തൊഴിലവസരങ്ങള്‍
തൊഴിലവസര സൃഷ്ടി വാഗ്ദാനം ചെയ്താണ് 2014ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. യു പി എ സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്നൊരു മാറ്റമെന്നാണ് മോഡി ഇതിനെ വിശേഷിപ്പിച്ചത്. അതായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മുദ്രാവാക്യം. വികസനത്തിന്റെ ഗുജറാത്ത് മാതൃക രാജ്യത്തെ മറ്റിടങ്ങളില്‍ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. 2022 ആകുമ്പോഴേക്കും പത്ത് കോടി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും വാക്ക് നല്‍കി. ഇത് യുവാക്കളെ, (പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ) വലിയ തോതില്‍ സ്വാധീനിച്ചു. വലിയ വളര്‍ച്ചയുടെ ഗുജറാത്ത് മാതൃക, തൊഴിലവസരസൃഷ്ടിക്ക് ഉതകിയിരുന്നില്ല എന്നതൊന്നും യുവാക്കളുടെ പ്രതീക്ഷകളെ ഇല്ലാതാക്കിയില്ല. പെട്രോളിയം സംസ്‌കരണം, പെട്രോ കെമിക്കല്‍സ് തുടങ്ങിയവയുള്‍പ്പെടെ ഉല്‍പാദനമേഖലയില്‍ വളര്‍ച്ചയുണ്ടാക്കിയ ഗുജറാത്ത് മാതൃക വലിയ തോതില്‍ മൂലധനത്തെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു. അത് വലിയതോതില്‍ തൊഴിലുകള്‍ ഉണ്ടാക്കിയില്ല. സാമൂഹികക്ഷേമ പദ്ധതികളെയും മുന്നോട്ടുകൊണ്ടുപോയില്ല. എങ്കിലും യുവാക്കളില്‍ തൊഴിലിനെക്കുറിച്ചുള്ള പ്രതീക്ഷ വളര്‍ത്തുന്നതില്‍ ഗുജറാത്ത് മാതൃക ഉപയോഗിക്കപ്പെട്ടു.
തൊഴിലവസര സൃഷ്ടിയുടെ വേഗം അത്രത്തോളം പ്രതീക്ഷ നല്‍കുന്നതല്ലെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ലേബര്‍ ബ്യൂറോ സര്‍വേയുടെയും മറ്റും കണക്കുകളനുസരിച്ചാണെങ്കില്‍ തൊഴിലവസരങ്ങള്‍ കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് പുതിയ കാര്യവുമല്ല. തൊഴിലവസര സൃഷ്ടിയില്‍ ഇന്ത്യക്ക് വേഗം കുറവാണെന്നാണ് കഴിഞ്ഞ 40 വര്‍ഷത്തെ അനുഭവം. തൊഴില്‍ രഹിതരോ സ്ഥിരമായി തൊഴില്‍ ലഭിക്കാത്തവരോ ആയ അഞ്ച് കോടി തൊഴിലാളികള്‍ ഇപ്പോള്‍ രാജ്യത്തുണ്ടെന്നാണ് ചില കണക്കുകള്‍ പറയുന്നത്. തൊഴില്‍ സേനയ്ക്ക് പുറത്തുനില്‍ക്കുന്ന കോടിക്കണക്കായ സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുന്നുമില്ല.
അഴിമതിക്കെതിരായ പോര്
അഴിമതി ഇല്ലാതാക്കുന്നതിന് നടത്താന്‍ പോകുന്ന യുദ്ധമായിരുന്നു മറ്റൊരു വീരവാദം. വിദേശ രാജ്യത്തെ അക്കൗണ്ടുകളിലുള്ള കള്ളപ്പണം പിടിച്ചെടുക്കാനുള്ള ശ്രമം എവിടെയുമെത്തിയില്ല. നികുതിയടച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം പലകുറി നല്‍കിയതും വലിയ ഫലമുണ്ടാക്കിയില്ല. അതിന് ശേഷമാണ് നോട്ടുപിന്‍വലിക്കലെന്ന ‘ധീര’മായ തീരുമാനം പൊടുന്നനെയുണ്ടായത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഭോഷ്‌കായി അത് മാറുകയും ചെയ്തു. സമ്പന്നര്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കോഴപ്പണം ആവിയാകുമെന്നതായിരുന്നു ഇതിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് മറ്റ് ലക്ഷ്യങ്ങളുണ്ടായി – കള്ള നോട്ട് നിര്‍മാര്‍ജനം ചെയ്യലും ഭീകര പ്രവര്‍ത്തനത്തിനുള്ള ധനസഹായം ഇല്ലാതാക്കലും. ഇതൊന്നും നടക്കില്ലെന്ന് വ്യക്തമായതോടെ അവര്‍ സമ്പദ് വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങി. ഗോള്‍ പോസ്റ്റുകള്‍ പലകുറി മാറ്റി.
പിന്‍വലിച്ച നോട്ടിന്റെ മൂല്യം മുഴുവന്‍ തിരിച്ചെത്തിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കറന്‍സിയായി സൂക്ഷിച്ച കള്ളപ്പണം വളരെ കുറച്ചായിരുന്നുവെന്നാണ് അര്‍ത്ഥം. അതുതന്നെ അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി വെളുപ്പിച്ചെടുക്കുകയും ചെയ്തു. കള്ളപ്പണം കറന്‍സിയില്‍ സൂക്ഷിക്കുക സമ്പന്നരുടെ പതിവല്ല. ഭൂമിയിലും സ്വര്‍ണത്തിലും അത് നിക്ഷേപിക്കും. അതിലും അധികമുള്ളത് വിദേശത്തെ അക്കൗണ്ടുകളിലും. കള്ളപ്പണം കറന്‍സിയായി സൂക്ഷിക്കുകയാണെന്ന ചിന്ത, സര്‍ക്കാരിനുണ്ടായത് എങ്ങനെ എന്ന് മനസ്സിലാകുന്നതേയില്ല.
നോട്ട് പിന്‍വലിച്ചതുണ്ടാക്കിയ കഷ്ടതകള്‍ കൃത്യമായി അളന്നിട്ടില്ല ഈ ദിവസം വരെ. നഗരങ്ങളില്‍ വസിക്കുന്ന മധ്യവര്‍ഗത്തെ സംബന്ധിച്ച്, എ ടി എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നിലുള്ള നീണ്ട നിര ഓര്‍മയിലുണ്ട്. ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഓരോ ദിവസവും വരുത്തിയ മാറ്റം സമ്മാനിച്ച അസ്വസ്ഥതകളും. എന്നെ സംബന്ധിച്ച്, രാജ്യത്തെ പാവപ്പെട്ടവരോട് പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവരോട് കാണിച്ച ക്രൂരമായ ഫലിതമായിരുന്നു നോട്ട് പിന്‍വലിക്കല്‍. ഡല്‍ഹിയിലിരിക്കുന്ന ചിലരുടെ (അവര്‍ അറിവില്ലാത്തവരാണ;് ധാര്‍ഷ്ട്യമുള്ളവരും) ചിന്തയിലുദിച്ച പദ്ധതിയായിരുന്നു അത്. വേണ്ട മുന്നൊരുക്കമില്ലാതെ, തിരക്കിട്ട് നടപ്പാക്കിയതും.
തൊഴിലും കൂലിയും നഷ്ടപ്പെട്ടതിന്റെ ചില കണക്കുകളെങ്കിലും ഇപ്പോള്‍ നമ്മുടെ കൈവശമുണ്ട്. ടെക്‌സ്റ്റൈല്‍ കേന്ദ്രങ്ങളായ വടക്കേ ഇന്ത്യയിലെ പാനിപ്പത്തും തെക്കേ ഇന്ത്യയിലെ തിരുപ്പൂരും ഉദാഹരണങ്ങളാണ്. വ്യാപാര മേഖലയിലുണ്ടായ വലിയ നഷ്ടത്തിന്റെ കണക്കുകളും വരുന്നു. ചെറുകിട കമ്പനികളില്‍ പലതും പൂട്ടിപ്പോയി. കൂലിയില്ലാതായതോടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.
ഇത് പക്ഷേ രാഷ്ട്രീയത്തില്‍ മാന്ത്രികവിദ്യ പോലെ പ്രവര്‍ത്തിച്ചു. സമ്പന്നരെ ശിക്ഷിക്കുന്നതാണ് ഈ നടപടിയെന്ന് ദരിദ്രജനങ്ങളില്‍ വലിയൊരു വിഭാഗം വിശ്വസിച്ചു. സമ്പന്നര്‍ക്ക് വലിയ പ്രസായമൊന്നുമുണ്ടായില്ലെന്ന് ദരിദ്രര്‍ മനസ്സിലാക്കിയില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തിരിച്ചടിയുണ്ടായെന്നാണ് ചിലര്‍ പറഞ്ഞത്. അത് ശരിയല്ല. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റിയല്‍ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നു. 2017ലെ സാമ്പത്തിക സര്‍വേയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നോട്ട് പിന്‍വലിച്ച നടപടി മൂലം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം കൂടിയെന്നാണ് ചിലരുടെ പക്ഷം. ആദായ നികുതി ഒടുക്കുന്നവരുടെ ശരാശരി വരുമാനം 2.7 ലക്ഷമാണെന്ന് 2017ലെ സാമ്പത്തിക സര്‍വേയില്‍ പറയുന്നു. നികുതി നല്‍കാന്‍ ബാധ്യതപ്പെടുന്ന ആദായത്തെക്കാള്‍ ചെറിയ വര്‍ധന മാത്രമേയുള്ളൂ 2.7 ലക്ഷത്തിലേക്ക്. ഇക്കാലമത്രയും നികുതിവെട്ടിച്ചിരുന്ന അതിസമ്പന്നരൊന്നുമല്ല പുതുതായി നികുതിദായകരായത് എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡുമായൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായ താരതമ്യേന ചെറിയ വരുമാനക്കാരാണ് നികുതി വലയിലേക്ക് പുതുതായി എത്തിയത്. അനധികൃത സമ്പാദ്യത്തിലൂടെ തടിച്ച പൂച്ചകളൊന്നും നോട്ട് പിന്‍വലിച്ചത് മൂലം ബുദ്ധിമുട്ടിലായില്ലെന്ന് ചുരുക്കം.
സംശുദ്ധ ഭരണം!
ഈ ഭരണം കുറേക്കൂടി സംശുദ്ധമാണെന്ന പ്രചാരണം അതിശയോക്തിയാണ്. ആരോപണ വിധേയരോ സാക്ഷികളോ ആയ 40 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മധ്യപ്രദേശിലെ വ്യാപം അഴിമതി നമുക്ക് കണ്ടില്ലെന്ന് നടിക്കാം. ടെലികോം പോലെ യു പി എ ഭരണകാലത്തുണ്ടായ അഴിമതി ആരോപണങ്ങളൊന്നും ഇത്രയും പേരെ കൊന്നിട്ടില്ല. രാജസ്ഥാനിലും ഡല്‍ഹിയിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതികളുണ്ടായി. നമുക്ക് അതും കണ്ടില്ലെന്ന് നടിക്കാം.
ധാതുക്കളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും കൈമാറ്റമാണ് യു പി എ കാലത്ത് അഴിമതിയുടെ നിഴലിലായത്. പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യുക എന്ന രീതി അവലംബിച്ചതോടെ ഈ മേഖല കൂടുതല്‍ സംശുദ്ധമായെന്ന് പറയാം. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ് ഇവയുടെ ലേലം ആരംഭിച്ചത്. അത് യു പി എ സര്‍ക്കാറിന്റെ അവസാനകാലത്ത് തന്നെ തുടങ്ങിയിരുന്നു. അതുകൊണ്ട് ഇവിടെ പുതുമയൊന്നുമില്ല. ഖനന രംഗത്തുണ്ടായിരുന്ന നിക്ഷേപ സാധ്യത അന്താരാഷ്ട്ര തലത്തില്‍ തന്നെ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ നിന്ന് വലിയ അളവില്‍ പണമുണ്ടാക്കുക പ്രയാസമാണ്.
ചില വന്‍കിട കമ്പനികള്‍, ഊര്‍ജോപകരണങ്ങളുടെയും കല്‍ക്കരി ഇറക്കുമതിയുടെയും ചെലവ് പെരുപ്പിച്ചുകാട്ടിയത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അതിന്‍മേല്‍ നടപടിയെടുക്കുന്നതിന് തടസ്സമുണ്ടാക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന സംഭരണം, കെട്ടിട നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, ഭൂമി ഏറ്റെടുക്കല്‍ എന്നിവയിലൊക്കെ അഴിമതി തുടരുന്നുണ്ട്. ഇതേക്കുറിച്ച് പല റിപ്പോര്‍ട്ടുകളും വരുന്നു. ഭരണകക്ഷിയുടെ നേതാക്കളുള്‍പ്പെട്ട ഇത്തരം സംഗതികളെ പിന്തുടരാന്‍ സി ബി ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ താത്പര്യം കാട്ടുന്നില്ല. ഭീഷണികളാല്‍ ഭയന്ന സര്‍ക്കാറിതര സംഘടനകളും മാധ്യമങ്ങളും പൊതുവില്‍ മൗനം പാലിക്കുകയും ചെയ്യുന്നു. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സര്‍വേയനുസരിച്ച് 2016നെ അപേക്ഷിച്ച് 2017ല്‍ അഴിമതി വര്‍ധിച്ചുവെന്നാണ് 43 ശതമാനം കുടുംബങ്ങളും കരുതുന്നത്. ദൈനംദിന ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന ചെറിയ അഴിമതിയാണ് ഇത്.
അഴിമതിയുടെ ഭീമാകാരം മുറിക്കുള്ളില്‍ തന്നെയുണ്ട് – തിരഞ്ഞെടുപ്പു ഫണ്ട്. രാജ്യത്തെ ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം കൂടി സംഭാവനയായി ലഭിച്ചതിന്റെ പല മടങ്ങാണ് ഭരണ കക്ഷിക്ക് കിട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവരാവകാശ നിയമത്തിന് പുറത്താണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. എന്ത് അടിസ്ഥാനത്തില്‍? പൊതുസ്ഥാപനങ്ങളല്ല തങ്ങളെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അവ സ്വകാര്യ സ്ഥാപനങ്ങളാകണം. അങ്ങനെയെങ്കില്‍ സര്‍ക്കാരിതര സംഘടനകളോ മറ്റോ ആകണം. വിദേശ സംഭാവനകള്‍ നിയന്ത്രിക്കുന്ന നിയമത്തിന് കീഴിലാണ് സര്‍ക്കാരിതര സംഘടനകള്‍. ഈ നിയമമുപയോഗിച്ച് ഈ സംഘടനകളെ ദ്രോഹിക്കുന്നുമുണ്ട്.
വിദേശ സംഭാവനകള്‍ നിയന്ത്രിക്കുന്ന നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കുന്ന വ്യവസ്ഥ ധനകാര്യ ബില്ലുകളിലൊന്നില്‍ അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടുത്തിയിരുന്നു. അതിന് 2010 മുതലുള്ള മുന്‍കാല പ്രാബല്യവും നല്‍കി. 2014ലെ പൊതുതിരഞ്ഞെടുപ്പിനൊഴുകിയ പണത്തെക്കുറിച്ച് അന്വേഷണമുണ്ടാകുന്ന സാഹചര്യം സമര്‍ത്ഥമായി ഒഴിവാക്കുകയായിരുന്നു ജെയ്റ്റ്‌ലി.
തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവരിക എന്ന ആശയം കഴിഞ്ഞ ബജറ്റില്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു. കുത്തക കമ്പനികളില്‍ നിന്ന് കണക്കില്ലാതെ സംഭാവന സ്വീകരിക്കാനും അത് വെളിപ്പെടുത്താതിരിക്കാനും വഴിതുറക്കുകയാണ് ഇതിലൂടെ ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാകും ഇതിലൂടെ എന്ന് ധനമന്ത്രി പറയുന്നു. വിരുദ്ധമായതാണ് സംഭവിക്കുക.
ലോക്പാല്‍ നിയമത്തെക്കുറിച്ച് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? 2014 ജനുവരി ഒന്നിനാണ് അത് നമ്മുടെ നിയമ സംഹിതകളുടെ ഭാഗമായത്. ഇപ്പോള്‍ 2018 ഫെബ്രുവരിയായിരിക്കുന്നു. ലോക്പാല്‍ നിയമം പാസ്സാക്കണമെന്നാവശ്യപ്പെട്ട് വലിയ ബഹളമുണ്ടാക്കിയവര്‍ക്കൊപ്പം ബി ജെ പിയുമുണ്ടായിരുന്നു. ലോക്പാലിനെ നിയമിക്കാനോ നിയമം പ്രാബല്യത്തിലാക്കാനോ നാല് വര്‍ഷത്തിനിടെ അവരൊന്നും ചെയ്തില്ല. നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പന്ത്രണ്ട് വര്‍ഷവും സംസ്ഥാനത്ത് ലോകായുക്തയെ നിയമിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയിരുന്നില്ല. അതേ രീതി കേന്ദ്രത്തിലും തുടരുകയാണ്. എങ്കിലും അഴിമതിയെന്ന പിശാചിനെ തുടച്ചുനീക്കുകയാണെന്ന ശബ്ദഘോഷം പരമാവധി ശക്തിയില്‍ തുടരുന്നു, കുറേയാളുകള്‍ അത് വിഴുങ്ങുകയും ചെയ്യുന്നു. അതേ സമയം മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി മടിക്കുകയാണ്. ഇക്കാലത്തിനിടെ ഒരു വാര്‍ത്താ സമ്മേളനത്തെപ്പോലും പ്രധാനമന്ത്രി നേരിട്ടിട്ടില്ല, പാര്‍ലമെന്റിലെ ചോദ്യങ്ങളെയും. തിരിച്ച് ചോദ്യമുയരാത്ത ട്വീറ്റുകളിലും റേഡിയോയിലൂടെയുള്ള മന്‍ കി ബാതിലുമാണ് അദ്ദേഹത്തിന് താത്പര്യം.
പരിഷ്‌കരണങ്ങളോടുള്ള സമീപനം
ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയത്, അര്‍ധ രാത്രിയില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് കൂട്ടിയാണ്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയസാമ്പത്തിക പരിഷ്‌കരണമെന്ന ഘോഷത്തോടെ. ജി എസ് ടിയുടെ യഥാര്‍ത്ഥ രൂപത്തെ ഏറ്റവും ശക്തമായി എതിര്‍ത്തിരുന്നത് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മോഡിയായിരുന്നുവെന്ന് ഓര്‍ക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടായിരുന്നില്ല. അതേയാള്‍ നടപ്പാക്കിയ വലിയ സാമ്പത്തിക പരിഷ്‌കരണമായി ജി എസ് ടി ഇപ്പോള്‍ മാറിയെന്നതും. നല്ലതും ലളിതവുമായ നികുതി സമ്പ്രദായമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം എതിര്‍ത്ത ജി എസ് ടി രീതി കൂറേക്കൂടി നല്ലതും കൂടുതല്‍ ലളിതവുമായിരുന്നു. നടപടിക്രമങ്ങളുടെ നൂലാമാല മൂലം അതിപ്പോള്‍ നല്ലതോ ലളിതമോ അല്ലാതായിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വൈരുധ്യങ്ങളുടെ പട്ടികയില്‍ ഇതും പെടുത്താം.
ജി എസ് ടിക്ക് പൊതുവില്‍ അനുകൂലമാണ് ഞാന്‍. പക്ഷേ ഇവിടെ നടപ്പാക്കിയപ്പോള്‍ നികുതി നിരക്കുകള്‍ക്ക് കൂടുതല്‍ തട്ടുകളുണ്ടായി. കൂടുതല്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. ധൃതിപിടിച്ച് നടപ്പാക്കിയത് ചെറുകിട വ്യാപാരികളെയും വ്യവസായികളെയും വലിയ ബുദ്ധിമുട്ടിലാക്കി.
സര്‍ക്കാരിന്റെ മനോഭാവത്തിന് മറ്റൊരു തെളിവ് ആധാറാണ്. യു പി എ സര്‍ക്കാരാണ് ഇതിന്റെ ഉപജ്ഞാതാവ്. അന്ന് അതിനെ ശക്തമായി എതിര്‍ത്തിരുന്നു ബി ജെ പി. അവര്‍ അധികാരത്തിലെത്തിയ ശേഷം ആധാറിന് നിയമത്തിന്റെ പിന്‍ബലം നല്‍കിയത്, മണി ബില്ലായി ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ടാണ്. കാര്യമായ ചര്‍ച്ചകള്‍ അതേക്കുറിച്ച് നടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിക്കൂടിയാണ് മണി ബില്ലായി അവതരിപ്പിച്ചത്. സ്വകാര്യതയുടെ കാര്യത്തില്‍ ആധാറുയര്‍ത്തുന്ന വെല്ലുവിളിയും വിവരങ്ങളുടെ സുരക്ഷയും ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ടതായിരുന്നു. നിരീക്ഷണത്തിന് കൂടുതല്‍ അധികാരം കിട്ടുമെന്ന് ഉറപ്പുള്ള സര്‍ക്കാര്‍, വേഗത്തില്‍ നിയമമുണ്ടാക്കുന്നതില്‍ തികച്ചും സന്തുഷ്ടരായിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് പ്രാഥമിക സുരക്ഷ നല്‍കുന്നതിലും ഇതുമായി ബന്ധപ്പെട്ട് നിയമവാഴ്ച ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. ഇത് ലോകമാകെ അറിയുന്നതാണ്. ഇനി ഞാന്‍ ചില ആഗോള സൂചികകള്‍ ഉദ്ധരിക്കാം. മികച്ച നിക്ഷേപ അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നൂറാം സ്ഥാനത്താണ്, നേരത്തെ 130 ആയിരുന്നു. ലോക ബാങ്കിന്റെ ഈ റാങ്കിംഗില്‍ അഭിരമിച്ചിരിക്കയാണ് പ്രധാനമന്ത്രിയും സര്‍ക്കാരും. നൂറാം സ്ഥാനമെന്നതും മോശമാണെന്ന് അവര്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല.
മറ്റ് ചില റാങ്കുകള്‍ക്ക് കൂടി തുല്യ പ്രാധാന്യം നല്‍കണം. അത് ഇവയാണ്:
1. 198 രാജ്യങ്ങളില്‍ മത സ്വാതന്ത്ര്യം ഏതളവിലുണ്ടെന്ന് നിരീക്ഷിച്ച് പട്ടിക തയാറാക്കുന്നുണ്ട് പ്യൂ റിസര്‍ച്ച് സെന്റര്‍. ഈ പട്ടികയില്‍ അവസാനത്തു നിന്ന് നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നാണ് അതിന് അര്‍ത്ഥം.
2. മാധ്യമങ്ങളെ നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് മാധ്യമ സ്വാതന്ത്ര്യമളന്ന് പട്ടിക തയാറാക്കിയിട്ടുണ്ട്. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136.
3. നിയമ വാഴ്ചയെ അടിസ്ഥാനമാക്കി വേള്‍ഡ് ജസ്റ്റിസ് പ്രൊജക്ട് തയാറാക്കിയ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 66 ആണ്. ആകെ 113 രാജ്യങ്ങളാണ് പട്ടികയില്‍. ഘാന, ജമൈക്ക, സെനഗല്‍, തുണീഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊക്കെ താഴെയാണ് ഇന്ത്യ.
ഭരണനേട്ടങ്ങളുടെ പട്ടിക
ജി എസ് ടി – യു പി എ സര്‍ക്കാര്‍ ആരംഭിച്ചു, ഈ ഭരണം ഊര്‍ജിതമായി പിന്തുടര്‍ന്നു.
ആധാര്‍ – യു പി എ സര്‍ക്കാര്‍ തുടങ്ങി, ഈ സര്‍ക്കാര്‍ ഊര്‍ജിതമായി പിന്തുടരുന്നു.
ഇന്ധന സബ്‌സിഡി കുറയ്ക്കല്‍ – യു പി എ സര്‍ക്കാര്‍ തുടങ്ങി, ഇവര്‍ ഊര്‍ജിതമായി പിന്തുടരുന്നു
മേക് ഇന്‍ ഇന്ത്യ – നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ഏറ്റവും വലിയ മുദ്രാവാക്യമാണിത്. യു പി എ സര്‍ക്കാര്‍ 2011ല്‍ ആവിഷ്‌കരിച്ച ദേശീയ നിര്‍മാണ നയത്തിന്റെ തുടര്‍ച്ച മാത്രമാണിത്. മേക്ക് ഇന്‍ ഇന്ത്യ ഇതിനകം ഒന്നും ഉത്പാദിപ്പിച്ചിട്ടില്ല.
സ്‌കില്‍ ഇന്ത്യ – ഒന്നും നടന്നില്ല. 2022 ആകുമ്പോഴേക്കും മൂന്ന് കോടി ആളുകള്‍ക്ക് തൊഴില്‍ പരിശീലനമെന്ന ലക്ഷ്യം ഇപ്പോള്‍ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.
സ്വച്ഛ് ഭാരത് – യു പി എ സര്‍ക്കാര്‍ ആരംഭിച്ച നിര്‍മല്‍ ഭാരത് പദ്ധതിയുടെ ഊര്‍ജിതമായ തുടര്‍ച്ച. കക്കൂസുകള്‍ പണിയുന്നുണ്ട്, നിര്‍മിച്ചവ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന് പരിശോധിക്കാതെ.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് യോജന – മുന്‍പുള്ള പദ്ധതിയുടെ തുടര്‍ച്ച. താരതമ്യേന മെച്ചം. പൊതുവില്‍ ഹൈവേകളുടെയും ഗ്രാമീണ റോഡുകളുടെയും നിര്‍മാണം വിജയകരമാണ്.
ഭരണപരിഷ്‌കാരം – ഭരണ നടപടികളില്‍ വലിയ പരിഷ്‌കാരം മന്‍മോഹന്‍ സിംഗും നരേന്ദ്ര മോഡിയും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. നരേന്ദ്ര മോഡിയാകട്ടെ, ഭരണം കേന്ദ്രീകരിക്കുകയാണ് ചെയ്തത്. ഇത് കൂടുതല്‍ തടസ്സങ്ങളുണ്ടാക്കി. പ്രധാന തീരുമാനങ്ങളൊക്കെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണുണ്ടാകുന്നത്.
ജന്‍ധന്‍ – മുന്‍കാലത്തുണ്ടായിരുന്ന പദ്ധതി, കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളില്‍ വലിയൊരളവ് നിര്‍ജീവമോ നിലവില്‍ അക്കൗണ്ടുള്ളവര്‍ അധികമായി തുടങ്ങുന്നതോ മാത്രമാണ്.
വിള ഇന്‍ഷുറന്‍സ് – ഇതിന്റെ പരിധിയിലേക്ക് കൂടുതല്‍ വിളകള്‍ വന്നിട്ടുണ്ട്. പക്ഷേ, വിള നാശം വിലയിരുത്താന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുകയോ സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുകയോ ചെയ്യുന്നതിലേക്ക് വളര്‍ന്നില്ല.
ഉദയ് – വൈദ്യുതി വിതരണ കമ്പനികളുടെ കട ബാധ്യത ഏറ്റെടുക്കാനുള്ള പദ്ധതി. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമായ നടപടിയാണ്. പക്ഷേ, സ്ഥിരം പരിഹാരമല്ല. വൈദ്യുതി നിരക്കുകള്‍, ഉത്പാദനച്ചെലവിനൊപ്പിച്ച് നിശ്ചയിക്കുകയും ഭാവിയില്‍ കട ബാധ്യതയുണ്ടാകാതെ നോക്കുകയുമാണ് വേണ്ടത്.
വിദേശ നിക്ഷേപം – നിലവിലുള്ള സ്ഥാപനങ്ങളെ ഏറ്റെടുക്കുകയോ നിലവിലുള്ള കമ്പനികളുടെ ആസ്തികള്‍ വാങ്ങുകയോ ആണ് ഇപ്പോള്‍ നിക്ഷേപം നടത്തുന്ന വിദേശ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഇതല്ല ആവശ്യം. ചില കേസുകളിലെങ്കിലും വിദേശ നിക്ഷേപം യഥാര്‍ത്ഥത്തില്‍ വിദേശ നിക്ഷേപമല്ല. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കള്ളപ്പണം വിദേശത്തെ ബാങ്കുകളില്‍ സൂക്ഷിച്ച് നിക്ഷേപമായി തിരിച്ചെത്തിച്ച് വെളുപ്പിച്ചെടുക്കുകയാണ്.
പണപ്പെരുപ്പം നിയന്ത്രിക്കല്‍ – രേഖകളില്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്. സാധാരണക്കാര്‍ക്ക് അതിന്റെ ആശ്വാസം ലഭിക്കുന്നുണ്ടോ എന്നതില്‍ സംശയം. ഇതിന്റെ ക്രഡിറ്റ് നരേന്ദ്ര മോഡി സര്‍ക്കാറിന് അവകാശപ്പെടാനാകില്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടേതുള്‍പ്പെടെ വിലകളിലുണ്ടായ കുറവാണ് പ്രധാന കാരണം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള രണ്ട് വര്‍ഷം വരള്‍ച്ചയുടേതായിരുന്നു. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കുറവിന്റെ ആനുകൂല്യം രാജ്യത്തിന് ലഭിച്ചില്ല.
പ്രണബ് ബര്‍ദാന്‍
കടപ്പാട് – ടെലഗ്രാഫ് ദിനപത്രം
You must be logged in to post a comment Login