സലഫിസത്തിനെതിരെ സഊദി രാജകുമാരന്റെ തുറന്നുപറച്ചില്‍

സലഫിസത്തിനെതിരെ സഊദി രാജകുമാരന്റെ തുറന്നുപറച്ചില്‍

വഹാബിസം, സലഫിസം തുടങ്ങിയ സംജ്ഞകള്‍ ഇസ്‌ലാമിക ലോകത്തെ പരിഷ്‌കരണ, നവോത്ഥാന സംരംഭങ്ങളുമായി ഇതുവരെ ചേര്‍ത്തുപറഞ്ഞവരെ ഞെട്ടിക്കുന്നതായിരുന്നു സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് സല്‍മാന്റെ തുറന്നുപറച്ചിലുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് അമേരിക്കയിലെ പ്രശസ്ത പത്രമായ ‘വാഷിംഗ്ടണ്‍ പോസ്റ്റു’മായുള്ള അഭിമുഖത്തില്‍ മറ്റൊരു സത്യം അദ്ദേഹം തുറന്നടിച്ചു. വഹാബിസത്തെ ലോകത്തെമ്പാടും തന്റെ മുന്‍ഗാമികള്‍ പ്രചരിപ്പിച്ചത് പാശ്ചാത്യശക്തികളുടെ ആവശ്യപ്രകാരമായിരുന്നു എന്ന്. ശീതയുദ്ധകാലത്ത് കമ്യൂണിസത്തെയും അതിന്റെ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തുള്ള പള്ളികളിലേക്കും മതപാഠശാലകളിലേക്കും ഫണ്ടൊഴുക്കി അവിടുത്തെ മുസ്‌ലിം സമൂഹത്തെ വിധേയരാക്കാനും കമ്യൂണിസത്തെ ചെറുത്തുതോല്‍പിക്കാനും ബ്രിട്ടനും അമേരിക്കയുമൊക്കെ വഹാബി ആശയഗതികള്‍ കയറ്റുമതി ചെയ്യുന്നത് പ്രോല്‍സാഹിപ്പിച്ചിരുന്നുവത്രെ. ഇസ്‌ലാമിന്റെ നവീകരണദൗത്യം ഏറ്റെടുത്ത് രംഗപ്രവേശം ചെയ്ത ആധുനിക പരിഷ്‌കരണ ആശയധാരകളെല്ലാം കുറിച്ച് ഈ സംശയം ബുദ്ധിജീവികള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്നു. അത് ഇതോടെ ദൃഢപ്പെട്ടു. വന്‍ശക്തികളുടെ രാഷ്ട്രീയ ദുഷ്ടലാക്കിന്റെ ഉപകരണമായിരുന്നു വഹാബിസം എന്നാണ് മുഹമ്മദ് രാജകുമാരന്‍ പടിഞ്ഞാറന്‍ ലോകത്ത് ചെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. ഇതോടെ അനാവൃതമാകുന്നത് ആധുനിക ഇസ്‌ലാമിന്റെ രണ്ടു നൂറ്റാണ്ട് നീണ്ട വ്യാജ നവോത്ഥാന ചരിത്രമാണ്. അതോടൊപ്പം തന്നെ മുസ്‌ലിം ലോകത്തെ കരവലയങ്ങളിലൊതുക്കാനും ഇസ്‌ലാമികസമൂഹത്തെ ജഡാവസ്ഥയിലും രാഷ്ട്രീയ അടിമത്തത്തിലും നിലനിര്‍ത്താനും വഹാബിസത്തെയും സലഫിസത്തെയും പടിഞ്ഞാറ് എത്ര സമര്‍ത്ഥമായാണ് ദുരുപയോഗം ചെയ്തതെന്നുകൂടി ഈ തുറന്നുപറച്ചില്‍ വെളിപ്പെടുത്തുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്റെ വെളിപ്പെടുത്തലുകളില്‍ ശാഹിദിന് പുതുമ തോന്നാതിരുന്നത് ഈ കോളത്തില്‍ക്കൂടി തന്നെ പലതവണ, വഹാബിസത്തിന്റെ ഗോദ്ഫാദര്‍മാര്‍ പശ്ചാത്യന്‍ കോളനിശക്തികളും അഭിനവ സാമ്രാജ്യത്വവുമാണെന്ന് ചുണ്ടിക്കാട്ടിയത് കൊണ്ടാവണം. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ സൃഷ്ടിച്ചത് വഹാബിസത്തിന്റെ കോശങ്ങളിലെ അപകടകാരികളായ ജീനുകളുടെ മ്യൂട്ടേഷന്‍ വഴിയാണെന്ന് തെളിഞ്ഞുകഴിഞ്ഞതാണ്. ആധുനിക ഇസ്‌ലാമിക ലോകത്തിന്റെ ഭാഗധേയം നിര്‍ണയിച്ചത് മുസ്‌ലിംകളുടെ മസ്തിഷ്‌കമായിരുന്നില്ല, പ്രത്യുത ഇസ്‌ലാമിന്റെ ശത്രുക്കളുടെ കുടിലതന്ത്രങ്ങളായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. ‘യാഥാസ്ഥിതിക ഇസ്‌ലാമി’നെതിരെ ലോകമെമ്പാടും നടന്ന പോരാട്ടങ്ങളും അധിക്ഷേപങ്ങളും യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പടിഞ്ഞാറ് വിലക്കെടുത്ത ഒരുപറ്റം ‘പുരോഗമനപരിഷകളുടെ’ വകയായിരുന്നുവെന്ന് ഇപ്പോഴെങ്കിലും സമ്മതിക്കേണ്ടിവരും. ‘ഇസ്‌ലാമിക ലോകം ‘ (ങൗഹെശാ ംീൃഹറ) എന്ന പരികല്‍പനക്ക് തുടക്കമിടുന്നത് തന്നെ യൂറോപ്പ് ഇസ്‌ലാമിനെ ശത്രുപക്ഷത്ത് നിറുത്തിയതിന് ശേഷമാണെന്ന സെമീല്‍ ഐദീന്റെ (ഠവല കറലമ ീള ങൗഹെശാ ണീൃഹറ, അ ഏഹീയമഹ ശിലേഹഹലരൗേമഹ ഒശേെീൃ്യ) നിരീക്ഷണത്തില്‍നിന്ന് തുടങ്ങണം ഇസ്‌ലാമിലെ ചിന്താവ്യതിയാനങ്ങളെ പടിഞ്ഞാറ് ഏതെല്ലാം തരത്തില്‍ രാഷ്ട്രീയഅജണ്ട ലക്ഷ്യമിട്ട് ചൂഷണം ചെയ്തുവെന്ന് മനസിലാക്കാന്‍. 13ാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക നാഗരികതയെ കശക്കിയെറിഞ്ഞ് താര്‍ത്താരികള്‍ നടത്തിയ ആക്രമണപരമ്പരയുടെ പിന്നില്‍ ക്രൈസ്തവലോകത്തിന്റെ പങ്കുണ്ടോ എന്ന അന്വേഷണത്തിനു പോലും പ്രസക്തിയുണ്ട്.

വഹാബി ബ്രിട്ടീഷ് ഗൂഢാലോചന
മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ നജ്ദിയന്‍ പാഠങ്ങള്‍ പ്യൂരിറ്റാനിയന്‍ ഇസ്‌ലാമിന്റെ കാല്‍പനിക ലഹരിയാണ് ഒരുവേള മുസ്‌ലിം ലോകത്താകമാനം വാരിവിതറിയത്. സഊദി അറേബ്യയില്‍ ഒതുങ്ങിനില്‍ക്കേണ്ട വഹാബിസം എങ്ങനെ ലോകമുസ്‌ലിംകളിലേക്ക് പരന്നൊഴുകി എന്ന അന്വേഷണത്തിനു മുമ്പ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്താസരണി പരമ്പരാഗത വിശ്വാസങ്ങളെ എത്രമാത്രം കടപുഴക്കിയെറിഞ്ഞുവെന്ന് മനസ്സിലാക്കണം. പടിഞ്ഞാറിന്റെ ഗൂഢാലോചനകള്‍ മുസ്‌ലിം ലോകത്ത് സൃഷ്ടിച്ച കലാപം എത്ര ആഴത്തിലാണ് മുസ്‌ലിം സമൂഹത്തെ ഗ്രസിച്ചതെന്ന് അപ്പോഴാണ് ബോധ്യപ്പെടുക. ഉസ്മാനിയ്യ ഖിലാഫത്ത് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി പരിലസിച്ച ഒരു കാലസന്ധിയിലാണ് മുസ്‌ലിം ലോകത്ത് കുഴപ്പമുണ്ടാക്കാന്‍ വഹാബി ആചാര്യന്‍ കടന്നുവരുന്നത്. ബ്രിട്ടന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ ‘സഊദി പ്രോജക്ട്’ എന്ന് വേണം വഹാബിസത്തെ വിശേഷിപ്പിക്കാന്‍. ‘ശുദ്ധ ഇസ്‌ലാമിലേക്കുള്ള തിരിച്ചുപോക്ക്’ എന്ന പേരില്‍ മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ തന്റെ പരിധിക്ക് പുറത്തുള്ള എല്ലാ മുസ്‌ലിംകളെയും നരകത്തില്‍ തള്ളി. അതോടെ അവരുടെ ജീവന്‍, മാനം എല്ലാമെല്ലാം പിച്ചിച്ചീന്തപ്പെട്ടു. സമുദായഭ്രഷ്ടും മതപരിത്യാഗ വിചാരണയുമൊക്കെ ഒരു കാലഘട്ടത്തിന്റെ നവോത്ഥാനമാര്‍ഗമായി പടര്‍ന്നുപിടിച്ചു. എവിടെയെല്ലാം അദ്ദേഹം കാല്കുത്തിയോ അവിടെയെല്ലാം രാഷ്ട്രീയസംഘര്‍ഷം നിത്യസംഭവമായി. അങ്ങനെയാണ്. മംഗോളിയരുടെ ആക്രമണ പരമ്പരക്കു ശേഷം മുസ്‌ലിം നാഗരികതകളുടെ ശവക്കൂനക്കു മുന്നിലിരുന്ന് ചികില്‍സ വിധിച്ച ഇബ്‌നു തൈമിയയുടെ പുത്തനാശയങ്ങള്‍ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ കൈയിലെയും ആയുധമാകുന്നത്. ശീഇസവും സൂഫിസവും ഗ്രീക്ക് തത്ത്വചിന്തയുമൊക്കെയാണ് ഇസ്‌ലാമിന്റെ ആന്തരിക സത്ത ചോര്‍ത്തിക്കളഞ്ഞതെന്ന പ്രചാരണം അജണ്ടയാക്കി ഖബര്‍ സന്ദര്‍ശനവും നബിദിനാഘോഷവും പുണ്യാത്മാക്കളോടുള്ള ആദരപ്രകടനവുമെല്ലാം അനിസ്‌ലാമികമാണെന്ന് വിധി എഴുതി. അതൊക്കെ ഒരിക്കലും പൊറുക്കാത്ത തെറ്റാക്കി ആ തെറ്റ് ചെയ്തവരെ നശിപ്പിച്ചു. ഇതിനൊക്കെ പിന്നില്‍ വലിയൊരു രാഷ്ട്രീയമുണ്ടായിരുന്നു. കോളനിശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ചിന്താപദ്ധതിക്ക് രൂപം നല്‍കുന്നത് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും ചേര്‍ന്നാണെന്ന് ‘അല്‍ ജാസൂസുല്‍ ബരീത്വാനി ഫി ബിലാദില്‍ ഇസ്‌ലാമിയ്യ’ (ഇസ്‌ലാമിക രാജ്യത്തെ ബ്രിട്ടീഷ് ചാരന്‍) എന്ന ചരിത്രഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1724ലാണ് ഇരുവരും ബസ്വറയില്‍ സന്ധിക്കുന്നത്. എങ്ങനെ മുസ്‌ലിം ലോകത്തെ പരമ്പരാഗത വിചാരഗതിയില്‍നിന്ന് മാറിച്ചിന്തിപ്പിച്ച്, പശ്ചാത്യരുടെ ആശ്രിതരും ദാസന്മാരുമാക്കാം എന്നായിരുന്നു ഈ കൂട്ടുകെട്ട് കൂലങ്കശമായി ചിന്തിച്ചത്. അങ്ങനെയാണ് സുന്നി ഇസ്‌ലാമിന്റെ ആന്തരിക ചൈതന്യത്തെ ചോര്‍ത്തിക്കളയുന്ന, പൂര്‍വസൂരികളുമായുള്ള നാഭീനാളബന്ധം അറുത്തുമാറ്റുന്ന പുതിയ മതസിദ്ധാന്തം കരുപ്പിടിപ്പിക്കുന്നത്. സഊദി അറേബ്യയുടെ വികാസപരിണാമത്തില്‍ സലഫിസം എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഈ മാരകചിന്താപദ്ധതി എന്തുമാത്രം നിര്‍ണായകമായി എന്ന് നാം പലവട്ടം പരിശോധിച്ചതാണ്. തക്ഫീറിന്റെ ശിക്ഷയായ ദാരുണ മരണം വ്യാപകമായി കൊടുത്തുകൊണ്ടിരുന്നപ്പോള്‍, വര്‍ത്തമാനകാലഘട്ടത്തില്‍ ഐ.എസ് ഭീകരസംഘടന കാട്ടിക്കൂട്ടിയതെന്തോ അതിലേറെ മൃഗീയതകള്‍ക്ക് ചരിത്രം സാക്ഷിയായി.

ഇബ്‌നു അബ്ദുല്‍ വഹാബും നജ്ദിലെ ദറഇയ്യയില്‍ (ഇന്നത്തെ റിയാദിന് സമീപം) ആസ്ഥാനമാക്കി നാട്ടുരാജ്യം കൈയാളിയ സഊദ് ബ്‌നു അബ്ദുല്‍ അസീസും ചേര്‍ന്നാണ് വഹാബിപദ്ധതിക്ക് തുടക്കമിടുന്നത്. രാജാവിന് വഴങ്ങാത്തവരെയും അവരുടെ ഭാര്യസന്തതികളെയും കൊല്ലുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും വേണമെന്നാണ് വഹാബിസം ഉത്തരവിറക്കിയത്. വികൃതചിന്തകള്‍ മൂലം സ്വദേശത്തുനിന്ന് ആട്ടിയോടിക്കപ്പെട്ട മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് 1741ലാണ് നജ്ദിലെത്തുന്നത്. നജ്ദിയന്‍ പാരമ്പര്യത്തെയും ഭരണക്രമത്തെയും അട്ടിമറിച്ച് തന്റെ അധികാരസീമ വികസിപ്പിക്കാന്‍ വഹാബിയന്‍ ആശയഗതികളെ കൂട്ടുപിടിച്ച ഇബ്‌നു സഊദ് സമീപ നാട്ടുരാജ്യങ്ങളിലേക്ക് ഇരച്ചുകയറുകയും വ്യാപക അക്രമം അഴിച്ചുവിടുകയും തോന്നിയിടത്തെല്ലാം കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്തു. 1801ല്‍ കര്‍ബല ആക്രമിക്കുകയും ഇമാം ഹുസൈന്റെ മഖ്ബറ തകര്‍ക്കുകയും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കുകയും ചെയ്തു. 1803ല്‍ മക്കയില്‍ പ്രവേശിക്കുകയും കഅ്ബക്ക് ചുറ്റുമുള്ള എണ്ണമറ്റ ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തു നിലംപരിശാക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്ത് കെട്ടിപ്പൊക്കിയ എത്രയോ ചരിത്രസൗധങ്ങളാണ് വഹാബിസത്തിന്റെ ഉത്തരവ് പ്രകാരം ധൂമപടലങ്ങളായി മാറിയത്. മദീനയെയും അതേ ദുര്‍വിധി കാത്തിരിക്കുന്നുണ്ടായിരുന്നു. 1812ല്‍ ഉസ്മാനിയ്യ ഭരണകൂടം ശക്തമായ ഒരു സൈന്യത്തെ അയച്ചാണ് ഇബ്‌നുസഊദ് വഹാബി അക്രമിപ്പടയെ തൂത്തെറിയുന്നത്.

20ാം നൂറ്റാണ്ടിലെ തിരിച്ചുവരവ്
ആധുനിക സഊദി അറേബ്യയുടെ പിറവിയും വഹാബിസത്തിന്റെ ഇടപെടലുകളും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുമ്പോഴാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൂചിപ്പിച്ച പശ്ചാത്യരുടെ രാഷ്ട്രീയഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന വസ്തുതകള്‍ നമ്മുടെ മുന്നില്‍ ചരിത്രരേഖകളായി വാര്‍ന്നുവീഴുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഉപയോഗിച്ചാണ് ബ്രിട്ടീഷ് കോളനിശക്തികള്‍ ഉസ്മാനിയ്യ ഖിലാഫത്തിനെതിരെ ഉപജാപങ്ങളത്രയും നടത്തിയതെങ്കില്‍ അമേരിക്കന്‍ ഭരണകൂടം സഊദി ഭരണാധികാരിയുമായി നേരിട്ട് ആശയവിനിമയം നടത്തി പിറക്കാനിരുന്ന എണ്ണശക്തിയെ തങ്ങളുടെ വരുതിയില്‍ പിടിച്ചുനിറുത്തുകയായിരുന്നു. സര്‍ പെഴ്‌സി കോക്‌സും ഹാരിസെന്റ് ജോണ്‍ ഫില്‍ബിയും (18851960) അബ്ദുല്‍ അസീസിന്റെ രാഷ്ട്രീയ ഉപദേശകരായി എത്തുന്നതോടെയാണ് പശ്ചാത്യഗൂഢാലോചന അപകടരൂപം പ്രാപിക്കുന്നത്. ബ്രിട്ടീഷ് കോളനി ഓഫിസിലെ രഹസ്യാന്വേഷണ വിഭാഗം ഏജന്റായിരുന്നു ഫില്‍ബി. മതംമാറി അബ്ദുല്‍ അസീസ് രാജാവിന്റെ രാഷ്ട്രീയ ഉപദേശകനായതോടെ വഹാബിസത്തിന്റെ കുത്തക കച്ചവടക്കാരനായി ഇദ്ദേഹം. ഓട്ടോമന്‍ ഖലീഫമാരുടെ പ്രതിനിധിയായ മക്കയിലെ ശരീഫ് ഹുസൈനെയും മക്കളെയും ഹിജാസില്‍നിന്ന് തുരത്തിയോടിക്കുന്നതില്‍ വലിയ പങ്കാണ് ഇദ്ദേഹം വഹിച്ചത്. അറേബ്യയോട് ചേര്‍ത്തുവിളിക്കാറുള്ള ലോറന്‍സ് (അതെ, ലോറന്‍സ് ഓഫ് അറേബ്യയിലെ ലോറന്‍സ്) ഈ ഉദ്യമത്തില്‍ സകല ഉപജാപങ്ങളും നടത്തിയതിന്റെ കഥ ശാഹിദ് മുമ്പ് വിവരിച്ചതാണ്. പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിവരക്കാനും പടിഞ്ഞാറന്‍ സാമ്രാജ്യത്വമോഹികള്‍ക്ക് യഥേഷ്ടം ഇടപെടാനും ഇടങ്കോലിടാനും പാകത്തില്‍ സഊദി രാഷ്ട്രീയാന്തരീക്ഷത്തെ പാകപ്പെടുത്തിവെക്കാനും വഹാബിസത്തെ സൈദ്ധാന്തികമായി രൂപപ്പെടുത്തിയെടുക്കാനും ഇവരെല്ലാം വഹിച്ച പങ്ക് അറിയപ്പെട്ടതാണ്. അല്‍ഹാജ് അബ്ദുല്ല ഫില്‍ബി ഒരു ഘട്ടത്തില്‍ മസ്ജിദുല്‍ ഹറാമില്‍ ജുമുഅക്ക് ശേഷം പ്രഭാഷണം നടത്തി, ജനങ്ങളെ ബോധവത്കരിക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി. രാജാവിനെ വാനോളം പുകഴ്ത്താനും അദ്ദേഹത്തിന് നിരുപാധിക പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയാനുമാണ് ഫില്‍ബി അവസരം വിനിയോഗിച്ചത്. ഫില്‍ബിയുടെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ച് മുസ്‌ലിം ലോകത്ത് സംശയങ്ങള്‍ വിട്ടുമാറിയിരുന്നില്ല. ‘ശുദ്ധനായ മുസ്‌ലിമോ സാമ്രാജ്യത്വ പിണിയാളോ’ എന്ന ശീര്‍ഷകത്തില്‍ ഒരു അറബി പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തില്‍ ആ നിഗൂഢ വ്യക്തിത്വത്തെ വിലയിരുത്തുന്നത് ഇങ്ങനെ: ‘മി.ഫില്‍ബിയെ കുറ്റപ്പെടുത്തേണ്ടതില്ല. സ്വന്തം നാടിനും നാട്ടുകാര്‍ക്കും സ്വയം സമര്‍പ്പിച്ച വ്യക്തിയാണയാള്‍. ബാഹ്യപ്രകടനങ്ങളില്‍ വിശ്വസിച്ച് ഇത്തരക്കാരാല്‍ വഞ്ചിതരാവുന്ന അറബികളെയാണ് കുറ്റപ്പെടുത്തേണ്ടത്’. സഊദി എണ്ണ ഖനനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരാംകോ എന്ന സൗദിയു.എസ് സംയുക്ത എണ്ണ കമ്പനി ഉണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അബ്ദുല്ല ഫില്‍ബിയാണ്. ബ്രിട്ടീഷ് പൗരനാണെങ്കിലും പിന്നീട് അമേരിക്കയിലേക്ക് കൂറുമാറാന്‍ ഈ മനുഷ്യന് സങ്കോചമുണ്ടായില്ല. ഇദ്ദേഹത്തിന്റെ മകന്‍ കിം ഫില്‍ബി ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിരുന്നുവെങ്കിലും സോവിയറ്റ് യൂണിയനു വേണ്ടി ചാരപ്പണി നടത്തിയതിന്റെ പേരില്‍ കൈയോടെ പിടികൂടപ്പെട്ടു.

ആത്മവഞ്ചയുടെ ചരിത്രം തുടക്കം തൊട്ട് ഇന്നലെ വരെ
സലഫിസം ആത്മവഞ്ചനാപരമായ നയസമീപനമാണ് സ്വീകരിച്ചുപോന്നതെന്ന് സൂചിപ്പിക്കുന്നതാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കുറ്റസമ്മതം. കോടികള്‍ വാരിക്കോരി നല്‍കി ഇസ്‌ലാമിക ലോകത്തിന്റെ മതചിന്തയെ അട്ടിമറിക്കുകയായിരുന്നു ഇക്കൂട്ടര്‍. വിദൂര ദേശങ്ങളില്‍ പള്ളികള്‍ പടുത്തുയര്‍ത്തിയും മദ്രസകള്‍ക്ക് സഹായങ്ങള്‍ നല്‍കിയും വഹാബി ആശയങ്ങള്‍ക്ക് പ്രചുരപ്രചാരം നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കേരളത്തിലും ഇടിമുഴക്കങ്ങളുണ്ടാക്കി. മുസ്‌ലിം കേരളത്തെ അത് എല്ലാ നിലയിലും വെട്ടിമുറിച്ചു. വൈകിയെങ്കിലും പുറത്തുവന്ന സത്യങ്ങള്‍ കേരളീയ മുസ്‌ലിംകളെ സലഫിസത്തിന്റെ പച്ച പുതപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരെ മാറ്റി ചിന്തിപ്പിക്കുമോ? വിവിധ സലഫിധാരകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നത് ഈ ചിന്താഗതിയിലെ കഴമ്പില്ലായ്മയും വൈരുധ്യങ്ങളും മൂലമാണ്.
ശാഹിദ്‌

You must be logged in to post a comment Login