അസീര്‍ മേഖലയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കുന്നത് കെട്ടിടങ്ങള്‍ തന്നെയാണ്. ചെറുതും വലുതുമായ വീടുകള്‍ വാസ്തുശില്‍പംകൊണ്ടും അലങ്കാരങ്ങള്‍കൊണ്ടും സമൃദ്ധമാണ്. അറേബ്യയില്‍ മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള വാസ്തുശില്പ രീതികളാണ് അസീര്‍ മേഖലയിലുള്ളത്. ഇവിടുത്തെ ഗോത്ര വര്‍ഗങ്ങള്‍ പൗരാണിക കാലം തൊട്ടേ ജീവിതപരിസരങ്ങളെ സൗന്ദര്യാത്മകമാക്കി.
അസീറിലെ നിര്‍മിതികളെക്കുറിച്ച് പറയുമ്പോള്‍ അവിടുത്തെ സവിശേഷമായ കാലാവസ്ഥ എവ്വിധമാണ് വാസ്തുശില്പത്തെ സ്വാധീനിച്ചത് എന്നുകൂടി പഠിക്കണം. കഠിനമായ മഞ്ഞുകാലവും വര്‍ഷപാതവും അസീര്‍മേഖലയുടെ സവിശേഷതയാണ്. മഴക്കാലത്ത് വാദി ബിഷയില്‍ നദി രൂപപ്പെടും. മഴക്കാലം കഴിഞ്ഞാല്‍ അവ വറ്റിപ്പോവും. ഖമീസ്, റബാന് അഹദ് റഫിദ, ബുത്ത തുടങ്ങിയ പ്രദേശത്തുകാര്‍ ജലത്തിന് ആശ്രയിക്കുന്നത് ഇത്തരം അരുവികളെയാണ്. ഈ ജലസ്രോതസുകള്‍ തന്നെയാണ് ഇവിടുത്തെ ജനജീവിതത്തെയും സംസ്കാരത്തെയും നിയന്ത്രിച്ചത്.
അസീര്‍ മേഖലയിലേക്ക് നൊമാഡുകള്‍ വന്നിരുന്നു. അവര്‍ കച്ചവടക്കാരായിരുന്നു. പര്‍വത പ്രദേശത്തെ നിവാസികള്‍ക്ക് ഉല്പന്നങ്ങള് വില്ക്കാന് വന്നവരായിരുന്നു അവര്‍. സംസ്കാരങ്ങളുടെ വിനിമയങ്ങള്‍ക്ക് ഈ നൊമാഡുകള്‍ ഒരു കാരണമായി. നൊമാഡുകള്‍ അല്ലാത്ത കച്ചവടക്കാരും ഇവിടെ വന്നിരുന്നു. വില്ക്കാന് മാത്രം വന്നവരല്ല അവര്‍. അസീര്‍ മേഖലയിലെ ഉല്പന്നങ്ങള് അവര്‍ വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. നൊമാഡുകള്‍ ജിപ്സികളാണ്. സാംസ്കാരിക വിനിമയങ്ങളുടെ അംബാസിഡര്‍മാര്‍ ആണവര്. ജിപ്സികളുടെ വസ്ത്ര നിര്‍മാണം, ആഭരണം, ആഹാരരീതികള്‍, കരകൗശല വസ്തുക്കള്‍ ഇഴയിലൊക്കെ ലോകമെമ്പാടും സമാനതകള്‍ ദര്‍ശിക്കാം. യമനില്നിന്നൊക്കെ വന്ന നൊമാഡുകളുടെ ജീവിതത്തില്‍നിന്ന് അസീറിലെ ഗോത്ര വിഭാഗങ്ങളും ഒത്തിരി അറിവുകള്‍ സ്വീകരിച്ചിട്ടുണ്ട്. വസ്ത്രം, ആഭരണം, ഗൃഹാലങ്കാരം, കൈത്തുന്നല്‍ എന്നീ മേഖലകളിലൊക്കെ ഈ ജിപ്സി സ്വാധീനം പ്രകടമാണ്. അസീറിലെ ഗോത്രവര്‍ഗക്കാര്‍ മൊത്തത്തില്‍ വാസ്തുശില്പികള് ഇല്ലാത്ത വാസ്തുശില്പങ്ങള് എന്നാണ് അസീറിലെ പുരാതന വീടുകളെ വിശേഷിപ്പിക്കുന്നത്.
കല്ലും മണ്ണുമാണ് വീടുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. അസിര്‍ മേഖലയിലെ കല്ലിന് ചില സവിശേഷതകളുണ്ട്. അടരുകളായി മുറിച്ചെടുക്കാന്‍ സാധിക്കും. ശിലായുഗ കാലം തൊട്ടേ പാറ ഈ വിധം അടര്‍ത്തിയെടുക്കാനുള്ള സാങ്കേതികവിദ്യ മനുഷ്യന് വികസിപ്പിച്ചിട്ടുണ്ട്. അടുക്കുകളായിക്കിടക്കുന്ന പാറക്കൂട്ടങ്ങള്‍ കണ്ടെത്തും. അതിന് മേല്‍ തീയിടും. കുറേനേരം കത്തിക്കഴിഞ്ഞാല്‍ അതണയുന്നതിനുമുമ്പ് വെള്ളമൊഴിക്കും. അപ്പോള്‍ പാറ അടര്‍ന്നുപോരും. ഇതേ സാങ്കേതിക വിദ്യ തന്നെയായിരിക്കണം പൗരാണിക കല്ലുവീടുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുക.
പാറകള്‍കൊണ്ട് നിര്‍മിച്ച അസീറിലെ വാസ്തുശില്പ മന്ദിരങ്ങള്‍ അസാധാരണം തന്നെയാണ്. വാതിലുകളിലും ജനലുകളിലും ചിത്രമോ ശില്പമോ ഉണ്ടാവും. പണ്ടുകാലത്ത് വീടുകള്‍ എത്ര വലുതായാലും ജാലകങ്ങള്‍ ചെറുതായിരിക്കും. അത് പര്‍വതത്തിലെ കൊടുംതണുപ്പിനെ ചെറുക്കാന്‍ വേണ്ടിയാണ്. ഭിത്തികള്‍ക്ക് നല്ല കനമുണ്ടായിരിക്കും.
മറ്റൊരുവിഭാഗം വീടുകള്‍ മണ്ണുകൊണ്ട് നിര്‍മിച്ചവയാണ്. അവയുടെയും ഭിത്തികള്‍ ചായം തേച്ച് ഭംഗിവരുത്തിയിരിക്കും. പൗരാണിക മന്ദിരങ്ങളോട് ചേര്‍ന്നുള്ള ഗോപുരങ്ങള്‍ അസീറിന്റെ സവിശേഷതയാണ്. നീലാകാശത്തിന്റെ പശ്ചാതലത്തില്‍ ഉര്‍ന്നുനില്‍ക്കുന്ന ഏകാന്തഗോപുരങ്ങള്‍. ഗോപുരങ്ങളും സ്തൂപങ്ങളും അസീറിലെ വാസ്തുശില്പത്തിന്റെ സവിശേഷതയാണ്. ആധുനിക രീതിയില്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുമ്പോഴും പാതകള്‍ വഴിപിരിയുന്നിടത്ത് ഇത്തരം സ്തൂപങ്ങള്‍ നിര്മിച്ചിരിക്കുന്നതുകാണാം. അതില്‍ തനിമയുറ്റ ജ്യാമിതീയ രൂപങ്ങളുടെ ചിത്രപ്പണികള്‍ കാണാം. ഇത്തരം സ്തൂപങ്ങളുടെ മിനിയേച്ചറുകള്‍ അസീറിലെ ചിത്രകാരന്മാരും കരകൗശല വിദഗ്ധരും നിര്‍മിക്കും. കല്ലിലും മരത്തിലും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും ഒക്കെ നിര്‍മിക്കുന്ന ഇത്തരം മിനിയേച്ചര്‍ സ്തൂപങ്ങള്‍ സോവനീറുകളായി ആളുകള്‍ കൊണ്ടുപോകും. സമ്മാനം നല്‍കാനും അത് ഉപയോഗിക്കും.
അസീര്‍ മേഖലയിലെ കെട്ടിടങ്ങളുടെ സവിശേഷമായ സണ്‍ഷേഡുകള്‍ ഞാന്‍ ശ്രദ്ധിച്ചു. നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളാണിവ. പൊതുവെ മരുഭൂമിയിലെ കെട്ടിടങ്ങള്‍ക്ക് സണ്‍ഷേഡുകള്‍ അങ്ങനെ കാണുക പതിവില്ല. മഴ അപൂര്‍വമാണല്ലോ മരുഭൂ പ്രദേശങ്ങളില്‍. അതിനാല്‍ വര്‍ഷത്തെ കൂടി പരിഗണിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മിതിയെക്കുറിച്ച് അവര്‍ക്ക് ആലോചിക്കേണ്ടതില്ല. എന്നാല്‍ അസീറിലെ പര്‍വത പ്രദേശങ്ങളില്‍ അങ്ങനെയല്ല. സീസണില്‍ കനത്ത മഴ ലഭിക്കും. അതിനാല്‍ ഭീത്തിയെ മഴയില്‍നിന്ന് സംരക്ഷിക്കണം. ഇപ്പോള്‍ കോണ്‍ക്രീറ്റുകൊണ്ട് ഇത്തരം സണ്‍ഷേഡുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും പണ്ടുകാലത്ത് കല്ലുകൊണ്ടുള്ള അടരുകള്‍ കൊണ്ടാണ് നിര്‍മിച്ചിരുന്നത്. കെട്ടിടങ്ങളെ പൂര്‍ണമായി വലയം ചെയ്തുകൊണ്ട് തട്ടുതട്ടായി നിര്‍മിക്കുന്ന സണ്‍ഷേഡുകള്‍ പൂവിതള്‍ പോലെയാണ്. ഭിത്തികളെ മഴയില്‍നിന്ന് സംരക്ഷിക്കുക മാത്രമല്ല, അസാധാരണ സൗന്ദര്യം ഭിത്തികള്‍ക്ക് സമ്മാനിക്കുകയും ചെയ്യും.
ഒരു കലാഗ്രാമത്തില്‍ ഞങ്ങള്‍ പോയിരുന്നു. ഒരേ സമയം ആധുനികതയും പാരമ്പര്യവും സമന്വയിച്ച കലാഗ്രാമം. സഊദി അറേബ്യയെക്കുറിച്ചുള്ള എല്ലാ മുന്‍വിധികളും തകര്‍ത്തു തരിപ്പണമാക്കും ഈ കലാഗ്രാമം. ആധുനിക ചിത്രകാരന്മാരുടെ ഒരു കമ്യൂണ്‍ ഇവിടെയുണ്ട്. ചിത്രകാരന്മാരുടെ സ്റ്റുഡിയോകളാണ് ഈ കലാഗ്രാമത്തിലുള്ളത്. ഭിത്തികള്‍ മുഴുവന്‍ പരമ്പരാഗത അസീര്‍ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ജ്യാമിതീയമായ പാറ്റേണുകള്‍ മാത്രമല്ല. മനുഷ്യ/ മൃഗ/ പക്ഷിരൂപങ്ങളും ധാരാളമായി കാണാം. അസീറിലെ പുരാതന ഗ്രാമജീവിതത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
പാരമ്പര്യ രീതിയില്‍ ചിത്രമെഴുതുന്നവര്‍ മാത്രമല്ല, ആധുനിക ചിത്രകാരന്മാരും ഈ ഗ്രാമത്തിലുണ്ട്. ഞങ്ങള്‍ പരിചയപ്പെട്ട ഒരു ചിത്രകാരന് ഒക്കാദ് സൂക്കില്‍ നടക്കുന്ന ഫെസ്റ്റിവലിനെ ലക്ഷ്യംവെച്ചുകൊണ്ട് ചിത്രം വരക്കുകയായിരുന്നു. അവിടേക്ക് അയക്കാനായി തയാറാക്കുന്ന ചിത്രം അദ്ദേഹം കാണിച്ചു. അവിടേക്ക് ഒരു ചിത്രം തിരഞ്ഞെടുക്കപ്പെടുകയെന്നത് ഒരു കലാകാരന് കിട്ടുന്ന വലിയ അംഗീകാരമായി ഓരോ ചിത്രകാരനും കാണുന്നു.
എല്ലാ തരത്തിലുമുള്ള മാധ്യമങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു. ചിത്രഭാഷയിലും മാധ്യമത്തിലും അസാധാരണ കയ്യടക്കം കാണിക്കുന്ന ചിത്രകാരന്മാരാണ് ഇവിടെയുള്ളത്.
അസിറിലെ സവിശേഷമായ ചിത്രമെഴുത്തുപാരമ്പര്യം കണ്ണിപൊട്ടാതെ നില്ക്കുന്നതുകൊണ്ടാവാം ധാരാളം ആധുനിക ചിത്രകാരന്മാരും ഈ മേഖലയിലുള്ളത്. അവര്‍ ആധുനിക ചിത്രഭാഷയുടെ സാധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ പാരമ്പര്യത്തെ കൈവിടുന്നില്ല. അസീറിലെ നാടോടി ചിത്രകലയുടെ സൗന്ദര്യ ക്രമങ്ങളെ ആധുനിക ചിത്രഭാഷയോട് ചേര്‍ത്തുവെക്കാനും അവര്‍ ശ്രദ്ധിക്കുന്നു.
അഹമ്മദ് മത്തര്‍, അബ്ദുല്ല താബിത്ത്, യഹ്യ അല്‍ബിഷ്രി അര്‍വ അല്‍ നെമി… ഇങ്ങനെ എത്രയോ ആധുനിക ചിത്രകാരന്മാര് അസിറിന്റെ ചിത്രകലാ പാരമ്പര്യം ലോകമെമ്പാടും എത്തിക്കാന്‍ ശ്രമിക്കുന്നു. ചിത്രകാരന്മാരുടെ സംഘങ്ങള്‍ ഉണ്ടാക്കുന്നു. മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ അഹ്മദ് മത്തര്‍ അബഹയിലെ അല്മെഫ്ത്തഹ ആര്‍ട് വില്ലേജ് രൂപകല്പന ചെയ്തവരില്‍ ഒരാളാണ്.
പി സുരേന്ദ്രന്
You must be logged in to post a comment Login