ദളിത് ഹര്‍ത്താലിന്റെ വിജയം കേരളത്തിന്റെ മുഖ്യധാരയെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രത്യേകതകള്‍ ഉള്ളതാണ്. ഒന്നാമതായി ഹര്‍ത്താല്‍ ഒരു മുഖ്യധാരാ ജീവിതത്തിന്റെ സമരരൂപമാണ്. അവിടെയാണ് ദളിതുകളെപ്പോലെ ഒരു സമാന്തര ജീവിതത്തിന്റെ അല്ലെങ്കില്‍ ഓരജീവിതത്തിന്റെ ഭാഗമായ ഒരു അവഗണിത വിഭാഗം അത് വിജയകരമായി നടപ്പാക്കിയത്. ഇന്ന് ഹര്‍ത്താല്‍ ഒരു സിവില്‍ ജീവിതാനുഭവമാണ്. തിരക്കിട്ടു നീങ്ങുന്ന ജീവിതത്തെ സ്തംഭിപ്പിക്കുക. ആര്‍ക്കും എങ്ങോട്ടും പോകാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുക. എങ്കില്‍ ഒരു ഹര്‍ത്താല്‍ വിജയം എന്നു പറയാം. പ്രവര്‍ത്തിക്കാത്ത തൊഴില്‍ശാലകളുടെ കണക്ക് എടുക്കേണ്ടതില്ല അതിന്റെ സാമൂഹ്യാഘാതം മനസിലാക്കാന്‍. വണ്ടികള്‍ നിരത്തിലിറങ്ങിയോ ഇല്ലയോ എന്നു നോക്കിയാല്‍ മതി. ചേതനയറ്റ ഓഫീസുകളിലല്ല, ചേതനയുള്ള ജീവിതങ്ങളിലാണ് അതിന്റെ പ്രതിഫലനം അളക്കുന്നത്. അതുകൊണ്ടാണ് ഹര്‍ത്താല്‍ ഇന്ന് നമുക്ക് സമരത്തിന്റെ ഭാഗം എന്നതിനെക്കാള്‍ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നത്.
ശക്തരുടെ സമരമുറയാണ് ഹര്‍ത്താല്‍. ഭൂരിപക്ഷമുള്ള ഒരു സംഘടനയുടെ കായിക ശക്തിപ്രകടനമാണ് ഒരു ഹര്‍ത്താല്‍ നടപ്പാക്കല്‍. പ്രവര്‍ത്തകരെ വിന്യസിച്ചും ഭീഷണിയുടെ സ്വരമുള്ള മുന്നറിയിപ്പ് നല്‍കിയും അവര്‍ കളത്തിലിറങ്ങുന്നു. ഏപ്രില്‍ 9ലെ ദളിത് ഹര്‍ത്താലിന്റെ സ്ഥിതി അതായിരുന്നില്ല. മുഖ്യധാരയുടെ ഭാഗമേ അല്ലാത്ത ഇക്കൂട്ടര്‍ക്ക് അവിടേയ്ക്ക് പ്രവേശനം കിട്ടുക എന്നതായിരുന്നു ഒന്നാമത്തെ വെല്ലുവിളി. പിന്നെയേ വരുന്നുള്ളൂ അവരുടെ സമരത്തിന്റെ സ്വീകാര്യത. ഈര്‍ക്കില്‍ പാര്‍ട്ടികളെക്കാള്‍ സ്വയം പ്രതിരോധത്തിലാകുന്ന ഈ മാറ്റിനിര്‍ത്തല്‍ അവസ്ഥയെയാണ് തിങ്കളാഴ്ചത്തെ ദളിത് പ്രതിരോധം മറികടന്നത്; അത്ഭുതാവഹമായ ഒരുമയിലൂടെ.
ഒരു കേന്ദ്രീകൃത നേതൃത്വം സംസ്ഥാനത്തുടനീളം നടന്ന് ഹര്‍ത്താലിനു വേണ്ടി ഒരു ഐക്യനിര കെട്ടിപ്പടുത്തിരുന്നില്ല. കോട്ടയത്തുവെച്ച് നല്‍കിയ ഒരു ആഹ്വാനം. അത്രമാത്രം. ആദ്യം അതിനെ പിന്തുണച്ചത് അഞ്ചോളം ദളിത് സംഘടനകള്‍. പരസ്പരം പിണങ്ങി നില്‍ക്കുന്നവരുടെ ഐക്യം ക്ഷിപ്രസാധ്യമല്ലല്ലോ. എന്നിട്ടും ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് ആ സാഹചര്യം മാറി. മുപ്പതോളം ദളിത് സംഘടനകള്‍ മുന്നോട്ടുവന്നു. ഒരു ആഹ്വാനം കേരളത്തിന്റെ നഗര-ഗ്രാമങ്ങളില്‍ സൃഷ്ടിച്ച ചലനമായിരുന്നു അത്. ദളിതര്‍ മുഖ്യധാരയില്‍ ഇല്ലെന്നതിന്റെ അര്‍ത്ഥം മുഖ്യധാര അവര്‍ക്ക് എതിരാണെന്നതാണല്ലോ. അതിന്റെ വാര്‍ത്താവിനിമയ സൗകര്യങ്ങളടക്കം അവര്‍ക്ക് അപ്രാപ്യമാണുതാനും. എന്നിട്ടും ഈ ആഹ്വാനം കേരളത്തിന്റെ ഉള്‍നാടുകളില്‍ വരെ എത്തി. ഒരു സമരസമൂഹമായി അവര്‍ അതിവേഗം രൂപപ്പെട്ടു. കേരളത്തിന്റെ തെരുവായ തെരുവെല്ലാം കണ്ണടച്ചു തുറക്കും മുമ്പ് അവരുടെ സമരപഥമായി.
ഈ ദളിത് പ്രതിരോധത്തെ കേരളത്തിന്റെ മുഖ്യധാരാജീവിതം എങ്ങനെയാണ് നോക്കിക്കണ്ടത് എന്നത് പ്രധാനമാണല്ലോ. മുഖ്യധാരാജീവിതത്തിന്റെ കസ്റ്റോഡിയന്മാരെന്ന് സ്വയം കരുതുന്ന കൂട്ടരെല്ലാം ഒറ്റയ്ക്കും തെറ്റയ്ക്കുമായി രംഗത്തുവന്നു. മുഖ്യധാരാജീവിതത്തിന് ഒരു തടസവും ഉണ്ടാകില്ലെന്ന ഉറപ്പുനല്‍കിക്കൊണ്ടായിരുന്നു അത്. നിങ്ങളുടെ ജീവിതത്തെ തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇവിടേയ്ക്ക് ഒരു കൂട്ടര്‍ വരുന്നുണ്ട്. അതിനെ കാര്യമായെടുക്കേണ്ട. നിങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകില്ല. ഇതായിരുന്നു വാഗ്ദാനം. മുഖ്യധാരാ സമൂഹത്തെ ദളിത് സമൂഹത്തിന് എതിരേ നിര്‍ത്തുന്ന പണിയായിരുന്നു ഇത്. ദളിത് വിരോധം പ്രത്യക്ഷത്തില്‍ പ്രകടമാകാത്ത വിധമായിരുന്നു ഈ കൗശലപ്രയോഗം. ബസുകള്‍ ഓടുമെന്നും കടകള്‍ തുറക്കുമെന്നും പറഞ്ഞ് സമരത്തിന്റെ നിസാരത ബോധ്യപ്പെടുത്താനുള്ള പ്രചാരണം ശക്തമായി. പോലീസിന് രംഗത്തിറങ്ങാന്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പടച്ചുണ്ടാക്കപ്പെട്ടു. ക്രമസമാധാനത്തെക്കുറിച്ച് അതുവരെ ഒരു ഹര്‍ത്താലിനും പ്രകടിപ്പിച്ചു കണ്ടിട്ടില്ലാത്ത ചുമതലാബോധവുമായി ഡിജിപിയും രംഗത്തിറങ്ങി.
ദളിത് സമരത്തെ തള്ളിപ്പറയുന്നില്ലെന്ന് ആലങ്കാരികമായി പറയുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തുവരാന്‍ ഭരണസംവിധാനത്തിന്റെ ഈ കോപ്പുകൂട്ടല്‍ ചെറുതായൊന്നുമല്ല സഹായിച്ചത്. മാര്‍ച്ച് രണ്ടിലെ ഭാരത് ബന്ദിനെ അനുകൂലിച്ചെന്നും പിന്നീടുള്ള ദിവസങ്ങളില്‍ എസ് സി എസ് ടി അതിക്രമം തടയല്‍ നിയമലഘൂകരണത്തിനെതിരെ ശക്തമായ പ്രതിഷേധവും കാമ്പയിനും സംഘടിപ്പിച്ചെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. എന്നാല്‍ അവിടെയൊന്നും നിയമപാലക സംഘങ്ങള്‍ അതിനെ തടയാന്‍ ചെന്നില്ല. ദളിത് ഹര്‍ത്താലിന് തൊട്ടടുത്ത ദിവസം നടന്ന രാജ്ഭവന്‍ മാര്‍ച്ചും പോലീസ് അകമ്പടിയില്‍ തന്നെ നടന്നു. എന്നാല്‍ ദളിത് ഹര്‍ത്താല്‍ ദിനത്തിലോ. ഗീതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. തലേന്ന് ഹര്‍ത്താലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്ന എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ദിനാളിനെതിരെ പരാതി കിട്ടിയിട്ടും അനങ്ങാതിരുന്ന സ്റ്റേഷനാണിത്. അന്വേഷിക്കാന്‍ കോടതി പറഞ്ഞപ്പോഴും ചെറുവിരല്‍ അനക്കാതിരുന്ന നിയമപാലകരാണ്. അവരാണ് ദളിത് ഐക്യദാര്‍ഢ്യക്കാരെ തിരഞ്ഞുപിടിച്ച് അകത്താക്കാന്‍ വ്യഗ്രതപൂണ്ടത്.
സമരദിനത്തില്‍ തന്നോടൊപ്പം പോലീസ് പിടിച്ചുകൊണ്ടുവന്ന പലരും സാധാരണക്കാരായ വഴിയാത്രക്കാരായിരുന്നെന്ന് ഗീതാനന്ദന്‍ പറഞ്ഞു. നിറം കറുത്തതായതാകാം അവരെ പിടികൂടിയതിന് കാരണമെന്നും. അപ്പോള്‍ ഡിജിപി പറഞ്ഞപോലെ ക്രമസമാധാനപാലനമെന്ന നിഷ്‌കളങ്ക ദൗത്യമല്ല അവിടെ നടന്നത്. വംശീയമായ ഒരു കുറ്റവാളി തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. നീ കറുത്തവനെങ്കില്‍ നിന്റെ ഉദ്ദേശവും ഞങ്ങള്‍ക്കറിയാം എന്ന സവര്‍ണ തീര്‍പ്പുകല്‍പ്പിക്കല്‍. അതാണ് പോലീസ് കാട്ടിയത്. കര്‍ദിനാളിനെ തൊടാത്തവര്‍ കറുത്തവനെ തൊടുന്നതിനു പിന്നിലെ യാഥാര്‍ത്ഥ്യം മറ്റെന്താണ്.
ഇവിടെയും തീരുന്നതല്ല സിപിഎം നേരിടുന്ന ചോദ്യങ്ങള്‍. എന്തുകൊണ്ട് ഇത്തരമൊരു ദളിത് ഹര്‍ത്താലിനെ കോടിയേരി ഉള്‍പ്പെടുന്ന സംസ്ഥാന നേതൃത്വം കണ്ടഭാവം നടിച്ചില്ല. ഹര്‍ത്താല്‍ എന്തിനാണെന്ന് അറിയില്ലെന്ന പ്രതികരണത്തിലൂടെ ദളിത് രക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ നിസംഗത കാട്ടിയത് എന്തിനാണ്. സ്വത്വവാദ രാഷ്ട്രീയത്തിനും സംസ്‌കാര സംഘര്‍ഷങ്ങള്‍ക്കും എതിരാണെന്ന പതിവു പല്ലവിയേ സ്വയം ന്യായീകരിക്കാനായി അവര്‍ക്ക് ആവര്‍ത്തിക്കാനുള്ളൂ. എങ്കില്‍ ഗുജറാത്തിലെ ഉന പ്രക്ഷോഭവും ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റവും സിപിഎം അംഗീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ പറയണം. കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് ദളിത് പ്രക്ഷോഭം എത്തുമ്പോള്‍ മാത്രം അത് സ്വത്വവാദത്തിലേയ്ക്ക് പരിമിതിപ്പെടുന്നെന്ന ആക്ഷേപം കഴമ്പില്ലാത്തതും പരസ്പരവിരുദ്ധവുമാണ്.
ആ വാദത്തിന്റെ പിന്നില്‍ ഒറ്റ ഉദ്ദേശമേയുള്ളൂ. ഇവിടെ അത് ഞങ്ങള്‍ ഏറ്റെടത്തുകൊള്ളാം എന്ന രക്ഷാകര്‍തൃഭാവം. നിങ്ങള്‍ പിന്നണിയില്‍ നിന്നാല്‍ മതി. മുന്നണിയാകേണ്ടെന്ന രാഷ്ട്രീയ മേലാളത്തം. ദളിത് ഉയിര്‍ത്തെഴുന്നേല്‍പ്പ് തള്ളിക്കളഞ്ഞിരിക്കുന്നത് ആ മേലാള ഭാവത്തെയാണ്. കേരളത്തെപ്പോലെ ഭൂകേന്ദ്രീകരണമുള്ള ഒരു നാട്ടില്‍ അഞ്ചര ലക്ഷം ഏക്കറാണ് തോട്ടം മാഫിയ കവര്‍ന്നെടുത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദളിതന് നിര്‍ബന്ധിത കോളനി ജീവിതം വിധിക്കുകയും ഭൂമിയേറ്റെടുക്കല്‍ നിയമത്തെ ദുര്‍ബലപ്പെടുത്തി കോടതികളില്‍ തോറ്റുകൊടുക്കുകയും ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ദളിത് പ്രേമത്തെ അവര്‍ തിരിച്ചറിയുന്നു. സര്‍ക്കാരോ, സിപിഎമ്മോ ചെയ്യുന്നില്ല. എന്നാല്‍പ്പിന്നെ തോട്ടം കുത്തകകള്‍ക്കെതിരെ ദളിതന്‍ തന്നെ പ്രക്ഷോഭം നയിക്കാമെന്നു തീരുമാനിച്ചാലോ. എങ്കില്‍ എന്താണ് അവരെ കാത്തിരിക്കുന്നതെന്ന് ചെങ്ങറയും അരിപ്പയും അവരെ പഠിപ്പിക്കുന്നുമുണ്ട്. ഒന്നുകില്‍ ദളിത് കോളനി, അല്ലെങ്കില്‍ ഫ്‌ളാറ്റ് സമുച്ചയം എന്നതാണ് ദളിത് പുനരധിവാസത്തെ കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ സങ്കല്‍പം. അതടക്കമാണ് ഏപ്രില്‍ 9ലെ ഹര്‍ത്താല്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.
കേരളത്തിലെ ജനസംഖ്യയില്‍ 9 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിലെ 55 ശതമാനത്തോളം കുടുംബങ്ങളും താമസിക്കുന്നത് ജാതിക്കോളനികളിലാണെന്ന് 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് പറയുന്നു. മുഖ്യധാരയില്‍ നിന്നുള്ള നിര്‍ബന്ധിതമായ ഈ പുറത്താക്കലിന്റെ മനശാസ്ത്രപരമായ ഒറ്റപ്പെടലാണ് മധുവിനെപ്പോലുള്ളവരെ സൃഷ്ടിക്കുന്നത്. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം കേരളത്തിലെ ദളിത് സമൂഹത്തെ വൈകാരികമായ ഒരു അരക്ഷിതാവസ്ഥയിലാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് ഭാരത് ബന്ദ് എന്നത് യാദൃശ്ചികമായ ഒരു ഐക്യം അവരില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഭാരത് ബന്ദില്‍ നടന്ന ദളിത് കൊലപാതകങ്ങളെല്ലാം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലായിരുന്നല്ലോ. പട്ടേലര്‍ വിഭാഗവും കര്‍ണിസേന പോലുള്ള സംഘടനകളും ഉത്തരേന്ത്യന്‍ തെരുവുകളില്‍ അഴിഞ്ഞാടിയപ്പോള്‍ അതിക്രമം കാട്ടാത്ത പോലീസാണ് ദളിതര്‍ക്കെതിരെ അന്ന് നിറയൊഴിച്ചത്. ഭരണകൂടത്തിന്റെ ഇത്തരം ഏകപക്ഷീയതകള്‍ മറ്റൊരു രൂപത്തില്‍ കേരള ദളിത് സമൂഹവും അനുഭവിക്കുന്നുണ്ടെന്ന് മധു സംഭവം സാക്ഷ്യപ്പെടുത്തുന്നു.
നാം സാമൂഹ്യജീവിതത്തിന്റെ ഏതൊക്കെ തുറകളില്‍ വികസിച്ചെന്നു പറഞ്ഞാലും ഒരു അധസ്ഥിതനെ ഒരു ആള്‍ക്കൂട്ടത്തിന് തല്ലിക്കൊല്ലാമെന്ന സാഹചര്യവും ആ സമൂഹത്തിന്റെ സ്വഭാവമായിത്തന്നെ കാണേണ്ടതാണ്. അല്ലാതെ നമ്മെ ഒന്നടങ്കം കളങ്കപ്പെടുത്തിയ ഏതാനും ചിലരുടെ അപഭ്രംശമായല്ല. സാമൂഹ്യമായി എങ്ങനെയൊക്കെ വളര്‍ന്നെന്നു പറഞ്ഞാലും ദളിതനെ പറ്റിയുളള മനോഭാവത്തില്‍ ആ വളര്‍ച്ച ഉണ്ടായിട്ടില്ലെന്ന ആത്മപരിശോധനയാണ് അത് നല്‌കേണ്ടത്. കേരളത്തിന്റെ പൊതുമനസിലും അക്രമാസക്തമായ ഒരു ദളിത് ഹിംസാ മനോഭാവമുണ്ടെന്ന് ആ സംഭവം വ്യക്തമാക്കുന്നു. എന്നാല്‍ ബിജെപി ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ ഏതുവിധമാണോ ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുക അതേ രീതിയില്‍ തന്നെയാണ് കേരളവും പ്രതികരിച്ചത്.
മധുവിന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നാണ് എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞത്. അതിനടിസ്ഥാനമായി നിരത്തിയ കാരണങ്ങള്‍ ഇനി പറയുന്നതാണ്. അട്ടപ്പാടിയില്‍ ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യമോ, പോഷകാഹാരക്കുറവോ ഇല്ല. മധുവിന്റെ കുടുംബം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നില്ല. മറ്റുപല കാരണങ്ങളാണ് അതിലേക്ക് നയിച്ചത്. ഇതിലെ അവസാന വാചകം ശ്രദ്ധിച്ചോ? എന്താണ് ആ മറ്റുപല കാരണങ്ങള്‍. അത് കണ്ടെത്താന്‍ കഴിയാത്തിടത്തോളം ഇടത് സര്‍ക്കാര്‍ ദളിത് സംരക്ഷണത്തില്‍ ഒരു പരാജയമാണ്. ഹൈക്കോടതി ഇക്കാര്യത്തില്‍ കാട്ടിയ ഉത്കണ്ഠ പോലും സര്‍ക്കാരിനുണ്ടായിരുന്നില്ല. മധുവിന്റെ കൊലപാതകത്തെ കുറിച്ച് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നല്‍കിയ ഒരു കത്ത് ഹര്‍ജിയായി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ദളിത് സ്ഥിതിയെക്കുറിച്ചുള്ള സോഷ്യല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടിരിക്കുന്നത്. അവിടെയും സര്‍ക്കാര്‍ സമര്‍പിച്ചിരിക്കുന്നത് ബാലന്‍ ചൂണ്ടിക്കാട്ടിയ ഇത്തരം കണക്കുകളാണ്. ആ സത്യവാങ്മൂലം അട്ടപ്പാടിയിലേക്ക് ഒഴുക്കുന്ന കോടികളെപ്പറ്റിയാണ് പറയുന്നത്. എന്നിട്ടും അവിടെ ശിശുമരണം മുതല്‍ തല്ലിക്കൊല വരെയുള്ള വംശഹത്യയുടെ വിവിധ രൂപങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കില്‍ ബാലന്‍ വെറുതേ വിട്ടുകളഞ്ഞ മറ്റു പല കാരണങ്ങള്‍ ഇല്ലേ, അതാണ് യഥാര്‍ത്ഥ കാരണം.
ഭാരത് ബന്ദിന്റെ പ്രസക്തി പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കാന്‍ ബിജെപി എംപിമാര്‍ തന്നെ നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് രാജ്യത്തെ ദളിത് പ്രക്ഷോഭത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടിനു ശേഷം ദളിതര്‍ക്കെതിരായ അക്രമം വര്‍ധിച്ചിരിക്കുന്നെന്നാണ് വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബിജെപി എംപി ഉദിത് രാജ് ചൂണ്ടിക്കാട്ടിയത്. ആദ്യം പോലീസും പിന്നാലെ പരിവാര്‍ സംഘങ്ങളുമാണ് ദളിത് വേട്ടയ്ക്ക് പിന്നിലെന്നും ഉദിത് അടക്കം ആറ് എംപിമാര്‍ പ്രധാനമന്ത്രിയോട് പറയുന്നു. ബാര്‍മര്‍, ജലോര്‍, ജയ്പൂര്‍, ഗ്വാളിയോര്‍, മീററ്റ്, ബുലന്ദ് ഷഹര്‍, കരോളി എന്നിങ്ങനെ ദളിതര്‍ പീഡിപ്പിക്കപ്പെടുന്ന പട്ടണങ്ങളുടെ നിര തന്നെയാണ് അവര്‍ പുറത്തറിയിച്ചിരിക്കുന്നത്. ഇത് പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് എഴുതേണ്ടിവന്നുവെന്നതിന്റെ കാരണവും വ്യക്തമാണ്. ബിജെപി അധികാരത്തിലിരിക്കുന്ന ഈ സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് സവര്‍ണഹിന്ദുക്കളാണ്. അവരോട് പരാതി പറയാന്‍ ചെല്ലുമ്പോള്‍ ബിജെപിയുടെ ഈ ദളിത് എംപിമാര്‍ ആട്ടിപ്പുറത്താക്കപ്പെടുകയാണ്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയിലെ മുപ്പതരക്കോടി ദളിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒന്നും നല്‍കിയിട്ടില്ലെന്നാണ് പ്രധാനമന്ത്രിക്ക് ഈ എംപിമാര്‍ എഴുതിയ പരാതിക്കത്തില്‍ പറയുന്ന മറ്റൊരു കാര്യം. പ്രധാനമന്ത്രി പിന്നാക്കക്കാരനാണെന്നും ഏറ്റവും കൂടുതല്‍ പട്ടികജാതി എംഎല്‍എമാരും എംപിമാരും ഉള്ളത് ബിജെപിക്കാണെന്നും സ്വന്തമായി ഭൂരിപക്ഷം കിട്ടിയപ്പോള്‍ ദളിതനെയാണ് രാഷ്ട്രപതിയാക്കിയത് എന്നുമുള്ള അവകാശവാദങ്ങള്‍ക്കാണ് ഇതോടെ ഇടിവു തട്ടിയിരിക്കുന്നത്. പ്രാതിനിധ്യം അവഗണനയ്ക്ക് പരിഹാരമല്ലെന്നതിന്റെ വ്യക്തമായ കണക്കു കൂടിയാവുകയാണ് ഇത്. മാത്രമല്ല ബിജെപിയുടെ നാല്‍പതോളം ദളിത് എംപിമാരും ഇരുപത് സംസ്ഥാനങ്ങളിലെ ദളിത് എംഎല്‍എമാരും സംവരണ മണ്ഡലങ്ങളില്‍നിന്നു വന്നിട്ടുള്ളവര്‍ കൂടിയാണെന്നതും കാണാതിരുന്നുകൂടാ. ഇവിടെയാണ് കാഞ്ച എലയ്യ പറഞ്ഞ കാര്യം പ്രസക്തമാകുന്നത്. ബിജെപി ഒരു പിന്നാക്കക്കാരനെ പ്രധാനമന്ത്രിയാക്കും, എന്നാല്‍ സര്‍സംഘചാലക് ആകാന്‍ ബ്രാഹ്മണനേ കഴിയൂ എന്ന്.
ചുരുക്കത്തില്‍ അധികാര പങ്കാളിത്തം എന്നല്ല, സാമൂഹ്യ പങ്കാളിത്തം തന്നെ കുറഞ്ഞ ഒരു ജനവിഭാഗം എന്ന നിലയില്‍ ദളിത് സമൂഹം രാജ്യമെമ്പാടും ഒന്നിക്കുകയാണ്. പ്രത്യക്ഷ ദളിത് വിരുദ്ധ ആക്രമണങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആ ഒന്നിക്കലിന് കാരണമാകുന്നതെങ്കില്‍ പരോക്ഷ ദളിത് വിരുദ്ധ ആക്രമണമാണ് കേരളത്തിലെ ദളിത് സമൂഹത്തെ ആ ദേശീയധാരയോട് ഒന്നിപ്പിക്കുന്നത്. ഗ്രാമീണ്‍ ആവാസ് യോജനയും ഉജ്ജ്വല യോജനയും സൗഭാഗ്യ പദ്ധതിയും മുദ്രാ ബാങ്കുമൊക്കെ ചൂണ്ടിക്കാട്ടി കേന്ദ്രം ദളിത് പ്രേമത്തിന്റെ കഥ പറയുന്നു. 518 ആദിവാസി കുടുംബങ്ങള്‍ക്ക് 484 ഏക്കര്‍ സ്ഥലം നല്‍കി. മേഖലയില്‍ അനുവദിച്ച 3423 വീടുകളില്‍ 1220 എണ്ണം പൂര്‍ത്തിയായി. എസ്എസ്എല്‍സി വരെയുള്ള കുട്ടികളുടെ പഠനത്തിന് കഴിഞ്ഞ വര്‍ഷം മാത്രം 1.12 കോടി ചെലവിട്ടു. പെണ്‍കുട്ടികള്‍ക്കു മാത്രമായി വിദ്യാഭ്യാസ പദ്ധതി. ശിശുക്ഷേമ-ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട 17 പദ്ധതികള്‍. 6.87 കോടിയുടെ ധാന്യഗ്രാമം പദ്ധതി. സമൂഹ അടുക്കളയ്ക്ക് 2016-17ല്‍ മാത്രമായി 6.50 കോടി. അങ്ങനെ കേരളത്തിന്റെ കണക്ക് മറുവശത്തും. എന്നിട്ടും ദളിതര്‍ അഗണ്യകോടിയില്‍തന്നെ. അവര്‍ തിരിച്ച് അതിനുള്ള കണക്കു പറയാന്‍ തുടങ്ങുകയാണ് ഇനി.
2003ലെ മുത്തങ്ങ വെടിവെപ്പില്‍ പ്രതിഷേധിച്ചുള്ള ബന്ദിനു ശേഷം പതിനഞ്ചു വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ ഒരു ദളിത് ഹര്‍ത്താല്‍ നടക്കുന്നത്. അത് സംസ്ഥാന വ്യാപകമായി വിജയിക്കുകയും ചെയ്തിരിക്കുന്നു. ഹര്‍ത്താല്‍ ഒരു തുടര്‍സമരമല്ല. ഒരു ഉടന്‍ സമരരീതി മാത്രമാണ്. ഹര്‍ത്താലിന് വിജയം സാധ്യമാണ്. അതിനു കാരണമായി ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ പരാജയപ്പെടുന്നത് പതിവു കാഴ്ചയും. ആദ്യത്തെ കാര്യത്തില്‍ ദളിത് സമൂഹവും വിജയിച്ചിരിക്കുന്നു. അടുത്തതാണ് യഥാര്‍ത്ഥ സമരം എന്നു മാത്രം.
വേണു ബാലകൃഷ്ണന്‍
You must be logged in to post a comment Login