മനുഷ്യന് നന്ദി വേണം. കിട്ടിയ ഗുണങ്ങളില്‍ തൃപ്തനാകണം. അതെടുത്ത് പറയണം. ഓര്‍ക്കണം. നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിക്കുക(സൂറത്തുള്ളുഹാ/ 11) എന്ന സൂക്തത്തിന്റെ പാഠം അതാണ്.
‘അല്ലയോ, ഇസ്രയേല്‍ മക്കളേ. ഞാന്‍ നിങ്ങള്‍ക്ക് ചൊരിഞ്ഞുതന്ന അനുഗ്രഹം ഓര്‍ത്തുനോക്കൂ. എന്നോട് ചെയ്ത കരാര്‍ പാലിക്കുക! നിങ്ങളോടുള്ള കരാര്‍ ഞാനും പൂര്‍ത്തീകരിക്കാം. എന്നെ മാത്രം പേടിക്കുക'(സൂറത്തുല്‍ബഖറ/ 40).
ഇബ്റാഹീം നബിയുടെ ഇരുമക്കളിലുമായി ദൈവദൂത ശൃംഖലയുടെ രണ്ട് കൈവഴികള്‍. അല്ലാഹു നല്കിയ വലിയൊരു ഔദാര്യമാണത്. ഇസ്ഹാഖ് നബിയുടെ(അ) പരമ്പര യഅ്ഖൂബ്, യൂസുഫ്(അ) എന്നിവരിലൂടെ ഈസാനബിയില്‍(അ) ചെന്നെത്തുന്നു. ഇസ്മാഈലിന്റെ(അ) സന്താന പരമ്പര തിരുനബിയിലും(സ) ചെന്നെത്തുന്നു. ഇബ്റാഹീം നബിയുടെ പേരമകന് യഅ്ഖൂബ് നബിയെയാണ്(ഇസ്ഹാഖ് നബിയുടെ(അ) മകന്) ഇസ്രയേല്‍ എന്ന് വിളിക്കുന്നത്.
‘ഇസ്റാ’ എന്നാല്‍ അടിമ എന്നാണര്‍ത്ഥം. ‘ഈല്‍’ എന്നാല്‍ അല്ലാഹു എന്നും(‘ഇലാഹ്’ എന്ന പദത്തോട് സാദൃശ്യം). അല്ലാഹുവിന്റെ അടിമ എന്നാണ് മൊഴിമാറ്റം. ജിബ്രീല്‍, മീകാഈല്‍, അസ്റാഈല്‍, ഇസ്റാഫീല്‍ എന്നീപേരുകളിലെ ‘ഈലു’കള്‍ക്കും ഇതേ അര്‍ത്ഥമാണുള്ളത്.
തിരുനബിയുടെ(സ) കാലഘട്ടത്തില്‍ മദീനയില്‍ കഴിഞ്ഞിരുന്ന യഅ്ഖൂബ് നബിയുടെ വംശാവലിക്കാരായ ഒരുവിഭാഗം ജൂതന്മാരെയാണ് ഈ സൂക്തം നേരില്‍ അഭിമുഖീകരിക്കുന്നത്. സര്‍വം സ്രഷ്ടാവില്‍ സമര്‍പ്പിച്ചവര്‍ക്ക് ഇന്നും നാളെയും ദൈവികാനുഗ്രഹങ്ങള്‍ കിട്ടും. സ്രഷ്ടാവിന്റെ നിയമങ്ങളില്‍നിന്ന് മാറിനടക്കുന്നവര്ക്കോ, ഈ ലോകത്തുമാത്രമേ അനുഗ്രഹങ്ങളുണ്ടാകൂ. നാളെ അത് ലഭിക്കില്ല. ‘റഹ്മാന്’ എന്ന അഭിധാനത്തിന്റെ വിശദീകരണത്തില്‍ ഇതു വായിക്കാം.
‘നിങ്ങള്‍ക്കുണ്ടാവുന്ന ഏതനുഗ്രഹവും അല്ലാഹുവില്‍നിന്നുള്ളതാണ്. പിന്നീട് നിങ്ങള്‍ക്ക് വല്ല വിപത്തും വന്നുപെട്ടാല്‍ അവനിലേക്കുതന്നെയാണ് നിങ്ങള്‍ വേവലാതികളോടെ പാഞ്ഞടുക്കുന്നത്'(സൂറത്തുന്നഹ് ല്‍/ 53).
ഈ സൂക്തത്തിന്റെ പശ്ചാതലം ഇപ്രകാരമാണ്. ആദം മക്കള്‍ക്ക് അല്ലാഹു വഴി പറഞ്ഞുകൊടുത്തു. തെറ്റും ശരിയും വേര്‍തിരിച്ച് കാണിച്ചു. വഴികേടും അക്രമവും ദൂതന്മാരെ ധിക്കരിക്കലുമായി ഒരുപാട് സമുദായങ്ങള്‍ കഴിഞ്ഞുപോയെങ്കിലും ഇസ്രയേല്‍ മക്കള്‍ ഇക്കാര്യത്തില്‍ കുറച്ച് കടന്നുപോയ സമുദായമായിരുന്നു. മറ്റേതൊരു സമൂഹത്തിലേക്കും വന്നതിനെക്കാള്‍ കൂടുതല്‍ ദൂതന്മാരാണ് ഇസ്രയേല്‍ മക്കളില്‍ വന്നത്. ഇതൊരു മഹത്വമല്ല. ധിക്കാരത്തിന്റെ മൂര്ധന്യതയില് അവര്‍ക്ക് ദൂതന്മാര് നിരന്തരം വരുകയാണ്. അവരൊക്കെ വ്യത്യസ്ത അമാനുഷിക സിദ്ധികളും കൊണ്ടുവന്നു. കാണുമ്പോള്‍ അവരൊന്ന് അന്തം വിടും. പിന്നെയും പഴയപടി പോവും. വീണ്ടും ദൂതന് വരും. ഇതിങ്ങനെ ഒരുപാട് തവണ ആവര്‍ത്തിച്ചു.
പ്രശസ്ത ദൂതനായ മൂസ നബി(അ) വരെ ഈ ജനതയില്‍ പരീക്ഷിക്കപ്പെട്ടു. ഇതുകൊണ്ടാണ് അല്ലാഹുവിന്റെ ഔദാര്യം നിഷേധിച്ചവരെ കുറിക്കുമ്പോള്‍ അവിടെ ഇസ്രയേല്‍ മക്കള്‍ പരാമര്‍ശിക്കപ്പെടാന്‍ കാരണം.
‘ആദം മക്കളേ, സാത്താന് നിങ്ങളെ വഴികേടിലാക്കരുത്'(സൂറത്തുല്‍ അഅ്റാഫ്- 27). മനുഷ്യരാശിയോടാകമാനമാണ് ഗൗരവം നിറഞ്ഞ ഈ താക്കീത്. കാരണം ആദമിനും(അ) മനുഷ്യവര്ഗത്തിനാകമാനവും അല്ലാഹു ഒരുപാട് നല്കി. ആദമിനെ(അ) സൃഷ്ടിച്ചു. മലക്കുകളോട് സുജൂദ് ചെയ്യാന്‍ ആജ്ഞാപിച്ചു. ആവശ്യവും(ളറൂറിയാത്ത്) അധികവും(കമാലിയാത്ത്) അല്ലാഹു ആദമിന്(അ) നല്കി. സാത്താന് മനുഷ്യര്‍ക്കാകമാനം ശത്രുവാണെന്ന് ബോധ്യപ്പെടും വിധത്തില്‍ സ്വര്‍ഗം വിട്ടൊഴിയേണ്ടിവന്നു. ഭൂമിയില്‍ തൗബയുടെ- പശ്ചാതാപത്തിന്റെ വചനങ്ങളെ ആദം(അ) കണ്ടെത്തി. തൗബ സ്വീകരിക്കപ്പെട്ടു.
ഇതൊക്കെ അളവറ്റ അനുഗ്രഹങ്ങളല്ലേ. സ്രഷ്ടാവിനോട് കടപ്പെടേണ്ടവരല്ലേ മനുഷ്യര്‍. സാത്താന്റെ പ്രേരണകള്‍ക്ക് അവര്‍ വഴങ്ങാമോ? ‘ഇസ്രയേല്‍ മക്കളേ’ എന്ന വിളി കൂടുതല്‍ നന്ദി കാട്ടേണ്ടവര്‍ അവരാണ് എന്ന നിലക്കാണ്. എന്റെ ഉമ്മത്തിലെ പണ്ഡിതന്മാര് ബനൂഇസ്റാഈല്യരിലെ നബിമാരെ പോലെയാണെന്ന് തിരുവചനമുണ്ട്. അത്രയധികമുണ്ട് കാണിക്കാന്‍ എന്ന് കൂടിയാണത്രെ ആ വചനം. എല്ലാ ദൂതരും ഇസ്രയേല്‍ മക്കളെപ്പറ്റി പറഞ്ഞിട്ടുമുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘ഇബ്റാഹീമും യഅ്ഖൂബും മക്കളോട് ഇത് തന്നെ ഉപദേശിച്ചു: മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തിരഞ്ഞെടുത്തുതന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ മുസ്ലിംകളായല്ലാതെ മരിക്കരുത്'(സൂറത്തുല്‍ബഖറ/ 132).
അവര്‍ ആ വസ്വിയ്യത്ത് ഏറ്റെടുത്തു. പക്ഷേ അവര്‍ ഉറച്ചുനിന്നില്ല. വീണ്ടും തിരിച്ചുപോയി.
‘എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുകയെന്ന് മരണമാസന്നമായിരിക്കെ യഅ്ഖൂബ്(അ) മക്കളോട് ചോദിച്ച സമയം. അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ അങ്ങയുടെ ഇലാഹിനെയാണാരാധിക്കുക. അങ്ങയുടെ പിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ഏക ദൈവത്തെ. ഞങ്ങള്‍ അവന് വഴിപ്പെട്ട് കഴിയുന്നവരാകും'(സൂറത്തുല്‍ബഖറ/ 133). എന്നാല്‍ അധികം കഴിഞ്ഞില്ല. അവര്‍ കരാര്‍ കാറ്റില്‍പറത്തി എന്നല്ല, പിന്നീട് വന്ന പല ദൂതന്മാരെയും അവര്‍ അരിഞ്ഞുതള്ളി. കിരാതമായ സംഭവ പരമ്പരകളിലേക്ക് സൂചന നല്കുമ്പോഴും ഖുര്‍ആന്‍ പറയുന്നത് നോക്കൂ.’
‘ഫിര്‍ഔന്റെയും അനുയായികളുടെയും അടിമത്വത്തില്‍നിന്ന് മോചിപ്പിച്ച് അല്ലാഹു അവര്‍ക്ക് അധികാരവും സുഖാഢംബരങ്ങളും നല്കി(സൂറത്തുല്ഖസസ് 5,6). മഹത്തായ വേദഗ്രന്ഥം നല്കി(മാഇദ/20). മരുഭൂമിയിലെ ചൂടില്‍ പൊള്ളുന്ന മണല്കാടുകള് താണ്ടുമ്പോള്‍ കാടയും കട്ടിത്തേനും ഇറക്കിക്കൊടുത്തു. ശത്രുക്കളെയൊന്നാകെ നശിപ്പിച്ച് ഇസ്റാഈല്യരില്നിന്ന് തന്നെ രാജാക്കന്മാരെയും പ്രവാചകന്മാരെയും നിയമിച്ചു. ഇങ്ങനെ എന്തെല്ലാം.
എന്നിട്ടെന്ത്? അവസാനത്തെ ദൂതനെപ്പോലും അവര്‍ വിശ്വസിച്ചില്ല. തള്ളിക്കളഞ്ഞു. അനുഗ്രഹ ശൃംഖലകള്‍ വന്നുപോയില്ലായിരുന്നുവെങ്കില് ഈ ഭൂമിയില്‍ അവര്‍ ജനിക്കുകപോലുമില്ലായിരുന്നു(തഫ്സീറുല്‍കബീര്‍).
സൂക്തത്തിന്റെ രണ്ടാം പകുതി: ‘നിങ്ങള്‍ എന്നോടുള്ള കരാര്‍ പാലിക്കൂ, ഞാനും നിങ്ങളോടുള്ള കരാര്‍ പാലിക്കും. എന്നെമാത്രം നിങ്ങള്‍ പേടിക്കുക’ എന്നതാണ്. എന്താണ് അവരോട് അല്ലാഹു പാലിക്കാന്‍ പറഞ്ഞ കരാര്‍? വ്യത്യസ്ത വീക്ഷണങ്ങള്‍ ഇതില്‍ രേഖപ്പെടുത്തുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരഭിപ്രായം, മുന്വേദങ്ങളുള്പ്പെടെയുള്ളവ പറഞ്ഞതായി അല്ലാഹു പരിചയപ്പെടുത്തിയ കരാറാണിത് എന്നതാണ്(അല്‍മാഇദ/ 12, അല്‍അഅ്റാഫ് 156, 157, ആലുഇംറാന്- 81, അല്‍ഖസസ് 53). അന്ത്യദൂതരുടെ ലക്ഷണങ്ങളും ഗുണവിശേഷങ്ങളും പരിചയപ്പെടുത്തിക്കൊണ്ട് അങ്ങനെയൊരു ദൂതന് വന്നാല്‍ അദ്ദേഹത്തെ അനുധാവനം ചെയ്യണമെന്ന കരാറാണ് ഇത് എന്നാണ്. ഈ കരാര്‍ പാലിച്ചാല്‍/ അന്ത്യദൂതരെ വിശ്വസിച്ചാല്‍ അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് വാക്ക് നല്കുന്നു. കരാര്‍ പൂര്‍ത്തീകരണം ആത്യന്തിക വിജയത്തിന് ഹേതുവാകുമെന്ന് തിട്ടം. എന്നാല്‍ ആ വാക്കും അവരിലധികവും നിരാകരിച്ചു. എല്ലാ അനുഗ്രഹങ്ങള്‍ക്കും നേരെ അവര്‍ മുഖം തിരിച്ചുകളഞ്ഞു.
അവര്‍ കരാര്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം രണ്ടുവട്ടം ലഭിച്ചേനെ. കാരണം മൂന്നുകൂട്ടര്‍ക്ക് രണ്ടുവട്ടം പ്രതിഫലമുണ്ട്.
ഒന്ന്: ഈസാ നബി(അ) ഉള്‍പ്പെടെയുള്ള ദൂതന്മാരിലും മുഹമ്മദ് നബിയിലും(സ) വിശ്വസിച്ച വേദക്കാരന്.
രണ്ട്: അടിമപ്പെണ്ണിന് നല്ല വിദ്യാഭ്യാസം നല്കി അവളെ മോചിതയാക്കി അവളെ തന്നെ വിവാഹം കഴിച്ച യജമാനന്.
മൂന്ന്: ദുനിയാവിലെയും പരലോകത്തിലെയും യജമാനന്മാരെ(അല്ലാഹുവിനെയും സ്വന്തം യജമാനനെയും) അനുസരിക്കുന്ന അടിമ.
ഇവര്‍ക്കെല്ലാം പ്രതിഫല തോത് ഇരട്ടിയാണെന്ന് അബൂമൂസല്‍ അശ്അരി(റ) ഉദ്ധരിച്ച നബിവചനത്തില്‍ കാണാം. കരാര്‍ പാലിച്ചിരുന്നെങ്കില്‍ ഒന്നാമത്തെ വിഭാഗത്തില്‍ അവര്‍ ഉള്‍പ്പെടുമായിരുന്നു.
പക്ഷേ നിഷേധവും അപഥ സഞ്ചാരവും തിരഞ്ഞെടുത്തവര്‍ ഗതിപിടിച്ചില്ല. അവര്‍ എല്ലാ യജമാനന്മാരെയും തള്ളിക്കളഞ്ഞു. ആകയാല്‍ അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനം അവര്‍ക്ക് ലഭ്യമായില്ല.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login