അതിരിട്ടുകിടക്കുന്ന പട്ടണം. ജിദ്ദയിലെത്തുമ്പോള്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ കൂടുതല്‍ വേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. ജിദ്ദയിലെനിക്ക് ഒത്തിരി സുഹൃത്തുക്കളുണ്ട്. ചില റഫറന്‍സ് ആവശ്യമുള്ളതുകൊണ്ട് കിംഗ് അബ്ദുല്‍അസീസ് യൂനിവേഴ്‌സിറ്റിയില്‍ എനിക്ക് പോകേണ്ടതുണ്ടായിരുന്നു. അവിടുത്തെ ലൈബ്രറി ഒന്നാംതരമാണെന്ന് കേട്ടിരുന്നു. അവിടേക്ക് എന്നെ കൊണ്ടുപോകാന്‍ ഇസ്മാഈല്‍ മരിതേരി വന്നു. പ്രഗത്ഭനായ ഇംഗ്ലീഷ് അധ്യാപകനാണ് ഇസ്മാഈല്‍. പ്രഭാഷകനാണ്. പരിഭാഷകനാണ്. കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലെത്തിയപ്പോള്‍ കുമരനെല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കാണ് ആദ്യം വന്നത്. അക്കാലത്ത് ഞാനും അവിടെ അധ്യാപകനായിരുന്നു. രണ്ട് വര്‍ഷക്കാലം ഞങ്ങള്‍ ഒന്നിച്ച് ജോലി ചെയ്തു. ആ ദിനങ്ങള്‍ രസകരമായിരുന്നു. ഇസ്മാഈലിനെപ്പോലെ ജീവിതത്തെ ഇത്രക്ക് പോസിറ്റീവായി സമീപിക്കുന്ന ചങ്ങാതിമാര്‍ വിരളമാണെനിക്ക്.

സദാസമയവും ചിരിക്കുന്ന പ്രകൃതക്കാരന്‍. പീസു എന്നാണ് ഇസ്മാഈല്‍ എന്നെ വിളിക്കുക. കുമരനെല്ലൂരില്‍ ജോലി ചെയ്തിരുന്നപ്പോള്‍ നാറാണത്തുഭ്രാന്തന്റെ മലയിലും താഴ്‌വരയിലുമൊക്കെ ഞങ്ങള്‍ ചുറ്റിനടന്നിരുന്നു. ജിദ്ദയിലും ചുറ്റി നടത്തത്തിന് എന്നോടൊപ്പം കൂടാന്‍ കഴിയാത്തതില്‍ ആദ്യമേ അവന്‍ ക്ഷമ ചോദിച്ചു. കാമ്പസിലേക്ക് ഇസ്മാഈല്‍ എന്നെ കൊണ്ടുപോയി. വിശാലമായ കാമ്പസാണത്. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലായതിനാല്‍ അറബി ഭാഷ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് അവന്‍ പറഞ്ഞു. വര്‍ഷങ്ങളായി യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിട്ടും അറബി അനായാസമായി കൈകര്യം ചെയ്യാന്‍ ഇസ്മാഈലിന് സാധിക്കുന്നില്ല. തന്റെ വിദ്യാര്‍ത്ഥികളെ അനായാസമായി കയ്യിലെടുക്കാനുള്ള ഇസ്മാഈലിന്റെ പാടവം കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ വെച്ച് ഞാനറിഞ്ഞതാണ്. ഈ യൂനിവേഴ്‌സിറ്റി കാമ്പസിലും ഞാനത് കണ്ടു. യാത്ര പോകുമ്പോഴോ വെക്കേഷന്‍ കഴിഞ്ഞുവരുമ്പോഴോ തന്റെ വിദ്യാര്‍ത്ഥികള്‍ സമ്മാനം കൊണ്ടുവരാറുണ്ടെന്ന് ഇസ്മാഈല്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി ജിസാനിലെ മാമ്പഴത്തോപ്പില്‍നിന്ന് ഒരു കൂട മാമ്പഴവുമായി വന്നതിനെപ്പറ്റി വാചാലനായപ്പോള്‍ അറേബ്യന്‍ മാമ്പഴത്തിന്റെ രുചി ഞാനും അനുഭവിച്ചു. ലൈബ്രറിയില്‍ ഞങ്ങള്‍ ചുറ്റിനടന്നു. എനിക്കാവശ്യമുള്ള ചില പുസ്തകങ്ങളുടെ സിറോക്‌സ് കോപ്പികള്‍ എടുപ്പിച്ചു.
ആ മന്ദിരത്തില്‍ ധാരാളം പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധിച്ചു. സമകാലീന ചിത്രകല വളരെ മികച്ചതാണ് സഊദിയില്‍. പുറം രാജ്യങ്ങളില്‍ പോയി ചിത്രകല അഭ്യസിച്ച ധാരാളം യുവാക്കളുണ്ട്. ചിത്രകലാ പ്രദര്‍ശനങ്ങളും ധാരാളമായി നടക്കുന്നു. അറബി കാലിഗ്രാഫ് ഉപയോഗിച്ചുകൊണ്ടുള്ള നൂതന രചനകളുണ്ട്. രൂപവ്യത്യാസം കൊണ്ടും പ്രതല വിന്യാസം കൊണ്ടും അതീവ ശ്രദ്ധേയമായ രചനകള്‍ ഞാന്‍ ശ്രദ്ധിച്ചു. ഏറ്റവും പുതിയ തലമുറയിലെ ചിത്രകാരന്മാരുടേതാണവ. പരമ്പരാഗതമായ മാധ്യമങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള രചനകള്‍ സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. നിറങ്ങളുടെ പ്രയോഗത്തിലുമുണ്ട് നൂതനത്വം. പരീക്ഷണങ്ങളില്‍ വ്യാപൃതരാവുമ്പോഴും അറബ് സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ചിത്രങ്ങളില്‍ സന്നിവേശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.

ശരീഫ് സാഗര്‍ ഞങ്ങളെ കാണാന്‍ വന്നു. ചന്ദ്രിക പത്രത്തിലെ ലേഖകനാണ് ശരീഫ്. കോഴിക്കോട് ചന്ദ്രികയില്‍ ജോലി ചെയ്തിരുന്നപ്പോഴേ ശരീഫ് സാഗറിനെ എനിക്കറിയാം. പിന്നീട് കുറച്ചുകാലം അവന്‍ ഖത്തര്‍ ചന്ദ്രികയിലുമുണ്ടായിരുന്നു. പിന്നീടാണ് സഊദിയില്‍ എത്തിയത്. അവരുടെയൊക്കെ നേതൃത്വത്തില്‍ നടക്കുന്ന സാഹിത്യ കൂട്ടായ്മയില്‍ എനിക്ക് ഒരു പ്രഭാഷണം നടത്തേണ്ടതുണ്ടായിരുന്നു. നല്ല കഥാകൃത്തും നോവലിസ്റ്റുമാണ് ശരീഫ്. പശുരാഷ്ട്രീയം പ്രമേയമാവുന്ന ഫൂക്ക എന്ന നോവലാണ് സമീപകാലത്ത് അവന്‍ പുറത്തിറക്കിയത്.
ജിദ്ദയില്‍ വരുമ്പോള്‍ ചെങ്കടലിലെ കുളി വിട്ടുപോകരുതെന്ന് മാലിക് പറഞ്ഞിരുന്നു. ചെങ്കടലിലേക്ക് കുളിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം ശരീഫും അരുവി മോങ്ങവും വന്നു. കടല്‍തീരത്തുകൂടി കുറെ ദൂരം കാറോടിച്ചു. പാറക്കെട്ടുകള്‍ നിറഞ്ഞ, ശക്തമായ തിരകളില്ലാത്ത ആഴം കുറഞ്ഞ ചില ഭാഗങ്ങളുണ്ട്. അവിടേക്കാണ് അരുവി കാറോടിച്ചത്. അവിടെ റിസോര്‍ട്ടുകള്‍ ധാരാളമുണ്ട്. സമ്പന്നരായ അറബികളുടെ വിനോദ മന്ദിരങ്ങളുണ്ട്. ഞങ്ങള്‍ കുളിക്കാനായി തിരഞ്ഞെടുത്ത സ്ഥലത്ത് ഒട്ടും ആള്‍ത്തിരക്കില്ലായിരുന്നു. പ്രാതല്‍ കഴിക്കും മുമ്പാണ് ഞങ്ങള്‍ അവിടെയെത്തിയത്. മഞ്ഞുകാലമായതുകൊണ്ട് വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. രസകരമായിരുന്നു ചെങ്കടല്‍ സ്‌നാനം. എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ അറേബ്യ തന്ന സമ്മാനം.

പി സുരേന്ദ്രന്‍

 

You must be logged in to post a comment Login