നമ്മുടെ രാജ്യത്തെ ഏറ്റവും മതനിരപേക്ഷമായ സ്ഥാപനമാണ് ഇന്ത്യന്‍ സൈന്യം. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയിലെ ഏറ്റവും രാഷ്ട്രീയ നിരപേക്ഷമായ സ്ഥാപനം കൂടിയാണത്. ഇന്ത്യന്‍ സ്റ്റേറ്റിന്റെ മറ്റു രണ്ടു സ്ഥാപനങ്ങള്‍ കൂടി മതനിരപേക്ഷവും രാഷ്ട്രീയ നിരപേക്ഷവുമാണ്-ഭരണഘടനയുടെ സംരക്ഷകനും സായുധസേനയുടെ സര്‍വസൈന്യാധിപനുമായ പ്രസിഡന്റും നീതിപീഠവും. എങ്കിലും പ്രസിഡന്റിനെക്കാളും നീതിപീഠത്തെക്കാളും മതനിരപേക്ഷവും രാഷ്ട്രീയതലത്തില്‍ നിഷ്പക്ഷവും സൈന്യമാണെന്നു തന്നെ പറയാം.
പലപ്പോഴും, എപ്പോഴുമില്ലെങ്കിലും, ഒരു രാഷ്ട്രീയവ്യക്തിത്വം ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാറുണ്ട്. പരമോന്നതപദവി ഏറ്റെടുത്തതിനു ശേഷം അത്തരം വ്യക്തികള്‍ തങ്ങളുടെ പാര്‍ട്ടി അനുഭാവം പൊഴിച്ചുകളയാറുണ്ടെങ്കിലും രാഷ്ട്രീയം അവരുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമായി നിലനില്ക്കും. ജോലിക്കിടയില്‍ എല്ലാ നിറത്തിലും തരത്തിലും പെട്ട രാഷ്ട്രീയക്കാരുമായും രാഷ്ട്രീയവുമായും അവര്‍ക്ക് ഇടപെടേണ്ടതായും വരും. പ്രസിഡന്റിനെക്കാള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നത് നീതിന്യായവ്യവസ്ഥയിലെ അംഗങ്ങളാണ്. എങ്കിലും ഉന്നത നീതിപീഠം കൈകാര്യം ചെയ്യുന്ന പല കേസുകളിലും അവര്‍ക്ക് വിഭാഗീയ രാഷ്ട്രീയ പ്രശ്നങ്ങളും മതനിരപേക്ഷതയും വര്‍ഗീയതയും മുഖാമുഖം നില്ക്കുന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ചിലപ്പോള്‍ പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടികളെ കുറിച്ചോ അവരുടെ നേതാക്കളെ കുറിച്ചോ അഭിപ്രായങ്ങള്‍ പറയേണ്ടിയും വരും.
എന്നാല്‍ ഇന്ത്യയുടെ ഭരണഘടനയും സായുധസേനയും അതതിന്റെ ധര്‍മചിന്തകള്‍ കൊണ്ട് ചുറ്റും അനന്യമായ കോട്ടകള്‍ പണിതിട്ടുണ്ട്. അവയ്ക്ക് അവയുടെ മതനിരപേക്ഷ സ്വഭാവത്തില്‍ വെള്ളം ചേര്‍ക്കാനോ രാജ്യത്തിന്റെ രാഷ്ട്രീയ സംവാദങ്ങളിലോ സംഭവങ്ങളിലോ ഏതെങ്കിലും തരത്തില്‍ ഇടപെടാനോ അസാധ്യമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനില്‍ നിന്നും (അവിടെ റിപബ്ലിക്കിന്റെയും സൈന്യത്തിന്റെ യും സ്വത്വം ഇസ്ലാമികമാണ്) ചൈനയില്‍ നിന്നും (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, രാജ്യം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്) തികച്ചും വ്യത്യസ്തമാണ്.
അതുകൊണ്ടാണ് ഇന്ത്യന്‍ സൈന്യം മതനിരപേക്ഷവും രാഷ്ട്രീയ ബന്ധമില്ലാത്തതുമാകുന്നത്. അതുകൊണ്ടാണ് നമുക്ക് നമ്മുടെ സൈന്യത്തെ ചൊല്ലി അഭിമാനമുള്ളത്. എന്നാല്‍ അതെല്ലാം പതിയെ മാറുകയാണോ?
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ സുപ്രധാന തത്വങ്ങളിലൊന്നായ മതനിരപേക്ഷത ഭരണം കയ്യാളുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്ക് അത്രയ്ക്കിഷ്ടമല്ലെന്ന് നമുക്കറിയാം. മതനിരപേക്ഷതയാണ് ഭരണഘടനയുടെ ആധാരശില. എന്നിട്ടും ബിജെപിയുടെ സമകാലിക നേതൃത്വത്തിന് ആ തത്വത്തില്‍ താല്പര്യമേയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു പ്രസംഗത്തിലും ‘മതനിരപേക്ഷത’ എന്ന വാക്ക് ഉപയോഗിച്ചിട്ടേയില്ല. ബിജെപിയുടെ മാതൃസംഘടനയായ ആര് എസ് എസ് ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കുന്നതിനെ കുറിച്ച് കൂടെക്കൂടെ പറയുന്നുണ്ട്. പ്രത്യേകിച്ചും 2014ല്‍ മോഡി ഭരണത്തില്‍ വന്നതിനു ശേഷം അത്തരം പ്രഖ്യാപനങ്ങള്‍ ശക്തമായിട്ടുണ്ട്. ഭരണസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള വ്യഗ്രതയില്‍ സര്‍ക്കാരും ഭരണകക്ഷിയും നീതിന്യായവ്യവസ്ഥയിലെ ചില അംഗങ്ങളെ ദുഷിപ്പിച്ചിട്ടുമുണ്ട്.
അത്തരം ചായ്വുകള് സൈന്യത്തെയും പിടികൂടാന്‍ തുടങ്ങിയോ എന്നതാണ് രാഷ്ട്രത്തെ ഇപ്പോള്‍ വിഷമിപ്പിക്കുന്ന ചോദ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെ ഞെട്ടിപ്പിക്കുന്നതും പണ്ടുണ്ടാകാത്തതുമായ പ്രസ്താവനകളാണ് അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. അസമില്‍ ഒരു പാര്‍ട്ടി ബിജെപിയെക്കാള്‍ വേഗത്തില്‍ വളരുന്നതില്‍ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. അത് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുമത്രേ. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടിയെയാണ് അദ്ദേഹം പേരെടുത്ത് പറഞ്ഞു് വിമര്‍ശിച്ചത്.
ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിന്റെ സ്ഥാപകനായ ബദ്റുദ്ദീന്‍ അജ്മല്‍ പാര്‍ലമെന്റംഗമാണ്. അതിനെ പിന്തുണക്കുന്നവരിലേറെപ്പേരും മുസ്ലിംകള് ആണെന്നതു കൊണ്ട് എന്തു വ്യത്യാസമാണുള്ളത്? നിയമത്തിനു മുന്നില്‍ ബിജെപിയുടെയും മറ്റേതു രാഷ്ട്രീയ പാര്‍ട്ടിയുടെയും പദവി അതിനുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടുതല്‍ രാജ്യസ്നേഹമുള്ളതാണെന്ന സന്ദേശം നേരിട്ടോ അല്ലാതെയോ നല്കുന്ന ഒരു പരാമര്‍ശവും സൈനികത്തലവന്മാരോ ഓഫീസര്‍മാരോ നടത്താന്‍ പാടില്ലാത്തതാണ്. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നു പറയുമ്പോള്‍, അതിനെ ബിജെപിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനറല്‍ റാവത്ത് മറികടക്കുന്നത് ലക്ഷ്മണ രേഖയാണ്.
രാഷ്ട്രീയ നിഷ്പക്ഷതയെന്ന ലക്ഷ്മണ രേഖ മാത്രമല്ല ജനറല്‍ റാവത്ത് മറികടന്നിരിക്കുന്നത്. മതനിരപേക്ഷതയുടെ പരിധിയും അദ്ദേഹം മറികടന്നു. അദ്ദേഹം വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുള്ള ഒരു സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നും വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കുള്ള കുടിയേറ്റം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങളായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. അദ്ദേഹം അതിന് രണ്ടു കാരണങ്ങള്‍ വേര്‍തിരിച്ചെടുത്തു: ബംഗ്ലാദേശില്‍ മണ്‍സൂണ്‍ കാലത്ത് വലിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്നു. താമസിക്കാന്‍ ഇടമില്ലാത്തതിനാല്‍ ആളുകള്‍ നമ്മുടെ സ്ഥലത്തേക്ക് വന്നുകൊണ്ടേയിരിക്കുന്നു. ഇക്കാര്യം നേരാണെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.
എന്നാല്‍ അദ്ദേഹം പറഞ്ഞ രണ്ടാമത്തെ കാരണം വിചിത്രമാണ്. നമ്മുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ അയല്‍രാജ്യമായ പാകിസ്ഥാനാണ് അത്തരം ആസൂത്രിതമായ കുടിയേറ്റത്തിന് പിന്നിലത്രേ. പകരക്കാരെ വെച്ചുള്ള യുദ്ധത്തിലൂടെ ഈ പ്രദേശം തട്ടിയെടുക്കാന്‍ അവര്‍ എപ്പോഴും ശ്രമിക്കും. പാകിസ്ഥാനെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ നമ്മുടെ വടക്കന്‍ അയല്‍ രാജ്യവുമുണ്ട്(ചൈന).
അസമിലേക്കും വടക്കുകിഴക്കന്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും വരുന്ന മുസ്ലിംകളായ ബംഗ്ലാദേശികളെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ആ പ്രദേശത്തിന്റെ ജനസംഖ്യയുടെ ഘടന മാറുന്നതിലും അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലകള്‍ അഞ്ചില്‍ നിന്ന് എട്ടും ഒമ്പതുമായി മാറിയത് അദ്ദേഹത്തെ പരിഭ്രമിപ്പിച്ചുവത്രേ.
ഇതെല്ലാം കൂട്ടിവെച്ച് വായിച്ചാല്‍ ജനറല്‍ റാവത്ത് പറഞ്ഞതെന്താണെന്ന് വ്യക്തമാണ്: മുസ്ലിംകളും അവര്‍ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണ്.
മുസ്ലിം ഭൂരിപക്ഷമുള്ള അതിര്‍ത്തിജില്ലകള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ഇതിനു മുമ്പും ജനറല്‍ റാവത്ത് പറഞ്ഞിട്ടുണ്ട്. ‘രണ്ടര’മുന്നണികള്‍ക്കെതിരെ പോരാടാന്‍ ഇന്ത്യ തയാറാണെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനും ചൈനയുമാണ് രണ്ട് മുന്നണികള്‍. കശ്മീരിനുള്ളിലെ അസ്വസ്ഥതകള്‍ അരമുന്നണിയും. ഒരു സേനാമേധാവി അങ്ങേയറ്റം രാഷ്ട്രീയപ്രേരിതവും വര്ഗീയസ്വഭാവമുള്ളതുമായ പ്രസ്താവനകള്‍ പൊതുജനമധ്യത്തില്‍ നടത്തുന്നത് ഭീതിജനകമാണ്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഠതക്കും സുരക്ഷക്കും അത് ഭീഷണിയാണ്.
ജനറല്‍ റാവത്തിനെ പിന്തുണക്കുന്നവര്‍ ഇങ്ങനെ ചോദിക്കും-ബംഗ്ലാദേശികളുടെ തള്ളിക്കയറ്റം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഠതക്കും സുരക്ഷക്കും ഭീഷണിയല്ലേ? തീര്‍ച്ചയായും. എന്നാല്‍ ബി ജെപിയും ഹിന്ദുത്വവാദികളും അത് പെരുപ്പിച്ചു കാട്ടുകയാണ്. അസമിലെ ഗവര്‍ണറായിരുന്ന ലഫ്റ്റനന്റ് ജനറല്‍ എസ് കെ സിന്‍ഹയും സുപ്രീം കോടതിയിലെ ജഡ്ജിമാരും ഈ പ്രശ്നത്തെ ഭീഷണിയായി തന്നെ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
ലഫ്റ്റനന്റ് ജനറല്‍ എസ് കെ സിന്‍ഹ കേന്ദ്രത്തിനു നല്കിയ റിപോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. 2005ലെ അനധികൃതകുടിയേറ്റ നിയമത്തെ ഭരണഘടനാവിരുദ്ധമെന്ന് തള്ളിക്കളഞ്ഞപ്പോള്‍ സുപ്രീം കോടതിയും ഇക്കാര്യം പരാമര്‍ശിച്ചു. പക്ഷേ അധികാരത്തിലിരിക്കുന്ന സേനാമേധാവിക്ക് അങ്ങിനെ ചെയ്തു കൂടാ. ഒരു പാര്‍ട്ടിയെ ചൈനയുടെയും പാകിസ്ഥാന്റെയും ചാരസംഘടനയായി ചാപ്പ കുത്താനുമാകില്ല. അദ്ദേഹത്തിന് അതിനാവശ്യമായ തെളിവുകളുണ്ടെങ്കില്‍ ഉചിതമായ വഴിയിലൂടെ സര്‍ക്കാരിനെ അറിയിക്കുകയാണ് വേണ്ടത്. ഓരോ ഭരണഘടനാസ്ഥാപനവും പറയേണ്ടതും പറയേണ്ടാത്തതുമായ കാര്യങ്ങളുണ്ട്. നമ്മുടെ ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് അത്തരം നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.
ബംഗ്ലാദേശില്‍ നിന്നുള്ള വന്‍തോതിലുള്ള കുടിയേറ്റത്തെ കുറിച്ചുള്ള നിലപാട് രാഷ്ട്രം പുനരാലോചിക്കേണ്ട സമയമായിട്ടുണ്ട്. ഒരു സര്‍ക്കാരും ഇക്കാര്യത്തില്‍ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. അത്രയും കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുകയെന്നത് പ്രായോഗികമല്ല. ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലെ 4100 കി.മീ. നീളമുള്ള അതിര്‍ത്തിയുടെ എഴുപതു ശതമാനം ഭാഗത്തും എട്ടടി ഉയരവും ഏറെയിടങ്ങളില്‍ വൈദ്യുതീകരിച്ചതും ചിലവേറിയതുമായ മുള്ളുവേലിയുണ്ട്. എന്നാല്‍ അതിന് കുടിയേറ്റത്തെ തടയാനായിട്ടില്ല. അങ്ങിനെയെങ്കില്‍ എന്തു കൊണ്ട് ഇന്ത്യക്കും ബംഗ്ലാദേശിനും വ്യത്യസ്തവും നൂതനവുമായ പോംവഴികള്‍ ഇക്കാര്യത്തില്‍ ആലോചിച്ചു കൂടാ? മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനമോ അനീതിയോ ഇല്ലാത്ത,സുരക്ഷാഭടന്മാര് കാവല്‍ നില്‍ക്കാത്ത അതിര്‍ത്തികള്‍ എന്തുകൊണ്ട് ആലോചിച്ചുകൂടാ? 1947 നു മുമ്പ് ഇന്ത്യയും ബംഗ്ലാദേശും ഒന്നായിരുന്നല്ലോ. വേറിട്ടു നില്ക്കുന്നതും പരമാധികാരമുള്ളതും എന്നാല്‍ പരസ്പരം യോജിച്ചുപോകുന്നതുമായ രണ്ടു രാഷ്ട്രങ്ങളായി ഇന്ത്യക്കും ബംഗ്ലാദേശിനും എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ? വിഭജനത്തിന്റെ ദുരന്തഫലങ്ങള്‍ എന്തു കൊണ്ട് അങ്ങിനെ കുറച്ചുകൂടാ?
എന്നാല്‍ ഇതിനെല്ലാം ആദ്യം കപടദേശസ്നേഹത്തിന്റെ പിടിയില്‍ നിന്ന് നാം രക്ഷപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ മതപരവും വംശീയവും ഭാഷാപരവുമായ വൈജാത്യങ്ങളെ പുണരേണ്ടതുണ്ട്. മുസ്ലിംകളെക്കാള് ദേശസ്നേഹമുള്ളവരാണ് ഹിന്ദുക്കള്‍ എന്ന തരത്തിലുള്ള ചിന്തകള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. അരുണാചല്‍ പ്രദേശിലുള്ളവര്‍ ‘ശുദ്ധമായ’ ഹിന്ദിയാണ് സംസാരിക്കുന്നതെന്ന് ജനറല്‍ റാവത്ത് പറയുകയുണ്ടായി. അവര്‍ സ്കൂളിന് ‘വിദ്യാലയം ‘എന്നാണത്രേ പറയുന്നത്. അതുകൊണ്ടു തന്നെ അവരെ നമ്മുടെ കൂടെ കൂട്ടുന്നത് സങ്കീര്‍ണതകള്‍ ഇല്ലാത്ത കാര്യമാണത്രേ.
‘ഞങ്ങള്‍’ ‘നിങ്ങള്‍’ എന്ന മനോഭാവം തന്നെ അപകടകരമാണ്. ശുദ്ധഹിന്ദിയെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങളാണ് വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെയും ഹിന്ദി ഇതര സംസ്ഥാനങ്ങളിലെയും ജനങ്ങളെ പ്രകോപിപ്പിക്കുന്നത്.
ഞാനും ഏതൊരു ഇന്ത്യക്കാരനെയും പോലെ സൈന്യത്തെ ബഹുമാനിക്കുന്നുണ്ട്. അത് ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമാണ്. മാതൃരാജ്യത്തിനു വേണ്ടിയുള്ള ത്യാഗവും ധീരതയും അതിലുണ്ട്. അതുകൊണ്ടു തന്നെ ജനറല്‍ റാവത്തിന്റെ വാക്കുകള്‍ ഒറ്റപ്പെട്ട സംഭവമാകട്ടെയെന്നും സൈന്യം മതനിരപേക്ഷതയുടെയും രാഷ്ട്രീയ നിഷ്പക്ഷതയുടെയും സാരാംശമായിരിക്കട്ടെയെന്നും ആശിക്കട്ടെ.
സുധീന്ദ്ര കുല്‍ക്കര്‍ണി
കടപ്പാട്: ndtv.com
You must be logged in to post a comment Login