‘The Negroes of Africa have received from nature no intelligence that rises above the foolish. The difference between the two races is thus a substantial one: it appears to be just as great in respect to the faculties of the mind as in color …. Hike invites anyone to quote a single example of a Negro who has exhibited talents
ഇമ്മാനുവേല്‍ കാന്റ്
‘Their round eyes, their flat nose, their lips which are always dark, their differently shaped ears, the wool on their head, the measure even of their intelligence establishes between them and other species of men prodigious differences
വോള്‍ട്ടയര്‍
ലോകനാഗരികതയുടെ ദര്‍ശനം രചിച്ച രണ്ട് ചിന്തകര്‍. വോള്‍ട്ടയറും ഇമ്മാനുവല്‍ കാന്റും. ജ്ഞാനോദയം അഥവാ എന്‍ലൈറ്റ്‌മെന്റ് എന്ന പരികല്‍പന കാന്റിന്റെ സംഭാവനയാണ്. മനുഷ്യന്‍ എന്ന സംജ്ഞയെ കാന്റിനോളം അന്വേഷിച്ച ചിന്തകര്‍ ലോകചിന്തയുടെ ചരിത്രത്തില്‍ കുറവാണ്. നാഗരികതയുടെ നിര്‍മിതിയില്‍ കാന്റും വോള്‍ട്ടയറും വഹിച്ച ധൈഷണിക പങ്കാളിത്തം വലുതാണ്. പില്‍ക്കാല ആധുനികത അതിന്റെ ൈസദ്ധാന്തിക ഊര്‍ജം തിരയുന്നത് പലപ്പോഴും കാന്റിലും വോള്‍ട്ടയറിലുമാണ്. അങ്ങനെയുള്ള കാന്റ്, ആധുനിക മനുഷ്യന്റെ ജീവിതാവബോധത്തെ രൂപപ്പെടുത്തിയ മഹാചിന്തകനായ കാന്റ് നീഗ്രോകളെ മനുഷ്യരായി പരിഗണിച്ചിരുന്നില്ല. എന്നുമാത്രമല്ല അവരെ തല്ലാനുള്ള ചമ്മട്ടിയുടെ നീളവും കനവും എത്ര വേണമെന്നുപോലും ചിന്തിച്ചിട്ടുണ്ട് കാന്റ്. അതേക്കുറിച്ച് എഴുതിയിട്ടുമുണ്ട്. നീഗ്രോകള്‍ പ്രകൃത്യാ വിഡ്ഢികളും കൊള്ളരുതാത്തവരും കഴിവുകെട്ടവരുമാണ് എന്നായിരുന്നു കാന്റിയന്‍ ദര്‍ശനം. ശരീരപരമായി നീഗ്രോകള്‍ മനുഷ്യരേ അല്ല എന്നായിരുന്നു വോള്‍ട്ടയറുടെ പക്ഷം. വോള്‍ട്ടയറെ അറിയുമല്ലോ? അതെ, ഫ്രഞ്ചുവിപ്ലവത്തിന്റെ പിതൃസ്വരൂപങ്ങളില്‍ ഒരാള്‍. ആധുനിക ലോക നാഗരികതയുടെ ഉയര്‍ന്ന കൊടിമരമാണല്ലോ ഫ്രഞ്ച് വിപ്ലവം. അട്ടപ്പാടിയിലെ മധുവിനെയും അദ്ദേഹത്തെ മര്‍ദിച്ച് കൊലപ്പെടുത്തിയ പരിഷ്‌കൃത നാട്ടുവാസികളെയും കുറിച്ച് പറയുമ്പോള്‍ എന്തിന് വോള്‍ട്ടയര്‍? എന്തിന് ഇമ്മാനുവേല്‍ കാന്റ്? കവിതയും വിലാപങ്ങളും ഞാനൊഴികെ ബാക്കിയെല്ലാവരും കൊലയാളികള്‍ എന്ന താളത്തിലുള്ള പാട്ടും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ നടത്തിയ ഹീനവും പരിഹാസ്യവുമായ കൈകൊട്ടിക്കളിയും അരങ്ങ് തകര്‍ക്കുമ്പോള്‍ ചിന്തകരെ എഴുന്നെള്ളിച്ച് ഹിംസ തുടരുകയാണോ? ചോദ്യം ന്യായമാണ്. മധുവിനെക്കുറിച്ച് ആധുനികതയുടെ അറിവുഭാരവും പരിഷ്‌കൃതിയുടെ എഴുത്ത് സന്നാഹങ്ങളുമായി എന്ത് പറഞ്ഞാലും അതില്‍ ഹിംസയുണ്ട്. ആ ഹിംസക്ക് മധുവിനോടും അദ്ദേഹത്തിന്റെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വംശത്തോടും മാപ്പുപറഞ്ഞുകൊണ്ടാണ് ഈ ലേഖനം തുടങ്ങുന്നതും ഒടുങ്ങുന്നതും. നമ്മള്‍ ഇന്ന് പരിഷ്‌കൃതി എന്ന് വ്യവഹരിക്കുന്ന ഈ സാമൂഹിക സംവിധാനം എങ്ങനെയാണ് മധുവിന്റെ വംശത്തെ ഇല്ലാതാക്കിയത് എന്ന അന്വേഷണമാണിത്. നാഗരികത അതിന്റെ ആരംഭഘട്ടത്തില്‍, ആധുനിക ചിന്ത അതിന്റെ തുടക്ക കാലം മുതല്‍ ആദിമ വംശത്തോട് കാട്ടിയ അനീതിയെ ഉദാഹരിക്കാനാണ് കാന്റിനെയും വോള്‍ട്ടയറെയും പരാമര്‍ശിച്ചത്. ലോക പരിഷ്‌കൃതി വലിയ തോതില്‍ കടപ്പെട്ടിരിക്കുന്ന രണ്ട് ചിന്തകര്‍, ലോകത്തെ പുതുക്കിപ്പണിയാന്‍ സൈദ്ധാന്തിക ഊര്‍ജം പകര്‍ന്ന രണ്ട് മഹത്തുക്കള്‍ പോലും അവരുടെ പരികല്‍പനകളില്‍ ആദിമ വംശത്തെ എങ്ങനെയാണ് പരിഗണിച്ചിരുന്നത് എന്ന് ചൂണ്ടിക്കാണിക്കുകയാണ് ആ ഉദ്ധരണിയുടെ ലക്ഷ്യം.
പരിഷ്‌കൃത നാഗരികത അകമേ വഹിക്കുന്ന ഹിംസാത്മക വംശീയതയുടെ ഒടുവിലത്തെ ഇരയാണ് അട്ടപ്പാടിയിലെ മധു. വിശപ്പിനാല്‍ കാടിറങ്ങി വന്നപ്പോഴല്ല, നാഗരികതയോട് തോറ്റ് ചെന്നിയില്‍ തിളക്കുന്ന ഉന്മാദത്തിന്റെ മൂളക്കങ്ങളുമായി ഒമ്പതാണ്ട് മുമ്പ് കാട് കയറിയപ്പോഴാണ്; അഥവാ കാട്ടിലേക്ക് മടങ്ങിയപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ആദ്യം കൊല്ലപ്പെട്ടത്. മധുവിന്റെ ഒമ്പതാണ്ടിലെ ഏകാന്ത ജീവിതമാണ് മരണത്തെക്കാള്‍ ഭീതിദമായ രാഷ്ട്രീയ പ്രസ്താവന. അതിനാല്‍ മധുവിന്റെ മരണത്തോടുള്ള നാഗരികതയുടെ വിലാപങ്ങള്‍ വിലപിക്കുന്നവര്‍ അറിയുന്നില്ലെങ്കിലും ക്രൂരമായി വ്യാജമാവുകയാണ്. അടിച്ച് കൊന്നതിന് ശേഷവും അയാളുടെ വംശത്തെ വീണ്ടും വീണ്ടും കൊല്ലുകയാണ്. അടിച്ചുകൊന്നവരും സെല്‍ഫിയെടുത്തവരും വെറും പ്രതിനിധാനങ്ങളാണ്. എന്നാല്‍ സുരക്ഷിതമായ നടുക്കങ്ങള്‍ കൊണ്ട് എത്ര വട്ടമാണ് കഴിഞ്ഞ നാളുകളില്‍ മധു കൊല്ലപ്പെട്ടത്.
വിശദീകരിക്കാം. മധു കാടുകയറുന്നതിന് ആറ് വര്‍ഷം മുന്‍പ്, അടിയേറ്റ് ചീര്‍ത്ത കവിളും നിങ്ങളുടെ പരിഷ്‌കൃതമായ ആയുധങ്ങള്‍ക്കും നിങ്ങളുടെ സമ്പന്നമായ ആളൊരുക്കങ്ങള്‍ക്കും മുന്നില്‍ എന്റെ വംശം തോറ്റുപോയല്ലോ എന്ന പ്രാചീനമായ സങ്കടം കൂടുകെട്ടിയ കണ്ണുകളുമായി, വേച്ച് വേച്ച് കാടിറങ്ങി വന്ന ഒരു കാട്ടുപെണ്ണിനെ ഓര്‍മിക്കുന്നുണ്ടോ? മധു കൊല്ലപ്പെടുന്നത് അവള്‍ തോറ്റതിന്റെ പതിനഞ്ചാമാണ്ടിലാണെന്ന് പറഞ്ഞാലെങ്കിലും നിങ്ങള്‍ ഓര്‍മിക്കുമോ? സി.കെ ജാനുവായിരുന്നു അത്. ആദിവാസികളുടെ നെടുനാളത്തെ മഹാചരിത്രത്തിലെ ആദ്യത്തെ സ്വാഭിമാനപ്പോരാട്ട നായിക. മുത്തങ്ങ സമരമെന്നാണ് ആ പോരാട്ടത്തിന്റെ പേര്. 2003 ഫെബ്രുവരി 21 ആയിരുന്നു തീയതി. മുത്തങ്ങയെ ഓര്‍ക്കാതെ മധുവിനെ ഓര്‍ക്കുന്നത്, മുത്തങ്ങയെ തോല്‍പിച്ചതെങ്ങനെ എന്ന് പറയാതെ അട്ടപ്പാടിയിലേക്ക് പോകുന്നത് അനീതിയാണ്. അതുകൊണ്ട് നമുക്ക് മുത്തങ്ങയെ ഓര്‍ക്കാം.
സാമൂഹ്യമായ ഒരു ഉടന്തടിച്ചാട്ടമായിരുന്നില്ല മുത്തങ്ങ. ഒരു വിപ്ലവത്തിന്റെ സര്‍വ ഘടകങ്ങളും അത് ഗര്‍ഭത്തില്‍ വഹിച്ചിരുന്നു. സാമ്പത്തികവും ആവാസപരവും രാഷ്ട്രീയവുമായ ഘടകങ്ങള്‍. ഇന്ത്യന്‍ ആദിവാസി ജീവിതത്തിന് കേരളീയ ആദിവാസിയുടെ സാമൂഹികാവസ്ഥയുമായുള്ള വലിയ വ്യത്യാസത്തെ രാഷ്ട്രീയമായി മനസിലാക്കിയതില്‍ നിന്നാണ് മുത്തങ്ങയുടെ വിത്തൊരുക്കം നടന്നത്. അതായത് ഇതര സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് മധ്യേന്ത്യയിലെ ആദിവാസി ജീവിതങ്ങള്‍ക്ക് കേരളത്തിലെ ആദിവാസി അവസ്ഥയുമായുള്ള പ്രകടമായ വ്യത്യാസം മനസിലാക്കിക്കൊണ്ടുള്ള മുന്നേറ്റമായിരുന്നു അത്.
വിശദീകരിക്കാം. കേരളീയ നവോത്ഥാനം ഒരു പരിധി വരെ യാഥാര്‍ത്ഥ്യമാവുകയും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അമ്പതുകളില്‍ അധികാരത്തില്‍ വരികയും ചെയ്ത പശ്ചാതലം ഓര്‍മിക്കുക. വിഭവങ്ങളുടെ തുല്യവിതരണം എന്ന ആശയത്തിന്റെ ഒരു മിനിയേച്ചര്‍ നടത്തിപ്പുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. പൊതുവിതരണം മുതല്‍ ഭവന പദ്ധതികള്‍ വരെ അതില്‍ ഉള്‍പ്പെടും. പലതരം സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ ഘടനാപരമായിത്തന്നെ കേരളത്തില്‍ സംഭവിച്ചു. ജന്മി-കുടിയാന്‍ വ്യവസ്ഥ ഇല്ലാതായി. മിച്ചഭൂമി സമരം വിജയിച്ചു. നാമമായെങ്കിലും ഭൂവുടമസ്ഥത എന്ന അവസ്ഥയിലേക്ക് ബഹുഭൂരിപക്ഷവും എത്തി.
കേരളീയ നവോത്ഥാനം അതിന്റെ നാനാവിധമായ മുന്നേറ്റങ്ങളില്‍ അടിസ്ഥാന ജീവിതത്തെയും അടിസ്ഥാന ജാതിയെയും അഭിസംബോധന ചെയ്തിരുന്നു. അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ഉള്‍പ്പെടെ ഊര്‍ജം പകര്‍ന്ന നവീകരണങ്ങള്‍ ഹീനവും പ്രാകൃതവുമായിരുന്ന അധ:സ്ഥിത ജീവിതാവസ്ഥയെ വലിയതോതില്‍ നവീകരിച്ചു. നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി അധികാരമേറ്റ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ നവീകരണ ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. ആധുനികമായ വിഭവാധികാരങ്ങള്‍, വിദ്യാഭ്യാസവും മെച്ചപ്പെട്ട ചികിത്സയുമെല്ലാം ഏറിയും കുറഞ്ഞും തുല്യമായി വിതരണം ചെയ്യപ്പെട്ടു. രാഷ്ട്രീയാധികാരവും നേരിയ തോതിലെങ്കിലും ഇവിടത്തെ അടിസ്ഥാന ജീവിതങ്ങള്‍ക്ക് പ്രാപ്യമായി. ഭൂപരിഷ്‌കരണം അതിന്റെ യഥാര്‍ഥ സത്തയില്‍ നടപ്പാക്കാനായില്ല എങ്കിലും അടിമ ജീവിതത്തിന് ഏറെക്കുറെ അവസാനമുണ്ടായി. അടിസ്ഥാന ജീവിതങ്ങള്‍ കോളനീകരിക്കപ്പെട്ടു എന്ന വസ്തുത നിലനില്‍ക്കുമ്പോഴും വാസസ്ഥലത്തിന്റെയെങ്കിലും ഉടമസ്ഥത എന്ന നേരിയ നേട്ടങ്ങള്‍ അവര്‍ക്കുണ്ടായി.
മേല്‍ത്തട്ടിലാകട്ടെ അതിവേഗ പുരോഗതി പ്രകടമായിരുന്നു. സര്‍വ രംഗങ്ങളിലും വികസിത രാജ്യങ്ങളുടെ സൂചികകള്‍ക്കൊപ്പം കേരളം എത്തി. എഴുപതുകളില്‍ തുടക്കമിട്ട ഗള്‍ഫ് ബൂം കേരളത്തിന്റെ സാമ്പത്തിക ജീവിതത്തെ അടിമുടി മാറ്റി. മുസ്‌ലിം ന്യൂനപക്ഷത്തിന്റെയുള്‍പ്പെടെ സാമ്പത്തിക നില വന്‍തോതില്‍ മാറി. സാമ്പത്തികമായ ഈ മാറ്റങ്ങള്‍ സാമൂഹിക ജീവിതത്തെ രൂപപരമായി ആധുനികമാക്കി. പരിഷ്‌കൃത നാഗരികതയുടെ സര്‍വ ലക്ഷണങ്ങളും തികഞ്ഞ ഒരു ജനതതി ഇവിടെ രൂപപ്പെട്ടു. ആ നാഗരികതാനിര്‍മിതിയുടെ കേന്ദ്രം പ്രവാസമായിരുന്നു എന്ന് ഇന്ന് മനസിലാക്കപ്പെടുന്നുണ്ട്.
എന്നാല്‍ അതിഗുരുതരമായ ഒരു ഒഴിവാക്കല്‍ ഈ മുന്നേറ്റത്തില്‍ സംഭവിച്ചിരുന്നു. അത് കേരളത്തിലെ ആദിവാസി ജീവിതമായിരുന്നു. അവര്‍ ഒന്നടങ്കം പൊതുകേരളത്തിന്റെ ചലനവേഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. പൊതുധാരയുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തില്‍ കേരളത്തിലെ ആദിവാസിക്ക് ഭാഗധേയം ഉണ്ടായില്ല. കേരളത്തിന്റെ ചലനങ്ങളുടെ ഓരങ്ങളില്‍ അവരുണ്ടായിരുന്നില്ല.
ഒറ്റവാചകത്തില്‍ ചുരുക്കാവുന്ന ഒന്നല്ല ഈ പുറത്താകല്‍. അത് ഏതെങ്കിലും ഗൂഡാലോചനയുടെ ഫലവുമല്ല. പിന്നെന്താണ്? അധികാര പങ്കാളിത്തത്തിന്റെ അഭാവം എന്ന് ഏകദേശം മനസിലാക്കാവുന്ന ഒന്നാണ് ആ കാരണം. കേരളത്തിന്റെ അതേയളവിലോ തോതിലോ രീതിയിലോ അല്ലെങ്കിലും സാമൂഹിക നിര്‍മിതി സംഭവിച്ച ഇതര സംസ്ഥാനങ്ങളില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ സാമൂഹിക ഘടനയുടെ പുറമ്പോക്കിലേക്ക് ചിതറിപ്പോയത് ഓര്‍ക്കുക. അതിന് കാരണം പട്ടിക വിഭാഗങ്ങളെയും വിശാലാര്‍ഥത്തില്‍ ദളിതുകളെയും ഉള്‍ക്കൊണ്ട ഒരു സാമൂഹിക നിര്‍മിതി അവിടങ്ങളില്‍ ഉണ്ടായില്ല എന്നതാണ്. അത്തരം നവോത്ഥാന പരിശ്രമങ്ങള്‍ ഉണ്ടായില്ല എന്നതാണ്. മധ്യേന്ത്യയിലെ ആദിവാസി സമൂഹങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ അണിനിരന്നതിന്റെ ചരിത്രം നമുക്കറിയാം. അത്രപോലും ദളിതുകള്‍ അവിടെ മുന്നോട്ട് കൊണ്ടുവരപ്പെട്ടില്ല. അഥവാ ജാതി ശ്രേണിയെ നിയന്ത്രിച്ചിരുന്ന വന്‍ ഭൂവുടമകള്‍ അവരെ അടിമവംശമായി നിലനിര്‍ത്തി. കേരളത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. കേരളീയ നവോത്ഥാനത്തിന്റെ അതി പ്രബലധാരയായിരുന്നു പിന്നോക്കജാതി മുന്നേറ്റം. നാരായണ ഗുരു ഈഴവര്‍ക്കിടയില്‍ സാധ്യമാക്കിയതിനെക്കാള്‍ പലതുകൊണ്ടും വലുതായിരുന്നു അയ്യങ്കാളിയുടെ പുലയ ഉള്‍പ്പെടെയുള്ള പിന്നീട് പട്ടികജാതിയായി മാറിയ സമുദായങ്ങളിലെ ഇടപെടല്‍. കാര്‍ഷിക അടിമകളായിരുന്ന വിഭാഗത്തെ ആത്മാഭിമാനികളായി അയ്യങ്കാളി പരിവര്‍ത്തിപ്പിക്കുകയുണ്ടായി. കേരളത്തിലെ ആദ്യ കര്‍ഷക സമരം അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന ഭൂമി തരിശിടല്‍ സമരമായിരുന്നു എന്ന് നമുക്കറിയാം. ആ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം ഇന്ന് ഓര്‍ക്കുന്നത് നല്ലതാണ്. അത് അധഃസ്ഥിതരുടെ വിദ്യാലയ പ്രവേശനത്തിന് വേണ്ടി നടത്തിയ സമരമായിരുന്നു. അയ്യങ്കാളി നടത്തിയ ഇടപെടലുകളും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അധ:സ്ഥിതര്‍ നടത്തിയ കായികമായ ചെറുത്തുനില്‍പും വഴി തിരുവിതാംകൂര്‍ ഭരണകൂടം അധസ്ഥിതരുടെ സ്‌കൂള്‍ പ്രവേശം യാഥാര്‍ത്ഥ്യമാക്കിയിട്ടും സവര്‍ണര്‍ അയിത്തമാചരിച്ച് അവരെ വിദ്യാലയങ്ങള്‍ക്ക് വെളിയിലാക്കിയ സന്ദര്‍ഭത്തിലാണ് ഭൂമി തരിശിടല്‍ സമരം നടന്നത്. സവര്‍ണരുടെ സാമ്പത്തികാധികാരത്തിന് മേല്‍ നടന്ന അവര്‍ണ വിപ്ലവമായിരുന്നു അത്. അങ്ങനെ നാനാവിധമായ ഇടപെടലുകളിലൂടെയും വിദ്യാര്‍ജനത്തിലൂടെയും കേരളത്തിലെ അധസ്ഥിത ജനത പൊതുധാരയില്‍ അല്‍പമാത്രമായെങ്കിലും ഇടം പിടിച്ചു.
എന്നാല്‍ ആദിവാസികളുടെ കാര്യത്തില്‍ അത്തരം ചലനങ്ങള്‍ സംഭവിച്ചില്ല. തങ്ങള്‍ക്ക് പുറത്തെ കേരളത്തിന്റെ അതിവേഗ ചലനങ്ങള്‍ അവര്‍ അറിഞ്ഞില്ല. അവരതില്‍ ഭാഗഭാക്കായില്ല. അവരെയതില്‍ ഭാഗഭാക്കാക്കിയില്ല. അങ്ങിനെ വേണോ എന്ന ചോദ്യം ഒരുവശത്തുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരം എന്തായാലും അവരെ ഭാഗഭാക്കാക്കിയില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്.
തല്‍ഫലമായി കേരളീയ ആധുനികതയുടെ വിഭവഭൂപടത്തില്‍ നിന്ന് ആദിവാസി ജനത പുറത്തായി. ജനാധിപത്യം അപ്പോഴേക്കും ഒരു ബൃഹദ്സ്ഥാപനമായി ഇന്ത്യയിലും കേരളത്തിലും മാറിയിരുന്നു. ജനാധിപത്യത്തിന്റെ ഭൂപ്രദേശത്തായിരുന്നു ആദിവാസികളുടെയും ജീവിതം. അതായത് കേരളത്തിലെ ആദിവാസികള്‍ പ്രാഥമികമായി കേരളീയരാണല്ലോ? അപ്പോള്‍ കേരള സര്‍ക്കാര്‍, അതായത് ആദിവാസിക്ക് ഒരു പ്രാതിനിധ്യവുമില്ലാത്ത കേരള സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനവും അവര്‍ക്കും ബാധകമാവുമല്ലോ?
ആദിമ ജനതക്ക് സ്വയംഭരണ യൂണിറ്റുകളാകാം എന്ന വിശാല സ്വപ്‌നം ഭരണഘടനയുടെ ഭാഗമായിരുന്നു എങ്കിലും അതൊന്നും എങ്ങും നടന്നില്ല. ഫലമോ ആദിവാസികളും ഈ ജനാധിപത്യത്തിന്റെ ഭൂപരിധിയില്‍ വന്നു. അപ്പോള്‍ തങ്ങള്‍ക്ക് യാതൊരു പങ്കാളിത്തവുമില്ലാത്ത, തങ്ങളുടെ ശീലങ്ങളില്‍ നിന്ന് തുലോം ദൂരെയുള്ള ഭരണകൂടത്തിന്റെ, തങ്ങളുടെ ശബ്ദം ഉയരാത്ത നയരൂപീകരണ സമിതികളുടെ തീരുമാനങ്ങള്‍ക്ക് കേരളത്തിലെ ആദിവാസികള്‍ വിധേയരാകേണ്ടി വന്നു. കേരളത്തിലെ ആദിവാസികള്‍ എന്ന് എടുത്തുപറയാന്‍ കാരണം വടക്കുകിഴക്കും മധ്യേന്ത്യയിലെ ചിലയിടങ്ങളിലെങ്കിലും അങ്ങനെയായിരുന്നില്ല എന്ന് പറയാനാണ്. അവര്‍ക്ക് ജനാധിപത്യത്തിന്റെ ദൈനംദിന ജീവിതത്തില്‍ നാമമാത്രമായെങ്കിലും പങ്കും പങ്കാളിത്തവും ഉണ്ടായിരുന്നു.
കേരളത്തില്‍ ഇതോടൊപ്പം നടന്ന മറ്റൊന്ന് ആധുനികതയുടെ ഭാഗമായി സംഭവിച്ച കുടിയേറ്റമാണ്. ആദിവാസികള്‍ വിഹരിച്ചിരുന്ന പ്രദേശങ്ങളാണ്, അവരുടെ ജീവസന്ധാരണ മേഖലയായിരുന്ന വനഭൂമിയാണ് കുടിയേറ്റത്തിന് അതിവേഗത്തില്‍ വിധേയമായത്. നിശ്ചയമായും അതൊരു ക്രിമിനല്‍ പ്രവര്‍ത്തനമായിരുന്നില്ല. മറിച്ച് എല്ലാ ആധുനിക സമൂഹങ്ങളും ഇത്തരത്തില്‍ പുതിയ വിഭവങ്ങള്‍ തേടി പുതിയ ഭൂഭാഗങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. ഇന്ന് നാം കാണുന്ന ഈ ലോകത്തെ ഈ രൂപത്തില്‍ സൃഷ്ടിച്ചത് ഇത്തരം കുടിയേറ്റങ്ങളാണല്ലോ? അതിനാല്‍ കൊടും ്രകിമിനലുകളായ ഒരു വിഭാഗം നാട്ടില്‍ നിന്ന് കുടിയേറി ആദിവാസികളെ കൊള്ളയടിച്ചു എന്ന മട്ടിലുള്ള പോസ്റ്റ് മോഡേണ്‍ ആഖ്യാനങ്ങളിലും സ്വത്വവാദികളുടെ പ്രചാരണങ്ങളിലും കഴമ്പില്ല. കാരണം ഇങ്ങനെ കുടിയേറിയവരുമായി ഇടകലര്‍ന്നാണ് ലോകചരിത്രത്തില്‍ എല്ലാ തദ്ദേശീയ ജനതയും അതിജീവിച്ചിട്ടുളളത്. കേരളത്തിലെ ആദിവാസി സമൂഹം ഇന്ന് അല്‍പമാത്രമെങ്കിലും ആര്‍ജിച്ചിട്ടുള്ള സ്വയം നിര്‍ണയത്തിന് ഈ കുടിയേറ്റങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിയോജിപ്പുണ്ടാവാം. പക്ഷേ, ഇപ്പറഞ്ഞതില്‍ യാഥാര്‍ത്ഥ്യമുണ്ട്.
പക്ഷേ, ആ പങ്കുവഹിക്കലിനെ വികസിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ ഭരണകൂടങ്ങളും ആദിവാസിക്ക് പുറത്തെ സമൂഹവും കഠിനമായി പരാജയപ്പെട്ടു. ആദിവാസികളുടെ ഭരണപങ്കാളിത്തമില്ലായ്മ അവര്‍ക്കുള്ള വികസന നിധികളുടെ ദുരുപയോഗത്തിലേക്കും ആസൂത്രണമില്ലായ്മയിലേക്കും നയിച്ചു. ആദിവാസി സമൂഹത്തെ, അതിന്റെ വ്യതിരിക്തതകളെ, അതിനകത്ത് തന്നെയുള്ള വ്യത്യസ്ത വംശങ്ങളെ മനസിലാക്കുന്നതില്‍ പദ്ധതി ആസൂത്രകരും ഭരണകൂടവും പരാജയപ്പെട്ടു. ഫലമോ, ആദിവാസി സമൂഹം ഉറവിടത്തില്‍ നിന്ന് ചിതറി ലക്ഷ്യത്തിലെത്താതെ നിശ്ചലമായി. അവരുടെ ചലനങ്ങള്‍ അപരിചിതത്വത്താല്‍ മന്ദഗതിയിലായി.
ഈ നിശ്ചലത അവരെ കൊടും ദരിദ്രരാക്കി. ഉറവിടത്തില്‍ നിന്ന് വംശീയമായ അസ്തിത്വത്തില്‍ നിന്ന് ആവാസത്തില്‍ നിന്ന് തെറിച്ച് അവര്‍ നിശ്ചലരായി. അവര്‍ക്ക് സാംസ്‌കാരികമായി വഴങ്ങാത്ത വിദ്യാഭ്യാസ രീതികളുടെ ഇരയാകേണ്ടി വന്നു. അവര്‍ക്ക് പരിചിതമല്ലാത്ത ഭാഷയില്‍ വ്യവഹരിക്കേണ്ടി വന്നു. പരിചിതമല്ലാത്ത വാസ്തുവിദ്യയുള്ള, ശീലമില്ലാത്ത സിമന്റ് തറകളുള്ള വീടുകളില്‍ താമസിക്കേണ്ടി വന്നു. ശീലമില്ലാത്ത മരുന്നുകള്‍ക്ക് ഇരയാകേണ്ടി വന്നു.
വംശപരമായി ആദിവാസികളെ മനസിലാക്കാതെ നടത്തിയ വികസനങ്ങള്‍ അങ്ങനെ ആദിവാസികളെ കുറ്റിയറ്റവരാക്കി.
ഈ കുറ്റിയറ്റുപോകല്‍ സൃഷ്ടിച്ച പട്ടിണിയില്‍ നിന്നാണ്, പ്രതിസന്ധികളില്‍ നിന്നാണ് ആദിവാസി സമൂഹത്തിന്റെ ആദ്യ പ്രക്ഷോഭങ്ങള്‍ ഉയരുന്നത്. ആ പ്രക്ഷോഭങ്ങളിലേക്ക് ആദിവാസി സ്വത്വത്തിന്റെ ഗരിമയാര്‍ന്ന വരവുണ്ടാവുന്നതാവട്ടെ സി.കെ ജാനുവിലൂടെയായിരുന്നു. മുത്തങ്ങ സമരമായിരുന്നു അതിലെ ആദ്യവിപ്ലവം.
മുത്തങ്ങയുടെ തോല്‍വിയില്‍ നിന്നാണ് മധുമാരുടെ കാടുകയറ്റവും അനേകരുടെ അകാലമരണവുമെല്ലാം തുടര്‍ക്കഥയാവുന്നത്. മുത്തങ്ങയെ ചോരയില്‍ മുക്കി കൊന്നത് എ.കെ ആന്റണി സര്‍ക്കാരായിരുന്നു. അതിന് ചുക്കാന്‍ പിടിച്ചത് ഇന്ന് മധുവിന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന നാട്ടുവാസികളായിരുന്നു. ആ നാട്ടുവാസികളുടെ മുന്നില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് സി.കെ ജാനു നിന്ന ആ നിസ്സഹായമായ നില്‍പുണ്ടല്ലോ അതിന്റെ തുടര്‍ച്ചയാണ്, പട്ടിണിയാല്‍ വിറച്ച്, പേടിയാല്‍ ചകിതനായി നിന്ന മധുവിന്റെ നില്‍പ്.
മുത്തങ്ങ വിജയിച്ചിരുന്നെങ്കില്‍, ആദിവാസി സ്വാഭിമാനത്തിന്റെ പതാകകള്‍ അട്ടപ്പാടിയിലും പാറുമായിരുന്നു. നാട്ടുവാസികളെ ഭയന്ന് മധു കാട് കയറില്ലായിരുന്നു. അതിനാല്‍ അട്ടപ്പാടിയിലെ ആ കൊലപാതകത്തില്‍ അപരനിലേക്ക് ചൂണ്ടുന്ന ഒറ്റവിരലിനിപ്പുറം നിങ്ങളിലേക്ക് ചൂണ്ടുന്ന അനേകം വിരലുകളുണ്ട്. നാട്ടുജീവികളുടെ, നാട്ടുനാഗരികതയുടെ വംശീയ മുന്‍വിധികളാണ് മധുവിനെ കൊന്നത്. നിങ്ങള്‍ വേരുകള്‍ പറിച്ചെടുത്ത് വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ നിശ്ചലമായിപ്പോയ അവന്റെ ജീവിതമാണ് നിങ്ങള്‍ക്ക് അപരമായിത്തീര്‍ന്നത്. ആ നിശ്ചലതയാണ് അവനെ മുഷിഞ്ഞവനും പിന്നെ നിങ്ങള്‍ ആരോപിക്കുന്ന പലതുമാക്കിയത്. അങ്ങനെ നിങ്ങളുടെ ദൃഷ്ടിയില്‍ പെട്ടാല്‍ പോലും ദോഷമുള്ളവനാക്കിയത്. അങ്ങിനെയാണ് നിങ്ങളവനെ െകാന്നുകളഞ്ഞത്. പട്ടിണിയോ ഉടുപ്പില്ലാത്തതോ നിങ്ങള്‍ നാട്ടുവാസികളുടെ പ്രശ്‌നമാണ്. മധുവിന്റെ വംശത്തിന് ചിതറലാണ് പ്രശ്‌നം. കാന്റും വോള്‍ട്ടയറും കാര്‍മികരായ നിങ്ങളുടെ നാഗരികതക്ക് അവരെ മനസിലാവില്ല. അതിനാല്‍ ചാക്കാലകള്‍ തുടരട്ടെ.
കെ കെ ജോഷി
You must be logged in to post a comment Login