ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്ന് അത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായിരിക്കുമെന്നതാണ്. ജനവിരുദ്ധമായ ഏത് അധികാര കേന്ദ്രീകരണവും സ്ത്രീകളുടെ മാനത്തിന് മേല്‍ അവകാശം സ്ഥാപിക്കുന്നു. പഴയ രാജാക്കന്മാര് അധികാരം കൊയ്യുമ്പോള്‍ അന്തഃപുരങ്ങളിലെ സ്ത്രീകളെ കൂടി തങ്ങളുടെ ഭോഗാസക്തിയിലേക്ക് അണിചേര്‍ത്തിരുന്നു. എം ടിയുടെ രണ്ടാമൂഴത്തില്‍ ഭീമനോട് ദുര്യോധനന് പറയുന്നുണ്ട്: ‘ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്’ ഇതു പറയുന്ന ദുര്യോധനനും കേള്‍ക്കുന്ന ഭീമനും കുമാരന്മാരാണ്. ജുവനൈല്‍. അവര്‍ രാജകുമാരന്മാരാണ്. ക്ഷത്രിയരാണ്. അവര്‍ക്ക് എത്രയും വേഗം പ്രാപിച്ച് ആഘോഷിക്കാനുള്ളതാണ് പെണ്ണ്. ഫ്യൂഡല്‍ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്കാരം മണ്ണിനൊപ്പം പെണ്ണിലും അധീശത്വം പ്രഖ്യാപിക്കുകയായിരുന്നുവല്ലോ. രാജശാസനകളെയും ഫ്യൂഡല്‍ അധികാര ഘടനയെയും അധികാര പ്രമത്തതയെയും പിന്തള്ളി മനുഷ്യന് എത്തിച്ചേര്‍ന്ന ഉത്കൃഷ്ടമായ ഇടമാണ് ജനാധിപത്യമെന്ന് വിശ്വസിക്കപ്പെടുന്നു. ആ വിശ്വാസം കൂടുതല്‍ ഉത്കൃഷ്ടമായ ഒരു സംവിധാനത്തിലേക്ക് വളരാനുള്ള മനുഷ്യന്റെ അഭിവാഞ്ജയെ ദുര്‍ബലമാക്കുകയും എല്ലാം ശരിയാക്കാന്‍ ജനാധിപത്യത്തിന് സാധിക്കുമെന്ന വ്യാജസമാശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റെല്ലാത്തിനെയും പോലെ ജനാധിപത്യസംവിധാനം സ്ത്രീകളോടുള്ള സമീപനത്തില്‍ ഫ്യൂഡല്‍, സ്വേച്ഛാധിപത്യ വാഴ്ചയോടാണ് ചാര്ച്ചയാവുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോഎടുത്തുവെച്ച വാര്‍ത്തയിലും ഇതാണുള്ളത്.
യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായിരിക്കുന്നത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടല്ല. ഗൊരഖ്പൂരില്‍ നിന്നുള്ള എം പിയായിരുന്നു അദ്ദേഹം. എം എല്‍ സിയെന്ന പിന്‍വാതില്‍ വഴിയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലേക്ക് പറന്നിറങ്ങിയത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് ഗൊരഖ്പൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി തോറ്റമ്പുകയും ചെയ്തു. യോഗിയുടെ അധികാരലബ്ധി തന്നെ ജനാധിപത്യവിരുദ്ധമാണെന്ന് ചുരുക്കം. ‘മുസ്ലിംകള് മരിച്ചാല്‍ ദഹിപ്പിക്കണം. കുഴിച്ചിടാന്‍ മണ്ണില്‍ ഇടമുണ്ടാകില്ല. പെറ്റുപെരുകുകയല്ലേ അവരെ’ന്ന് ചോദിച്ചയാളാണ് യോഗി. കലാപത്തില്‍ മുസ്ലിം സ്ത്രീകള്‍ കൊല്ലപ്പെട്ടാല്‍ ശരീരം ഉപേക്ഷിക്കും മുമ്പ് ബലാത്സംഗം ചെയ്യണമെന്നും യോഗി പറഞ്ഞിട്ടുണ്ട്. നാക്ക് കൊണ്ട് കലാപം സൃഷ്ടിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ബി ജെ പി നേതൃത്വം കണക്കിലെടുത്തത്. ഗുജറാത്ത് വംശഹത്യയില്‍ നിന്ന് പ്രധാനമന്ത്രിപദത്തിലേക്ക് പറക്കാന്‍ ഇന്ധനം നേടിയ മോഡിക്ക് ചേര്‍ന്ന മുഖ്യമന്ത്രിയാണ് യോഗി. കലാപങ്ങളില്‍ ഇരുവര്‍ക്കും കുറ്റബോധമില്ല. ഹിന്ദുത്വത്തിന്റെ ഏറ്റവും സംഹാരാത്മകമായ ആവിഷ്കാരത്തിന് യോഗിയെക്കാള്‍ യോഗ്യനായ മറ്റൊരാള്‍ ഇന്ത്യയിലില്ല. അതുകൊണ്ടാണ് ചിലര്‍ പറഞ്ഞത്, മോഡിയുടെ പിന്‍ഗാമി യോഗിയാണെന്ന്.
യോഗി ഭരണസാരഥ്യമേറ്റ ശേഷം യു പിയില്‍ നടന്ന സംഭവവികാസങ്ങള്‍ ‘വര്ഗീയവത്കൃത ജനാധിപത്യ’ത്തിന്റെ ദൗര്‍ബല്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു. സര്‍വ ക്രിമിനലുകള്‍ക്കും വിഷം വെച്ചു. എല്ലാ നയങ്ങളിലും മതധ്രുവീകരണം കത്തിനിന്നു. ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീണപ്പോള്‍ അവര്‍ക്ക് ഇത്തിരി ജീവശ്വാസത്തിനായി ക്ലിനിക്കുകള്‍ തോറും ഓടി നടന്ന ഡോക്ടര്‍ മുസ്ലിം ആയിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ നിയമനടപടി നേരിടുന്ന നാടായി യു പി അധഃപതിച്ചു. അംബേദ്കര്‍ പ്രതിമക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഹജ്ജ് ഹൗസിനും വരെ കാവി നിറം പുരട്ടുന്ന തിരക്കില്‍ തികഞ്ഞ അരാജകത്വം നിലനില്‍ക്കുന്ന സംസ്ഥാനമായി യു പി മാറുകയായിരുന്നു. ഈ പതനത്തിന്റെ ഉപോത്പന്നമായി വേണം ഉന്നാവോയിലെ ബലാത്സംഗവും ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവും തുടര്‍ന്നുള്ള കോടതി ഇടപെടലും വിലയിരുത്താന്‍.
തലസ്ഥാനമായ ലക്നോയില്‍ നിന്ന് നിന്ന് അമ്പത് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉന്നാവോയില്‍ നിന്നുള്ള ശക്തനായ ബി ജെ പി. എം എല്‍ എയാണ് കുല്‍ദീപ് സെന്‍ഗര്‍. ഇയാള്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും ഇയാളുടെ സഹോദരനും സംഘ്പരിവാര്‍ സംഘടനകളുടെ നേതാവുമായ അതുല്‍ സിംഗ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ച് പത്ത് മാസത്തിലധികമാണ് ദരിദ്രയുവതി ഔദ്യോഗിക കേന്ദ്രങ്ങളില്‍ അലഞ്ഞത്. ഒരു മാധ്യമവും ആ അലച്ചില്‍ പൊതുജനമധ്യത്തില്‍ എത്തിച്ചില്ല. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതോടെയാണ് ഇരയുടെ നിലവിളിക്ക് മാധ്യമലോകം ശ്രദ്ധ കൊടുത്തത്. അങ്ങനെ വാര്‍ത്തകളുടെ കേന്ദ്രത്തിലേക്ക് എടുത്തെറിയപ്പെട്ട അവള് താന്‍ അനുഭവിച്ച അപമാനത്തിന്റെയും വേദനയുടെയും ചിത്രം ധീരമായി, കൃത്യമായി സമൂഹത്തിന് മുന്നില്‍ വെച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന് തിളക്കമുള്ള മുദ്രാവാക്യം മുഴക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോസ്റ്റാറ്റെന്ന് അപദാനം ചൊരിയപ്പെടുന്നയാള് ഭരണതലപ്പത്തിരിക്കുമ്പോള് നിയമം എങ്ങനെയാണ് അധികാരിയുടെ വഴിയില്‍ നിരതെറ്റാതെ സഞ്ചരിക്കുന്നതെന്ന് വ്യക്തമാകുന്നതും രാജ്യം കണ്ടു. ഉന്നാവോ ഇരയുടെ (സൂര്യനെല്ലി കുട്ടി, കവിയൂര്‍ കുട്ടി, പറവൂര്‍ കുട്ടിയെന്നൊക്കെ വിളിച്ച് ഈ ജന്മങ്ങളുടെ പേര് പോലും കവര്ന്നെടുക്കുന്നതാണല്ലോ ജനാധിപത്യ സമൂഹത്തിന്റെ മഹത്തായ കരുതല്‍) പിതാവിനെ ഏപ്രില്‍ മൂന്നിന് സെന്‍ഗറിന്റെ സഹോദരന് മര്‍ദിച്ച് മൃതപ്രായനാക്കി. ജ്യേഷ്ഠനെതിരെ സംസാരിച്ചാല്‍ കൊന്നു കളയുമെന്ന് ആക്രോശിച്ചു. പരസ്യമായ മര്‍ദനത്തിനൊടുവില്‍ പറഞ്ഞുറപ്പിച്ച പോലെ പോലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തു. ഐ പി സിയിലെ അഞ്ചോളം വകുപ്പുകള്‍ ചുമത്തി അയാളെ ജയിലിലേക്ക് അയക്കുന്ന വിരോധാഭാസമാണ് യോഗി സര്‍ക്കാറിന് കീഴില്‍ നടന്നത്. തന്റെ മകള്‍ അനുഭവിച്ചത് തികച്ചും നിയമപരമായി ചൂണ്ടിക്കാണിക്കുകയും നിയമത്തിന്റെ വഴിയില്‍ പരിഹാരം തേടുകയും മാത്രമാണ് ആ മനുഷ്യന് ചെയ്തത്. അവിടെ തീര്‍ന്നില്ല. പോലീസ് കസ്റ്റഡിയില്‍ ആ മനുഷ്യന് ക്രൂര മര്‍ദനത്തിനിരയായി, മരിച്ചു. എന്താണ് സംഭവിച്ചത്? ഭരണകൂടത്തിന്റെ ഭാഗമായ ഒരാളെ പരിരക്ഷിച്ച് നിര്‍ത്താന്‍ പോലീസ് സംവിധാനം അതിന്റെ ക്രൗര്യം മുഴുവന്‍ പുറത്തെടുത്തു. നിയമനിര്‍മാണ സഭക്കായി എക്സിക്യൂട്ടീവ് വേട്ടപ്പട്ടിയുടെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഇതാണ് സപറേഷന്‍ ഓഫ് പവര്‍ എന്നും ചെക്സ് ആന്‍ഡ് ബാലന്‍സ് ഓഫ് പവര്‍ എന്നും പറയുന്നത്!
പിതാവിന്റെ രക്തസാക്ഷിത്വം മാധ്യമങ്ങളെ ഉണര്‍ത്തിയെങ്കിലും സെന്‍ഗറിന്റെ നരേഷന് പ്രാധാന്യപൂര്‍വം അനുവാചകരിലെത്തിക്കാന്‍ അവര്‍ ബദ്ധശ്രദ്ധരായി. രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായ ഒരാളെ ആരെങ്കിലും ബലാത്സംഗം ചെയ്യുമോയെന്നാണ് സെന്‍ഗറിന്റെ സുഹൃത്തായ മറ്റൊരു ബി ജെ പി. എം എല്‍ എ സുരേന്ദ്ര സിംഗ് ചോദിച്ചത്. ക്രൂരമായ വ്യക്തിഹത്യയാണ് ഇരക്ക് നേരെ സെന്‍ഗറിന്റെ അനുയായി വൃന്ദം നടത്തിയത്. ഉന്നതര്‍ ഉള്‍പ്പെട്ട എല്ലാ ബലാത്സംഗ കേസുകളിലെയും പോലെ ഇവിടെയും ‘അവള് പണ്ടേ പെഴയാണെ’ന്ന വാചകം ആവര്‍ത്തിക്കപ്പെട്ടു. മുന്‍വൈരാഗ്യത്തിന്റെയും മാധ്യമ ശ്രദ്ധയുടെയും കഥകളും പ്രചരിപ്പിക്കപ്പെട്ടു.
പ്രതിയുടെ ഭാര്യ രംഗത്ത് വന്ന് ഭര്‍ത്താവിനായി സഹതാപ പ്രസംഗം നടത്തുകയെന്ന പതിവും അരങ്ങേറി. ഠാക്കൂര്‍ വിഭാഗക്കാരനായ സെന്‍ഗര്‍ ജാതീയമായ തന്റെ സര്‍വശക്തിയും ഈ വിഷയത്തില്‍ പുറത്തെടുത്തു. മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത നല്കിയപ്പോള് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യക്ഷപ്പെട്ട് തന്റെ മുകളിലെ പിടിപാട് പ്രദര്‍ശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ലക്നോയിലെത്തി പത്രസമ്മേളനവും നടത്തി അദ്ദേഹം. താന്‍ എവിടെയും പോയിട്ടില്ല, ഒന്നിനെയും ഭയക്കുന്നില്ല എന്ന് കാണിക്കാനായിരുന്നു ശ്രമം.
പല കോണില്‍ ശക്തമായ പ്രതിഷേധമുയരുകയും കേസ് ദേശീയ ശ്രദ്ധ കൈവരിക്കുകയും ചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതെ പോക്സോ നിയമപ്രകാരം എം എല്‍ എക്കെതിരെ പോലീസ് കേസെടുത്തു. പക്ഷേ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാട് സംസ്ഥാന പോലീസ് മേധാവി പരസ്യമായി കൈകൊണ്ടു. ബഹുമാന്യനായ ഒരാളെ വെറും എഫ് ഐ ആറിന്റെ പുറത്ത് എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് ഡി ജി പി. ഒ പി സിംഗ് ചോദിച്ചത്. ഈ ഘട്ടത്തില്‍ സ്വയം കൈകഴുകാനും അറസ്റ്റ് ഒഴിവാക്കാനും ഒരു തന്ത്രം കൂടി പോലീസ് പയറ്റി. കേസ് സി ബി ഐക്ക് വിട്ടു. ഇനിയെല്ലാം സി ബി ഐ തീരുമാനിക്കുമെന്ന്. ഒ പി സിംഗിന് കൈകഴുകാന്‍ സാധിച്ചത് ഈ തന്ത്രപരമായ നീക്കം കൊണ്ടാണ്.
ഒടുവിലിപ്പോള്‍ സെന്‍ഗര്‍ അറസ്റ്റിലായിരിക്കുന്നു. അലഹബാദ് ഹൈക്കോടതി നടത്തിയ ശക്തമായ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. ഒരു പരിഗണനയും എം എല്‍ എ അര്‍ഹിക്കുന്നില്ലെന്നും യുവതിയുടെ പിതാവിന്റെ മരണത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികള്‍ക്കായി നിയമനിര്‍മാണ വിഭാഗവും എക്സിക്യൂട്ടീവും കൈകോര്‍ത്തപ്പോള്‍ നീതിന്യായ വിഭാഗം പ്രതീക്ഷയുടെ വെളിച്ചം കത്തിച്ചു വെക്കുകയായിരുന്നു. അറസ്റ്റിന് ശേഷം എം എല്‍ എയുടെ അനന്തരവന് പറഞ്ഞത് കൂടി വായിച്ചാലേ ഈ ആഖ്യാനം പൂര്‍ത്തിയാകുകയുള്ളൂ. ‘അന്വേഷിക്കുന്നത് സി ബി ഐയാണ്. അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്റെ അമ്മാവനാണ്.’ സെന്‍ഗര്‍ ഊരിപ്പോരുമെന്ന സത്യമാണ് അനന്തരവന് പറയാതെ പറയുന്നത്.
2010ല്‍ യുപിയില്‍ തന്നെ നടന്ന മറ്റൊരു ബലാത്സംഗ കേസുമായി താരതമ്യം പ്രസക്തമായിരിക്കും. ബാന്താ ജില്ലയിലെ ശഹ്ബാസ് പൂര് ഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജില്ലയിലെ നരൈനി മണ്ഡലത്തില്‍ അന്ന് സിറ്റിംഗ് എം എല്‍ എയായ പുരോഷത്തം ദ്വിവേദി പല തവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. ഏതാനും പേര് കുട്ടിയെ തട്ടിക്കൊണ്ടു പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയെ രക്ഷപ്പെടുത്തി കൊണ്ടുവന്ന പിതാവ് അവളെയും കൊണ്ട് ദ്വിവേദിയുടെ അടുത്തുചെന്നു. പ്രദേശത്തെ ശക്തനായ ബി എസ് പി നേതാവായ ദ്വിവേദിയുമായി പിതാവിന് നല്ല ബന്ധമുണ്ടായിരുന്നു. മകളെ സുരക്ഷിതമാക്കാന്‍ അവളെ തന്റെ വീട്ടില്‍ നിര്‍ത്തുകയെന്ന ഒറ്റ വഴിയേ ഉള്ളൂവെന്ന് ദ്വിവേദി പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷേ, അന്ന് തൊട്ട് ദ്വിവേദി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ പെണ്‍കുട്ടി എല്ലാം ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു. പിതാവ് പരാതിയും നല്കി. ഭരിക്കുന്ന പാര്‍ട്ടിയുടെ എം എല്‍ എയോട് കൂറ് കാണിക്കുകയാണ് അന്നും പൊലീസ് ചെയ്തത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിക്കെതിരെ കേസെടുത്തു. എന്നാല്‍ വെറുതെയിരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തയാറല്ലായിരുന്നു. അവര്‍ നിരന്തരം മാധ്യമങ്ങളെ കണ്ടു. ഡല്‍ഹിയിലേക്ക് സഞ്ചരിച്ചു. അഭിഭാഷകരെ കണ്ടു. പതിവു പോലെ രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം സംഭവത്തെ ഉപയോഗിച്ചു. ഒടുവില്‍ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ സുപ്രീം കോടതിയില്‍ പി ഐ എല്‍ നല്കി. ഇന്നത്തെ പോലെ അന്നും കോടതി ഇരക്കൊപ്പം നിന്നു. കേസ് സി ബി ഐയെ ഏല്പിക്കാന് ഉത്തരവിട്ടു. മോഷണക്കുറ്റത്തിന് ജയിലിലായ പെണ്‍കുട്ടിയെ മോചിപ്പിക്കാനും കോടതി ഉത്തരവായി. 2015ല്‍ സി ബി ഐ കോടതി ദ്വിവേദിയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു.
ഭരണപക്ഷത്തിന്റെ തണലും പൊലീസിന്റെ യജമാന ദാസ്യവും കോടതിയുടെ ഇടപെടലും ഉന്നാവോയിലും ബാന്തയിലും സമാനമാണെങ്കില്‍ ചില കാര്യങ്ങളില്‍ കാതലായ വ്യത്യാസം കാണാനാകും. അത് രാഷ്ട്രീയമായ തിരുത്തലാണ്. ഒരു ഘട്ടത്തിന് ശേഷം ദ്വിവേദിയുടെ ക്രൂരത പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുകയാണ് അന്ന് മായാവതി ചെയ്തത്. മാത്രമല്ല അദ്ദേഹത്തെ ശക്തമായി തള്ളിപ്പറഞ്ഞു. എന്നാല്‍ ഉന്നാവോയുടെ കാര്യത്തില്‍ ഇതൊന്നും നടന്നിട്ടില്ല. സെന്‍ഗര്‍ ഇന്നും ബി ജെ പിയുടെ എം എല്‍ എയാണ്. എല്ലാം കഴിഞ്ഞ് നാണം കെട്ട് നില്ക്കുമ്പോള് പ്രധാനമന്ത്രി വാ തുറന്നപ്പോഴും ഉന്നാവോയെക്കുറിച്ചോ കത്വയെക്കുറിച്ചോ വ്യക്തമായി ഒന്നും പറഞ്ഞില്ല. നമ്മുടെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടരുതെന്ന സാമാന്യവത്കൃത വായ്ത്താരി മാത്രമാണ് മോഡി പുറപ്പെടുവിച്ചത്.
കത്വയും ഉന്നാവോയും രാജ്യത്തെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. അതില്‍ പ്രധാനം നമ്മുടെ ജനാധിപത്യം സ്ത്രീകളെ എങ്ങനെ കാണുന്നുവെന്നതാണ്. ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായ സാമാജികരില്‍ ചിലരെങ്കിലും പഴയ രാജാധികാരത്തിന്റെ തഴമ്പോടെയാണ് ഇരിക്കുന്നത്. അവര്‍ക്കായി നിയമവ്യവസ്ഥ മുഴുവന്‍ കീഴൊതുങ്ങി നില്ക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട എല്ലാ സംവിധാനങ്ങളും അധികാരം കൈയാളുന്നവര്‍ക്ക് മാത്രമായി വശം ചരിഞ്ഞിരിക്കുന്നു. ഈ ചരിവില്‍ നിലയുറക്കാതെ അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ്. അവരുടെ പെണ്മക്കളാണ്. കോടതികള്‍ പ്രതീക്ഷ പകരുന്നില്ലേ എന്നാണെങ്കില്‍ എത്രമാത്രമെന്ന മറു ചോദ്യവും നിലനില്ക്കുന്നു. എത്രയെത്ര കേസുകളാണ് വ്യവഹാരങ്ങളില്‍ അരഞ്ഞ് തീര്‍ന്നത്? നിയമത്തിന്റെ വ്യാഖ്യാനങ്ങളിലും പണച്ചെലവിലും പെട്ട് എത്ര ഇരകളാണ് നീതിയുടെ പുറമ്പോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ടത്? കോടതികളുടെ ആന്ധ്യം എത്രയെത്ര നിരപരാധികളെയാണ് അപരാധികളാക്കി മാറ്റിയത്?
അതുകൊണ്ട് ജനാധിപത്യത്തിന്റെ അര്‍ത്ഥം തിരിച്ചു പിടിക്കുക തന്നെയായിരിക്കും ആത്യന്തികമായ പരിഹാരം. ഉയര്‍ന്ന പൗരബോധത്തോടെ നിലയുറപ്പിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. അങ്ങനെ നിലകൊണ്ട ചിലരാണ് ഏതിടത്തും ഇരയുടെ ശബ്ദം കേള്‍പ്പിച്ചതെന്ന് കാണാനാകും. ഫാഷിസ്റ്റ് യുക്തികളുള്ള ഒരാള്‍ അധികാരത്തിലിരിക്കുമ്പോള്‍ അണികള്‍ക്കും അധികാരത്തിന്റെ പങ്കു പറ്റുന്നവര്‍ക്കും ഉണ്ടാകുന്ന ആത്മവിശ്വാസം ഒരു ഘട്ടം പിന്നിടുമ്പോള്‍ ധാര്‍ഷ്ട്യമായും അക്രമാസക്തതയായും ലൈംഗിക അരാജകത്വമായും പരിണമിക്കും. യോഗി അധികാരത്തിലിരിക്കുന്ന യു പി ഈ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉന്നാവോ തെളിയിക്കുന്നു. ബേഠി ബച്ചാവോ എന്ന മുദ്രാവാക്യം അത്രമേല്‍ അശ്ലീലമായിരിക്കുന്നു. വര്‍ഗീയത പടര്‍ത്തി അധികാരം പിടിക്കുന്ന ഇക്കൂട്ടര്‍ക്ക് ഇനിയൊരു അവസരം കൈവരാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രതയാണ് ഉന്നാവോയിലെ പെണ്‍കുട്ടി ആവശ്യപ്പെടുന്നത്.
മുസ്തഫ പി എറയ്ക്കല്‍
(ഇംഗ്ലീഷ് പോര്‍ട്ടലിലെ ലേഖനത്തെ ആസ്പദിച്ചെഴുതിയത്)
You must be logged in to post a comment Login