ഇതാ, ഇവിടെയുണ്ട് ആ ഉപ്പ

ഇതാ, ഇവിടെയുണ്ട്  ആ ഉപ്പ

കൊല്‍ക്കത്തയില്‍നിന്ന് ഇരുനൂറ്റിഇരുപത് കി.മീറ്റര്‍ ദൂരത്താണ് അസന്‍സോള്‍. ജാര്‍ഖണ്ഡ് അസന്‍സോളിനോട് അടുത്തായതുകൊണ്ട് മര്‍കസ് സ്ഥാപനമായ തൈ്വബ ഗാര്‍ഡന്റെ ജാര്‍ഖണ്ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മാസ്റ്റര്‍ സാഹബ് ഞങ്ങളെയും കാത്ത് അസന്‍സോള്‍ റെയില്‍വേസ്‌റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

അസന്‍സോള്‍ റെയില്‍വേസ്‌റ്റേഷനെ ചാരിയുള്ള ഒ കെ റൂട്ടിലൂടെ ഒന്നര കി.മീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ ഗ്രാമത്തിലെത്തി. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമാണ്. കുറച്ച് അകലെ നിന്നുതന്നെ പള്ളികളേക്കാള്‍ വലുപ്പത്തില്‍ മിനാരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുന്നുണ്ട്. പതിനൊന്ന് മണിയോടെ ഞങ്ങള്‍ നൂറാനി മസ്ജിദിലെത്തി.

മസ്ജിദിനോട് ചേര്‍ന്നുള്ള പ്രൈമറി സ്‌കൂളില്‍നിന്ന് ചെറിയ കുഞ്ഞുങ്ങളുടെ കലപില ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഒന്നാം നിലയിലാണ് ഇമാമിന്റെ മുറി. നിഷ്ഠൂരമായി കൊല്ലപ്പെട്ട കുട്ടിയുടെ ഉപ്പയാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നില്ല ഇമാമിന്റെ പെരുമാറ്റം. നല്ല ആതിഥ്യമര്യാദ കാട്ടി അദ്ദേഹം. ഹസ്തദാനം ചെയ്ത് ഞങ്ങളെ സ്വീകരിച്ചിരുത്തി.
എവിടെനിന്ന് തുടങ്ങണം എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ ഇമാം സാഹിബ് തന്നെ സംസാരിച്ചുതുടങ്ങി:

”പ്രതിയോഗികളോട് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ചിട്ടുണ്ട് ഇസ്‌ലാം. അതുകൊണ്ടുതന്നെ മുത്തുനബിക്ക് ഇങ്ങനെ ഒരനുഭവമുണ്ടായാല്‍ എങ്ങനെയിരിക്കും; അതുപോലെയാണ് ഞാനും ഇതിനെ കാണുന്നത്. ശത്രുവിനെ ആയുധംകൊണ്ട് നേരിടാന്‍ നമ്മളും ഇറങ്ങിത്തിരിച്ചിരുന്നെങ്കില്‍ ബംഗാള്‍ എന്നല്ല, ഇന്ത്യതന്നെ കത്തിപ്പോവും. ഏതുജീവിക്കും ഭൂമിയില്‍ അതിന്റെ പരിപാലകന്‍ വിധിച്ച ഒരു സമയമുണ്ട്. അതുവരെയുള്ള താമസവും ഭക്ഷണവും അവര്‍ക്ക് നിന്ന് ലഭിക്കും. അവന്‍ കണക്കാക്കിയ സമയമാകുമ്പോള്‍ പോകുകയും ചെയ്യും. എന്റെ മോന് പതിനഞ്ച് വര്‍ഷമായിരുന്നു ഭൂമിയില്‍ റബ്ബ് വിധിച്ചത്. അത് കഴിഞ്ഞു. പക്ഷേ അവന്റെ അന്ത്യം ഈയൊരു രൂപത്തിലായിരുന്നു എന്നത് മാത്രമാണ് ഞാന്‍ ഇതില്‍ ഒരു ഞെട്ടലായി കാണുന്നത്. മതപരമായ പഠനം നടത്തുന്ന മറ്റ് രണ്ട് മക്കളില്‍നിന്ന് വ്യത്യസ്തനായി എസ് എസ് എല്‍ സി കഴിഞ്ഞ് ഫലം കാത്തുനില്‍ക്കുകയായിരുന്നു പൊന്നുമോന്‍. ഒരുപക്ഷേ വിജയം കൈവരിച്ച് വലിയ ഒരാളായി ഉയരുമായിരുന്നു. അത് ഈ ചെറിയ ജീവിതത്തില്‍ എനിക്ക് വലിയൊരു സമ്പാദ്യമാകുമായിരുന്നു. പക്ഷേ നാളത്തെ വലിയ ജീവിതത്തിലും എനിക്കൊരു തണലുവേണ്ടേ? അതിനുവേണ്ടിയായിരിക്കും എന്റെ മോന്‍ മുന്നേ പോയത്.”
ഇമാം സാഹബിന്റെ വാക്കുകളില്‍ ദൈവികമായ സമര്‍പ്പണം സ്ഫുരിക്കുന്നു.

അസന്‍സോളില്‍ മുന്‍കാലങ്ങളില്‍ മത, സാമൂഹിക സ്ഥിതികള്‍ എങ്ങനെ ആയിരുന്നു എന്ന് ഞങ്ങള്‍ ചോദിച്ചു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിരുന്നു. അതുതന്നെ മുന്‍കൂട്ടി തയാറെടുത്തുണ്ടാക്കിയ കുഴപ്പങ്ങള്‍. ഇതിലും വര്‍ഗീയ ആസൂത്രണമുണ്ട്. വര്‍ഷങ്ങളോളമായി സേവനം ചെയ്യുന്ന ഒരു ഇമാമിന്റെ മകന്‍ ആകുമ്പോള്‍ വര്‍ഗീയതക്ക് ശക്തി കൂടുമെന്നായിരിക്കും അവര്‍ ധരിച്ചിട്ടുണ്ടാവുക.

രാംനവമി എന്ന ആചാര പ്രകടനം നടക്കുന്ന ദിവസമായിരുന്നു അത്. അതില്‍ പങ്കെടുത്തവര്‍ ഇസ്‌ലാം മതത്തെ അവര്‍ വളരെ അധികം അസഭ്യം പറഞ്ഞു. എല്ലാ മുസ്‌ലിംകളെക്കൊണ്ടും ശ്രീരാം എന്ന് പറയിപ്പിക്കുമെന്നും ഭീഷണി മുഴക്കി. അപ്പോള്‍ ഒരു പറ്റം മുസ്‌ലിം യുവാക്കള്‍ അതിനെതിരെ പ്രതികരിക്കുകയും അതൊരു ചെറിയ ഹിന്ദു മുസ്‌ലിം കലഹത്തിന് കാരണമാവുകയും ചെയ്തു. തുടര്‍ന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ നിയമപാലകര്‍ കണ്ണീര്‍വാതകം ഉപയോഗിച്ചു. ഇതിനിടയില്‍ മദ്‌റസയില്‍ പഠിക്കുകയായിരുന്ന എന്റെ കുട്ടികള്‍ പുറത്തുള്ള ശബ്ദങ്ങള്‍ കേട്ട് പുറത്തിറങ്ങിനോക്കി. ആ കുട്ടികളില്‍ നിന്ന് എന്റെ മോനെ അവര്‍ കൊണ്ടുപോവുകയും ചെയ്തു.

വൈകുന്നേരം ആയിട്ടും മോനെ കാണാതായപ്പോള്‍ തന്നെ എന്റെ മനസില്‍ പൊന്നുമോന്‍ നഷ്ടപ്പെട്ടു എന്ന ആധി അലട്ടിക്കൊണ്ടിരുന്നു. ഇമാമിന്റെ മകനെ കാണാനില്ല എന്നും അവനെ ബന്ദിയാക്കിയിട്ടുണ്ട് എന്നും അറിഞ്ഞ ചില മുസ്‌ലിം ചെറുപ്പക്കാര്‍ രണ്ട് ഹിന്ദുകുട്ടികളെയും പിടിച്ചുവെച്ചു. ഇമാമിന്റെ മകനെ തിരിച്ചുതന്നാല്‍ വിടാം എന്ന് വാശിപിടിച്ചു. രാത്രി പന്ത്രണ്ട് മണിയായപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ വേണ്ടി ഒരു കുട്ടിയെ പറഞ്ഞയച്ചെങ്കിലും അവനെ പൊലീസുകാര്‍ അവിടെ പിടിച്ചുനിര്‍ത്തുകയും പിന്നീട് കൗണ്‍സിലറുടെ കൂടെ പറഞ്ഞുവിടുകയും ചെയ്തു. അപ്പോഴേക്കും എന്റെ മകന്റെ മരണവാര്‍ത്ത ഏകദേശം നാട്ടില്‍ പരന്നിരുന്നു. ആ രാത്രിതന്നെ ഞാന്‍ എല്ലാ മുസ്‌ലിം ചെറുപ്പക്കാരെയും പള്ളിയില്‍ വിളിച്ചുചേര്‍ത്ത് ‘നിങ്ങള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെങ്കില്‍ ബന്ദികളാക്കിയ ഹിന്ദുകുട്ടികളെ പറഞ്ഞയക്കണം എന്നാവശ്യപ്പെട്ടു. ആ കുട്ടികളോ അവരുടെ കുടുംബമോ അല്ല എന്റെ മോനെ കൊണ്ടുപോയത്. അതുകൊണ്ട് അവരെ അക്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.’

മുസ്‌ലിംകള്‍ സമചിത്തയോടെ കാര്യങ്ങള്‍ കേട്ട് മനസിലാക്കി. അവര്‍ അപ്പോള്‍ തന്നെ ഹിന്ദുകുട്ടികളെ പൊലീസില്‍ ഏല്‍പിച്ചു. എന്റെ മകന്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞതിനു ശേഷം ഈ രണ്ട് കുട്ടികള്‍ മോചിതരായത് അവരെ ചിന്തിപ്പിച്ചു. എന്റെ ആഹ്വാനം ഇതിനകം അവരും അറിഞ്ഞിരുന്നു. അതോടെ അവരും ശാന്തരായി.

നേരം പുലര്‍ന്നപ്പോഴേക്ക് മുസ്‌ലിം ചെറുപ്പക്കാര്‍ പിന്നെയും വിക്ഷുബ്ധരായി. അവര്‍ പ്രതിരോധിക്കാന്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍ ഞാനവരെ വീണ്ടും വിളിച്ചു: ‘നഷ്ടപ്പെട്ടുപോയ എന്റെ മകനെ തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ?’ ഞാനവരോട് ചോദിച്ചു. അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ”ഇതിനെചൊല്ലി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഞാനീ നാട്ടില്‍നിന്ന് പോകും. മകന്‍ നഷ്ടപ്പെട്ട ഞാന്‍ ക്ഷമിക്കുന്നു. അതുപോലെ നിങ്ങളും ക്ഷമിക്കുക. മകനേതായാലും പോയി. ഇനി എന്റെ വിശ്വാസം കൂടി കളയാന്‍ എനിക്ക് വയ്യ”- ഞാനവരോട് തീര്‍ത്തുപറഞ്ഞു. അവര്‍ ശാന്തരായി. മയ്യിത്ത് നിസ്‌കാരത്തിനുള്ള ഏര്‍പാടുകള്‍ തുടങ്ങി.
ഈ സന്ദര്‍ഭത്തില്‍ ജനാസ പള്ളിയില്‍നിന്ന് നിസ്‌കരിച്ചാല്‍ പ്രശ്‌നമുണ്ടാകുമോ എന്ന് നിയമപാലകര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: ഇല്ല, പള്ളിയില്‍ ഞാന്‍ നോക്കിക്കൊള്ളാം. പുറത്തുള്ളത് നിങ്ങള്‍ നോക്കണം.

എങ്ങനെ കിട്ടി ഈ ധൈര്യം- ഞങ്ങള്‍ ഇമാമിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹു ഇട്ടുതന്ന ധൈര്യം. പിന്നെ എന്റെ പൂര്‍വികരൊക്കെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തവരാണ്. ആ രക്തം എന്റെ സിരകളിലുണ്ട്. രാജ്യത്തിന്റെ സമാധാനം നമുക്ക് വലുതാണ്. ഈയൊരു തീരുമാനം സമാധാനകാംക്ഷികളെ കൂടുതല്‍ കരുത്തരാക്കും. നിങ്ങള്‍ കേട്ടറിഞ്ഞ് ഇവിടെ വന്നില്ലേ. അഞ്ച് മുസ്‌ലിംകള്‍ എന്നെ പ്രശംസിക്കുമ്പോള്‍ ഈ തീരുമാനത്തിന്റെ പേരില്‍ പത്ത് ഹിന്ദുക്കളെങ്കിലും എന്നെ അഭിനന്ദിക്കുന്നുണ്ട്.
നിയമപാലകരും പൊതുപ്രവര്‍ത്തകരും ശ്ലാഘിച്ചു, എന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. പൊതുവെ ഇക്കാര്യത്തിലൊക്കെ പിന്നാക്കം നില്‍ക്കുന്ന നാസ്തികര്‍ പോലും താങ്കളുടെ നിലപാട് ചിന്തിപ്പിക്കുന്നു ഇമാം സാബ്, എന്ന് അനുശോചനമറിയിക്കുന്നു. മാധ്യമങ്ങള്‍ പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം മൂലം ഈ സന്ദേശം ലോകമാകെ പരന്നു. മകന് ധാരാളം പ്രാര്‍ത്ഥനകള്‍ കിട്ടി. മുഖ്യമന്ത്രി കുമാരി മമത ബാനര്‍ജി വിളിച്ചു. ഞാനെടുത്ത തീരുമാനത്തെ അവര്‍ പ്രകീര്‍ത്തിച്ചു; ഞങ്ങള്‍ പരിഹരിക്കേണ്ട ഒരു പ്രശ്‌നമാണ് താങ്കള്‍ ചെറിയ ചില നീക്കങ്ങളിലൂടെ ഒതുക്കിത്തീര്‍ത്തിരിക്കുന്നത്. നിങ്ങളുടെ കാര്യങ്ങള്‍ ഞാന്‍ നേരിട്ട് തന്നെ വന്ന് ചെയ്‌തോളാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പിലേക്കുള്ള ചോരയാണ് ഈ ഒഴുക്കുന്നത്. നാം ശ്രദ്ധിച്ചില്ലെങ്കില്‍ വര്‍ഗീയത വീണ്ടും അധികാരത്തില്‍ വരും. നമ്മുടെ സംയമനം അവര്‍ക്ക് തിരിച്ചടിയാണ്.

രണ്ട് ദിവസം മുമ്പ് ബി ജെ പിയുടെ എം പി വിളിച്ചു. എന്താണ് ചെയ്തുതരേണ്ടത് എന്ന് ചോദിച്ചു. ഈ ജനതയെ ഒന്നിപ്പിച്ചാല്‍ മതി, അതാണ് നിങ്ങള്‍ ചെയ്യേണ്ട ഉപകാരം എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അത് ചെയ്യുന്നില്ലെങ്കില്‍ താങ്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ തരിമ്പും വിലയുണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. കേസുകളെ കുറിച്ച് ഞങ്ങള്‍ ഇമാം സാഹബിനോട് ചോദിച്ചു: ‘ഞാനായിട്ട് ഒരു കേസും നടത്തുന്നില്ല. എല്ലാം ദയാപരനായ അല്ലാഹുവില്‍ സമര്‍പ്പിച്ചിരിക്കുന്നു. ഈ കേസ് നീതിപൂര്‍വം പോവേണ്ടത് സാമൂഹ്യസുരക്ഷക്കാവശ്യമാണ്. അത് അധികൃതര്‍ വേണ്ട രീതിയില്‍ നടത്തും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.’

തിരിച്ചുപോകുമ്പോള്‍ അദ്ദേഹം ഞങ്ങളെ ഹൃദ്യമായി യാത്രയാക്കി. അപ്പോഴും ആ മുഖം അക്ഷോഭ്യമായിരുന്നു. എന്നാല്‍ വിശ്വാസസ്ഥൈര്യത്താല്‍ ഉജ്ജ്വലവുമായിരുന്നു.

കൊല്‍ക്കത്തയില്‍നിന്ന്
സുഹൈര്‍ നൂറാനി

You must be logged in to post a comment Login