മദാഇന്‍സ്വാലിഹിലേക്ക് പോകുമ്പോള്‍ ഹിജാസ് റയില്‍വേയുടെ അവശിഷ്ടങ്ങള്‍ പലയിടത്തും കണ്ടു. പാളങ്ങളും തകര്‍ന്ന യന്ത്രഭാഗങ്ങളുമെല്ലാം. സിറിയയിലെ ഡമസ്കസില്‍നിന്ന് മദീനയിലേക്ക് ഒരു റെയില്‍പ്പാത വിഭാവനം ചെയ്യപ്പെട്ടു എന്നതുമാത്രമല്ല ഏത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു എന്ന് പറയുമ്പോള്‍ വിസ്മയകരമായി തോന്നാം. 1908 സെപ്തംബര്‍ ഒന്നിന് ഈ പാത മദീനയിലെത്തി. 1913ല്‍ മധ്യഡമസ്കസില്‍ ഹിജാസ് റയില്‍വേ സ്റ്റേഷന് തുറന്നു. ആയിരത്തിമുന്നൂറ് കിലോമീറ്റര്‍ ദൂരമായിരുന്നു ഈ പാത. പഴയ റയില്‍വേസ്റ്റേഷന്റെ അവശിഷ്ടങ്ങള്‍ ഹിജാസ് മേഖലയിലെ യാത്രയില്‍ കാണുകയും ചെയ്യാം. പഴയ റയില്‍പാതയുടെ സ്മാരകമായി ചെറിയ മ്യൂസിയവും ഇവിടെയുണ്ട്.
സഊദിയില്‍ ഓട്ടോമന്‍ കാലഘട്ടത്തിന്റെ ശേഷിപ്പുകളിലൊന്നാണ് ഹിജാസ് റയില്‍വേയും. ഓട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്ഹമദീദ് രണ്ടാമന്റെ കാലത്താണ് ഈ റയില്‍വേ രൂപകല്പന ചെയ്യുന്നത്. അത് സാക്ഷാത്കരിക്കുന്നത് ജര്‍മന്‍ സിവില്‍ എഞ്ചിനീയറായ ഹെന്റിക് ഓഗസ്റ്റും. പഴയ ഓട്ടോമന്‍ പ്രവിശ്യകളെ തമ്മില്‍ ബന്ധിപ്പിക്കുകയും തുര്‍ക്കി വരെ നീട്ടുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ ഒന്നാം ലോക മഹായുദ്ധത്തോടെ ഈ പദ്ധതി അവസാനിച്ചു. തീവണ്ടി ഓടിത്തുടങ്ങിയപ്പോള്‍ അറബ് ഗോത്രങ്ങള്‍ ഇതിനെ ആപല്സൂചനയായും കണ്ടിട്ടുണ്ട്. പലയിടത്തുവെച്ചും ഗോത്രവര്‍ഗക്കാര്‍ തീവണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിച്ചിട്ടുണ്ട്. മദാഇന്‍സ്വാലിഹ് യാത്രയിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നും ഈ റെയില്‍വേ അവശിഷ്ടമാണ്.
മദീനയില്‍നിന്ന് ഏതാണ്ട് അഞ്ഞൂറ് കിലോമീറ്റര്‍ ദൂരെയാണ് മദാഇന്സ്വാലിഹെന്ന പുരാതന നഗരം. ഇതിപ്പോള്‍ തീര്‍ത്തും മനുഷ്യവാസരഹിതമായ പ്രദേശമാണ്. ശാപഗ്രസ്തമായ ഭൂമിയെന്ന് ഇസ്ലാമിക ചരിത്രത്തില്‍ പറയും. പൗരാണികകാലത്ത് ഈ വഴി കച്ചവടസംഘങ്ങള്‍ കടന്നുപോകുമ്പോള്‍ ഈ മണ്ണിലിരുന്ന് ആഹാരം പോലും കഴിച്ചിരുന്നില്ല.
മുഹമ്മദ് നബി തന്റെ അനുയായികളോട് ഇങ്ങനെ പറയുമായിരുന്നു: ‘ഉല്ലസിക്കാനുള്ള സ്ഥലമല്ലിത്. അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയ സ്ഥലമാണ്. ഉടന്‍തന്നെ നാമിവിടം വിട്ടുപോവുക.’
എല്ലാ ഗോത്രസമൂഹങ്ങള്‍ക്കും പ്രവാചകന്മാര് ഉണ്ടായി. പ്രവാചക പരമ്പരയിലെ ഏതെങ്കിലുമൊരു കണ്ണിയെ സ്പര്‍ശിക്കാതെ ഒരു ജനതയും ഭൂമുഖത്തുജീവിച്ചിട്ടില്ല. സമ്പന്നരും തന്നിഷ്ടക്കാരും അഹങ്കാരികളുമായ സമൂദ് എന്ന ഗോത്രവര്‍ഗക്കാരെ സംസ്കരിച്ചെടുക്കാനും ഏകദൈവ വിശ്വാസം അവര്‍ക്ക് പകര്‍ന്നുനല്‍കാനുമായി ഒരു പ്രവാചകന് അവതരിച്ചു. സമൂദ് ഗോത്രവര്‍ഗത്തിന്റെ സാഹസികതയും അഹങ്കാരവുമെല്ലാം വിശുദ്ധ ഖുര്‍ആനില്‍തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഇവര്‍ക്കായി അവതരിച്ച സൂഫിവര്യന്റെ പേര് കാനൂക് എന്നായിരുന്നു. സമൂദ് വംശജരെ നന്മയിലേക്കും ദൈവാനുഗ്രഹങ്ങളിലേക്കും നയിക്കാനായി വന്നവന്.
കാര്‍ഷിക സമ്പന്നമായിരുന്നു അന്നിവിടം. അരുവികളില്‍ എല്ലാ കാലത്തും വെള്ളമുണ്ടായിരുന്നു. അസാധാരണ കായബലംകൊണ്ടും അനുഗ്രഹിക്കപ്പെട്ട സമൂദ് ഗോത്രക്കാര്‍ ദൈവാനുഗ്രഹങ്ങളെയൊന്നും മാനിച്ചില്ല. അഹങ്കാരികളായ അവര്‍ക്കിടയിലേക്കാണ് സ്വാലിഹ് നബി വന്നത്. സമൂദ് ഗോത്രത്തെ സന്മാര്ഗത്തിലേക്ക് നയിക്കാന്‍. കാനൂക് എന്ന സൂഫിവര്യന്റെ പുത്രനായിരുന്നു സ്വാലിഹ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ അവര്‍ സംശയാലുക്കളായി. പ്രവാചകനാണെങ്കില്‍ അത്ഭുതം കാണിക്കാന്‍ ആവശ്യപ്പെട്ടു. പാറക്കൂട്ടങ്ങളെ ചൂണ്ടി അവര്‍ പറഞ്ഞു: ‘നീ പ്രവാചകനാണെങ്കില്‍ പാറക്കൂട്ടത്തില്‍നിന്ന് ഒരു ഒട്ടകത്തെ സൃഷ്ടിക്കുക.’
‘സൃഷ്ടിക്കാം. പക്ഷേ അതിനെ ദ്രോഹിക്കരുത്. കൊല്ലുകയുമരുത്. കൊന്നാല്‍ പിന്നെ നിങ്ങളുടെ പെരുംനാശത്തിന് അതുകാരണമാകും.’
‘ശരി’ അവര്‍ പറഞ്ഞു.
സ്വാലിഹ് ഒരു ദൃഷ്ടാന്തത്തിനായി പ്രാര്‍ത്ഥിച്ചു. അന്നേരം പാറയിടുക്കില്‍നിന്ന് ജലസ്രോതസ് പൊട്ടിയൊഴുകി. ആ ഒഴുക്ക് ശക്തമായി. അതിന്റെ ശക്തി നിലച്ചപ്പോള്‍ ആ ജലസ്രോതസിലൂടെ ഒരു ഒട്ടകവും അതിന്റെ കുഞ്ഞും പുറത്തുവന്നു. രാജാവും പ്രജകളും അത്ഭുതത്തോടെ നോക്കിനിന്നു. ആ ഒട്ടകം അത്ഭുതങ്ങളുടെ കലവറയായിരുന്നു. ആ ജനതക്ക് ആവശ്യമായ പാലത്രയും ഒട്ടകം ചുരത്തിക്കൊടുത്തു. ഈ ഒട്ടകത്തെയാണ് സമൂദ് ഗോത്രത്തിലെ നിഷേധിയായ ഖുദാറുബ്നുസ്വാലിഹ് കൊന്നത്. അവനുകിട്ടേണ്ട വെള്ളത്തിന്റെ വിഹിതം സ്വാലിഹ് നബിയുടെ ഒട്ടകം കുടിച്ചു എന്ന ഒറ്റക്കാരണത്താല്‍. അവന് അതിന്റെ ഇറച്ചി ആളുകള്‍ക്ക് പങ്കിട്ടുനല്കിയെങ്കിലും ആരുമത് കഴിച്ചില്ല. ഒട്ടകത്തിന്റെ കുഞ്ഞാവട്ടെ വന്നവഴിയിലൂടെ അപ്രത്യക്ഷമായി. അല്ലാഹുവിന്റെ വിധിയില്‍ മണല്‍തിട്ടകളും പാറക്കൂട്ടങ്ങളും വിറച്ചു. ഗൃഹങ്ങളും വിറപൂണ്ടു. ആളുകളും ദൈവവിധിയില്‍ കീഴടങ്ങി. ദൃഷ്ടാന്തങ്ങളുടെ അടയാളങ്ങള്‍ എല്ലാം മദാഇന്സ്വാലിഹില് ബാക്കിയാണ്. ഒട്ടകത്തെയും കുഞ്ഞിനെയും പ്രത്യക്ഷമാക്കിയ പാറയിടുക്കും ഒട്ടകത്തിന് വെള്ളം കൊടുക്കാന്‍ നിശ്ചയിച്ച ജലാശയവും എല്ലാം ഇവിടെയുണ്ട്. ഈ ജലാശയം ഫജ്ജുന്നാഖ എന്നാണ് അറിയപ്പെടുന്നത്. പ്രത്യേകം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇതെല്ലാം മിത്തുകളും പുരാവൃത്തങ്ങളുമാണ്. ലോകനാഗരികതയുടെ ചരിത്രത്തില്‍ മദാഇന്സ്വാലിഹിലെ ഗുഹാഗൃഹങ്ങള്ക്കും, കൊട്ടാരങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. പുരാവസ്തു ഗവേഷകര്‍ക്ക് അവസാനിക്കാത്ത നിധിപേടകങ്ങളാണിവ.
അറേബ്യന്‍ മരുഭൂമിയില്‍ രൂപപ്പെട്ട നബാത്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമാണ് മദാഇന്‍സ്വാലിഹ്. അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന ജോര്‍ദാനിലെ പെട്ര കഴിഞ്ഞാല്‍ അവരുടെ ഏറ്റവും വലിയ സെറ്റില്‍മെന്റ് ഇവിടെയാണ്. മദാഇന്‍സ്വാലിഹ് അല്‍ ഹിജര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹെഗ്ര എന്ന പേരിലും ഇത് അറിയപ്പെട്ടു. നബാത്തിയന്‍സ് അവരുടെ രണ്ടാമത്തെ നഗരമായി മദാഇന്സ്വാലിഹിനെ തിരഞ്ഞെടുത്തത്തില്‍ അത്ഭുതമില്ല. ബി സി ഒന്നുമുതല്‍ ഇഋ74 വരെയുള്ള കാലഘട്ടത്തിലാണ് ഈ നഗരം നിലനിന്നത്.
അക്കാലത്ത് നിരവധി അറേബ്യന്‍ ഗോത്രങ്ങള്‍ ചെയ്തപോലെ ആടും ഒട്ടകവും വളര്‍ത്തിയാണ് നബാത്തിയന്മാര് നിലനിന്നത്. ഈ മരുഗോത്രത്തിന്റെ ഉത്ഭവം അജ്ഞാതമാണ്. സഊദിയിലെ വടക്കുപടിഞ്ഞാറന്‍ ദേശമായ ഹിജാസില്നിന്നാവാന് സാധ്യതയുണ്ട്. മെസപ്പൊട്ടേമിയന് നാഗരികതയുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഉദ്യോഗസ്ഥനായ കാര്‍ഡിയ നബാത്തിയന്‍ വംശത്തെക്കുറിച്ച് എഴുതിയത് കടുത്ത നിയമങ്ങളുള്ള സന്യാസി വംശം എന്നാണ്. വെള്ളം കണ്ടെത്താനുള്ള അവരുടെ സിദ്ധി പ്രശസ്തമായിരുന്നു. പാറകള്‍ കുഴിച്ചുചെന്ന് വെള്ളം കണ്ടെത്തി. വെള്ളത്തിന്റെ ഉറവിടത്തിലെത്തി.
നബാത്തിയന്മാര് സുഗന്ധവ്യഞ്ജന വ്യാപാരത്തിലാണ് ശ്രദ്ധിച്ചത്. ഏറ്റവും പ്രധാനം കുന്തിരിക്കം തന്നെ. ഇത് വാങ്ങാന്‍ വരുന്ന ഗ്രീക്കുകാര്‍ക്കും റോമാക്കാര്‍ക്കും ഇവര്‍ ഇടനിലക്കാരായിനിന്നു. സാമ്രാജ്യം അങ്ങനെ വികസിപ്പിച്ചു. വടക്കുതെക്ക് ധൂപപാത വഴി ചെങ്കടലില്‍നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് മുറിച്ചുകടന്നിരുന്ന ക്രോസ്റോഡുകളാണ് ഹെഗ്ര അഥവാ മദാഇന്‍സ്വാലിഹ്.
ഹെഗ്രയെ നബാത്തിയന്മാര് ഏറ്റെടുക്കും മുമ്പ് അവരുടെ മുന്‍ഗാമികളായ ഡെഡനൈറ്റുകളും ലിഹിന്യ്യരും ഇവിടുത്തെ അധിപരായിരുന്നു. അതിന് മുമ്പ് ഒരു തുമുദിക് കുടിയേറ്റത്തെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.
മദാഇന്സ്വാലിഹിന്റെ ഏറ്റവും വലിയ സവിശേഷത കൂറ്റന്‍ പാറക്കുന്നുകള്‍ തുരന്നുണ്ടാക്കിയ രാജകൊട്ടാരങ്ങളും മറ്റു ഭവനങ്ങളും ഖബര്സ്ഥാനുകളുമാണ്. അത്ഭുതകരമായ നിര്മിതിയാണിവ.
ഖസറുല്ബിന്ത്, ഖസറുല്‍ ഫറീര്, ഖസറുല്‍ അല്‍സാനി എന്നിവയാണ് മദാഇന്സ്വാലിഹിലെ പ്രധാന കൊട്ടാരങ്ങള്‍. ഖസറുല്ബിന്ത് രാജ്ഞിയുടെ കൊട്ടാരമാണെന്ന് അനുമാനിക്കുന്നു. ഇതിന് വിശാലമായ ഹാളും മുറ്റവും മറ്റ് സൗകര്യങ്ങളുമുണ്ട്. നൂറിലധികം ഗുഹാഭവനങ്ങള്‍ ഇവിടെയുണ്ട്. പലതും പൂര്ത്തീകരിക്കാത്തവയുമാണ്.
പല കെട്ടിടങ്ങളുടെയും കവാടങ്ങള്‍ക്ക് മുകളിലായി പരുന്തിന്റെ രൂപം കൊത്തിവെച്ചിരിക്കുന്നതായി കാണാം. ഒരുപക്ഷേ ഇത് നബാത്തിയന്മാരുടെ രാജചിഹ്നം ആയിരുന്നിരിക്കണം. കൊട്ടരങ്ങളുടെയും വീടുകളുടെയും വാതിലുകള്ക്കുമുകളിലായി അഞ്ച് പടവുകള്‍ വീതം ഇരുഭാഗത്തേക്കും കൊത്തിവെച്ചതായി കാണുന്നു. ഇത് എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നിശ്ചയമില്ല. ഭൂമിക്കടിയിലേക്ക് പാറകള്‍ വെട്ടിത്താഴ്ത്തിയ രൂപത്തിലാണ് ഖബര്‍സ്ഥാനുകളുടെ നിര്‍മിതി. മൃഗ/ പക്ഷി രൂപങ്ങള്‍ കൊത്തിവെച്ചതായി കാണാം.
നബാത്തിയന്‍ സാമ്രാജ്യത്തിന് ചിട്ടയോടെ രൂപകല്പന ചെയ്ത ഒരു സൈനികവ്യൂഹം ഉണ്ടായിരുന്നതായി പൗരാണികരേഖകളില്‍ കാണുന്നു. അല്‍ ഉലയ്ക്കും മദാഇന്സ്വാലിഹിനുമിടക്ക് കാണുന്ന ഒരു മല സൈന്യങ്ങളുടെ മലയെന്നാണ് അറിയപ്പെടുന്നത്. കുതിരപ്പടയും കാലാള്‍പ്പടയും നബാത്തിയന്മാര്ക്ക് ഉണ്ടായിരുന്നു. സൈന്യാധിപര്ക്ക് പല റാങ്കുകള്‍ ഉണ്ടായിരുന്നു. സര്വസൈന്യാധിപന്മാരെക്കുറിച്ചുള്ള ലിഖിതങ്ങള്‍ മദാഇന്സ്വാലിഹിലുണ്ട്. തൊട്ടുതന്നെ സെവറസ് എന്ന റാങ്കുമുണ്ടായിരുന്നു.
ഒബദോസ് രാജാവിന്റെ ഭരണകാലമാണ് ഹിജ്റിന്റെ സുവര്‍ണകാലമെന്ന് അറിയപ്പെട്ടത്. മദാഇന്സ്വാലിഹില് ധാരാളം വിശ്രമമന്ദിരങ്ങള്‍ പണിതത് ഇക്കാലത്താണ്. പലനിര്മിതികളിലും അദ്ദേഹത്തിന്റെ പേരുകൊത്തിവെച്ചതായി കാണുന്നു. മാലികസ് രണ്ടാമന്, രബേല് രണ്ടാമന്, ആര്ത്തസ് നാലാമന് എന്നിവരെ സംബന്ധിച്ചും ശിലാലിഖിതങ്ങളുണ്ട്. ഗുഹകളിലെ ചില ലിപികള്‍ ആദിമ ലിപിയായ കൂഫിയുമായി സാദൃശ്യമുണ്ട്. ആനയെയും നബാത്തിയന്മാര്ക്ക് പരിചയമുണ്ടായിരുന്നു. അതുകൊണ്ടാണ് മസ്തകം വിരിച്ചുനില്ക്കുന്ന കൊമ്പനാനയുടെ രൂപം ഇവിടെ കൊത്തിവെക്കപ്പെട്ടത്. മാന്ത്രികമായ മൃഗരൂപങ്ങള്‍ വേറെയുമുണ്ട്. യുദ്ധവും പലായനവും ഒക്കെ സംഭവിച്ചു. നിര്‍മിതികള്‍ പലതും പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടത് അതുകൊണ്ടാവണം. മദാഇന്‍സ്വാലിഹ് സഊദി അറേബ്യ നല്കുന്ന അസാധാരണ കാഴ്ച തന്നെയാണ്.
പി സുരേന്ദ്രന്
You must be logged in to post a comment Login