ഇന്ത്യക്ക് പുറത്ത് പാകിസ്താനിലും ബംഗ്ലാദേശിലും നേപ്പാളിലും ഇന്തോനേഷ്യയിലും ബാലിയിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഹൈന്ദവ ആരാധനാലയങ്ങള്‍ ധാരാളമുണ്ട്. ക്ഷേത്രദര്‍ശനവും വിഗ്രഹപൂജയും ഹിന്ദുക്കളുടെ വിശ്വാസാചാരങ്ങളുടെ ഭാഗമായത് കൊണ്ട് ക്ഷേത്രങ്ങളുടെ സാമീപ്യം അവര്‍ ആഗ്രഹിക്കുക സ്വാഭാവികം. അറബ് ഇസ്‌ലാമിക ലോകത്ത് ക്രൈസ്തവ, യഹൂദ വിഭാഗങ്ങളുടെ എണ്ണമറ്റ ദേവാലയങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. മതസഹവര്‍ത്തിത്വത്തിന്റെ പൗരാണികമായ പാരമ്പര്യത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. ഹൈന്ദവസമൂഹം അറബ് ഇസ്‌ലാമിക ലോകത്ത് അടുത്തകാലം വരെ തുലോം വിരളമായത് കൊണ്ട് അമ്പലങ്ങളുടെ പ്രസക്തി ഉയരാറില്ല. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ വിശ്വാസിസമൂഹം ജീവസന്ധാരണം തേടി കുടിയേറിയതോടെ അവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ വേണമെന്ന ആവശ്യം പല കോണുകളില്‍നിന്നും നിശബ്ദമായി ഉയര്‍ന്നു. ഓരോ ഹിന്ദുവിശ്വാസിക്കും തങ്ങളുടെ ഹിതത്തിനനുസൃതമായ ദൈവങ്ങളെ വീട്ടിനകത്ത് പോലും പ്രതിഷ്ഠിക്കാവുന്നത് കൊണ്ട് അമ്പലമില്ലാത്തതിനാല്‍ വിശ്വാസജീവിതം അവതാളത്തിലായതായി ആരും വിലപിച്ചുകാണാറില്ല. ‘കമ്യൂണിറ്റി ലൈഫ്’ അന്വര്‍ഥകമാകുന്നത് ദേവാലയ പരിസരത്താണെന്നതിനാല്‍ ക്ഷേത്രദര്‍ശനം ഭക്തര്‍ സ്വപ്‌നമായി കൊണ്ടുനടന്നിട്ടുണ്ടാവം. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ആരാധനാലയങ്ങള്‍ പണിയുന്നത് ഇന്ത്യനവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. യു.എ.ഇയുടെ ആസ്ഥാനമായ അബൂദബിയില്‍ ബൃഹത്തായ ഒരു ക്ഷേത്രം പണിയുന്നതിന് നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ച ഔല്‍സുക്യത്തിന്റെ പൊരുള്‍ തേടുമ്പോള്‍ അതിനു പിന്നിലെ സാംസ്‌കാരിക അജണ്ടയും രാഷ്ട്രീയലക്ഷ്യവും തൊട്ടുകാണിക്കാതിരുന്നിട്ട് കാര്യമില്ല. രാജ്യത്തിനു ഒരു മതത്തോടും വിശേഷിച്ച് മമതയോ വിധേയത്വമോ ഇല്ലാത്ത, ഇന്ത്യ പോലൊരു ‘സെക്കുലര്‍’ ഭരണവ്യവസ്ഥയില്‍ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം കെട്ടിപ്പൊക്കുന്നതിനു സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശം, നമ്മുടെ രാഷ്ട്രശില്‍പികള്‍ വിഭാവന ചെയ്ത മതേതര സങ്കല്‍പത്തെ നിരാകരിക്കുന്നതാണ്. ഏതെങ്കിലുമൊരു മതത്തോടും അതിന്റെ അനുയായികളോടും കാണിക്കുന്ന മമതയും പ്രീണനവും സ്‌റ്റേറ്റിന്റെ ആന്തരിക ചിന്തയെതന്നെ കലുഷിതമാക്കുന്നുണ്ട്. ഫെബ്രുവരി രണ്ടാംവാരം പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചതുര്‍ദിന പര്യടനത്തില്‍ ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും മുഖ്യലക്ഷ്യം സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനവും ശിലാന്യാസവുമാണെന്ന് മനസിലാവുന്നുണ്ട്. 55,000 ച.മീറ്റര്‍ വിസ്തീര്‍ണമുള്ള ക്ഷേത്രം പണിയാന്‍ 13ഏക്കര്‍ ഭൂമിയാണെത്ര അബൂദബി കിരീടാവകാശി ദാനം ചെയ്തത്. ശിലാന്യാസ ചടങ്ങ് കെങ്കേമമാക്കാന്‍ ദുബൈ ഓപ്പറ ഹൗസില്‍ യൂ.എ.ഇ ഭരണാധികാരികള്‍ അത്യാവേശത്തോടെ സന്നിഹിതരായപ്പോള്‍ പ്രധാനമന്ത്രി മോഡിയുടെ മനസിനകത്തേക്ക് സരയൂ നദി ഒരു നൊമ്പരത്തിന്റെ കുഞ്ഞോളങ്ങളായി ചിതറിവീശേണ്ടതായിരുന്നു. കുറ്റബോധത്താല്‍ അദ്ദേഹം നമ്രശിരസ്‌കനാവേണ്ടിയിരുന്നു. നാലര നൂറ്റാണ്ടുകാലം മുസ്‌ലിംകള്‍ ആരാധിച്ച ഒരു ദൈവഗേഹം തച്ചുതകര്‍ത്തു, അവിടെ രാമന്റെ പേരില്‍ ക്ഷേത്രം പണിയാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു വിചാരധാരയുടെ പ്രതിനിധിയും വക്താവുമാണ് താനെന്ന് മോഡി ആത്മവിചിന്തനം നടത്തേണ്ടതുണ്ടായിരുന്നു. ഏത് മതസമൂഹത്തെയാണോ ശത്രുപക്ഷത്തുനിറുത്തി, കാപാലികതയുടെ ക്രൗര്യങ്ങള്‍ പുറത്തെടുത്തത്, ആ ജനതയുടെ പ്രതിനിധികളാണ് അബൂദബിയില്‍ ബൃഹത്തായൊരു അമ്പലം പണിയാന്‍ ഭൂമി ദാനം ചെയ്തത് എന്നോര്‍ക്കുമ്പോള്‍ സ്വയം ലജ്ജിച്ചു തല താഴ്‌ത്തേണ്ടതില്ലേ.
മോഡിക്കറിയുമോ ഇസ്‌ലാമിന്റെ സഹിഷ്ണുതാ പാഠങ്ങള്‍
ശിലാന്യാസ ചടങ്ങില്‍ സന്നിഹിതരായ പതിനായിരങ്ങളെ സാക്ഷിനിറുത്തി മോഡി മൊഴിഞ്ഞ വാക്കുകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നത് അതിലടങ്ങിയ കാപട്യമോ വൈരുധ്യമോ കൊണ്ടാണ്. ”അബൂദബിയില്‍ ഒരു ക്ഷേത്രം നിര്‍മിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ കിരീടവകാശി മുന്നോട്ടുവന്നപ്പോള്‍ ജനം ആശ്ചര്യം പൂണ്ടു. 125കോടി ഇന്ത്യക്കാര്‍ക്കുവേണ്ടി ഞാന്‍ അദ്ദേഹത്തോട് ഹൃദയംഗമമായി കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ ക്ഷേത്രം ഇന്ത്യയുടെ സ്വത്വത്തിന്റെ മാധ്യമമായിരിക്കും. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാവരോടും എനിക്കുണര്‍ത്താനുള്ളത് ഇന്ത്യയോട് ഇവിടുത്തെ ഭരണാധികാരകള്‍ അങ്ങേയറ്റത്തെ ആദരവാണ് കാണിച്ചിരിക്കുന്നത്. അവര്‍ ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തില്‍ അഭിമാനം കൊള്ളുന്നു. നമ്മുടെ ഭാഗത്തുനിന്ന് ഒരു തെറ്റും വരാതിരിക്കാന്‍ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.” ക്ഷേത്രം പണിയാന്‍ അനുമതി നല്‍കാനും ഭൂമി ദാനം ചെയ്യാനും ഒരു മുസ്‌ലിം രാജ്യത്തെ ഭരണാധികാരി പ്രദര്‍ശിപ്പിച്ച സൗമനസ്യത്തില്‍ പ്രധാനമന്ത്രി മോഡി അദ്ഭുതം കൂറിയത് അദ്ദേഹത്തിനു ഇസ്‌ലാമിന്റെ ഗതകാലത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. ഇതര മതസ്ഥരുടെ ആരാധനാലയങ്ങളെ ബഹുമാനിക്കാനും ആരാധനാ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാനും അവരുടെ സാംസ്‌കാരിക പുഷ്ടിക്കായി ഖജനാവില്‍നിന്ന് പണമെടുത്ത് ചെലവിടാനും എക്കാലത്തും മുസ്‌ലിം ഭരണകൂടങ്ങള്‍ വിശാലമനസ്‌കത കാണിച്ചിട്ടുണ്ട്. അറബ് മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യയോട് കാണിക്കുന്ന ആദരവ് ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വിദ്വേഷജഢിലവും ആക്രമണോല്‍സുകവുമായ ഒരു സംസ്‌കാരത്തോടല്ല. പ്രത്യുത, അന്യന്റെ വിശ്വാസത്തെ മാനിക്കുകയും അവരുടെ ദേവാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന ഹിന്ദുത്വേതരമായ മഹിത പാരമ്പര്യത്തോടാണ്. ആ പാരമ്പര്യത്തിന്റെ നിഷേധനിരയിലാണ് ആര്‍.എസ്.എസ് നിലയുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ബാബരി മസ്ജിദ് തച്ചുടച്ച് ആ സ്ഥാനത്തുതന്നെ ക്ഷേത്രം പണിയാന്‍ പദ്ധതികളാവിഷ്‌കരിച്ചതും ലോകം നോക്കിനില്‍ക്കെ മസ്ജിദ് പൊടിപടങ്ങലാക്കി ചരിത്രത്തിലേക്ക് വലിച്ചെറിഞ്ഞതും. നമ്മുടെ ഭാഗത്തുനിന്ന് ഒരു തെറ്റും വരാതിരിക്കാന്‍ സൂക്ഷിക്കണമെന്ന ഉപദേശം പോലും അസ്ഥാനത്താണ്. ഇന്ത്യയുടെ വര്‍ത്തമാനകാല ദുരന്താവസ്ഥയെ കുറിച്ച് മറ്റേത് രാജ്യവും പോലെ ഗള്‍ഫ് രാജ്യങ്ങളും ഉത്കണ്ഠാകുലരാണ്. വിശ്വാസിസമൂഹത്തോട് മോഡി സര്‍ക്കാര്‍ കാണിക്കുന്ന വിവേചനവും നീതിനിഷേധവും കണ്ടില്ലെന്ന് കരുതേണ്ട. ഇത്തരം സൗമനസ്യങ്ങളിലൂടെയെങ്കിലും ഇരുള്‍മുറ്റിയ ഉള്ളകങ്ങളില്‍ വെളിച്ചം തെളിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നുണ്ടാവണം.
മരുക്കാട്ടില്‍, ഹൈന്ദവ വിശ്വാസസംഹിതക്ക് അപരിചിതമായ ഒരു ആവാസ വ്യവസ്ഥയില്‍ ക്ഷേത്രം സ്ഥാപിക്കാന്‍ അറബ് ഇസ്‌ലാമിക ലോകം കാണിക്കുന്ന സഹിഷ്ണുതാപരമായ തീരുമാനത്തിനു മുന്നില്‍ ഒരുനിമിഷം മോഡിയും അനുയായികളും ചിന്തിച്ചിരുന്നുവെങ്കില്‍. യു.എ.ഇയിലെ രണ്ടാമത്തെ ഹിന്ദുക്ഷേത്രമാണ് ഉയരാന്‍ പോകുന്നത്. ദുബൈ നഗരം മഹാദ്ഭുതമായി മോഡിക്ക് അനുഭവവേദ്യമായെങ്കില്‍ പാരസ്പര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ‘ദുബൈ മാതൃക’യെ കുറിച്ചാണ് അദ്ദേഹം പഠിക്കേണ്ടത്. മതസമൂഹങ്ങള്‍ക്ക്, അന്യനാട്ടുകാരാണെങ്കില്‍ പോലും പൂര്‍ണമായ സ്വാതന്ത്ര്യമാണ് വകവെച്ചുകൊടുക്കുന്നത്. 55 കോപ്റ്റിക് ചര്‍ച്ചുകളും മതകേന്ദ്രങ്ങളും യു.എ.ഇയിലുണ്ട്. 1974ല്‍ അബൂദബിയില്‍ താമസിക്കുന്ന മുപ്പതോളം കോപ്റ്റിക് ക്രിസ്ത്യന്‍ കുടുംബത്തിന് ആരാധനക്കായി പണികഴിപ്പിച്ച സെന്റ് ആന്റണി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൊണ്ടാണ് തുടക്കം . ഭരണാധികാരികള്‍ ദാനം ചെയ്ത ഭൂമിയിലാണ് ദേവാലയങ്ങളെല്ലാം പണിതിട്ടുള്ളത്. യു.എ.ഇ പോലെ തങ്ങള്‍ക്ക് പൂര്‍ണ മതസ്വാതന്ത്ര്യം വകവെച്ചുതരുന്ന ഭൂപ്രദേശം ലോകത്ത് വേറെ ഇല്ലെന്ന് ഈ യാഥാസ്ഥിതിക വിശ്വാസിസമൂഹം പരസ്യമായി പ്രഖ്യാപിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലാലമ്പൂരില്‍ സംഘടിപ്പിക്കപ്പെട്ട മതാന്തര ഉച്ചകോടിയില്‍ പങ്കെടുത്ത ക്രൈസ്തവ, ഹൈന്ദവ പ്രതിനിധികള്‍ യു.എ.ഇ ഭരണകര്‍ത്താക്കള്‍ വകവെച്ചുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലമായത് ശാഹിദ് ഇപ്പോഴും ഓര്‍ക്കുന്നു. സ്വന്തം രാജ്യത്തു കിട്ടുന്ന സ്വാതന്ത്ര്യത്തെക്കാള്‍ ഈ സൈകതഭൂമി തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും വളരെ ശുഷ്‌ക്കമായ സമൂഹമായിട്ടും ഒരുതരത്തിലുള്ള വിവേചനവും അനുഭവിക്കേണ്ടിവരാറില്ലെന്നും ഗുജറാത്തില്‍നിന്നുള്ള മാര്‍വാടി സമൂഹത്തിന്റെ പ്രതിനിധികള്‍ ആവേശപൂര്‍വം പറഞ്ഞപ്പോള്‍ ഒരൊറ്റ ചോദ്യമേ ശാഹിദിന് അവരോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ട് നിങ്ങളുടെ ജന്മദേശത്തുവന്ന് ഈ സത്യം വിളിച്ചുപറയുന്നില്ല. ഇസ്‌ലാമോഫോബിയ ഒരു മതത്തിന്റെ മുഖത്ത് കരിവാരിത്തേച്ചുകൊണ്ടിരിക്കുന്ന ഈ ആസുര കാലത്ത് കൃതജ്ഞതയുടെ മൃദുസ്വനങ്ങള്‍ക്ക് പോലും മുന്‍വിധികള്‍ മാറ്റിയെടുക്കാന്‍ ഒരു പരിധിവരെയെങ്കിലും സാധിക്കില്ലേ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയില്ല. പടിഞ്ഞാറന്‍ ലോകത്ത്, വിശിഷ്യാ യൂറോപ്പിലും അമേരിക്കയിലും ഇസ്‌ലാം ഭത്സന പദ്ധതികളുമായി ഭരണകൂടം പോലും മുന്നോട്ടുപോകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടിയേറിയ ക്രൈസ്തവവിശ്വാസികള്‍ക്ക് എന്തുകൊണ്ട് സത്യദൂതുമായി അവരുടെ വിശ്വാസലോകത്തേക്ക് പറന്നുകൂടാ എന്ന ജിജ്ഞാസക്കും അറുതിയുണ്ടായില്ല. 2014ല്‍ അലക്‌സാണ്ട്രിയയിലെ കോപ്റ്റിക് പാട്രിയാര്‍ക്ക് പോപ് തവോദ്രാസ് രണ്ടാമന്‍ യു.എ.ഇ സന്ദര്‍ശത്തിന് പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തെ കൊണ്ടുവരാന്‍ അബൂദബിയില്‍നിന്ന് ഈജിപ്തിലേക്ക് ചാര്‍ട്ടേഡ് വിമാനം അയക്കുകയായിരുന്നു. യു.എ.ഇ സ്ഥാപകനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലുള്ള അബൂദബിയിലെ ബൃഹത്തായ മസ്ജിദില്‍നിന്നാണ് പോപ്പ് തന്റെ സന്ദര്‍ശനം തുടങ്ങിയത് തന്നെ.
മുസ്‌ലിം വ്യക്തി നിയമബോര്‍ഡിലും ആര്‍.എസ്.എസ്
കടലിന്നക്കരെ ഊഷരമായ മരുക്കാട്ടില്‍ മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ആയിരം കുസുമങ്ങള്‍ ഒരുമിച്ചു വിരിഞ്ഞ ശുഭമുഹൂര്‍ത്തത്തിലും ഇങ്ങ് സരയൂതീരത്ത് കാലുഷ്യം കുമിഞ്ഞുകൂടുകയായിരുന്നു. ബാബരി ധ്വംസനത്തിന്റെ കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും സ്വാതന്ത്ര്യലബ്ധിതൊട്ട് രാജ്യത്തിന്റെ ഉറക്കം കെടുത്തുന്ന സമസ്യക്ക് പ്രതിവിധി ആയില്ല എന്നല്ല, കൂടുതല്‍ കാപട്യവും അനീതിയും തിടംവെച്ചാടുന്ന അതിഭീഷണമായ അവസ്ഥ. കോടതിവിധിയിലൂടെ തര്‍ക്കത്തിന് പരിഹാരമാവാം എന്ന മാന്യമായ ഫോര്‍മുല പോലും കാറ്റില്‍ പറത്തി ആര്‍.എസ്.എസും ബി.ജെ.പി സര്‍ക്കാരും ഒത്തൊരുമിച്ചു നടത്തുന്ന വൃത്തികെട്ട കളിയുടെ ഭാഗമായി, ക്ഷേത്രം പണിതേ അടങ്ങൂ എന്ന ആയുധമുഷ്‌കിന്റെയും അധികാരഗര്‍വിന്റെയും സ്വരം ഉയര്‍ന്നുകേള്‍ക്കുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17നു ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് ന്യൂഡല്‍ഹിയില്‍ നയതന്ത്രപ്രതിനിധികളുമായുള്ള ആശയവിനിമയ പരിപാടിയില്‍ ചോദ്യത്തിനു ഉത്തരമായി പറഞ്ഞു; താമസിയാതെ കോടതി വിധി ഉണ്ടാവുമെന്നും തങ്ങള്‍ അത് സ്വീകരിക്കുമെന്നും. ഇതേ, സര്‍സംഘ്ചാലകിന് ദിവസങ്ങള്‍ക്കു ശേഷം പറയാനുണ്ടായിരുന്നത്, തര്‍ക്കസ്ഥലത്ത് ഒരു നിര്‍മിതിയേ ഉയരൂ അത് രാമക്ഷേത്രമായിരിക്കും എന്നാണ്. അതായത്, ബാബരി കേസില്‍ കോടതിവിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് സംഘ്പരിവാര്‍ ഇപ്പോള്‍ തന്നെ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ്. രാമക്ഷേത്ര നിര്‍മാണം ഹിന്ദുത്വക്ക് അനിവാര്യമായി വന്നിരിക്കുന്നത് മോഡി ഭരണത്തിന്റെ നൈരന്തര്യം ഉറപ്പാക്കാനാണ്. ഹിന്ദുഇന്ത്യയുടെ പ്രതീകമായാണ് ഇവര്‍ രാമക്ഷേത്രത്തെ കാണുന്നത്. മോഡി അബൂദബിയില്‍ പറഞ്ഞതും അതാണ്; ഇന്ത്യയുടെ അടയാളമായി, ചിഹ്നമായി ഈ ക്ഷേത്രം മരുഭൂമിയില്‍ പരിലസിക്കുമെന്ന്. ഇന്ത്യ നാമറിയാതെ ഹിന്ദുരാഷ്ട്രമായി മാറിക്കഴിഞ്ഞുവെന്ന് സമ്മതിച്ചുകൊടുക്കണമെന്ന് ചുരുക്കം.
രാമക്ഷേത്രത്തിന്റെ രാഷ്ട്രീയത്തെ സൂക്ഷ്മതലത്തില്‍ വായിക്കേണ്ടത് ഇവിടെയാണ്. രാമക്ഷേത്രനിര്‍മാണം മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടന പ്രക്രിയയാണെത്ര. ഭൂരിപക്ഷത്തിന്റെ ആധിപത്യം വീണ്ടെടുത്തതിന്റെ ഔദ്യോഗിക ചടങ്ങ്. രാമജന്മഭൂമി പ്രക്ഷോഭത്തിന് ബി.ജെ.പിയുടെ പക്ഷത്തു നേതൃസ്ഥാനത്തുണ്ടായിരുന്ന എല്‍.കെ അദ്വാനി പലതവണ ഊന്നിപ്പറഞ്ഞ ഒരു വസ്തുത അയോധ്യ പ്രക്ഷോഭം രാമക്ഷേത്രം പടുത്തുയര്‍ത്താന്‍ വേണ്ടി മാത്രമുള്ളതല്ല എന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദിശ മാറ്റിയെഴുതുന്ന തരത്തില്‍ ഹിന്ദുത്വയെ ഒരു ബദല്‍ ദേശീയദര്‍ശനമായി ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരുപകരണമാണതെന്നും അദ്ദേഹം അസന്ദിഗ്ധമായി പറയുന്നു.
മതേതരചേരി ഇതുപോലെ ദുര്‍ബലമായ ഒരു കാലഘട്ടം സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായിട്ടില്ല. മതേതരത്വം എന്ന പദം പോലും അശ്ലീലമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ പോലും ‘സെക്കുലര്‍’ എന്ന പ്രയോഗം വായില്‍നിന്ന് വീഴാതിരിക്കാന്‍ ബദ്ധശ്രദ്ധരാണ്. അയോധ്യപ്രക്ഷോഭത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ബാക്കി നില്‍ക്കുന്നത് പരമോന്നത നീതിപീഠത്തിനു മുന്നില്‍ 1949തൊട്ട് പൊടിപിടിച്ചുകിടക്കുന്ന ബാബരി കേസ് കെട്ടുകളാണ്. ആ കേസിന്റെ വിധി തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള വൃത്തികെട്ട കളികളാണ് മറയ്ക്കുപിന്നില്‍ അരങ്ങേറുന്നത്. കോടതി വിധി പറയുന്നതിനു മുമ്പു തന്നെ ക്ഷേത്രം ഉയര്‍ന്നുപൊങ്ങണമെന്ന ഗൂഢലക്ഷ്യത്തോടെ അണിയറയില്‍ പുരോഗമിക്കുന്ന ഹിന്ദുത്വയുടെ കാപാലികത എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡില്‍ പോലും നുഴഞ്ഞുകയറാന്‍ അവര്‍ക്കു സാധിച്ചുവെന്നത്. ആദ്യം ശീഈ വിഭാഗത്തെ സുന്നികളില്‍നിന്ന് വേര്‍പെടുത്തി, ക്ഷേത്രനിര്‍മാണത്തിനു വേണ്ടി അണി നിരത്തി. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാനായി സ്വയം അവരോധിതനായ വസീം റിസ്‌വിയെ കൊണ്ട് കുട്ടിക്കുരങ്ങ് കളിപ്പിക്കുകയായിരുന്നു ഇതുവരെ. സ്വാര്‍ഥലാഭങ്ങള്‍ക്കായി ഈ മനുഷ്യന്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മൊത്തം ഒറ്റിക്കൊടുക്കുകയായിരുന്നു. ആ നിരയിലേക്ക് യശശ്ശരീരനായ അബുല്‍ ഹസന്‍ നദ്‌വി സാഹിബിന്റെ ബന്ധു കൂടി കടന്നുവന്നു എന്നത് ഞെട്ടിപ്പിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നും ബാബരിപ്പള്ളി ലഖ്‌നോവില്‍ സ്ഥാപിക്കാമെന്നുമൊക്കെ വിളിച്ചുപറഞ്ഞിരിക്കുന്നത് പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കൂടിയായ മൗലാനാ സല്‍മാന്‍ നദ്‌വിയാണ്. ആര്‍.എസ്.എസിന്റെ ആസ്ഥാനത്തു കടന്നുചെല്ലാനും മധ്യസ്ഥന്റെ ഉത്തരീയമണിഞ്ഞ കൊടിയ വര്‍ഗീയവാദിയായ ശ്രീ ശ്രീ രവിശങ്കറുമായി ചര്‍ച്ച നടത്താനും ഇദ്ദേഹം മുന്നോട്ടുവന്നത് വലിയൊരു മുന്നറിയിപ്പ് കൂടിയാണ്. ഒരുവേള ഐ.എസ് സ്ഥാപകന്‍ അബൂബക്കര്‍ ബഗ്ദാദിയെ പ്രകീര്‍ത്തിച്ചു സംസാരിക്കാറുള്ള ഈ തീവ്രവാദചിന്താഗതിക്കാരനെ ഹിന്ദുത്വവാദികള്‍ വിലക്കെടുത്തിരിക്കുന്നത് എന്‍.ഐ. എയുടെ വലയില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തുമാണെത്ര. വ്യക്തിനിയമ ബോര്‍ഡില്‍നിന്ന് പുറന്തള്ളപ്പെട്ട ശേഷവും സംഘ്പരിവാര്‍ പ്രചാരണവുമായി ഈ മനുഷ്യന്‍ സജീവ രംഗത്തുണ്ടെന്ന് കേള്‍ക്കുമ്പോള്‍, എന്തുമാത്രം ഭീഷണമായ ദൂഷിതവലയത്തിലാണ് മുസ്‌ലിംകള്‍ അകപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാവുന്നു. ബാബരിപ്പള്ളി നഷ്ടപ്പെട്ടതിനപ്പുറം, സമുദായത്തിന്റെ കെട്ടുറപ്പ് വന്‍ ഭീഷണി നേരിടുന്നുവെന്നത് കെട്ടകാലത്തിന്റെ വെല്ലുവിളി എത്ര ഘോരമാണെന്ന് ഓര്‍മപ്പെടുത്തുന്നു.
ശാഹിദ്
You must be logged in to post a comment Login