എന്തുകൊണ്ടാണ് എയര്‍ഇന്ത്യക്കെതിരെ നാടുണരാത്തത്? ആരാണ് ഇരയുടെ സമരബോധത്തെ തണുപ്പിക്കുന്നത്? അല്ലെങ്കില്‍ ആരാണ് നമ്മുടെ ജനപ്രതിനിധികളെ നാക്കനക്കാന്‍ ധൈര്യമില്ലാത്ത വിധം പിറകോട്ടടിപ്പിക്കുന്നത്? ചെറുവിരലനക്കിയ
യാത്രക്കാരെ ‘റാഞ്ചിയ’ എയര്‍ ഇന്ത്യക്കെതിരെ ഒരു വിചാരണ.
കാസിം ഇരിക്കൂര്‍
മംഗലാപുരം വിമാനദുരന്തം കഴിഞ്ഞ് ഒരു മാസമായിക്കാണും, വിമാനയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പ്രവാസികള്‍ പരസ്പരം കൈമാറിക്കൊണ്ടിരിക്കുന്ന കാലം. റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി കോഴിക്കോട്ടേക്കുള്ള രാവിലത്തെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ക്കെ കുടുംബങ്ങളടക്കം ഒഴുകുന്നുണ്ടായിരുന്നു. സമയമായിട്ടും എയര്‍ഇന്ത്യ കൌണ്ടര്‍ തുറന്നു കാണാത്തതില്‍ യാത്രക്കാര്‍ പരിഭവം പങ്കുവെക്കാന്‍ തുടങ്ങി. ഈ ലേഖകനടക്കമുള്ള ഏതാനും പേര്‍ എയര്‍ഇന്ത്യ ഓഫീസില്‍ ചെന്ന് കോഴിക്കോട് ഷെഡ്യൂളിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തൃപ്തികരമായ മറുപടിയല്ല കിട്ടിയത്: ‘വിമാനം ഇതുവരെ എത്തിയിട്ടില്ല; എപ്പോള്‍ എത്തുമെന്ന് പറയാന്‍ സാധ്യമല്ല. എത്തുമെന്ന് ഉറപ്പായാലേ കൌണ്ടര്‍ തുറക്കൂ.’
തീര്‍ത്തും നിരുത്തരവാദപരമായ മറുപടിയാണിതെന്ന് ഞങ്ങളില്‍പെട്ട ഒരാള്‍ അല്‍പം രോഷത്തോടെ പറഞ്ഞപ്പോള്‍ ഹിന്ദിയും ഇംഗ്ളീഷും മാറി മാറി സംസാരിക്കുന്ന ആ ഉദ്യോഗസ്ഥന്റെ മട്ട് മാറി. ‘അതിരാവിലെ തന്നെ നിങ്ങളെയാ കണികണ്ടത്. ഈ കോഴിക്കോട് സെക്ടര്‍ ഞങ്ങള്‍ക്ക് എന്നും തലവേദനയാ. ‘മാനേര്‍സ്’ അറിയാത്തവരാണ് ആ ഭാഗത്തേക്കുള്ള യാത്രക്കാര്‍.’ – അയാള്‍ പുച്ഛസ്വരത്തില്‍ വാചകമടി തുടര്‍ന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ ശബ്ദമുയര്‍ത്തി: ‘യു ഷട്ടപ്പ്’. നിരാശയോടെ എല്ലാവരും ആ മുറിയില്‍ നിന്ന് പുറത്തു കടന്നു. രാവിലെ ആറുമണിക്ക് തുറക്കേണ്ട കൌണ്ടര്‍ തുറന്നത് ഒമ്പതിന്. 11ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വന്നിറങ്ങിയത് തന്നെ പന്ത്രണ്ടിന്. ഒരു മണിക്ക് പുറപ്പെടുമെന്ന് അറിയിപ്പ് വന്നു. എല്ലാറ്റിനുമൊടുവില്‍ 1.30ന് വിമാനത്തിന്റെ വാതില്‍ ഞങ്ങള്‍ക്കായി തുറന്നപ്പോള്‍ നാനൂറ്റി അമ്പതോളം യാത്രക്കാരുടെ മുഖത്ത് വിരിഞ്ഞ ആശ്വാസവും പിരിമുറുക്കം അയഞ്ഞയഞ്ഞില്ലാതാവുന്ന ഭാവഹാദികളും വല്ലത്തൊരു കാഴ്ചയായിരുന്നു. അപ്പോഴും ഉള്ളുലച്ചത് വിമാനത്തില്‍ കയറാന്‍ നേരത്ത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വീട്ടിലേക്ക് മൊബൈലില്‍ വിളിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയ സന്ദേശങ്ങളില്‍ നിറഞ്ഞു നിന്ന ആശങ്കയുടെ എരിവും വേദനയുടെ നനവും ഭീതിയുടെ വിറയാര്‍ന്ന സ്വരവുമാണ്. കാലാകാലമായി, ഓരോ യാത്രയിലും അനുഭവിച്ചു തീര്‍ക്കുന്ന മാനസിക പീഡനങ്ങളുടെ ആഴം തൊട്ടറിയിക്കുന്നതായിരുന്നു ഓരോരുത്തരുടെയും വാക്കുകള്‍. ആകാശയാത്ര ലക്ഷ്യസ്ഥാനം കാണുമോ എന്ന കടുത്ത ഉത്കണ്ഠ മറയില്ലാതെ പ്രകടിപ്പിക്കുന്നു. ‘ഞങ്ങള്‍ വിമാനം കയറാന്‍ പോകുന്നുണ്ട്, വിമാനത്താവളത്തില്‍ നേരില്‍കാണാം. ബുദ്ധിമുട്ടൊന്നുമില്ലാതെ അവിടെ എത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണേ’ എന്നിങ്ങനെ വിഹ്വലതകള്‍ കൈമാറുകയാണ്. പ്രവാസിയെ സംബന്ധിച്ചിടത്തോളം ജീവിതവും സ്വപ്നവും തമ്മില്‍ ബന്ധിപ്പിക്കുന്ന നൂല്‍പാലമാണ് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ വഴിയുള്ള ആകാശയാത്ര. പ്രവാസം തുടങ്ങിയ അന്നു തൊട്ട് ഗള്‍ഫുകാരന്റെ പേടിസ്വപ്നമാണ് എയര്‍ഇന്ത്യ. നിരാര്‍ദ്രമായ കണ്ണോടെ മാത്രമേ ദേശീയ വിമാനക്കമ്പനി ജീവസന്ധാരണത്തിന് ഇറങ്ങിത്തിരിച്ച ലക്ഷക്കണക്കിന് പാവങ്ങളെ നോക്കിയിട്ടുള്ളൂ. ഗള്‍ഫ്പ്രവാസം അരനൂറ്റാണ്ട് പിന്നിടുമ്പോഴും യാത്രാ പ്രശ്നം രൂക്ഷമായതല്ലാതെ, പരിഹരിക്കപ്പെട്ട ലക്ഷണം പോലും ചക്രവാളത്തില്‍ കാണാനില്ല. വിഷയം നിരന്തരം ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും അധികാരിവര്‍ഗത്തിന്റെ ബധിരകര്‍ണ്ണങ്ങളില്‍ രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും ഇടിനാദം മുഴക്കുകയും വേണമെന്ന താക്കീതാണ് അത് നല്‍കുന്നത്. അത്തരം താക്കീതുകളുടെ പ്രത്യാഘാതം എന്തായിരിക്കുമെന്നും നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു.
എയര്‍ഇന്ത്യ എന്ന നമ്മുടെ ദേശീയ വിമാനക്കമ്പനി മറ്റു പല ദേശീയ സ്ഥാപനങ്ങളെയും പോലെ ഏതാനും ഉത്തരേന്ത്യന്‍ കങ്കാണിമാരുടെ പിടിയിലമര്‍ന്ന് ഒരിക്കലും നേരെയാക്കാന്‍ പറ്റാത്തവിധം നശിച്ചിരിക്കയാണ്. മുംബൈ ലോബിയാണ് വിമാനക്കമ്പനിയെ നിയന്ത്രിക്കുന്നത്. എയര്‍ഇന്ത്യ ഉദ്യോഗസ്ഥരുടെയും പൈലറ്റുമാരുടെയും ഒരു കണക്കെടുത്ത് പരിശോധിച്ചാല്‍ മഹാരാഷ്ട്ര സവര്‍ണ ലോബിയുടെ പിടിയിലാണ് ഈ സ്ഥാപനമെന്ന് കാണാം. അവരെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് സെക്ടര്‍ കറവപ്പശു എന്നതിലപ്പുറം, രണ്ടാംകിട മേഖലയാണ്. തൊഴിലാളികളും വിദ്യാവിഹീനരും നിരക്ഷരരും ന്യൂനപക്ഷങ്ങളും കൂടുതലായുള്ള ഒരു മേഖല എന്ന നിലക്ക് മറ്റൊരു സെക്ടറിനോടും കാണിക്കാത്ത വിവേചനവും അവഗണനയും ഇവരോട് എയര്‍ഇന്ത്യക്കുണ്ട്. മലയാളിയായ വയലാര്‍രവി കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളിലൊരാളാണെങ്കിലും വ്യോമയാനമന്ത്രിയായി ഏതാനും മാസങ്ങള്‍ സേവനത്തിലിരുന്നിട്ടും ഒരുചുക്കും ചെയ്യാന്‍ സാധിച്ചില്ല. ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരനായി ആധികാരിക വക്താക്കള്‍ തന്നെ മുദ്രചാര്‍ത്തിയ ലുലു ചെയര്‍മാന്‍ എം എ യൂസുഫലി എയര്‍ഇന്ത്യ ഡയറക്ടര്‍മാരില്‍ ഒരാളായി മാസങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് മനസ്സിലാക്കി ‘ധൈര്യ സമേതം’ പിന്‍വാങ്ങുകയാണുണ്ടായത്. അദ്ദേഹമത് സത്യസന്ധമായി തുറന്നു പറയാന്‍ ആര്‍ജവം കാണിച്ചു.
ഗള്‍ഫ്പ്രവാസത്തിന്റെ പ്രാരംഭഘട്ടത്തില്‍ മുംബൈ വഴിയുള്ള യാത്രയേക്കാള്‍ കേരളീയര്‍ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിച്ചത് വിമാനയാത്രയിലെ ചൂഷണവും കസ്റംസിലെ പിഴിച്ചിലുമായിരുന്നു. കരിപ്പൂര്‍, നെടുമ്പാശ്ശേരി, മംഗലാപുരം തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്ന് രാഷ്ട്രാന്തരീയ സര്‍വീസ് തുടങ്ങിയതോടെ യാത്രാ പ്രശ്നങ്ങള്‍ക്ക് അറുതിയാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഗള്‍ഫ് മേഖലയിലെ തന്നെ ഗള്‍ഫ് എയര്‍, എമിറേറ്റ്സ്, സഊദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ്, കുവൈത്ത് എയര്‍വേസ് തുടങ്ങിയ നിരവധി ദേശീയ സ്വകാര്യവിമാനക്കമ്പനികള്‍ നമ്മുടെ വിമാനത്താവളങ്ങളെ ഗള്‍ഫ് നഗരങ്ങളുമായി സേതു ബന്ധനം തീര്‍ത്തപ്പോള്‍ ചെലവ് ചുരുങ്ങിയ, സുഖകരമായ യാത്ര എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് എന്ന് പലരും കിനാവ് കണ്ടു. മറ്റു പല വിമാനക്കമ്പനികളും ദേശാതിര്‍ത്തികള്‍ ഭേദിച്ച് മലയാളികളെയും കൊണ്ട് പറക്കാന്‍ തുടങ്ങിയിട്ടും വ്യോമയാന മേഖലയുടെ കുത്തക എയര്‍ഇന്ത്യക്ക് തന്നെയായിരുന്നു. വന്‍ നഷ്ടത്തിലോടുന്ന ഈ വിമാനക്കമ്പനിയെ ഒരു വിധം പിടിച്ചു നിര്‍ത്തുന്നതും ജീവനക്കാര്‍ക്ക് താമസിച്ചാണെങ്കിലും ശമ്പളം നല്‍കാന്‍ വകയൊരുക്കുന്നതും പ്രവാസികള്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കുന്ന കാശ് ഒരു ദാക്ഷിണ്യവുമില്ലാതെ വസൂലാക്കിയാണ്.
എയര്‍ഇന്ത്യ പ്രവാസികളോട് കാട്ടുന്ന ക്രൂരതയുടെ നടുക്കുന്ന വിവരണങ്ങള്‍ ഓരോ ദിവസവും നാം കേള്‍ക്കുകയാണെങ്കിലും എന്തുകൊണ്ട് അവയ്ക്ക് ഒരന്ത്യം ഉണ്ടാവുന്നില്ല എന്ന ചോദ്യത്തിന് മറുപടിയില്ല. ഏറ്റവുമൊടുവിലായി തിരുവനന്തപുരത്ത് നടന്ന റാഞ്ചല്‍ നാടകത്തിന്റെ അകപ്പൊരുള്‍ കണ്ടെത്താന്‍ പോലും രാഷ്ട്രീയ- ഭരണവര്‍ഗം ആത്മാര്‍ത്ഥത കാണിച്ചില്ല. നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട അബൂദാബി വിമാനം, കാലാവസ്ഥ മോശമായതു കൊണ്ട് തിരുവനന്തപുരത്ത് ഇറക്കിയത് കൊണ്ടാണ് ജനം ഇളകിവശായതെന്നും പ്രതിഷേധവും സംഘര്‍ഷവും ഉടലെടുത്തതെന്നും കരുതാന്‍ നിവൃത്തിയില്ല. മോശം കാലാവസ്ഥയില്‍ വിമാനങ്ങള്‍ നിശ്ചിത താവളം വിട്ട് ലാന്‍ഡ് ചെയ്യുക സാധാരണമാണ്. തിരുവനന്തപുരത്ത് സംഭവിച്ചത് ആ വനിതാ പൈലറ്റിന്റെ ധാര്‍ഷ്ട്യമാണ്. യാത്രക്കാരെ സംഗതി ബോധ്യപ്പെടുത്തുന്നതിനു പകരം തന്റെ ഡ്യൂട്ടിസമയം കഴിഞ്ഞു എന്ന ധിക്കാരത്തില്‍ ഒന്നും പറയാതെ ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ആ ഘട്ടത്തിലാണ് ക്ഷുഭിതരും നിരാശരുമായ യാത്രക്കാര്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയതും പൈലറ്റിനെ തടയാന്‍ ശ്രമിച്ചതും. എന്നാല്‍, വിമാനം റാഞ്ചാന്‍ പോകുന്നു എന്ന പച്ചക്കള്ളം സന്ദേശമായി നല്‍കി അത്യപൂര്‍വവും ക്രൂരവുമായ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു അവര്‍. സത്യം ഇതാണെന്നിരിക്കെ ബന്ധപ്പെട്ട മന്ത്രിയും പോലീസും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട യാത്രക്കാരെ പ്രതിക്കൂട്ടില്‍ കയറ്റി നന്ദികേടിന്റെ സീമകള്‍ ലംഘിക്കുകയായിരുന്നു.
പൈലറ്റുമാര്‍ എന്ന ഗ്ളോറിഫൈഡ് ഡ്രൈവര്‍മാരുടെ അഹന്തയും ധിക്കാരവും ഇതിനു മുമ്പും പലതവണ നാം കണ്ടതാണ്. മുന്‍ രാജ്യസഭാംഗവും ബിസിനസ് പ്രമുഖനും കൊച്ചു വിമാനത്തിന്റെ ഉടമയുമായ പി വി അബ്ദുല്‍ വഹാബ് താമസിച്ച് വിമാനത്തില്‍ കയറിയതിന്റെ പേരില്‍ ‘ടേക് ഓഫ്’ നടത്തില്ല എന്ന് ദുശ്ശാഠ്യം കാട്ടിയ പൈലറ്റ് ശിക്ഷിക്കപ്പെട്ടില്ല, എന്നു മാത്രമല്ല, വഹാബിനെ എയര്‍ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യമാണ് ഇവരുടെ സംഘടനകളില്‍ നിന്ന് ഉയര്‍ന്നു കേട്ടത്. പലപ്പോഴും വിമാന ഷെഡ്യൂള്‍ തകിടം മറിയാനും യാത്ര വൈകാനും കാരണമാകാറ്, ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് വഴിമദ്ധ്യേ സര്‍വീസ് അവസാനിപ്പിച്ച് നക്ഷത്രഹോട്ടലുകളിലേക്ക് വിമാന പൈലറ്റുമാര്‍ ഉള്‍വലിയുന്നതു കൊണ്ടാണ്. ഗര്‍ഭിണികളും ചോരക്കുഞ്ഞുങ്ങളും രോഗികളും വൃദ്ധരുമടങ്ങുന്ന യാത്രക്കാര്‍ അനുഭവിച്ചു തീര്‍ക്കുന്ന ദുരിതങ്ങളെക്കുറിച്ചോ യാത്രയിലുടനീളം ഇവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന്റെ ആഘാതങ്ങളെക്കുറിച്ചോ ഒരിക്കലും ബന്ധപ്പെട്ടവര്‍ ചിന്തിക്കാറില്ല.
ഗള്‍ഫ് പ്രവാസത്തിന്റെ ഇന്ത്യന്‍ മാനങ്ങള്‍ സൂക്ഷ്മ പഠനം നടത്തുമ്പോഴാണ് പിറന്ന നാടിനോടും പെറ്റമ്മയോടും ബന്ധുമിത്രാദികളോടും ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളില്‍ ഇവര്‍ കാണിക്കുന്ന അടുപ്പം എന്തുമാത്രം അംഗീകരിക്കപ്പെടേണ്ടതാണെന്ന് ബോധ്യപ്പെടുക. മരുക്കാട്ടില്‍ അരിഷ്ടിച്ച് ജീവിച്ചു സമ്പാദ്യത്തിന്റെ ഒരംശവുമായി രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോള്‍ നാട്ടിലേക്ക് തിരിക്കുന്ന സാധാരണക്കാരന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഒരു വിമാനക്കമ്പനിക്കും മനുഷ്യത്വരഹിതമായി പെരുമാറാന്‍ കഴിയുകയില്ല. യാത്രാ നിരക്കിലെ വന്‍ വര്‍ധന പ്രവാസിയെ അവന്റെ വേരില്‍ നിന്നും ജീവിത പങ്കാളിയില്‍ നിന്നും സന്താനങ്ങളില്‍ നിന്നും അകറ്റിയകറ്റി നിര്‍ത്തുകയാണ്. സൈകതഭൂവില്‍ ആയുസ്സും വപുസ്സും ബലികൊടുക്കാന്‍ വിധിക്കപ്പെട്ട ഗള്‍ഫുകാരില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും സാധാരണക്കാരാണ്. അവരെ സംബന്ധിച്ചിടത്തോളം പ്രവാസ ജീവിതം തന്നെ നരകയാതനാ പൂര്‍ണമാക്കുന്നത് ആകാശ യാത്രയാണ്. മൂന്നംഗ കുടുംബത്തിന് വര്‍ഷത്തിലൊരിക്കലെങ്കിലും നാട്ടില്‍ വന്ന് ബന്ധുക്കളോടൊപ്പം ചെലവഴിച്ച് എക്കോണമി ക്ളാസിലെങ്കിലും തിരിച്ചു പോകാന്‍ മൂന്നോ നാലോ മാസത്തെ ശമ്പളം മാറ്റിവെക്കേണ്ടി വരും. നാലും അഞ്ചും വര്‍ഷമായിട്ടും ഭാര്യയെയും കുട്ടികളെയും കാണാതെ, അടുക്കളയുടെ ചൂടിലും ബക്കാലയുടെ കുടുസ്സിലും മരുഭൂമിയുടെ വിജനതയിലും ജീവിതം കണ്ണീരില്‍ കുളിപ്പിച്ച് അനുഭവിച്ചു തീര്‍ക്കുന്ന എത്രയോ പേരെ ഈ ലേഖകന്‍ നേരില്‍ കണ്ടിട്ടുണ്ട്. മൂന്നു പെണ്‍മക്കളെ കെട്ടിച്ചുവിട്ടിട്ടും ഒരു തവണ പോലും നിക്കാഹിന് കൈനീട്ടാനോ കല്യാണത്തിന് കൂടാനോ ഭാഗ്യം കിട്ടാത്ത ഹതഭാഗ്യരെ എത്രയോ ജിദ്ദ ശറഫിയ്യയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പോയിവരാന്‍ 2000-3000 റിയാല്‍ ചെലവ് വരുമെന്ന ബോധ്യവും അത്രയും തുക വീട്ടിലേക്ക് അയച്ചു കൊടുത്താല്‍ കടബാധ്യതക്ക് കുറവുണ്ടാവുമല്ലോ എന്ന ചിന്തയുമാണ് ‘ബഹിഷ്കരണം’ എന്ന വലിയ ത്യാഗത്തിന് മാനസികമായി പ്രാപ്തമാക്കുന്നത്.
എയര്‍ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അനീതിക്കും മനുഷ്യത്വരാഹിത്യത്തിനും എതിരെ ഇതുവരെ ശക്തവും ഫലപ്രദവുമായ പ്രതിഷേധ, പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്നതാണ് പോയ രണ്ടുതലമുറക്ക് പിന്നാലെ, മൂന്നാം തലമുറയും യാതനകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപെടുന്നത്. പെണ്‍ പൈലറ്റ് ‘റാഞ്ചിയ’ വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ വിതുമ്പുന്ന ഒരു യുവാവിനെയും കൈയില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെയും തൊട്ടരികെ അവശനായ അയാളുടെ പിതാവിനെയും നാം കണ്ടു. രണ്ടു പതിറ്റാണ്ടിന് ശേഷം പിതാവിന്റെ വഴിയെ, ഗള്‍ഫിലെ മണല്‍കാട്ടിലേക്ക് ആനയിക്കപ്പെടുന്ന ആ പിഞ്ചുകുഞ്ഞിനെ പോലും കാത്തിരിക്കുന്നത് അശുഭകരമായ വിമാനയാത്രയാണെന്ന മുന്നറിയിപ്പ് പത്രങ്ങളുടെ മുഖപ്പേജില്‍ സ്ഥാനം പിടിച്ച വാചാലമായ ആ ചിത്രത്തിലുണ്ട്.
സേവനം ജീവനഗീതമാക്കിയ ഒരു ജനതയോട് ഒരു സര്‍ക്കാര്‍ സ്ഥാപനം കാട്ടുന്ന കൊടുംക്രൂരതക്ക് അറുതിവരുത്താന്‍ നമ്മുടെ രാഷ്ട്രീയ ഭരണ നേതൃത്വത്തിന് ഒരിക്കലും സാധ്യമല്ല എന്നു വരുന്നത് മഹാകഷ്ടം തന്നെ. പേരിന് എട്ട് മലയാളി കേന്ദ്രമന്ത്രിമാരുണ്ട് നമുക്ക്. ഇവര്‍ വിചാരിച്ചാല്‍ തീരാത്തതല്ല കേരളീയര്‍ നേരിടുന്ന ഇമ്മട്ടിലുള്ള പ്രശ്നങ്ങള്‍. ഒന്നാമതായി വിഷയത്തിന്റെ ഗൌരവം ഇക്കൂട്ടര്‍ക്ക് അറിയില്ല എന്നതാണ്. ഇടക്കിടെ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അവിടുത്തെ പാര്‍ട്ടി അനുഭാവികള്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പരമാവധി പിഴിഞ്ഞ് തിരിച്ചു പോകുന്നതല്ലാതെ ആ പാവങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനോ നാട്ടിലെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനോ മെനക്കെടാറില്ല. ഇവ്വിഷയകമായി പ്രവാസി മന്ത്രി വയലാര്‍ രവിയും വിദേശകാര്യ മന്ത്രി ഇ അഹമ്മദും കാണിക്കുന്ന അനാസ്ഥയും അലസതയും എല്ലാ പരിധിക്കുമപ്പുറമാണ്. ഇവരെ ബഹിഷ്കരിക്കാനും നാട്ടിലും മറുനാട്ടിലും രോഷാഗ്നിവളര്‍ത്താനും ഗള്‍ഫുകാര്‍ എന്ന് ആര്‍ജവം കാണിക്കുമോ അന്നേ ഇക്കൂട്ടര്‍ കണ്ണ് തുറക്കൂ. വിമാനയാത്രാ പ്രശ്നം പരിഹരിക്കാതെ ഇനി ഒരൊറ്റ രാഷ്ട്രീയ നേതാവിനും പ്രവാസി മുഖം കൊടുക്കരുത്. എയര്‍ഇന്ത്യയെ മര്യാദ പഠിപ്പിക്കാന്‍ പരമാവധി മറ്റു വിമാനക്കമ്പനികളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുക. പ്രത്യക്ഷമായ സമരമുറകളിലൂടെയല്ലാതെ ഈ ആകാശമാഫിയയെ നിലക്കുനിര്‍ത്താന്‍ കഴിയില്ലെന്ന് എന്ന് മനസ്സിലാക്കുന്നോ അന്നേ ഗള്‍ഫുകാരന്റെ കണ്ണീരിന് ശമനമുണ്ടാവൂ.
ഈ ലക്കത്തിലെ ഈ കുറിപ്പ് വളരെ ഉഷാര്‍ ആയിട്ടുണ്ട് .എയര്‍ ഇന്ത്യ യുടെ യദാര്‍ത്ഥ മുഖം വരച്ചു കാണിച്ചു തന്ന കാസിം ഇരിക്കൂര്‍ നു അഭിനന്ദനങ്ങള്‍ ….