ഐ.ഐ.എം.സിയില്‍ ജേണലിസം പഠിക്കാം

ഐ.ഐ.എം.സിയില്‍ ജേണലിസം പഠിക്കാം

ജേണലിസത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി.) അപേക്ഷ ക്ഷണിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായ ഐ.ഐ.എം.സിയുടെ വിവിധ കേന്ദ്രങ്ങളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. പി.ജി. ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ജേര്‍ണലിസം ന്യൂഡല്‍ഹി (62 സീറ്റ്), അമരാവതി മഹാരാഷ്ട്ര (15), ഐസ്വാള്‍ മിസോറം (15), ജമ്മു (15), ഢേന്‍കാനാല്‍ ഒഡിഷ (62), കോട്ടയം (15) കേന്ദ്രങ്ങളിലുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹിന്ദി ജേണലിസം ന്യൂഡല്‍ഹിയിലാണ് (62). റേഡിയോ ആന്‍ഡ് ടി.വി. ജേണലിസവും അഡ്‌വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സും പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ ന്യൂഡല്‍ഹിയിലാണ് (46 സീറ്റ്, 70 സീറ്റ്). ഇവ കൂടാതെ ഢേന്‍കാനാലില്‍ ഒഡിയ, ഡല്‍ഹിയില്‍ ഉര്‍ദു, അമരാവതിയില്‍ മറാഠി, കോട്ടയത്ത് മലയാളം എന്നീ ജേര്‍ണലിസം പി.ജി. ഡിപ്ലോമകള്‍ ഐ.ഐ.എം.സി. നടത്തുന്നുണ്ട്. കോട്ടയത്ത് ഇതിന് 15 സീറ്റുണ്ട്.
പ്രോഗ്രാമുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. ഉര്‍ദു, ഒറിയ, മറാഠി, മലയാളം എന്നീ ജേണലിസം കോഴ്‌സുകളിലെ പ്രവേശനപ്പരീക്ഷ മെയ് 26നും മറ്റുള്ളവയുടെത് മെയ് 27നുമായിരിക്കും. പരീക്ഷാകേന്ദ്രങ്ങളുടെ പട്ടികയില്‍ കോട്ടയവും ഉണ്ട്.

ഹിന്ദി/ഇംഗ്ലീഷ് ജേര്‍ണലിസം കോഴ്‌സിന് പൊതുവായ പ്രവേശനപരീക്ഷയാണ്. ഏതെങ്കിലും ഒരു ഭാഷയിലുള്ളതിന് ഒരാള്‍ക്ക് അപേക്ഷിക്കാം. ഉര്‍ദു, ഒറിയ, മറാഠി, മലയാളം എന്നീ കോഴ്‌സുകളില്‍ ഒന്ന് അഭിമുഖീകരിക്കാം. റേഡിയോ ആന്‍ഡ് ടി.വി. ജേണലിസം, അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം പരീക്ഷകളുണ്ടാകും.

പ്രവേശനപരീക്ഷയുടെ മാര്‍ക്കിന് 75ഉം ഇന്റര്‍വ്യൂ/ഗ്രൂപ്പ് ഡിസ്‌കഷന്‍ മാര്‍ക്കിന് 25ഉം ശതമാനം വെയ്‌റ്റേജ് നല്‍കിയാണ് അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കുക. ഓരോ പ്രോഗ്രാമിലെയും പ്രവേശനപ്പരീക്ഷകളില്‍ ഏതൊക്കെ മേഖലകളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് http://iimc.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പ്രവേശനത്തിനുവേണ്ട അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബാച്ചിലര്‍ ബിരുദമാണ്. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും 2018 ഓഗസ്റ്റ് 31നകം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റെങ്കിലും ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി താത്കാലികമായി അപേക്ഷിക്കാം. അപേക്ഷകര്‍, 1.8.1993നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. 1.8.1990നോ ശേഷമോ ജനിച്ച ഒ.ബി.സി. വിഭാഗക്കാരും 1.8.1988നോ അതിനുശേഷമോ ജനിച്ച എസ്.സി./എസ്.ടി./ജ.ഒ. വിഭാഗക്കാരും അപേക്ഷിക്കാന്‍ അര്‍ഹരാണ്.

അപേക്ഷാഫീസ് ജനറല്‍ വിഭാഗക്കാര്‍ക്ക് 1500 രൂപ. എസ്.സി./എസ്.ടി./ഒ.ബി.സി./അംഗപരിമിത വിഭാഗങ്ങള്‍ക്ക് ഇത് 1000 രൂപയായിരിക്കും. അപേക്ഷാ സമര്‍പ്പണവേളയില്‍ തുക ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി 1.5.2018നകം http://iimc.nic.in എന്ന വെബ്‌സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴി നല്‍കാം. ഇംഗ്ലീഷ് ജേണലിസം കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ പഠനം നടത്താനുദ്ദേശിക്കുന്ന കേന്ദ്രം മുന്‍ഗണന നിശ്ചയിച്ച് രേഖപ്പെടുത്തണം.

അപേക്ഷ ഓഫ്‌ലൈനായും നല്‍കാം. ഫോം ഐ.ഐ.എം.സി. വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ‘IIMC New Delhi’ എന്ന പേരിലെടുത്ത 1500/1000 രൂപയുടെ ഡി.ഡി. കൂടി അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷയും ഡി.ഡി.യും മെയ് ഒന്നിനകം നേരിട്ടോ തപാലിലോ The Additional Director General (T & A), Indian Institute of Mass Communication, Aruna Asaf Ali Marg, New Delhi-110067 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

ഇംഗ്ലീഷ് ജേണലിസം കോഴ്‌സ് ഫീസ് 79,000 രൂപയാണ്. മലയാളം ജേണലിസത്തിന്റേത് 43,000 രൂപ. റേഡിയോ & ടെലിവിഷന് 1,45,000ഉം, അഡ്‌വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സിന്, 1,12,000 രൂപയുമാണ് ഫീസ്.

എന്‍.ഐ.ടിയില്‍ എം.ടെക് കോഴ്‌സ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി.) മാസ്റ്റര്‍ ഓഫ് ടെക്‌നോളജി/മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ചര്‍, മാസ്റ്റര്‍ ഓഫ് പ്ലാനിങ്/മാസ്റ്റര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് 2016/2017/2018 വര്‍ഷങ്ങളിലെ സാധുവായ ഗേറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. യോഗ്യതാ ബിരുദത്തില്‍, 10 പോയിന്റ് സ്‌കെയിലില്‍ സി.ജി.പി.എ. 6.0 എങ്കിലും (അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്ക്) നേടിയിരിക്കണം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക്, അവരുടെ എല്ലാ പരീക്ഷകളും, ജൂലൈയ് 15നകം പൂര്‍ത്തിയായിരിക്കണമെന്നും, സെപ്റ്റംബര്‍ 15നകം യോഗ്യത നേടിയിരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.
വിശദമായ യോഗ്യതാ വ്യവസ്ഥകള്‍, സീറ്റ് ലഭ്യത എന്നിവ http://ccmt.nic.in എന്ന വെബ്‌സൈറ്റില്‍ കിട്ടും. സി.സി.എം.ടി. അലോട്ട്‌മെന്റ് പ്രക്രിയയുടെ 1 മുതല്‍ 3 വരെയുള്ള റൗണ്ടുകളില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 2200 രൂപയും, എസ്.സി./എസ്.ടി./അംഗപരിമിത വിഭാഗക്കാര്‍ക്ക് 1700 രൂപയുമാണ്. നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസടയ്ക്കാം. ഓണ്‍ലൈനായി, http://ccmt.nic.in വഴി രജിസ്റ്റര്‍ ചെയ്യാനും ഫീസടയ്ക്കാനുമുള്ള സൗകര്യം, മെയ് 8 വരെ ഉണ്ടായിരിക്കും. ഫീസടച്ചശേഷം, വിവിധ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളിലേക്കുള്ള ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭിക്കും. ആദ്യ അലോട്ടുമെന്റ് മെയ് 20നായിരിക്കും. വിവിധ എന്‍.ഐ.ടികളില്‍ 2016, 2017 വര്‍ഷങ്ങളില്‍ വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഏറ്റവും കുറഞ്ഞതും ഏറ്റവും ഉയര്‍ന്നതുമായ ഗേറ്റ് സ്‌കോര്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് കാറ്റഗറി തിരിച്ച് ലഭ്യമാണ്. കോഴിക്കോട് എന്‍.ഐ.ടിയില്‍ ഉള്ള പ്രോഗ്രാമുകള്‍ ഇവയാണ്. കെമിക്കല്‍ എന്‍വയണ്‍മെന്റല്‍ ജിയോ ടെക്‌നോളജി, എനര്‍ജി എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, ഹൈ വോള്‍ട്ടേജ് എന്‍ജിനീയറിങ്, ഇന്‍ഡസ്ട്രിയല്‍ പവര്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് മാനേജ്‌മെന്റ്, മെഷീന്‍ ഡിസൈന്‍ മാനുഫാക്ചറിങ് ടെക്‌നോളജി, മൈക്രോ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് വി.എല്‍.എസ്.ഐ. ഡിസൈന്‍, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാനോ ടെക്‌നോളജി, ഓഫ്‌ഷോര്‍ സ്ട്രക്‌ചേഴ്‌സ്, പവര്‍ ഇലക്‌ട്രോണിക്‌സ്, പവര്‍ സിസ്റ്റംസ്, സിഗ്‌നല്‍ പ്രോസസിങ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ്, ടെലികമ്യൂണിക്കേഷന്‍, തെര്‍മല്‍ സയന്‍സസ്, ട്രാഫിക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ്, അര്‍ബന്‍ പ്ലാനിങ്, വാട്ടര്‍ റിസോഴ്‌സസ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്. കോഴിക്കോട് എന്‍.ഐ.ടി. വെബ്‌സൈറ്റ്: http://nitc.ac.in

റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍
നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ കീഴില്‍ മൈസൂരിലുള്ള റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ നടത്തുന്ന വിവിധ വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. സയന്‍സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ബി.എഡിനു തുല്യമായ നാലു വര്‍ഷത്തെ കോഴ്‌സുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്. കൂടാതെ ആറു വര്‍ഷത്തെ എം.എഡ്. കോഴ്‌സും നടത്തുന്നുണ്ട്.

ജൂണ്‍ 10നു നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. മൈസൂരിനു പുറമേ ഭുവനേശ്വര്‍, അജ്മീര്‍, ഷില്ലോങ്, ഹരിയാനയിലെ പ്രാരംഭ് എന്നിവിടങ്ങളിലും റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനു സെന്ററുകളുണ്ട്. ഇതില്‍ മൈസൂര്‍ സെന്ററിലാണു കേരളത്തിലെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുക.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് സ്ട്രീമിലും ബോട്ടണി, സുവോളജി, കെമിസ്ട്രി സ്ട്രീമിലുമായി നടത്തുന്ന ബാച്ചിലര്‍ ഓഫ് സയന്‍സ് എജ്യൂക്കേഷന് ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സോഷ്യല്‍ സയന്‍സസ്, ലാംഗ്വേജ് സ്റ്റഡീസ് സ്ട്രീമിലും ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സോഷ്യല്‍ സയന്‍സസ്, ജ്യോഗ്രഫി സ്ട്രീമിലുമായി നടത്തുന്ന ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് എജ്യൂക്കേഷന്‍ കോഴ്‌സിന് ഇംഗ്ലീഷ്, മലയാളം എന്നിവയും ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയില്‍ ഏതെങ്കിലും രണ്ടു വിഷയവും പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് എന്നിവയില്‍ പ്ലസ്ടു അധ്യാപകരാകാന്‍ പരിശീലനം നല്‍കുന്ന ആറു വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് എടുത്ത് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

രണ്ടു വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് എഡ്യൂക്കേഷന്‍ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ ബി.എഡ്. നേടിയവര്‍ക്ക് അപേക്ഷിക്കാം. ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ്ങില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 50 ശതമാനം മാര്‍ക്കോടെ ബി.എഡ് നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നത്.

പൊതുപ്രവേശന പരീക്ഷയ്ക്ക് കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണു പരീക്ഷാ കേന്ദ്രം. ലാംഗ്വേജ് പ്രൊഫിഷ്യന്‍സി, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്. റീസണിങ് എബിലിറ്റി എന്നിവയില്‍ ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടായിരിക്കുക. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണു പ്രവേശന പരീക്ഷ. മാതൃകാ ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലുണ്ട്.

എല്ലാ കോഴ്‌സുകള്‍ക്കും ട്യൂഷന്‍ ഫീസ് പ്രതിമാസം 250 രൂപ. ഒരു സെമസ്റ്ററിന് 2,000 രൂപയാണു ഹോസ്റ്റല്‍ ഫീസ്. 800 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗങ്ങള്‍ക്ക് 400 രൂപ. അപേക്ഷാ ഫീഡ് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും അഡ്മിഷന്‍ സമയത്തു നല്‍കിയാല്‍ മതി. മെയ് ഒമ്പതിനകം അപേക്ഷിക്കണം. വിലാസം: സെക്ഷന്‍ ഓഫീസര്‍ (അക്കാദമിക് സെക്ഷന്‍), റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍, മൈസൂര്‍ 570006. വെബ്‌സൈറ്റ്: ncertcee.kar.nic.in

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പി.ജി., പി.എച്ച്.ഡി. പ്രോഗ്രാമുകള്‍
കേന്ദ്ര സര്‍വകലാശാലാ പദവിയുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിവിധ ബിരുദാനന്തര ബിരുദ, പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് പൊതുപ്രവേശന പരീക്ഷ നടത്തുന്നു. മെയ് 25, 26, 27 തീയതികളിലാണു വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ. ഏപ്രില്‍ 24നകം അപേക്ഷിക്കണം.

ഒരു കോഴ്‌സിന് 400 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 200 രൂപ. ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷിക്കണം. എം.ബി.എയക്ക് ഇത് യഥാക്രമം 1000, 500 രൂപ.
ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. പ്രവേശന പരീക്ഷ പൂര്‍ണമായും ഓണ്‍ലൈനാണ്. പ്രവേശന പരീക്ഷയ്ക്കു കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തലശേരി, കോട്ടയം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

എംഎ: ആന്ത്രപ്പോളജി, അപ്ലൈഡ് ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഫ്രഞ്ച്, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷന്‍, ഫിലോസഫി, പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, സോഷ്യോളജി, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്, തമിഴ്.

എംഎസ്‌സി: അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സൈക്കോളജി, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുളാര്‍ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, കെമിക്കല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, ഇലക്രോണിക് മീഡിയ, ഫുഡ് ആന്‍ഡ് ന്യുട്രീഷ്യന്‍, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മറൈന്‍ ബയോളജി, മാത്തമറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഫിനനാന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്.
എംടെക്: കംപ്യൂട്ടേഷണല്‍ ബയോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ്, എക്‌സ്പ്‌ളോറേഷന്‍ ജിയോ സയന്‍സ്, ഗ്രീന്‍ എനര്‍ജി ടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നെറ്റ്‌വര്‍ക്ക് ആന്‍ഡ് ഇന്റര്‍നെറ്റ് എന്‍ജിനിയറിംഗ്.

എംബിഎ, എംസിഎ, എംകോം, എംഎഡ്, എംഎല്‍ഐഎസ്, എംപിഎ, എംപിഎഡ്, എംഎസ്ഡ്ബ്ലിയു എന്നിവയാണു മറ്റു പിജി കോഴ്‌സുകള്‍.അമ്പതു ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്ന ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലാണ് ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍.

കൂടാതെ വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ഇരുനൂറോളം റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനു പ്രവേശന പരീക്ഷ നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.pondiuni.edu.in എന്ന വെബ്‌സൈറ്റ് കാണുക.

ഐ.ഐ.ഐ.ടി.എം.കെയില്‍ പ്രവേശനം ഇപ്പോള്‍
സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. ഉന്നതപഠനഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയില്‍ ഐടി, കമ്പ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വിഷയങ്ങളില്‍ ബിരുദാനന്തര കോഴ്‌സുകള്‍, എം.ഫില്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിരുദമാണ് ഈ കോഴ്‌സുകള്‍ക്ക് നല്‍കുന്നത്. ആകെ 160 സീറ്റുകളുണ്ട്. എം.എസ്‌സി. കോഴ്‌സുകളിലെ സ്‌പെഷലൈസേഷനും സീറ്റ് വിവരവും: സൈബര്‍ സെക്യൂരിറ്റി (40), മെഷീന്‍ ഇന്റലിജന്‍സ് (30), ഡാറ്റ അനലിറ്റിക്‌സ് (30) ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സ് (30). എം.ഫില്‍ ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സിലും കമ്പ്യൂട്ടര്‍ സയന്‍സിലും 15 സീറ്റുകള്‍ വീതമാണുള്ളത്.

60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും സയന്‍സ് /എന്‍ജിനീയറിങ് /ടെക്‌നോളജി വിഷയങ്ങളില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്കാണ് എം.എസ്‌സി. കോഴ്‌സുകളില്‍ പ്രവേശനത്തിന് അര്‍ഹതയുള്ളത്. ബിരുദതലത്തില്‍ മാത്തമാറ്റിക്‌സ് പഠനവിഷയമായിരിക്കണം. എം.എസ്‌സി. ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സില്‍ ഈ യോഗ്യതയുള്ളവര്‍ക്കു പുറമെ ജിയോ സയന്‍സ് സ്‌പെഷലൈസേഷനോടെ 60 ശതമാനം മാര്‍ക്കുമായി ബിരുദം നേടിയവരെയും പരിഗണിക്കും.
ജോലിയുള്ളവര്‍ക്കായി ഡേറ്റ അനലിറ്റിക്‌സില്‍ സ്‌പെഷലൈസേഷനുള്ള ത്രിവര്‍ഷ എം.എസ്‌സി. പാര്‍ട്ട് ടൈം കോഴ്‌സും നടത്തുന്നുണ്ട്. 30 സീറ്റുകളുണ്ട്. വാരദിനങ്ങളില്‍ രാവിലെ അല്ലെങ്കില്‍ വൈകുന്നേരവും ശനിയാഴ്ച മുഴുവന്‍ ദിവസത്തെയും ക്ലാസുകളോടെയാണ് കോഴ്‌സ് നടത്തുന്നത്.

ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് എം.ഫില്‍ പ്രവേശനത്തിന് നാച്വറല്‍ സയന്‍സ് (ബോട്ടണി, സുവോളജി, എന്‍വയര്‍മെന്റല്‍ സയന്‍സ്) ഫിസിക്കല്‍ സയന്‍സ് എന്നിവയില്‍ എം.എസ്‌സിയാണ് യോഗ്യത. എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് എം.എസ്‌സി., എം.സി.എ., എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍സയന്‍സ്/ ജിയോഇന്‍ഫര്‍മാറ്റിക്‌സ്) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത് കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ മൂന്ന് പേപ്പറെങ്കിലുമുണ്ടാകണം.
എം.എസ്‌സി. കോഴ്‌സിന് ഐ.ഐ.ഐ.ടി.എം.കെ. നടത്തുന്ന പ്രവേശന പരീക്ഷയുടെയും (ഐ.ടി.സി.എ.ടി.), ഗേറ്റ് സ്‌കോറിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഐ.ഐ.ഐ.ടി.എം.കെ. നടത്തുന്ന നടത്തുന്ന ഗവേഷണ അഭിരുചി പരീക്ഷയുടെയോ (ഐ.ടി.ആര്‍.എ.ടി.) തത്തുല്യമായ ഗേറ്റ്/നെറ്റ് സ്‌കോര്‍ അടിസ്ഥാനത്തിലോ ആയിരിക്കും എം.ഫില്‍ പ്രവേശനം. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, തൊടുപുഴ, കൊച്ചി, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, കാസര്‍കോട്, ചെന്നൈ, മധുര, ഹൈദരാബാദ്, ന്യൂഡല്‍ഹി, ഗുവാഹട്ടി, പട്‌ന, കൊല്‍ക്കത്ത, എന്നിവിടങ്ങളില്‍ ജൂണ്‍ പത്തിനായിരിക്കും പ്രവേശന പരീക്ഷ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ക്കും www.iiitmk.ac.in സന്ദര്‍ശിക്കുക.

റസല്‍

You must be logged in to post a comment Login