‘അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ച ശേഷം അതു ലംഘിക്കുന്നവരാണവര്‍. അല്ലാഹു കൂട്ടിയിണക്കാന്‍ കല്‍പിച്ച മനുഷ്യ ബന്ധങ്ങളെ വേര്‍പ്പെടുത്തുന്നവര്‍; ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍. നഷ്ടം പറ്റിയവരും അവര്‍ തന്നെ.’ (സൂറതുല്‍ ബഖറ/ 27).
സത്യനിഷേധികളുടെ മൂന്ന് വിശേഷണങ്ങളാണ് ഖുര്‍ആന്‍ പറയുന്നത്. ഒരേയൊരു കൂട്ടരിലാണ് ഈ മൂന്ന് വിശേഷണങ്ങളുമുള്ളത്. ഇലാഹിനോടുള്ള കരാര്‍ പൂര്‍ത്തീകരിക്കാത്തവര്‍, അല്ലെങ്കില്‍ അതുപൊളിച്ചുകളഞ്ഞവര്‍ അവന്റെ സൃഷ്ടികളോടുള്ള കരാറുകളും ബന്ധങ്ങളും പൊളിച്ചുകളയാന്‍ ഒരു കയ്യറപ്പും ഇല്ലാത്തവരായിരിക്കും. ഈ കയ്യറപ്പ് തീര്‍ന്ന വിഭാഗങ്ങള്‍ മണ്ണില്‍ കുഴപ്പങ്ങളുണ്ടാക്കും. അപ്പോള്‍ മൂലകാരണം എന്താണ്? സ്രഷ്ടാവിനോടുള്ള കരാര്‍ പൊളിച്ചുകളഞ്ഞത് തന്നെ. അല്ലാഹുവിനോടുള്ള കരാറുകള്‍ അതാതിന്റെ പവിത്രത പോലെ നിലനിര്‍ത്തുന്നവരെ സംബന്ധിച്ചിടത്തോളം അവന്റെ സൃഷ്ടികളും അവര്‍ക്ക് വിലപ്പെട്ടവരായിരിക്കും. അവരുമായുള്ള ബന്ധങ്ങള്‍ വിലപ്പെട്ടതായിരിക്കും. അത്തരക്കാര്‍ക്ക് മണ്ണില്‍ പോറലുകളും മുറിവുകളുമുണ്ടാക്കുന്ന പ്രക്രിയകളില്‍ ഏര്‍പ്പെടാനാവില്ല.
കുടുംബം തകര്‍ക്കപ്പെടേണ്ടതാണ് എന്ന തോന്നലുകള്‍ സമൂഹത്തില്‍ സ്ഥാപിക്കാന്‍ നോക്കുന്നവരുണ്ട്. കുടുംബം സ്രഷ്ടാവിന്റെ സ്ഥാപനമാണെന്ന് അവര്‍ക്ക് നന്നായറിയാം. സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ പൊട്ടിക്കണമെന്നുള്ളവര്‍ക്ക് കുടുംബം എന്ന ചട്ടക്കൂടിനകത്ത് ഒതുങ്ങാനാവില്ല. കുടുംബം അനാശാസ്യതകളില്‍നിന്ന്, അതിരുകവിഞ്ഞ അതിമോഹങ്ങളില്‍നിന്ന് എല്ലാം മനുഷ്യനെ മാറ്റുന്നുണ്ട്. കുത്തഴിഞ്ഞു പോയ ആള്‍ക്ക് കുടുംബം ഒരു കീറാമുട്ടി തന്നെ. എന്നാല്‍ ഒരു കുറ്റിയുറപ്പുള്ളയാള്‍ക്ക് കുടുംബം ഒരു പവിത്ര സ്ഥാപനമാണ്. ഈ കുറ്റിയുറപ്പ് തന്നെയാണ് അല്ലാഹുവുമായുള്ള കരാര്‍ പാലനം.
രക്തബന്ധത്തിലൂടെ/ മുലകുടിബന്ധത്തിലൂടെയൊക്കെയുള്ള കുടുംബം എന്നതിലുപരി വിശ്വാസികളുടെതായ കുടുംബവും ബന്ധവും കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. അപ്പോള്‍ അയല്‍പക്ക ബന്ധം, വ്യക്തി ബന്ധങ്ങള്‍ എന്നിവകൂടി വിശ്വാസി പവിത്രമായി കാണുന്നതായിരിക്കും.
അതേസമയം കുത്തഴിഞ്ഞ മനുഷ്യന് നികാഹ് എന്ന പവിത്രമായ കരാറിലൂടെ കൂട്ടിയിണക്കുന്ന ബന്ധത്തോട് ഒരു ബഹുമാനവും ഉണ്ടാവില്ല. അയാള്‍ വിവാഹ ബന്ധത്തിനപ്പുറത്തേക്ക്/ വിവാഹപൂര്‍വ ബന്ധത്തിലേക്ക് ഒക്കെ പാഞ്ഞുകയറും. അത്തരക്കാര്‍ ഒരു പക്ഷേ മനുഷ്യേതരമായ അവിഹിത ബന്ധങ്ങളിലേക്ക് കൂടി ചിന്തിക്കുകയും മൃഗീയതയില്‍ തന്നെ സര്‍വാതിരുകളും തകര്‍ത്ത് പോവുകയും ചെയ്യും.
മുസ്‌ലിംകള്‍ ഒരു കെട്ടിടം പോലെയാണ്. അതിലൊരു ഇഷ്ടിക വിട്ടുപോയാല്‍ ആ ബലക്ഷയം ആ കെട്ടിടത്തെ തന്നെ ദുര്‍ബലമാക്കും. ഈ അര്‍ത്ഥത്തിലുള്ള നബിവചനം ഇതിന്റെ കൂടെ ചേര്‍ത്ത് ആലോചിക്കാവുന്നതാണ്. എന്നു പറഞ്ഞാല്‍, വിശ്വാസി ബന്ധങ്ങളെ ബലപ്പെടുത്തുന്നവനാണ്. ബന്ധങ്ങളുടെ ഈ ആത്മീയതയാണ് കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന തിരുവചനത്തിലും നിറഞ്ഞുനില്‍ക്കുന്നത്. ബന്ധങ്ങള്‍ക്ക് അത്ര വലിയ വിലയുണ്ട്. ബന്ധങ്ങള്‍ മുറിക്കുമ്പോള്‍ അത്ര വലിയ പ്രത്യാഘാതങ്ങളുമുണ്ട്. അത് ഒരാള്‍ക്ക് നരകം എന്ന തിക്തജീവിതം കിട്ടാനുള്ള കാരണമായി ഭവിക്കുന്നത്രയും ഗൗരവതരമാണ്. സ്വര്‍ഗത്തിന്റെ ഗന്ധം പോലും അവനെ അനുഗ്രഹിക്കില്ല എന്നും തിരുവചനമുണ്ട്. ബന്ധങ്ങള്‍ മുറിക്കുന്നവര്‍, അതിലൂടെ കുഴപ്പങ്ങള്‍ക്ക് ഉദ്യുക്തനാകുന്നവര്‍ മനുഷ്യനും ഭൂത വര്‍ഗവും മാത്രമാണ്. അല്ലാഹു കൂടുതല്‍ സ്വാതന്ത്ര്യം കൊടുത്ത വിഭാഗങ്ങള്‍ക്കാണ് അനുസരണക്കേടും കൂടുതലുള്ളത്. സുര്യചന്ദ്രന്മാരെപ്പോലെ പ്രകൃതിയിലെ മറ്റ് പടപ്പുകള്‍ക്ക് ഈ അനുസരണക്കേടില്ല. അല്ലാഹുവിന് മനുഷ്യനെയും ഭൂത വിഭാഗത്തെയും വഴിക്ക് കൊണ്ട് വരാന്‍ കഴിയാത്തതുകൊണ്ടല്ല. അവര്‍ക്ക് ബുദ്ധികൊടുത്ത് അവരവര്‍ക്ക് തന്നെ തങ്ങള്‍ക്കിടയിലെ മര്യാദക്കാരനും കുഴപ്പക്കാരനും ആരാണെന്ന് സ്വയം ബോധ്യപ്പെടുത്തുകയാണ് അല്ലാഹു. തെറ്റ് ചെയ്തിട്ടാണ് നരകമെന്ന് അവര്‍ക്ക് നാളെ ബോധ്യപ്പെടും. മര്യാദയുണ്ടായതുകൊണ്ടാണ് സ്വര്‍ഗം എന്നും മധുരമായി നാളെ ബോധ്യപ്പെടും.
സ്രഷ്ടാവിന്റെ വിധി വിലക്കുകളെ ലംഘിച്ച് കരാറില്‍ വഞ്ചന ചെയ്തവര്‍, അളവ് തൂക്കത്തില്‍ കുറവ് വരുത്തി സൃഷ്ടികളെയും വഞ്ചിക്കും. കുഴപ്പമുണ്ടാക്കുകയാണവര്‍. സത്യസന്ധത ഇല്ലാതിരിക്കുന്നത് കൊടും കുഴപ്പമാണ്. വിശ്വസിച്ചവരെ ചതിക്കുന്നത് കുഴപ്പത്തിന്റെ കവാടം തന്നെയാണ്. ഇവര്‍ അര്‍ഹതയില്ലാത്തത് കൈവശപ്പെടുത്തും. അതിനവര്‍ ‘ന്യായങ്ങള്‍’ ഉണ്ടാക്കും. മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ചോദ്യങ്ങളെ തല്‍ക്കാലം ഇല്ലാതാക്കാനുമാണ് ഈ ന്യായം വെപ്പ്. സത്യത്തില്‍ അവര്‍ അനര്‍ഹമായത് ദുര്‍ന്യായങ്ങളിലൂടെ നേടുകയാണ് ചെയ്യുന്നത്. അനര്‍ഹമായത് ആഗ്രഹിക്കുന്നത് തന്നെ കുഴപ്പത്തിന്റെ തുടക്കമാണ്. ഇത്തരക്കാര്‍ കൈകാര്യക്കാരാവാന്‍ ശ്രമിക്കും. ഇത്തരം അനര്‍ഹരിലേക്ക് കൈകാര്യം എത്തുന്നതോടെ ഈ ഭൂമിയുടെ ആയുസ് ചുരുങ്ങും. അത്തരമൊരു സന്ദര്‍ഭം കാണെക്കാണെ വന്നുകണ്ടാല്‍ അന്ത്യദിനത്തെ കാത്തിരുന്നുകൊള്‍ക എന്ന് തിരുദൂതര്‍ പറഞ്ഞിട്ടുണ്ട്. കൈകാര്യം അനര്‍ഹരുടെ കയ്യില്‍ ചെന്ന് പെട്ടാല്‍ അഴിമതി സാര്‍വത്രികമായി. ഭരണാധികാരികളുടെ അഴിമതി ഭരണീയരിലേക്ക് എത്താന്‍ ഒട്ടും താമസമുണ്ടാവില്ല. ആ മനോഭാവം പരന്നുതുടങ്ങുന്നതോടെ ലോകത്തിന്റെ നന്മ മരിക്കുന്നു. അതോടെ ലോകത്തിന്റെ അന്ത്യമടുക്കുകയായി.
ഇത്തരത്തില്‍ അല്ലാഹുവിനോടുള്ള കടമ മറന്ന്, സഹജീവികളോടുള്ള കടമ മറന്ന്, ഭൂമിയില്‍ കുഴപ്പത്തിനിറങ്ങുന്നവര്‍ കൊടും പരാജിതരാണ്. ദുന്‍യാവിലും പരലോകത്തും അവര്‍ പരാജിതരാവും. ദുന്‍യാവില്‍ ആദ്യമൊക്കെ ജയിക്കുന്നതായും മുന്നേറുന്നതായും ഇവര്‍ക്ക് തോന്നും. ഒടുവില്‍ അതൊരു പരാജയമായി അവര്‍ക്ക് തന്നെ അനുഭവപ്പെടും. അന്നേരം അതവര്‍ക്ക് ഫലം ചെയ്തില്ലെങ്കിലും പാഠം ഉള്‍ക്കൊള്ളുന്നവര്‍ക്ക് ഗുണം ചെയ്യും. കാണെക്കാണെ നന്മ, തിന്മയുടെ ഈ സന്തുലിതാവസ്ഥയും പോവും. നാശമടയുന്നവരില്‍ നിന്ന് പഠിക്കുന്നവരുടെ എണ്ണം ചുരുങ്ങിപ്പോവും. നാശകാരികളുടെ ആധിപത്യം ഉഛസ്ഥായിയിലാവുമ്പോള്‍ ഈ ലോകം ഊര്‍ദ്ധശ്വാസം വലിക്കും. അടുത്ത ലോകം തുറക്കപ്പെടും.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login