പാവപ്പെട്ടവന്റെ പക്ഷത്ത് നില്‍ക്കുക എന്നത് അത്രമേല്‍ ലളിതമായ ഒരു പണിയല്ല. കണ്ണും നാവും തന്റേടവുമുള്ള മനുഷ്യന്‍ താണ്ടിക്കടക്കേണ്ട ഒരു മലമ്പാതയായിട്ടാണ് ഖുര്‍ആന്‍ ആ ദൗത്യത്തെ പരിചയപ്പെടുത്തുന്നത്:
”നാം അവന്ന് രണ്ട് കണ്ണുകള്‍ നല്‍കിയില്ലേ?
നാവുകളും ചുണ്ടുകളും നല്‍കിയില്ലേ?
നന്മ തിന്മകളുടെ രണ്ട് വഴികള്‍ അവന്ന് ദര്‍ശനം നല്‍കിയില്ലേ?
എന്നിട്ടുമവന്‍ മലമ്പാത താണ്ടിക്കടന്നില്ല!
എന്താണീ മലമ്പാതയെന്നറിയുമോ?
അടിമ മോചനമത്രെ അത്.
വറുതിയുടെ നാളില്‍ അന്നം നല്‍കുമത്രെ
മണ്ണുപുരണ്ട അഗതിക്കും
ബന്ധുവായ അനാഥക്കും”
തിരുനബി അരുളി:
”ബന്ദിയെ മോചിപ്പിക്കൂ! വിശക്കുന്നവന് അന്നം നല്കൂ! രോഗിയെ സന്ദര്‍ശിക്കൂ” -ബുഖാരി
അധഃകൃതരും രോഗികളും പാവങ്ങളും കുഞ്ഞുങ്ങളും മൃഗങ്ങളുമൊക്കെയടങ്ങിയ ജൈവ സാന്നിധ്യമാണ് ഉള്ളവരെന്ന് സ്വയം നടിക്കുന്ന ജനങ്ങള്‍ക്ക് കൂടി നിലനിപിന് ആധാരമെന്ന് പഠിപ്പിച്ച ദര്‍ശനമാണിസ്‌ലാം. ‘എന്നെ ദുര്‍ബലര്‍ക്കിടയില്‍ നിങ്ങള്‍ അന്വേഷിച്ചു കൊള്ളുക അവരെകൊണ്ടാണ് നിങ്ങള്‍ക്ക് തന്നെയും അന്നം കിട്ടുന്നത്.’
അശരണര്‍ക്ക് വേണ്ടി ശ്രമം ചെയ്യുന്നവന്‍ നിരന്തരമായി നിസ്‌കരിക്കുകയും നോമ്പു നോല്‍ക്കുകയും ചെയ്യുന്നുന്ന പോലെയാണ് എന്ന് അവിടുന്ന് അരുളി. പവിത്രമായ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി – അത് അമുസ്‌ലിമാണെങ്കിലും മനുഷ്യേതര ജീവികളാണെങ്കിലും – നിസ്‌കാരം, വുളൂഅ്, നോമ്പ്, തുടങ്ങിയ നിര്‍ബന്ധമായ ആരാധന കര്‍മങ്ങളില്‍ വരെ ഇളവ് കൊടുത്തു ഇസ്‌ലാം.
ഒരാള്‍ നിസ്‌കരിക്കുന്നു. അപ്പോഴാണ് ഒരു തീപിടുത്തമുണ്ടാകുന്നത്. അല്ലെങ്കില്‍ വാഹനാപകടം. എന്തു ചെയ്യണം? നിസ്‌കാരം അഞ്ച്‌നേരം സ്രഷ്ടാവിന്ന് ചെയ്യേണ്ടുന്ന ഉപാസനയാണ്. രക്ഷാപ്രവര്‍ത്തനം മനുഷ്യനു വേണ്ടിയുള്ള ഇടപെടലാണ്. അവശ്യസന്ദര്‍ഭങ്ങളില്‍ നിസ്‌കാരം മുറിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകേണ്ടത് നിര്‍ബന്ധമാണെന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രം! ചെറുതും വലുതുമായ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇക്കാര്യം കാണാം.
ഒരാള്‍ക്ക് വുളൂ ചെയ്യണം. അതിന് വെള്ളം വേണം. പക്ഷേ വെള്ളത്തിന് ആവശ്യക്കാരനുണ്ട്. ഒരു ദാഹാര്‍ത്തന്‍. താന്‍ തന്നെയാകാം. അല്ലെങ്കില്‍ മറ്റൊരാള്‍. ഒരു ഇബ്‌റാഹീം അല്ലെങ്കില്‍ ഒരു ജോസഫ് അല്ലെങ്കില്‍ ഒരു പൂച്ച. ഇത്തരം ഘട്ടങ്ങളില്‍ വെള്ളം കൊണ്ട് അംഗസ്‌നാനം ചെയ്യരുത്. അത് നിഷിദ്ധമാണ്. ചിലരെങ്കിലും കരുതുന്നു, ഇത്തരം ഘട്ടങ്ങളില്‍ വെള്ളം കൊണ്ട് വുളൂ ചെയ്യുന്നത് പുണ്യമാണെന്ന്. വളരെ അബദ്ധമാണത്(തുഹ്ഫ- ഇബ്‌നു ഹജര്‍(റ).
അതികഠിനമായ വിശപ്പ്, വല്ല അപകടവും ഉണ്ടാകുമെന്ന് തോന്നുന്നു. നോമ്പ് മുറിക്കാമോ? മുറിക്കാം എന്നു മാത്രമല്ല മുറിക്കല്‍ നിര്‍ബന്ധമാണ്. ജീവന് ഇസ്‌ലാം നല്‍കുന്ന വിലയാണത്. ഇനി മറ്റൊരു പവിത്രമായ ജീവന്‍ രക്ഷിക്കാന്‍ നമ്മുടെ നോമ്പ് മുറിക്കണമെന്ന് തോന്നിയാലോ? ഒരു ആട്/വവ്വാല്‍/കുരുവി (ഉദാഹരണങ്ങള്‍) കിണറ്റില്‍ വീണു. ആഴമുള്ള കിണര്‍. അതിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ കിണറ്റിലിറങ്ങണം. നോമ്പാണ്. നോമ്പ് മുറിച്ചാലേ ഇറങ്ങാനാവൂ. എങ്കിലെന്ത് ചെയ്യണം? നോമ്പ് മുറിച്ച് കുരുവിയെ രക്ഷപ്പെടുത്തണം. നിര്‍ബന്ധമാണത്. മനുഷ്യന്റെ കാര്യം പിന്നെ പറയണോ? നോമ്പിന്റെയും വുളൂഇന്റെയും കാര്യത്തില്‍ മാത്രമല്ല ഹജ്ജിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. ഒരു ചരിത്ര സംഭവം വായിക്കൂ:
ഒരാള്‍ ബിശ്‌റുബ്‌നു ഹാരിസിന്റെ അടുക്കല്‍ ചെന്ന് പറഞ്ഞു.
ഞാന്‍ ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നു. വല്ല ഉപദേശവും?
ഹജ്ജിനുള്ള ചെലവിനായി എത്ര പണം ഒരുക്കിവെച്ചിട്ടുണ്ട്?
രണ്ടായിരം ദിര്‍ഹം. അദ്ദേഹം മറുപടി പറഞ്ഞു.
പ്രപഞ്ച പരിത്യാഗം, വിശുദ്ധ കഅബയോടുള്ള ആര്‍ത്തി. അല്ലാഹുവിന്റെ തൃപ്തി ഇവയില്‍ എന്താണ് ഹജ്ജ് കൊണ്ട് താങ്കള്‍ ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തൃപ്തി.
അപ്പോള്‍ ബിശ്ര്‍(റ) ചോദിച്ചു: ഈ രണ്ടായിരം ചെലവഴിച്ചാല്‍ വീട്ടിലിരുന്നു കൊണ്ട് തന്നെ അല്ലാഹുവിന്റെ തൃപ്തി കൃത്യമായും ലഭിക്കുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞു തന്നാല്‍ താങ്കള്‍ അത് ചെയ്യുമോ?
തീര്‍ച്ചയായും.
എന്നാല്‍ ആ രണ്ടായിരം പത്ത് ആളുകള്‍ക്ക് നല്‍കൂ. കടബാധ്യതയുള്ളവന്‍ കടം വീട്ടട്ടെ. ദരിദ്രന്‍ പശിയടക്കട്ടെ, കുടുംബനാഥന്‍ കുടുംബിനിക്ക് ചെലവ് കൊടുക്കട്ടെ. കാരണം അശരണനെ സഹായിക്കുന്നതും ദുര്‍ബലന് കൈത്താങ്ങാകുന്നതും മുസ്‌ലിം സഹോദരന്റെ മനസ് സന്തോഷിപ്പിക്കുന്നതുമെല്ലാം ഫര്‍ളായ ഹജ്ജിന് പുറമെ ചെയ്യുന്ന നൂറ് ഹജ്ജുകളെക്കാള്‍ പ്രതിഫലമുള്ളതാണ്. വൈകണ്ട ഉടന്‍ ഇറങ്ങി പുറപ്പെട്ടോളൂ. (ഇഹ്‌യ)
അപ്പോള്‍ ഫര്‍ളായ ഹജ്ജിന്റെ കാര്യമോ? വിശക്കുന്നവരുടെ ആവശ്യം പരിഗണിക്കാതെ ഫര്‍ളായ ഹജ്ജ് പോലും നിര്‍ബന്ധ ബാധ്യതയാകുന്നില്ല എന്നാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ വീക്ഷണം
ഒരു ഉദാഹരണം പറയാം. ഇബ്‌റാഹീമിന് പത്ത് സെന്റ് സ്ഥലമുണ്ട്. 5 സെന്റില്‍ വീടും വീട് നില്‍ക്കാനാവശ്യമായ പരിസരവും വഴിയും. വേറെ വലിയ വരുമാനങ്ങളൊന്നുമില്ല. ബാക്കി അഞ്ച് സെന്റ് സ്ഥലം വിറ്റാല്‍ അവന്ന് പത്ത് ലക്ഷം രൂപ കിട്ടും. 4 ലക്ഷം കടമുണ്ട്. ബാക്കി ആറ്. താന്‍ പോയി വരുന്നതു വരെ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമുള്ളവരുടെ ഭക്ഷണ താമസ വസ്ത്ര മരുന്ന് ചെലവുകള്‍ക്ക് ഉപയോഗിച്ചാലും നാല് ലക്ഷം ബാക്കിയുണ്ടെങ്കില്‍ (ഇപ്പോള്‍ ഹജ്ജ് യാത്രക്കാവശ്യമായ ഏകദേശം തുക) അയാള്‍ക്ക് ഹജ്ജിന് പോകല്‍ നിര്‍ബന്ധമാണ്.
എന്നാല്‍ തന്റെ അയല്‍ വീട്ടില്‍ ഒരാള്‍ കാന്‍സര്‍രോഗവുമായി മല്ലിടുകയാണ്. അയാള്‍ മുസ്‌ലിമല്ല. മറിച്ച് മുസ്‌ലിംകളുമായി കരാറില്‍ ഏര്‍പെട്ടിരിക്കുന്ന ഒരു അമുസ്‌ലിമാണ്, അല്ലെങ്കില്‍ ദിമ്മിയ്യ്. ഇനി മുസ്‌ലിംകളുമായി ശത്രുതയുള്ള (ഹര്‍ബിയ്യ)വന്‍ ആണെങ്കിലും ശരി – അവന്‍ ഒരു മുസ്‌ലിമിന്റെ സംരക്ഷണ ഉത്തരവാദിത്വത്തില്‍ കുറച്ചു ദിവസത്തേക്ക് ഇവരുടെ നാട്ടിലേക്ക് ബിസിനസിന് വന്നതാണ്. അവന് മാരകമായ രോഗം പിടിപെട്ടു. ഗവണ്‍മെന്‍ോ മറ്റു നാട്ടിലെ മുതലാളിമാരോ അദ്ദേഹത്തെ കനിഞ്ഞില്ല. എന്നാല്‍ ആകെയുള്ള പത്തുസെന്റില്‍ നിന്ന് അഞ്ച് സെന്റ് വിറ്റ് കിട്ടിയ പണത്തില്‍ കടം കഴിച്ച് ബാക്കിയുള്ള ആറ് ലക്ഷത്തില്‍ മൂന്ന് ലക്ഷം ഈ അമുസ്‌ലിം സഹോദരന്റെ ചെലവിന് വേണ്ടി വരുമെങ്കില്‍ അത് മറ്റാരും കൊടുക്കാനില്ലെങ്കില്‍ അവന്‍ മരിച്ചോട്ടേന്ന് വെക്കരുത്. നിര്‍ബന്ധ ഹജ്ജിന് പോകാനുള്ളതല്ലേന്ന് വിചാരിക്കരുത്. പ്രത്യുത ഹജ്ജിന്റെ പണം കൊണ്ട് അമുസ്‌ലിമായ ആ മനുഷ്യന്റെ ചികിത്സക്ക് ഉപയോഗിക്കാം- അല്ല ഉപയോഗിക്കണം എന്ന നിയമം എത്ര മേല്‍ മാനവികമാണ്. (തുഹ്ഫ, ശര്‍വാനി സഹിതം നോക്കുക)
ഇവിടെയാണ് മുവഫഖിന്റെ(റ) കഥ പ്രസക്തമാകുന്നത്. ഡമസ്‌കസിലെ ചെരുപ്പ് കുത്തിയായിരുന്നു മുവഫഖ്. ചെരുപ്പ് തുന്നി കിട്ടുന്ന നാണയത്തുട്ടുകള്‍ ഹജ്ജിനായി കാലങ്ങളായി സ്വരുക്കൂട്ടിയതായിരുന്നു. അവസാനം പണം ഒത്തു. 300 ദിര്‍ഹം. സന്തോഷമായി. പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തൊട്ടടുത്ത വീട്ടില്‍ നിന്ന് മാംസത്തിന്റെ ഗന്ധം വന്നപ്പോള്‍ ഭാര്യക്ക് ഒരു പൂതി. മാംസം വെന്തുകൊണ്ടിരിക്കുന്ന വീട്ടില്‍ പോയി, സ്വല്‍പം മാംസം തരുമോന്ന് ചോദിച്ച മുവഫഖിനോട് ആ വീട്ടിലെ സ്ത്രീ പറഞ്ഞ മറുപടി അത്ഭുതകരമായിരുന്നു. ‘ഹലാലുന്‍ ലനാ വ ഹറാമുന്‍ അലൈകും. ഈ മാംസം ഞങ്ങള്‍ക്ക് അനുവദനീയമാണ്, നിങ്ങള്‍ക്ക് നിഷിദ്ധവും.’ അതെങ്ങനെ എന്നായി മുവഫഖ്. അപ്പോഴാണ് അവര്‍ ആ കദനകഥ വിവരിച്ചത്. വിധവയാണ്. ചെറിയ കുട്ടികളുണ്ട്. വരുമാനമോ ജോലിയോ ഇല്ല. അനന്തരമായി കിട്ടിയതെല്ലാം കഴിഞ്ഞു. മൂന്ന് ദിവസമായി മുഴുപ്പട്ടിണിയിലായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാനാവാതെ പുറത്തിറങ്ങി. വഴിയില്‍ ഒരു ആട് ചത്ത് കിടക്കുന്നുണ്ടായിരുന്നു. കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ അതില്‍ നിന്ന് സ്വല്പം എടുത്തു പാകം ചെയ്തു. ജീവന്‍ നിലനിര്‍ത്താന്‍ ശവവും പറ്റും. അതെ, ഇത് ഞങ്ങള്‍ക്ക് ഹലാല്‍. നിങ്ങള്‍ക്ക് ഹറാം.
മുവഫഖ് ഉടന്‍ വീട്ടിലോക്കോടി. ഹജ്ജ് ചെയ്യാനായി കാലങ്ങളായി ശേഖരിച്ച് വെച്ചിരുന്ന 300 ദിര്‍ഹം മൊത്തമായി ആ ഒട്ടിയ വയറുകള്‍ക്ക് അന്നം വാങ്ങാനായി ദാനം ചെയ്തു.
ഈ ദാനത്തിന്റെ പുണ്യമെത്രയായിരുന്നുവെന്നോ? അബ്ദുല്ലാഹിബ്‌നു മുബാറക് (റ) കണ്ട അത്ഭുതകരമായ സ്വപ്‌നം അത് പറഞ്ഞുതരും. ഹജ്ജ് കഴിഞ്ഞ് മഹാനവര്‍കള്‍ ഒന്ന് മയങ്ങി. ഉറക്കത്തില്‍ രണ്ട് മലക്കുകള്‍ തല ഭാഗത്തും കാല്‍ ഭാഗത്തും ഇരുന്നു സംസാരിക്കുന്നു. ഒരാള്‍ ചോദിച്ചു. ഇക്കുറി എത്ര പേരുടെ ഹജ്ജ് സ്വീകരിച്ചുവെന്നറിയുമോ?
അപരന്‍: ഇല്ല, പലരുടേതും സ്വീകരിച്ചിട്ടില്ല. എന്നാല്‍ ശാമുകാരനായ ഒരാളുടെ- മുവഫഖ് എന്ന ചെരുപ്പുകുത്തിയുടെ- സുകൃതം കാരണമായി എല്ലാവരുടെ ഹജ്ജും സ്വീകരിക്കപ്പെട്ടു.
ആരാണീ മുവഫഖ്? എന്താണീ സുകൃതം? ഇതറിയാനായി ശാമിലേക്ക് പുറപ്പെട്ട അബ്ദുല്ലാഹിബ്‌നു മുബാറക് ചെരുപ്പുകുത്തിയെ കണ്ടെത്തുകയും തന്റെ സ്വപ്നം വിവരിക്കുകയും ചെയ്തു. വിശ്രുതമായ കഥയുടെ ആധികാരികത എന്തായിരുന്നാലും അയാള്‍ ചെയ്ത പണി ഹജ്ജിന് ഒരുക്കി വെച്ച പണം -ജീവനു വേണ്ടി പോരാടുന്ന പാാവങ്ങള്‍ക്ക് നല്‍കുക എന്നത്- ഫിഖ്ഹിന്റെ വെളിച്ചത്തില്‍ സാധുവാണ്; അല്ല അനിവാര്യമാണ്.
വിശപ്പിന്ന് ഇസ്‌ലാം നല്‍കുന്ന വിലയാണത്. വിശന്ന് മരിക്കുമെന്നായാല്‍ ചത്ത ആടിനെ മാത്രമല്ല കഴുതയെയും പന്നിയെയും തിന്നാമെന്നാണ്. ഒന്നും കിട്ടിയില്ലെങ്കില്‍ മരിച്ച മനുഷ്യന്റെ മാംസം പോലും! ശരിയാണ് വിശപ്പ് മഹാ കഠിനമാണ്. മോഷ്ടാവിന്റെ കൈ മുറിക്കണമെന്നാണ് ഇസ്‌ലാമിന്റെ ചട്ടം. പക്ഷേ, അവിടെയും ചില ഇളവുകളുണ്ട്. വറുതിയുടെ കാലത്ത് പണം കൊടുത്തുപോലും ഭക്ഷണം കിട്ടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മോഷണം നടത്തിയാല്‍ അതിന് കൈവെട്ട് ശിക്ഷയില്ലെന്നാണ് ഇസ്‌ലാമിക നിയമം. ഒരു സകാത് വാങ്ങാന്‍ അര്‍ഹനായ ഒരാള്‍ തനിക്ക് സകാത് നല്‍കല്‍ നിര്‍ബന്ധമായ വ്യക്തിയില്‍ നിന്ന് സകാതിന്റെ സമ്പത്തില്‍ നിന്ന് പിടുങ്ങിയാലും കൈവെട്ടില്ല എന്ന് ഫിഖ്ഹ് വീക്ഷിക്കുന്നു.
ദഫുഉള്വറര്‍(പ്രയാസം നീക്കുക) എന്നത് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ ഒരു സുപ്രധാന വിഷയമാണ്. ഫത്ഹുല്‍ മുഈന്‍ വെച്ച് ചിന്തിച്ചാല്‍ തന്നെ ഇങ്ങനെ കിട്ടും. മരിക്കുമെന്ന അവസ്ഥയിലെത്തിയിട്ടില്ലാത്ത വിശപ്പുള്ള ഒരു മനുഷ്യന്റെ -അവന്‍ മുസ്‌ലിമാണെങ്കിലും അമുസ്‌ലിമാണെങ്കിലും രക്തത്തിന് വിലയുള്ളവനാണെങ്കില്‍ (വധശിക്ഷ അര്‍ഹിക്കുന്ന കൊലപാതകിയെ പോലെയുള്ളവനല്ലെന്നര്‍ത്ഥം) അവന്റെ വിശപ്പ് മാറ്റിക്കൊടുക്കേണ്ടത് ഒരു വര്‍ഷത്തേക്ക് ജീവിക്കാനാവശ്യമായ സമ്പത്ത് കയ്യിലുള്ള ഏത് മുസ്‌ലിമിന്നും നിര്‍ബന്ധമാണ്. പൊതുസ്വത്തില്‍ നിന്നും സകാത് വിഹിതത്തില്‍ നിന്നും ലഭിച്ച് പ്രശ്‌നം പരിഹരിക്കുന്ന അവസ്ഥ നിലവിലില്ലെങ്കിലാണിത്. വിശപ്പിന്റെ പ്രശ്‌നം മാത്രമല്ല ചികിത്സയും വസ്ത്രവുമൊക്കെ തഥൈവ. ഇനി വിശന്ന് മരിക്കുമെന്ന അവസ്ഥയിലെത്തിയിട്ടുണ്ടെങ്കിലോ, ഒരു വര്‍ഷത്തെ സമ്പത്തുണ്ടാകണമെന്ന നിബന്ധനയൊന്നുമില്ല. അക്കാര്യം അറിഞ്ഞവര്‍ക്കൊക്കെ അന്ന് അന്നം നല്‍കല്‍ ആവശ്യമാണ്. നാളെ തനിക്ക് പാകം ചെയ്യാന്‍ അരി ഉണ്ടാവില്ല എന്ന് ഭയപ്പെട്ടാലും! മുസ്‌ലിംകളുമായി ശത്രുത പുലര്‍ത്തുന്ന (ഹര്‍ബിയ്യായ) ഒരു അമുസ്‌ലിം തന്റെ താല്‍ക്കാലികാവശ്യത്തിന് വേണ്ടി ഒരു മുസ്‌ലിമിന്റെ കഫാലതില്‍ മുസ്‌ലിം രാഷ്ട്രത്തില്‍ വന്നതാണ് എങ്കില്‍ പോലും വിധി അതാണ്.
വിശക്കുന്ന മനുഷ്യന്‍ സമൂഹത്തിന്റെ മുന്നിലെ ചോദ്യചിഹ്നമാണ്. അവര്‍ അവരുടെ ഉത്തരവാദിത്വമാണ്. വിശപ്പറിയാത്തവര്‍ അവരുടെ അന്നം വിളമ്പുന്നതിനു പകരം അവരുടെ വഴികള്‍ മുടക്കുന്നതിനും മോഷണമാരോപിച്ച് തല്ലി കൊല്ലുന്നതിനും മതം എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്ന് ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ടോ?
ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി
You must be logged in to post a comment Login