പുരാതന ജിദ്ദയുടെ മുഖം കാണണമെങ്കില്‍ ബലദിലേക്ക് തന്നെ പോകണം. അവിടുത്തെ തെരുവിലൂടെ നടക്കുമ്പോള്‍ കാലം കുഴഞ്ഞുമറിയുന്ന പ്രതീതിയുണ്ടാവും. നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ അറേബ്യയിലേക്കുള്ള പിന്തിരിഞ്ഞുനടത്തമാണത്. ബലദിലെ കാഴ്ചകള്‍ക്കും ഗന്ധങ്ങള്‍ക്കും ഒക്കെയുണ്ട് പഴമ. അറേബ്യന്‍ മരുഭൂമി പട്ടണങ്ങളില്‍ വികസിച്ചുവന്നതോ, ബഹുസ്വര സാംസ്‌കാരിക ധാരകളിലൂടെ അവിടേക്ക് പടര്‍ന്നതോ ആയ വാസ്തുശില്‍പത്തിന്റെ ചരിത്രമറിയാന്‍ ബലദിലൂടെ യാത്ര ചെയ്താല്‍ മതി. ബലദിലെ പള്ളികളിലെയും ഗൃഹാകാരങ്ങളിലെയും വാസ്തുശില്‍പത്തിന് അത്രക്ക് സവിശേഷതകള്‍ ഉണ്ട്. പേര്‍ഷ്യന്‍ വാസ്തുശില്‍പത്തിന്റെ പ്രകടമായ സ്വാധീനമുള്ള രാജസ്ഥാനിലെ ഹവേലികളിലൂടെ കടന്നുപോകുന്ന അനുഭവവും എനിക്കുണ്ടായി. ഹവേലി എന്ന വാക്കുതന്നെ അറബിഭാഷയില്‍ നിന്ന് കടന്നുവന്നതാണ്.
ഇസ്‌ലാമിക വാസ്തുശില്‍പകലക്ക് ആയിരത്താണ്ടുകളുടെ പാരമ്പര്യമുണ്ട്. സമന്വയത്തിന്റെ ദര്‍ശനം അത് മുന്നോട്ടുവെച്ചു. പൗരാണിക സംസ്‌കൃതിയില്‍നിന്ന് സ്വീകരിക്കാവുന്നതൊക്കെ കലയിലേക്ക് ആവാഹിക്കാന്‍ ഇസ്‌ലാം ശ്രമിച്ചിട്ടുണ്ട്. പാരമ്പര്യത്തോട് അടഞ്ഞ സമീപനം സ്വീകരിച്ചില്ല എന്നര്‍ത്ഥം. ലാളിത്യവും സൗന്ദര്യവും ഇസ്‌ലാമിക കലയുടെ മുഖമുദ്രയാണ്. മെസപ്പൊട്ടേമിയന്‍ നാഗരികതയുടെ തുടര്‍ച്ചകളാണ് ഇസ്‌ലാമിക വാസ്തുശില്‍പങ്ങളില്‍ പലതും. ഇസ്‌ലാമിന്റെ വളര്‍ച്ചക്കൊപ്പം ബഹുസ്വരതയുടെ സ്വാംശീകരണം കൗതുകകരമാണ്. ഇസ്‌ലാം പടര്‍ന്നുപന്തലിക്കുമ്പോള്‍ ഓരോ പ്രദേശത്തിന്റെയും വാസ്തു ശില്‍പ പാരമ്പര്യങ്ങളെ പള്ളികളുടെയും മദ്‌റസകളുടെയും നിര്‍മിതികളിലേക്ക് സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തുന്നത് കാണാം. ഗ്രീകോറോമന്‍ വാസ്തുശില്‍പ കലയില്‍നിന്നൊക്കെ ചില സവിശേഷ മാതൃകകള്‍ സ്വീകരിക്കുകയും അതിലേക്ക് ഇസ്‌ലാമിക ദര്‍ശനം സമന്വയിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഓരോ നിര്‍മിതികളും രൂപപ്പെടുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം സ്‌പെയിനിലെ കോര്‍ദോവ തന്നെ. സ്‌പെയിനിലെ ഈ പ്രദേശം റോമന്‍ നഗരമായിരുന്നു. അറബികള്‍ ഇവിടം കീഴടക്കിയതോടെ ഇത് ഇസ്‌ലാമിക തലസ്ഥാനമായി മാറി. എ ഡി 710-11 കാലത്താണ് ഈ പ്രദേശം അറബികളുടെ കീഴിലാവുന്നത്. അറബികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ശേഷം കല/ ശാസ്ത്രം/ വിജ്ഞാനം എന്നീ മേഖലകളിലുണ്ടാവുന്ന മാറ്റം വിസ്മയകരമാണ്. തുര്‍ക്കിയില്‍ മികച്ച കരകൗശല വിദഗ്ധര്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിന്റെ സൗന്ദര്യ ദര്‍ശനത്തിലേക്ക് അവര്‍ പരിവര്‍ത്തിപ്പിക്കപ്പെടുകയായിരുന്നു. സ്വര്‍ണലിപികളില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്തുതുടങ്ങി. വര്‍ണ കണ്ണാടികള്‍, ചിപ്പിത്തോട്, വര്‍ണക്കല്ലുകള്‍ എന്നിവ കൊണ്ട് പള്ളികളുടെ ചുമരുകള്‍ അലങ്കരിച്ചു. സൂഫിസവും വാസ്തുശില്‍പത്തിലേക്ക് കടന്നുവന്നു. ശൂന്യതയില്‍നിന്ന് പുറപ്പെടുവിക്കുന്ന ഓരോ ശബ്ദത്തിനും ഉണ്ടാവുന്ന അസാധാരണ മുഴക്കം ദൈവികാനുഭവമായി.
മൊസെയ്ക്ക് അലങ്കാരങ്ങള്‍ കൊണ്ട് ഭിത്തികള്‍ ഭംഗിവരുത്തി. ഇസ്‌ലാം ഒരിക്കലും ചിത്രകലക്ക് എതിരായിരുന്നില്ല. ബിംബാരാധനക്ക് മാത്രമേ വിലക്കുള്ളൂ. മറിച്ച് പള്ളികളും മദ്‌റസകളുമൊക്കെ സൗന്ദര്യം കൊണ്ട് നിറയണം എന്നുതന്നെയാണ് നിലപാട്.
സംസ്‌കാരത്തിന്റെ പല തുടര്‍ച്ചകളിലൂടെ ഈ സൗന്ദര്യം പലവിതാനങ്ങളില്‍ പ്രകടമാവുന്നത് കാണാം. പള്ളി/ മദ്‌റസ അലങ്കാരങ്ങളില്‍നിന്ന് മനുഷ്യരൂപങ്ങള്‍ ഒഴിവാക്കപ്പെടും. സസ്യ/ മൃഗ/ പക്ഷി രൂപങ്ങളൊക്കെ സമൃദ്ധമായി കാണാം. പേര്‍ഷ്യന്‍ പരവതാനികളിലും അറേബ്യന്‍ ചിത്രത്തുന്നലിലുമൊക്കെ കലയും കരകൗശലവും സമ്മേളിച്ചത് കാണാം. ഇത്തരം പാരമ്പര്യങ്ങള്‍ പിന്നീട് ആധുനിക ചിത്രകലയെയും സ്വാധീനിച്ചു. പ്രശസ്ത ചിത്രകാരനായ മത്തീസിന്റെ ഒട്ടേറെ വിഖ്യാത ചിത്രങ്ങള്‍ക്ക് പ്രചോദനമായത് പേര്‍ഷ്യന്‍ പരവതാനികളായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യാപനത്തോടെ വാസ്തുശില്‍പവും മരുഭൂമികളും പര്‍വതങ്ങളും സമുദ്രങ്ങളും താണ്ടി പല ഭൂപ്രദേശങ്ങളില്‍ സാക്ഷാല്‍കരിക്കപ്പെടുന്നതു കാണാം. ഇറാന്‍, ഇറാഖ്, മൊറോക്കോ, ഉസ്ബക്കിസ്ഥാന്‍ എന്നിങ്ങനെ ഇസ്‌ലാമിക വാസ്തുശില്‍പത്തിന്റെ ഭൂമികക്ക് വ്യാപ്തി ഏറെയാണ്. ആഫ്രിക്കന്‍ രാജ്യമായ തിംബുക്തിലെ വാസ്തുശില്‍പം വിഭവ ദൗര്‍ലഭ്യത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ടുള്ള വിസ്മയകരമായ നിര്‍മിതികളാണ്.
കമാനങ്ങളും തൂണുകളും കൊണ്ട് അലങ്കരിച്ച കോര്‍ദോവയിലെ ഗ്രേറ്റ് മോസ്‌ക് ലോക വാസ്തുശില്‍പകലയിലെ അദ്ഭുതമാണ്. അവിടെ പള്ളിയിലെ മകുടത്തിനകത്തെ സസ്യാലങ്കാരങ്ങളും ജ്യാമിതീയാലങ്കാരങ്ങളും അതിസൂക്ഷ്മ ആലേഖനമാണ്. ആധുനിക ചിത്രകലയിലെ ജ്യാമിതീയതയെ ഇസ്‌ലാമിക് സ്‌പെയിന്‍ എവ്വിധം സ്വാധീനിച്ചു എന്നതിനെ സംബന്ധിച്ചെല്ലാം ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. എ ഡി 961-76 കാലത്താണ് കൊര്‍ദോവയിലെ സുപ്രധാന നിര്‍മിതികള്‍ ഉണ്ടായത്. തുര്‍ക്കിയില്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിക്കപ്പെട്ട പള്ളികളുടെയും മദ്‌റസകളുടെയും നിര്‍മാണത്തിലെ സൂക്ഷ്മ അലങ്കാര ഭംഗികളും ശ്രദ്ധേയം. ഓരോ രാജ്യത്തെത്തുമ്പോഴും പ്രാദേശിക വ്യതിയാനങ്ങള്‍ വാസ്തുശില്‍പ നിര്‍മിതിയെ വൈവിധ്യപൂര്‍ണമാക്കുകയും ചെയ്യും. ബലദിലെ വാസ്തുശില്‍പത്തിലും അറേബ്യന്‍ തനിമകള്‍ കൂടിക്കലരുന്നത് കാണാം.
ബലദിലെ വാസ്തുശില്‍പത്തില്‍ ടര്‍ക്കിഷ് സ്വാധീനം പ്രകടമാണ്. പലനിര്‍മിതികളും ജീര്‍ണാവസ്ഥയിലാണ്. ബലദില്‍ വാസ്തുശില്‍പ പാരമ്പര്യത്തില്‍ മുറിവേല്‍ക്കുന്ന നിര്‍മിതികള്‍ പാടില്ല. 1991ല്‍ ജിദ്ദ മുനിസിപ്പാലിറ്റിയുടെ കീഴില്‍ ഹിസ്റ്റോറിക്കല്‍ പ്രിസര്‍വേഷന്‍ സൊസൈറ്റി രൂപീകരിച്ചപ്പോള്‍ ബലദിലെ കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെട്ടു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലാണ് ഇന്ന് ഈ നഗരം. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച പ്രധാന പള്ളികളും ഇവിടെയുണ്ട്. കൊടുംകുറ്റവാളികള്‍ക്ക് തലവെട്ടല്‍ ശിക്ഷ നടപ്പിലാക്കിയിരുന്നതും ബലദിലെ പ്രധാന പള്ളിക്കുമുമ്പില്‍ വെച്ചാണ്.
ബലദ് പട്ടണത്തിലൂടെയുള്ള ചുറ്റിനടത്തം രസകരമായി. സമുദ്രതീര പട്ടണമായതിന്റെ സവിശേഷതകളുമുണ്ട്. മരം കൊണ്ടുള്ള നിര്‍മിതികളാണ് ബലദില്‍ കൂടുതലും. ജീര്‍ണിക്കുന്നതിന്റെ കാരണവും അതാണ്. കടല്‍ വഴി മരം കൊണ്ടുവരാന്‍ സാധിച്ചതുകൊണ്ടാവണം പുരാതന കാലം തൊട്ടേ മരം കൊണ്ടുള്ള നിര്‍മിതികളുണ്ടായത്. ടര്‍ക്കിഷ് ശൈലിയിലുള്ള ഗ്രില്ലുകള്‍ മനോഹരമാണ്. ചുമരില്‍നിന്ന് പുറത്തേക്ക് തെറിച്ചുനില്‍ക്കുന്ന തരത്തിലുള്ള നിര്‍മിതികള്‍. ജ്യാമിതീയാലങ്കാരങ്ങള്‍ നിറഞ്ഞ വാതിലുകള്‍. എല്ലാം ഞാന്‍ ശ്രദ്ധിച്ചു. തെരുവില്‍ സ്ഥാപിക്കുന്ന അലങ്കാര വിളക്ക് ഒരിടത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്നത് കണ്ടു. ഇവിടെ ആളുകള്‍ ഉദാസീനരായി കാണപ്പെട്ടു. അവരുടെ സഞ്ചാരത്തിന് വേഗതയില്ല. പാരമ്പര്യ വേഷമണിഞ്ഞ അറബികള്‍ പുരാതനവാതിലുകള്‍ക്കരികില്‍നില്‍ക്കുമ്പോള്‍ സഊദിയിലെ തുര്‍ക്കി ആധിപത്യ കാലത്തിലൂടെയാണ് നമ്മള്‍ നടക്കുന്നതെന്ന് തോന്നും.
ബലദിലെ പള്ളിക്കുചുറ്റുമായാണ് വീടുകളും സൂക്കുമുള്ളത്. കോടികളുടെ കച്ചവടം നടക്കുന്നതാണ് ഇവിടുത്തെ തെരുവുകളെന്ന് മാലിക് പറഞ്ഞു. പാരമ്പര്യരീതിയില്‍ നിര്‍മിച്ച ഭോജനശാലകളും ഇവിടെയുണ്ട്. അവിടെ പാരമ്പര്യ വേഷമണിഞ്ഞ അറബികള്‍ കുശലം പറഞ്ഞിരിക്കുന്നു. ഈന്തപ്പന കൊണ്ടുള്ള നിര്‍മിതികള്‍ ഞാന്‍ ശ്രദ്ധിച്ചു. കണ്ണാടികളില്‍ ചായം തേച്ച വിളക്കുകള്‍ തൂക്കിയിട്ടിരിക്കുന്നു, ഒരു ഭോജനശാലയില്‍. റാന്തല്‍ വിളക്കും കണ്ടു. ഇതൊക്കെ പാരമ്പര്യത്തിന്റെ അടയാളമാണ്. പാരമ്പര്യത്തിന്റെ ഏതെങ്കിലുമൊക്കെ അടയാളങ്ങള്‍ വര്‍ത്തമാന ജീവിതത്തോട് ചേര്‍ത്തുവെക്കാന്‍ അറബികള്‍ ശ്രദ്ധിക്കുന്നു. പരമ്പരാഗത അറബിഭക്ഷണം കിട്ടുന്ന ഭോജനശാലകള്‍ ധാരാളമുണ്ട്. പഴയ മോട്ടോര്‍ വാഹനങ്ങളും കുതിര വണ്ടികളുമൊക്കെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു. ഞങ്ങള്‍ ചുറ്റിനടക്കുമ്പോള്‍ മറ്റേതോ രാജ്യത്തുനിന്നുവന്ന അറബ് ഗവേഷകരെ കണ്ടു. മറ്റ് രാജ്യങ്ങളില്‍ നിന്നൊക്കെ വരുന്ന ഡിപ്ലോമാറ്റുകള്‍ ബലദ് സന്ദര്‍ശിക്കാതെ പോകില്ല. ബലദില്‍ മരത്തണലുകളുണ്ട്. അവിടെ കുട്ടികള്‍ കളിക്കുന്നു. മുതിര്‍ന്നവര്‍ സൊറപറഞ്ഞിരിക്കുന്നു. എല്ലായിടത്തും ഒരുതരം ആലസ്യം മൂടിനില്‍ക്കുംപോലെ.
ചെറിയ ആര്‍ട് ഗാലറികളും ക്രാഫ്റ്റ് സെന്ററുകളുമുണ്ട് ബലദില്‍. പുസ്തകശാലകളുമുണ്ട്. പക്ഷേ അറബി ഗ്രന്ഥങ്ങള്‍ മാത്രമേ ലഭിക്കൂ.
കടല്‍തീരത്തെ പള്ളിക്കരികിലെത്തിയപ്പോള്‍ സന്ധ്യയായി. ലത്തീഫും മാലികുമൊക്കെ നമസ്‌കാരത്തിന് കേറി. മിനാരങ്ങള്‍ക്കുമേല്‍ സാന്ധ്യവെളിച്ചം പടരുന്നതിന്റെ ഭംഗിനോക്കി ഞാന്‍ നിന്നു. വെളുത്ത ചായം തേച്ച് മാര്‍ബിള്‍ നിര്‍മിതിപോലെ തോന്നിക്കുന്ന പള്ളിയെ പൊന്നില്‍ കുളിപ്പിക്കുകയാണ് സന്ധ്യ.
പി സുരേന്ദ്രന്‍
You must be logged in to post a comment Login